Wednesday 10 May 2023 12:59 PM IST

തിരുനെറ്റിയിൽ സൂര്യനെയണിഞ്ഞ് കന്യാകുമാരി

Akhila Sreedhar

Sub Editor

kanya 04

കന്യാകുമാരിയിലേക്കാണോ? ട്രെയിൻ യാത്രയിലെ വിരസതയകറ്റാൻ പുറംകാഴ്ചകളിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് സഹയാത്രികയുടെ ഈ ചോദ്യം. ട്രെയിൻ തിരുവനന്തപുരം പിന്നിട്ടിട്ട് അധികസമയമായിട്ടില്ല. അവരുടെ തലയിലെ ‘വെളുത്ത സോക്സിട്ട മുടിനാരു’കളിലേക്കാണ് ആദ്യം ശ്രദ്ധപോയത്. പ്രായം 60 കടന്നിരിക്കണം. വെളുക്കെ ചിരിക്കുന്ന മുഖം. ചുവന്ന കല്ലിൽ തിളങ്ങുന്ന മൂക്കൂത്തി. കനകാംബരപൂമാല ഭംഗിയായി മുടിയിൽ ചുറ്റിവച്ചിരിക്കുന്നു. മറുപടി പറയാതെ അത്രനേരം തന്നെ ഉറ്റുനോക്കികൊണ്ടിരുന്നതെന്തിനെന്ന് തോന്നുന്നൊരു പരിഭവം അവരുടെ മുഖത്ത് നിറയുന്നതു കണ്ടപ്പോൾ പറഞ്ഞു, അതെ.

kanya 06

ഞാനും അങ്ങോട്ടാണ്. ക്ഷേത്രത്തിലേക്ക്... സംഭാഷണം മുറിയാതെ ഇരിക്കാനെന്നോണം അവർ തുടർന്നു. മറുപടി ചിരിയിലൊതുക്കിയെങ്കിലും പേര് എന്താണെന്ന് ചോദിച്ചറിയണമെന്ന് തോന്നി. പല്ലുമുഴുക്കെ പുറത്ത് കാണും വിധം ചിരിച്ചുകൊണ്ടവർ പറഞ്ഞു, ‘കന്യാകുമാരി അമ്മാൾ’. ഇന്ത്യയുടെ തെക്കേ അറ്റത്തെ അവസാനത്തെ റെയിൽവേ േസ്റ്റഷനിൽ ട്രെയിൻ ഇറങ്ങുമ്പോഴേക്കും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാടിന്റെ, കന്യാകുമാരിയുടെ മുക്കും മൂലയും പോലും അവരുടെ വാക്കുകളിലൂടെ പരിചിതമായി.


ഇവിടെ കടൽ കവിതയാകുന്നു

kanya 05

റെയിൽവേ േസ്റ്റഷനിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററേയുള്ളൂ കന്യാകുമാരി ക്ഷേത്രത്തിേലക്ക്. നടന്നെത്താവുന്ന ദൂരം. കടലിൽ നിന്ന് കിട്ടുന്ന ശംഖുകളും മറ്റും ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിച്ച് വിൽക്കുന്ന കടകളും പൂമാലകളും മറ്റ് പൂജാദ്രവ്യങ്ങളും വിൽക്കുന്ന കടകളുമാണ് വഴിയ്ക്ക് ഇരുവശത്തും. അവധിദിനമായതിനാൽ ക്ഷേത്രപരിസരത്ത് സഞ്ചാരികളുടെ നല്ല തിരക്കുണ്ട്. ക്ഷേത്രത്തിനുള്ളിലേക്ക് കയറും മുൻപേ വിവേകാനന്ദപ്പാറ കാണാനായി പോയി. കന്യാകുമാരി ക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടത്തിന് ഇടതുവശത്തു കൂടി ക്ഷേത്രത്തിന്റെ പിറകിലേക്ക് നീളുന്ന വഴി. കൃത്യമായി പറഞ്ഞാൽ ക്ഷേത്രത്തിന് കിഴക്കുഭാഗം. ബോട്ട് വരുന്നതും കാത്ത് നിന്നു. വാവതുറൈ മുനമ്പിൽ നിന്ന് 400 മീറ്ററോളം മാറി കടലിലാണ് വിവേകാനന്ദപ്പാറയും മണ്ഡപവും സ്ഥിതി ചെയ്യുന്നത്. അതിന് തൊട്ടടുത്തായി തിരുവള്ളുവർ പ്രതിമ. രാവിലെ എട്ടുമുതൽ അരമണിക്കൂർ ഇടവിട്ട് വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് സർവീസുണ്ട്. ബോട്ട് ചാർജും വിവേകാനന്ദപ്പാറ പ്രവേശനനിരക്കും കൂടി 100 രൂപയിൽ താഴെയേ വരൂ. കന്യാകുമാരി ക്ഷേത്രത്തിന് കിഴക്ക് നിന്നാൽ ഉദയാസ്തമനങ്ങൾ ദർശിക്കാനാകും. അതു മാത്രമല്ല പൗർണമി നാളിൽ ഒരേ സമയത്ത് തന്നെ ചന്ദ്രോദയവും സൂര്യാസ്തമയവും അല്ലെങ്കിൽ സൂര്യോദയവും ചന്ദ്രാസ്തമയവും കാണാനാകുമത്രേ. ഈ അറിവ് പങ്കുവച്ചത് കന്യാകുമാരി അമ്മാളായിരുന്നു. റെയിൽവേ േസ്റ്റഷനിലെ ആൾക്കൂട്ടത്തിനിടയിലെവിടെയോ വച്ച് അവരെ കാണാതെയായി. ഒരു യാത്ര പോലും പറയാതെ എവിടേക്കായിരിക്കും ഇത്ര ധൃതിയിൽ അവർ മാഞ്ഞുപോയിട്ടുണ്ടാവുക. ഒരു പക്ഷേ, ക്ഷേത്രപരിസരത്തെവിടെയെങ്കിലും വച്ച് വീണ്ടു കണ്ടുമുട്ടുമായിരിക്കും. കടലിരമ്പം കാതിൽ കാത്തിരിപ്പിന്റെ കവിതയെഴുതുന്നു. അധികം വൈകാതെ ബോട്ട് വന്നു.


പാപങ്ങൾ കഴുകുന്ന പുണ്യതീർഥം

kanya 02

തിരുവള്ളുവരുടെ ശിൽപ്പത്തിന് മുന്നിലൂടെ നീങ്ങിയ ബോട്ട് വിവേകാനന്ദപ്പാറയോടു ചേർന്ന പ്ലാറ്റ്ഫോമിലേക്ക് അടുത്തു. പ്രവേശനടിക്കറ്റ് എടുത്ത് അകത്ത് കയറി. ശ്രീപാദമണ്ഡപത്തിലേക്കാണ് ആദ്യമെത്തുക.കന്യകയായ ദേവി ഈ പാറയിലിരുന്നാണ് പരമശിവനെ തപസ്സ് ചെയ്തതെന്നാണ് വിശ്വാസം. കന്യാകാദേവിയുടേതെന്ന് വിശ്വസിക്കുന്ന ശ്രീപാദം ഇവിടെ പൂജിക്കുന്നു. 1892 ൽ സ്വാമി വിവേകാനന്ദൻ ശ്രീപാദപ്പാറയിലെത്തിയതായി പറയപ്പെടുന്നു. 1970 ലാണ് ഈ മണ്ഡപം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. പിന്നീട് ശ്രീപാദപ്പാറ, വിവേകാനന്ദപ്പാറ എന്ന് അറിയപ്പെട്ടു. ദേവക്കോട്ടയിലെ സ്ഥാപതി എസ് കെ ആചാരിയാണ് മണ്ഡപത്തിന്റെ രൂപകൽപന നടത്തിയത്. ഇരുപത്തിയഞ്ച് പടികൾ കയറി ചെല്ലുന്നിടത്താണ് സഭാമണ്ഡപം. ഏഴരയടി ഉയരമുള്ള വിവേകാനന്ദന്റെ പൂർണകായ വെങ്കലപ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ശ്രീപാദചിഹ്നം സംരക്ഷിക്കാൻ പ്രതിമയ്ക്ക് അഭിമുഖമായി പാറയിൽ ചെറിയൊരു മണ്ഡപം കാണാം. വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണപരമഹംസർക്കും അദ്ദേഹത്തിന്റെ പത്നി ശാരദാദേവിയ്ക്കുമായി രണ്ട് മുറികൾ സമർപ്പിച്ചിരിക്കുന്നു. ഓംകാരം മുഴങ്ങുന്ന ധ്യാനമണ്ഡപവും ഈ സമുച്ചയത്തിലുണ്ട്. വിവേകാനന്ദപ്പാറയുടെ ഇടതുഭാഗത്തായാണ് തമിഴ് സാഹിത്യക്കാരൻ തിരുവള്ളുവരുടെ പ്രതിമ. 38 അടി ഉയരമുള്ള പീഠത്തിനു മീതെ 95 അടി ഉയരമുള്ള പ്രതിമ.

തിരിച്ച്, ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് മുന്നിലൂടെ 2004 ലെ സുനാമി സ്മൃതി മണ്ഡപം പിന്നിട്ട് ത്രിവേണി സംഗമം കാണാനായി നടന്നു.കരിങ്കല്ലിനാൽ നിർമിച്ച മണ്ഡപത്തിന് താഴെ കടലിലേക്ക് ഇറങ്ങാവുന്ന പടികൾ. ഇന്ത്യൻ, അറേബ്യൻ, ബംഗാൾ സമുദ്രങ്ങൾ സംഗമിക്കുന്ന ഇടമായ ത്രിവേണിസംഗമത്തിൽ മുങ്ങിക്കുളിച്ചാൽ മർത്യജന്മത്തിലെ പാപങ്ങളെല്ലാം കഴുകിക്കളയാം എന്നാണ് വിശ്വാസം.

ഗാന്ധി സ്മൃതി മണ്ഡപമായിരുന്നു അടുത്തലക്ഷ്യസ്ഥാനം. 1948 ഫെബ്രുവരി 18 നാണ് മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ത്രിവേണി സംഗമത്തിൽ നിമജ്ജനം ചെയ്തത്. ഇതിന്റെ ഓർമയ്ക്കായി 1956 ലാണ് ഗാന്ധി സ്മൃതി മണ്ഡപം ഇവിടെ നിർമിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ രണ്ടിന്, മണ്ഡപത്തിന്റെ മേൽക്കൂരയിലെ സുഷിരത്തിലൂടെ ഗാന്ധിപ്രതിമയിലേക്ക് സൂര്യരശ്മികൾ പതിക്കും വിധം ഒഡീഷാ വാസ്തുവിദ്യ മാതൃകയിലാണ് മണ്ഡപത്തിന്റെ നിർമാണം.

kanya 01


കാത്തിരിപ്പിന്റെ പ്രണയകാവ്യം

പുറം കാഴ്ചകളുടെ മനോഹാരിത ഉള്ളിൽ നിറച്ചു. ഇനി ക്ഷേത്രത്തിനകത്തേക്ക്. കന്യാകുമാരി അമ്മാൾ‌ ട്രെയിനിൽ വച്ച് പറഞ്ഞ പ്രണയകഥ ഓർത്തു. പരമശിവനെ വിവാഹം ചെയ്യാൻ കാത്തിരുന്ന ദേവിയുടെ കഥ. വിവാഹം മുടങ്ങിയപ്പോൾ ഇനിയെന്നും കന്യകയായി തുടരുമെന്ന് ശപഥം ചെയ്ത ദേവി തന്റെ വിവാഹത്തിനായി ഒരുക്കിയ വിഭവങ്ങളെല്ലാം കടലിലെറിഞ്ഞത്രേ. അവയെല്ലാം നിറമുള്ള കല്ലും മണ്ണലുമായി മാറിയെന്നുമാണ് ഐതിഹ്യം. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനമെങ്കിലും കിഴക്കേനട അടച്ചിടുകയാണ് പതിവ്. ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന് അഥവാ ദേവീവിഗ്രഹത്തിന് അഞ്ചര അടിയോളം ഉയരമുണ്ട്. നിൽക്കുന്ന നിലയിലാണ് വിഗ്രഹം. കന്യാകുമാരി അമ്മാൾ പറഞ്ഞ കഥയിലെ മാണിക്യരത്ന മൂക്കൂത്തിയെവിടെ! തിരക്കിനിടയിലൂടെ ഒരു നോക്ക് കണ്ടു, ആയിരം വിളക്കുകളുടെ പ്രഭയെ പോലും തോൽപ്പിക്കുന്ന ദേവിയുടെ മൂക്കൂത്തിച്ചന്തം.

kanya 03

ക്ഷേത്രത്തിന്റെ കിഴക്കേ നട പണ്ട് തുറന്നതായിരുന്നത്രേ. കന്യാകുമാരി ദേവിയുടെ മൂക്കുത്തി തിളക്കം കണ്ട് ദീപസ്തംഭത്തിലെ പ്രകാശമാണെന്ന് തെറ്റിദ്ധരിച്ച് കടലിലൂടെ പോകുന്ന രണ്ട് കപ്പലുകൾ കരയിലടുപ്പിക്കാൻ ശ്രമിക്കുകയും പാറയിലിടിച്ച് തകർന്നു പോവുകയും ചെയ്തു. കടലിൽ വീണവരെയത്രയും ഒരു മുക്കുവ സ്ത്രീ രക്ഷപ്പെടുത്തിയെന്നും അത് ദേവിയാണെന്നുമാണ് വിശ്വാസം. ഈ കപ്പൽചേതം തുടർക്കഥയായപ്പോൾ കിഴക്കേനടയിലെ വാതിൽ താനെ അടഞ്ഞുപോയെന്നും കഥയുണ്ട്.

കൺനിറയെ ദേവിയെ കണ്ടു. അനുഗ്രഹം വാങ്ങി. ക്ഷേത്രത്തെ ചുറ്റിയുള്ള കാഴ്ചകള്‍ ഉള്ളിൽ നിറച്ചു. ഇനി കാണേണ്ടത് ഒരാളെ മാത്രം ഇക്കഥയത്രയും പറഞ്ഞ് കന്യാകുമാരിയെ എനിക്ക് പരിചയപ്പെടുത്തിയ ചുവന്നമൂക്കുത്തിയിട്ട, വെളുത്ത മുടിനാരുകളിൽ കനകാംബരപ്പൂമാല ചൂടിയ കന്യാകുമാരി അമ്മാളിനെ. ഓരോ നിമിഷവും ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു പിൻവിളി പ്രതീക്ഷിച്ചു നടന്നു.

വഴികാട്ടിയായി കൂടെ വന്ന ദേവിയായിരുന്നോ ഇനി അത്!