ഒരു കൊതുമ്പു വള്ളത്തിന്റെ പടിയിലിരുന്ന് വേമ്പനാട്ടു കായലിലേക്ക് ഹൃദയമെറിഞ്ഞു. ഓളങ്ങളെ മുറിച്ച് വള്ളം മുന്നോട്ടൊഴുകിയപ്പോൾ തുഴക്കാരന്റെ ചുണ്ടത്ത് വഞ്ചിപ്പാട്ടിന്റെ ഈണം. താറാക്കൂട്ടവും കൊയ്ത്തുകാരി പെണ്ണാളും കഥാപാത്രമായ പാട്ടു കേട്ട് തൊമ്മിച്ചായൻ അമർന്നിരുന്നു. തോളത്തു തൂക്കിയ തോർത്തുകൊണ്ടു വിയർപ്പു തുടച്ച് അദ്ദേഹം ചിത്തിര കായലിന്റെ ബണ്ട് ചൂണ്ടിക്കാട്ടി. ‘‘ ഇക്കാണുന്ന കര മുരിക്കന്റെ സ്വപ്നമായിരുന്നു.
ആരുടേയുമല്ലാതെ കിടന്ന കായലും കയവും കരയാക്കിയതു മുരിക്കനാണ്. ഇപ്പോഴത്തെ പിള്ളേർക്ക് ആ കഥയൊന്നും അറിയത്തില്ല’’ മീശയിൽ പറ്റിപ്പിടിച്ച പൊടി തട്ടിക്കളഞ്ഞ് തൊമ്മിച്ചായൻ മൂക്ക് കൂട്ടിത്തിരുമ്മി. ‘‘കുട്ടനാടിന്റെ ഉടമയാണ് മുരുക്കുംമൂട്ടിൽ ഔതച്ചൻ എന്ന മുരിക്കൻ ജോസഫ്. കായലിന്റെ നടുവിൽ വരമ്പു കെട്ടി നെല്ലു വിളയിച്ച മുരിക്കൻ ഞങ്ങൾക്കു തലതൊട്ടപ്പനാണ്.’’ വിരലുകൊണ്ടു വട്ടം വരയ്ക്കുന്ന പോലെ തൊമ്മിച്ചായൻ കുട്ടനാടിന്റെ പുരാണത്തിലേക്കു കടന്നു. രണ്ടു തവണ വെള്ളപ്പൊക്കം നീന്തിക്കടന്നയാളാണ് കക്ഷി. നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് യുബിസിയുടെ അമരത്തു നിന്ന് ആർപ്പു വിളിക്കുന്ന തൊമ്മിച്ചായനെ അറിയാത്ത കുട്ടനാട്ടുകാരില്ല. ‘പതിനെട്ടു കരി’കളിൽ തൊമ്മിച്ചായനു പരിചയമില്ലാത്ത കുടുംബങ്ങളുമില്ല. അതുകൊണ്ടാണ് കൈനകരി കാണാനിറങ്ങിയപ്പോൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത തൊമ്മിച്ചായനെ തിരഞ്ഞു കണ്ടെത്തി കൂടെ കൂട്ടിയത്.
മുരിക്കനുണ്ടാക്കിയ കര
പഞ്ചായത്ത് ബോട്ട് ജെട്ടിയാണ് കൈനകരിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കടവ്. കൈനകരിയിലെ താമസക്കാർ ബോട്ട് ജെട്ടിക്കു സമീപത്തുള്ള പാർക്കിങ് പുരയിൽ വാഹനങ്ങൾ നിർത്തും. അവിടെ നിന്നു ബോട്ട് കയറി വീട്ടിൽ പോകും. പത്തു മിനിറ്റ് ഇടവേളയിൽ ബോട്ടുണ്ട്. ബോട്ട് ജെട്ടിയുടെ സമീപത്ത് പലചരക്കു കട, ചായക്കട, ജ്യൂസ് പാർലർ തുടങ്ങി ചെറു സ്ഥാപനങ്ങൾ. ശിക്കാര വള്ളങ്ങളും ഹൗസ് ബോട്ടും സർക്കാർ ബോട്ടുകളും കടന്നു പോകുമ്പോൾ ഇവിടെ ജനം നിറയും.
ബോട്ട് ജെട്ടിയിൽ നിന്ന് ഒരു കി.മീ. വടക്ക് ചേരിമൂലയാണ് കുട്ടമംഗലത്തുള്ളവരുടെ കടവ്. ‘‘കരുണാലയം ജെട്ടിയിൽ നിന്നു മാർത്താണ്ഡം, റാണി കായലുകൾ കടന്ന് ആർ ബ്ലോക്കിനരികിലൂടെ സഞ്ചരിച്ച് വട്ടക്കായലിനെ തൊട്ട് മടങ്ങി വരാം’’ കുട്ടമംഗലത്തു ജനിച്ച സന്ദീപ് വള്ളത്തിലിരുന്ന് റൂട്ട് മാപ്പ് വിശദീകരിച്ചു. യമഹ എൻജിൻ മുരണ്ടു. വള്ളം പുത്തൻ കായലിലേക്ക് കുതിച്ചു.
മാർത്താണ്ഡം കായലിന്റെ കൈവഴിയിൽ യാത്ര ചെയ്യുമ്പോൾ പടിഞ്ഞാറു കരയിൽ കെട്ടിടങ്ങൾ കാണാം. ബാക്കി മൂന്നു വശവും വെള്ളം. കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന കായലിൽ വരമ്പു കെട്ടി നെല്ലു കൊയ്ത ജോസഫ് മുരിക്കന്റെ ബുദ്ധിക്കും ധൈര്യത്തിനും മുന്നിൽ സാഷ്ടാംഗം പ്രണമിക്കാതെ തരമില്ല.
‘‘രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞാണ് കുട്ടനാടിന്റെ പിറവി. പ്രജകൾ പട്ടിണിയാകാതിരിക്കാൻ കൂടുതൽ സ്ഥലത്തു കൃഷി ചെയ്യണമെന്നു ചിത്തിര തിരുനാൾ മഹാരാജാവ് കൽപിച്ചു. രാജ്യസ്നേഹിയായ മുരിക്കൻ പണിക്കാരേയും കൂട്ടി കായലിൽ ഇറങ്ങി. തെങ്ങിന്റെ കുറ്റി നാലായി മുറിച്ച് ചെളിയിൽ അടിച്ചിറക്കി. അടിഭാഗം വീതി കൂട്ടിയും മുകൾവശം വീതി കുറച്ചും ചിറ കെട്ടി. മുള നിരത്തി അതിനു മുകളിൽ കറ്റയും കുറ്റിച്ചെടികളും വിരിച്ച് ബണ്ട് ബലപ്പെടുത്തി. ചക്രം തിരിച്ച് വെള്ളം വറ്റിച്ചു. അവിടെ കട്ടികുറഞ്ഞ ചെളി നിറച്ച് വിത്ത് വിതച്ചു. 1940ൽ ആദ്യമായി കായലിനു നടുവിൽ നെല്ല് വിളഞ്ഞു.’’ പ്രായം ചുളിവു വീഴ്ത്തിയ തൊമ്മിച്ചായന്റെ മുഖത്ത് ഓർമകളുടെ അലയിളകി. ആവേശം ചോരാത്ത അദ്ദേഹം കഥകളുടെ കെട്ടഴിച്ചു.
മുരിക്കനും നാട്ടുകാരും ചേർന്ന് കുട്ടനാട്ടിൽ വേറെയും ബണ്ടു കെട്ടി. കായൽ നികത്തി ഉണ്ടാക്കിയ പാടങ്ങൾക്ക് മാർത്താണ്ഡം, ചിത്തിര, റാണി എന്നിങ്ങനെ പേരിട്ട് രാജകുടുംബത്തിനോട് മുരിക്കൻ ആത്മാർഥത കാണിച്ചു. ചിത്തിര കായൽ 716 ഏക്കർ, മാർത്താണ്ഡം 674, റാണി കായൽ 568 ഏക്കർ. ആളുകൾ മാറി മാറി ചക്രം ചവിട്ടിയാണ് വെള്ളം വറ്റിച്ചിരുന്നത്. വർഷത്തിൽ രണ്ടു തവണ വിതയ്ക്കും. മേയ് മാസത്തിൽ വിത്തിട്ട് സെപ്റ്റംബറിൽ കൊയ്യുന്നത് വിരിപ്പൂ. നവംബറിൽ വിതച്ച് മാർച്ചിൽ കൊയ്യുന്നത് പുഞ്ച.’’ – ചിത്തിര കായലിൽ നെല്ലു വിളഞ്ഞതിന്റെ കണക്ക് തൊമ്മിച്ചൻ പറഞ്ഞു. വള്ളം അപ്പോഴേക്കും ആർ ബ്ലോക്കിനു സമീപത്തെ ക്രിസ്ത്യൻ പള്ളിയുടെ മുന്നിലെത്തി.
ചിത്തിരപള്ളി
കാവാലത്തു ജനിച്ച മുരിക്കൻ നിർമിച്ചതാണ് ചിത്തിരപ്പള്ളി. കൈനകരി ഉൾപ്പെടുന്ന കുട്ടനാട്ടിലെ ആദ്യത്തെ ആരാധനാലയം. പലപ്പോഴായി നവീകരണം നടത്തിയ പള്ളിയിൽ ഇപ്പോൾ നിത്യാരാധനയില്ല. സർക്കാർ ബോട്ടിലും ശിക്കാര വള്ളങ്ങളിലുമായി കുട്ടനാട് കാണാനെത്തുന്നവരിൽ പലർക്കും ചിത്തിരപ്പള്ളിയുടെ അണിയറക്കഥ അറിയില്ല. ആരെങ്കിലും പറയാതെ മനസ്സിലാക്കാൻ അവിടെ ബോർഡുകളൊന്നും സ്ഥാപിച്ചിട്ടുമില്ല.
മുരിക്കൻ നിർമിച്ച പള്ളിയിൽ നിന്നു മടങ്ങും വഴി റാണി കായലിന്റെ ബണ്ടിൽ ഒറ്റയ്ക്കു നിൽക്കുന്ന വീടു കണ്ടു. അറുപതു വയസ്സു കഴിഞ്ഞ ദമ്പതികളാണ് താമസക്കാർ, ഗോപി – സന്നമ്മ. രണ്ടു കിലോമീറ്റർ ചുറ്റളവിൽ വിളി കേൾക്കാൻ ആരുമില്ലെന്ന ഭയം അവരെ ഇന്നുവരെ പരിഭ്രാന്തരാക്കിയിട്ടില്ല. രണ്ടാഴ്ചയിലൊരിക്കൽ കൈനകരി ‘ടൗണിൽ’ പോയി അരി വാങ്ങിക്കൊണ്ടു വരുമെന്ന് സന്നമ്മ പറഞ്ഞു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കമുണ്ടായപ്പോൾ ഏറ്റവുമൊടുവിലാണ് രക്ഷാ പ്രവർത്തകർ ഇവരുടെ വീട്ടിലെത്തിയത്. ‘ആളുകൾ വരുന്നതു വരെ ഞങ്ങൾ രണ്ടാളും തെങ്ങിൽ പിടിച്ചു കിടന്നു.’’ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ച് സന്നമ്മ പറഞ്ഞു. കുട്ടനാട്ടിലെ കൈത്തോടിന്റെയും വട്ടക്കായലിന്റെയും ബണ്ടുകളിൽ ഇതുപോലെ ഒരുപാടു പേരുണ്ട്. മക്കൾ ആലപ്പുഴയിൽ വീടു വച്ചിട്ടും അവരോടൊപ്പം പോകാതെ, സാഹചര്യങ്ങളെ തോൽപിച്ച്, ജനിച്ച മണ്ണിനെ നെഞ്ചോടു ചേർത്ത് അവർ ജീവിക്കുന്നു.
‘‘മണ്ണിൽ പൊന്നു വിളയിച്ച കർഷകരുടെ നാടാണ് കുട്ടനാട്. ഈ മണ്ണിൽ രാസവളം വാഴില്ല’’ കൃഷി ചെയ്ത് കുടുംബം പുലർത്തിയിരുന്ന കുട്ടമംഗലം മൂലേടത്ത് അഗസ്റ്റിൻ അനുഭവം പങ്കു വച്ചു. ‘‘വേമ്പനാട്ടു കായലും പമ്പയാറും പാടശേഖരങ്ങളും പണ്ട് ചെമ്പകശേരി രാജാവിന്റെ അധികാരത്തിലായിരുന്നു. പാടശേഖരങ്ങൾക്ക് ‘കരി’ ചേർത്താണ് അക്കാലത്ത് പേരിട്ടത്. കുട്ടനാട്ടിൽ പതിനെട്ടു കരികളുണ്ട്. തലപ്പുലയന്മാരായിരുന്നു കരിയുടെ മേൽനോട്ടക്കാർ. കാലക്രമേണ കരികൾ തലപ്പുലയന്മാരുടെ പേരിൽ അറിയപ്പെട്ടു.’’ തലപ്പുലയനായിരുന്ന കനകന്റെ കരിയാണ് ‘കൈനകരി’യായതെന്നും ചേന്നന്റെ കരി ‘ചേന്നംകരി’യായെന്നും അഗസ്റ്റിൻ പറഞ്ഞു. തലമുറകളായി കൈമാറി വരുന്ന ഇത്തരം കഥകളാണ് കുട്ടനാട്ടുകാരുടെ പൂർവകാല ചരിത്രം.
കൈനകരിയിൽ കൂടുതൽ ആൾ പാർപ്പുള്ള സ്ഥലം കുപ്പപ്പുറമാണ്. പോേസ്റ്റാഫിസും ഓർത്തഡോക്സ് പള്ളിയും സ്കൂളും ബോട്ട് ജെട്ടിയുമുള്ള ജംക്‌ഷനാണ് കുപ്പപ്പുറം. കുപ്പപ്പുറവും ഇവിടത്തുകാരും കുട്ടനാടിന്റെ വികസന ചരിത്രത്തിന്റെ ഭാഗമായി. വിശുദ്ധനായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന കുട്ടമംഗലത്തെ പള്ളിയാണ് സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു കേന്ദ്രം. വീട് അതേപടി നിലനിർത്തിക്കൊണ്ടു നിർമിച്ച പള്ളി തീർഥാടന കേന്ദ്രമായി അറിയപ്പെടുന്നു.
ചെറുകാലി കായൽ, കുട്ടമംഗലം, ഭജനമഠം, കിഴക്കേ ചേന്നങ്കരി, ഐലന്റ് വാർഡ്, തെക്കേ വാർഡ്, പഞ്ചായത്ത് വാർഡ്, ഇടപ്പള്ളി വാർഡ്, പുത്തൻതുരം, തോട്ടുവാത്തല, അറുനൂറ്റുംപാടം, പടിഞ്ഞാറെ കുട്ടമംഗലം, തോട്ടുകടവ് – ഇവയാണ് കൈനകരിയിലെ മറ്റു തുരുത്തുകൾ. ഓരോ തുരുത്തിനെയും ബണ്ടുകളാക്കി പണ്ട് കൃഷി ചെയ്തിരുന്നു. ബോയിലറിൽ മരക്കരി കത്തിച്ച് അതിന്റെ ആവിയിൽ മോട്ടോർ പ്രവർത്തിപ്പിച്ച് ചിറയിലെ വെള്ളം വറ്റിച്ചാണ് നെല്ലു വിതച്ചിരുന്നത്. ‘‘ മറുനാട്ടുകാരെ അതൊന്നും പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയില്ല.’’ കൈപ്പത്തിയിലെ തഴമ്പിൽ വിരലോടിച്ച് തൊമ്മിച്ചായൻ ദീർഘനിശ്വാസം വിട്ടു.
വള്ളപ്പെരുമ
നാഷനൽ ഹൈവേയിൽ ചീറിപ്പായുന്ന പലതരം കാറുകൾ പോലെ വിവിധ തരം വള്ളങ്ങൾ വേമ്പനാട്ടുകായലിൽ കാണാം. ചെറുവള്ളം, ഇടത്തരം വള്ളം, വലിയ വഞ്ചി, ശിക്കാര വള്ളം, ഫൈബർ ബോട്ട്, റൈസ് ബോട്ട്, ഹൗസ് ബോട്ട്, ജങ്കാർ തുടങ്ങി കുട്ടനാടിന്റെ ഗതാഗത മേഖല വിപുലം. ‘അത്യാവശ്യം കഴിഞ്ഞു കൂടാൻ’ വകയുള്ളവരൊക്കെ എൻജിൻ ഘടിപ്പിച്ച ബോട്ടാണ് ഉപയോഗിക്കുന്നത്.
‘‘ചെറുപ്പക്കാർ തൊഴിൽ തേടി ആലപ്പുഴയ്ക്കു പോയപ്പോഴാണ് ഇവിടത്തുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. ഓലപ്പുരകൾ ടെറസായി. വീട്ടുമുറ്റങ്ങളിൽ ടൈൽസ് വിരിച്ചു. പക്ഷേ, വെള്ളപ്പൊക്കം ഇപ്പോഴും ഭീഷണിയാണ്. മഴ കനത്താൽ സമാധാനത്തോടെ ഉറങ്ങാനാവില്ല.’’ കല്ലുപാലത്തു താമസിക്കുന്ന ഐപ്പ് ചേട്ടൻ നെഞ്ചത്തു കൈവച്ചു. ഐപ്പിന് കക്ക വാരലാണു തൊഴിൽ. ഒരു വർഷം മുൻപു വരെ വെള്ളത്തിൽ മുങ്ങിയാണ് കക്ക വാരിയിരുന്നത്. ഇപ്പോൾ വെള്ളത്തിൽ ഇറങ്ങേണ്ട ആവശ്യമില്ല. ‘പല്ലി’ വച്ചാണ് കക്ക വാരുന്നത്. കുട്ടനാട്ടിൽ മത്സ്യബന്ധന രംഗത്ത് ഇറങ്ങിയ ഏറ്റവും പുതിയ ഉപകരണമാണ് മരത്തിൽ വല ചുറ്റി നിർമിച്ച പല്ലി.
വലവീശിയും കൂട വച്ചും ചൂണ്ടയിട്ടും തെറ്റാലിയിൽ അമ്പെയ്തും മീൻ പിടിച്ച് ജീവിതമാർഗം കണ്ടെത്തിയവരാണ് പഴയ തലമുറ. അവരിൽ ചിലർ കൈത്തോടിന്റെ കരയിൽ വലയുമായി ഇരിക്കുന്നതു കണ്ടു. ‘‘അക്കരെ പോയി ജോലി ചെയ്യുന്നവരിലാണ് പ്രതീക്ഷ. കൃഷിയിൽ ആത്മാർഥയില്ലാഞ്ഞിട്ടല്ല. പണിക്ക് ആളെ കിട്ടാനില്ല. കടം വാങ്ങി വിതച്ചാലും നഷ്ടം മാത്രം.’’ ഭജനമഠം പാടശേഖരത്ത് ഒന്നരയേക്കറിൽ നെൽ വിത്ത് വിതച്ചിട്ടുള്ള ആന്റണി ചൂണ്ടിക്കാട്ടി.
കായലിന്റെ ഭംഗി
കാലം വരുത്തിയ മാറ്റം കുട്ടനാട്ടിൽ തെളിഞ്ഞു കാണുന്നത് വഞ്ചിവീടുകളിൽ മാത്രം. ബാക്കിയെല്ലാം പാരമ്പര്യത്തിന്റെ തനിയാവർത്തനം. കാരണവന്മാർ കലുങ്കിൽ വട്ടം കൂടിയിരുന്നു വർത്തമാനം പറയുന്നു. പെണ്ണുങ്ങൾ കായലോരത്തു സമ്മേളനം കൂടുന്നു. കുട്ടികൾ മണ്ണപ്പം ചുട്ടു കളിക്കുന്നു... വഞ്ചിവീടിൽ കുട്ടനാട് കാണാനെത്തിയ ലണ്ടൻ സ്വദേശി സ്യൂവിനും സുഹൃത്തുക്കൾക്കും ആ ദൃശ്യം കൗതുകമായി. വരമ്പിലൂടെ ഓടി നടന്ന് അവർ ഫോട്ടോയെടുത്തു. ബ്രിട്ടനിലെ തെയിംസ് നദിയിലേതു പോലെ ട്യൂബ് ട്രെയിനും റോപ് കാറുകളും വരുമ്പോൾ കുട്ടനാട് നമ്പർ വൺ ഡെസ്റ്റിനേഷൻ ആകുമെന്ന് സ്യൂ അഭിപ്രായപ്പെട്ടു. അവിടത്തുകാരുടെ കൈപ്പുണ്യത്തെ പുകഴ്ത്തി. കമലന്റെ മൂലയിലെ റസ്റ്ററന്റിൽ നിന്നാണ് ഇംഗ്ലിഷുകാർ ഭക്ഷണം കഴിച്ചത്. ‘‘കപ്പ, മീൻകറി, കക്കയിറച്ചി’’ കടയുടമ ബിജു വിഭവങ്ങൾ നിരത്തി. കായലിന്റെ ഓരോ വളവിലും ഇതുപോലെ ചെറു റസ്റ്ററന്റുണ്ട്.
വഞ്ചി വീടുകൾക്ക് സ്ഥിരം ആങ്കറിങ് ഏരിയ ഏറെക്കാലമായി ഉയരുന്ന ആവശ്യമായിരുന്നു. മീനംപള്ളി കായലിൽ നടപ്പാലം കെട്ടി ഹൗസ് ബോട്ട് ടെർമിനൽ നിർമിച്ചതോടെ സ്വപ്നം സാക്ഷാത്കരിച്ചു. സീ പ്ലെയിൻ ഇറങ്ങാൻ ഒഴുകി നീങ്ങുന്ന ലാൻഡിങ് ഏരിയയും നിർമിച്ചു. പക്ഷേ, ‘ബിസിനസ് പിടിക്കാൻ’ എളുപ്പം ഹൈവേ സൈഡ് ആയതിനാൽ വഞ്ചിവീടുകൾ പഴയ താവളം വിട്ടു വരാൻ തയാറായില്ല.
പാലം പണി പൂർത്തിയായിട്ടും റോഡില്ലാത്തതിനാൽ വണ്ടി അക്കരെ നിർത്തി വീടണയാൻ വിധിക്കപ്പെട്ടവരാണ് കൈനകരി നിവാസികൾ. വണ്ടിപ്പുകയില്ലാത്ത നാടിനെ നോക്കി പുറം നാട്ടുകാർ അസൂയപ്പെടുമ്പോൾ കുട്ടനാട്ടുകാർ ഹൃദയപൂർവം പുഞ്ചിരിക്കുന്നു. ‘കുട്ടനാട് തനിമയോടെ നിലനിൽക്കും. അതു കാണാൻ വിമാനം കയറി ആളുകൾ വരും’... വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ തുടയിൽ താളമിട്ട് തൊമ്മിച്ചായൻ പറഞ്ഞു നിർത്തി.