‘ഭാവിയെ ഭയപ്പെടരുത്, ഭൂതകാലത്തിനായി കരയരുത്’, എന്ന ആപ്തവാക്യം മനസ്സിലുറപ്പിച്ച് ജീവിക്കുന്നൊരു ജനത. കംബോഡിയ കാഴ്ചകൾ കൊണ്ടും രുചികൾ കൊണ്ടും സഞ്ചാരികളെ കൊതിപ്പിക്കും. ലോകപ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്രമാണ് സഞ്ചാരികളുടെ കംബോഡിയൻ യാത്രയുടെ പ്രധാനലക്ഷ്യം. കമ്പൂച്ചിയ എന്നായിരുന്നു കംബോഡിയയുടെ പഴയ പേര്. ഈ തെക്കു കിഴക്കൻ രാജ്യം രണ്ട് കാര്യങ്ങൾക്കാണ് സഞ്ചാരികൾക്കിടയിൽ പ്രശസ്തം. ഒന്ന്, അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയം. രണ്ടാമത്തേത് ഖമാർ റോഷ് എന്ന ക്രൂരൻ ഭരണാധികാരികളുടെ കീഴിൽ അസംഖ്യം പേരുടെ ജീവനെടുത്ത നരഹത്യ. അവയുടെ സൂക്ഷിപ്പുകൾ ഇന്നും തലസ്ഥാനമായ നോം പെയിൽ (Phnom penh) കാലങ്ങൾക്ക് അതീതമായി ഒരു വിങ്ങൽ എന്നപോലെ നിലകൊള്ളുന്നുണ്ട്.
ക്ഷേത്രങ്ങളുടെ നഗരം
ക്ഷേത്രങ്ങളുടെ നഗരം എന്നാണ് അങ്കോർ വാട്ട് എന്നതിനർഥം. ഏറ്റവും മനോഹരമായ സൂര്യോദയക്കാഴ്ച സമ്മാനിച്ചാണ് അങ്കോർ വാട്ട് ക്ഷേത്രം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഹിന്ദു ക്ഷേത്രമായ അങ്കോർ വാട്ട് യുനെസ്കോ പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സൂര്യവർമ്മൻ രണ്ടാമനാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മൂവായിരത്തിൽപരം ശിൽപങ്ങൾ കൊത്തിയ ചുവരുകളാണ്. നൃത്തം ചെയ്യുന്ന സ്ത്രീ രൂപത്തിലുള്ളവയാണ് ഈ ശിൽപങ്ങൾ. അങ്കോർ വാട്ടിന്റെ ചുമരുകളെല്ലാം കലയുടെ സമ്മേളനമാണ്.
ആധുനികത തൊട്ടുതീണ്ടാത്ത ഗ്രാമീണ സൗന്ദര്യമാണ് കംബോഡിയ. കൃഷിയാണ് ഈയൊരു രാജ്യത്തെ ഭൂരിഭാഗം ആളുകളുടേയും പ്രധാന വരുമാനമാർഗം. ടൂറിസത്തിന് വലിയ പ്രാധാന്യവും പരിഗണനയും നൽകുന്നതിനാൽ കംബോഡിയയുടെ പ്രധാന വരുമാന സ്രോതസ്സാണിത്. ലക്ഷക്കണക്കിന് സഞ്ചാരികൾ വർഷം തോറും ഇവിടെയെത്തുന്നുണ്ട്. ആചാരം കൊണ്ടും സംസ്കാരം കൊണ്ടും കംബോഡിയ നമ്മെ അദ്ഭുതപ്പെടുത്തും.
ഏപ്രിൽ മാസത്തെ വിളവെടുപ്പിനോട് അനുബന്ധിച്ചാണ് കംബോഡിയക്കാരുടെ പുതുവർഷം തുടങ്ങുന്നത്. അതുപോലെ മറ്റൊരു പ്രത്യേകത പിറന്നാൾ ആഘോഷങ്ങളോട് വിമുഖത കാണിക്കുന്നവരാണ് ഇന്നാട്ടുകാർ. എന്നാൽ ശവസംസ്കാരത്തിന് എത്ര തുക ചെലവാക്കാനും കംബോഡിയക്കാർക്ക് മടിയില്ല. 49 ദിവസങ്ങൾ വരെ നീളുന്ന ചടങ്ങുകൾ മരണവുമായി ബന്ധപ്പെട്ട് നടത്തുന്നു. ഒരു കംബോഡിയക്കാരന്റെ പ്രതിമാസ വരുമാനം 100 ഡോളറാണ് കണക്കാക്കുന്നത്. പക്ഷേ, ശരാശരി 9000 ഡോളർ ശവസംസ്കാരത്തിനായി ഇവർ ചെലവിടുന്നു. ചുരുക്കി പറഞ്ഞാൽ തങ്ങളുടെ സമ്പത്തിന്റെ സിംഹഭാഗവും ശവസംസ്കാരത്തിനായി കരുതി വയ്ക്കുന്നവരാണ് കംബോഡിയക്കാർ. ഇവിടുത്തുകാരുടെ വിവാഹവും വലിയ ആഘോഷമാണ്. മൂന്നുദിവസം രാവും പകലും നീളുന്ന ചടങ്ങാണ് വിവാഹം.
തെരുവോരം, രുചിമേളം
വഴിയോരം നിരയെ ഭക്ഷണശാലകളുടെ നീണ്ടൊരു തെരുവാണ് പബ് സ്ട്രീറ്റ്. ഭക്ഷണശാലകൾ മാത്രമല്ല, സുവനീർ ഷോപ്പുകളും മസാജ് സെന്ററുകളും മറ്റ് കടകളും ചേർന്ന് സജീവമായൊരിടം. തനത് കംബോഡിയൻ രുചികൾ ആസ്വദിക്കാൻ പബ് സ്ട്രീറ്റ് നല്ലൊരു ഓപ്ഷനാണ്. ചീവീടും, തേളും, പഴുതാരയും, മുതലയും, പാമ്പും, പുഴുവും തുടങ്ങിയവയുടെ ശേഖരം നിറഞ്ഞ തട്ടുകടകൾ. ഇഷ്ടമുള്ളത് പറഞ്ഞാൽ ‘ലൈവായി’ തയാറാക്കി തരും. അരിയും മത്സ്യവുമാണ് കംബോഡിയക്കാരുടെ പ്രധാന ആഹാരം. ധാരാളം വിദേശ സഞ്ചാരികൾ വരുന്നതിനാൽ അവർക്ക് ഉതകമാകുന്ന വിഭവങ്ങളും ഇവിടെ കാണാം. അമോക്ട്രേ (Amok trey) എന്നറിയപ്പെടുന്ന മീൻ കറിയും റൈസും അതിൽ പ്രധാനമാണ്. വാഴയില പാത്രം പോലെയാക്കി അതിലാണ് കറി വിളമ്പുന്നത്. കുമ്പിൾ കുത്തിയെടുത്ത വാഴയിലയിൽ ഒഴിച്ച് ആവികയറ്റിയാണ് ഈ വിഭവം തയാറാക്കുന്നത്. തേങ്ങാപ്പാലും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത ക്രീമിയായ ഈ വിഭവം തയാറാക്കാൻ ഒരു മണിക്കൂർ സമയമെടുക്കുമത്രേ. എന്തായാലും കംബോഡിയയുടെ സിഗ്നേച്ചർ ഫൂഡ് എന്നാണ് അമോക്ട്രേ അറിയപ്പെടുന്നത്.
ബീഫ് ലോക് ലാക് (Beef Lok Lak) എന്നാൽ നമ്മുടെ ബീഫ് ഡ്രൈ റോസ്റ്റിനോട് സാമ്യമുള്ള വിഭവമാണ്. എരിവ് കുറവെങ്കിലും നല്ല രുചി. ചൈനീസ് പാചകരീതിയിൽ അരിപ്പൊടികൊണ്ട് തയാറാക്കുന്ന പലഹാരമാണ് നം കചായ് (Num Kachay). നമ്മുടെ ഉണ്ണിയപ്പക്കാരയോട് സമാനമായ പാത്രത്തിലാണ് ഈ പലഹാരത്തിന്റെ നിർമാണം. കംബോഡിയൻ സാൻവിച്ച് നോംപാങ് എന്നാണ് അറിയപ്പെടുന്നത്. പൊതുവെ, മധുരവും ഉപ്പും ചവർപ്പും ചേർന്ന രുചിയാണ് പൊതുവേ കംബോഡിയൻ ഭക്ഷണത്തിന്.
കംബോഡിയയുടെ പ്രധാന നഗരമായ സിയേം റീപ്പ് (Siem Reap) മറ്റ് തെക്കുകിഴക്കൻ നഗരങ്ങളെ പോലെ തന്നെ സഞ്ചാരികളുടെ തിരക്കും ആർപ്പുവിളികളും കച്ചവടം കൊണ്ടുമെല്ലാം രാത്രിയിലും സജ്ജമാണ്.
പോർക്കും പോത്തും കോഴിയും എന്ന് വേണ്ട പുൽച്ചാടികളെയും പാമ്പിനെയും മുതലയെയും വരെ പാചകം ചെയ്ത് ഭക്ഷണമാക്കുന്നുണ്ടിവിടെ. മസാല ചേർക്കാത്തതും ആവിയിൽ പുഴുങ്ങിയെടുക്കുന്നതുമായ വിഭവങ്ങളാണ് കംബോഡിയൻ രുചികൾ. തായ്‌ലൻഡ്, വിയറ്റ്നാം പാചകരീതികളുടെ സ്വാധീനം കംബോഡിയൻ ഭക്ഷണത്തിൽപ്രകടമാണ്.
കാഴ്ചയിൽ നമ്മുടെ ദോശയോടു സാമ്യമുള്ള പലഹാരത്തിന്റെ കൂടെ പഴം നുറുക്കിയതും ന്യൂട്ടല്ലയും ചേർത്ത് തയാറാക്കിയെടുക്കുന്ന ഒരു വിഭവമാണ് ന്യൂട്ടല്ല ബനാന ക്രീപ്പ്. ക്രീപ്പ് എന്നാൽ അധികം കട്ടിയില്ലാത്ത പാൻകേക്ക് എന്നാണർഥം.
നമ്മുടെ നാട്ടിലിപ്പോൾ പ്രചാരത്തിലുള്ള റോൾ ഐസ്ക്രീം നിർമാണത്തിന്റെ മികച്ച വേർഷനാണ് കംബോഡിയയിലെ തായ് റോൾഡ് ഐസ്ക്രീം (Thai Rolled icecream). പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തായ്‌ലൻഡിൽ ആണത്രേ ഈ വിഭവം ഉരുത്തിരിഞ്ഞുവന്നത്.
കേരളത്തിൽ നിന്നും കംബോഡിയയിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ല. മലേഷ്യ വഴി ഇവിടേക്കെത്താം. കംബോഡിയയിൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ ആണ്. ഇന്ത്യൻ പാസ്പോർട്ടും ഒപ്പം കുറച്ച് യുഎസ് ഡോളറും കൊടുത്താൽ (ഉദ്ദേശം 30 യുഎസ് ഡോളർ) 10 മിനിറ്റിനുള്ളിൽ വീസ പതിപ്പിച്ച പാസ്പോർട്ട് തിരികെ ലഭിക്കും. അങ്കോർ വാട്ട് ക്ഷേത്രത്തിലെ സൂര്യോദയം കാണാൻ ടിക്കറ്റ് മുൻകൂട്ടിയെടുക്കാം.