ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേ 2024 ഓഗസ്റ്റിൽ പൂർത്തിയാകാനൊരുങ്ങുന്നു. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേ പ്രാവർത്തികമാകുന്നതോടെ െബംഗളൂരു–ചെന്നൈ യാത്രാസമയം 2.5 മണിക്കൂറായി ചുരുങ്ങും. 262 കിലോമീറ്ററിൽ നാലുവരി പാതയായാണ് ഇതിന്റെ നിർമാണം. ബെംഗളൂരുവിലെ ഹോസ്കോട്ടിൽ നിന്ന് ആരംഭിച്ച് മാലൂർ, ബംഗാൾപേട്ട്, കോലാർ ഗോൾഡ് ഫീൽഡ്, പലമനേർ, ചിറ്റൂർ, റാണിപ്പേട്ട് നഗരങ്ങളിലൂടെ ഈ പാത കടന്നുപോകുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ശ്രീപെരുമ്പത്തൂരിലാണ് അതിവേഗപാത അവസാനിക്കുന്നത്.
84 കിലോമീറ്റർ തമിഴ്നാട്ടിലൂടെയും 71 കിലോമീറ്റർ ആന്ധ്രാപ്രദേശിലൂടെയും 106 കിലോമീറ്റർ കർണാടകയിലൂടെയുമാണ് കടന്നുപോകുന്നത്. 16,730 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് 2022 മേയ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി പ്രാവർത്തികമാക്കുക.
നാലുവരിയായി നിർമിക്കുന്ന പാതയിൽ 71 വെഹിക്കിൾ അണ്ടർപാസുകൾ, മേൽപ്പാലങ്ങൾ, ചെറുവാഹന അടിപ്പാതകൾ, മൂന്ന് റെയിൽപ്പാലങ്ങൾ, 31 പ്രധാനപാലങ്ങൾ, 25 ചെറുപാലങ്ങൾ, 147 കലുങ്കുകൾ, ആറ് ടോൾ പ്ലാസകൾ, അഞ്ച് ഇന്റർചേഞ്ചുകൾ, രണ്ട് റെസ്റ്റ് ഏരിയ, രണ്ട് ട്രെക്ക് ലേ ബേ എന്നിവയും ഉണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഭൂമിയുടെ 98 ശതമാനത്തിലധികം ലഭ്യമാണെന്ന് നാഷനൽ ഹൈവേ അതോറിറ്റ് ഓഫ് ഇന്ത്യ തീർച്ചപ്പെടുത്തുന്നു. ഹൈബ്രിഡ് വാർഷിക മോഡിലാണ് എൻ എച്ച് എ ഐ പ്രൊജക്ട് നടത്തുന്നത്. എൻ എച്ച് എ ഐ നിർമിക്കുന്ന 26 പുതിയ ഗ്രീൻ എക്സ്പ്രസ് വേ പദ്ധതികളിലൊന്നാണിത്.