Tuesday 15 March 2022 04:04 PM IST : By എഴുത്ത് : അജു , ചിത്രങ്ങള്‍ : അജു & കൃഷ്ണമൂര്‍ത്തി

മരണം മുന്നിൽ കണ്ട് പുഴയുടെ മുകളിലൂടെ...

river 4

ഓളങ്ങൾ നിലച്ച് തണുപ്പിൽ വെറുങ്ങലിച്ച നദിയുടെ മുകളിലൂടെ നടത്തിയ സാഹസിക യാത്രയുടെ അനുഭവക്കുറിപ്പാണിത്. വെള്ളത്തിനു മുകളിൽക്കൂടി നടക്കാൻ പറ്റുമോ എന്നു സ്നേഹപൂർവം വെല്ലുവിളിച്ചവർക്കുള്ള മറുപടി. കഠിനപാതയെന്നു വിശേഷണമുള്ള ഛാദറിലേക്കു നടത്തിയ ട്രക്കിങ്ങിനെ കുറിച്ചാണ് പറയുന്നത്. ഹിമാലയത്തിലെ അനേകായിരം ദുർഘട പാതയിലൊന്നാണു ഛാദർ. സാഹസിക യാത്രയ്ക്കിറങ്ങിയ നിരവധി പേർക്ക് ജീവൻനഷ്ടപ്പെട്ട സ്ഥലം.

സൻസ്കർ താഴ്‌വരയെക്കുറിച്ചു പറയാതെ ഈ യാത്രാവിവരണം പൂർണമാകില്ല. പുരാതന നദീതടസംസ്കാരം ചിട്ടപ്പെട്ട സിന്ധു നദിയുടെ കൈവഴിയാണു സൻസ്കർ. ഹിമാലയത്തിലെ വിവിധ മലയിടുക്കുകളിലൂടെ പ്രവഹിക്കുന്ന നദി സൻസ്കർ താഴ്‌വരയിലൂടെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്നു. മഞ്ഞു പെയ്തു തുടങ്ങുമ്പോൾ സൻസ്കറിലെ ജലം തണുത്തുറയും. താപനില മൈനസ് 25 ഡിഗ്രിയിൽ എത്തുമ്പോൾ ഐസ് പാളികളായി രൂപാന്തരപ്പെടുന്ന നദിയുടെ മുകളിലൂടെ നടക്കാം! ചില്ലിങ് എന്ന സ്ഥലം മുതൽ സൻസ്കർ വാലി വരെയാണ് ട്രക്കിങ്.


തണുപ്പിനെ നേരിടാൻ ശരീരം പാകപ്പെടുത്തി

river 7

വിമാനത്തിലിരുന്ന് മഞ്ഞുമലയുടെ സൗന്ദര്യം ആസ്വദിക്കണം. അതിനായി ഡൽഹിയിൽ നിന്നു പുറപ്പെട്ട വിമാനത്തിന്റെ വിൻ‍ഡോ സീറ്റ് അധിക തുക നൽകി ബുക്ക് ചെയ്തു. തൊട്ടടുത്ത സീറ്റിലെ യാത്രക്കാരൻ പട്ടാളക്കാരനായിരുന്നു. ബിഹാറിൽ നിന്ന് അതിർത്തിയിലെ ദ്രാസിലേക്കു പോവുകയാണ് ധീരസൈനികൻ. മലനിരകളെ അദ്ഭുതത്തോടെ കണ്ടാസ്വദിക്കുന്ന യാത്രക്കാരെ അദ്ദേഹം കൗതുകത്തോടെ നോക്കി.

ലേയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ താപനില മൈനസ് ഡിഗ്രി. റൺവേയും ചെറിയ ടെർമിനലുമുള്ള വിമാനത്താവളം ഇന്ത്യൻ സൈന്യമാണു നിയന്ത്രിക്കുന്നത്. ചാദറിലേക്കുള്ള കുറേയാളുകളോടൊപ്പം സുരക്ഷാ പരിശോധനയ്ക്കു ശേഷം വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങി.

രണ്ടു വർഷങ്ങളിലുണ്ടായ അപകടങ്ങളെ തുടർന്ന് ചാദർ ട്രക്കിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി നേരത്തേ അറിഞ്ഞിരുന്നു. സന്ദർശകർ ആദ്യ മൂന്ന് ദിവസം ലേയില്‍ താമസിക്കണം. കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള പരിശീലനത്തിന് ‘അക്ലമൈറ്റെഷന്‍’ എന്നാണു പേര്. മൂന്നാം ദിവസം ലേയില്‍ വച്ച് നടത്തുന്ന മെഡിക്കല്‍ പരിശോധനയിൽ പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്കു മാത്രമാണ് ട്രക്കിങ് അനുമതി ലഭിക്കുക.

വെവ്വേറെ വിമാനങ്ങളിലായി എത്തിയ പതിനെട്ടു പേരോടൊപ്പം ഹോട്ടലിലേക്ക് തിരിച്ചു. ട്രക്കിങ് കോർഡിനേറ്റർ ഗീതുവാണ് സംഘത്തെ നയിച്ചത്. മൂന്നു ദിവസത്തെ നിർബന്ധിത ലേ വാസത്തിനിടെ പട്ടണക്കാഴ്ചകൾ ആസ്വദിക്കാൻ തീരുമാനിച്ചു. ട്രക്കിങ്ങിന് ആവശ്യമായ സാധനങ്ങൾ പട്ടണത്തിൽ നിന്നു വാങ്ങി. ഉണങ്ങിയ പഴങ്ങളായിരുന്നു അവയിലേറെയും. തണുപ്പിനെ തുടച്ചു മാറ്റിയുള്ള നടത്തം ശരീരം പാകപ്പെടുത്തുന്നതിന് സഹായകമായി. നാലാം ദിനം രാവിലെ പരിശോധന പാസായി. സന്‍സ്കര്‍ താഴ്‌വരയിൽ ഞങ്ങളെ നയിക്കാനുള്ള ഗൈഡ് ടെന്‍സിങ് വാഹനവുമായി എത്തി. ട്രക്കിങ് ആരംഭിക്കുന്ന സ്ഥലത്ത് എത്താൻ ലേയിൽ നിന്നു മൂന്നു മണിക്കൂർ വാഹനത്തിൽ സഞ്ചരിക്കണം.


നടക്കാനാവില്ല, സ്ലൈഡ് ചെയ്ത് നീക്കം

river 5

ലേ പട്ടണത്തിലൂടെ ഇന്ത്യന്‍ ആര്‍മിയുടെ മ്യൂസിയം ആയ ഹാള്‍ ഓഫ് ഫെയിം പിന്നീട്ട് വാഹനം കുതിച്ചു. പത്തര്‍ സാഹിബിനടുത്തുള്ള മാഗ്നെറ്റിക് ഹില്‍ കഴിഞ്ഞതോടെ വെള്ളപുതച്ച നദി കണ്ടു. സിഖുകാരുടെ ഗുരുദ്വാരയാണ് പത്തര്‍ സാഹിബ്. അവിടം താണ്ടിയതോടെ സിന്ധു നദി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ദൃശ്യങ്ങളാണു തെളിഞ്ഞത്. ക്യാമറ എവിടേക്കു തിരിച്ചാലും മനോഹരമായ ഫ്രെയിമുകളാണ്. വെള്ളപുതച്ച് നീലാകാശത്തെ ചുംബിച്ചു നിൽക്കുന്നു ഹിമാലയം. ഇലപൊഴിച്ച് നിൽക്കുന്നു മരങ്ങൾ. തണുത്തുറഞ്ഞ് വെള്ള നിറത്തിൽ നിശ്ചലമായി നദികൾ, തടാകങ്ങൾ. സിന്ധുവും സൻസ്കറും ലയിക്കുന്ന സ്ഥലവും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു.നദിയിൽ ഒഴുക്കുള്ളപ്പോൾ റാഫ്റ്റിങ് നടത്താൻ നിരവധി പേർ ഇവിടെയെത്താറുണ്ട്.

പണ്ട് ചാദർ ട്രക്കിങ് ആരംഭിച്ചിരുന്നത് ചില്ലിങ്ങിൽ നിന്നാണ്. സന്‍സ്കര്‍ വാലിയിലേക്ക് റോഡ് നിർമിച്ചതോടെ ട്രക്കിങ് പാതയുടെ ദൈർഘ്യം കുറഞ്ഞു. സൻസ്കർ വാലിയിൽ നിന്ന് കരമാർഗം എത്താവുന്ന ഏറ്റവും അടുത്ത സ്ഥലമാണു കാർഗിൽ. താഴ്‌വരയിൽ നിന്നു കാർഗിലിലേക്ക് 250 കിലോമീറ്ററാണു ദൂരം. ശൈത്യകാലത്ത് മഞ്ഞുവീണ് റോഡുകൾ അടയുമ്പോൾ പ്രധാനപാത സഞ്ചാര യോഗ്യമല്ലാതാകും. ഈ സാഹചര്യത്തിലാണ് അവിടത്തുകാർ നദിയുടെ മുകളിലൂടെ നടന്നു തുടങ്ങിയത്. പിൽക്കാലത്ത് ഈ നദി സഞ്ചാരികൾക്കു പ്രിയപ്പെട്ട ട്രക്കിങ് പാതയായി മാറി.

സൻസ്കറിന്റെ ഭംഗിയാസ്വദിച്ച് സ്റ്റാർട്ടിങ് പോയിന്റിൽ എത്തി. റോഡ് നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന സ്ഥലത്താണ് വണ്ടി നിര്‍ത്തിയത്‌. വഴിയുടെ അരികിൽ സൻസ്കര്‍ നദി കട്ടപിടിച്ച് കിടക്കുന്നു. ട്രെക്കിങ് ആരംഭിക്കുന്നതിനു മുൻപ് ചായയും ബിസ്കറ്റും കഴിച്ചു. ന്യൂഡിൽസും കിട്ടി. അതു കഴിച്ചതിനു ശേഷം ഐസ് പ്രതലത്തിൽ സ്ലൈഡ് ചെയ്ത് നടക്കാൻ നിർദേശം ലഭിച്ചു. ഐസിന് മുകളില്‍ നടക്കാൻ സാധിക്കില്ല. സ്ലൈഡ് ചെയ്തു നീങ്ങണം – അദ്ദേഹം ചെയ്തു കാണിച്ചു. ട്രെക്കിങ് സംഘത്തെ സഹായിക്കാൻ ടെൻസിങ്ങിനെ കൂടാതെ മറ്റൊരു ഗൈഡും 18 പോർട്ടർമാരും ഉണ്ട്. തണുത്ത കാറ്റിനെ പ്രതിരോധിക്കാന്‍ കണ്ണു മാത്രം പുറത്തു കാണത്തക്ക രീതിയിലാണ് എല്ലാവരുടേയും വസ്ത്രധാരണം.

ഗൈഡിന്റെ നേതൃത്വത്തിൽ മഞ്ഞിലൂടെ നടത്തം തുടങ്ങി. കുട്ടികൾ പിച്ചവച്ചു നടക്കുന്നതു പോലെ ആദ്യം കാലുകൾ തെന്നി. പതുക്കെപ്പതുക്കെ സ്ലൈഡിങ് പരിശീലിച്ചു. ഐസ് പാളികള്‍ക്കടിയിലൂടെ വെള്ളം ഒഴുകുന്നുണ്ട്. ചിലയിടങ്ങളിൽ ഐസ് പാളികൾ പൊട്ടി മാറിയിരുന്നു. അതിന്റെ ഭംഗി ക്യാമറയിൽ പകർത്താൻ കൈ പുറത്തെടുത്തപ്പോഴെല്ലാം അസ്ഥി പൊട്ടുന്ന വേദന അനുഭവിച്ചു. അധികനേരം തണുത്ത കാറ്റടിച്ചാല്‍ ‘ഫ്രോസന്‍ ബൈറ്റ്’ സംഭവിക്കും. തണുത്തുറഞ്ഞ് ഞരമ്പുകൾ മരയ്ക്കുന്ന അവസ്ഥയാണിത്. പൊടി മഞ്ഞു വീണ പ്രതലത്തിൽ കാലുകൾ പതിച്ചപ്പോൾ ഗ്രിപ്പ് കിട്ടി. അതോടെ യാത്ര രസകരമായി. മനംമയക്കുന്ന ദൃശ്യങ്ങൾ അപ്പോഴാണു ശ്രദ്ധിച്ചത്.ഫ്രീസറിനേക്കാൾ തണുപ്പ്

river 6

നാലു കിലോമീറ്റർ അകലെ ഷിംഗ്ര കോമയിലാണ് ക്യാംപ്. അവിടെ എത്തുന്നതിനു മുൻപ് ഒരിടത്ത് ഐസ് പാളികൾ പൊട്ടി വെള്ളം രൂപപ്പെട്ടു. അതിനു കുറുകെ നടക്കാൻ സാധ്യമല്ലാത്തതിനാൽ കരയിലെ പാറക്കെട്ടിലൂടെ അള്ളിപ്പിടിച്ച് നടന്നു. നദിയുടെ ഇരുകരകളിലും പലനിറങ്ങളിലും രൂപത്തിലുമുള്ള കൂറ്റൻ' മലകളാണ്. മഞ്ഞിലൂടെ നാലു കിലോമീറ്റർ താണ്ടുന്നത് അത്ര എളുപ്പമല്ലെന്ന് ആ യാത്രയിൽ മനസ്സിലായി.

ഞങ്ങൾ എത്തുന്നതിന് അര മണിക്കൂർ മുൻപ് പോർട്ടർമാർ ഷിംഗ്ര കോമയിലെത്തി. മഞ്ഞിലൂടെ സ്ലൈഡ് ചെയ്യുന്നതിൽ അവരുടെ വേഗം അദ്ഭുതപ്പെടുത്തി. ക്യാംപിൽ എത്തിയ ഉടനെ അവർ ആദ്യം ഞങ്ങൾക്കുള്ള ടെന്റുകൾ ഒരുക്കി. അതിനു ശേഷം ചായ തയാറാക്കി. ഛാദര്‍ ട്രെക്കിങ്ങിനു പോകുന്ന എല്ലാവരും ക്യാംപ് ചെയുന്നത് ഒരേ സ്ഥലത്താണ്. പല നിറത്തിൽ, പലരൂപത്തിൽ നിരവധി ഗ്രൂപ്പുകളുടെ ടെന്റുകൾ ഇവിടെ ഉണ്ട്. സുരക്ഷിതമായ ഇടം തിരഞ്ഞെടുത്തിരിക്കുകയാണ്.

ചായ കുടിച്ചതിനു ശേഷം തൊട്ടടുത്തുള്ള മലയിലേക്ക് കയറി. വ്യൂപോയിന്റ് പോലെയൊരു കുന്നിൻപുറം. മഞ്ഞുമലകൾ ആസ്വദിക്കാനുള്ള കേന്ദ്രമാണ് അത്. നദി ഉൾപ്പെടെ പ്രകൃതി പൂർണമായും വെള്ളനിറത്തിൽ മഞ്ഞു പുതച്ചു കിടക്കുന്നു. ഇരുട്ടിപ്പോൾ താഴെയിറങ്ങി. അത്താഴത്തിനായി ടെന്റിൽ ഒത്തുചേർന്നു. ആദ്യം ചൂട് സൂപ്പ് കഴിച്ചു. അതിനു ശേഷം ചപ്പാത്തി, ചോറ്, ദാൽ, വെജ് കറി, മധുര പലഹാരങ്ങൾ എന്നിവ വിളമ്പി.

രാത്രിയായതോടെ തണുപ്പ് ഇരട്ടിയായി. ടെന്റിനുള്ളിൽ ബെഡ് വിരിച്ച് രണ്ട് ലെയർ ഉള്ള സ്‌ലീപ്പിങ് ബാഗിനുള്ളിൽ കയറി. അതിന്റെ സിബ്ബുകൾ വലിച്ചു മുറുക്കിയിട്ടും തണുപ്പ് അരിച്ചിറങ്ങി. തെളിഞ്ഞ ആകാശവും നക്ഷത്രങ്ങളും ഉണ്ടായിട്ടും ആ സ്ഥലം ഫ്രീസറിലേതു പോലെ തണുത്തുറഞ്ഞു.


പടക്കം പോലെ മ‍ഞ്ഞുപാളി സ്ഫോടനം

river 1

രാവിലെ ചായയുമായി എത്തിയ പോർട്ടർമാരുടെ വിളി കേട്ടു. ഭക്ഷണം കഴിഞ്ഞ് എട്ടു മണിയോടെ നടത്തം തുടങ്ങി. ടിബ്ബ കേവ് ആണു ലക്ഷ്യം,. 9.5 കിലോമീറ്റർ നടക്കണം. കഴിഞ്ഞ ദിവസത്തേക്കാൾ മനോഹരമാണു വഴിയോരക്കാഴ്ച. വലുതും ചെറുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ കണ്ടു. ടിബ്ബ കേവിൽ എത്തിയപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞ് നാല്. ഇതിനിടെ ട്രക്കിങ് പാതയിൽ ഒരിടത്തിരുന്ന് പാസ്ത കഴിച്ചു. ടിബ്ബ കേവ് എത്തിയപ്പോഴേക്കും നദിയുടെ വീതീ കൂടി. ഐസ് പാളികൾ നദിയുടെ തീരത്തു മാത്രം ഒതുങ്ങിക്കിടന്നു. പടക്കം പൊട്ടുന്ന പോലെ ഐസ് പാളികൾ പൊട്ടിച്ചിതറുന്ന ശബ്ദം കേൾക്കാമായിരുന്നു. മർദം കൂടുമ്പോഴാണത്രേ ഐസ് പാളികൾ പൊട്ടിത്തെറിക്കുന്നത്. തണുപ്പ് കൂടുമ്പോൾ പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ ഭയാനകമാണെന്ന് അപ്പോൾ മനസ്സിലായി.

അന്നു രാത്രി ഭക്ഷണം കഴിഞ്ഞപ്പോൾ ഗൈഡ് ടെൻസിങ് മനസ്സിലെ ആശങ്ക പങ്കുവച്ചു. ‘‘നേരഖ് ആണ് അടുത്ത ക്യാംപ്. അവിടെ എത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ചാദർ പൊട്ടിയതായി വിവരം ലഭിച്ചു’’ – അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്തിയ ശേഷം പിറ്റേന്നു രാവിലെ പുറപ്പെടാമെന്ന് അദ്ദേഹം പോംവഴി കണ്ടെത്തി. ബാഗും മറ്റു സാധനങ്ങളും ടിബ്ബ കേവിൽ സൂക്ഷിച്ചതിനു ശേഷം നേരഖിലേക്കു പോകാം. സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ഇവിടെ തിരിച്ചെത്തുക – ഇതായിരുന്നു പ്ലാൻ.

പിറ്റേന്നത്തെ യാത്രയുടെ ത്രിൽ ഓർത്ത് ടെന്റിൽ കയറി. ഷിംഗ്ര കോമയിലേക്കാൾ തണുപ്പാണ് ടിബ്ബകേവിൽ അനുഭവപ്പെട്ടത്. തണുത്ത കാറ്റ് നിലയ്ക്കാതെ വീശിക്കൊണ്ടിരുന്നു. ഐസ് പാളികള്‍ പൊട്ടുന്ന ശബ്ദവും കേട്ടു. ആ ബഹളത്തിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്കു വീണു. പുലർച്ചെ 5.20ന് കട്ടൻ ചായയുമായി എത്തിയ പോർട്ടറാണ് വിളിച്ചുണർത്തിയത്. ഭക്ഷണം കഴിച്ച ശേഷം നേരഖിലേക്ക് തിരിച്ചു. നദിയിലെ മഞ്ഞുരുകി ഒഴുക്കു തുടങ്ങിയതിനാൽ മലകളിലൂടെയാണു നടന്നത്. നൂറ്റാണ്ടുകളിലൂടെ നദികൾ സ്വയം സൃഷ്ടിച്ച വളവും തിരിവും പ്രകൃതിയിൽ വർണചിത്രങ്ങളായി നിലനിൽക്കുന്നു. അഞ്ചു കിലോമീറ്റർ കടന്നപ്പോൾ ചാദർ പൊട്ടി വെള്ളം പ്രവഹിക്കുന്നതു കണ്ടു. ഇനി മുന്നോട്ടു നീങ്ങുക സാധ്യമല്ലെന്ന് ടെൻസിങ് ചൂണ്ടിക്കാട്ടി. ബൂട്ടിനു മുകളിലേക്ക് വെള്ളം നനഞ്ഞാൽ ജീവഹാനി സംഭവിക്കും. ഉടൻ തന്നെ ടിബ്ബ കേവിലേക്ക് മടങ്ങി. അന്നത്തെ ദിവസം ഉച്ച കഴിഞ്ഞ് ടെന്റിൽ വിശ്രമിച്ചു.

വൈകിട്ട് ക്യാംപ് ഫയർ ഒരുക്കാനായി പോർട്ടർമാർ മലകളിലേക്ക് വിറകു ശേഖരിക്കാൻ പോയി. ഐസ് പാളികളിൽ ഭാരം ചുമന്ന് നടക്കുന്നതിൽ പ്രാഗദ്ഭ്യമുള്ളരാണ് അവരെല്ലാം. അത്താഴത്തിന് അവർ ചൂടുഭക്ഷണം വിളമ്പി. പാട്ടുകൾ പാടി വട്ടമണഞ്ഞിരുന്നു. സൗഹൃദ സംഭാഷണത്തിൽ അവരുടെ കുടുംബങ്ങളും സൻസ്കർവാലിയിലെ ജീവിതവും കടന്നു വന്നു. ശൈത്യകാലത്ത് ആണുങ്ങൾ ജോലിക്കു പോകുന്നു. സ്ത്രീകളും കുട്ടികളും സുരക്ഷിതരമായി വീടുകളിൽ കഴിയുന്നു.

പിറ്റേന്നു പുലർച്ചെ ഷിംഗ്ര കോമയിലേക്ക് മടങ്ങി. മടക്കയാത്രയിൽ വഴിയോരത്തെ വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും ഇടമുറിയാതെ ക്യാമറയിൽ പകർത്തി. ഇനിയൊരിക്കൽക്കൂടി അവിടേക്ക് പോകാൻ കഴിയില്ലെന്നുള്ള തോന്നലായിരുന്നു അതിനു കാരണം. ജീവിതത്തിൽ ചില കാര്യങ്ങൾ അങ്ങനെയാണല്ലോ. അൽപ നേരത്തേക്ക് ഒരുപാട് ഓർമകൾ സമ്മാനിച്ച് മാഞ്ഞു പോകുന്ന സ്വപ്നങ്ങൾ പോലെ...

ചാർദ ട്രക്കിങ്

സിന്ധു നദിയുമായി ചേര്‍ന്ന് പാക്കിസ്ഥാനിലേക്ക്‌ ഒഴുകുന്നു സന്‍സ്കാര്‍ നദി. ശൈത്യകാലത്ത് തണുത്തുറയുന്ന നദിയാണ് സൻസ്കർ. ചില്ലിങ് മുതല്‍ സന്‍സ്കര്‍ വാലി വരെയാണ് ട്രക്കിങ്. ശ്രീനഗര്‍ വഴിയും മണാലി വഴിയും ലേയിൽ എത്താം. ലേയിൽ നിന്നു വാനഹത്തിൽ മൂന്നു മണിക്കൂർ സഞ്ചരിച്ചാണ് ട്രക്കിങ് ആരംഭിക്കുന്ന സ്ഥലത്ത് എത്തിച്ചേരുക. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമേ ട്രക്കിങ് അനുമതി ലഭിക്കൂ. മഞ്ഞുവീഴ്ച കനത്താൽ ആറുമാസത്തേക്ക്‌ പ്രവേശനം നിരോധിക്കും.


Tags:
  • Manorama Traveller