ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ സ്ഫോടനാത്മകമായ അന്തരീക്ഷം നിലനിന്ന കാലം. 1971 അവസാനം കറാച്ചി തുറമുഖത്തു നിന്ന് പാക്കിസ്ഥാൻ നാവിക സേനയുടെ അന്നത്തെ മികച്ച മുങ്ങിക്കപ്പൽ പിഎൻഎസ് ഘാസി കടലിലേക്ക് ഊളിയിട്ടു. ഇന്ത്യയുടെ നാവിക പടക്കുതിരയായ ഐഎൻഎസ് വിക്രാന്തിനെ തകർക്കുകയാണ് അതിന്റെ ലക്ഷ്യം. ഏതാനും ദിവസത്തിനുശേഷം ആ മുങ്ങിക്കപ്പലിനെപ്പറ്റി യാതൊരു വിവരവും പുറം ലോകത്ത് ലഭിച്ചില്ല. ബംഗാൾ ഉൾക്കടലിന്റെ ആഴങ്ങളിൽ മറഞ്ഞ ആ മുങ്ങിക്കപ്പലിനെ ഇന്ത്യൻ പടക്കപ്പൽ ഐഎൻഎസ് രജ്പുത് തകർത്തതാണെന്നും അതല്ല അത് തന്നത്താൻ പൊട്ടിത്തെറിച്ചതാണെന്നും പറയുന്നു. 2017 ൽ റിലീസ് ചെയ്ത, റാണ ദഗുപതി നായകനായ, ബോളിവുഡ് ചലച്ചിത്രം ‘ഘാസി അറ്റാക്ക്’ ചർച്ച ചെയ്തതും ഈ തിരോധാനം തന്നെ. ഒരു രഹസ്യ ഉദ്യമത്തിൽ, ഇന്ത്യൻ നേവിയുടെ കാൽവരി ക്ലാസ് മുങ്ങിക്കപ്പൽ സമർഥമായ തന്ത്രങ്ങളിലൂടെ ഘാസിയെ തകർക്കുന്നതാണ് അതിന്റെ കഥ. 90 ശതമാനവും മുങ്ങിക്കപ്പലിനുള്ളിൽ ചിത്രീകരിച്ച ഘാസി അറ്റാക്ക് കാഴ്ചക്കാരിൽ മുങ്ങിക്കപ്പലിനുള്ളിലെ നാവികരുടെ ജീവിതത്തെപ്പറ്റി ഏറെ കൗതുകമുണർത്തും. സൈനിക വിഭാഗത്തിനു മാത്രം സ്വന്തമായ മുങ്ങിക്കപ്പലുകൾ കാണാൻ, ഉള്ളിൽ കയറാൻ മോഹമുണ്ടെങ്കിൽ പോകാം വിശാഖപട്ടണത്തേക്ക്. ഇന്ത്യയുടെ ആദ്യകാല മുങ്ങിക്കപ്പലുകളായ കാൽവരി ക്ലാസ് സബ്മറൈൻ തന്നെ അവിടെ കാണാം.

വിശാഖപട്ടണത്തിന്റെ പെരുമ
ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തെ മഹാനഗരമാണ് വിശാഖപട്ടണം. രാജ്യത്തെ ഏറ്റവും പഴയ കപ്പല്‍ നിര്‍മ്മാണശാല, കിഴക്കൻ തീരത്തെ പ്രകൃതിദത്തമായ ഏക തുറമുഖം, മനോഹര ബീച്ചുകൾ, മ്യൂസിയങ്ങൾ, സിംഹാചലം... കാണാൻ ഒട്ടേറെയുണ്ട് നഗരത്തിലും സമീപ പ്രദേശങ്ങളിലും. ഞായർ പ്രഭാതമായിരുന്നിട്ടും രാമകൃഷ്ണ ബീച്ചിൽ തിരക്കേറെയാണ്. വ്യായാമത്തിനു വന്നവർ, മക്കളെയുംകൊണ്ട് കാഴ്ച കാണാന്‍ എത്തിയ വീട്ടമ്മമാർ, കടൽക്കാറ്റേറ്റ് തിര എണ്ണി ഇരിക്കുന്നവർ... എത്ര പേർ വന്നാലും അവര്‍ക്കെല്ലാം ബീച്ച് ആസ്വദിച്ച് ഇരിക്കാൻ വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട് അധികൃതർ.
ആളുകളുടെ തിരക്കേറും മുൻപ് വിശാഖപട്ടണത്തെ വലിയ ആകർഷണങ്ങളിലൊന്ന് – ഐ.എന്‍.എസ് കര്‍സുറ, സാധാരണക്കാർക്ക് കാണാനും ഉള്ളിൽ കയറാനും സാധിക്കുന്ന രാജ്യത്തെ ഏക അന്തർവാഹിനി– കണ്ടറിയുക എന്നതാണ് എന്റെ ലക്ഷ്യം. രാമകൃഷ്ണ ബീച്ച് സ്‌റ്റോപ്പില്‍ നിന്ന് ഒരു കിലോ മീറ്ററേയുള്ളു സബ്മറൈൻ മ്യൂസിയത്തിലേക്ക്. മ്യൂസിയത്തിൽ പ്രവേശനം തുടങ്ങുമ്പോൾ തന്നെ ഉള്ളില്‍ കയറണമെന്ന ചിന്തയിലാണ് പുലർച്ചെ തന്നെ ഇവിടെത്തിയത്. ചൊവ്വ മുതൽ ശനി വരെ ഉച്ചകഴിഞ്ഞ് 2 മുതലേ സന്ദർശകർക്കു പ്രവേശനമുള്ളു. ഞായറാഴ്ച രാവിലെ 10 നു തന്നെ സന്ദർശകർക്കു കയറാം.

പഴയ പടക്കുതിര
ബീച്ചിന്റെ ഓരം ചേർന്ന് അൽപം സഞ്ചരിച്ചപ്പോഴേക്ക് ബോർഡ് കണ്ടു, ഐഎൻഎസ് കർസുറ സബ്മറൈൻ മ്യൂസിയം. പുൽതകിടിയിൽ മുങ്ങിക്കപ്പലുകളിലെ പ്രധാന ആയുധമായ ടോര്‍പിഡോ, മിസൈൽ, നാവിഗേഷൻ ഉപകരണമായ ബൊയ ഒക്കെ ആ പരിസരത്തുതന്നെ കാണാം.
ഒരുകൂട്ടം മുങ്ങിക്കപ്പലുകൾ ഒരുമിച്ച് സേനയിലെടുക്കുമ്പോൾ അതിൽ ആദ്യത്തെ കപ്പലിന്റെ പേരിലായിരിക്കും അവയെ പൊതുവായി വിശേഷിപ്പിക്കുന്നത്. 1967–68 കാലത്ത് റഷ്യയിൽ നിർമിച്ച് ഇന്ത്യ വാങ്ങിയ ഐഎൻസ് കാൽവരി, ഐഎൻഎസ് ഖണ്ഡൂരി, ഐഎൻഎസ് കരഞ്ജ്, ഐഎൻഎസ് കർസുറ എന്നിവയാണ് കാൽവരി ക്ലാസ് മുങ്ങിക്കപ്പലുകൾ, ഇന്ത്യൻ നേവിയുടെ ഉടമസ്ഥതയിലെത്തിയ ആദ്യ മുങ്ങിക്കപ്പലുകളും ഇവ തന്നെ. ഇതിൽ ഏറ്റവും ‘ഇളയവനായ’ കർസുറയാണ് വിശാഖപട്ടണം തീരത്ത് സഞ്ചാരികൾക്ക് കാഴ്ച വിരുന്നാകുന്നത്. എസ് 23 എന്നും വിളിക്കുന്ന കരഞ്ജാണ് ഘാസി മുങ്ങിക്കപ്പലിനെ പ്രതിരോധിക്കാൻ ക്ലാസിഫൈഡ് മിഷൻ നടത്തിയതത്രേ.

1969 ഡിസംബർ 19 ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഐഎൻഎസ് കർസുറ ഡീസൽ–ഇലക്ട്രിക് സബ്മറൈനാണ്. നാലു നിലക്കെട്ടിടത്തിന്റെ ഉയരവും ആറു നിലക്കെട്ടിടത്തോളം നീളവുമുള്ള ഈ മുങ്ങിക്കപ്പൽ 1971 ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ മികച്ച പട്രോളിങ് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായിരുന്നു. 31 വർഷത്തെ സേവനത്തിനു ശേഷം 2001ൽ കർസുറയെ ഡീകമ്മീഷൻ ചെയ്തു.
ഈ സബ്മറൈന്റെയും മ്യൂസിയത്തിന്റെയും ചരിത്ര നാഴികക്കല്ലുകള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍ ടിക്കറ്റ് കൗണ്ടറിനുസമീപം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ഐഎൻഎസ് കുർസുറ ഒരു സബ്മറൈൻ മ്യൂസിയം ആക്കിയതിന്റെ ഓരോ ഘട്ടവും ആ ബോർഡുകളിൽ നിന്ന് വായിച്ച് മനസ്സിലാക്കാം. സന്ദർശകർ പലരും അതു ശ്രദ്ധിക്കുന്നതു കണ്ടില്ല. എല്ലാവർക്കും ഉള്ളിലെ അദ്ഭുതക്കാഴ്ചയാണ് കാണേണ്ടത്.

മുങ്ങിക്കപ്പലിന്റെ കണ്ണും കാതും ഹൃദയവും

ഏഴ് കംപാർട്മെന്റുകളുണ്ട് ഐഎൻഎസ് കർസുറയ്ക്ക്. സന്ദർശകർ ആദ്യം എത്തുന്നത് ടോര്‍പിഡോ കംപാർട്മെന്റിലേക്കാണ്. 10 ടോർപിഡോ ട്യൂബുകളാണ് ഇതിലുള്ളത്, 22 ടോർപിഡോകൾക്കുള്ള സ്ഥലവും. ടോർപിഡോയ്ക്കു പകരം കടൽ മൈനുകളും മുങ്ങിക്കപ്പലുകൾ ആയുധമാക്കാറുണ്ട്, 44 മൈനുകൾ വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്. മുങ്ങിക്കപ്പൽ ഓരോ ഓപറേഷന്റെയും ലക്ഷ്യവും സ്വഭാവവും അനുസരിച്ച് നിശ്ചിത എണ്ണം ടോർപിഡോയും കടൽ മൈനുകളും കരുതുകയാണ് പതിവ്.
രണ്ടാമത്തെ കംപാർട്മെന്റ് മുങ്ങിക്കപ്പലിന്റെ കണ്ണും കാതുമാണ്, സൗണ്ട് റൂം അഥവാ സോനാർ ഓപറേഷൻ റൂം എന്ന് ഔദ്യോഗികപദം. കർസുറയുടെ 25 കിലോമീറ്റർ ചുറ്റളവിലുള്ള ഏതൊരു ശബ്ദവും പിടിച്ചെടുത്ത് വിശകലനം ചെയ്യുന്ന സോനാർ ഉപകരണമാണ് ഇവിടെയുള്ളത്. ക്യാപ്റ്റന്റെ മുറി, ഓഫിസർമാരുടെ ഡൈനിങ് റൂം, ബാറ്ററി റൂം എന്നിവയും ഇതിന്റെ ഭാഗമാണ്. 448 ബാറ്ററികൾ ചേർന്നാണ് മുങ്ങിക്കപ്പലിനെ ചലിപ്പിക്കുന്നത്.

സബ്മറൈന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന കൺട്രോൾ റൂമാണ് അടുത്ത ഭാഗം. ഒട്ടേറെ വാല്‍വുകൾ, പൈപ്പ് ലൈനുകൾ, പലതരം മീറ്ററുകൾ ഒക്കെ ഇവിടെ കാണാം. കടലിനടിയിലേക്ക് താഴുന്നത്, ഉപരിതലത്തിലേക്ക് പൊങ്ങുന്നത്, പെരിസ്കോപിക് ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നത്, ദിശമാറ്റുന്നത് തുടങ്ങിയ നിർണായക തീരുമാനങ്ങൾ എടുക്കുന്നത് ഇവിടെ വച്ചാകും. അതു നടപ്പാക്കാനുള്ള നിയന്ത്രണ സംവിധാനവും സ്വിച്ചുകളുമൊക്കെ ഇവിടെയാണ്. കടലിൽ ഇറങ്ങിക്കഴിഞ്ഞാൽ ഒരേസമയം 25 പേരെങ്കിലും കൺട്രോൾ റൂമിൽ പ്രവർത്തന നിരതരായിട്ടുണ്ടാകും. ജലോപരിതലത്തോട് ചേർന്നു സഞ്ചരിക്കുമ്പോൾ മണിക്കൂറിൽ 15 നോട്ടിക്കല്‍ മൈലും വെള്ളത്തിനടിയിൽ നീങ്ങുമ്പോൾ 9 നോട്ടിക്കല്‍ മൈലും ആണ് കർസുറയുടെ വേഗം . ഈ കപ്പൽ 73000 നോട്ടിക്കല്‍ മൈല്‍ (136100 കിലോ മീറ്റർ) സഞ്ചരിച്ച ശേഷമാണ് വിരമിച്ചത്.
കടലിന് അടിയിലും വിയർക്കും
നാലാം കംപാർട്മെന്റിൽ നന്നേ ചെറിയ അടുക്കളയും നാവികരുടെ വിശ്രമസ്ഥലങ്ങളും കാണാം. മെയിൻ എൻജിൻ റൂം. ഇലക്ട്രിക്കൽ മോട്ടോറുകൾ, സ്വിച്ച് ബോർഡുകൾ, മറ്റ് യന്ത്രങ്ങൾ എന്നിവയാണ് അടുത്ത രണ്ട് കംപാർട്മെന്റുകളിൽ. 2000 എച്ച് പി വീതമുള്ള മൂന്ന് എന്‍ജിനുകളാണ് കുർസുറയിലുള്ളത്. മുങ്ങിക്കപ്പൽ സഞ്ചാരം ആരംഭിക്കുന്നതിനു 3–4 മണിക്കൂര്‍ മുൻപ് എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യും. പ്രവര്‍ത്തനസമയങ്ങളിൽ 40-42ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടാകും ഇവിടെ. ട്രെയിനിലെ സ്ലീപർ ക്ലാസ് ബെർത്തുകൾ പോലെ ഒന്നിനു മുകളിൽ ഒന്നായി ക്രമീകരിച്ച കട്ടിലുകളാണ് വിശ്രമസ്ഥലം. അതും നാവികർക്ക് ഊഴമിട്ട് എടുക്കാനേ പറ്റു. മുങ്ങിക്കപ്പലിനുള്ളിൽ നാവികർ എത്രമാത്രം പരിമിത സൗകര്യങ്ങളിലാണ് കഴിയുന്നത്. ഇടുങ്ങിയ അകത്തളങ്ങൾ, ചൂട്, ശബ്ദം, വിയർത്തൊലിക്കുന്ന അന്തരീക്ഷം, ഭക്ഷണവും വെള്ളവും മുതൽ സ്ഥലം വരെ റേഷൻ. 75 നാവികരാണ് ഐഎൻഎസ് കർസുറയിൽ ‘ഓൺ ബോർഡ്’. അവർക്ക് ആകെ രണ്ട് ശുചിമുറിയാണ് ഉള്ളത്. 30–45 ദിവസം നീളുന്ന സഞ്ചാരത്തിൽ പോലും നാവികർക്ക് കരയിൽ തിരിച്ചെത്തിയാലെ കുളിക്കാൻ സാധിക്കുകയുള്ളു.

ഏഴാമത്തെ കംപാർട്മെന്റ് ആഫ്റ്റെൻഡ് എന്നാണ് അറിയപ്പെടുന്നത്. ടൊർപിഡോ ട്യൂബ്, എസ്കേപ് ഹാച്ച്, നാവികരുടെ വിശ്രമസങ്കേതങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. അപകടഘട്ടത്തിൽ അടിയന്തിര രക്ഷാസന്ദേശം അയക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്.
മരണമില്ലാത്ത കർസുറ
യുദ്ധകാലത്തും സമാധാന കാലത്തും ഒരുപോലെ മികച്ച പ്രവർത്തനം നടത്തിയ ഐഎൻഎസ് കർസുറ 2001 ഫെബ്രുവരിയിലാണ് സേനയിൽ നിന്ന് ഡീകമ്മീഷൻ ചെയ്തത്. പിന്നീട് മൂന്നരക്കോടി രൂപ മുടക്കിയാണ് മ്യൂസിയമാക്കിയത്. ഈ സബ്മറൈൻ മ്യൂസിയം ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമാണ്.
പുറത്തിറങ്ങി ഈ ഭീമൻ പടക്കുതിരയെ ആകെക്കൂടി ഒന്നു നോക്കുമ്പോള്‍ ഈ കപ്പലിന്റെ പകുതിഭാഗം മാത്രമെ കണ്ടിട്ടുള്ളൂ. അത്ര വലിപ്പമുണ്ട് കുർസുറയ്ക്ക്. സാധാരണക്കാർക്ക് പൊതുവെ അപ്രാപ്യമായ കാഴ്ചകളും അനുഭവങ്ങളും പങ്കിട്ടു നൽകുന്ന അപൂർവമായൊരു മ്യൂസിയം അനുഭവമാണ് ഐഎൻഎസ് കർസുറ മ്യൂസിയം എന്നു പറയാതിരിക്കാനാവില്ല. പഴയ കാൽവരി ക്ലാസ് മുങ്ങിക്കപ്പലുകളിൽ കാൽവരിയുടെയും ഖണ്ഡേരിയുടെയും ഉപരിതലത്തിലെ ഗോപുരം പോലുള്ള ഭാഗം, സെയിൽ, മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ അടിയൊഴുക്കുകളും കാലത്തിന്റെ കരുത്തുറ്റ തിരത്തല്ലുകളും അതിജീവിച്ച കർസുറ, പുതുതലമുറയ്ക്ക് കഥകൾ ചൊല്ലിക്കൊടുക്കുന്ന കാരണവരെപ്പോലെ, ഇന്നും സമുദ്രതീരത്ത് പൂർണ രൂപത്തിൽ വിശ്രമിക്കുന്നു.