Wednesday 16 June 2021 04:23 PM IST

പുലിയെ അതിന്റെ മടയിൽ ചെന്നു കാണണം: ‘മഹേഷിന്റെ പ്രതികാരം’

Baiju Govind

Sub Editor Manorama Traveller

1 - mahesh

ഏതു കാട്ടിൽ പോയാലാണ് കടുവയെ കാണാൻ കഴിയുക? ചോദ്യം കേട്ട് മഹേഷ് ചിരിച്ചു. ‘‘ഏതു കാട്ടിൽ പോയാലും കാണാം. പക്ഷേ അതിനെ കാണാനുള്ള ഭാഗ്യം വേണം. ’’ മൂന്നു വർഷം ക്യാമറയുമായി പല കാടുകളിൽ കയറിയിറങ്ങിയിട്ടും ഒരു കടുവയെ പോലും കാണാനാവാതെ മടങ്ങിയ ഫോട്ടൊഗ്രഫർക്ക് ഇങ്ങനെയല്ലേ പറയാനാകൂ. ഒരിക്കൽ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ പിന്നെ ഓരോ യാത്രകളിലും പുലികളുടെ നിര മുന്നിൽ വരുമെന്നാണ് മഹേഷ് സ്വന്തം അനുഭവത്തിലൂടെ മനസിലാക്കിയിട്ടുള്ളത്. ഇരുപത്തെട്ടു വയസ്സിനിടെ പന്ത്രണ്ടു പുലികളുടെ മൂന്നൂറു ഭാവങ്ങൾ ക്യാമറയിൽ പകർത്തിയ മഹേഷിന്റെ ജീവിതയാത്രയിൽ അദ്ഭുതങ്ങളുടെ ആശിർവാദം ഉണ്ടായിട്ടില്ല. മികച്ച ശമ്പളം കിട്ടുന്ന തൊഴിലിനായി സിനിമറ്റൊഗ്രഫി പഠിക്കാനിറങ്ങിയതും ഒടുവിൽ അഞ്ചു പൈസ വരുമാനമില്ലാത്ത വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫിയിൽ എത്തിച്ചേർന്നതുമൊക്കെ സ്വയം തിരഞ്ഞെടുത്ത വിധികളാണ്. ‘‘വരുമാനം വലിയ പ്രശ്നം തന്നെയാണ്. പക്ഷേ, വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫിയിൽ കമ്പം കയറിയാൽ നമ്മൾ അതിനെ കുറിച്ചൊന്നും ആലോചിക്കില്ല.’’ പൂച്ചക്കുട്ടിയെ തലോടുന്നതു പോലെ ക്യാമറയിൽ വിരലോടിച്ച് മഹേഷ് പറഞ്ഞു.

കൊല്ലങ്കോട് പട്ടണത്തിൽ സ്റ്റുഡിയോ നടത്തുന്ന കലാലയം മണിയുടെ മകൻ മഹേഷ് ഫോട്ടൊഗ്രഫർ ആയതിൽ അദ്ഭുതമില്ല. പക്ഷേ, ക്യാമറയും തൂക്കി അവൻ കാടു കയറുമെന്ന് ആ നാട്ടിലാരും കരുതിയില്ല. തേക്കിൻചിറയിൽ പുലിയിറങ്ങിയെന്ന് ആരോ പറഞ്ഞതു കേട്ട് അച്ഛന്റെ ക്യാമറയുമായി ഓടിയിറങ്ങിയപ്പോഴാണ് ജീവിതം പുതിയൊരു വഴിയിലേക്കു തിരിഞ്ഞതെന്നു മഹേഷ് പറയുന്നു. വളർത്തു നായയെ കടിച്ചു പിടിച്ച് പാറപ്പുറത്ത് കമിഴ്ന്നു കിടക്കുന്ന പുലിയുടെ ഫോട്ടോ മഹേഷിന്റെ പേരോടെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചു. അന്നു മുതൽ കടുവയുമായി മഹേഷ് കടുത്ത പ്രണയത്തിലായി. പിന്നീട് വലിയ മോഹത്തോടെ കടുവയെ കാണാൻ കാടുകൾ തോറും അലഞ്ഞു തിരിഞ്ഞപ്പോഴാണ് അതൊരു ‘വൺവേ’ പ്രേമമാണെന്ന് മഹേഷ് തിരിച്ചറിഞ്ഞത്. രണ്ടേ മുക്കാൽ വർഷം അലഞ്ഞു നടന്നിട്ടും കടുവകൾ മഹേഷിനു മുഖം നൽകാതെ ഒളിച്ചിരുന്നു.

കാടിന്റെ ബാലപാഠങ്ങൾ കേട്ടു പഠിച്ച പറമ്പിക്കുളത്തേക്ക് ‘ഭാഗ്യ ദർശനം’ തേടി മഹേഷ് സഞ്ചരിച്ചു, അഞ്ചു തവണ. മാനും ആനകളുമല്ലാതെ മറ്റൊരു വന്യജീവിയും ആ വഴിക്കു വന്നില്ല. പ്രതീക്ഷ കൈവിടാതെ ആറാം തവണയും പറമ്പിക്കുളത്തു പോയപ്പോൾ ഒരു കടുവ മഹേഷിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുറ്റിക്കാടിനുള്ളിൽ നിഴൽ പോലെ തിളങ്ങിയ രൂപത്തെ ക്യാമറയിൽ പകർത്തി. ടെലി ലെൻസ് ഇല്ലാതെ കടുവകളുടെ പുറകെയുള്ള തുടർ യാത്ര സാധ്യമല്ലെന്ന് മഹേഷ് അവിടെ വച്ചു തിരിച്ചറിഞ്ഞു.

ബന്ദിപ്പൂരിലെ പുള്ളിപ്പുലി

2 - mahesh

ബികോം കഴിഞ്ഞ് സിനിമറ്റൊഗ്രഫി പഠിക്കാനിറങ്ങി. കൂടെ ഫാഷൻ ഫോട്ടോഗ്രഫിയും. പണം വന്നതു ഫാഷന്റെ വഴിയിലാണെങ്കിലും മഹേഷിന് തൃപ്തി തോന്നിയതു കാട്ടിൽ നിന്നു കിട്ടിയ അപൂർവ ചിത്രങ്ങളിലാണ്. നെല്ലിയാമ്പതിയിലെ മരക്കൊമ്പിൽ ക്യാമറയ്ക്കു പോസ് ചെയ്ത വേഴാമ്പലിന്റെ ചിത്രമാണ് ആദ്യത്തേത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ആ ചിത്രം അമൂല്യമായി സൂക്ഷിച്ചുവെന്നു മാത്രമല്ല യാത്രയുടെ അതിരുകൾ വലുതാക്കുവാനും തീരുമാനിച്ചു. ബന്ദിപ്പുർ, ആറളം, പെരിയാർ, മൂന്നാർ, പറമ്പിക്കുളം, നെല്ലിയാമ്പതി കാടുകളിലെ ക്യാംപുകൾ കടന്ന് തടോബ, ജിം കോർബറ്റ് നാഷനൽ പാർക്ക് എന്നിവിടങ്ങളിൽ ചെന്നെത്തി.

‘‘മൂന്നാം തവണ ബന്ദിപ്പൂരിൽ പോയപ്പോഴാണ് പുള്ളിപ്പുലിയെ കാണാനായത്. ആദ്യത്തെ രണ്ടു സഫാരികളിലും ആനയും മാനും കാട്ടു പോത്തും മാത്രം. വാൽപ്പാറയിൽ പോയപ്പോൾ കുരങ്ങുകളുടെ വിളയാട്ടത്തിന്റെ പരമ്പര. അവ ഇണ ചേരുന്ന ചിത്രങ്ങളും കിട്ടി. അട്ടപ്പാടിയിൽ നിന്നു മുള്ളി വഴി ബന്ദിപ്പൂരിലേക്കു മൂന്നാമത്തെ യാത്രയിൽ പുള്ളിപ്പുലിയെ കണ്ടു. പക്ഷേ, സെക്കൻഡുകൾക്കുള്ളിൽ അത് ഓടി മറഞ്ഞു. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർക്കു നിരാശ ഉണ്ടാകരുതെന്ന് നെല്ലിയാമ്പതി യാത്രയിൽ നിന്നു മനസ്സിലാക്കിയിരുന്നു. കടുവകൾ സ്ഥിരം പ്രത്യക്ഷപ്പെടുന്ന സ്ഥലത്തേക്ക് ട്രിപ്പി പ്ലാൻ ചെയ്തു. തടോബ ദേശീയോദ്യാനമാണു തിരഞ്ഞെടുത്തത്.

ടെറിട്ടറി മാർക്കിങ്

’’കാടിനോടു കൂട്ടു കൂടുന്നവർ കാട്ടു ജീവികളുമായുണ്ടാക്കുന്ന ബന്ധത്തിന്റെ ആഴം മഹേഷിന്റെ വാക്കുകളിലുണ്ട്. കടുവയെ കാണാൻ കൊച്ചിയിൽ നിന്നു ഡൽഹിയിലേക്കു വിമാനം കയറി അവിടെ നിന്നു തടോബയിലേക്ക് ട്രെയിൻ യാത്ര നടത്തിയതിനെ കുറിച്ചാണ് മഹേഷ് ഇനി പറയുന്നത്. ‘‘ഇരുട്ടുന്നതിനു മുൻപ് തടോബയിൽ എത്തി. താമസവും സഫാരിയും ബുക്ക് ചെയ്തിരുന്നു. പക്ഷേ, അവിടെ ചെന്നിറങ്ങിയപ്പോഴേക്കും പെരുമഴ. മഴ തുടങ്ങിയാൽ കടുവയും പുലിയും കാട്ടിൽ നിന്നു പുറത്തിറങ്ങില്ല. മൂന്നു ദിവസം ചുറ്റിക്കറങ്ങിയിട്ടും ഒരു കടുവയെയാണ് കാണാൻ സാധിച്ചത്. അതാകട്ടെ വെള്ളം കുടിച്ച് പൊടുന്നനെ ഓടി പോയി. അന്നുണ്ടായ മനോവിഷമം പറഞ്ഞറിയിക്കാനാവില്ല. അതു മാറ്റാനായി പിന്നെയും രണ്ടു തവണ തടോബയിൽ പോയി. രണ്ടാമത്തെ യാത്രയിൽ കുറ്റിച്ചെടികൾക്കിടയിൽ വായ പൊളിച്ചു കിടക്കുന്ന കടുവയെ കണ്ടു. അവന്റെ മുഖം മതിവരുവോളം ലെൻസിൽ പകർത്തി. പിന്നീടുള്ള യാത്രയിൽ തടോബയിൽ കടുവകൾ എന്നെ അറിഞ്ഞ് അനുഗ്രഹിച്ചു. മൂന്നു കടുവകൾ ഒരുമിച്ച് മുന്നിൽ വന്നു. അതിർത്തി തിരിക്കാൻ അടയാളം വരയ്ക്കുന്ന കടുവയാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.

ഒരു പ്രദേശത്ത് ഒരു കടുവയേ ഉണ്ടാകൂ. അതിന്റെ രാജ്യമെന്നു വേണമെങ്കിൽ പറയാം. അറുപതു ചതുരശ്ര കിലോമീറ്റർ എന്നാണ് ഒരു കടുവയുടെ അധികാര പരിധിയുടെ കണക്ക്. കടുവകൾ സ്വന്തം അധികാര സ്ഥാനത്തിന്റെ അതിരുകൾ മൂത്രമൊഴിച്ച് രേഖപ്പെടുത്തും. അതിരു വരച്ച കടുവയെ തോൽപ്പിച്ചതിനു ശേഷം മാത്രമേ മറ്റു കടുവകൾക്ക് അതിനകത്തേക്ക് കടക്കാൻ കഴിയൂ. വാലു പൊക്കി മൂത്രമൊഴിച്ച് ടെറിട്ടറി മാർക്ക് ചെയ്യുന്ന കടുവയുടെ ചിത്രം എനിക്കു കിട്ടിയ മഹാഭാഗ്യമാണ്. ’’

പുലിമുരുകനിൽ പറയുന്ന ഡയലോഗിനെ ചിത്രംകൊണ്ടു സാക്ഷ്യപ്പെടുത്തുകയാണ് മഹേഷ്. പന്ത്രണ്ടു കടുവകളുടെ പല പോസുകൾ കാണിച്ച് ഓരോന്നിന്റെയും പ്രത്യേകതയും അവ പ്രത്യക്ഷപ്പെടുന്ന കാടുകളും വിശദീകരിക്കുമ്പോൾ മഹേഷ് എന്ന ഇരുപത്തേഴുകാരന്റെ വാക്കുകളിൽ അമ്പതിന്റെ പക്വത. ജിം കോർബറ്റിലെ കടുവകൾക്കു സുന്ദരികളാണ്. മറ്റു കാടുകളിലേതിനെക്കാൾ നടപ്പിലും ഓട്ടത്തിലുമൊക്കെ ഗാംഭീര്യമുണ്ടാകും. തടോബയിലെ കടുവകൾ മനുഷ്യരെ കണ്ടു ശീലിച്ചവയാണ്. ഒരു കടുവ ജീപ്പിന്റെ അരികിൽ വന്നു നിന്നു. പേടിയാണോ സന്തോഷമാണോ തോന്നിയതെന്ന് ഇപ്പോഴും അറിയില്ല. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ളവർ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് തടോബ – മഹേഷ് പറയുന്നു.

3 - mahesh

വിവാഹ ഫോട്ടൊഗ്രഫിയിൽ ഉറച്ചു നിന്നാൽ പണമുണ്ടാക്കാം എന്ന തിയറി മഹേഷ് പണ്ടേയ്ക്കു പണ്ടേ പഠിച്ചതാണ്. ഫാഷൻ ഫോട്ടോഗ്രഫിയിൽ നിന്നാൽ പ്രശസ്തിയും പണവുമുണ്ടാക്കാം എന്നുള്ള പ്രാക്ടിക്കൽ എക്സ്പീരിയൻസും മഹേഷ് നേടിയിട്ടുണ്ട്. രണ്ടിലും കിട്ടാത്ത മാനസിക സംതൃപ്തിയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ ഉറപ്പിച്ചു നിർത്തുന്നതെന്നു മഹേഷ് പറയുന്നു.

രണ്ടു മാസത്തിലൊരിക്കൽ പതിനെട്ടു പേരുള്ള സംഘങ്ങളെ ഉൾപ്പെടുത്തി വൈൽഡ് ലൈഫ് ക്യാംപുകൾ നടത്താറുണ്ട്. താമസ സൗകര്യവും സഫാരിയും ബുക്ക് ചെയ്തു കൊടുക്കും. അംഗങ്ങൾ ഐടി മേഖലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ക്യാംപിൽ ഒരു കുടുംബവുമുണ്ടായിരുന്നു. ഒരിക്കൽ പങ്കെടുത്തവർ അടുത്ത ട്രിപ്പ് അന്വേഷിച്ച് മെസേജ് അയച്ചു കൊണ്ടിരിക്കുന്നു. ഞാൻ മാത്രമല്ല, കാടിനെ അറിഞ്ഞു തുടങ്ങിയാൽ ആർക്കും അവിടെ നിന്നു പിന്മാറാൻ കഴിയില്ല.... ക്യാംപിൽ പങ്കെടുത്തവരുടെ ഗ്രൂപ്പ് ഫോട്ടോ കാണിച്ച് മഹേഷ് വീണ്ടും ചിരിച്ചു.