ADVERTISEMENT

വർഷം 1982. പർവതാരോഹണത്തിനിടെ വഴി തെറ്റിയ ഒരു കൂട്ടം യാത്രികർ ദേവദാരു വൃക്ഷങ്ങളാൽ നിബിഢമായ ഹിമാചലിലെ ദോദ്ര ഗ്രാമത്തിൽ എത്തിപ്പെട്ടു. അതൊരു മഴക്കാലമായിരുന്നു. ദോദ്രയിലെ രീതികളോ ആചാരാനുഷ്ഠാനങ്ങളോ അറിയാതെ അവർ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. വിശന്ന് അവശരായ യാത്രികർ ഗ്രാമത്തിൽ നിന്നു വെള്ളവും ഭക്ഷണവും വാങ്ങി കഴിച്ചു. രാത്രി കൂടാരം കെട്ടി താമസിച്ചു. അടുത്ത ദിവസം ലോകം ഉണർന്നത് ആ യാത്രികരുടെ മരണവാർത്ത കേട്ട ഞെട്ടലിലാണ്. ശരീരത്തിൽ മുറിവുകളോ വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളോ ഒന്നും തന്നെ കുറ്റാന്വേഷകർക്കു കണ്ടെത്താൻ കഴിഞ്ഞില്ല.. പിന്നീട് വർഷങ്ങളോളം ആ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ആളുകൾ ഭയപ്പെട്ടു.

അന്യമനുഷ്യരുടെ ഗന്ധമേൽക്കാത്ത നിഗൂഢതകൾ നിറഞ്ഞ ആ താഴ്‌വരയിലേക്ക് പിന്നീട് എപ്പോഴോ വീണ്ടും യാത്രികർ സഞ്ചരിച്ചു തുടങ്ങി. ജിം കോർബറ്റിന്റെ ‘കുമയൂണിലെ നരഭോജി കടുവ" എന്ന കൃതിയിലിലെ വരികൾക്കിടയി‘ൽ നിന്നുമാണ് ദോദ്രയിലെ വിചിത്ര മനുഷ്യരുടെ കഥ വായിച്ചത്. അന്നു മുതൽ മനസ്സിൽ കുറിച്ചിട്ടതാണ് എന്നെങ്കിലും ഒരിക്കൽ ആ ഗ്രാമം സന്ദർശിക്കണം എന്ന്. അങ്ങനെ കെട്ടുകഥകളുടെ ഭാണ്ഡവും പേറി 2019 ലെ വേനൽക്കാലത്ത്, നിഗൂഢത വട്ടമിട്ടു പറക്കുന്ന ദോദ്ര ഗ്രാമത്തിലേക്ക് കുടുംബവുമൊത്ത് യാത്ര തിരിച്ചു.

dodrahimachalparivahanbus
ADVERTISEMENT

ഷിംലയിലേക്ക് കുടുംബസമേതം

ഡൽഹിയിൽ നിന്നു രണ്ടു ദിവസം യാത്രയുണ്ട് ഹിമാചൽ -ഉത്തരാഖണ്ഡ് അതിർത്തിയിലുള്ള ദോദ്രയിലേക്ക്. ഡൽഹിയിൽ നിന്നു ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയിലേക്കാണ് പോയത്. ചാറ്റൽമഴയിൽ ഷിംല പട്ടണം കുളിച്ചു നിൽക്കുകയാണ്. അടുക്കി വച്ച തീപ്പെട്ടിക്കൂടുകൾ പോലെ പല നിറത്തിൽ, തട്ടുതട്ടുകളായി കിടക്കുന്ന ഷിംല. പച്ചവിരിച്ച മലനിരകളും തേയിലത്തോട്ടങ്ങളും കണ്ണിനും മനസ്സിനും വിരുന്നൊരുക്കി. മറ്റൊരു അവസരത്തിൽ ഷിംലയിലെ കാഴ്ചകൾ കാണാം എന്നു നിശ്ചയിച്ച്, സമയം ഒട്ടും പാഴാക്കാതെ അടുത്ത ലക്ഷ്യസ്ഥാനമായ റോഹ്റു പട്ടണത്തിലേക്കു യാത്ര തുടർന്നു.

ADVERTISEMENT

പബ്ബാർ താഴ്‌വരയിലെ റോഹ്റു

pabbarvalley

ഹിമാചലിലെ ഏറ്റവും ചെറുതും മനോഹരവുമായ നിശബ്ദ താഴ്‌വരകളിൽ ഒന്നാണ് പബ്ബാർ. പബ്ബാർ നദിയാണ് ഈ താഴ്‌വരയുടെ ജീവസ്രോതസ്. പബ്ബാർ നദിയുടെ തീരത്താണ് റോഹ്റു പട്ടണം. ഷിംലയിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ നർക്കണ്ടയും കുഫ്രിയും പിന്നിട്ട് ഉച്ചയോടെ റോഹ്റുവിൽ എത്തി. റോഹ്റുവിൽ ആദ്യദിനം അവസാനിപ്പിച്ചു പിറ്റേന്ന് ദോദ്രയിലേക്കു പോകാനായിരുന്നു പ്ലാൻ. എന്നാൽ പബ്ബാർ താഴ്‌വരയിലുള്ള ഏതെങ്കിലും ഗ്രാമത്തിൽ താമസിക്കാനായിരുന്നു ഉച്ചഭക്ഷണം ക ഴിക്കാൻ കയറിയ കടയുടെ ഉടമയുടെ നിർദേശം. അങ്ങനെ റോഹ്റുവിൽ നിന്നു ദോദ്ര ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ചിരഗാവ് എന്ന ഗ്രാമത്തിൽ ആദ്യദിനം അവസാനിപ്പിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു. മൂന്നു മണിയോടു കൂടി റോഹ്റു വിട്ടു ചിരഗാവിലേക്കു യാത്ര തിരിച്ചു. ഇടുങ്ങിയ ഹിമാചൽ വഴികളിലൂടെയുള്ള ബസ് യാത്ര. പഹാഡി ഗാനങ്ങൾ കേട്ട്, പർവതശിഖരങ്ങളും ചെമ്മരിയാടുകളും കാട്ടരുവികളും കണ്ട് വൈകിട്ട് അഞ്ചു മണിയോടെ ചിരഗാവിൽ എത്തി. ഉത്തരേന്ത്യയിൽ ഉഷ്ണകാലമാണെങ്കിലും ഹിമാചലിലെ ഉൾഗ്രാമങ്ങളിൽ വേനൽക്കാലത്തും സൂര്യാസ്തമയം കഴിഞ്ഞാൽ തണുപ്പു കൂടിവരും. കമ്പിളി വസ്ത്രങ്ങൾ ധരിച്ചു. 21 മണിക്കൂർ ബസ് യാത്രയ്ക്കു ശേഷം ചിരഗാവിൽ മുറിയെടുത്ത് ഞങ്ങൾ വിശ്രമിച്ചു.

chiragavvillage
ADVERTISEMENT

ചിരഗാവിലെ പ്രഭാതം

അതിരാവിലെ എഴുന്നേറ്റു ചിരഗാവ് കാണാൻ പുറത്തിറങ്ങി. പച്ചക്കറി കടകളും ഭക്ഷണ ശാലകളും അത്യാധുനിക സാധന സാമഗ്രികൾ വിൽക്കുന്ന കടകളുമെല്ലാമുള്ള ഗ്രാമമാണ് ചിരഗാവ്. ഗ്രാമവാസികളിൽ പലരും അതിരാവിലെ പാതയോരത്തിരുന്നു തീ കായുന്നു. ഹിമാചൽ നദികളിൽ കണ്ടുവരുന്ന ട്രൗട് മീനുകളെ ചൂണ്ടയിട്ട് പിടിക്കാനായി കുറച്ചു പേർ പബ്ബാർ നദിക്കരയിലേക്ക് പോകുന്നതു കണ്ട് അവരുടെ പിന്നാലെ നടന്നു. നദിയിൽ ഇറങ്ങി തണുത്തവെള്ളം കയ്യിലെടുത്ത് മുഖം കഴുകിയപ്പോൾ യാത്രാക്ഷീണം ‘പബ്ബാർ കടന്നു’. ചിരഗാവിൽ നിന്നു ഹിമാചൽ - ഉത്തരാഖണ്ഡ് അതിർത്തിയിലുള്ള ക്വാർ ഗ്രാമത്തിലേക്ക് എല്ലാ ദിവസവും രാവിലെ 9 നുബസുണ്ട്. അതിൽ കയറിയാൽ പോകുന്ന വഴി ദോദ്ര ഗ്രാമത്തിൽ ഇറങ്ങാം. ഞ ങ്ങൾ ബസ് സ്റ്റാന്റിലേക്ക് നടന്നു. ഹിമാചൽ പരിവഹൻ ബസ് ഒരുങ്ങി നിൽപ്പുണ്ട്. ചിരഗാവിൽ നിന്ന് 50 കിലോ മീറ്റർ ദൂരമുള്ള ദോദ്രയിൽ എത്തിച്ചേരാൻ കുറഞ്ഞത് അഞ്ചു മണിക്കൂർ എടുക്കും.

ചൻസാൽ ചുരം വഴി

വർഷത്തിൽ ഏറിയപങ്കും മഞ്ഞുറഞ്ഞു കിടക്കുന്ന ചൻസാൽ ചുരം വഴിയാണു യാത്ര. മറ്റുള്ള ഹിമാലയൻ ചുരങ്ങളിൽ നിന്നു വ്യത്യസ്തമായി കാട്ടുമൃഗങ്ങളും അപൂർവയിനം പക്ഷിലതാദികളുമുള്ള കാനനപാതയാണ് ചൻസാൽ. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ പ്രകൃതി ഹിമകണങ്ങളാൽ വെള്ള പുതച്ചു തുടങ്ങി. മൊണാൽ പക്ഷികളും മാനുകളും വേഴാമ്പലും കണ്ണിനു വിരുന്നായി. ചൻസാൽ ചുരത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ‘ചൻസാൽ പീക്ക്’ വഴി ടിസെർ, ജക്കാലി, പേക്ക എന്നീ ഗ്രാമങ്ങൾ താണ്ടി സമുദ്രനിരപ്പിൽ നിന്ന് 12,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദോദ്ര ഗ്രാമത്തിൽ ബസ്സ് എത്തി. കുറച്ചു യാത്രക്കാർ ബസ്സിൽ നിന്ന് ഇറങ്ങി ദോദ്ര ഗ്രാമത്തിലേക്ക് നടത്തം ആരംഭിച്ചു.

pabbarriverandchansalpass

ഞങ്ങൾ അവിടെ നിന്നു പരുങ്ങുന്നതു കണ്ടു ബസ് ഡ്രൈവർ വന്നു കാര്യം തിരക്കി. എവിടെ താമസിക്കുമെന്നതാണ് പ്രശ്നം. ‘‘അതിർത്തി ഗ്രാമങ്ങൾ കാണാൻ വരുന്ന സഞ്ചാരികൾ ചിരഗാവിൽ നിന്നു കാറിലോ ജീപ്പിലോ ഇവിടെ വന്നു ഗ്രാമക്കാഴ്ചകൾ കണ്ട് ഇരുട്ടും മുന്‍പ് തിരിച്ചു പോകാറാണു പതിവ്. താമസത്തിനുള്ള സൗകര്യം ദോദ്രയിൽ ഇല്ല. താമസിക്കാൻ പറ്റിയ ഇടവുമല്ല ഇത്’’ ബസ് ഡ്രൈവർ പറഞ്ഞു. ദേവദൂതനെ പോലെ രാമേശ്വർ നേഗി

അപ്പോഴാണ് ദോദ്രയ്ക്കു പുറത്തു ചായക്കട നടത്തുന്ന രാമേശ്വർ നേഗി എന്നയാൾ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ദോദ്ര ഗ്രാമത്തിനു പുറത്തുള്ള ഫോറസ്റ്റ് റെസ്റ്റ് ഹൗസിൽ മുറി ഒരുക്കിത്തരാം എന്നയാൾ ഉറപ്പു നൽകി. അങ്ങനെ ഞങ്ങൾ രാമേശ്വർ ഭായിയുടെ കൂടെ റെസ്റ്റ് ഹൗസിലേക്ക് നടന്നു. വനപാലകർക്ക് വേണ്ടി ദോദ്ര ഗ്രാമത്തിനു സമീപമുള്ള ഒറ്റനില കെട്ടിടമാണ് ഫോറസ്റ്റ് റെസ്റ്റ് ഹൗസ്. ദോദ്ര ഗ്രാമം സന്ദർശിക്കാൻ വരുന്ന സഞ്ചാരികൾക്കു രാമേശ്വർ ഇവിടെ മുറി ഒരുക്കി കൊടുക്കാറുണ്ട്. അങ്ങനെ കിട്ടുന്ന മുറി വാടകയാണ് അദ്ദേഹത്തിന്റെ മറ്റൊരു വരുമാനം.

dodravillage

രാമേശ്വർ റെസ്റ്റ് ഹൗസിനകത്തെ ഒരു മുറി ഞങ്ങൾക്കു തന്നു. അൽപം വിശ്രമിച്ച ശേഷം അത്താഴം കഴിക്കാൻ തന്റെ ചായക്കടയിലേക്ക് വന്നോളൂ എന്നു പറഞ്ഞ് അദ്ദേഹം മടങ്ങി. ബാഗ് മുറിയിൽ വച്ചു റെസ്റ്റ് ഹൗസിനു പുറത്തിറങ്ങി. വരാന്തയിൽ നിന്നാൽ ദോദ്ര ഗ്രാമം കാണാം. കുന്നിൻ ചെരുവിൽ മരങ്ങൾ കൊണ്ടുണ്ടാക്കിയ വീടുകൾ കൊണ്ട് അലങ്കരിച്ച ഗ്രാമം. ആ ഗ്രാമത്തിലേക്കുള്ള നാട്ടുപാതയിലൂടെ ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നു. അവിടുത്തെ കുട്ടികളും മുതിർന്നവരും വീടുകളിലേക്ക് ചേക്കറുന്ന കാഴ്ച്ചകൾ കണ്ടങ്ങനെ വരാന്തയുടെ പടവുകളിൽ ഇരുന്നു.

സമയം അഞ്ചുമണി കഴിഞ്ഞു. ഞങ്ങള്‍ രാമേശ്വർ ഭായിയുടെ കടയിലേക്കു പോയി. അദ്ദേഹം റൊട്ടിയും ചോറും ദാൽ കറിയും ഉണ്ടാക്കുന്ന തിരക്കിലാണ്. ദോദ്ര ഗ്രാമത്തിന്റെ ചരിത്രം വെറും കെട്ടുകഥയാണോ എന്ന് രാമേശ്വർ ഭായിയോട് ചോദിച്ചു. ‘‘ചില സത്യങ്ങൾ കണ്ടറിയണം’’, അദ്ദേഹം ചിരിച്ചു കൊണ്ട് മറുപടി നൽകി. എന്നാൽ ദോദ്ര ഗ്രാമത്തിൽ പ്രവേശിക്കും മുൻപ് മൂന്നു കാര്യങ്ങൾ ഓർത്തിരിക്കണമെന്നു ഭായി ഉപദേശിച്ചു.

‘‘ഗ്രാമത്തിന് അകത്തു നിന്നു വെള്ളമോ ഭക്ഷണമോ വാങ്ങി കഴിക്കരുത്. ക്ഷേത്രനടയിൽ കാണിക്ക സമർപ്പിക്കരുത്, പൂജാരിയുടെ കയ്യിൽ ഏൽപ്പിക്കണം. അനുവാദമില്ലാതെ ആരുടേയും ചിത്രങ്ങൾ പകർത്തരുത്.’’ രാമേശ്വർ ഭായിയുടെ ഉപദേശം കേട്ട് ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയിൽ തിരിച്ചു പോകുന്നതിനെകുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് മുഴുവനും.

ഇരുട്ടു വീണതോടെ ദോദ്രയിലെ വീടുകളിൽ വിളക്കു തെളിഞ്ഞു. മുറിയിൽ തിരിച്ചെത്തി യാത്രാക്ഷീണത്താൽ പെട്ടന്ന് ഉറങ്ങി.

ദോദ്രയിലെ പകൽ

സൂര്യകിരണമേറ്റ് സ്വർണ നിറത്തിൽ തിളങ്ങുന്ന ദോദ്ര ഗ്രാമത്തെ കണികണ്ടാണ് ഉറക്കമെഴുന്നേറ്റത്. പക്ഷേ, ഭാര്യയേയും മകളേയും ഗ്രാമത്തിലേക്കു കൊണ്ടു പോകുന്നതു സുരക്ഷിതമല്ലെന്നു മനസ്സു പറഞ്ഞു. അതുകൊണ്ട് അവരെ മുറിയിൽ ഇരുത്തി ഒറ്റയ്ക്ക് ദോദ്രയിലേക്കു തിരിച്ചു. ഗ്രാമവഴികളിലൂടെ കണ്ണും കാതും കൂർപ്പിച്ചു മുന്നോട്ട് നടന്നു. ഗ്രാമവാസികൾ അവരുടെ ദിനചര്യകളിൽ മുഴുകിയിരിക്കുകയാണ്. പുറംലോകത്തു നിന്നു വന്ന എന്നെ കണ്ടപ്പോൾ പലരും ആദ്യം നെറ്റിചുളിച്ചുവെങ്കിലും പിന്നീട് അവരുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അതുവരെ മനസ്സിൽ നിറഞ്ഞ കാർമേഘം നീങ്ങിയ നിമിഷം. കൽക്കരി വണ്ടി പോലെ എല്ലാ വീടുകളിലേയും അടുക്കളകളിൽ നിന്നു പുക പറക്കുന്നുണ്ട്. ഗ്രാമവാസികളിൽ ചിലർ വീടിന്റെ വരാന്തയിൽ ഇരുന്നു വെയിൽ കായുന്നു. കുട്ടികളിൽ പലരും വിദ്യാലയങ്ങളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ധാന്യങ്ങൾ വെയിലത്ത് ഉണക്കുന്ന, വസ്ത്രങ്ങൾ അലക്കുന്ന, അടുക്കളകളിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകളെ എല്ലാ വീടുകളിലും കണ്ടു. ചെമ്മരിയാടുകളും പശുക്കളും കുതിരകളും വഴിവക്കിൽ മേഞ്ഞു നടപ്പുണ്ട്...

villagerdodray

ദോദ്രയിലെ വീടുകൾ

തടി കൊണ്ട് ഉണ്ടാക്കിയ ഇവിടുത്ത വീടുകളുടെ നിർമാണ രീതി ഒരേപോലെയാണ്. നേർത്ത കരിങ്കൽ പാളികൾ കൊണ്ട് തീർത്ത മേൽക്കൂര. വീടുകൾ എല്ലാം രണ്ടു നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. തടികൾക്കിടയിൽ കല്ലും കളിമണ്ണും കൊണ്ട് നിർമിച്ച ചുമരുകളുടെ പ്രധാന ലക്ഷ്യം ശൈത്യം പ്രതിരോധിക്കുക എന്നതാണ്. വീടിന്റെ താഴത്തെ നില ധാന്യങ്ങളും ഉണക്കിയ ഫലങ്ങളും ശേഖരിച്ചുവയ്ക്കാനും വളർത്തു മൃഗങ്ങളുടെ വാസസ്ഥലമായും ഉപയോഗിക്കുന്നു. മുകളിലത്തെ നിലയിലെ ഒരു മുറി ഉണങ്ങിയ മരക്കഷണങ്ങളും പിന്നെ നിത്യവും ആവശ്യമുള്ള സാധനങ്ങൾ അടുക്കി വയ്ക്കാനും നീക്കി വച്ചിരിക്കുന്നു. ബാക്കി വരുന്ന രണ്ടു മുറികളിൽ ഒന്ന് അടുക്കളയായും മറ്റൊന്നു കിടപ്പു മുറിയായും ഉപയോഗിക്കും. മഞ്ഞുകാലത്തു വീടിനു പുറത്ത് ഇറങ്ങാതെ താഴത്തെ നിലയിൽ ചെന്ന് ധാന്യങ്ങൾ ശേഖരിക്കാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനുമായി എല്ലാ വീടുകളിലേയും രണ്ടാം നിലയിൽ നിന്നു കോണിപ്പടി ഒരുക്കിയിട്ടുണ്ട്. ശൈത്യകാലത്ത് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആറു മാസത്തോളം ഗ്രാമത്തിനകത്തു തന്നെയുള്ള അവരുടെ ജീവിതം ശരിക്കും ദുസ്സഹമാണ്. നാൽപതോളം വീടുകളിലായി മുന്നൂറിലധികം പേർ ഈ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. ഇവർ ഗോത്രവർഗക്കാരാണ്.

architecturevillagerdodray

ജാക്കൂ ദേവി ക്ഷേത്രം

ദോദ്രയിൽ ചെറുതും വലുതുമായി എ ട്ട് ക്ഷേത്രങ്ങളുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും വ്യത്യസ്ത ദേവി - ദേവൻമാരുടെ പ്രതിഷ്ഠയാണുള്ളത്. ഇവയിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പ്രതിഷ്ഠ ജാക്കൂ ദേവിയുടേതാണ്. ദോദ്രഗ്രാമവാസികളുടെ കുലദേവതയാണ് ജാക്കൂ ദേവി. എല്ലാ വർഷവും ശൈത്യകാലത്ത് ഈ ക്ഷേത്രത്തിൽ പരമ്പരാഗതമായ ശൈലിയിൽ "ജാക്കൂ ഉത്സവം" നടത്താറുണ്ട്. ജാക്കൂ ക്ഷേത്രത്തിന് അകത്തേക്കു നടന്നു. ദേവദാരു വൃക്ഷത്തിന്റെ തടികൊണ്ട് നിർമിച്ച കൊത്തുപണികളോട് കൂടിയ ക്ഷേത്രത്തിനു ചുറ്റുമതിൽ ഇല്ല. ദോദ്ര ഗ്രാമത്തിൽ തലമുറകളായി പൂജ ചെയ്തു വരുന്ന ഗോത്ര കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ ആണ് ജാക്കൂ ക്ഷേത്രത്തിൽ പൂജാരിയായി നിയമിക്കുന്നത്. ഗർഭഗൃഹത്തിൽ ജാക്കൂ ദേവിയുടെ പട്ടു കൊണ്ട് അലങ്കരിച്ച വിഗ്രഹം. ക്ഷേത്രനടയിൽ കുറച്ചു നേരം ഞാൻ പ്രാർഥനയിൽ മുഴുകി. തളികയിൽ പ്രസാദവുമായി വന്ന പൂജാരി ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചു. ദോദ്ര ഗ്രാമത്തിലേക്കുള്ള എന്റെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. കേട്ടറിഞ്ഞ ദോദ്ര കഥകൾ സത്യമാണോ എന്ന് ചോദിച്ചറിയാൻ ഇതിലും നല്ലൊരു വ്യക്തിയെ ഇനി കണ്ടുമുട്ടില്ല.

dodravillager

എന്റെ സംശയങ്ങൾക്കുള്ള ഉത്തരം മുത്തശ്ശിക്കഥ പോലെ അദ്ദേഹം വിവരിച്ചു. വെറും കഥയല്ല ദോദ്ര ‘ലോകത്തിലെ പ്രധാനപ്പെട്ട മൂന്നു ഭരണ രീതികളാണ് രാജതന്ത്രം, പ്രജാതന്ത്രം, ദേവതന്ത്രം. അതിൽ ദേവതന്ത്ര പ്രകാരം ജീവിക്കുന്നവരാണ് ദോദ്രയിലെ ഗോത്രസമൂഹം. മലദേവതകളെ പൂജിച്ചും മൃഗബലി നടത്തി പ്രീതിപ്പെടുത്തിയും അവർ താന്ത്രിക ശക്തി സ്വായത്തമാക്കി. മന്ത്രോച്ചാരണത്താൽ വെള്ളവും ഭക്ഷണവും വിഷമയമാക്കാനുള്ള താന്ത്രിക വിദ്യയിൽ പ്രാവീണ്യം നേടിയ ഗ്രാമവാസികൾ തങ്ങളുടേതായ നിയമവും ഭരണവും ഗ്രാമത്തിൽ നടപ്പിലാക്കി. ഗോത്രം നിലനിർത്താൻ അവർ അന്യദേശക്കാർക്കു ഗ്രാമത്തിലേക്കു പ്രവേശനം വിലക്കി. ആചാരാനുഷ്ഠാനങ്ങൾ മറന്നു ജീവിക്കാൻ ദോദ്ര നിവാസികൾ ഒരിക്കലും തയ്യാറായില്ല.

അപ്പോഴാണ് അവിചാരിതമായി പർവതാരോഹകർ വന്നത്. തങ്ങളുടെ പരമ്പര ഇല്ലാതാക്കാൻ വന്ന ശത്രുക്കളാണെന്ന് കരുതി അവർക്ക് ഭക്ഷണം മന്ത്രോച്ചാരണം കൊണ്ട് വിഷമയമാക്കി നൽകി. സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയി. തെളിവിന്റെ അഭാവത്തില്‍ ആ കേസ് തള്ളിക്കളഞ്ഞു.’ ഗ്രാമവാസികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ അവർക്ക് വിദ്യാലയങ്ങളും ആശുപത്രികളും പണിതു നൽകി. വർഷങ്ങളുടെ ശ്രമഫലമായി ഈ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതരീതിയിലും വിദ്യാഭ്യാസ നിലവാരത്തിലും മാറ്റങ്ങൾ സംഭവിച്ചു. എന്നാൽ പരമ്പരാഗതമായി തുടരുന്ന ആചാരങ്ങൾ തുടച്ചു നീക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല.

dodravillagerwomen

മന്ത്രോച്ചാരണത്താൽ ഭക്ഷണം വിഷമയമാക്കാനുള്ള വിദ്യ അറിയാവുന്നവരാണ് ജാക്കൂ ഉത്സവത്തിന് നേതൃത്വം നൽകുന്നത്. ഇവർ നൽകുന്ന പ്രസാദത്തിന്റെ ഒരു ഭാഗം ഭൂമിയിൽ വിതറിയാൽ വിഷബാധ ശരീരത്തെ ബാധിക്കില്ല എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കഥ പറയുന്നതിനിടയിൽ പൂജാരി പഴവും കൽക്കണ്ടവും തേനുമടങ്ങിയ പ്രസാദം മന്ത്രോച്ചാരണം നടത്തി കൈകളിലേക്ക് തന്നു. പ്രസാദം എന്തു ചെയ്യണമെന്നറിയാതെ ഞാൻ ശങ്കിച്ചു നിന്നു. ‘‘താങ്കളുടെ ജീവന് യാതൊന്നും സംഭവിക്കില്ല’’ എന്ന പുജാരിയുടെ വാക്കു വിശ്വസിച്ച് ഞാനതു കഴിച്ചു. പുജാരിയോട് യാത്ര പറഞ്ഞ് ക്ഷേത്രത്തിനു പുറത്തു കടന്നു. വൈകിട്ട് 3 മണിക്കുള്ള ബസ്സിൽ ചിരഗാവിലേക്ക്.. ബസ്സ് നീങ്ങി തുടങ്ങി. പ്രസാദം ജീവനെടുത്തില്ല, പൂജാരി മന്ത്രമുരുവിട്ട് എനിക്ക് പ്രസാദം തരും മുൻപു അതിൽ നിന്നു കുറച്ചു കഷണങ്ങൾ ഭൂമിയിൽ വിതറിയതു മനസ്സിൽ തെളിഞ്ഞു. അതിന്റെ കാരണം ഓർത്തെടുത്തപ്പോൾ ഒരുനിമിഷം ശ്വാസം നിലച്ചപോലെ തോന്നി. .

 

ADVERTISEMENT