Saturday 04 June 2022 02:42 PM IST : By സ്വന്തം ലേഖകൻ

‘ഒരു പെൺകുട്ടി പ്രായപൂർത്തിയായാൽ ആദ്യം ചെയ്യേണ്ടത് ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണ്’

poornima-indrajith-story ചിത്രം: പൂർണിമ ഇന്ദ്രജിത്ത്/ ഇൻസ്റ്റഗ്രാം

മറ്റാരോ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു മടുത്തിട്ടാകണം നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ‘യാത്രകൾ ഒറ്റയ്ക്കു മതി’ യെന്ന് തീരുമാനിക്കുന്നത്. മനസ്സ് പതറി നിൽക്കുമ്പോൾ, വീട്ടിലെയും ജോലി സ്ഥലത്തെയും വേഷങ്ങൾ തീർത്തും മടുക്കുമ്പോൾ, പേരറിയാ സങ്കടം വന്നു പൊതിയുമ്പോൾ, സങ്കടദിനങ്ങൾ കരഞ്ഞു തീർക്കുന്നത് പഴങ്കഥ.

ചേഞ്ച് വേണമെന്നു തോന്നിയാൽ സഞ്ചിയും തൂക്കി ഇറങ്ങുകയായി. ‘കൂടെ വാ’ എന്നു പറഞ്ഞ് കൈ പിടിക്കുന്നത് മറ്റാരെയുമല്ല തന്നെത്തന്നെയാണ്.

നാല് സോളോ ട്രാവലേഴ്സിനേയും ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് ഇഷ്ടപ്പെടുന്ന നാലു താരങ്ങളെയും കേട്ടോളൂ. ഇത്തിരി ദിവസം തനിച്ചു നടന്ന് ഒത്തിരി ദിവസത്തേക്കുള്ള ഊർജം സമ്പാദിക്കുന്ന അവരുടെ അദ്ഭുത സഞ്ചാരവഴികളും....

ഇഷ്ടമെങ്കിൽ നൂറുവട്ടം–പൂർണിമ ഇന്ദ്രജിത്ത്

ഒരു പെൺകുട്ടി പ്രായപൂർത്തിയായാൽ ആദ്യം ചെയ്യേണ്ടത് ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണ് എന്നാണ് എനിക്കു തോന്നുന്നത്. എനിക്കു പതിനെട്ടു തികഞ്ഞപ്പോൾ പെൺകുട്ടികളുടെ സംഘത്തിനൊപ്പം യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു. തിരക്കുകളിൽ നിന്നു രക്ഷപ്പെട്ടോടണം എന്നൊരു ചിന്ത വരുന്ന സമയത്താണ് ഞാൻ ഒറ്റയ്ക്ക് യാത്ര പുറപ്പെടുന്നത്. ഒരുപാട് കാഴ്ചകൾ കാണുന്നതിനപ്പുറം, ഇഷ്ടമുള്ള കാഴ്ചകൾ ഒരു മടുപ്പുമില്ലാതെ ആവർത്തിച്ചു കാണുന്നതാണ് എന്റെ യാത്രാരീതി.

ഒരിക്കൽ പാരിസിലെ ഒരു പള്ളിയിൽ പോയി. അവിടെയുണ്ടായിരുന്ന എട്ടു ദിവസത്തിൽ അഞ്ചു ദിവസവും ആരോ വിളിക്കും പോലെ ഞാൻ അവിടെ പോയിക്കൊണ്ടിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആ പള്ളിയുടെ നിശബ്ദതയിൽ ആയിരിക്കുക എന്നത് മനോഹരമായ അനുഭവമാണ്. പള്ളിക്കു മുന്നിലുള്ള തെരുവിലിരുന്ന് ഒരാൾ വലിയ ഹാർമോണിയം വായിക്കുന്നു. അതു കേട്ടിരിക്കുമ്പോൾ ഹൃദയം ആർദ്രമായി. പുറത്തിരുന്ന് ഒരു പെൺകുട്ടി അതിവേഗം മനോഹരമായി പള്ളിയുടെ ചിത്രം വരയ്ക്കുന്നു. വീട് വീണ്ടും വിളിക്കുമ്പോഴാണ് മനസ്സില്ലാ മനസ്സോടെ ഇത്തരം അനുഭവങ്ങളിൽ നിന്നു തിരികെ പോരുന്നത്.