Saturday 09 April 2022 03:58 PM IST : By Thara Nandikkara

ചെറുവിമാനത്തിന്റെ സൗകര്യങ്ങളോടെ ‘പറക്കുന്ന’ ബസിൽ മിനാരങ്ങളുടെ നഗരത്തിൽ...

istambul 04

തുടക്കത്തിൽ ചില കല്ലുകടികൾ ഉണ്ടായെങ്കിലും ഒടുക്കംവരെ രസകരമായ അനുഭവങ്ങൾ സമ്മാനിച്ച രാജ്യമാണു തുർക്കി. ആദ്യം വൊൾക്കാനിക് മലനിരകളുള്ള കപ്പഡോക്കിയ, പിന്നീട് സാംസ്കാരിക നഗരമായ ഇസ്താംബൂൾ – ഇതായിരുന്നു പ്ലാൻ. പക്ഷേ, ഗ്രീസിലെ ആതൻസിൽ നിന്നു കപ്പഡോക്കിയയിലേക്കുള്ള വിമാനം ഞങ്ങൾ എത്തുന്നതിനു മിനിറ്റുകൾക്കു മുൻപ് പറന്നുയർന്നു.

അടുത്ത മൂന്നു ദിവസത്തേക്ക് ആതൻസിൽ നിന്നു കപ്പഡോക്കിയയിലേക്ക് ടിക്കറ്റ് ഇല്ലെന്ന് അറിയിപ്പു വന്നപ്പോൾ ഞെട്ടി. ആതൻസിൽ നിന്നു ഇസ്‌താംബൂളിലേക്ക് പോകാമെന്നു കരുതിയപ്പോഴും തഥൈവ. ഈ സമയത്താണ് ഇസ്താംബുളിലേക്കു പുറപ്പെടുന്ന ബസ്സിനെക്കുറിച്ച് അറിഞ്ഞത്. ഒരു ടിക്കറ്റിന് ആറായിരം രൂപ. മറ്റൊന്നും ആലോചിക്കാതെ ആ ബസിൽ കയറി.

വാസ്തവം പറയാമല്ലോ, ആ ബസ് ഒരു ‘സംഭവം’ ആയിരുന്നു. വിമാനത്തിന്റേതു പോലെയാണ് ഇന്റീരിയർ. വിസ്താരമുള്ള സീറ്റുകൾ, റൂഫ്, പ്ലാറ്റ്ഫോം. ബസ്സിനുള്ളിൽ ഒരു റസ്റ്ററന്റ് പ്രവർത്തിക്കുന്നുണ്ട്. പരിചാരകരായി ജോലിക്കാരുമുണ്ട്. ചായയും പലഹാരങ്ങളും അത്താഴവുമൊക്കെയായി ചെറുവിമാനത്തിന്റെ സൗകര്യങ്ങളോടെ ‘പറക്കുന്ന’ ബസിൽ ആദ്യമായാണു കയറുന്നത്. വൈകിട്ട് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ ഇസ്‌താംബുളിൽ എത്തും.

istambul 01

ഗ്രീസ് ബോർഡർ കടന്നപ്പോഴും തുർക്കിയിലേക്ക് പ്രവേശിക്കുമ്പോഴും ചെക്പോസ്റ്റിൽ വച്ച് യാത്രക്കാരുടെ പാസ്പോർട്ടും വീസയും പരിശോധിച്ചു. ഞങ്ങൾ അവിടെ എത്തിയപ്പോൾ പെരുമഴയായിരുന്നു. അർധരാത്രിയിലെ തണുപ്പിൽ കിടുകിടാ വിറച്ച് ഒരു മണിക്കൂറോളം ഡോക്യുമെന്റ്സ് പരിശോധനക്കായി കാത്തു നിൽക്കേണ്ടി വന്നു. അതിർത്തി താണ്ടിയപ്പോൾ പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ രസകരമായി. ഇരുട്ടിലേക്ക് തുറന്നു പിടിച്ച കണ്ണുകളുമായി ഏറെ നേരം ഇരുന്നു. ഇതിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്കു വീണു.


ഇരുട്ടിലും തിളങ്ങുന്ന കൊട്ടാരം

ബസ് ഇസ്‌താംബൂളിലേക്ക് കടന്നപ്പോൾ ഉയരമുള്ള കെട്ടിടങ്ങൾ കണ്ടു. തലയെടുപ്പോടെ നിൽക്കുന്നു ‘മിനാരങ്ങളുടെ നഗരം’. അതുവരെ ഇസ്താംബുളിനെ കുറിച്ചു മനസ്സിലുണ്ടായിരുന്ന ധാരണകൾ പൊടുന്നനെ മാഞ്ഞു. അപ്പാർട്മെന്റുകൾ, ഓഫിസുകൾ, ഷോപ്പിങ് മാളുകൾ, ഫ്ലൈ ഓവറുകൾ... പൗരാണികതയെ സംരക്ഷിക്കുന്ന പുതിയ നഗരമാണ് അവിടെ കണ്ടത്.

istambul 02

വലിയ കെട്ടിടങ്ങൾക്കു മുന്നിലൂടെ നീങ്ങിയ ബസ് സ്റ്റാൻഡിനുള്ളിൽ പ്രവേശിച്ചു. അവിടെ നിന്ന് ഓൾഡ് സിറ്റിയിലേക്ക് ടാക്സിയിൽ കയറി. വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ ഒർഹൻ പാമുക്കിന്റെ പുസ്തകങ്ങളാണ് ഓർമ വന്നത്. ഇസ്താംബുൾ എന്ന പുസ്തകത്തിന്റെ പുറംച്ചട്ടയിൽ മഞ്ഞുമൂടിയ വിന്റേജ് കാറിന്റെ ചിത്രമാണ്. കിതച്ചു നീങ്ങുന്ന ട്രാമുകൾ സാഹിത്യകാരന്റെ അക്ഷരങ്ങളിലൂടെ ബാല്യകാല മനസ്സിൽ ഒട്ടേറെ ചിത്രങ്ങൾ മെനഞ്ഞിരുന്നു.

ഞങ്ങൾ എത്തിയ സമയത്ത് ഇസ്താംബുൾ നഗരത്തിൽ മഞ്ഞുണ്ടായിരുന്നില്ല. ഹെറിറ്റേജ് ട്രാം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു. എന്തൊക്കെയാണ് ഓൾഡ് സിറ്റിയിൽ കാത്തിരിക്കുന്നത്? കാണാൻ പോകുന്ന പൂരത്തെക്കുറിച്ച് മനസ്സ് പലവിധ ചിത്രങ്ങൾ നെയ്തു.

istambul 03

നഗരപ്രാന്തത്തിലേക്കു കടന്നതോടെ റോഡുകൾക്കു വീതി കുറഞ്ഞു. വളവും തിരിവും ഇറക്കവും കയറ്റവുമുള്ള പാത. തലേദിവസം തുടങ്ങിയ മഴയിൽ കുതിർന്നു കിടക്കുകയാണ് വഴിയോരം. നനഞ്ഞൊട്ടിയ ഇസ്താംബുൾ നഗരത്തെ ‘ലാച്ചോ ഡ്രോം’ എന്ന ഡോക്യുമെന്ററിയിൽ ടോണി ഗാറ്റ്ലിഫ് ദൃശ്യവൽക്കരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നു തുടങ്ങി പല രാജ്യങ്ങളിലൂടെ സഞ്ചരിച്ചു സ്‌പെയിനിൽ അവസാനിക്കുന്ന നൃത്ത–സംഗീത യാത്രയാണ് ആ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. ഇസ്‌താംബൂൾ നഗരത്തെ കാണിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച റോഡിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നതെന്നു തോന്നി. അതിനാൽത്തന്നെ മുൻപ് എപ്പഴോ കണ്ടു മറന്ന സ്ഥലം പോലെ അനുഭവപ്പെട്ടു.

ട്യൂലിപ് എന്ന ഹോട്ടലിലാണ് താമസം ഏർപ്പാടാക്കിയിരുന്നത്. കാളിങ് ബെൽ രണ്ടു മൂന്നു തവണ അടിച്ചതിനു ശേഷമാണ് വാതിൽ തുറന്നത്. അതൃപ്തിയോടെ വാതിലിനു മുന്നിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടി ഞങ്ങളെ രൂക്ഷമായി നോക്കി. ‘‘എന്താണിത്രയും നേരത്തേ വന്നത്?’’ ഇവിടെ എല്ലാവരും ഉറങ്ങുകയാണ്. റൂം റെഡിയായിട്ടില്ല – ആ പെൺകുട്ടി പറഞ്ഞു. ഹോട്ടലിനു മുന്നിലുണ്ടായിരുന്ന പൂച്ചകൾ ഉറക്കം വെടിഞ്ഞ് കോട്ടുവായിട്ടു.

തൽക്കാലത്തേക്ക് ബാഗുകൾ മുറിയിൽ‌ വച്ചു. മുറി വൃത്തിയാക്കുമ്പോഴേക്കും ചായ കുടിച്ചിട്ടു വരാമെന്നു കരുതി പുറത്തേയ്ക്കിറങ്ങി. ചാറ്റൽ മഴ നനഞ്ഞ് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേയ്ക്കും അവൾ തിരികെ വന്ന് ഒരു കുട തന്നു.

നഗരം ഉണരുന്നതേയുള്ളൂ. കടകൾ തുറന്നിട്ടില്ല. അൽപ ദൂരം നടന്നപ്പോൾ ഒരു കടക്കാരൻ വാതിൽ തുറക്കുന്നതു കണ്ടു. അവിടേക്ക് ഓടിക്കയറി. ചായയും ബ്രെഡും കിട്ടി. പാചകം തുടങ്ങുന്നതേയുള്ളൂ – അദ്ദേഹം പറഞ്ഞു.

മറ്റു കടകൾ തുറന്നപ്പോൾ ‘സെവൻ ഹിൽസ്’ എന്ന ഹോട്ടലിൽ കയറി. ഹോട്ടലിന്റെ ടെറസിൽ നിന്നാൽ ലോക പ്രശസ്തമായ ബ്ലൂ മോസ്ക്, ഹാജിയ സോഫിയ എന്നിവ കാണാം. കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് റസ്റ്ററന്റിലെ വിഭവങ്ങളുടെ ലിസ്റ്റ് നോക്കി. ടർക്കിഷ് കോഫിയാണ് ഓർഡർ ചെയ്തത്. കടുപ്പമുള്ള പാലൊഴിക്കാത്ത കാപ്പി. ഒരു കവിൾ അകത്താക്കിയപ്പോൾ കാപ്പിപ്പൊടി വായിൽ നിൽക്കുന്നതു പോലെ തോന്നി. അത് ഒരു കവിൾ കുടിച്ച ശേഷം ഒരു കഷ്ണം ടർക്കിഷ് ഡിലൈറ്റ് കഴിച്ച് വെള്ളം കുടിക്കണം – അതാണ് രീതി. തുർക്കിയിൽ പ്രചാരമുള്ള മധുര പലഹാരമാണ് ടർക്കിഷ് ഡിലൈറ്റ്. ഹൽവ പോലെയുള്ള പലഹാരം. ടർക്കിഷ് കോഫിയും ടർക്കിഷ് ഡിലൈറ്റും പ്രശസ്തമാണ്. എന്നാൽ, രുചിയുടെ കാര്യത്തിൽ പറയത്തക്ക വിശേഷമൊന്നും തോന്നിയില്ല.

istambul 05

മഴ മാറാതെ പോകാനാവില്ല. ഒരു കടയിൽ കയറി. കരകൗശല വസ്തുക്കളും കൊത്തുപണികളുള്ള വാൾ പ്ളേറ്റുകളും വിൽക്കുന്ന കടയായിരുന്നു അത്. അവയുടെ ഭംഗിയാസ്വദിച്ചു നിന്നപ്പോഴേയ്ക്കും വെയിൽ പരന്നു.

ഹോട്ടലിൽ ചെന്ന് കുളി കഴിഞ്ഞ ശേഷം കാഴ്ചകളിലേക്ക് ഇറങ്ങി. ആദ്യം പോയതു ടോപ്കാപ്പി പാലസിലേക്കാണ്. കൊട്ടാരത്തിനു ചുറ്റും ഇളം മഞ്ഞ നിറമുള്ള ഇലകൾ നിറഞ്ഞ മരങ്ങളാണ്. ഓട്ടോമൻ ഭരണകാലത്തെ കൊട്ടാരമാണ് ടോപ്കാപ്പി പാലസ്. പ്രവേശനത്തിനു ടിക്കറ്റെടുക്കണം.

പുറമെ നിന്ന് നോക്കിയാൽ ആഡംബരങ്ങളില്ലാത്ത നിർമിതിയാണ് ടോപ്കാപ്പി പാലസ്. കൊട്ടാരത്തിന്റെ അകത്തളത്തിൽ കൗതുകം ഉണർത്തുന്ന കൊത്തുപണികളാണ്. തുർക്കിയിൽ ജീവിച്ചിരുന്ന പ്രതിഭകളുടെ സൃഷ്ടിവൈഭവം വിളിച്ചോതുന്നു ഈ ശിൽപങ്ങൾ. കൊട്ടാരത്തിന്റെ ഇടനാഴികളിൽ വെളിച്ചം കുറവാണ്. വൈദ്യുത വിളക്കുകൾ ഇല്ല. ചില മുറികൾ പൂർണമായും ഇരുട്ടിലാണ്. പതിറ്റാണ്ടു പഴക്കം തോന്നിക്കുന്ന, തരിവെളിച്ചം പരത്തുന്ന ചെറു വിളക്കുകൾ മാത്രമേയുള്ളൂ!

istambul 06

ടോപ്കാപ്പി പാലസിന്റെ അകത്തളം ശേഷിപ്പുകളുടെ പറുദീസയാണ്. മുഹമ്മദ് നബിയുടെ വാള്‍, കത്തുകള്‍, മൂസ പ്രവാചകന്റെ വടി നബിയുടെ പല്ല്, പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികളായ അബൂബക്കര്‍, ഉമര്‍, അലി, ഉസ്മാന്‍ എന്നിവരുടെ വാള്‍, ഫാത്വിമ ബീവിയുടെ വസ്ത്രം, കഅ്ബയുടെ താക്കോൽ എന്നിവയാണ് മ്യൂസിയത്തിലുള്ളതെന്ന് അവിടെ എഴുതി വച്ചിരുന്നു.

istambul 07

കൊട്ടാരത്തിനോടു ചേർന്നാണ് രാജ്ഞിമാരുടേയും തോഴിമാരുടേയും ‘ചെറിയ’ കൊട്ടാരം. ചെറിയ കൊട്ടാരത്തിന്റെ അകത്തളവും വിവിധ രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. കൊട്ടാരക്കെട്ടിന്റെ സൗന്ദര്യം ആസ്വദിച്ചു നീങ്ങുന്നതിനിടെ സമീപത്തുള്ള പള്ളിയിൽ നിന്നു ബാങ്കു വിളി ഉയർന്നു. മറ്റു രാജ്യങ്ങളിൽ കേട്ടതിൽ നിന്നു വ്യത്യസ്തമായി തുർക്കിയിലെ ബാങ്കുവിളി സംഗീതാത്മകമായിരുന്നു. ബാങ്ക് വിളി നേരത്തേ റെക്കോഡ് ചെയ്ത് പ്രക്ഷേപണം ചെയ്യുന്നതായിരിക്കുമെന്നാണു കരുതിയത്. റോഡിലൂടെ കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ബാങ്കു വിളി ഉയരുന്ന സ്ഥലം കണ്ടു. ചെറിയ ദ്വാരങ്ങളുള്ള ഒരു മുറിയുടെ അകത്തിരുന്ന് ഒരാൾ കണ്ഠം നിറഞ്ഞ് ബാങ്കു വിളിക്കുന്നു.സൂഫി നൃത്തം റെയിൽവേ സ്റ്റേഷനിൽ

istambul 08

കൊട്ടാരക്കാഴ്ചകൾക്കു ശേഷം വൈകിട്ട് സിർക്കേച്ചിയിലെത്തി. അവിടെ പഴയ റെയിൽവേ സ്‌റ്റേഷനുണ്ട്. ഈ േസ്റ്റഷനിൽ നിന്നാണ് ഓറിയന്റ് എക്സ്പ്രസ്സ് ഓടിത്തുടങ്ങിയത്. ഇപ്പോൾ സർവീസില്ല. റെയിൽവേ േസ്റ്റഷനിൽ രാത്രിയിൽ ദർവീശുകൾ നൃത്തം അവതരിപ്പിക്കുന്നുണ്ട്. അതു കാണാനാണ് സിർക്കേച്ചിയിലെത്തിയത്.

ഇസ്താംബൂളിൽ പലയിടങ്ങളിൽ സൂഫി നൃത്തം അവതരിപ്പിക്കുന്നുണ്ട്. മിക്കതും വിദേശികൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ‘പ്രദർശനം’ മാത്രമായിരുന്നു. ചില ഹോട്ടലുകളിൽ ഡിസ്കോ ലൈറ്റുകൾക്കു മുന്നിലാണത്രേ സൂഫി നൃത്തം!

റെയിൽവേ േസ്റ്റഷനിൽ ചെറിയ ഹാളിൽ കുറച്ചു പ്ലാസ്റ്റിക്ക് കസേരകൾ നിരത്തിയിരുന്നു. സൂഫി നൃത്തം കാണാൻ കുറച്ചാളുകൾ മാത്രമാണ് എത്തിയത്. കാണികൾക്ക് ചെറിയ കോപ്പയിൽ പാനീയം വിളമ്പി. കട്ടൻചായയുടെ നിറമുള്ള ദ്രാവകം – ആപ്പിൾ ടീയാണ്. ആപ്പിൾ ഉണക്കിപ്പൊടിച്ചു തിളപ്പിച്ചാണ് ആപ്പിൾ ടീ തയാറാക്കുന്നത്.

വേദിയിൽ ആദ്യമെത്തിയത് എഴുപതു വയസ്സിലേറെ പ്രായം തോന്നിക്കുന്ന മൂന്ന് മുത്തച്ഛന്മാരാണ്. അവർ വാദ്യോപകരണങ്ങൾ വായിച്ചു. വയലിൻ, ഗിത്താർ, ഡ്രം എന്നിവയോടു സാമ്യമുള്ള വാദ്യോപകരണങ്ങളായിരുന്നു അത്. അതു പ്രാർഥനയാണെന്ന് പിന്നീടാണു മനസ്സിലായത്. പ്രാർഥന ആസ്വദിക്കുന്നതിനിടെ മൂന്നു ദർവീശുകൾ കടന്നു വന്നു. വ്യത്യസ്ത ആകാരത്തിലുള്ള മൂന്നു പേർ. നടുവിൽ നിൽക്കുന്നയാൾക്ക് നല്ല ഉയരമുണ്ട്. രണ്ടാമൻ അത്യാവശ്യം വണ്ണമുള്ളയാളാണ്. പിന്നെ കഷ്ടി ഇരുപത് വയസു തോന്നുന്ന ഒരു കുഞ്ഞു സൂഫി. മൂന്നു പേരുടേയും മുഖഭാവം ശാന്തമായിരുന്നു. വെളുത്ത നീളൻ കുപ്പായത്തിനു മീതെ കറുത്ത മേലങ്കി ധരിച്ചാണ് സൂഫികളെത്തിയത്. വേദിയിലെത്തിയ ഉടനെ അവർ കറുത്ത മേലങ്കി അഴിച്ചു മാറ്റി. ശവകുടീരത്തെ സൂചിപ്പിക്കുന്നതാണത്രേ കറുത്ത മേലങ്കി.

മൂവരും ഒരേ താളത്തിലാണ് നൃത്തം വച്ചതെങ്കിലും ശൈലി വ്യത്യസ്തമായിരുന്നു. മറ്റു നൃത്തരൂപങ്ങളിലേതു പോലെ സൂഫി നൃത്തത്തിനു ചുവടുകളുണ്ട്. പതുക്കെപ്പതുക്കെ നർത്തകരുടെ ചുവടുകൾക്കു വേഗം കൂടി. മിന്നുന്ന പ്രകടനത്തിലേക്ക് ഉയർന്ന് നൃത്തം സമാപിച്ചു.

കാണികൾ ഇരിക്കുന്ന സ്ഥലത്തേക്ക് നൃത്തവേഷം അഴിച്ചു മാറ്റിയ ദർവീശുകൾ എത്തി. ഒരു ദർവീശ് ജീൻസും ചുവന്ന ടീഷർട്ടും സൺഗ്ലാസും സ്പോർട്സ് തൊപ്പിയും ധരിച്ചാണ് എത്തിയത് (സമയം രാത്രി 10 കഴിഞ്ഞിരുന്നു). അദ്ദേഹത്തിന്റെ പേരു ചോദിച്ചു. "നോ ഇംഗ്ലീഷ്" പരിഭ്രമത്തോടെ അദ്ദേഹത്തിന്റെ മറുപടി. ‘നെയിം’ എന്നു പല തവണ ആവർത്തിച്ചപ്പോൾ ‘മെഹ്മദ് ’ – താഴ്ന്ന സ്വരത്തിൽ പേരു പറഞ്ഞു.നൃത്തം അവതരിപ്പിച്ച മൂന്നു പേരും കാണികളുടെ കയ്യിൽ നിന്നു ചില്ലറയും കറൻസി നോട്ടുകളും സ്വീകരിച്ചു. പിറ്റേന്ന് വഴിയിലോ ഏതെങ്കിലും കടകളിലോ മറ്റൊരു വേഷത്തിൽ ദർവീശുകളെ കാണുമായിരിക്കാം.

ഭംഗിയുള്ള പൂച്ചകൾ, അഴകുള്ള കാർപെറ്റ്

നൃത്തം കണ്ടതിനു ശേഷം റെയിൽവേ േസ്റ്റഷനിൽ നിന്നു പുറത്തിറങ്ങി. േസ്റ്റഷന്റെ മുൻവശത്തു കുറേ പൂച്ചകളെ കണ്ടു. ക്യാമറയെടുത്ത് അവയുടെ കുറച്ചു ചിത്രങ്ങൾ പകർത്തി. അപ്പോഴേക്കും പൂച്ചക്കുട്ടികൾ ബാഗിനുള്ളിലേക്ക് കയറി. പൂച്ചകളുടെ നഗരമാണ് ഇസ്‌താംബൂൾ. വഴിയരികിലൂടെ അലസമായി നടക്കുകയും ഉറങ്ങുകയും ചെയ്യുന്ന പൂച്ചകളെ കാണാം. അവയ്ക്ക് ആളുകളെ പേടിയില്ല. ഇസ്താംബുളിലെ പൂച്ചകൾക്ക് കേരളത്തിലെ പൂച്ചകളെക്കാളും വലലുപ്പമുണ്ട്, രോമവും കൂടുതലാണ്. ഇസ്താബൂളിലെ പൂച്ചകളെ പ്രമേയമാക്കി കേഡി എന്നൊരു ഡോക്യുമെന്ററി ഇറക്കിയിരുന്നു. പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ കെയ്ഡ ടോറുനാണ് അത് ഒരുക്കിയത്.

പൂച്ചകളോടു യാത്ര പറഞ്ഞ് ഹോട്ടലിലേക്കു നടന്നു. പാതയോരത്ത് കാർപെറ്റ് വിൽക്കുന്ന കടയിൽ കയറി. ടർക്കിഷ് കാർപെറ്റ് പ്രശസ്തമാണ്. നൂലുകളാൽ നെയ്തുണ്ടാക്കുന്ന വലിയ കാർപെറ്റുകൾ ലഭ്യമാണ്. അവയുടെ വലുപ്പം തിരിച്ചറിയാനായി കടകളുടെ ചുമരിൽ വിടർത്തിട്ടിരുന്നു.

വഴിയോരത്തെ ഭക്ഷണശാലയിൽ അത്താഴം കഴിക്കാനായി കയറി. ഭക്ഷണശാലയിൽ ആപ്പിൾ ടീ സൗജന്യമാണ്. അവിടെ നിന്നു റൊട്ടിയും തേസ്റ്റി കബാബും കഴിച്ചു. മാംസവും പച്ചക്കറികളും മസാലകളും നിറച്ച് കനലിൽ വേവിച്ചെടുത്തതാണ് തേസ്റ്റി കബാബ്. കൂജയുടെ ആകൃതിയിലുള്ള നീളൻ മൺപാത്രത്തിലാണു പാചകം. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മുന്നിൽ മേശപ്പുറത്തു വച്ച് മൺപാത്രത്തിനു ചുവട്ടിൽ തീകൊളുത്തും. തീയാളുന്ന മൺപാത്രത്തിന്റെ അടപ്പ് കത്തി ഉപയോഗിച്ച് ഉടച്ചാണ് വിഭവം പുറത്തെടുത്തു വിളമ്പുന്നത്. നമ്മുടെ നാട്ടിൽ കിട്ടുന്ന കബാബ് പോലെയല്ല, കറി പോലെ കുഴമ്പു രൂപമുള്ളതാണ് തുർക്കിയിലെ തേസ്റ്റി കബാബ്. ‘ടേസ്റ്റി’ എന്ന ഇംഗ്ലിഷ് വാക്കിൽ നിന്നുണ്ടായ പേരാണോ തേസ്റ്റിയെന്നു സംശയിച്ചു. അല്ല, ടർക്കിഷ് ഭാഷയിൽ പാത്രത്തെ സൂചിപ്പിക്കുന്ന വാക്കാണു തേസ്റ്റി.

ഒട്ടുമിക്ക ഭക്ഷണശാലകളിലും അത്താഴത്തിനൊപ്പം പുകയ്ക്കാൻ ഹുക്കയോ ശീഷയോ കിട്ടും. പല രുചികളിൽ പുക ലഭ്യമാണ്. ഹുക്കയിലെ പുകയ്ക്കു ലഹരിയില്ല. വായിലൂടെ ചൂടു പുക ശരീരത്തിലേക്കു കടത്തി വിടുന്നു. അതു പുറത്തേക്ക് ഊതുന്നു. രസകരമായ ഒരു വിനോദം!

Tags:
  • Manorama Traveller