Saturday 04 June 2022 04:19 PM IST : By Muhammed sahad salih

3600 അടി ഉയരത്തിൽ, 80 ഡിഗ്രി ചെരുവിൽ കൽപ്പടവുകളിൽ പിടിച്ചു കയറി ആകാശത്തിന്റെ മടിയിലേക്ക്...

hari fort 06

ട്രെക്കിങ്ങ് ഇഷ്ട വിനോദം ആയപ്പോൾ മനസ്സിൽ പതിഞ്ഞ പേരാണ് ഹരിഹർ ഫോർട്ട്. ഹരിഹർ കില, ഹർഷ് ഘട്‌ എന്നൊക്കെ വിളിക്കുന്ന മലമുകളിലെ ഈ കോട്ട മഴക്കാലത്ത് കാണാൻ കൊതിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ യാത്രയ്ക്ക് തടസ്സമായി. തെക്ക് പടിഞ്ഞാറൻ മൺസൂൺ അവസാനിച്ച്, മഹാരാഷ്ട്രയില്‍ വരണ്ട കാലാവസ്ഥ ആരംഭിച്ച ശേഷമാണ് ഹരിഹർ ട്രിപ്പിന് അവസരം കൈവന്നത്. ഒക്ടോബർ 24 ന് ആലുവയിൽ നിന്ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സിൽ നാസിക് ലക്ഷ്യമാക്കി പുറപ്പെട്ടു. കൂട്ടിന് പ്രിയ യാത്രാപങ്കാളി ജമീമയും അവളുടെ അനുജൻ സാംസണും.

ഹിന്ദി വേണ്ടാത്ത നാസിക്ക്

കൊങ്കൺ മേഖല കഴിഞ്ഞതോടെ പ്രകൃതി മാറി. ഭൂമി വരണ്ട പ്രദേശങ്ങളായി. കൃഷിയിടങ്ങളിൽ ചോളവും കാബേജും പരുത്തിയുമായി. മുന്നോട്ടു നീങ്ങവേ റെയിൽവേ പാളത്തിനു സമാന്തരമായി മഹാരാഷ്ട്ര സ്‌റ്റേറ്റ് ബസുകൾ ഓടുന്ന ഹൈവേ എത്തി. ഒപ്പം വലുതും ചെറുതുമായ കോളനികൾ, ചേരികൾ, ‍വെയിലു കൊണ്ട് നടക്കുന്ന പിഞ്ചു ബാല്യങ്ങൾ അങ്ങനെ പോകുന്നു പാതയോരത്തെ കാഴ്ചകൾ. 5 മണിയോടെ നാസിക് റോഡ് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ എത്തി. അവിടെ നിന്നു ബസിൽ നാസിക് നഗരത്തിലെ സെൻട്രൽ ബസ് സ്റ്റാൻഡ്(സിബിഎസ്) ലേക്ക്. അര മണിക്കൂർ സഞ്ചരിച്ച് സിബിഎസ് എത്തിയപ്പോൾ ഇരുട്ട് വീണിരുന്നു. നാസിക്കിൽ ഹിന്ദികൊണ്ടു വലിയ കാര്യമില്ലെന്നു പെട്ടന്നു മനസ്സിലായി. മറാത്തി ഭാഷയാണ് എല്ലാവരും സംസാരിക്കുന്നത്. ഹിന്ദി ചിലർക്കേ അറിയൂ. ബസുകളിൽ ബോർഡ് മറാത്തിയിലാണ്. സ്റ്റാൻഡിന്റെ വശത്ത് കണ്ട മഹാരാഷ്ട്ര ഗവണ്മെന്റ് ബസിലെ ഡ്രൈവറോട് ‘ത്ര്യംബക് ഹേ?’ എന്നു ചോദിച്ചു. ‘ആ... ത്ര്യംബക്’ എന്ന് മറുപടി കിട്ടി. ബസിന്റെ പുറത്തും അകത്തും ജനാലയിലും വരെ പൊടിയും ചെളിയും. 40 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ്. അരമണിക്കൂർ കൊണ്ട് ത്ര്യംബകേശ്വർ എത്തി.

hari fort 03

ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്തുള്ള ത്ര്യംബകേശ്വര ശിവക്ഷേത്രം ഹൈന്ദവ തീർഥാടനസ്ഥലം കൂടിയാണ്. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണ് ത്ര്യംബകേശ്വര ശിവക്ഷേത്രം. ബസ് ഇറങ്ങിയ ഞങ്ങളെ ഹോട്ടൽ, റൂം ശുപാർശകളുമായി ഓട്ടോ ഡ്രൈവർമാർ വളഞ്ഞു. 1500 മുതൽ 2000 രൂപ വരെ അവർ പറയുന്നു. അതു ശ്രദ്ധിക്കാതെ അൽപ സമയം തിരഞ്ഞപ്പോൾ ബസ് സ്റ്റാൻഡിനു സമീപം റൂം ലഭിച്ചു, 3 പേർക്ക് 500 രൂപ മാത്രം. ബാഗുകൾ മുറിയിൽ വച്ച് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ചുറ്റും പല തരത്തിലും വലുപ്പത്തിലും നിറത്തിലുമുള്ള മധുര പലഹാരങ്ങൾ വിൽക്കുന്ന കടകൾ. ക്ഷേത്രം സന്ദർശിക്കാമെന്നു കരുതിയെങ്കിലും സമയം 8 കഴിഞ്ഞതിനാൽ ക്ഷേത്ര കവാടം അടച്ചിരുന്നു.

ഫോണിലൂടെ വിലപേശൽ

ഹരിഹർ ഫോർട്ടിലെത്താൻ രണ്ട് വഴികളുണ്ട്. ഒന്ന് ത്ര്യംബക്കിൽ നിന്നും ഹർഷേവാടി ഗ്രാമത്തിലൂടെ 13.1 കിലോമീറ്റർ പാത. ഈ വഴി ഹരിഹർ ഫോർട്ട് ബേസ് ക്യാമ്പിൽ വളരെ വേഗത്തിൽ എത്തിച്ചേരാം, തുടർന്നുള്ള ട്രെക്കിങ് ദൂരവും കുറവാണ്. നിർഗുഡപാഠ ഗ്രാമത്തിലൂടെയാണ് രണ്ടാമത്തെ മാർഗം. ത്ര്യംബക്കിൽ നിന്ന് 22.4 കിലോമീറ്ററുണ്ട് ഇവിടേക്ക്. ഹരിഹർ ഫോർട്ടിന്റെ രണ്ടു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളാണ് ഹർഷേവാടിയും നിർഗുഡപാഠയും. ട്രെക്കിങ്ങും കാഴ്ച കണ്ട് നടക്കുന്നതും ഇഷ്ടപ്പെടുന്നവർക്ക് നിർഗുഡപാഠ വഴി യോജിക്കും. ഈ വഴി 4 കിലോമീറ്റർ നടന്നു വേണം ബേസ് ക്യാമ്പിൽ എത്താൻ. എന്റെ അഭിപ്രായത്തിൽ മൺസൂൺ കാലങ്ങളിൽ മാത്രം ഈ വഴി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മഴയും മൂടിയ അന്തരീക്ഷവും മടുപ്പിക്കില്ല. അല്ലാത്തപ്പോൾ ഈ പാതയിലൂടെ ഹരിഹർ ഫോർട്ട് എത്തുമ്പോഴേക്ക് അന്തരീക്ഷം ചൂടു പിടിക്കും. ഹർഷെവാടി വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഈ റൂട്ടിൽ ബസ് സർവീസ് കുറവാണ്. ഷെയര്‍ ടാക്സികൾ രണ്ട് ഗ്രാമത്തിലേക്കും ലഭ്യമാണ്. വെയിലുറച്ച്, ചൂടുകൂടും മുൻപ് കോട്ടയിൽ എത്തുന്നതാണ് നല്ലത്. അതിനാൽ ഷെയർ ടാക്സിക്കു വേണ്ടി കാത്തിരുന്നു സമയം കളയാതെ ഓട്ടോയോ ടാക്സിയോ അന്വേഷിച്ചു. ഡ്രൈവർമാർ ഒരു വശത്തേക്കു മാത്രം 600 രൂപയാണ് പറഞ്ഞത്, ടാക്സി ഡ്രൈവർമാർ പോയി വരാൻ 1500 രൂപയും. ഭാഷാപരിമിതി കാരണം സഞ്ചാരി സുഹൃത്ത് സുജീഷേട്ടനെക്കൊണ്ട് ഫോണിൽ സംസാരിപ്പിച്ച് 1000 രൂപയ്ക്ക് ടാക്സി ഉറപ്പിച്ചു. പുലർച്ചെ ക്ഷേത്രത്തിൽ നിന്നും ശംഖൊലി കേൾക്കാം. ആറ് മണിക്ക് ഡ്രൈവർ ഹോട്ടലിന് മുൻപിലെത്തി. രാത്രി ഒളിപ്പിച്ചു വെച്ച സൗന്ദര്യം പുലർവെട്ടത്തിൽ ദൃശ്യമായി. ബ്രഹ്മഗിരി മലയുടെ താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. 3 കിലോമീറ്ററുണ്ട് ബ്രഹ്മഗിരിയിലേക്ക്. ഹരിഹർ ട്രെക്കിങ്ങ് കഴിഞ്ഞ് ബ്രഹ്മഗിരി കൂടെ കയറിയാലോ എന്നു തോന്നി.

ഹർഷേവാടിയിൽ

hari fort 09

വാഹനം പ്രധാന പാതയിൽ നിന്നും ഇടുങ്ങിയ വഴിയിലേക്ക് കയറി. ചുറ്റും ഓല മേഞ്ഞതും ഷീറ്റ് ഇട്ടതുമായ ചെറിയ വീടുകൾ. ‌കൃഷിയാണ് ഗ്രാമീണരുടെ ഉപജീവന മാർഗ്ഗം. ഏറെ സ്ഥലത്തും നെൽകൃഷിയാണ് കാണുന്നത്. നെൽച്ചെടിക്കു തീരെ ഉയരം ഇല്ല. കറുത്ത മണ്ണിൽ അവ കൃഷി ചെയ്തിരിക്കുന്നു. ചുറ്റും വന മേഖലയാണ്. മനോഹരമായ ടാർ ചെയ്ത വഴി ഹരിഹർ ഫോർട്ട് പ്രവേശന സ്ഥലം വരെ നീണ്ടു കിടക്കുന്നു. 6.45 ന് ഹർഷേവാടി ഗ്രാമത്തിൽ എത്തി.. ഡ്രൈവർ കയ്യിൽ ഒരു ഇരുമ്പ് വടി എടുത്ത്, വഴികാട്ടിയായി ഞങ്ങൾക്കൊപ്പം ട്രെക്കിങ്ങിനു വരാനുള്ള തയാറെടുപ്പിലാണ്. ബ്രഹ്മഗിരി മലനിര ഇടതു വശത്ത് കാണാം. സൂര്യൻ മലയുടെ പിന്നിലാണ്. നേരെ വലതു ഭാഗത്ത് കാണുന്ന കാനന പാതയിലൂടെ സഞ്ചരിച്ചു വേണം ബേസ് ക്യാമ്പില്‍ എത്താൻ. ഗൈഡിനെപ്പോലെ മുൻപിൽ നടന്ന ഡ്രൈവറെ ഞങ്ങൾ പിന്തുടർന്നു. ചെറിയ അരുവി മുറിച്ചു കടന്നു. ഉരുളൻ കല്ലുകളും മണലും ഞങ്ങളെ തെന്നി വീഴ്ത്താൻ ശ്രമിക്കുന്നു. ചിലയിടത്ത് കുത്തനെയുള്ള മൺതിട്ടകൾ പിടിച്ചു കയറി. പാറക്കൂട്ടം കടന്നു മുൻപോട്ട് നോക്കുമ്പോൾ ബേസ് ക്യാമ്പ് കണ്ടു. ഞങ്ങൾക്കു പിന്നിൽ ബാഗും തൂക്കി വന്ന ഒരാൾ നിമിഷനേരം കൊണ്ടു മല കയറി പോയപ്പോൾ അദ്ഭുതം തോന്നി. അവിടെ കച്ചവടം ചെയ്യുന്ന ഒരാളാണ് അതെന്ന് പിന്നെ മനസ്സിലായി. വഴിയിൽ ഒട്ടേറെ ഓല മേഞ്ഞ കടകളുണ്ട്. നാരങ്ങ വെള്ളവും ബിസ്കറ്റുമായി കാത്തിരിക്കുന്ന, പാവപ്പെട്ട ഗ്രാമവാസികൾ. അവരുടെ ഉപജീവന മാർഗ്ഗം ഇവിടെത്തുന്ന സഞ്ചാരികളാണ്. ബേസ് ക്യാമ്പിന് നേരെ ഇടതു ഭാഗത്ത് നിർഗുഡപാഠ ഗ്രാമവും അവിടെ നിന്നുള്ള ട്രെക്കിങ്ങ് പാതയും കാണാം. നെൽപാടത്തിന് ഇടയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചെറിയ വൈക്കോൽ മേഞ്ഞ വീടുകൾ. വലതു ഭാഗത്ത് ഹർഷേ വാടി ഗ്രാമം. അതിനപ്പുറത്ത് ബ്രഹ്മഗിരി മലനിര. നടുവിൽ 117 പടികളുമായി ഹരിഹർ കോട്ട.ബേസ് ക്യാമ്പിൽ നിന്നും നോക്കുമ്പോൾ ചതുരാകൃതിയിലാണ് കോട്ട കാണുന്നത്.

കുത്തനെ കയറണം 117 പടികൾ

hari fort 01

അല്പം വിശ്രമിച്ച ശേഷം ട്രെക്കിങ് ആരംഭിച്ചു. 80 ഡിഗ്രി ചെരുവിൽ, പാറ കൊത്തി ഉണ്ടാക്കിയ കൽപ്പടവുകളിൽ പിടിച്ചു വേണം മുകളിലേക്ക് കയറാൻ. പിടിച്ചു കയറാൻ പാകത്തിൽ പടികളുടെ ഇരുവശത്തും ചെറിയ കുഴികൾ ഉണ്ട്. ആകെ 117 കൽപ്പടവുകൾ. ഒരു സമയം ഒരാൾക്ക് മാത്രം കയറാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപ കൽപ്പന, നന്നേ ഇടുങ്ങിയ ഗോവണിപോലെ, താഴെ നിന്നു കാണുംപോലെ പേടിക്കേണ്ട കാര്യമിെല്ലന്ന് കയറി തുടങ്ങുമ്പോൾ മനസ്സിലാകും. വളരെ പെട്ടെന്ന് തന്നെ ഞാൻ പടി കയറി മുകളിലെത്തി. ചില പടവുകൾ തീരെ ചെറുതും ചിലവ് വലതും ആണ്.

മഴക്കാലത്ത് കൽപ്പടവുകളിലൂടെ മഴ വെള്ളം കുത്തി ഒലിച്ചു ഒഴുകുന്നത് കാണാൻ ചന്തമാണ്. പക്ഷേ, അത് പാറയിൽ വഴുക്കലുകൾ സൃഷ്ടിക്കും. മൺസൂൺ കാലത്ത് ഇൗ പടവുകൾ കയറുക ശ്രമകരമായ കാര്യമാണ്.. ഹരിഹർ കോട്ടയെ അതീവ സുന്ദരൻ ആക്കുന്നത് ഇൗ പടികൾ തന്നെ. ആദ്യ പടികൾ കയറി മുകളിലെത്തിയാൽ മിനാരംപോലെ ഒരു പ്രവേശന കവാടമുണ്ട്. അതിൽ വലിയൊരു വാതിലും. അല്പം ശ്രമകരമായ ജോലിയാണ് വാതിൽ തുറക്കുന്നത്. ഇൗ പ്രവേശന കവാടം പൊതുവെ മഹാ ദർവാജ എന്ന പേരിൽ അറിയപ്പെടുന്നു. വലിയ പാറയുടെ ഒരു വശം പൊട്ടിച്ചു ചെറിയ ഇടുങ്ങിയ ഒരു വഴി നിർമിച്ചിരിക്കുന്നു. കുനിഞ്ഞു മാത്രമേ മുൻപോട്ട് പോകാൻ സാധിക്കൂ. ഇംഗ്ലീഷ് അക്ഷരമാലയിലെ " U " ആകൃതിയിലാണ് ഇൗ പാതയുടെ രൂപം വീതി കുറഞ്ഞ വഴിയിൽ കാലൊന്ന് നീങ്ങിയാൽ വലിയ താഴ്ചയിലേക്ക് പതിക്കാം. പാറയുടെ അറ്റത്ത് വലിയ ദ്വാരം പോലെ ഒരു കല്ല് പ്രത്യേകം കൊത്തി വെച്ചിട്ടുണ്ട്.

ഇടയ്ക്ക് വാനരപ്പടകൾ വഴിയിൽ നിലയുറപ്പിച്ചതു കണ്ടു. കയ്യിൽ ഭക്ഷണപ്പൊതിയും വെള്ളവും ഒന്നും ഇല്ലാത്തത് കൊണ്ടാകാം അവർ എന്നെ കണ്ട ഭാവം നടിച്ചില്ല. കുരങ്ങുകളിൽ പ്രായം കൂടിയവൻ ആയിരിക്കാം ഒച്ചവെച്ച് കയ്യും കാലും നിലത്ത് കുത്തി പാറയുടെ ചെറിയ അറ്റത്തൂടെ തുള്ളിച്ചാടി പോകുന്നു. നല്ല വേഗത്തിൽ തലങ്ങും വിലങ്ങുമായി ബാലൻസ് തെറ്റാതെ അവൻ കാണിക്കുന്ന വികൃതികൾ എന്നെ അദ്ഭുതപ്പെടുത്തി.

ഭയപ്പെടുത്തുന്ന ചുവടു വയ്പ്

hari fort 08

വളഞ്ഞ പാതയിലൂടെ മുൻപോട്ട് നടന്നാൽ വീണ്ടും പടികൾ തുടങ്ങുകയായി. പടി കയറി താഴോട്ട് നോക്കിയാൽ ഭയം തോന്നും. അഗാധതയിൽ പച്ച പരവതാനി വിരിച്ച പോലെ തിങ്ങി നിറഞ്ഞ മരങ്ങൾ. സഹയാത്രികർ ഭയപ്പെട്ട് തിരിഞ്ഞു നോക്കിയില്ല. ഇതിനിടയിൽ നാട്ടുകാരനായ ഒരാൾ വലിയ ഓലക്കെട്ട് ചുമന്ന് സാധാരണപോലെ നടന്നു കയറുന്നതു കണ്ടു. അപകടം പിടിച്ച പടവുകളിൽ ശ്രദ്ധ അല്പം തെറ്റാതെ മുകളിലോട്ട് കയറിയാൽ അടുത്ത കവാടം കാണാം.. കവാടത്തിനും പടവുകൾക്കും ഇടയിൽ ഒരു പെട്ടി പോലെ പൊട്ടിച്ചു നിർത്തിയിരിക്കുന്ന പാറ. അതിലൂടെ കുത്തനെ മുകളിലേക്കാണ് നടപ്പാത. ഉള്ളിൽ നല്ല തണുപ്പാണ് എന്നാല് പുറത്ത് ചൂട് കൂടി വരുന്നു.

കരിങ്കല്ലും ഇഷ്ടികയും കൊണ്ടു നിർമിച്ച കോട്ടയ്ക്ക്‌ രണ്ട് പ്രവേശന കവാടങ്ങളുണ്ട്. രണ്ടാമത്തെ കവാടം കഴിഞ്ഞ് മുകളിൽ എത്തിയാൽ 117 പടികളും കയറിയെന്ന് ചുരുക്കം. അര മണിക്കൂർ എടുത്തു മുകളിൽ എത്താൻ. എന്നാൽ സമയം പോയത് അറിഞ്ഞില്ല. ഓരോ സ്ഥലത്തും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഓല മേഞ്ഞ വിശ്രമ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. മല മുകളിൽ വരണ്ടുണങ്ങിയ പുൽനാമ്പുകൾക്കിടയിലൂടെ മുൻപോട്ട് നടന്നാൽ ചെറിയ ഓല മേഞ്ഞ കടയും ഹനുമാൻ കോവിലും കാണാം. സഞ്ചാരികൾക്ക് പുറമെ ഹനുമാൻ കോവിൽ കണ്ട് പ്രാർഥിക്കാൻ വരുന്ന ധാരാളം പ്രദേശ വാസികളും ഹരിഹർ കോട്ടയുടെ പടികൾ  കയറുന്നുണ്ട്. എന്റെ ഡ്രൈവർ ബിസ്ക്കറ്റ് വാങ്ങി  വാനരകൂട്ടങ്ങൾക്ക് നൽകുന്ന തിരക്കിലാണ്. ഹനുമാൻ ഭക്തരാണ് ഇവിടത്തെ ആളുകൾ എന്ന് എനിക്ക് തോന്നുന്നു. അവർ വാനരപ്പടയെ ബഹുമാന പൂർവ്വം നോക്കി കാണുന്നു. അവർക്ക് ഭക്ഷണം നൽകുന്നു . ഹനുമാൻ കോവിലിന് സമീപത്ത് ശിവലിംഗവും നന്ദി വിഗ്രഹവും ഉണ്ട്. പ്രതിഷ്ഠയ്ക്ക് പിന്നിൽ പാറ പൊട്ടിച്ചു നിർമിച്ച കുളവും അതിന് പുറകിൽ ആയുധങ്ങൾ ശേഖരിച്ച് വെക്കാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന സ്റ്റോർ റൂമും കാണാം. ഇരുണ്ട നിറത്തിൽ അതങ്ങനെ നിലകൊള്ളുന്നു. ഇതിനെല്ലാം പശ്ചാത്തലമായി ബ്രഹ്മഗിരി മലനിരയും. പ്രതിഷ്ഠക്ക് മുൻപിൽ കാവിക്കൊടി പാറി പറക്കുന്നു. പാറ പൊട്ടിച്ചു നിർമിച്ച ഒന്ന് രണ്ടു കുളങ്ങൾ അങ്ങിങ്ങായി കാണാം. മലയുടെ ഒരു വശത്ത് താഴെ കോട്ടയിലെ തടവറ ഇപ്പോഴും ഉണ്ടെന്ന് പലരും പറയുന്നു. എന്നാല്‍ കാട് പിടിച്ച വഴിയിലൂടെ നടന്നു നോക്കുക അപകടമാണ്.അതിന്റെ സ്ഥാനം കൃത്യമായി അറിയാവുന്നവരാരും അവിടെ ഉണ്ടായിരുന്നില്ല.

മനം മയക്കുന്ന കാഴ്ചകൾ

hari fort 05

പടികൾ കയറി നിൽക്കുന്നത് ഹരിഹർ കോട്ടയുടെ മുകളിൽ ആണെങ്കിലും ഏറ്റവും ഉയരം കൂടിയ ഭാഗത്ത് എത്താൻ കുറച്ചു കൂടി മുന്നോട്ടു നടക്കണം. തിങ്ങി നിറഞ്ഞ വനത്തിലൂടെ നടന്നു വേണം കോട്ടയുടെ അറ്റത്ത് എത്താൻ.. അവിടെ വലിയ പാറകെട്ടിന് മുകളിൽ ശിവജി മഹാരാജാവിന്റെ ചിത്രം ആലേഖനം ചെയ്ത വലിയൊരു പതാക കാറ്റത്ത് പാറി പറക്കുന്നു.. ശിവജി മഹാരാജ ഇവിടെ ഭരണം നടത്തിയിട്ടുണ്ട് എന്നാണ് ചരിത്രം. പതാകയുടെ അടിയിൽ ചെറിയൊരു ശിവലിംഗവും വെച്ചിട്ടുണ്ട്. കുത്തനെയുള്ള പാറകെട്ടിൻെറ മുകളിൽ കയറാൻ മറ്റൊരാളുടെ സഹായം ചിലപ്പോൾ ആവശ്യമായി വന്നേക്കാം. സമുദ്രനിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ നിൽക്കുമ്പോൾ ഒരു സ്വപ്നം നേടി എടുത്തതിന്റെ അഹങ്കാരവും മനസ്സിൽ മിന്നി മറയുന്നു.

ഏറ്റവും മുകളിൽ കയറി നിന്ന് ചുറ്റും നോക്കുമ്പോൾ ഒരു കാഴ്ചയുണ്ട്, നേരെ ബ്രഹ്മഗിരി മലയുടെ പൂർണ ചിത്രം. കാൻവാസിൽ വരച്ചിട്ട പോലെ അത് നീണ്ടു നിവർന്നു കിടക്കുന്നു.. ആരോ ചെത്തി മിനുക്കിയ രൂപത്തിലുള്ള മലനിരകൾ , മൺസൂൺ അടുത്തിടെ കഴിഞ്ഞത് കൊണ്ടാകാം എങ്ങും പച്ചപുതച്ചു നിൽക്കുന്നു സഹ്യാദ്രി. മൺസൂൺ അവളെ അതീവ സുന്ദരിയാക്കി മാറ്റിയിരിക്കുന്നു.

ബ്രഹ്മഗിരി മലനിരയുടെ ഇടതു ഭാഗത്ത് ദുർഗ് ഭാണ്ഡാർ മലയും, അതിന് താഴെ ബ്രഹ്മ പർവതവും. വലതു ഭാഗത്ത് കപ്‍ഡ്യായ കുന്നും കാണാം. പിരമിഡിന്റെ ആകൃതിയിൽ കാണുന്ന മലയുടെ പേര് ഫാനി കുന്ന് എന്നും അതിന് തൊട്ട് പുറകിൽ വലത് ഭാഗത്ത് ഉത്വാദ് കോട്ട, നേരെ ഇടതു ഭാഗത്ത് ഭക്സാർ ഘട്ട് എന്ന ട്രെക്കിങ്ങ് പോയിന്റും ആണ്. നവ്ര - നവ്രി പീക്ക്‌, ഹരിഹർ താഴ്‌വര, നിർഗുഡപാഠ, ഹർഷേവാടി ഗ്രാമങ്ങളിലെ കൃഷി ഇടങ്ങൾ, ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകൻ കൂട്ടം എല്ലാം 360 ഡിഗ്രി കാഴ്ചയിലുണ്ട്. ബ്രഹ്മഗിരിക്ക് താഴെ തലേഗാവ് അണക്കെട്ടും ഹരിഹർ കോട്ടക്ക് പിന്നിൽ വൈതർ ഡാമും കാണാം.

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം

hari fort 07

ഹരിഹർ ഫോർട്ടിന്റെ നിർമാണത്തെപ്പറ്റി വ്യക്തമായി ആർക്കും അറിയില്ല. ഗോണ്ട ഗാട്ട് വഴിയുള്ള പുരാതന കച്ചവട പാത നിരീക്ഷിക്കാൻ പങ്കജ് പഞ്ചാരിയയുടെ കാലത്ത് നിർമിച്ചതാണ് കോട്ട എന്നു വിശ്വസിക്കുന്നു. യാദവ കാലഘട്ടത്തിൽ നിർമിച്ചതെന്നു കരുതന്നവരുമുണ്ട്. 1636 ല്‍ ത്ര്യംബക്, ട്രിംഗൽവാഡി, തുടങ്ങിയ കോട്ടകൾക്കൊപ്പം ഹരിഹർ കോട്ടയും ഷാഹാജി ഭോസ്‌ലെ മുഗൾ ജനറൽ ഖാൻ സമാമിന് അടിയറ വച്ചു. 1818 ൽ ബ്രിട്ടിഷ് ആർമി ക്യാപ്റ്റൻ ബ്രിഗ്സ് ഇവ പിടിച്ചടക്കി.

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ഹരിഹർ കുന്ന്. പശ്ചിമഘട്ടത്തിന്റെ സൗന്ദരൃം ആസ്വദിക്കാൻ പറ്റിയ സ്ഥലം തന്നെ.. ഇവിടം സന്ദർശിക്കാൻ അനുയോജ്യസമയം ജൂൺ മുതൽ മഞ്ഞുകാലം അവസാനിക്കുന്നതു വരെയാണ്. മൺസൂണിലും മഞ്ഞുകാലത്തും ഈ പ്രദേശത്തിനു പ്രത്യേക ചന്തമാണ്.

മല കയറിയതു പോലെ തന്നെ സൂക്ഷിച്ചു വേണം ഇറങ്ങുന്നതും. കൽപടവുകളിൽ പിടിച്ചു താഴെ ഇറങ്ങുക എന്നത് അല്പം ബുദ്ധിമുട്ടു തന്നെ. ഇറങ്ങുന്ന സമയം ഒന്ന് രണ്ടു മലയാളികളെ കണ്ട് മുട്ടി. ചിലർ നാസിക്കിലെ ജോലിക്കാരും ചിലർ യാത്രികരും. ട്രെക്കിങ് പൂർത്തിയാക്കിയ ശേഷം ഹരിഹർ ഫോർട്ട് കയറി എന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കാൻ സാധിക്കുന്നില്ല. ഒരു പ്രത്യേക അനുഭവം. ഒരിക്കൽ കയറിയാൽ വീണ്ടും വീണ്ടും കയറാൻ പ്രേരിപ്പിക്കുന്ന സുന്ദരൻ.