Wednesday 20 July 2022 01:06 PM IST : By സുനീഷ് വാരനാട്

കേരളത്തിന്റെ വലുപ്പമുള്ള മലനിര, ആകാശത്തു നിന്നു നോക്കിയാൽ കേരളത്തിന്റെ ആകെ ഭൂപ്രകൃതിയുടെ അത്രയും നീളം വരുന്ന വിടവ്!

grand 6

മരം കോച്ചുന്ന തണുപ്പിൽ രാവിലെ ആറരയോടെ യാത്ര തിരിച്ച സംഘം അഞ്ചു മണിക്കൂർ യാത്ര ചെയ്താണ് ഗ്രാൻഡ് കാന്യനിലെത്തിയത്. അരിസോനയിൽ നിന്ന് ഗ്രാൻഡ് കാന്യനിലേക്കുള്ള യാത്ര അവിസ്മരണീയമായി. ഭൂമിയിലെ മഹാത്ഭുതങ്ങളിലൊന്നാണു ഗ്രാൻഡ് കാന്യൻ. വഴിയോരങ്ങളിൽ ജോഷ്വാ ചെടികൾ രണ്ടാൾപ്പൊക്കത്തിൽ വളർന്നു നിൽക്കുന്നുണ്ടായിരുന്നു. മരുഭൂമിയിലെ കൽപവൃക്ഷം എന്നറിയപ്പെടുന്ന മനോഹാരിതയാണ് ജോഷ്വാ ചെടി. യാത്രയുടെ ആദ്യ മണിക്കൂറുകളിൽ മരുപ്രദേശത്ത് ധാരാളം ജോഷ്വാ ചെടികൾ കണ്ടു. റെഡ് ഇന്ത്യൻ വംശജരായ ഗോത്രവർഗ്ഗക്കാർ ജോഷ്വാ ചെടിയുടെ കായും പൂവും ഭക്ഷിക്കാറുണ്ട്! ഈ ചെടിയുടെ തടിയിൽ നിന്നെടുക്കുന്ന നാരിൽ ബാഗും ചെരുപ്പും നെയ്‌ത് അവർ കരകൗശല വസ്തുക്കൾ നിർമിക്കുന്നു. സഹയാത്രികനായ മാധ്യമപ്രവർത്തകൻ ശങ്കരൻകുട്ടിയാണ് ഈ അറിവു പകർന്നു നൽകിയത്. പണ്ട്, റെഡ് ഇന്ത്യക്കാർ മാത്രം താമസിച്ചിരുന്ന പ്രദേശമായിരുന്നത്രേ ഇവിടം. പിൽക്കാലത്ത് യൂറോപ്പിൽ നിന്നുള്ളവർ കുടിയേറിയതോടെ അധിനിവേശത്തിന്റെ ചരിത്രം ആരംഭിച്ചു.

grand i

ചരിത്രവും സമകാലിക ജീവിതവും തിരിച്ചറിഞ്ഞ ട്രിപ്പാണ് ഗ്രാൻഡ് കാന്യൻ യാത്ര. ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് അരിസോനയിൽ വച്ച് കെ.എച്ച്.എൻ.എ.യുടെ ദ്വൈവാർഷിക കൺവെൻഷൻ നടത്തിയിരുന്നു. അതിന്റെ ഭാഗമായി കെ.എച്ച്.എൻ.എയിലെ കുടുംബാംഗങ്ങൾക്കു വേണ്ടി ഗ്രാൻഡ് കാന്യൻ ടൂർ സംഘടിപ്പിച്ചു. കേരളത്തിൽ നിന്നു സ്റ്റാൻഡ് അപ്പ് കോമഡിയ്ക്കായി അരിസോനയിലെത്തിയ എനിക്കും ആ ടൂറിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അരിസോന ടൗണിലെ ഗ്രാൻഡ് റിസോർട്ടിൽ നിന്നാണ് യാത്ര ആരംഭിച്ചത്. എട്ട് വോൾവോ ബസ്സുകളിലായി ഇരനൂറിലേറെ പേർ ഗ്രാൻഡ് കാന്യലിലേക്ക് പുറപ്പെട്ടു. കാഴ്ചക്കാരുടെ കണ്ണുകളെ തളച്ചിടുന്ന മാസ്മരിക ശക്തിയുള്ള മലനിരയാണ് ഗ്രാൻഡ് കാന്യൻ. പുരാതന കാലത്ത് റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാർ കരുതിയിരുന്നത് പോലെ, ഒരുപക്ഷേ അതു ദൈവികമാകാം. ഗ്രാൻഡ് കാന്യന്റെ സ്വാഭാവിക സൗന്ദര്യം വാക്കുകൾക്ക് അതീതമാണ്, നിർവചനങ്ങൾക്ക പ്പുറത്താണ്. സഞ്ചാരിയെ, ഗവേഷകനെ, ചരിത്രാന്വേഷിയെ, ഭൂഗർഭശാസ്ത്രജ്ഞനെ, ഫൊട്ടോഗ്രഫറെ, ശിൽപകലാസ്വാദകനെ... ആ ദൃശ്യഭംഗി ആരെയും വിസ്മയിപ്പിക്കും. കാരണം, ഗ്രാൻഡ് കാന്യൻ മലയിടുക്കിനു പകരം വയ്ക്കാൻ മറ്റൊന്നില്ല.

സൗത്ത് റിമ്മിൽ സ്കൈ വോക് നടത്താം

grand 3

മഞ്ഞ വരകളുള്ള കറുത്ത പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞ റോഡിന്റെ ഒരു വശത്ത് മലകൾ. നിറഞ്ഞു തുളുമ്പി ഒഴുകിയിറങ്ങിയ കോൺ ഐസ്ക്രീമുകൾ പോലെ അതിനു മീതെ വെളുത്ത മഞ്ഞുപാടകൾ കണ്ടു. എതിരെ കടന്നു പോയ വാഹനങ്ങളുടെ മുകളിൽ ഐസ് കഷണങ്ങൾ ചിതറിക്കിടന്നിരുന്നു. " മോളില് ഐസ് ഫാളാന്ന് തോന്നുന്നു.." ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശിനി രമ്യ അനിൽ പറഞ്ഞു. തുടർന്നങ്ങോട്ട് റോഡിലും വഴിയോരത്തും പെയ്തിറങ്ങിയ മഞ്ഞു തുള്ളികൾ കണ്ടു. മരങ്ങളിൽ മഞ്ഞു വീഴുന്നതിന്റെ ഭംഗി പറഞ്ഞറിയിക്കാൻ കഴിയില്ല. കുറച്ചു ദൂരം പോയപ്പോൾ ചക്രവാളത്തിനപ്പുറം ഇടത്തു നിന്നു വലത്തോട്ട് ചുവപ്പു കലർന്ന പാറക്കൂട്ടങ്ങൾ കണ്ടു. ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്കിലന്റെ സൗത്ത് റിമ്മിലെ പ്രവേശന കവാടത്തിൽ എത്തിപ്പോൾ ഉച്ചയായി. മഞ്ഞുവീഴ്ച ഉള്ളതിനാൽ നോർത്ത് റിം അടച്ചിരുന്നു. വർഷം മുഴുവനും പ്രവേശനം ഉള്ള സ്ഥലങ്ങളാണു സൗത്ത് റിമ്മും വെസ്റ്റ് റിമ്മും. വെസ്റ്റ് റിമ്മിലെ ഈഗിൾ പോയിന്റിലാണ് ജനത്തിരക്ക്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നായി ലക്ഷക്കണക്കിന് ആളുകൾ അവിടെ ‘സ്കൈ വോക്കി’നായി എത്തുന്നു.

കിഴക്കു നിന്നു പടിഞ്ഞാറു ദിശയിലേക്ക് ഒഴുകുന്ന കൊളറാഡോ നദിയുടെ തെക്കു ഭാഗത്തായി വ്യാപിച്ചു കിടക്കുന്ന മലനിരകളാണ് സൗത്ത് റിം. മത്തുകാറ്റിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റും തൊപ്പിയും കയ്യുറയും ധരിച്ച് ഞങ്ങൾ സൗത്ത് റിമ്മിലേക്കിറങ്ങി. അവിടെ 50 കിലോമീറ്റർ ദൂരത്തിൽ ഇരുപതു വ്യൂ പോയിന്റുകളുണ്ട്. ഈ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ബസ് സർവീസുണ്ട്. നാഷണൽ പാർക്കിന്റെ പ്രവേശന പാസിൽ ഈ ബസുകളിലെ ടിക്കറ്റും ഉൾപ്പെടുന്നു.

കേരളത്തിന്റെ വലുപ്പമുള്ള മലനിര

grand 2

ഗ്രാൻഡ് കാന്യന്റെ വിശാലമായ കാഴ്ച കാണാൻ മാഥർ പോയിന്റ് ഓവർലുക്കിലേക്ക് നടന്നു. നടപ്പാതയിലെ മഞ്ഞുകഷണങ്ങൾക്കു മുകളിലൂടെ ഏറെ ശ്രദ്ധിച്ചാണ് നടത്തം. പത്തു മിനിറ്റ് നടന്നപ്പോഴേക്കും ആ വിസ്മയലോകം ഞങ്ങൾക്ക് മുന്നിൽ വിശ്വരൂപം കാണിച്ചു. ചെങ്കല്ലും കരിങ്കല്ലും നിറഞ്ഞ ചെങ്കുത്തായ മലനിര. താഴെ അഗാധ ഗർത്തത്തിൽ വറ്റി വരണ്ട കൊളറാഡോ നദി. കല്ലിലും മലകളിലും ഒരുക്കിയ കൂറ്റൻ ഇൻസ്റ്റലേഷൻ പോലെയായിരുന്നു ആ ദൃശ്യം. ഈ മലനിരകൾക്ക് കോടിക്കണക്കിന് വർഷം പഴക്കമുണ്ടെന്നു പറയപ്പെടുന്നു. കൊളറാഡോ നദിയിൽ നൂറ്റാണ്ടുകളായി സംഭവിച്ച ഭൗമപ്രക്രിയകളുടെ ഫലമായി രൂപം കൊണ്ട മലയിടുക്കുകളാണ് ഗ്രാൻഡ് കാന്യൻ. ഇവിടുത്തെ മലനിരയ്ക്ക് 446 കിലോമീറ്റർ നീളമുണ്ട്. വീതി 29കിലോമീറ്റർ. ഒന്നര കിലോമീറ്റർ ആഴമുള്ള ഗർത്തം ഭീതിയുണ്ടാക്കുന്നു. ഭൂമിയിൽ പ്രകൃതി സൃഷ്ടിച്ച വലിയ വിള്ളലാണ് ഗർത്തമായി കാണുന്നത്. ആകാശത്തു നിന്നു നോക്കിയാൽ കേരളത്തിന്റെ ആകെ ഭൂപ്രകൃതിയുടെ അത്രയും നീളം വരുന്ന വിടവ്!അദ്ഭുതക്കാഴ്ചക്യാമറയിലാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സഞ്ചാരികളെ വ്യൂ പോയിന്റിൽ കണ്ടു. ലോകത്തിന്റെ പല ഭാഗങ്ങളിലെ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ, വൈവിധ്യമുള്ള സംസ്കാരിക പൈതൃകമുള്ളവർ. അവരെയെല്ലാം ഇവിടെ ഗ്രാൻഡ് കാന്യൻ എന്ന ഒറ്റക്കാഴ്ചയിലേക്ക് സഞ്ചരിപ്പിക്കുന്നു.

റെഡ് ഇന്ത്യക്കാരുടെ ഗുഹ

grand 5

മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതു പോലെ സെൽഫിയെടുക്കുന്നവരുടെ തിരക്കുമുണ്ട്. എവിടെ നിന്ന് സെൽഫിയെടുക്കണമെന്നുള്ള കൺഫ്യൂഷനാണ് എല്ലാവർക്കും. കൺഫ്യൂഷൻ തീർക്കണമേ..' എന്ന പാട്ടു മൂളിക്കൊണ്ട് തൃശൂർക്കാരൻ അനിൽ ‘സെൽഫിയെടുപ്പുത്സവം’ നടത്തി. ആവേശം ആകാശത്തോളം ഉയർന്നപ്പോൾ അനിൽ തൃശൂർക്കാരനായി. "നോക്കിക്കേ, മ്മടെ പൂരത്തിന് ആനകള് നിരന്ന് നിക്കണ പോലില്ലേ, ദപ്പുറത്ത് പാറമേക്കാവ്കാരുണ്ട് ട്ടാ.." കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള മലനിരകൾ നോക്കി അനിൽ പറഞ്ഞു. ഗജവീരന്മാരെപ്പോലെ നിൽക്കുന്ന മലനിരകളിൽ ചെമ്മൺ നിറത്തിലുള്ള ആനകളെ സങ്കൽപിച്ച് വർത്തമാനത്തിൽ നാട്ടുഭാഷയുടെ രസം കലർന്നു.

ഋഷിയെപ്പോലെ ധ്യാനത്തിലിരിക്കുന്ന കൂറ്റൻ മലകളിലായിരുന്നു എന്റെ ശ്രദ്ധ. ഇപ്പോൾ ഹ്യൂസ്റ്റണിൽ സ്ഥിരതാമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ സഞ്ജീവിനോട് ഇക്കാര്യം പങ്കുവച്ചു. ഗ്രാൻഡ് കാന്യൻ പർവതങ്ങളിലെ ഗുഹകളെക്കുറിച്ച് സഞ്ജീവ് ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു. റെഡ് ഇന്ത്യൻ ഗോത്രക്കാർ താമസിച്ചിരുന്ന നിരവധി ഗുഹകൾ ഇപ്പോഴും ആ മലനിരകളിലുണ്ട്. ഹൈക്കിംഗ് നടത്തിയാൽ ഗുഹ കാണാം. കൗതുകം നിറഞ്ഞ കഥകൾ കേട്ടുകൊണ്ട് ജിയോളജി മ്യൂസിയത്തിലേക്ക് നടന്നു.

ഗ്രാൻ‌ഡ് കാന്യൻ മലനിര രൂപപ്പെട്ടതിന്റെ ചരിത്രം ഡയഗ്രവും ചിത്രങ്ങളും ഉപയോഗിച്ച് പ്രദർശിപ്പിക്കുന്ന സ്ഥലമാണു ജിയോളജി മ്യൂസിയം. സ്പാനിഷ് പര്യവേഷകനായ ഗ്രേസിയ ലോപ്പസ് ഡെക്കാർസിനസ് ആണ് ഗ്രാൻഡ് കാന്യൻ മലനിര കണ്ടെത്തിയത് – 1540 ൽ. അദ്ദേഹത്തിന്റെ ചിത്രം പതിച്ച ഫലകം മേഥർ പോയിന്റിൽ സ്ഥാപിച്ചിട്ടുണ്ട്. അതു താണ്ടിയാണ് സന്ദർശകർ ഗ്രാൻഡ് കാന്യനിലെ കാഴ്ചകളിലേക്കു കടന്നു ചെല്ലുന്നത്. 200 കോടി വർഷത്തെ ഭൂഗർഭ ദൃശ്യങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഇവിടുത്തെ പാറകൾ. വെസ്റ്റ് റിമ്മിലുള്ള കൗബോയ് ഗ്രാമങ്ങളെക്കുറിച്ചും, അവിടുത്തെ റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗ സമൂഹമായ ഹുവാലപൈയെക്കുറിച്ചുമുള്ള ചിത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ലോകം വണങ്ങുന്ന സൂര്യാസ്തമയം

grand 4

സൂര്യാസ്തമയത്തിനു സമയമായപ്പോൾ സന്ദർശകർ തിരക്കുകൂട്ടി ഡെസേർട്ട് വ്യൂ പോയിന്റിലേക്ക് ഓടുന്നതു കണ്ടു. ആകാശവും സൂര്യനും ചേർന്നൊരുക്കുന്ന പ്രകാശ വിസ്മയമാണു ഗ്രാൻഡ് കാന്യനിലെ അസ്തമയം. ചെങ്കതിർ വെളിച്ചം മലനിരകളിൽ തട്ടിയുണ്ടാകുന്ന നിറക്കൂട്ട് മാധുര്യമേറിയ ജുഗൽബന്ദി സംഗീതം പോലെയാണ്. മലകളുടെ ഓരോ തട്ടിലും ഓരോ നിമിഷവും നിറഭേദങ്ങൾ മാറി മറിയുന്നു. അവയുടെ പശ്ചാത്തലത്തിൽ നെടുനീളൻ നിഴലുകളായി മലനിരകളുടെ അദ്ഭുതരൂപം കാണാം.

grand 7

ഇരുട്ടിയതോടെ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നു മാനുകൾ ഇറങ്ങി വന്നു. വിവിധ ഇനം വന്യജീവികളുടെ സംരക്ഷണകേന്ദ്രമാണ് ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം. അണ്ണാനും ചെന്നായ്ക്കളും കഴുകനും സിംഹവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഗ്രാൻഡ് കാന്യൻ മുഴുവനും ആസ്വദിക്കാൻ നാലോ അഞ്ചോ ദിവസങ്ങൾ വേണം. ഗ്രാൻഡ് കാന്യന്റെ വന്യഭാവം കാണാൻ സാഹസികമായ ഹൈക്കിങ്ങ്, റിവർ ഡ്രാഫ്റ്റിംഗ് എന്നിങ്ങനെ സഫാരിയുണ്ട്. ഹെലിക്കോപ്ടർ റൈഡ്, കോവർ കഴുത സവാരി എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ഭൂമിയുടെ നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച മഹാദ്ഭുതത്തെ പിന്നിലാക്കി മടങ്ങിയപ്പോൾ, ജിയോളജി മ്യൂസിയത്തിലെ ഫലകത്തിൽ എഴുതിയ ഒരു വാചകം ഓർത്തു. ‘‘പ്രകൃതി എന്ന ശിൽപി തീർത്ത മഹാനിർമിതിയുടെ സൗന്ദര്യവും ഗംഭീര്യവും വലുപ്പവും നിർവചിക്കാൻ ഭാഷയ്ക്കോ, അതു വരയ്ക്കാൻ ചിത്രകാരനോ സാധ്യമല്ല. അത് ആസ്വദിക്കാൻ നേരിൽ കാണുക തന്നെ വേണം’’