കമൽ സാറിന്റെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചു തുടങ്ങിയ ശേഷമാണ് യാത്രകളുടെ മറ്റൊരു കാലഘട്ടം ആരംഭിക്കുന്നത്. എന്നെ എല്ലാകാലത്തും സിനിമയിലേക്ക് ആകർഷിച്ചിട്ടുള്ള കാര്യം യാത്ര ചെയ്യാനുള്ള സാധ്യതയാണ്. പ്രാദേശിക വാർത്തകൾ എന്ന ചിത്രത്തിന്റെ ഭാഗമായതോടെ സിനിമയാണ് എന്റെ തട്ടകമെന്നു തിരിച്ചറിഞ്ഞു.
പത്തു മുപ്പത്തഞ്ചു കൊല്ലം ഒരു ഓഫീസിലിരുന്ന് ഒരേ ജോലി ചെയ്യുക എന്നത് എനിക്കു ചിന്തിക്കാൻപോലും കഴിയാത്ത കാര്യമാണ്. പെട്ടെന്നു ബോറടിക്കുന്ന കൂട്ടത്തിലൊരാളാണ് ഞാൻ. അതുകൊണ്ടു തന്നെ സിനിമയെന്ന ലോകമാണ് എന്റെ താത്പര്യങ്ങളുടെ സംരക്ഷണ ഭൂമികയെന്നു ഞാൻ അതിവേഗം തിരിച്ചറിഞ്ഞു. സിനിമയിൽ വന്നപ്പോൾ ഏറ്റവും രസകരമായി എനിക്കു തോന്നിയ കാര്യം ചലച്ചിത്രത്തിന്റെ രൂപീകരണ ചക്രം എന്ന പ്രക്രിയയാണ്.
ഒരു കഥ കണ്ടെത്തുന്നു. ആ കഥ കേട്ട് നമ്മൾ മനസ്സിൽ ഒരു സിനിമ നമ്മളുടേതായ രീതിയിൽ കാണുന്നു. പിന്നീട് അതിനു തിരക്കഥാരൂപം വരുന്നു. ഈ തിരക്കഥ വച്ച് നമ്മൾ നേരത്തേ മനസ്സിൽ കണ്ട സിനിമയിൽ മാറ്റം വരുത്തുന്നു. അതിനു ശേഷം ഒരു പുതിയ ദേശത്തേക്ക് കഥയെയും കഥാപാത്രങ്ങളെയും പറിച്ചു നടന്നു. തുടർന്ന് നടീനടന്മാർ വരുന്നു. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ നടീനടന്മാർ കഥാപാത്രങ്ങളിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തുന്നു. കഥയ്ക്കും കഥാപാത്രങ്ങൾക്കും അപ്പോൾ വീണ്ടും മാറ്റങ്ങൾ സംഭവിക്കുന്നു. ഇത്രയുമാകുമ്പോൾ കഥയ്ക്കു പറ്റിയ സ്ഥലം കണ്ടെത്തി അവിടേക്ക് കൂട്ടത്തോടെ യാത്ര നടത്തുന്നു. അപരിചിതമായ സ്ഥലത്ത് പരിചയമില്ലാത്ത ആളുകൾക്കിടയിൽ ചിത്രീകരണം തുടങ്ങുമ്പോൾ ആ സിനിമയിൽ വീണ്ടും മാറ്റങ്ങൾ സംഭവിക്കുന്നു. പിന്നീട് എഡിറ്റർ സംവിധായകനുമായി ചേർന്ന് ഈ കഥയുടെ വേഗതയിൽ മാറ്റങ്ങളുണ്ടാക്കുന്നു. പിന്നെ സംഗീതവും സൗണ്ട് ഇഫക്ടുകളും കൂട്ടിച്ചേർക്കുമ്പോൾ സിനിമ വീണ്ടും വ്യത്യസ്തമാകുന്നു, പുതുതാകുന്നു. ഫൈനൽ മിക്സിങ് കഴിഞ്ഞ് ആദ്യത്തെ കോപ്പി കാണുമ്പോൾ കഥ വലിയ മാറ്റങ്ങളുള്ള സിനിമയായി മാറിയ കാര്യം തിരിച്ചറിയുന്നു. കഥയിൽ നിന്ന് ആദ്യത്തെ കോപ്പിയിലേക്കുള്ള യാത്ര എന്നെ വലിയ തോതിൽ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തിൽ അത് സിനിമയുടെ ഉള്ളറകളിലേക്കുള്ള യാത്രയാണ്.
തീയറ്ററിൽ പ്രേക്ഷകരോടൊപ്പമിരുന്നു സിനിമ കാണുമ്പോൾ ആദ്യ കോപ്പിയിൽ കണ്ട സിനിമയുമായി ഒരുപാടു വ്യത്യാസം വന്നിട്ടുണ്ടെന്നു നമുക്കു തോന്നും. തലേദിവസം നമ്മൾ ചിരിച്ച സ്ഥലത്ത് ആളുകൾ ചിരിക്കുന്നില്ല. നമ്മൾ വളരെ ഗൗരവത്തോടെ കണ്ടിരുന്ന രംഗങ്ങൾ തീയറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ആളുകൾ പൊട്ടിച്ചിരിക്കുന്നു. നമ്മൾ കാണാത്ത വളരെ ചെറിയ കാര്യങ്ങൾ ആളുകൾ തിരിച്ചറിയുന്നു. ഒരു ജനക്കൂട്ടത്തിന്റെ മനസ്സ് നമ്മളെ സ്വാധീനിക്കുന്നത് അപ്പോൾ മനസ്സിലാക്കാൻ കഴിയും. ഒരു സിനിമ കഴിയുമ്പോൾ മറ്റൊരു സിനിമ. പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആളുകൾ, പുതിയ സന്ദർഭങ്ങൾ... ഇതൊക്കെ നമുക്കു നവോന്മേഷം പകരുന്നു. ഇതു തന്നെയാണ് ഓരോ യാത്രകളിലെയും പുതുമകളിൽ ഞാൻ സ്വന്തമാക്കുന്ന ഊർജം.
നേരിൽ കണ്ട വയലൻസ്
കമൽ സാറിനൊപ്പം സിനിമകൾക്കുവേണ്ടി നടത്തിയ ലൊക്കേഷൻ തേടിയുള്ള യാത്രകൾ അനുഭവങ്ങളുടെ വലിയ ഡയറിയാണ്. ആദ്യത്തെ ചിത്രം ‘പ്രാദേശിക വാർത്തകൾ’ കോഴിക്കോടായിരുന്നെങ്കിൽ ‘പാവം പാവം രാജകുമാരൻ’ ചിത്രീകരിച്ചത് കൊടുങ്ങല്ലൂരും തിരുവനന്തപുരത്തും ഊട്ടിയിലുമായിരുന്നു. മൂന്നാമത്തെ ചിത്രം ‘തൂവൽസ്പർശം’ ഷൂട്ട് ചെയ്തത് എറണാകുളത്തായിരുന്നു. ഇതൊക്കെ എനിക്ക് അപരിചിതമായ സ്ഥലങ്ങളായിരുന്നു, എന്നെ സംബന്ധിച്ച് പുതിയ സ്ഥലങ്ങളായിരുന്നു. ഞാൻ ആകാംഷയോടെ ദിവസങ്ങളെണ്ണി കാത്തിരുന്ന ചിത്രീകരണമാണ് ‘ശുഭയാത്ര’യുടേത്. ജയറാമേട്ടനും പാർവതിയുമായിരുന്നു നായികാനായകന്മാർ. കഥയുടെ ആദ്യഭാഗം തിരുവനന്തപുരത്തും ബാക്കി മുഴുവൻ സംഭവിക്കുന്നതു ബോംബെയിലുമാണ്. ബോംബെയിലെ ഫ്ളാറ്റുകളുടെ ഇന്റീരിയർ ഷൂട്ട് ചെയ്യുന്നത് ചെന്നൈയിലാണെന്ന കാര്യം ഷൂട്ടിങ് തുടങ്ങാറായപ്പോഴാണ് ഞാൻ അറിഞ്ഞത്. ലൊക്കേഷൻ കൃത്രിമമായി നിർമിച്ച് ഷൂട്ട് ചെയ്യുകയെന്ന രീതി ആദ്യയി അവിടെ ഞാൻ കണ്ടു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ അനുഭവമായിരുന്നു. അതിനു മുമ്പുള്ള ലൊക്കേഷനുകൾ യഥാർത്ഥമായിരുന്നു.
മദ്രാസിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലായിരുന്നു ഇന്നസെന്റ് ചേട്ടനും ലളിതച്ചേച്ചിയും അവതരിപ്പിച്ച കഥാപാത്രങ്ങൾക്കായി കണ്ടെത്തിയ വീട്. പരിസരം കണ്ടാൽ ബോംബെയാണെന്നുള്ള തോന്നലുണ്ടാക്കാൻ ഫ്ളാറ്റിനു പുറത്തെ മതിലുകളിൽ ഹിന്ദി സിനിമകളുടെ പോസ്റ്റർ ഒട്ടിച്ചു. സീനിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ജൂനിയർ ആർട്ടിസ്റ്റുകളെ നിർത്തി. അതൊരു രസകരവും വ്യത്യസ്തവുമായ അനുഭവമായിരുന്നു.
മദ്രാസിൽ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമുണ്ടായി. രാത്രി വളരെ വൈകിയും ഷൂട്ടിങ് തുടർന്ന ഒരു ദിവസം. ഫ്ളാറ്റ് സമുച്ചയത്തിന്റെ അഞ്ചാം നിലയിലാണ് ഷൂട്ടിങ്. രാത്രി ഞങ്ങൾക്കു കഴിക്കാനുള്ള ചോറും സാമ്പാറും മറ്റു കറികളും നിറച്ചു വച്ച അണ്ഠാവുകൾ മുറ്റത്തു നിരന്നു. എല്ലാവരും അത്താഴം കഴിക്കാൻ തയാറെടുക്കുന്നതിനിടെ ഞാൻ വെറുതെ ഫ്ളാറ്റിനു താഴേക്കു നോക്കിയപ്പോൾ ഒരാൾ അതിവേഗത്തിൽ ഓടി വരുന്നതു കണ്ടു. കുറച്ചു പിന്നിലായി അയാളെ പിന്തുടർന്ന് വേറെ കുറച്ചാളുകൾ പാഞ്ഞടുക്കുന്നതും കാണാമായിരുന്നു. റോഡിൽ നടക്കുന്ന എന്തോ പ്രശ്നമാണെന്നു കരുതി ഞാൻ തിരിച്ച് ഭക്ഷണ സ്ഥലത്തേക്കു പോന്നു. പക്ഷേ, അടുത്ത നിമിഷം എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ ഗോവണിപ്പടി കയറി വന്ന് ഞങ്ങളുടെ ഇടയിൽ കയറിക്കൂടി. വെളുത്ത ബനിയനിൽ ചുവന്ന പൂക്കളുള്ള ടീഷർട്ടാണ് അയാൾ ധരിച്ചിരുന്നത്. അയാളെ പിന്തുടർന്നെത്തിയ ആളുകൾ തൊട്ടുപുറകെ ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്കു പാഞ്ഞെത്തി. അപ്പോഴാണ് ആദ്യം വന്നയാളുടെ ബനിയനിലെ ചുവന്ന പൂക്കൾ ഞാൻ ഞെട്ടലോടെ ശ്രദ്ധിച്ചത്. കത്തിക്കുത്തേറ്റ മുറിവിൽ നിന്നു ചീറ്റിയ ചോരക്കറയാണ് ചുവന്നപൂക്കളായി ഞാൻ തെറ്റിദ്ധരിച്ചത്. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ ഞങ്ങൾ നിൽക്കുമ്പോൾ അയാളെ പിന്തുടർന്നെത്തിയ സംഘം കൊലവിളിയോടെ മുന്നോട്ടാഞ്ഞു. പൊടുന്നനെ എന്തോ സംഭവിച്ചതുപോലെ അവരെല്ലാംകൂടി നിലവിളിച്ചു. ഞങ്ങൾക്കു വിളമ്പാൻ തയാറാക്കിയ തിളച്ച സാമ്പാറിന്റെയും മറ്റു കറികളുടെയും പാത്രത്തിലേക്കാണ് അവർ കാലെടുത്തു വച്ചത്. വീണ്ടുമൊരു കൊലവിളി നടത്തി ആ സംഘം വന്ന വഴിക്കു തിരിച്ചിറങ്ങിപ്പോയി. അവർ പോയെന്നു മനസ്സിലായപ്പോൾ മുറിവുമായി ഓടിക്കയറിയ ആൾ കൂപ്പുകയ്യോടെ അതേ വഴിക്ക് ഇറങ്ങി. കുത്തേറ്റയാൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്നകാര്യം എനിക്കറിയില്ല. അന്നു രാത്രി ഞങ്ങളുടെ ഭക്ഷണം മുടങ്ങി. അന്നത്തെ ഷൂട്ടിങ്ങ് നിർത്തിവച്ചു. എന്റെ ജീവിതത്തിൽ ആദ്യമായി നേരിൽ കാണുന്ന വയലൻസ് സീൻ ആയിരുന്നു അത്.
ബോംബെയിലെ താരങ്ങൾ
മദ്രാസിലെ ആ അനുഭവം എന്റെ ക്യാംപസ് ഓർമകളെ ഉണർത്തി. ക്യാംപസിൽ ആ കാലത്ത് അടിപിടികൾ സാധാരണമാണ്. കോളജിൽ പഠിക്കുന്ന സമയത്ത് ഒരു ആർട്സ് ഡെയിൽ എന്തോ കശപിശയുണ്ടായി. ഒരു സംഘം വിദ്യാർഥികൾ വടികളും ഒടിഞ്ഞ ബഞ്ചിന്റെ കാലുമായി എന്നെ വരാന്തയിലൂടെ ഓടിച്ചു. അന്നു മറ്റൊരു സംഘം വിദ്യാർഥികളാണ് എന്നെ രക്ഷിച്ചത്. ക്യാംപസിലെ അടിപിടികൾ സൗഹൃദങ്ങളുടെ തർക്കങ്ങളായിരുന്നു. അവിടെ പരസ്പരം ഗുരുതരമായി വേദനിപ്പിക്കാൻ ആരും ഇഷ്ടപ്പെട്ടിരുന്നില്ല.
മദ്രാസിൽ ശുഭയാത്രയുടെ ഷൂട്ടിങ് പൂർത്തിയാക്കി. കാസിൽ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സെഞ്ച്വറിക്കു വേണ്ടി ഗണേശ അയ്യർ എന്ന മധ്യവയസ്സു കഴിഞ്ഞ ഒരാളാണ് ആ സിനിമ നിർമിച്ചത്. മദ്രാസിലെ ഷൂട്ടിങ് കഴിഞ്ഞ് ബോംബെയിലേക്കു പുറപ്പെടാറായി. ബോംബെയിലെ ഷൂട്ടിങ് അക്കാലത്ത് വളരെ ചെലവേറിയതായിരുന്നു. അതുകൊണ്ട് ബോംബെയിലേക്കു പോകുന്ന ഷൂട്ടിങ് യൂണിറ്റിലെ ആളുകളുടെ എണ്ണം കുറയ്ക്കാനൊരു തീരുമാനമുണ്ടെന്ന് ഞങ്ങൾ അറിഞ്ഞു. എന്നെ കൊണ്ടുപോകുന്നില്ല എന്നൊരു സൂചനയും കിട്ടി. അസോസിയേറ്റ് ഡയറക്റ്റർമാരായ സലിം പടിയത്ത്, സൂര്യൻ കുനിശേരി എന്നിവരെ മാത്രം കൊണ്ടുപോയാൽ മതിയെന്നൊരു കേട്ടു കേൾവിയുമുണ്ടായി.
ബോംബെ എന്ന സ്വപ്നനഗരത്തിലേക്ക് അതുവരെ ഞാൻ പോയിട്ടില്ല. ഈ സിനിമയുടെ ബോംബെ ഷൂട്ടിങ് എന്റെ വലിയ സ്വപ്നമായിരുന്നു. ഞാൻ കമൽസാറിനെ കണ്ട് ബോംബെയിലേക്ക് എന്നെയും കൊണ്ടുപോകാൻ കഴിയുമോ എന്നു ചോദിച്ചു. കൊണ്ടുപോകാമെന്ന് ഒരു ചിരിയോടെ അദ്ദേഹം മറുപടി നൽകി. എങ്കിലും, ഗണേശ അയ്യർ എന്തെങ്കിലും ഒടക്കു പറയുമോ എന്നൊരു ആശങ്ക കമൽ സാറിനുമുണ്ടായിരുന്നു. പക്ഷേ, ഗണേശ അയ്യർ എല്ലാവരേയും അദ്ഭുതപ്പെടുത്തി. ലാലുവും ബോംബെയിലേക്കു വരട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ അതിനു ശേഷം പല വിദേശ യാത്രകൾ നടത്തിയെങ്കിലും അന്ന് ബോംബെയിലേക്കു പോകുമ്പോൾ തോന്നിയ സന്തോഷം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല.
ഹിന്ദി – തമിഴ് – മലയാളം സിനിമകളിൽ കണ്ടിട്ടുള്ള സ്വപ്ന നഗരത്തിലേക്ക് ഞാനും പുറപ്പെട്ടു. മദ്രാസിൽ നിന്നു ബോംബെയിലേക്ക് ട്രയിനിലാണ് യാത്ര. രണ്ടു ദിവസത്തിലധികം നീണ്ടു നിൽക്കുന്ന തീവണ്ടി യാത്ര. മുഴുവൻ യൂണിറ്റ് അംഗങ്ങൾക്കൊപ്പം ചീട്ടുകളിയും തമാശകളുമായി നടത്തിയ യാത്ര അക്കാലത്തെ ഏറ്റവും നല്ല അനുഭവമാണ്.
ബോംബെയിലെ ഷൂട്ടിങ് രസകരമായിരുന്നു. ചിത്രീകരണം കാണാനെത്തിയ വലിയ ജനക്കൂട്ടമാണ് അവിടെ നേരിട്ട ഒരേയൊരു ബുദ്ധിമുട്ട്. ഞങ്ങളുടെ ഗ്രൂപ്പിൽ ആർക്കും ഹിന്ദി വശമില്ല. ആളുകളോട് ഏതു ഭാഷയിൽ സംസാരിക്കും എന്നത് വലിയ പ്രശ്നമായി. സ്കൂളിലും കോളെജിലും സെക്കൻഡ് ഗ്രൂപ്പിൽ പഠിച്ച ഹിന്ദി അവിടെ എനിക്കു സഹായമായി. ഷൂട്ടിങ്ങിന് തടസ്സമുണ്ടാക്കരുതെന്ന് എനിക്കറിയാവുന്ന മുറിഹിന്ദിയിൽ ആളുകളോടു ഞാൻ പറഞ്ഞു. ഞാനൊരാൾ മാത്രം വിചാരിച്ചാൽ തിങ്ങിക്കൂടിയ ജനങ്ങളെ മുഴുവൻ മാറ്റാൻ കഴിയില്ലെന്ന് ഗണേശ അയ്യർക്കു മനസ്സിലായി. അടുത്ത ദിവസം രണ്ട് പുതിയ ആളുകൾ ലൊക്കേഷനിലെത്തി. ഗ്ലെൻ എന്നു പേരുള്ള ഗോവക്കാരനായ മസിൽമാനായിരുന്നു ഒരാൾ. സാധാരണക്കാരെപ്പോലെ രൂപമുള്ള കൃപാൽ എന്ന മറാഠക്കാരനായിരുന്നു രണ്ടാമൻ. ഇടതു കൈത്തണ്ടയിൽ വ്യാളിയുടെ ചിത്രം പച്ചകുത്തിയ ഗ്ലെൻ വെളുത്തു സുന്ദരനായിരുന്നു. കൈയില്ലാത്ത ടീഷർട്ടും ജീൻസുമണിഞ്ഞ ഗ്ലെൻ നെറ്റിക്കു കുറുകെ ഒരു തുണി കെട്ടി റോഡിലിറങ്ങി. വലിയ മസിലുകളുള്ള കൈകൾ ഉയർത്തി ‘‘രുഖോ’’ എന്ന് അലറി കൈവീശിക്കാണിച്ചപ്പോൾ ആ പ്രദേശം മുഴുവൻ ക്ലീനായി. കൃപാൽ കുറേക്കൂടി സൗമ്യനായിരുന്നു. പക്ഷേ, കൃപാൽ വെറുതെയൊന്നു കൈ ഉയർത്തിയപ്പോൾ തെരുവിലുണ്ടായിരുന്ന ആളുകൾ ഏതൊക്കെയോ വഴിയിൽക്കൂടി ഓടിയൊളിച്ചു. ആ പ്രദേശത്തെ കുപ്രസിദ്ധരായ ഗൂണ്ടകളാണ് അവർ രണ്ടുപേരുമെന്ന കാര്യം പിന്നീടാണ് ഞങ്ങൾ മനസ്സിലാക്കിയത്.
സ്വപ്നനഗരത്തിലെ രാത്രികൾ
കൃപാലും ഗ്ലെന്നുമായി ഞാൻ പെട്ടെന്നു സൗഹൃത്തിലായി. അതിന്റെ കാരണം എന്റെ ഹിന്ദിയാണ്. ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയത്ത് അവർ എന്നെ വർത്തമാനത്തിനു ക്ഷണിക്കുന്നതു പതിവായി. എന്നെക്കൊണ്ടു ഹിന്ദി പറയിച്ച് അതുകേട്ടു പൊട്ടിച്ചിരിക്കലായിരുന്നു അവരുടെ മധ്യാഹ്ന വിനോദം. ഞാൻ സംസാരിക്കുന്നത് പത്രഭാഷയാണെന്ന് അവർ പിന്നീട് പറഞ്ഞു തന്നു. വ്യാകരണപ്പിഴയില്ലാതെ റേഡിയോ വാർത്ത വായിക്കുന്നതുപോലെ ഞാൻ പറഞ്ഞ ഹിന്ദിയാണ് അവരെ ചിരിപ്പിച്ചത്. ബോംബെയിലെ സാധാരണക്കാർ പറയുന്ന ഹിന്ദിക്ക് എന്റെ പുസ്തക ഭാഷയിൽ നിന്ന് ഒരുപാട് ദൂരമുണ്ട്.
ആ ഷൂട്ടിങ് കാലം കഴിയാറായപ്പോഴേക്കും ഗ്ലെന്നിന് എന്നെ വലിയ ഇഷ്ടമായി. എന്റെ വീട്ടുകാര്യങ്ങൾ അയാൾ ചോദിച്ചറിഞ്ഞു. ഒരു ദിവസം ഗ്ലെൻ വളരെ ഗൗരവത്തോടെ എന്നെ അടുത്തേക്കു വിളിച്ച് അയാളുടെ വീട്ടിലേക്കു ക്ഷണിച്ചു. ‘‘എനിക്കൊരു പെങ്ങളുണ്ട്. ഡിഗ്രിക്കു പഠിക്കുകയാണ്. നിനക്ക് അവളെ കെട്ടിച്ചു തരാം’’ ഗ്ലെൻ പറഞ്ഞു. എന്റെ വയറ്റിലൂടെ ഒരു ഇടിമിന്നൽ കടന്നു പോയി. കാരണം, ഓഫർ മുന്നോട്ടു വച്ചിട്ടുള്ളത് ഗ്ലെൻ എന്ന എന്തിനും മടിയില്ലാത്ത ഗൂണ്ടയാണ്. എന്റെ മുഖത്തെ അങ്കലാപ്പ് തിരിച്ചറിഞ്ഞതുപോലെ ഗ്ലെൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
‘‘ഞങ്ങളും ക്രിസ്ത്യാനികളാണ്, കത്തോലിക്കർ. എന്റെ പെങ്ങൾ സുന്ദരിയാണ്. നല്ല സ്വഭാവമാണ്. വലിയ പൊക്കവുമില്ല. നിനക്കു ചേരും. കല്യാണം കഴിച്ച് നിന്റെ നാട്ടിലേക്ക് കൊണ്ടു പൊയ്ക്കോ. മലയാളം പഠിപ്പിച്ചാൽ മതി...’’ ഭാവി മുഴുവൻ തീരുമാനിച്ച രീതിയിലാണ് ഗ്ലെന്നിന്റെ സംസാരം. സമ്മതമാണെന്നോ അല്ലെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം ഒരു ചിരിയോടെ അയാളുടെ മുന്നിൽ ഞാൻ നിന്നു. എന്റെ മുഖത്തു വിരിഞ്ഞ ഭാവത്തിന്റെ അർഥം സമ്മതമാണെന്നു കരുതിയ ഗ്ലെൻ ‘ഛലം’ വലിച്ച് പുകയൂതി മൂളിപ്പാട്ടു പാടി. മൺകുഴലിൽ കഞ്ചാവു നിറച്ച് (ഛലം) ലഹരി നുകരുന്ന കാഴ്ച ആദ്യമായി ഞാൻ കണ്ടത് അന്നാണ്.
ബോംബെയിലെ അന്നത്തെ രാത്രികളും പകലും ഇന്നും മറന്നിട്ടില്ല. ഞങ്ങൾ താമസിച്ചിരുന്നത് സീ സാന്റ്സ് എന്ന ഹോട്ടലിലായിരുന്നു. കമൽ സാറും സീനിയർ താരങ്ങളും മറ്റൊരു വലിയ ഹോട്ടലിലും. ആ ഹോട്ടലിനു താഴെ ഡാൻസ് ബാറുകൾ ഉണ്ടായിരുന്നു. രാത്രി കാലങ്ങളിൽ അതിനുള്ളിൽ കയറാൻ ഭയന്ന് വാതിലിനു പുറത്തു നിന്ന് ഞാൻ പാട്ടു കേട്ട് ആസ്വദിച്ചു. ഒരുപാട് അറബികളും ആഫ്രിക്കക്കാരും ഡാൻസ് ബാറുകളിൽ കയറിയിറങ്ങുന്നത് ഞാൻ അദ്ഭുതത്തോടെ നോക്കി നിന്നു. കലാമണ്ഡലത്തിൽ വരുന്ന സായിപ്പന്മാർക്കു ശേഷം ഞാൻ ആദ്യമായി കണ്ട വിദേശികൾ അവരാണ്.
ബോംബെയിൽ നിന്നു തിരിച്ചു പോരുമ്പോൾ ഗ്ലെന്നിനു മുന്നിൽ പെടാതിരിക്കാൻ പ്രാർഥിച്ചു. പക്ഷേ, യാത്ര പുറപ്പെടുന്ന സമയത്ത് ഗ്ലെന്നിനെയും കൃപാലിനെയുമൊന്നും അവിടെ കണ്ടില്ല. അവരുടെ ജീവിതത്തിലെ മറ്റു തിരക്കുകളിലേക്ക് അവർ പോയിക്കഴിഞ്ഞിട്ടുണ്ടാകും. ബോംബെ നഗരത്തിന് അങ്ങനെയുമൊരു സ്വഭാവമുണ്ടല്ലോ.
ഹിന്ദി സിനിമയിൽ ചെറിയ വേഷങ്ങളിൽ കൃപാലിനെ പിന്നീട് നടനായി കണ്ടു. ഗ്ലെന്നിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇന്നും മുംബൈ നഗരത്തിലൂടെ കടന്നു പോകുമ്പോൾ വഴിയോരങ്ങളിലും കടത്തിണ്ണകളിലും ഞാൻ നോക്കാറുണ്ട്. കൈത്തണ്ടയിൽ വ്യാളിയുടെ ചിത്രം പച്ചകുത്തിയ ഒരു വൃദ്ധനെയാണു ഞാൻ തിരയാറുള്ളത്. ഗ്ലെന്നിന്റെ സുന്ദരിയായ പെങ്ങൾ മക്കളും പേരക്കുട്ടികളുമൊക്കെയായി ഏതെങ്കിലും ഗലിയിൽ കഴിയുന്നുണ്ടാകും.
തിരിച്ചു ചെന്നൈയിലെത്തി ശുഭയാത്രയുടെ ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്കു മടങ്ങാൻ നിൽക്കുമ്പോൾ ഗണേശ അയ്യർ എന്നെ വിളിച്ചു. പിശുക്കനെന്നു പേരു കേട്ടിരുന്ന അദ്ദേഹം എനിക്കു പറഞ്ഞുറപ്പിച്ചിരുന്ന ശമ്പളത്തിനു പുറമെ മറ്റൊരു കവറിലാക്കി കുറച്ചു രൂപ കൂടി തന്നു.
‘‘നീ നന്നായി വരും. നീയൊരു വലിയ സംവിധായകനാവും...’’എന്റെ തലയിൽ കൈവച്ച് അദ്ദേഹം അനുഗ്രഹിച്ചു. ബോംബെയിൽ ആർ.കെ സ്റ്റുഡിയോയിൽ പ്രൊഡക്‌ഷൻ കൺട്രോളറായും മാനെജരായും പ്രവർത്തിച്ചിട്ടുള്ളയാളാണ് ഗണേശ അയ്യർ. ഒരുപാട് സിനിമാക്കാരുടെ തുടക്കവും വളർച്ചയുമൊക്കെ കണ്ടിട്ടുള്ളയാളാണ്. എന്നെക്കുറിച്ച് അങ്ങനെ നല്ല വാക്കു പറയാൻ എന്താണ് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് എനിക്കറിയില്ല. ഗണേശ അയ്യർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. പക്ഷേ, അദ്ദേഹം എന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചപ്പോഴുണ്ടായ സന്തോഷത്തിന്റെ അളവ് എത്രയാണെന്ന് എനിക്കു പറഞ്ഞറിയിക്കാൻ കഴിയില്ല.