Monday 25 July 2022 03:10 PM IST : By Text : K.V. Leela, Photo : Vinay Bhaskar

കൊച്ചിയുടെ ചലച്ചിത്രമുഖങ്ങളിലൂടെ

kochi locations veeran puzha

വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമാണ് കൊച്ചി. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പേരും പെരുമയുമായി തലയുയർത്തിനിൽക്കുന്ന അറബിക്കടലിന്റെ റാണി. കടലും കായലും കരയും കൈകോർക്കുന്ന മനോഹര പ്രകൃതിയാണ് കൊച്ചിയുടേത്. ദിനംപ്രതി വികസിക്കുന്ന ഈ നഗരത്തിന്റെ പ്രാന്തപ്രകൃതിയിലൂടെ ഒരു യാത്ര. പതിവ് ഇടങ്ങളിൽ നിന്നു വിട്ടുമാറി, നഗരത്തിൽ നിന്ന് വഴിമാറിയുള്ള സഞ്ചാരം, അതായിരുന്നു ലക്ഷ്യം. ഈ യാത്രയെക്കുറിച്ച് ഓർത്തപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് വീരൻപുഴയാണ്.

നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട് ദ്വീപിന് അതിരിടുന്ന, കടക്കരക്കായൽ എന്നു പ്രദേശവാസികൾ വിളിക്കുന്ന, കൊച്ചിയുടെ സ്വന്തം വീരൻപുഴ. പശ്ചിമകൊച്ചിയുടെ ഹൃദയഭാഗത്തെ ശാന്തസുന്ദരമായ പ്രകൃതി. വേമ്പനാട്ടുകായലിലെ വടക്കേയറ്റമാണ് വീരൻപുഴ. വിശാലമായ ജലപ്പരപ്പും പൊക്കാളിപ്പാടങ്ങളും ചെമ്മീൻകെട്ടുകളും നിറഞ്ഞ പ്രദേശം.

മധുരരാജ ഫെയിം

2019 ലെ ‘മധുരരാജ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നെടുങ്ങാട് ദ്വീപും വീരൻപുഴയും പുറംലോകമറിയുന്നത്. മുൻപ് ചെറിയ രംഗങ്ങളിൽ പല ചലച്ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഗ്രാമത്തിന്റെ പേര് പ്രശസ്തമായിരുന്നില്ല. മധുരരാജയ്ക്കു ശേഷം ‘ഷൂട്ടിങ് ഐലൻഡ്’ എന്ന ഓമനപ്പേരിലാണ് ഇവിടം അറിയപ്പെടുന്നത്. മധുരരാജയുടെ പ്രധാന സീനുകളിലും ട്രെയിലറുകളിലും നിറഞ്ഞുനിൽക്കുന്നത് വീരൻപുഴയും അതിന്റെ പശ്ചാത്തലവുമാണ്.

kochi locations veeran puzha2

കൊച്ചി മറൈൻഡ്രൈവിൽ നിന്നു 12 കിലോമീറ്റർ സഞ്ചരിച്ചാൽ വീരൻ പുഴയിലെത്താം. ഗോശ്രീ പാലം കടന്ന് നായരമ്പലം ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുൻപ് വലത്തോട്ട് തിരിഞ്ഞാൽ നെടുങ്ങാട് ഗ്രാമമായി. മറൈൻഡ്രൈവിൽ നിന്നു 45 മിനിറ്റ് കൊണ്ട് അവിടെത്താം. ഗ്രാമത്തിലൂടെ കിഴക്കോട്ട് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വീരൻപുഴയുടെ തീരത്തെ നെടുങ്ങാട് ജെട്ടിയായി. ‌

മഴയൊഴിഞ്ഞ ഉച്ച നേരത്തായിരുന്നു യാത്ര. ഗോശ്രീ പാലം മുതൽ തിരക്കേറിയിരുന്ന പാത നെടുങ്ങാട്ടേക്ക് തിരിഞ്ഞപ്പോൾ ശാന്തമായി. ഗ്രാമജീവിതത്തിന്റെ സ്വച്ഛതയും ശാന്തതയും പേറുന്ന കാഴ്ചകൾ. വീടുകളും തെങ്ങിൻതോപ്പുകളും, ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന കൊച്ചു കടകളും... വളവുകളും തിരിവുകളും പിന്നിട്ടു മുന്നോട്ടു പോകുമ്പോൾ ചെറുതോടുകളും പാലങ്ങളും കാണാം. നെടുങ്ങാട് ഗ്രാമത്തിന്റെ ചിതറിയ കരകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ. കുറേക്കൂടി മുന്നോട്ടു ചെല്ലുമ്പോൾ ചുറ്റും ജലാശയങ്ങളുടെ കാഴ്ച, പൊക്കാളി പാടങ്ങളാണ്. അവിടവിടെയായി ഒറ്റപ്പെട്ട ചെറുവള്ളങ്ങളും കെട്ടിയിട്ടിരിക്കുന്നു.

kochi locations veeran puzha1

വീരൻപുഴയിലെ സായാഹ്നം

കറുത്ത് നീണ്ട വര പോലുള്ള റോഡിലൂടെ മുന്നോട്ടു ചെന്നു. ജെട്ടിയോട് ചേർന്ന് പത്തിരുപതാളുകൾ കെട്ടിയൊരുക്കി അലങ്കരിക്കുന്ന വള്ളങ്ങൾ, സംവിധായകൻ വിനയന്റെ പുതിയ ചിത്രമായ ‘പത്തൊൻപതാം നൂറ്റാണ്ടി’ന്റെ ഷൂട്ടിങ് ഒരുക്കങ്ങളാണ്. ഒന്നുരണ്ട് വണ്ടികളും റോഡിൽ പാർക്ക് ചെയ്തിട്ടുണ്ട്. നെടുങ്ങാട് ജെട്ടിയിൽ ചില പരിസരവാസികളുമായി സംസാരിച്ചു. സജയനും, രതീഷും, രൂപേഷും. ചെമ്മീൻ കെട്ടും കൃഷിയും പുറം പണികളുമായി ജീവിക്കുന്നവർ. അകലേക്ക് ചൂണ്ടി കടമക്കുടി - ചാത്തനാട് ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലങ്ങളും അവർ കാണിച്ചു.

വീരൻപുഴ ശാന്തമായിരുന്നു. വെള്ളം നിറഞ്ഞ് കായൽപോലെ പരന്ന പാടം. തെളിഞ്ഞ ആകാശം, ഇടയ്ക്ക് ഉരുണ്ടുകൂടിയ മഴമേഘങ്ങൾ. തലയുയർത്തിനിൽക്കുന്ന തെങ്ങുകൾ. പാടങ്ങളെ അതിരിടുന്ന വരമ്പത്തെ പച്ചപുതച്ച കുറ്റിച്ചെടികൾ. കുഞ്ഞോളങ്ങൾക്കൊപ്പം ചാഞ്ചാടുന്ന കൊച്ചു വള്ളങ്ങൾ, ഇതെല്ലാമാണ് ഇവിടത്തെ കാഴ്ചകൾ. തെക്ക്-പടിഞ്ഞാറ് അകലെ, ദൂരക്കാഴ്ചയിൽ കാണാം തലയെടുപ്പോടെ കൂറ്റൻ കെട്ടിടസമുച്ചയങ്ങൾ. മറൈൻഡ്രൈവിലെയും വല്ലാർപാടത്തെയും ഫ്ലാറ്റുകളും നിർമിതികളുമാണത്.

kochi locations veeran puzha3

വീരൻപുഴ ജെട്ടി പഴമയുടെ ശേഷിപ്പ് മാത്രമാണ് ഇപ്പോൾ. എൺപതുകളിൽ സജീവമായിരുന്ന ജെട്ടിയും ബോട്ട് സർവ്വീസും നിലച്ചിട്ട് വർഷങ്ങൾ ഏറെയായി. റോഡ് മാർഗം മാത്രമാണ് ഇപ്പോൾ ഇവിടെയെത്താനാവുക. കൊച്ചിയുടെ പരിസരപ്രദേശങ്ങളിൽ ഇതുപോലെ ഒരുപാട് ഉൾനാടൻ ജലാശയയാത്രകൾ നിലച്ചു പോയിട്ടുണ്ട്. വീരൻപുഴയിലെ സായാഹ്നങ്ങൾ അസ്തമയ സൂര്യന്റെ കിരണമേറ്റ് സുന്ദരമാകും. മേഘക്കീറുകൾക്കിടയിൽ താഴുന്ന സൂര്യന്റെ ചുവന്ന പൊട്ടും ജലവിതാനത്തിൽ തിളങ്ങിനിൽക്കുന്ന സായാഹ്നരശ്മികളും ചേർന്ന പ്രകൃതിയുടെ ദൃശ്യവിരുന്ന്. ചുറ്റും നിറഞ്ഞ ജലപ്പരപ്പിലേക്ക് കണ്ണുംനട്ട് അസ്തമയത്തിനായി കാത്തിരുന്നെങ്കിലും മഴക്കാറ് അതിനുള്ള സാധ്യതകൾ മായ്ച്ചു.

എന്നുമെന്നും സിനിമാക്കാരുടെ

തിരികെ വന്ന് മറൈൻഡ്രൈവിലെ കായലോരക്കാഴ്ചകൾ കണ്ട് അൽപം നടന്നു. അസ്തമയസൂര്യന്റെ തിളക്കത്തിൽ കായൽക്കാറ്റേറ്റ് വിശ്രമിച്ച ഒരുപാട് തലമുറകളുടെ പാദമുദ്രകൾ പതിഞ്ഞ ഇടം. സാഹിത്യ - സാംസ്കാരിക ചർച്ചകൾക്കും പ്രണയാതുരമായ ഓർമകൾക്കും സാക്ഷ്യംവഹിച്ച മറൈൻഡ്രൈവ്.

kochi locations marine drive1

മോടിപിടിപ്പിച്ച മറൈൻഡ്രൈവ് ഇപ്പോൾ പുതുതലമുറയുടെ സെൽഫി ലൊക്കേഷൻ കൂടിയാണ്. മലയാള സിനിമയുടെ വഴിത്താരകളിൽ, അഭ്രപാളികളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പരിസരം കൂടിയാണ് മറൈൻഡ്രൈവ്. സ്റ്റണ്ടും, പ്രണയവും കോമഡിയും നിറഞ്ഞ ഒട്ടനേകം രംഗങ്ങൾ, ഒരുപാട് ക്യാമറയിലൂടെ പകർന്ന് സിനിമയിലേക്കും പിന്നീട് ആസ്വാദകരുടെ മനസ്സിലേക്കും കയറിയ ഇടം. എന്നുമെന്നും സിനിമക്കാരുടെ തട്ടകമാണിത്. കേരളീയരുടെ കാഴ്ചകളിലേക്ക് മറൈൻഡ്രൈവ് എത്തിപ്പെട്ടത് ഒരുപക്ഷേ, സിനിമയിലൂടെയാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.

kochi locations marine drive

തൊട്ടപ്പുറത്ത് തന്നെയാണ് സുഭാഷ്ബോസ് പാർക്ക്. കായൽ തീരത്തെ വിശാലമായ ഭൂമി. പച്ചപ്പുല്ല് നിറഞ്ഞ, മണിമരുതും ഇലഞ്ഞിയും കണിക്കൊന്നയും പൂത്തു നിറയുന്ന സുഭാഷ്ബോസ് പാർക്ക്. കുട്ടികൾക്കായി ഒരുക്കിയ കളിക്കോപ്പുകളും ഊഞ്ഞാലുകളും ഇരിപ്പിടങ്ങളും ധാരാളമുണ്ട്. വൈകുന്നേരം 3 മുതൽ രാത്രി എട്ടു വരെയാണ് ഇവിടെ പ്രവേശനം. മലയാള സിനിമയുടെ മറ്റൊരു തട്ടകമാണ് സുഭാഷ്ബോസ് പാർക്ക്. നായകനും നായികയും പ്രണയ ഗാനങ്ങൾക്ക് ചുവടുവച്ച് നീങ്ങുകയും ഓടിക്കളിക്കുകയും ചെയ്ത മരച്ചുവടുകൾ ഏറെ പരിചിതമായി തോന്നാം.

kochi locations subhash park

പൈതൃക തുരുത്ത്

കൊച്ചിയുടെ പ്രകൃതിരമണീയമായ ദ്വീപുകളിൽ ഒന്നാണ് കുമ്പളങ്ങി. രാജ്യത്തെ പ്രഥമ ടൂറിസം ഗ്രാമം. കൃഷിയും, മത്സ്യബന്ധനവും, പരമ്പരാഗത കയർ പിരിക്കലും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന മാതൃകാഗ്രാമം. കണ്ടൽക്കാടുകളും, കായൽപ്പരപ്പുകൾക്കിടയിൽ ദ്വീപിനെ അലങ്കരിക്കുന്ന ചീനവലകളുടെ ശ്രേണിയുമാണ് കുമ്പളങ്ങിയുടെ പ്രധാന ആകർഷണം.

kochi locations kumbalangi0

കൊച്ചി നഗരത്തിൽ നിന്നും 12 കിലോമീറ്ററുണ്ട് കുമ്പളങ്ങിയിലേക്ക്. എറണാകുളം സൗത്തിൽ നിന്നും തേവര, തോപ്പുംപടി, ഇടക്കൊച്ചി വഴി ഒരു മണിക്കൂർ സമയം റോഡ് മാർഗം സഞ്ചരിച്ചാൽ പെരുമ്പടപ്പ് കുമ്പളങ്ങി പാലവും കടന്ന് കുമ്പളങ്ങിയുടെ നെറുകയിലെത്താം. പാലം കടക്കുമ്പോൾ തന്നെ കുമ്പളങ്ങിയുടെ ദൂരക്കാഴ്ചകൾ കണ്ടു, ചീനവലകളും പച്ചപ്പും നിറഞ്ഞ 16 കിലോമീറ്റർ പച്ചതുരുത്ത്. കണ്ടൽക്കാടുകളും ചെമ്മീൻ പാടങ്ങളും പൊക്കാളി പാടങ്ങളും കരയിലെ കൃഷിയിടങ്ങളും പാതയുടെ ഇരുപുറവുമുണ്ട്. തെങ്ങും കമുകും വാഴയും നിറഞ്ഞ കൃഷിയിടങ്ങളും, അവയ്ക്കിടയിൽ വീടുകളും ഒട്ടേറെ. ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും പരിസരങ്ങളും, ഗ്രാമ നൈർമല്യത്തിന്റെ ഹരിതഭൂമി.

കുമ്പളങ്ങി നൈറ്റ്

തണുപ്പ് തളംകെട്ടിനിൽക്കുന്ന അന്തരീക്ഷത്തിലാണ് കുമ്പളങ്ങിയിൽ എത്തിയത്. സൂര്യൻ താണുകഴിഞ്ഞിരുന്നു. കുമ്പളങ്ങിയിലെ കല്ലഞ്ചേരിയിലെത്തി കായൽപ്പരപ്പിലേക്ക് കണ്ണുനട്ടു. കരയിൽ നിന്നും കായലിലേക്ക് കൈ നീട്ടി നിൽക്കുന്ന ചീനവലകൾ. ഒന്നും രണ്ടുമല്ല ഈ ദ്വീപിനുചുറ്റും ഏതാണ്ട് നൂറോളം ചീനവലകൾ ഉണ്ട്. കൊച്ചിയുടെ കൊടിയടയാളങ്ങൾ കാത്തുസൂക്ഷിക്കുന്ന, പൈതൃകങ്ങളെ നെഞ്ചോട് ചേർക്കുന്ന, ഗ്രാമീണജനതയുടെ വീറും, ഒത്തൊരുമയും ഈ കാഴ്ചകളിൽ നിന്നു തന്നെ കണ്ടറിയാം. ചെറു വള്ളങ്ങളുമായി കായൽപരപ്പിലൂടെ തുഴഞ്ഞു നീങ്ങുന്ന ഗ്രാമീണർ. ചുറ്റും നിറയുന്ന തെങ്ങിൻതോപ്പുകൾ. അതിനിടയിലൂടെ നടന്നു. കായൽ മണമുള്ള കാറ്റ് മൂക്കിൽ തുളച്ചു കയറുന്നു. മലയാളികൾ ഏറെ ഘോഷിച്ച ‘കുമ്പളങ്ങി നൈറ്റ്സിന്റെ’ സൈറ്റുകളിലൂടെയാണ് ഈ സഞ്ചാരം. ഓർക്കിഡ് പൂക്കളും, കൃഷിയിടങ്ങളും, പൂമീൻ പാടങ്ങളും നിറഞ്ഞ ‘കുമ്പളങ്ങി നൈറ്റ്സിന്റെ’ പ്രധാന താവളമായ "വില്ലേജ് കനോപ്പി" വൈദ്യുത പ്രഭയിൽ കുളിച്ചു നിൽക്കുന്നു. പഴമയും പ്രൗഢിയും കോർത്തിണക്കിയ നിർമിതി. കല്ലഞ്ചേരിയിലെ പനക്കൽ കുടുംബത്തിന്റെ തറവാട്ടുവീടാണിത്. വീട്ടുടമ പി.ആർ.മാർട്ടിനും കുടുംബാംഗങ്ങളും കുമ്പളങ്ങി വിശേഷങ്ങൾ പങ്കുവച്ച് ഒപ്പംകൂടി.

kochi locations kumbalangi

സൽക്കാരപ്രിയരുടെ നാട്

അതിഥി സൽക്കാരത്തിന് പേരുകേട്ട നാടു കൂടിയാണ് കുമ്പളങ്ങി. പരമ്പരാഗത പലഹാരമായ പാച്ചോറും നീരും, കായൽ മത്സ്യവിഭവങ്ങളും, ചെമ്മീനും ഞണ്ടുമെല്ലാം രുചിയോടെ പാചകം ചെയ്ത് അതിഥികളുടെ തീൻമേശയിലെത്തും. വേണമെങ്കിൽ അവയ്ക്കൊപ്പം തെങ്ങിൻകള്ളും ആസ്വദിക്കാം. കൊച്ചിക്കാരുടെ ഇഷ്ടവിഭവങ്ങൾ വേറെയുമുണ്ട്. ചോറും മീൻ കറിയും, അപ്പവും താറാവും, കപ്പയും മീനും തുടങ്ങിയവയെല്ലാം അതിഥികളുടെ ഇഷ്ടത്തിനനുസരിച്ച് തന്നെ. അതാണ് കുമ്പളങ്ങിക്കാരുടെരീതി. ഉല്ലാസനൗകകളും, ബോട്ടുകളും, ചെറുവള്ളങ്ങളും കുമ്പളങ്ങിയുടെ ജലാശയത്തിൽ സദാ ഒരുങ്ങിക്കിടപ്പുണ്ടാകും, കായൽ സഞ്ചാരികളെക്കാത്ത്. കണ്ടൽക്കാടുകൾക്കിടയിലൂടെ, ജലവിതാനത്തിലൂടെ, ഉല്ലാസയാത്രകൾ. ഇങ്ങനെ കുറേ കാര്യങ്ങൾ മനസ്സിൽക്കണ്ടാണ് ആളുകൾ കുമ്പളങ്ങിയിലേക്ക് എത്തുന്നത്. തെക്ക് എഴുപുന്നയും, വടക്ക് പെരുമ്പടപ്പും, കിഴക്ക് അരൂക്കുറ്റിയും ഇടക്കൊച്ചിയും, പടിഞ്ഞാറ് കണ്ണമാലിയും കായലിനപ്പുറം അതിരിടുന്ന കുമ്പളങ്ങിയുടെ സൗന്ദര്യം കണ്ടാസ്വദിക്കുക തന്നെ വേണം, അതു പറഞ്ഞറിയിക്കാൻ പ്രയാസമാണ്.

kochi locations kumbalangi1

പനക്കൽ കുടുംബത്തോടും ഗ്രാമീണരോടും കുശലാന്വേഷണം നടത്തി, കുമ്പളങ്ങിയുടെ മണ്ണിലൂടെ ഒരു റൗണ്ട് സഞ്ചാരിച്ചു.സായാഹ്നസവാരിയുടെ സന്തോഷാനുഭവങ്ങൾ മനസ്സിൽ പകർത്തി തിരികെ യാത്രയ്ക്കൊരുങ്ങുമ്പോൾ ഇരുട്ടിനു കനം വച്ചു തുടങ്ങിയിരുന്നു. അപ്പോഴും മനസ്സ് ഓർമിപ്പിച്ചു എന്തു രസമാണീ കൊച്ചി...

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories