നിങ്ങൾ ഈയൊരു മന്ദിരം കാണാൻവേണ്ടി മാത്രം വന്നതാണോ? അതേയെന്ന് തലയാട്ടിയപ്പോൾ സർദാർജിയുടെ മുഖത്ത് കൗതുകവും ആഹ്ലാദവും! അതിർത്തിയിൽ നിന്ന് അമൃത്‌സറിലേക്ക് ലിഫ്റ്റ് തന്ന സർദാർജിയുടെ വാചകമടിക്കിടെ എപ്പോഴോ ഞാനൊന്നു കണ്ണടച്ചു. ഏതാനും മണിക്കൂറുകൾ മുൻപ് ഒരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദത്തിലാണ് ഞാൻ. കർതാർപുർ സാഹിബ്, പാക്കിസ്ഥാൻ മണ്ണിൽ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയം സന്ദർശിക്കാനുള്ള ആഗ്രഹം മൊട്ടിട്ടിട്ട് രണ്ടു വർഷത്തിലേറെയായി. തീർഥാടനം മാത്രമല്ല, പാക്കിസ്ഥാനിലെ ജനങ്ങളെ കാണുക, ഇടപഴകുക, മുൾട്ടാനി ഹൽവ രുചിക്കുക എന്നിവയും മനസ്സിൽ ഉണ്ടായിരുന്നു.

അയൽ രാജ്യമാണെങ്കിലും ഇന്ത്യക്കാരായ സഞ്ചാരികൾക്ക് എളുപ്പം കയറിച്ചെല്ലാവുന്ന ഇടമല്ല പാക്കിസ്ഥാൻ. അവിടെ താമസിക്കുന്ന കുടുംബാംഗങ്ങളെ കാണാനോ ബിസിനസ് ആവശ്യങ്ങൾക്കോ മാത്രമേ നിലവിൽ ഇന്ത്യൻ പൗരൻമാർക്ക് അവർ സന്ദർശക വീസ നൽകുന്നുള്ളു. മൂന്നു വർഷം മുൻപ് പാക്കിസ്ഥാനിലെ നരോവാൾ ജില്ലയിലുള്ള കർതാർപുരിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഒരുദിവസത്തെ പാസ് അനുവദിക്കാൻ ഇരു രാജ്യങ്ങളും ധാരണയായി. ഈ പെർമിറ്റ് ഉപയോഗിച്ച് പാക്കിസ്ഥാനിലെ മറ്റൊരു പ്രദേശവും സന്ദർശിക്കാനാകില്ല. എങ്കിലും ആ മണ്ണിൽ കുറച്ച് മണിക്കൂർ ചെലവഴിക്കാം. ഇന്ത്യൻ അതിർത്തി പട്ടണത്തിൽ തുടങ്ങി ഗുരുദ്വാര വരെ നീളുന്ന പ്രത്യേക പാത കർതാർപുർ ഇടനാഴി എന്നാണ് അറിയപ്പെടുന്നത്.
ഗോതമ്പ് പാടങ്ങൾക്കിടയിലൂടെ

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കിയപ്പോഴാണ് കർതാർപുർ ഇടനാഴി ഉപയോഗിച്ച് പാക്കിസ്ഥാൻ യാത്ര എന്ന ആശയം ഉദിച്ചത്. പെർമിറ്റിന് അപേക്ഷിച്ചു. ഗുരുദ്വാര സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തീയതിക്കു 15 ദിവസം മുൻപെങ്കിലും അപേക്ഷിക്കണം. കാരണം പോലീസ് എൻക്വയറിയും മറ്റു നൂലാമാലകളുമുണ്ട്. യാത്രാദിവസത്തിന് മൂന്നോ നാലോ ദിവസം മുൻപ് മാത്രമേ പെർമിറ്റിന്റെ കാര്യത്തിൽ തീരുമാനം അറിയുകയുമുള്ളു. ഏതായാലും ഭാഗ്യദേവത കടാക്ഷിച്ചു, പെർമിറ്റ് കിട്ടി.
പഞ്ചാബിലെ അമൃത്‌സറിൽ നിന്ന് 56 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ദേര ബാബ നാനാക്ക് എന്ന പട്ടണത്തിൽ നിന്നാണ് ഇന്ത്യൻ ഇമിഗ്രേഷൻ തുടങ്ങുന്നത്. അതുകൊണ്ട് അമൃത്‌സറിലെത്തി റെയിൽവേ സ്‌റ്റേഷനു തൊട്ടടുത്തുതന്നെ മുറിയെടുത്തു. അടുത്ത ദിവസം പുലർച്ചെ 4.20ന് ദേര ബാബ നാനാക്കിലേക്കു പാസഞ്ചർ ട്രെയിനിൽ കയറി. ഏപ്രിൽ മാസം ആയെങ്കിലും ഗോതമ്പ് പാടങ്ങളിൽ നിന്നുള്ള തണുത്ത കാറ്റ് ട്രെയിനിന്റെ ഒഴിഞ്ഞ കമ്പാർട്ട്മെന്റുകളിലേക്ക് അടിച്ചു കയറിക്കൊണ്ടിരുന്നു. ആറു മണിയോടെ ദേര ബാബ നാനക്കിലെത്തി. ട്രെയിനിറങ്ങി ഒരു കിലോമീറ്ററോളം നടന്നപ്പോൾ ആ വഴി വണ്ടിയിൽ വന്ന സിഖുകാരൻ ഗുരുദ്വാരയിലേക്കു ലിഫ്റ്റ് തന്നു. ദേര ബാബ നാനക്കിൽ രാവിലെതന്നെ ലങ്കാറുണ്ട്. സിഖ് മതസ്ഥരുടെ സാമൂഹിക അടുക്കളയാണ് ലങ്കാർ. അവിടെ എല്ലാ മതസ്ഥരും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കും. കുറച്ച് നേരം കാത്തിരുന്നപ്പോഴേക്കും ലങ്കാർ തുടങ്ങി. ആ സ്ഥലത്തേക്ക് കയറുമ്പോൾ തലമുടി തൂവാല കൊണ്ട് മറയ്ക്കണം. പവിത്രമായ ഭക്ഷണസ്ഥലത്ത് ഒരു മുടിയിഴ പോലും വീഴരുത് എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ചോറും ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും അച്ചാറുമാണ് വിളമ്പിയത്. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രം നമ്മൾ തന്നെ കഴുകി വയ്ക്കണം. അതെല്ലാവർക്കും ബാധകമാണ്.
ഇന്ത്യൻ എമിഗ്രേഷൻ

ഇന്ത്യയുടെ ഭാഗത്ത് എമിഗ്രേഷൻ തുടങ്ങുന്നത് 8നാണ്. ഉച്ചവരെ സഞ്ചാരികളെ കടത്തിവിടും. നാലു മണി വരെ ഇന്ത്യക്കാർക്ക് അവിടെ തങ്ങാം. അതിനുശേഷം മടങ്ങി പോരണം. രാവിലെ പോകുന്നതാണ് നല്ലത്. കൂടുതൽ സമയം അവിടെ ചെലവഴിക്കാം. മന്ദിരത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററുണ്ട് ഇന്ത്യൻ എമിഗ്രേഷൻ ഭാഗത്തേക്ക്. രണ്ടു വശത്തും ഗോതമ്പ് പാടങ്ങൾക്കിടയിലൂടെ നടന്നു നീങ്ങി. കർതാർപുർ സാഹിബ് എമിഗ്രേഷൻ ഓഫീസിലേക്കുള്ള പാത വീതിയേറിയതാണ്. പകുതിയിലേറെ നടന്നപ്പോൾ ഒരു ബിഎസ്എഫ് ജവാനെ കണ്ടു. ഝാർഖണ്ഡ് സ്വദേശി. ഞങ്ങൾ അവിടെ അൽപനേരം സംസാരിച്ചിരുന്നു. കുറച്ചു ദൂരം കൂടി നടക്കാനുണ്ട്. അങ്ങനെ കർതാർപുർ ടെർമിനലിലെത്തി. എയർപോർട്ടിന് സമാനമാണ് ഇന്ത്യൻ എമിഗ്രേഷൻ ഓഫീസ് കെട്ടിടം. അന്നത്തെ ആദ്യ യാത്രക്കാരനായി. താമസിയാതെ ആളുകൾ കൂട്ടമായി എത്തി. ഏറെയും സിഖുകാർ തന്നെ.
പാക്കിസ്ഥാൻ മണ്ണിലേക്ക്

1947 ലെ ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന്റെ നീറ്റൽ ഇന്നും മനസ്സിലുണ്ടെന്നു തോന്നി അവിടെയെത്തിയ വൃദ്ധരെ കണ്ടപ്പോൾ! കാലങ്ങളായി ബൈനോക്കുലറിലൂടെ മാത്രം കണ്ടിരുന്ന ഗുരുദ്വാര ദർബാർ സാഹിബ് നേരിൽ കാണാൻ പോകുന്നതിന്റെ ആഹ്ലാദം ചിലരുടെ മുഖത്തുണ്ട്. സിഖ് മതസ്ഥാപകനായ ഗുരു നാനക് മതപ്രചരണ യാത്രകൾ പൂർത്തിയാക്കി ശിഷ്ടകാലം സിഖ് സമൂഹത്തോടൊപ്പം ജീവിക്കാൻ കണ്ടെത്തിയ സ്ഥലമായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണവും ഇവിടെ വച്ചായിരുന്നു. സുവർണക്ഷേത്രത്തിനും നൻകാന സാഹിബിനും ഒപ്പം സിഖ് സമൂഹത്തിന്റെ ഏറ്റവും പവിത്ര സ്ഥാനമായി കണക്കാക്കുന്നു കർത്താർപുർ ഗുരുദ്വാരയെ.

പാക്കിസ്ഥാനിൽ ഒരുദിവസമെങ്കിലും സഞ്ചരിക്കണം എന്ന ആഗ്രഹത്തിലെത്തുന്ന ഏതാനും സഞ്ചാരികളെ മാറ്റിനിർത്തിയാൽ ഭൂരിഭാഗവും സിഖ് തീർത്ഥാടകരാണ് അവിടെത്തുന്നത്. ഇന്ത്യൻ ഭാഗത്ത് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയവരെ ഇലക്ട്രിക് വാഹനത്തിലാണ് അതിർത്തിയിലെത്തിക്കുന്നത്. അവിടെ നിന്ന് നോമാൻസ് ലാൻഡിലൂടെ നടന്ന് പാകിസ്ഥാൻ മണ്ണിലേക്ക്. അവിടെ നിന്ന് മറ്റൊരു വാഹനത്തിൽ പാകിസ്ഥാൻ ഓഫിസിലെത്തി. അവിടെ ഫീസടച്ച് യാത്രാനുമതിയിൽ എൻട്രി സീൽ പതിപ്പിച്ച് ബസിൽ 3 കിലോമീറ്റർ ദൂരെയുള്ള കർതാർപുർ ഗുരുദ്വാരയിലേക്ക് നീങ്ങി. ഇന്ത്യൻ ഭാഗത്തെയും പാകിസ്ഥാൻ ഭാഗത്തെയും എമിഗ്രേഷൻ നടപടികൾക്ക് ശേഷം കർതാർപുർ മന്ദിരത്തിലേക്കു നീങ്ങി.

സന്ദർശകർക്ക് ചെരുപ്പും ബാഗും സൂക്ഷിക്കാനായി പ്രത്യേക സ്ഥലമുണ്ട്. കുടിവെള്ളവും സുലഭമാണ്. ഗുരുദ്വാര ദർബാറ സാഹിബും സമീപം മന്ദിരങ്ങളും പൂർണമായും വെള്ള നിറത്തിലാണ്. ഉച്ചവെയിലിന്റെ മൂർദ്ധന്യാവസ്ഥയിൽ അതിന്റെ പ്രൗഢി അവിടെങ്ങും മിന്നിത്തിളങ്ങി. ഗുരുനാനാക്ക് ദേവ് ഉപയോഗിച്ചിരുന്ന പൂക്കളും വസ്ത്രങ്ങളുമെല്ലാം അടക്കം ചെയ്ത സ്ഥലം പ്രധാന മന്ദിരത്തിനു സമീപം കാണാം. കൂടാതെ കെട്ടിട സമുച്ചയത്തിൽ നിന്ന് അൽപം മാറി സിഖ് ആചാരങ്ങളിലെ ഒരു പ്രധാന കണ്ണിയായ കൃപാണിന്റെ വലിയ ശിൽപം നിർമിച്ചിട്ടുണ്ട്. അപ്പോഴും സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. പ്രത്യേകിച്ചും പാക്കിസ്ഥാനിൽ നിന്നുള്ളവരുടെ. റമസാൻ മാസവും കനത്ത ചൂടും ആയിരിക്കും അതിനു കാരണം. ഗുരുദ്വാര കണ്ടു നടന്ന് ചിത്രങ്ങൾ എടുക്കുമ്പോൾ ഫോണിന്റെ ചാർജ് തീരാറായി. സെക്യൂരിറ്റിയോട് കാര്യം പറഞ്ഞു. അദ്ദേഹം പെട്ടെന്നു തന്നെ ഫോൺ ചാർജിങ്ങിനുള്ള സൗകര്യവും ആ സമയത്ത് എനിക്ക് വിശ്രമിക്കാൻ ഇടവും തന്നു.
മുൾത്താനി ഹൽവയും പാക്കിസ്ഥാൻ അനുഭവങ്ങളും

ഗുരുദ്വാരയുടെ രണ്ടാം നിലയിൽ സിഖ് മതത്തിലെ ചില ചടങ്ങുകൾ നടക്കുകയായിരുന്നു. നെയ്യും ഗോതമ്പും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ‘കട പ്രശാദ്’ എന്ന മധുരം പ്രസാദമായി ലഭിച്ചു. അൽപനേരം കൂടി ഗുരുദ്വാരയിൽ ചെലവിട്ട ശേഷം സമീപത്തുള്ള ചന്തയിലേക്ക് പോയി. ചൂടു കാലാവസ്ഥയായതിനാൽ ആളുകൾ നന്നേ കുറവ്. ചില കടകളും അടവായിരുന്നു. എങ്കിലും ഞാൻ ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന സ്റ്റാൾ തുറന്നിരുന്നു. മുൾത്താനി ഹൽവ സ്റ്റാൾ
പാക്കിസ്ഥാനിലെ പ്രസിദ്ധ നഗരമാണ് മുൾത്താൻ. അവിടെ തയാറാക്കുന്ന പ്രത്യേക തരം ഹൽവയാണ് മുൾത്താനി ഹൽവ. വെള്ളം,പഞ്ചസാര, പാൽ, ചോളപ്പൊടി എന്നിവ ചേർത്ത് കട്ടിയാകുന്നത് വരെ കുറുക്കും. തുടർന്ന് നെയ്യൊഴിക്കും. കുങ്കുമപ്പൂവും ഇടാറുണ്ടത്രേ. ഒപ്പം അണ്ടിപരിപ്പ്, ബദാം, പിസ്ത എന്നിവ കൂടിയാകുമ്പോൾ മുൾട്ടാനി സോഹൻ ഹൽവയായി. സോഹൻ എന്ന വാക്കിനർത്ഥം കാണാൻ ഭംഗിയുള്ളത് എന്നാണ്. നല്ല രുചിയുള്ളതാണിതിന്. മറ്റ് ഹൽവകൾ പോലെ അധികം മധുരമുള്ളതോ അലിയുന്നതോ അല്ല ഇത്. അൽപം കട്ടിയുള്ളതിനാൽ ചവച്ചുതന്നെ കഴിക്കണം. സൗന്ദര്യ വർധക വസ്തുക്കളിൽ പ്രധാന ഘടകമായ മുൾത്താനി മിട്ടിയും ഈ നഗരത്തിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടത്. അതൊരിനം കളിമണ്ണാണ്.
ഇനിയിപ്പോൾ എന്തെങ്കിലും കഴിക്കണം. അടുത്തു തന്നെ കടയുണ്ട്. മിക്സ്ചർ, മോര്, കുറച്ചു മധുരം ഒക്കെ ചേർത്തുണ്ടാക്കുന്ന ദഹി ഭല്ല എന്ന വിഭവമാണ് ലഭിക്കുക. എന്നാൽ എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാൻ ഒരു പാനീപൂരി കൂടി പറഞ്ഞു. ഇസ്‌ലാമബാദ് സ്വദേശിയായ ബാബർ എന്ന ചെറുപ്പകാരനാണ് കട നടത്തുന്നത്. വേറെ രണ്ട് ആളുകൾ കൂടെയുണ്ടായിരുന്നു. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട്, കേരളം ഇന്ത്യയിൽ ഏത് ഭാഗത്താണ് എന്നൊക്കെ അവർ ചോദിച്ചു. അതുവരെയുള്ള എന്റെ സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് കെട്ടു. ഈ രണ്ടു വിഭവത്തിനും കൂടി 150 ഇന്ത്യൻ രൂപ. സത്യത്തിൽ ഞെട്ടിപ്പോയി. നാലഞ്ച് പാനിപൂരിയും ഈ ദഹി ഭല്ലയും മാത്രമാണ് കഴിച്ചത്. ആകെ കുറച്ച് മണിക്കൂറുകൾ മാത്രമേ ഈ നാട്ടിൽ ചിലവഴിക്കുന്നുള്ളൂ.അതുകൊണ്ടു തർക്കത്തിനൊന്നും നിന്നില്ല. തൊട്ടടുത്ത് ഒരു ജ്യൂസ് കട കണ്ടു. അവിടെ വിലവിവരപ്പട്ടിക വച്ചിരുന്നു. 100 ഇന്ത്യൻ രൂപയ്ക്ക് ഒരു ആപ്പിൾ ജ്യൂസ് കുടിച്ചു. അപ്പോഴാണ് മുൾത്താനി കുൽഫി അവിടെയുണ്ട് എന്നറിഞ്ഞത്. വില 50 രൂപ. രുചിയുള്ള വിഭവമായിരുന്നു അത്. കുറച്ചുനേരം ഞാനാ ചന്തയിലെല്ലാം ചുറ്റിപ്പറ്റിനിന്നു.
അതിർത്തികളില്ലാതാകുന്ന ലങ്കാർ

അപ്പോഴേക്കും ഗുരുദ്വാര സന്ദർശകർ എല്ലാവരും ചന്തയിലേക്ക് എത്തിത്തുടങ്ങി. എന്തെങ്കിലുമൊക്കെ വാങ്ങിയിട്ടാണ് എല്ലാവരും മടങ്ങുന്നത്. ചൂട് ഏറിയതോടെ ഗുരുദ്വാരയിലേക്കു മടങ്ങി. അവിടേയും തീർഥാടകർക്കു ലങ്കാർ ഉണ്ട്. അവിടെ കണ്ട കാഴ്ച തൊപ്പി വെച്ച പാക്കിസ്ഥാനികളും തലപ്പാവണിഞ്ഞ സർദാർജികളും ഒന്നിച്ചിരുന്ന് കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നു. ഞാനും അവർക്കൊപ്പം കൂടി. സന്ദർശകർ ഭക്ഷണം വിളമ്പാനും കൂടുന്നുണ്ട്. കർതാർപുർ സാഹിബ് ഗുരുദ്വാരയിലെത്തുന്നവരെല്ലാം യാത്രീ കാർഡ് കഴുത്തിൽ അണിയണം. ഇന്ത്യയിൽ നിന്നുളളവർക്ക് മഞ്ഞ കാർഡും പാകിസ്ഥാൻകാർക്ക് നീല കാർഡുമാണ്. അതു നോക്കിത്തന്നെ ആളുകളുടെ നാട് അറിയാം. പാകിസ്ഥാനിൽ നിന്നെത്തിയ ചില സഹോദരൻമാരോട് കുശലം പറഞ്ഞു. പലർക്കും അറിയേണ്ടത് കേരളം ഇന്ത്യയിൽ എവിടെയാണെന്നാണ്. ഇന്നേവരെ കുടിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട ചായയാണ് ലങ്കാറിൽ ലഭിച്ചത്. കാരണം അതിൽ രണ്ട് രാജ്യങ്ങളുടെ സമാനതകളും സ്നേഹവും ഇടകലർന്നിരുന്നു. മടങ്ങാൻ നേരമായി. ഞാൻ ബസ്സിന് അടുത്തേക്ക് നടന്നു. പാക്കിസ്ഥാൻ ഇമിഗ്രേഷൻ ഓഫീസിലേക്ക് പോകുമ്പോൾ ഇരുകരകളിലും കൃഷിക്ക് കൈത്താങ്ങേകി രാവി നദി ഒഴുകുന്നുണ്ടായിരുന്നു. അവിടെ നിന്ന് എക്സിറ്റ് അടിച്ചുതന്ന സ്ലിപ്പ് അവർ തന്നെ തിരിച്ചുവാങ്ങി. തുടർന്ന് ഇന്ത്യൻ ഭാഗത്തേക്ക് ഇലക്ട്രിക് കാറിൽ. തുടർന്ന് നോ മാൻസ് ലാൻഡിലൂടെ നടന്ന് സ്വന്തം രാജ്യത്തെത്തി. ഇലക്ട്രോണിക് ട്രാവൽ ഓദറൈസേഷന്‍ ഫോമിൽ ഇന്ത്യൻ ഇമിഗ്രേഷൻ കൗണ്ടർ എൻട്രി സ്റ്റാമ്പ് അടിച്ചു. അവിടെ നിന്നും പുറത്തു കടക്കുമ്പോഴും മനസ്സിൽ കുറച്ചു നേരം മുമ്പത്തെ ആ ഓർമ്മകളായിരുന്നു. എന്നെങ്കിലും ആ ഒരു രാജ്യത്ത് ഒരു സഞ്ചാരി എന്ന നിലയ്ക്ക് പോയി അവിടുത്തെ കുറെ കാഴ്ചകളെല്ലാം കണ്ട് മനസ്സറിഞ്ഞ് വരണം എന്നുണ്ട് തീർച്ചയായും കാലങ്ങൾ പോയി മറയുമ്പോൾ അതിന് സാധിക്കും എന്ന് പ്രത്യാശിച്ചു കൊണ്ട് നിർത്തുന്നു..