Monday 20 September 2021 02:55 PM IST

കാഴ്ചകളുടെ പവിഴക്കൊട്ടാരമാണ് ലക്ഷദ്വീപ്, മരതകനിറമുള്ള കടലും അതിനടിയിലെ അദ്ഭുതലോകവും തേടിയൊരു യാത്ര

Naseel Voici

Columnist

lak 1

പവിഴപുറ്റുകളും വർണമത്സ്യങ്ങളും കാഴ്ചയൊരുക്കുന്ന നീലക്കടൽ. എത്ര നടന്നാലും മതിവരാത്ത വെളുവെളുത്ത മണൽപരപ്പ്. കടലിനടിയിലെ വിസ്മയങ്ങളിലേക്ക് ഊളിയിടുന്ന വിനോദങ്ങൾ...ലക്ഷദ്വീപിന്റെ മണ്ണിലേക്ക് ക്ഷണം കിട്ടിയതു മുതൽ ഹൃദയത്തുടിപ്പിനു വേഗം കൂടി. ആഴക്കടലിലെ രാത്രിയാകാശം കണ്ട് കപ്പലിലേറി ചെന്നെത്തുന്ന ദ്വീപുകൾ എത്ര കാലമായുള്ള സ്വപ്നമാണ്! പറഞ്ഞ സമയത്തു തന്നെ കൊച്ചി വില്ലിങ്ടൻ ദ്വീപിലെത്തി. സുന്ദരക്കുട്ടപ്പനായി ‘ലക്ഷദ്വീപ് സീ’ ഒരുങ്ങി നിൽക്കുന്നു. വെറുതേ ഓടിക്കയറാനാവില്ല, കർശനമായ സുരക്ഷാ പരിശോധനകളുണ്ട്. ‘വിലക്കപ്പെട്ട കനി’കളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കപ്പലിലേക്കുള്ള ചെറുപാലം നീണ്ടു. കുപ്പായക്കാരും കുപ്പായക്കാരികളും കപ്പലിലേറി. ഫോർട്ട് കൊച്ചി കടപ്പുറത്തെ സഞ്ചാരികൾക്കരികിലൂടെ കൈവീശി കപ്പൽ പതിയെ ‌നീങ്ങിത്തുടങ്ങി. കരയുടെ വലയത്തിൽ നിന്ന് അറ്റം കാണാത്ത സമുദ്രത്തിലെത്തിയപ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു. കപ്പലിന്റെ മേൽത്തട്ടിന്റെ ഒരു കോണിൽ രാത്രിഭക്ഷണമൊരുങ്ങി. കൂടെ സഞ്ചാരികളുടെ ആട്ടവും പാട്ടും. രാത്രി വൈകുവോളം ആഘോഷം. പാതിരാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളും നോക്കി ഡെക്കിൽ കിടക്കുമ്പോൾ നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ മനസ്സറിയാതെ മൂളി – ‘‘കരകാണാ കടലല മേലെ... മോഹപ്പൂങ്കുരുവി പറന്നേ’’

lak 2

വരവേറ്റത് ‘കൽപ്പേനി’

lak 6

ഉദയസൂര്യന്റെ മുഖം നോക്കി കാറ്റുമേറ്റ് നിൽക്കുമ്പോഴാണ് ശ്രദ്ധിച്ചത്; കപ്പലിന്റെ വേഗം കുറയുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ ദൂരെ പച്ചപ്പിന്റെ ചെറുതുരുത്ത്. ‘‘കൽപ്പേനി’’ – ദ്വീപുകാരനായ സുഹൃത്ത് മുഹ്സിൻ കരയിലേക്ക് വിരൽചൂണ്ടി. ഒരു രാത്രി മുഴുവൻ ആഴപ്പരപ്പിനു കുറുകെ സഞ്ചരിച്ച് മറ്റൊരു കരയിലെത്തിയിരിക്കുന്നു. സാഗരസഞ്ചാരികൾ ആവേശം കൊണ്ടു. കരയോടടുക്കുന്നതിനനുസരിച്ച് ദൂരെ നിന്നു കണ്ട പച്ചപ്പിനു നീളം കൂടി വന്നു. എന്നാലും രണ്ടറ്റവും കാണാം. ‘‘3 കിലോമീറ്റർ നീളവും 1.5 കിലോമീറ്റർ വീതിയുമാണ് കൽപ്പേനിക്കുള്ളത്. നിങ്ങളുടെ കര പോലെ വലുതല്ല’’ – കപ്പലിൽ നിന്ന് ബോട്ടിലേക്കിറങ്ങുമ്പോൾ മുഹ്സിൻ പറഞ്ഞു. കപ്പൽ നേരിട്ട് കൽപേനി തീരത്തടുക്കില്ല. പകരം ബോട്ടുകളിലാണ് സഞ്ചാരികളെ കരയിലെത്തിക്കുന്നത്. കരയോടടുക്കും തോറും വിസ്മയമേറി. കൊച്ചിയിൽ നിന്ന് കപ്പലു കയറുമ്പോൾ കണ്ട കറുത്ത കടലല്ല ഇപ്പോഴുള്ളത് – പകരം നീലയും പച്ചയും കലർന്ന, നിലത്തെ മണൽ തെളിഞ്ഞു കാണാവുന്ന സ്ഫടികജലം. മീനുകൾ കൂട്ടമായി ചുറ്റിയടിക്കുന്നു. നീന്തിത്തുടിക്കാൻ മോഹിപ്പിക്കുന്ന കടൽ. മൂന്ന് കാറുകൾ. രണ്ട് ഓട്ടോ. രണ്ട് ഗുഡ്സ്. പിന്നെ കുറച്ചു ബൈക്കുകൾ – ഇത്രയുമാണ് ബോട്ട് ജെട്ടിയിൽ സഞ്ചാരികളെ കാത്തുകിടക്കുന്ന നാഹനങ്ങൾ. ‘‘ഇത്രയൊക്കെ വാഹനങ്ങളേ ഇവിടെയുള്ളൂ. സൈക്കിളുകളാണ് അധികവും. നടന്നെത്താവുന്ന ദൂരത്തിന് വാഹനങ്ങളുടെ ആവശ്യമില്ലല്ലോ’’ – യാത്രയ്ക്കിടെ പരിചയപ്പെട്ട ലക്ഷദ്വീപ് സ്വദേശി ഖുറേഷി പറഞ്ഞു. കാറിൽ കയറി അഞ്ചു മിനിറ്റ് സഞ്ചരിച്ചപ്പോഴേക്കും കൽപ്പേനി ബീച്ചെത്തി. വെളുത്ത മണൽപരപ്പിൽ തെങ്ങോലകൾ കൊണ്ടുണ്ടാക്കിയ കൂടാരങ്ങൾ. കടൽക്കാറ്റേറ്റ് കിടക്കാനുള്ള ചാരുകസാരകൾ. റസ്റ്ററന്റ്... മനോഹര കാഴ്ചകളാണ് ചുറ്റിലും. സ്കൂബാ ഡൈവിങ്ങിനും ബോട്ട് യാത്രയ്ക്കും താത്പര്യമുള്ള സഞ്ചാരികൾക്ക് അതിനുള്ള സൗകര്യവുമുണ്ട്. കടൽത്തീരത്തിനു തൊട്ടപ്പുറത്ത് വീടുകളും കാണാം. കരയിൽ നിന്നു മാറി, കടലിൽ അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്ന കുഞ്ഞൻദ്വീപുകളാണ് കൽപ്പേനിയിലെ മറ്റൊരാകർഷണം. പണ്ടു കാലത്ത് വലിയ ദ്വീപുകളായിരുന്നത്രേ ഓരോന്നും. പിന്നീട് കാലപ്രവാഹത്തിൽ കടൽക്ഷോഭങ്ങൾക്കു മുന്നിൽ ചിന്നിച്ചിതറി കുഞ്ഞൻമാരായി പോയതാണ്.

കുഞ്ഞൻമാരിൽ സുന്ദരൻ ‘പിട്ടി’

lak 8

കൽപേനി കരിക്കിന്റെ രുചി നുണഞ്ഞ് കാറ്റും കൊണ്ടിരിക്കെയാണ് തീരത്തു നിന്ന് ബോട്ടുകൾ പുറപ്പെടുന്നത് ശ്രദ്ധിച്ചത്. തൊട്ടപ്പുറത്തുള്ള ‘പിട്ടി’യെന്ന ദ്വീപിലേക്കാണ്. നേരം വൈകിക്കാതെ അടുത്ത ബോട്ടിൽ സീറ്റ് പിടിച്ചു. ബോട്ട് ഡ്രൈവറെ കണ്ടിട്ട് നടൻ നസിറുദ്ദീൻ ഷായെ പോലെ. സംസാരിക്കുന്ന കണ്ണുകളും നോട്ടവും. നീല നിറത്തിൽ സ്ഫടികം പോലെ വെട്ടിത്തിളങ്ങുന്ന കടലിലൂടെ ഒരു കുസൃതിച്ചിരിയോടെ അയാൾ ബോട്ട് പായിച്ചു. പിട്ടിയോടടുക്കുന്നതിനനുസരിച്ച് കടലിന്റെ മൊഞ്ച് കൂടി. ആവേശം അടക്കാനായില്ല. ബോട്ട് നിൽക്കുന്നതിനു മുൻപേ ചാടിയിറങ്ങി. മുട്ടോളം വെള്ളമുണ്ട്! വെള്ളത്തിന്റെ തിളക്കം കൊണ്ട് ആഴം മനസ്സിലാകാത്തതാണ്. സാരമില്ല, ഇവിടം വരെ വന്നിട്ടും ഈ കടലിനെ തൊട്ടറിഞ്ഞില്ലെങ്കിൽ പിന്നെ എന്തു കഥ! വിശ്രമിക്കാനായി ഓലമേഞ്ഞ കൂടാരങ്ങളുണ്ട്. വെട്ടിത്തിളങ്ങുന്ന കടലിൽ സഞ്ചാരികൾ ആരവങ്ങളുയർത്തി. കയാക്കിങ് ബോട്ടുകളും കുട്ടികൾക്കായുള്ള ചെറുബോട്ടുകളും നീലക്കടലിൽ പൂക്കളം തീർത്തു. ചില്ലു കൊണ്ടുണ്ടാക്കിയ ബോട്ടാണ് എല്ലാവരുടെയും ഫേവറിറ്റ്. ചില്ലിന്റെ അടിത്തട്ടുള്ള ബോട്ടിൽ കടൽ ചുറ്റുമ്പോൾ ആഴപ്പരപ്പിന്റെ കാഴ്ചകൾ വെള്ളം നനയാതെ അടുത്തു കാണാം. കടലിനെ തൊട്ട് വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാനായി ‘സ്നോർക്കലിങ്ങു’മുണ്ട്. ജനവാസമില്ലാത്ത ദ്വീപാണ് പിട്ടി. സഞ്ചാരികൾക്കു വേണ്ടി മാത്രമായുള്ളിടം. വിശ്രമകൂടാരത്തിനടുത്തെ തെങ്ങിൻതോപ്പിലെ ചെറുവഴിയിലൂടെ നടന്ന് ബീച്ചിന്റെ മറുവശത്തെത്തി. ‘പൈററ്റ്സ് ഓഫ് കരീബിയൻ’ സിനിമകളിലുള്ളതുപോലെ ഒറ്റപ്പെട്ടു കിടക്കുന്ന തീരം. തിരമാലകളും ചെറു പാറക്കൂട്ടങ്ങളും മാത്രം. കാറ്റു നീക്കിയിട്ട തെങ്ങോലകളും തീരത്തടിഞ്ഞ മീൻവലകളും...മൊത്തത്തിൽ ഒരു വശപ്പിശക്. വന്ന വഴിയേ തിരിച്ചു നടന്നു. തിരിച്ച് കൽപേനിയിലേക്കു പോകാനുള്ള ബോട്ടുകൾ ഒരുങ്ങിയിരുന്നു. ‘‘ഉച്ച കഴിയുമ്പോഴേക്ക് വേലിയിറക്കം തുടങ്ങും. അതിനു മുൻപ് മടങ്ങണം.’’ – ‘നസിറുദ്ദീൻ ഷാ’ പറഞ്ഞു. കൽപ്പേനിയുടെ തീരത്തിന് അപ്പോഴേക്കും പരിചമുട്ടിന്റെ താളമായിരുന്നു. പരമ്പരാഗത വേഷമണിഞ്ഞ് ഒരു കൂട്ടം കലാകാരന്മാർ സഞ്ചാരികൾക്കിടയിൽ പാട്ടു പാടി ചുവടുവയ്ക്കുന്നു. അവര്‍ താളമിട്ട ശീലുകൾ മൂളി വെറുതെ ദ്വീപിലൂടെ ചുറ്റിയടിച്ചു. ദൂരെ കടലിൽ അടുത്ത യാത്രയ്ക്കായി ‘ലക്ഷദ്വീപ് സീ’ നങ്കൂരമടിച്ചിരുന്നു.

മഹൽ പറയും മിനിക്കോയ്

lak 7

ഒരു രാത്രി കൂടി കപ്പലിൽ അന്തിമയങ്ങി. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് കണ്ണു തുറന്നപ്പോൾ മുന്നിൽ തെളിഞ്ഞത് അണിഞ്ഞൊരുങ്ങിയ ‘മിനിക്കോയ്’ കാഴ്ചകളാണ്. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപാണ് മിനിക്കോയ്. 10 കിലോമീറ്റർ നീളവും ആറു കിലോമീറ്റർ വീതിയുമുള്ള കുഞ്ഞുസാമ്രാജ്യം. മാലിദ്വീപിലേക്ക് ഇവിടെ നിന്ന് 100 കിലോമീറ്ററിൽ താഴെയാണ് ദൂരം. കപ്പൽ കരയടുത്തു. ‘മിനിക്കോയ് ഫെസ്റ്റ്’ ആഘോഷത്തിലേക്കാണ് കാലെടുത്തുവച്ചത്. നാടെല്ലാം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബീച്ചിൽ വലിയ പന്തൽ. കടലിൽ പല നിറങ്ങളുള്ള വള്ളങ്ങൾ. ‘‘ജഹാതോണി വള്ളം കളിക്കായാണ് ഈ ഒരുക്കങ്ങൾ. മിനിക്കോയിയുടെ ഏറ്റവും വലിയ ആഘോഷമാണിത്. എല്ലാ ദ്വീപിൽ നിന്നും വിരുന്നുകാരെത്തുന്ന കാലം’’ – ഖുറേഷി പറഞ്ഞു കാഴ്ചകൾ തേടി ചുറ്റി. മറ്റു ദ്വീപുകളിൽ നിന്നും വ്യത്യസ്തമാണ് മിനിക്കോയ്. മാലി ഭാഷയുമായി ചേർന്നു നിൽക്കുന്ന ‘മഹലി’ലാണ് സംസാരം. മലയാളം അറിയുന്നവർ നന്നേ കുറവ്. വലിയ വീടുകളും വീതിയേറിയ റോഡുകളും. കടൽത്തീരത്ത് കുട്ടികൾക്കായുള്ള പാർക്ക്. വെള്ളത്തിനുമുണ്ട് വ്യത്യാസം; അൽപം കൂടി തെളിഞ്ഞതാണ് ഇവിടുത്തെ കടൽ. കഥകളും കാഴ്ചകളും നിറഞ്ഞ പകലിനൊടുവിൽ കടൽത്തീരത്തിനടുത്തുള്ള റിസോർട്ടിലെത്തി. മിനിക്കോയിയിലെത്തുന്ന സഞ്ചാരികൾ രാപാർക്കുന്നത് ഇവിടെയാണ്. എല്ലാ സൗകര്യങ്ങളുമുള്ള സുന്ദരൻ ഒറ്റനില കെട്ടിടങ്ങൾ. മുറ്റത്തിറങ്ങിയാൽ മുന്നിൽ വിശാലമായ കടൽത്തീരം. കൂടാരങ്ങൾ. അതിനപ്പുറം, പച്ചയും നീലയും അതിരിടുന്ന കടൽപരപ്പ്. സ്വപ്നസമാനമായ കാഴ്ചകൾ.

lak 4

കടലിനടിയിലെ അദ്ഭുതലോകം

lak 5

കടലിൽ ആഘോഷിക്കുന്നതിനിടെയാണ് അലിയെ പരിചയപ്പെട്ടത്. സ്കൂബാ ഡൈവിങ് പരിശീലകനാണ് അലി. ‘‘ഡൈവിങ് നടത്താതെ മിനിക്കോയ് കാഴ്ച പൂർണമാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കടൽക്കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്’’– അലി പറഞ്ഞു. വിസ്മയങ്ങളൊന്നും കാണാതെ പോവരുതല്ലോ; അങ്ങനെ കടൽക്കരയിലെ ക്ലാസ്മുറിയിലെത്തി. വേറെയും സഞ്ചാരികളുണ്ട്. ഡൈവിങ്ങിന് മുൻപായുള്ള പരിശീലനമാണ്. വെള്ളത്തിനടിയിലെ ആംഗ്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമെല്ലാം വിവരിച്ചതിനൊടുവിൽ അലി ആഴക്കടലിലേക്ക് വിരൽചൂണ്ടി– ‘‘ദാ അവിടെയാണ് നമ്മൾ ഡൈവിങ് നടത്തുന്നത്’’ കരയിൽ നിന്നു കിലോമീറ്ററുകൾ ദൂരെ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചെറിയൊരു ഫൈബർ പ്ലാറ്റ്ഫോമിൽ ബോട്ട് അടുത്തു. ഓക്സിജൻ സിലിണ്ടറുകളും മുഖംമൂടികളും തയാറായിരുന്നു. ഓരോരുത്തരായി വേഷമണിഞ്ഞു. കണ്ണും മൂക്കും മറയുന്ന, ചില്ലു മുഖംമൂടിയിട്ട്, വായിൽ ഓക്സിജൻ പൈപ്പ് കടിച്ചു പിടിച്ച് വെള്ളത്തിലേക്കിറങ്ങി. ഒന്നു മുങ്ങിയപ്പോഴേക്കും പേടിച്ചു. മൂക്കിലൂടെ ശ്വാസമെടുത്തു പോയതു പോലെ. നാവിലൊക്കെ ഉപ്പുരസം. പെട്ടെന്ന് മുകളിലേക്കുയർന്നു. ‘‘വായ കൊണ്ടു മാത്രമേ ശ്വാസമെടുക്കാവൂ. പേടിക്കാനൊന്നുമില്ല’’ – അലി ധൈര്യം പകർന്നു. മെല്ലേ വീണ്ടും കടലിലേക്ക് ഊളിയിട്ടു. പതിയെ പതിയെ കൂടുതല്‍ താഴ്ചയിലേക്ക്. പേടി അദ്ഭുതത്തിനു വഴിമാറി. ശ്വാസം പതിയെയായി. കണ്ണുകളിൽ വല്ലാത്തൊരു തെളിച്ചം. അത്രയ്ക്ക് മനോഹരമാണ് കാഴ്ചകൾ. പല നിറത്തിലും വലുപ്പത്തിലുമുള്ള മത്സ്യങ്ങൾ തൊട്ടുരുമ്മി പോകുന്നു. താഴെ പവിഴപ്പുറ്റുകൾ. തൂവെള്ള മണൽ...സ്വപ്നമാണോ എന്നറിയാൻ കൈ നുള്ളി നോക്കി. അല്ല, സത്യം തന്നെ! കടലിന്റെ അടിത്തട്ടിൽ കാലുറപ്പിച്ച് മണലിലൂടെ മെല്ലേ നടന്നു. കൈ ഞൊട്ടുമ്പോൾ നൃത്തം വയ്ക്കുന്ന കുഞ്ഞുമീനുകൾ വലംവയ്ക്കുന്ന പവിഴപ്പുറ്റിന്റെ കാഴ്ച വാക്കുകൾക്ക് വിവരിക്കാനാവുന്നതിലും അപ്പുറമാണ്. പെട്ടെന്നാണ് അലി സൂക്ഷിക്കാൻ ആംഗ്യം കാണിച്ചത്. എന്നിട്ട് പവിഴപ്പുറ്റിനിടയിലേക്ക് വിരൽചൂണ്ടി – ഒളിഞ്ഞിരിക്കുന്ന ഈൽ മത്സ്യം. വർണമത്സ്യങ്ങളെപ്പോലെയല്ല, അൽപം പ്രശ്നക്കാരാണ് കക്ഷി. അടുത്താൽ കടിക്കും. പവിഴപ്പുറ്റ് തൊടുമ്പോഴും സൂക്ഷിക്കണം, ചിലത് വിഷം വഹിക്കുന്നവയാണ്. അര മണിക്കൂറോളം വെള്ളത്തിനടിയിലെ വിസ്മയക്കാഴ്ചകളിലൂടെ ചുറ്റി തിരികെ പ്ലാറ്റ്ഫോമിലെത്തി. മനസ്സിൽ പുതിയ ലോകം ത ളിർത്തതു പോലെ...വല്ലാത്തൊരു ഫീൽ. ഇത്രയും വിസ്മയങ്ങൾ ഈ ലോകത്തുണ്ടായിട്ടും, എന്തുകൊണ്ടായിരിക്കും ഇതൊന്നും കാണാതെ നമ്മൾ തിരക്കു പിടിച്ച് പായുന്നത്?

വഴികാട്ടും വെളിച്ചം

lak 3

പവിഴപ്പുറ്റുകൾ പെറുക്കിനടക്കുന്നതിനിടെയാണ് മുഹ്സിൻ ലൈറ്റ് ഹൗസിനെക്കുറിച്ചു പറഞ്ഞത്. ദ്വീപിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് 1885ൽ നിർമിച്ച ലൈറ്റ് ഹൗസ്. ഇംഗ്ലണ്ടിൽ നിന്ന് കല്ലുകൾ കൊണ്ടുവന്നാണത്ര 162 അടി ഉയരമുള്ള ഈ വിസ്മയം ഒരുക്കിയത്. ലൈറ്റ് ഹൗസിന്റെ നെറുകിലേക്ക് നടന്നു തുടങ്ങി. പക്ഷേ ആവേശത്തിന് അധികമായുസ്സുണ്ടായിരുന്നില്ല. കാലുകൾ കിതച്ചുത്തുടങ്ങി; എത്ര നടന്നിട്ടും തീരാത്ത പടികൾ! ഒടുക്കം പ ടികൾ അവസാനിച്ചിടത്ത് ആശ്വാസത്തോടെ നിന്നു. അപ്പോഴതാ മുകളിലേക്ക് വീണ്ടും ഒരു കോണി. അതും തൊണ്ണൂറു ഡിഗ്രി കുത്തനെ! ‘‘ഇതും കൂടെ കയറിനോക്ക്. വെറുതെയാവില്ല’’– മുഹ്സിൻ കണ്ണിറുക്കി. വലിഞ്ഞു കയറി ചെറിയ വാതിൽ തുറന്നു. നീണ്ടു കിടക്കുന്ന മിനിക്കോയ് ദ്വീപ്. ദൂരെ നീലയും പച്ചയും അതിരിടുന്ന കടൽ. അതിനോടു ചേർന്ന് വെളുത്ത ബീച്ച്. തെങ്ങിൻത്തോപ്പുകൾ... ആലീസിന്റെ അദ്ഭുതലോകത്തിലേക്കുള്ള വാതിൽ തുറന്നതുപോലെ എല്ലാം ഒരൊറ്റ ഫ്രെയ്മിൽ. കാഴ്ചകളിൽ ലയിച്ചു നിൽക്കുന്നതിനിടെ നേരം പോയതറിഞ്ഞില്ല. കടലിന്റെ ആലിംഗനത്തിൽ നിന്നു വിട്ടുമാറി കരയുടെ തിരക്കുകളിലേക്ക് പോകാൻ നേരമായിരുന്നു. തിരക്കിട്ട് പടികളിറങ്ങി തിരികെ ബോട്ട് ജെട്ടിയിലെത്തി. ‘‘കടൽ പിണങ്ങി നിൽപ്പാണ്. കപ്പലിനു അടുക്കാനാവുന്നില്ല. നമുക്ക് ബോട്ടിൽ കയറി കപ്പലിലേക്കു പോകാം’’ – ഖുറേഷി പറഞ്ഞു. എല്ലാവരുമായപ്പോൾ പതിയെ സ്രാങ്ക് ബോട്ടെടുത്തു. കരയിൽ നിന്ന് അകലുന്നതിനനുസരിച്ച് കടലിന്റെ നീല നിറത്തിനു കട്ടിയേറി. പുറം കടലിലെത്തിയപ്പോഴേക്കും നിറം മാത്രമല്ല, കടലിന്റെ ഭാവവും മാറി. തിരകൾക്കൊക്കെ ഉയരവും വേഗവും കൂടി. ബോട്ട് ആടിയുലഞ്ഞു. അടുത്തെന്നു തോന്നിച്ച കപ്പലിലേക്ക് ഇനിയുമൊരുപാട് ദൂരമുള്ളത് പോലെ... തിരമാലകൾ ബോട്ടിലേക്ക് അടിച്ചു കയറാൻ തുടങ്ങിയപ്പോൾ മെല്ലേ എല്ലാവരുടെയുള്ളിലും പേടിയാളി. സ്രാങ്കിനു പക്ഷേ ഒരു കുലുക്കവുമില്ല. ഓട്ടോ ഓടിക്കുന്ന ലാഘവത്തോടെ അയാൾ തിരമാലകൾക്ക് നെറുകെയും കുറുകെയും ബോട്ട് വെട്ടിച്ചു. ചില തിരകളോടൊപ്പം ബോട്ടും ഉയർന്നു. പേടി നിലവിളികളായി ഉയർന്നു തുടങ്ങിയിരുന്നു. ഒടുക്കം, അര മണിക്കൂറോളം കടലിനോട് പടവെട്ടി ബോട്ട് കപ്പിലിനോടടുത്തു. സഞ്ചാരികൾ കപ്പലിലേക്ക് ചാടിക്കയറി. കടലിന്റെ പിണക്കം മാറി ശാന്തമായപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. കപ്പൽ കരയിൽ നിന്നും അകന്നു. രാത്രിയാകാശത്തിന്റെ സൗന്ദര്യം നുകർന്ന് ഡെക്കിൽ നിന്ന് ഒരിക്കൽ കൂടി ദ്വീപിലേക്ക് നോക്കി. ദൂരെ, കടലിൽ കൂട്ടം കൂടിയ മിന്നാമിനുങ്ങുകളെ പോലെ ദ്വീപിൽ വെളിച്ചം തെളിഞ്ഞിരുന്നു


 

Tags:
  • Manorama Traveller