Saturday 19 June 2021 03:57 PM IST

നെല്ലിയാമ്പതിയിൽ കാണാനുള്ളത് എന്തെല്ലാം? ഓറഞ്ച് വിളയുന്നത് എപ്പോൾ?

Baiju Govind

Sub Editor Manorama Traveller

2 - Nelli

മഴ നനഞ്ഞു പുളകമണിഞ്ഞു നിൽക്കുകയാണു നെല്ലിയാമ്പതി. പാതയോരവും പാറക്കെട്ടുമൊക്കെ പച്ചപ്പരവതാനി പോലെയായിരിക്കുന്നു. മഴച്ചാറ്റലിൽ നിന്നു തെന്നിമാറുന്ന പക്ഷികളും മലയണ്ണാനും മരച്ചില്ലകൾ തോറും പാഞ്ഞു നടക്കുകയാണ്. മലമുഴക്കുന്ന കാട്ടുചോലകളുടെ ശബ്ദം അടിവാരത്തു കേൾക്കാം. കാട്ടുവള്ളി പോലെ പടർന്നു കിടക്കുന്ന റോഡിൽ കുതിച്ചു പായുന്ന വാഹനങ്ങളിൽ ആർപ്പു വിളികളും പാട്ടും. നെല്ലിയാമ്പതി മഴക്കാലത്തിന്റെ ലഹരിയിലാണ്; യാത്രികർ അതൊരു ഉത്സവമായി ആഘോഷിക്കുന്നു.

പോത്തുണ്ടി അണക്കെട്ടിനു സമീപത്തുള്ള ചെക്പോസ്റ്റിൽ നെല്ലിയാമ്പതി കാണാനെത്തിയ സഞ്ചാരികളുടെ കാറുകൾ നിരയായി നിന്നു. ഫോറസ്റ്റ് ഗാർഡ് കയറുയർത്തിയപ്പോൾ വണ്ടികളോരോന്നായി ഇടത്തോട്ടുള്ള വളവു തിരിഞ്ഞ് മലമ്പാതയിലേക്കു നീങ്ങി. വാഹനങ്ങളുടെ ഇരമ്പൽ കേട്ട് കാട്ടുപക്ഷികൾ ഒച്ചവച്ചു, നെല്ലിയാമ്പതിയിലേക്ക് സ്വാഗതം...

6 - Nelli

നെല്ലിയാമ്പതിയുടെ കിഴക്കും പടിഞ്ഞാറുമായി കാഴ്ചകൾ ഏറെയുണ്ട്. സീതാർകുണ്ട്, കേശവൻപാറ, പാടഗിരി, പോത്തുപാറ, പലകപ്പാണ്ടി, മാമ്പാറ, തൂക്കുപാലം, പുല്ലുകാട്, വിക്ടോറിയ – ലില്ലി തേയിലത്തോട്ടങ്ങൾ... പ്രകൃതി ദൃശ്യങ്ങൾ പലതുണ്ടെങ്കിലും മാനും കാട്ടുപോത്തും മലയണ്ണാനും കാട്ടു പന്നിയുമൊക്കെയാണ് ക്യാമറാ പ്രേമികളുടെ പ്രതീക്ഷ. ഇതൊന്നും കൂടാതെ നെല്ലിയാമ്പതിയുടെ ഒരു എക്സ്ക്ലൂസിവ് ഐറ്റമുണ്ട് – മലമുഴക്കി വേഴാമ്പൽ. മലമ്പ്രദേശമാകെ കേൾക്കും വിധം ചിറകുവീശി ഭാഗ്യമുള്ള സഞ്ചാരികൾക്കു മുന്നിൽ അവ ചില സമയങ്ങളിൽ പറന്നിറങ്ങാറുണ്ട്. കരടിപ്പാറയിലോ കേശവൻപാറയിലോ ‘മലമുഴക്കി’യെ കാണാമെന്ന മോഹവുമായാണ് ഇക്കുറി നെല്ലിയാമ്പതിയിലേക്കുള്ള യാത്ര.

സീതാർകുണ്ട്

ചെക്പോസ്റ്റ് കടന്നാൽ കാണുന്ന ഹെയർപിൻ വളവുകളിൽ യാത്രയുടെ ‘ത്രിൽ’ ആസ്വദിക്കാൻ പറ്റിയ സമയമല്ല മഴക്കാലം. വളവിലും തിരിവിലും മണ്ണിടിഞ്ഞു കിടക്കുന്നതു കൊണ്ട് ഡ്രൈവിങ്ങിൽ അതീവ ശ്രദ്ധ വേണം. വിൻഡോ ഗ്ലാസ് താഴ്ത്തി കാടിന്റെ താളം ആസ്വദിച്ച് 40–50കി.മീ വേഗതയിൽ അയ്യപ്പൻതിട്ട വരെയുള്ള യാത്ര ആസ്വദിക്കണം. പുലിയിറങ്ങുന്ന സ്ഥലമെന്നും ആനത്താരയെന്നും നെല്ലിയാമ്പതിക്കാർ പറയുന്ന സ്ഥലമാണ് അയ്യപ്പൻ തിട്ട. ഇവിടെയൊരു ക്ഷേത്രമുണ്ട്. പണ്ടു കാലത്ത് നെല്ലിയാമ്പതിക്കാർ കാണിക്ക അർപ്പിച്ചിരുന്ന കാവാണിത്. ഇവിടെ നിന്നാൽ അസ്തമയ സൂര്യനെ അതിമനോഹരമായി ക്യാമറയിൽ പകർത്താം.

1 - Nelli

അയ്യപ്പൻതിട്ടയ്ക്കടുത്തു വച്ചാണ് നെല്ലിയാമ്പതിയുടെ പാതയോരക്കാഴ്ച രൂപം മാറുന്നത്. ഇവിടം മുതൽ വലതുഭാഗത്താണ് അഗാതമായ കൊക്ക. ഇടതുഭാഗത്ത് കൊടും കാട്. ഒട്ടുമിക്ക ദിവസവും ആനക്കൂട്ടം ഇതുവഴി സവാരി ന‍ടത്താറുണ്ട്. രാവിലെ പാലക്കാട്ടു നിന്നു നെല്ലിയാമ്പതിയിലേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്കു കിട്ടുന്ന മനോഹരമായ കാഴ്ചയാണ് അയ്യപ്പൻതിട്ടയിലെ ആനസവാരി.

ഓരോ വളവിലും തിരിവിലും മുഖച്ഛായ മാറ്റുന്ന പ്രകൃതിയാണു നെല്ലിയാമ്പതി. നൂറ്റാണ്ടുകൾ പിന്നിട്ട വൃക്ഷരാജാക്കന്മാരുടെ നടുവിലൂടെ നീണ്ടു കിടക്കുന്ന റോഡിൽ അദ്ഭുതക്കാഴ്ചകൾക്ക് അറുതിയില്ല. കാടിന്റെ നിശബ്ദസംഗീതം കേട്ടു സഞ്ചാരികൾ കൈകാട്ടിയിൽ എത്തി ചേരുന്നു. നെല്ലിയാമ്പതിയിലെ ആദ്യത്തെ ജംക്‌ഷനാണു കൈകാട്ടി. ഇവിടെ നിന്നു വലത്തോട്ടുള്ള റോഡ‍് മണലാരോ തേയിലത്തോട്ടത്തിലേക്ക്. ഇടത്തോട്ടു തിരിഞ്ഞാൽ നെല്ലിയാമ്പതി പട്ടണം. നെല്ലിയാമ്പതിയിൽ നിന്ന് ഒരു പാതയേയുള്ളൂ; പോബ്സൺ തേയിലത്തോട്ടങ്ങളിലൂടെ സീതാർകുണ്ടിലേക്ക്.

മൂന്നായി പിരിയുന്ന ചെറിയ കവലയാണു നെല്ലിയാമ്പതി ടൗൺ. കാർഷിക വകുപ്പിന്റെ അഗ്രികൾച്ചറൽ ഫാമാണ് ഇവിടുത്തെ കാഴ്ച. ‘ഓറഞ്ച് ഫാം’ എന്നു പേരു നേടിയ ഫാമിൽ ഓറഞ്ച് മരങ്ങളും പാഷൻ ഫ്രൂട്ടും ഉൾപ്പെടെ പഴവർഗങ്ങൾ വിളഞ്ഞു നിൽക്കുന്നതു കണ്ടാസ്വദിക്കാൻ അവസരമൊരുങ്ങുന്നു. തണുപ്പു പ്രദേശങ്ങളിൽ വളരുന്ന പൂച്ചെടികളെല്ലാം ഇവിടെയുണ്ട്. കണ്ടാസ്വദിക്കാം, വാങ്ങാം.

3 Nelli

ഒറ്റവരിയായി നിൽക്കുന്ന കെട്ടിടങ്ങളും ഓടുമേഞ്ഞ വീടുകളുമുള്ള ചെറിയ ജംക്‌ഷനാണു നെല്ലിയാമ്പതി. ഒട്ടുമിക്ക വീടുകളുടെയും വാതിലുകൾക്കരികെ ‘മുറികൾ വാടകയ്ക്ക്’ ബോർഡ് തൂങ്ങിക്കിടക്കുന്നു. സന്ദർശകർക്ക് താമസിക്കാനായി വലിയ മൂന്നു ലോഡ്ജുകളുമുണ്ട്. തമിഴ്, മലയാളം സിനിമകളുടെ സ്ഥിരം ലൊക്കേഷനാണ് നെല്ലിയാമ്പതി. ഇവിടുത്തെ മലമടക്കുകളും ഹിൽവ്യൂ പോയിന്റും മലയാളികൾ കണ്ടത് ‘ഭ്രമര’ത്തിലും ‘അപരിചിതനി’ലുമാണ്. സെപ്റ്റംബർ – ജൂൺ വരെയാണ് നെല്ലിയാമ്പതിയുടെ ടൂറിസം സീസൺ. ഈ മാസങ്ങളിൽ നാലും അഞ്ചും സിനിമകൾക്ക് നെല്ലിയാമ്പതി ലൊക്കേഷനായി മാറാറുണ്ട്.

സീതാർ‌കുണ്ടാണ് നെല്ലിയാമ്പതിയുടെ ‘ബിഗ് സീൻ’. കൊല്ലങ്കോടിന്റെ ഭൂരിഭാഗവും കണ്ടാസ്വദിക്കാനുള്ള വ്യൂപോയിന്റ് അവിടെയുള്ള വെള്ളച്ചാട്ടത്തിന്റെ പ്രശസ്തിയിൽ സീതാർകുണ്ടായി മാറുകയായിരുന്നു. നെല്ലിയാമ്പതിയെ രാമായണവുമായി ബന്ധിപ്പിക്കുന്ന കഥയാണ് സീതാർകുണ്ടിന്റെ പുരാണം. വനവാസത്തിനിടെ സീതാസമേതനായ രാമൻ നെല്ലിയാമ്പതിലെത്തി. മലമുകളിൽ നിന്നു കുതിച്ചിറങ്ങുന്ന പൊയ്കയിൽ രാമപത്നി നീരാടിയെന്ന് ഐതിഹ്യം. കാലക്രമത്തിൽ ആ നിരൊഴുക്കിന്റെ പേര് സീതാർകുണ്ടായി മാറി. ഇതുപോലെ നെല്ലിയാമ്പതി എന്ന പേരിനുമുണ്ടൊരു ഒരു കഥ. നല്ലി എന്നതു കാർഷിക വിശ്വാസത്തിലെ ദേവത. ‘പതി’ എന്ന വാക്കിനർഥം സ്ഥലം. വടകരപ്പതി, എരുത്തേമ്പതി, ഒഴലപ്പതി തുടങ്ങി പാലക്കാടിന്റെ കിഴക്കു പ്രദേശത്ത് പതികൾ വേറെയുമുണ്ട്.

പോബ്സിന്റെ തേയിലത്തോട്ടത്തിന്റെ അതിരിലാണ് സീതാർകുണ്ട്. തേയില ഔട്‌ലെറ്റിനു മുന്നിൽ സന്ദർശകർക്കു വാഹനം നിർത്തിയിടാം. അവിടെ നിന്ന് അഞ്ഞൂറ് മീറ്റർ നടന്നാൽ സീതാർകുണ്ടിനരികിലെത്താം. നിലത്തു വിരിച്ചിട്ട ഒരു ഭൂപടം മുകളിൽ നിന്നു നോക്കിക്കാണുന്നതുപോലെ കൊല്ലങ്കോട് പഞ്ചായത്ത് മുഴുവനായും ഇവിടെ നിന്നു കാണാം. വീടുകളും പുൽമേടുകളും പാടങ്ങളും മരങ്ങവും പുഴയും വഴിയുമെല്ലാം ചെറു തരികളായി മുന്നിൽ തെളിയുന്നു. പാറക്കെട്ടുകൾ നിറഞ്ഞ മലഞ്ചെരിവും അഗാധമായ കൊക്കയുമാണ് മറുവശം. ഇടുക്കിയിലെ രാമക്കൽമേട്ടിലുള്ള പാറപ്പുറത്തു നിന്നു തമിഴ്നാട്ടിലെ കമ്പവും തേനിയും കാണുന്നതുപോലെ മനോഹരമാണ് സീതാർകുണ്ടിൽ നിന്നുള്ള ദൃശ്യം.

4 Nelli

കേശവൻപാറ

കൈകാട്ടിയിൽ നിന്ന് മണലാരോ തേയിലത്തോട്ടങ്ങളുടെ നടുവിലേക്കു സഞ്ചരിച്ചാൽ കരടിപ്പാറയിലെത്താം. എ.വി.ടി തേയില ഫാക്ടറുടെ എതിർവശത്തു കാട്ടിലേക്കൊരു വഴിയിലുണ്ട്. കേശവൻപാറയിലേക്കുള്ള പാതയാണിത്. നെല്ലിയാമ്പതിയിലെ മറ്റൊരു വ്യൂപോയിന്റാണ് കേശവൻ പാറ. കുത്തനെ നിൽക്കുന്ന മലയും താഴ്‌വരയും ക്യാമറയിൽ പകർത്താനാണ് സഞ്ചാരികൾ കേശവപാറയിലെത്താറുള്ളത്. ഇവിടുത്തെ തണുത്ത കാറ്റിനെ പുൽകിയവരായിരിക്കാം നെല്ലിയാമ്പതിക്ക് ‘പാവങ്ങളുടെ ഊട്ടി’യെന്നു വിശേഷണം ചാർത്തിയത്. കേശവൻപാറയിലൊരു കുഴിയുണ്ട്. കൊടും വേനലിലും വെള്ളം നിറഞ്ഞു നിൽക്കുന്ന ഈ പാറക്കുഴിയിൽ കാട്ടുപോത്തും മാനുകളും ദാഹജലം തേടി എത്താറുണ്ട്.

കേശവൻപാറ കണ്ടു കഴിഞ്ഞാൽ കരടിപ്പാറയിലേക്കാണ് യാത്ര. വിക്ടോറിയ, ലില്ലി തേടിലത്തോട്ടങ്ങൾക്കു നടുവിലൂടെയാണ് കരടിപ്പാറയിലേക്കുള്ള റോഡ്. മൂന്നാറിലേക്കുള്ള മലമ്പാതയുടെ പാലക്കാടൻ വെർഷനാണ് നെല്ലിയാമ്പതിയിലെ ഈ റോഡ്. നിരയായ തോട്ടങ്ങൾക്കിടയിൽ കാറ്റാടി മരങ്ങളും ചെറിയ വീടുകളുമുണ്ട്. ഈ വഴിയിൽ ഒരു ജംക്‌ഷനേയുള്ളൂ – കൂനമ്പാറ. അവിടം കടന്ന് നൂറടിപ്പാലം താണ്ടി കരടിപ്പാറയിലെത്തിയാൽ തൂക്കുപാലം കാണാം. കരടിപ്പാറ വനത്തിലെ ഗോത്രവാസികളുടെ സെറ്റിൽമെന്റുകളിലേക്കു നിർമിച്ച തൂക്കുപാലം കാണാനാണ് സഞ്ചാരികൾ കരടിപ്പാറയിൽ പോകുന്നത്.

5 - Nelli

നെല്ലിയാമ്പതിയെ ‘സോളോ ട്രാവൽ’ ഡെസ്റ്റിനേഷനായി നീക്കിവച്ച നിരവധി യാത്രികരുണ്ട്. സമൂഹ മാധ്യമങ്ങളിൽ അവരുടെ ഒട്ടേറെ കുറിപ്പുകളും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, ഓഫ് സീസണിൽ നെല്ലിയാമ്പതിയിലെത്തിയ യാത്രാ സംഘങ്ങളെ കണ്ടപ്പോൾ ‘സോളോ’ ലേബൽ ഇണങ്ങുന്നില്ലെന്നു തോന്നി. ഒന്നരയാഴ്ച മുൻപ്, പെരുമഴ പെയ്യുന്ന ഒരു തിങ്കളാഴ്ച പകൽ സമയത്ത് സീതാർകുണ്ട് കാണാൻ നിരവധി കുടുംബങ്ങൾ എത്തിയിരുന്നു. നനഞ്ഞൊലിച്ച് ആ മലഞ്ചെരിവിൽ നിന്നു ക്യാമറയ്ക്കു പോസ് ചെയ്യുമ്പോൾ അവരുയർത്തിയ ആർപ്പു വിളി സാക്ഷി, വർഷം മുഴുവൻ സന്ദർശന യോഗ്യമായ ടൂറിസം ഡെസ്റ്റിനേഷനാണു നെല്ലിയാമ്പതി...