Friday 26 August 2022 03:08 PM IST : By Niyas Kareem

പാസ്പോർട്ടും വിസയുമില്ലാതെ ചൈനയിൽ!

twng 04

വലിയ മതിൽക്കെട്ടോ ഇരുമ്പുവേലിയോ ഒന്നുമില്ല. മഞ്ഞിൽ നാട്ടിയ ഏതാനും ബോർഡുകളും കൂട്ടിയിട്ട കുറേ കല്ലുകളും മാത്രം. ഞങ്ങളെ ഒരടി കൂടി മുന്നിലേക്ക് നീക്കിനിർത്തി ആ പട്ടാളക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു: 'നാം അതിർത്തി പിന്നിട്ടുകഴിഞ്ഞു. പാസ്പോർട്ടും വിസയുമില്ലാതെ ഇപ്പോൾ നിങ്ങൾ ചൈനയിൽ കാല് കുത്തിയിരിക്കുന്നു!'

twng 05

തവാങ്ങിലെ ഇന്തോ–ചൈന അതിർത്തിയായ ബുംല പാസിലായിരുന്നു ഞങ്ങളപ്പോൾ. ഹിമവാന്റെ മുകൾത്തട്ടിലുള്ള ആ അതിർത്തിപ്രദേശം മുഴുവൻ മഞ്ഞുമൂടിക്കിടക്കുകയാണ്. ഞങ്ങളുടെ ഓരോ നീക്കവും ബൈനോക്കുലറിലൂടെ നിരീക്ഷിച്ചുകൊണ്ട് കുറച്ചകലെ ചൈനീസ് പട്ടാളക്കാർ ജാഗ്രതയോടെ നിൽപുണ്ടെന്ന് കേട്ടപ്പോൾ ശരീരവും മനസ്സും കോരിത്തരിച്ചുപോയി. സാഹസികത കൊതിച്ച് ഹിമാലയത്തിലേക്ക് ബൈക്കോടിച്ചുവന്ന സഞ്ചാരികൾക്ക് ഇതിൽപരം എന്തുകിട്ടാനാണ്...!

അസം തലസ്ഥാനമായ ഗുവാഹത്തിയിൽനിന്നും അരുണാചൽപ്രദേശിലെ ഏറ്റവും ചെറിയ ജില്ലയായ തവാങ്ങിലേക്കുള്ള റോഡ് ട്രിപ്പ് ആവേശത്തിന്റെ അത്യുന്നതങ്ങളിലെത്തിയ നിമിഷമായിരുന്നു അത്. ബുംല പാസ് എന്ന ക്ലൈമാക്സിലേക്കുളള ഞങ്ങളുടെ ‘സിനിമാറ്റിക്’ യാത്രയിലെ ഓരോ ‘സീനും’ സംഭവബഹുലമായിരുന്നു.


മോൻപകളുടെ ഗ്രാമത്തിൽ

twng 12

ഗുവാഹത്തിയിൽനിന്ന് മൂന്നു ദിവസത്തെ ബൈക്ക് യാത്രയ്ക്കൊടുവിലാണ് തവാങ്ങിലെത്തിയത്. ടൗണിൽനിന്നും കുറച്ചകലെ മലമുകളിലുള്ള പാംഗർ എന്ന ഗ്രാമത്തിലെത്തുമ്പോൾ വൈകിട്ട് ആറുമണി കഴിഞ്ഞു. വിജനമായ ആ മലമ്പ്രദേശമെങ്ങും ഇരുട്ടിലാണ്. ഇന്ത്യയിൽ ഏറ്റുവുമാദ്യം സൂര്യനുദിക്കുന്ന നാടായ അരുണാചലിൽ അസ്തമയവും നേരത്തെ തന്നെ. ഞങ്ങളുടെ ടൂർ ഓപ്പറേറ്ററും പാംഗർ സ്വദേശിയുമായ ലോബ്സാങ് ആണ് പാംഗർ ഗ്രാമത്തിലെ ഞങ്ങളുടെ ആതിഥേയൻ. മലകയറിയെത്തുന്ന വിശാലമായൊരു വെളിമ്പ്രദേശത്ത് ഒരുക്കിയ താൽക്കാലിക ടെന്റുകളിൽ അന്നുരാത്രി കഴിച്ചുകൂട്ടി. അരുണാചൽപ്രദേശിലെ പ്രമുഖ ഗോത്രവർഗങ്ങളിലൊന്നാണ് മോൻപകൾ. ഇന്ത്യയിലും ചൈനയിലുമായി വ്യാപിച്ചുകിടക്കുന്ന അവർ നൂറ്റാണ്ടുകളോളം നാടോടികളായിക്കഴിഞ്ഞ ഗോത്രസമൂഹത്തിന്റെ പിന്മുറക്കാരാണ്. മലമുകളിൽ കാലിമേയ്ച്ചും കൃഷിചെയ്തും സ്വയംപര്യാപ്തമായി ജീവിക്കുന്ന ജനതയാണ് മോൻപകൾ. അവർ പൊതുവേ ഉയർന്ന സ്വാതന്ത്ര്യബോധമുള്ളവരും ബുദ്ധമതവിശ്വാസികളുമാണ്. ഇന്ത്യയിൽ തവാങ്ങിലാണ് മോൻപകൾ ഏറ്റവുമധികമുള്ളത്. തവാങ്ങിലെ വിവിധ മലമുകളിലായി ചിതറിക്കഴിയുന്ന മോൻപകളുടെ അസംഖ്യം ഗ്രാമങ്ങളിലൊന്നാണ് പാംഗർ.

twng 07

രാത്രിയിലെ മരംകോച്ചുന്ന തണുപ്പിൽ കരിമ്പടം പുതച്ച് ഞങ്ങൾ നന്നായുറങ്ങി. പ്രകൃുതിയൊരുക്കിയ മനോഹരമായ കണികൾ കണ്ടാണ് ഉറക്കമുണർന്നത്. കോട്ടകെട്ടിയപോലെ മലകളാണ് ചുറ്റും. കുറച്ച് മുകളിലായി തട്ടുതട്ടായൊരുക്കിയ കൃഷിയിടങ്ങൾ. അതിനുമുകളിൽ ഗ്രാമീണരുടെ ഏതാനും വീടുകൾ. എല്ലാറ്റിനുംമീതെ മഞ്ഞുമൂടിയ ഹിമാലയശൃംഗങ്ങൾ. പ്രഭാതഭക്ഷണത്തിനുശേഷം പാംഗർ ഗ്രാമത്തിലേക്ക് ലോബ്സാങ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. കുത്തനെയുള്ള കയറ്റത്തിനിരുവശവും ബാർളിയും ഗോതമ്പുമൊക്കെ വിളഞ്ഞുനിൽക്കുന്ന പാടങ്ങൾ. വാൻഗോഗിന്റെ പെയിന്റിങ് പോലെ മനോഹരമായ അവിടം പിന്നിട്ട് ഞങ്ങൾ ഗ്രാമത്തിലേക്കുകയറി. ഒന്നും രണ്ടും നിലകളുള്ള വൃത്തിയുള്ള വീടുകൾ. വീടിനോടുചേർന്ന് പച്ചക്കറിത്തോട്ടങ്ങൾ. മിക്ക വീടുകളിലും ആടിനെ വളർത്തുന്നുണ്ട്. കാവൽക്കാരെപ്പോലെ നാലുചുറ്റും നായ്ക്കൾ. വീടുകളുടെ ചെറുസംഘങ്ങളായി ഗ്രാമം മലമുകളിലേക്ക് വളർന്നുപോവുകയാണ്. ഗ്രാമത്തിന്റെ ഏതാണ്ട് മധ്യത്തിലായി ഒരു ബുദ്ധക്ഷേത്രം. പരമ്പരാഗതവേഷം ധരിച്ച പൂജാരി അപ്പോൾ പിറന്നുവീണ കുഞ്ഞിനെപ്പോലെ പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു.

twng 09

അവസാനത്തെ വീടും പിന്നിട്ടപ്പോൾ ദൂരെയുള്ള ഒരു മലമുകളിലേക്ക് ലോബ്സാങ് കൈചൂണ്ടി. 11,500 അടി ഉയരത്തിലുള്ള ആ മലയാണത്രേ പാംഗർ ഗ്രാമത്തിന്റെ കാവൽമാലാഖ. ഏതാണ്ട് രണ്ടുകിലോമീറ്റർ കയറ്റം കയറിയെത്തുന്ന അവിടെയാണ് അന്നുരാത്രി ഞങ്ങളുടെ ക്യാംപ്. നടന്നും നിന്നും ഇരുന്നും കിതച്ചും മണിക്കൂറുകളെടുത്ത് ഞങ്ങൾ മല താണ്ടി. യഥാർഥത്തിൽ രണ്ടല്ല, അഞ്ചു കിലോമീറ്റർ ട്രെക്ക് ചെയ്‌തതെന്ന് മുകളിലെത്തിയപ്പോഴാണറിഞ്ഞത്. പേടിച്ച് പിന്മാറാതിരിക്കാൻ വേണ്ടിയാണത്രേ ദൂരം കുറച്ചുപറഞ്ഞത്. മലകളുടെ നാട്ടിലെ ആ അഞ്ചുകിലോമീറ്റർ ഹൈക്കിങ് മലയാളനാട്ടിലെ അൻപതു കിലോമീറ്റർ നടപ്പിനേക്കാൾ കടുപ്പമായിരുന്നു. ആറു മണിക്കൂറിലേറെ സമയമെടുത്ത് ഞങ്ങൾ പിന്നിട്ട ആ ദൂരമത്രയും, എടുത്താൽ പൊങ്ങാത്തത്ര ലഗേജുകൾ മുതുകിലിട്ട് വെറും രണ്ടു മണിക്കൂർ കൊണ്ട് ലോബ്സാങ്ങിന്റെ സഹായിപ്പയ്യന്മാർ തീർത്തുകളഞ്ഞു!


‘ജെല’ എന്നറിയപ്പെടുന്ന മലമുകളിലായിരുന്നു ഞങ്ങളപ്പോൾ. കുറേയകലെ ഏതാണ്ട് അത്രതന്നെ ഉയരത്തിൽ മഞ്ഞുപുതച്ച തവാങ് പട്ടണം. ദൂരെമാറി ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന മലകൾ. ഭൂട്ടാൻ അതിർത്തിയോടു ചേർന്ന ഒരു ഗ്രാമം കാണിച്ച് ലോബ്സാങ് പറഞ്ഞു. ‘അതാണ് ബുംജ (Bomja). ഇന്ത്യയിലെ ഒരേയൊരു ക്രോർപതി ഗ്രാമം.’ അതിർത്തിയോടുചേർന്ന തന്ത്രപ്രധാനമായ പ്രദേശമായതിനാൽ അവിടെ ഒരു മിലിട്ടറി താവളമുണ്ടാക്കുന്നതിന് ഇന്ത്യന്‍ സൈന്യം അവരുടെ സ്ഥലം ഏറ്റെടുത്തു. അതോടെ ഗ്രാമീണരുടെ തലവര മാറി. ഒന്നരക്കോടി മുതൽ ഏഴരക്കോടി രൂപ വരെയാണ് അവിടെയുള്ള ഓരോ കുടുംബത്തിനും കേന്ദ്ര സർക്കാർ നഷ്ടപരിഹാരമായി നൽകിയത്രേ!

അന്നുരാത്രി മലമുകളിലെ ടെന്റിൽ ഞങ്ങൾ കഴിച്ചുകൂട്ടി. കാറ്റും തണുപ്പും അതികഠിനമായിരുന്നു. യാക്കുകളെ മേയ്ക്കുന്നവരുടെ ഇടത്താവളമായ ഷെഡ്ഡിലാണ് അത്താഴം തയാറാക്കിയത്. ചോറും മസാലയില്ലാത്ത മുട്ടക്കറിയും. ബുദ്ധമതക്കാരുടെ നാടായ തവാങ്ങിൽ മൃഗങ്ങളെ കൊല്ലാൻ പാടില്ലെന്നാണ് നിയമം. എന്നുവച്ച് അവിടത്തുകാർ ശുദ്ധവെജിറ്റേറിയന്മാരൊന്നുമല്ല. വെളിയിൽനിന്നും ആട്, കോഴി, യാക്ക് തുടങ്ങി പലതരം മാംസങ്ങൾ അവിടേക്ക് യഥേഷ്ടമെത്തുന്നു. രുചികരമായ നോൺവെജ് ഭക്ഷണം വിളമ്പുന്ന ധാരാളം ഹോട്ടലുകൾ ടൗണിലെങ്ങും കാണാം.

ഉറങ്ങാൻ ഏറെ വൈകിയിട്ടും അതിരാവിലെ ഞങ്ങൾ ഉണർന്നു. നാലേമുക്കാൽ കഴിഞ്ഞപ്പോഴേക്കും മലമുകളിൽ സൂര്യൻ സാന്നിധ്യമറിയിച്ചുതുടങ്ങി. അരുണാചൽ പ്രദേശ് എന്ന വാക്കിനർഥം തന്നെ ‘ഉദയസൂര്യന്റെ നാട്’ എന്നാണ്. പുലരിവെളിച്ചത്തിൽ തിളങ്ങുന്ന മലകളുടെ നാട് എന്നും അതിന് വിശേഷണമുണ്ട്. ആ ദൃശ്യം ഞങ്ങൾ നേരിൽ കണ്ടു. കറുത്ത മാനത്ത് ആദ്യം കടുത്ത ചുവപ്പിലും പിന്നീട് തിളങ്ങുന്ന സ്വർണനിറത്തിലും ഉദിക്കുന്ന സൂര്യൻ. അഞ്ചുമണിയോടെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി ചുറ്റുമുള്ള മലകളെല്ലാം ഞങ്ങളുടെ ക്യാമറകൾക്ക് പോസ് ചെയ്തു. അതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ദിവ്യമായ പ്രഭാതം. മലയിറക്കം വേഗത്തിലായിരുന്നു. ഉച്ചയോടെ ഗ്രാമത്തിൽ തിരികെയെത്തി ലോബ്സാങ്ങിന്റെ സഹോദരിയുടെ വീട്ടിൽനിന്നും ഭക്ഷണം കഴിച്ചു. റാഗി കൊണ്ടുള്ള അപ്പവും അത് മുക്കിക്കഴിക്കാൻ യാക്ക് ചീസ് ചേർത്ത സൂപ്പും. രുചികരമായ ആ നാടൻ വിഭവം കഴിച്ച് ഗ്രാമവാസികളോട് യാത്ര പറഞ്ഞ് ഞങ്ങൾ തവാങ്ങിലേക്ക് തിരിച്ചു.

ലാമമാരുടെ തവാങ്

twng 02

ഇരുപതു കിലോമീറ്റർ ബൈക്കോടിച്ച് തവാങ് ‍‍ടൗണിലേക്കുള്ള കയറ്റം കയറുമ്പോൾ ഇടതുവശത്ത് ബി.ആർ.ഒയുടെ (Border Roads Organization) ബോർഡ് കണ്ടു. Don’t be a Gama In the land of Lama. ലാമയുടെ നാട്ടിൽ ആരും ഗാമയാകരുതെന്ന്. ആ ചെറുവരിയിലൊതുക്കിയ അർഥതലങ്ങളോർത്ത് ഗാമ ഇന്ത്യയിലാദ്യം കാൽ കുത്തിയ നാട്ടിൽനിന്നെത്തിയ ഞങ്ങൾ തരിച്ചുനിന്നു. അല്പദൂരം പിന്നിട്ടപ്പോൾ പരമ്പരാഗതവേഷം ധരിച്ച് റോഡിലൂടെ നടന്നുപോകുന്ന ഏതാനും ലാമമാരെ കണ്ടു. കരിമ്പുപോലെന്തോ കടിച്ചുതിന്നുകൊണ്ട് കളിച്ചും ചിരിച്ചും കയറ്റം കയറുകയാണവർ. ചിത്രമെടുക്കാനായി വണ്ടി നിർത്തിയതും പെട്ടെന്ന് ആ കുട്ടികൾ ഓടിവന്ന് ബൈക്കിനുപിന്നിൽ കയറി. ഞങ്ങൾക്ക് എന്തെങ്കിലും പറയാനവസരം കിട്ടുംമുമ്പ് മലമുകളിലേക്കു ചൂണ്ടി ‘വണ്ടി പോട്ടെ’ എന്നവർ ആംഗ്യം കാട്ടി. രണ്ടു ബൈക്കുകളിലായി മൂന്നു ലാമമാർ. വഴിയിലുടനീളം അവർ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ, ആദ്യമായി ബൈക്കിൽ കയറിയതിന്റെ സന്തോഷമാകാം. റോഡിൽ കാണുന്ന എല്ലാവരെയും അവർ കൈവീശിക്കാട്ടുന്നുമുണ്ട്. ബൈക്കുകൾ പരസ്പരം ഓവർടേക്ക് ചെയ്തപ്പോൾ ചിരിയും ആവേശവും പിന്നെയും കൂടി. തവാങ് മൊണാസ്ട്രിക്കു മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ ശബ്ദമില്ലാതെ ചിരിച്ചുകൊണ്ട് അപ്പോഴും പറക്കുകയാണെന്ന ഭാവത്തിൽ സ്വപ്നത്തിലെന്നപോലെ അവർ ഇറങ്ങിപ്പോയി.

വലുപ്പത്തിൽ ഇന്ത്യയിൽ ഒന്നാമതും ലോകത്ത് രണ്ടാം സ്ഥാനത്തുമുള്ള ബുദ്ധവിഹാരമാണ് തവാങ്ങിലേത്. ടിബറ്റിലെ ലാസ ബുദ്ധവിഹാരത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണവിടം. തവാങ് മൊണാസ്ട്രി ടിബറ്റൻ ഭാഷയിൽ ‘ഗാൾഡൻ നാംഗ്യേ ലാറ്റ്സേ’ എന്നറിയപ്പെടുന്നു. ‘തെളിഞ്ഞ ആകാശത്തെ സ്വർഗം’ എന്നാണ് ആ പേരിനർഥം. അഞ്ചാമത് ദലൈ ലാമയുടെ നിർദേശപ്രകാരം 17–ാം നൂറ്റാണ്ടിൽ മെറെക് ലാമ ഗ്യാറ്റ്സോ എന്ന ബുദ്ധസന്യാസിയാണ് തവാങ് മൊണാസ്ട്രി സ്ഥാപിച്ചത്. അതു പണിയാനുള്ള സ്ഥലം കാണിച്ചുകൊടുത്തത് ഒരു കുതിരയാണെന്നാണ് വിശ്വാസം. അതിനാലാണ് ടിബറ്റൻ ഭാഷയിൽ ‘കുതിരയാൽ തിരഞ്ഞെടുക്കപ്പെട്ട’ എന്നർഥമുള്ള ‘തവാങ്’ എന്ന പേര് ആ പ്രദേശത്തിനു ലഭിച്ചത്. 10,000 അടി ഉയരത്തിലുള്ള തവാങ് ബുദ്ധവിഹാരത്തിൽ നിന്നാൽ മഞ്ഞുമൂടിയ മലനിരകളുടെ പശ്ചാത്തലത്തിൽ തവാങ് താഴ്‌വരയുടെ വിശാലമായ ദൃശ്യം കാണാം. കുന്നിൻമുകളിൽ മൂന്നുനിലയുള്ള കോട്ട പോലെയാണ് മൊണാസ്ട്രി പണിതിരിക്കുന്നത്. ഉയരമുള്ള മതിൽക്കെട്ടിനുള്ളിൽ ചിതറിക്കിടക്കുന്ന അറുപതിലേറെ കെട്ടിടങ്ങൾ. അസംബ്ലി ഹാൾ, മ്യൂസിയം, ലൈബ്രറി, ക്ഷേത്രം, സ്കൂൾ, സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചറൽ സ്റ്റഡീസ് എന്നിവയെല്ലാം അതിൽ ഉൾപ്പെടും. സന്യാസിമാരും ലാമമാരും വിദ്യാർഥികളുമടക്കം നാനൂറിലേറെപ്പേർ മൊണാസ്ട്രിയിൽ താമസിക്കുന്നുണ്ട്.

twng 03

1914 വരെ ടിബറ്റിന്റെ കീഴിലായിരുന്നു തവാങ്. പിന്നീട് ടിബറ്റ് അവിടം ബ്രിട്ടിഷുകാർക്ക് വിട്ടുകൊടുത്തു. തവാങ് മേഖലയുടെ ഉടമാവസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് 1962–ലെ ഇന്തോ–ചൈന യുദ്ധത്തിന് പ്രധാന കാരണമായത്. യുദ്ധത്തെത്തുടർന്ന് ഇന്ത്യയിൽ അതിക്രമിച്ചുകയറിയ ചൈനീസ് പട്ടാളം ആറു മാസക്കാലം തവാങ് മൊണാസ്ട്രി കൈവശം വച്ചു. അതിനുമുമ്പ് 1959–ൽ, ടിബറ്റിൽനിന്നും രക്ഷപ്പെട്ടെത്തിയ 14–ാമത് ദലൈ ലാമ കുറച്ചുദിവസം തവാങ് മൊണാസ്ട്രിയിൽ അഭയം തേടിയിരുന്നു. 50 വർഷങ്ങൾക്കുശേഷം 2009–ൽ ചൈനയുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് ദലൈ ലാമ ഇവിടം സന്ദർശിച്ചത് ചരിത്രത്തിൽ ഇടംനേടി. സംഘർഷങ്ങളുടെ ഇന്നലെകളേക്കാൾ ശാന്തിയുടെ വർത്തമാനസൗന്ദര്യമാണ് തവാങ് ആശ്രമത്തിൽ ഞങ്ങളനുഭവിച്ചത്. അതിഥികളും ആതിഥേയരും ഏറെയുണ്ടായിട്ടും വിശാലമായ ആ മതിൽക്കെട്ടിനുള്ളിൽ ഉച്ചത്തിൽ മുഴങ്ങുന്നത് നിശ്ശബ്ദത മാത്രം! നിറപ്പകിട്ടാർന്ന കവാടങ്ങളും ചുവർചിത്രങ്ങളും കൊത്തുപണികളും പരമ്പരാഗതവേഷമണിഞ്ഞ ബുദ്ധഭിക്ഷുക്കളും ആ സൗന്ദര്യത്തിന് മാറ്റുകൂട്ടി. പ്രധാനക്ഷേത്രത്തിനുള്ളിൽ 18 അടിയോളം ഉയരമുള്ള, സ്വർണത്തിൽ പൊതിഞ്ഞ ബുദ്ധപ്രതിമ. പത്മാസനത്തിലിരിക്കുന്ന ബുദ്ധനുമുന്നിൽ ശിലകളെപ്പോലെ ധ്യാനനിരതരായ ആളുകൾ. ‘ഈ ദേവാലയത്തിന്റെ നന്മയും വിശുദ്ധിയും തിരികെ നാട്ടിലേക്കു മടങ്ങുമ്പോൾ ഒപ്പമുണ്ടാകുമെന്ന്’ അവിടുത്തെ സന്ദർശകഡയറിയിൽ മലയാളത്തിലെഴുതി, നിറഞ്ഞ മനസ്സോടെ ഞങ്ങൾ ആശ്രമത്തിന്റെ പടികളിറങ്ങി.

മൂന്നു നിലയുള്ള യുൽ പെമാഖർ എന്ന ഇടത്തരം ലോഡ്ജിലായിരുന്നു താമസം. മൂന്നാം നില ഉടമസ്ഥരുടേതാണ്. ഭാര്യയും ഭർത്താവും ചെറിയൊരു കുട്ടിയും വലിയൊരു പട്ടിയും അടങ്ങുന്നതാണ് ആ കുടുംബം. അതിഥികളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവർ തന്നെ. തവാങ് ടൗണിലേക്ക് അവിടെനിന്ന് രണ്ടു കിലോമീറ്ററേയുള്ളൂ. ചെറുതെങ്കിലും തിരക്കുള്ളതാണ് ടൗൺ. പരമ്പരാഗതവസ്ത്രങ്ങൾ, കമ്പിളികൾ, ജാക്കറ്റുകൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന നിരവധി കടകൾ. തുപ്ക, തെന്തുക്, മോമോസ്, നൂഡിൽസ്, ചിക്കൻ, യാക്ക്, പോർക്ക് എന്നിങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകൾ. മോഡേൺ വസ്ത്രങ്ങൾ ധരിച്ച് ‘ടിപ്–ടോപ്പാ’യി നടക്കുന്ന ആളുകളെ മാത്രമേ തവാങ്ങിൽ കാണാനാകൂ. ചൈന, തായ്‌ലൻഡ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേതുപോലെ തവാങ്ങിലെയും സ്ത്രീകൾ തീർത്തും സ്വതന്ത്രരാണ്. ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നതുതൊട്ട് റോഡരികിൽ സിമന്റ് കുഴക്കുന്നതുവരെയുള്ള എന്തുജോലിയും ചെയ്യാൻ അവരാണ് മുന്നിൽ. ടൗണിലെ മിക്കവാറും കടകളും മറ്റു കച്ചവടസ്ഥാപനങ്ങളും നടത്തുന്നതും സ്ത്രീകൾ തന്നെ. ഏതുജോലിയും ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിച്ചേ അവർ ചെയ്യൂ. പൊതുവേ ചിരിക്കുന്ന മുഖത്തോടെ സംസാരിക്കുന്ന അവർ, തങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ആരുടെയും മുഖത്തുനോക്കി ചിരിച്ചുകൊണ്ടുതന്നെ പറ്റില്ലെന്നു പറയുകയും ചെയ്യും.

‘ചൈന’യിലേക്ക്!

twng 01

തവാങ്ങിൽനിന്നും 40 കിലോമീറ്ററാണ് ഇന്തോ-ചൈന അതിർത്തിയായ ബുംല പാസിലേക്ക്. തന്ത്രപ്രധാനകേന്ദ്രമായതിനാൽ തവാങ്ങിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽനിന്നുള്ള പ്രത്യേക പെർമിറ്റുണ്ടെങ്കിലേ അവിടേക്ക് പോകാനാകൂ. ഇന്ത്യൻ സേനയുടെ പ്രധാന ചെക്പോസ്റ്റിൽ പെർമിറ്റ് സ്റ്റാംപ് ചെയ്യിക്കുകയും വേണം. പോകുന്ന വഴിയിലെങ്ങും മിലിട്ടറി ചെക്പോസ്റ്റുകളാണ്. യാത്രാനിയന്ത്രണമുള്ളതിനാൽ രാവിലെ തന്നെ ഞങ്ങൾ ബുംലയിലേക്ക് പുറപ്പെട്ടു. തിരക്കുള്ള കണ്ടോണ്ട്മെൻറ് ഏരിയയിലാണ് ചെക്പോസ്റ്റ്. നിരവധി പട്ടാള ട്രക്കുകളും സഞ്ചാരികളുടെ വാഹനങ്ങളും അവിടെ നിർത്തിയിട്ടിരിക്കുന്നു. ബുംലയിലേക്കുള്ള റോഡ് മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്നതിനാൽ ബൈക്കുകൾ വിടാനാവില്ലെന്ന് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ തീർത്തുപറഞ്ഞു. പട്ടാളവാഹനങ്ങൾക്കു പുറമേ മഞ്ഞിൽ ഗ്രിപ്പ് കിട്ടാൻ പാകത്തിൽ ടയറിൽ ചങ്ങല ചുറ്റിയ ടാക്സി വണ്ടികൾ മാത്രമേ കടത്തിവിടുന്നുള്ളൂ. അതിൽ അധികവും എട്ടുപേർക്ക് കയറാവുന്ന ടാറ്റാ സുമോയാണ്. അര മണിക്കൂറിനകം ഒരു ടാക്സി സംഘടിപ്പിച്ച് ഏതാനും കിലോമീറ്ററുകൾക്കപ്പുറമുള്ള രണ്ടാമത്തെ ചെക്ക് പോസ്റ്റിൽ ബൈക്കുകൾ പാർക്ക് ചെയ്ത് ഞങ്ങൾ കയറ്റം കയറിത്തുടങ്ങി.

അയ്യായിരത്തിലേറെ അടി മുകളിലേക്കാണ് യാത്ര. ഏതാണ്ട് ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും മഞ്ഞ് പെയ്തുതുടങ്ങി. നോക്കിയിരിക്കെ റോഡും ചുറ്റുമുള്ള മലകളുമൊക്കെ വെളുപ്പിലേക്ക് നിറംമാറി. കടുപ്പമേറിയ വളവുകൾ വേഗമൊട്ടും കുറയ്ക്കാതെ പുല്ലുപോലെ പായിക്കുകയാണ് ഞങ്ങളുടെ ഡ്രൈവർ. മുന്നിൽ വലിയ മിലിട്ടറി ട്രക്കുകൾ കാണുമ്പോൾ ഒട്ടും ശങ്കയില്ലാതെ ഹോണടിക്കുന്നതുകേട്ട് ഞങ്ങൾ അമ്പരന്നുപോയി. ഉടൻ വണ്ടി നിർത്തി പട്ടാളക്കാർ ചാടിയിറങ്ങിവന്ന് അയാളുടെ കഴുത്തിന് പിടിക്കുമെന്നും യാത്ര മുടങ്ങുമെന്നുമൊക്കെ ഭയപ്പെട്ടെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല. കടുപ്പിച്ച ഒരുനോട്ടം പോലുമില്ലാതെ മാന്യമായി വണ്ടിയൊതുക്കി അവർ ഞങ്ങളെ കടത്തിവിട്ടു. വഴിയിലൊരിടത്ത് വണ്ടി നിർത്തിയപ്പോൾ ഗ്ലൗസും ജാക്കറ്റും ബൂട്ട്സുമൊക്കെയിട്ട് മേലാസകലം മൂടി ഞങ്ങൾ പുറത്തിറങ്ങി. മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര. മഞ്ഞുവീണ് റോഡ് ബ്ലോക്കായിരിക്കുകയാണ്. ശരിയാക്കാൻ സമയമെടുക്കും. തണുപ്പ് അപ്പോൾ പൂജ്യത്തിലും താഴെയായിരുന്നു. ചരലു വാരിയെറിയുന്നപോലെ ശരീരത്തിൽ മഞ്ഞ് വീണുകൊണ്ടിരുന്നു. മാനത്തുനിന്നുള്ള വെളിച്ചം ഒളിക്കാനിടം കിട്ടാതെ മഞ്ഞിൽ തട്ടിത്തെറിച്ചുപെരുകി കണ്ണിനെ വേദനിപ്പിക്കുന്നുണ്ട്. എങ്കിലും, ആ മായാലോകത്തിനുനേരെ ഒരു നിമിഷം പോലും കണ്ണടക്കാൻ ഞങ്ങൾക്ക് തോന്നിയില്ല. കുട്ടിക്കാലത്തു വായിച്ച റഷ്യൻ നാടോടിക്കഥകളെ ഓർമിപ്പിച്ച ആ മഞ്ഞുഭൂമിയിലേക്ക് പെട്ടെന്ന് സൈബീരിയൻ നായ്ക്കളെപ്പോലെ രോമാവൃതമായ ശരീരമുള്ള കുറേ നായ്ക്കൾ പ്രത്യക്ഷപ്പെട്ടു. 'ഇത് ഞങ്ങളുടെ ലോകമാണെന്ന' മനുഷ്യസഹജമായ അഹന്തയില്ലാതെ തികച്ചും സൗഹൃദഭാവത്തിൽ അവ ഞങ്ങളെ മുട്ടിയുരുമ്മി നിന്നു.

twng 14

അല്പം കഴിഞ്ഞപ്പോൾ വണ്ടികൾ നീങ്ങിത്തുടങ്ങി. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മഞ്ഞിൽ അവിടവിടെ പാതിമരവിച്ച മനോഹരമായ തടാകങ്ങൾ. ഇടക്കിടെ പട്ടാളക്യാംപുകളും ഉപേക്ഷിക്കപ്പെട്ട ബങ്കറുകളും. 1962–ലെ ഇന്തോ-ചൈന യുദ്ധത്തിൽ നിർണായകമായ പോരാട്ടം നടന്ന സ്ഥലമാണ് ബുംല പാസ്. അതിനും മൂന്ന് വർഷം മുമ്പ് ചൈനീസ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ദലൈലാമ ഇന്ത്യയിലേക്കു രക്ഷപ്പെട്ടതും ഈ വഴിയിലൂടെയാണ്. ഏതാണ്ട് മൂന്നു മണിക്കൂർ നേരത്തെ സാഹസിക യാത്രയ്ക്കുശേഷം ഞങ്ങൾ അതിർത്തിയിലെത്തി. സാമാന്യം വലിയൊരു പട്ടാള ക്യാംപും അനുബന്ധ കെട്ടിടങ്ങളുമുള്ള വിശാലമായ പ്രദേശം. പല സംഘങ്ങളായി നൂറോളം സഞ്ചാരികൾ എത്തിയിട്ടുണ്ട്. അധികവും ഉത്തരേന്ത്യയിൽനിന്നുള്ളവരാണ്. മുത്തച്ഛന്മാരും മുത്തശ്ശിമാരും തൊട്ട് കൈക്കുഞ്ഞുങ്ങൾ വരെയുള്ള വലിയ യാത്രാസംഘങ്ങൾ. അതിർത്തിരേഖയും (Line of Actual Control - LAC) പട്ടാളക്കാരെയുമൊക്കെ കണ്ടപ്പോൾ അറുപതു പിന്നിട്ട പല 'ചെറുപ്പക്കാർക്കും ' രക്തം തിളച്ചുതുടങ്ങി. ഇന്ത്യ-ചൈന യുദ്ധത്തെക്കുറിച്ചുള്ള ഓർമകളും സർവീസ് കാലത്തെ വീരകഥകളുമൊക്കെ പൊടിതട്ടിയെടുത്ത് കുടുംബാംഗങ്ങൾക്കുനേരെ അവർ തുരുതുരാ 'നിറയൊഴിച്ചു'. കടുത്ത കാലാവസ്ഥയിലും ദുർഘടമായ മലയോരമേഖലകളിലേക്ക് സകുടുംബം ടൂറിനെത്തുന്ന ഉത്തരേന്ത്യക്കാരുടെ ധൈര്യം സമ്മതിച്ചേ പറ്റൂ.

രക്തമുറയുന്ന തണുപ്പിൽ രാവും പകലും രാജ്യത്തിനു കാവൽ നിൽക്കുന്ന പട്ടാളക്കാരാണ് ബുംലയിലെത്തുന്ന ഏതൊരു സഞ്ചാരിയെയും സ്വാഗതം ചെയ്യുക. അതിഥികൾക്ക് സൗജന്യമായി അവർ ചായ നൽകുന്നു. പുറത്തെ മഞ്ഞുകാറ്റേറ്റ് മരവിച്ചു നിൽക്കുന്നവരെ കോൺഫറൻസ് ഹാൾ പോലുള്ള വലിയ അതിഥിമുറിയിലേക്ക് നയിക്കുന്നു. ബുംല പാസിന്റെ ചരിത്രവും അതിർത്തിയിലെ തങ്ങളുടെ ജീവിതവുമൊക്കെ അതിഥികൾക്കായി പലവട്ടം പങ്കിടുന്നു. അതിഥികളെ ചെറുസംഘങ്ങളായാണ് മുന്നൂറു മീറ്റർ മാറിയുള്ള അതിർത്തിരേഖ കാണിക്കാൻ കൊണ്ടുപോവുക. ഞങ്ങളുടെ ഊഴം കാത്ത് നിൽക്കുന്നതിനിടെ ഉത്തരേന്ത്യൻ സംഘത്തിലെ ഒരു കൊച്ചു പെൺകുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു. ഉടനെ പട്ടാളക്കാർ ആ കുട്ടിക്ക് ഓക്സിജനും അത്യാവശ്യം വേണ്ട വൈദ്യസഹായവും നൽകി.

twng 06

രണ്ടു വർഷമായി ബുംലയിൽ സേവനമനുഷ്ഠിക്കുന്ന ബിഹാർ റെജിമെന്റിലെ ഒരു പട്ടാളക്കാരനാണ് ഞങ്ങളെ അതിർത്തിരേഖ കാണിക്കാൻ കൊണ്ടുപോയത്. പാദം മുഴുവനായും പൂണ്ടുപോകുന്ന മഞ്ഞിലൂടെ അറ്റ്ലാന്റിക്കിലെ പെൻഗ്വിനുകളെപ്പോലെ അടിവച്ചടിവച്ച് ഞങ്ങൾ നടന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരും ചിത്രങ്ങളും പതിച്ച ബോർഡുകൾ വഴിയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ ദേശീയപതാകയും ദേശീയചിഹ്നവുമുള്ള വലിയൊരു ബോർഡ്. അതിൽ 'നന്ദി' എന്ന് ഇംഗ്ലിഷിലും ചൈനീസിലും എഴുതിവച്ചിരിക്കുന്നു. അതിനടുത്തായി 'ഇന്ത്യ ചൈന ഫ്രണ്ട്ഷിപ്പ്' എന്നെഴുതിയ ബോർഡും രണ്ട് രാജ്യങ്ങളുടെയും ദേശീയപതാകകൾ പതിച്ച മറ്റൊരു ബോർഡും കണ്ടു. അതിനുസമീപം മഞ്ഞിൽ കുറേ കല്ലുകൾ കൂട്ടിയിരിക്കുന്നു. ബുംലയിലെത്തുന്ന സഞ്ചാരികൾ അതിർത്തി കാക്കുന്ന ഹിമാലയത്തോടും ഇന്ത്യൻ ആർമിയോടുമുള്ള ആദരസൂചകമായി അതിന്മേൽ ഓരോ കല്ല് കയറ്റിവയ്ക്കാറുണ്ടത്രേ. 'ഹീപ് ഓഫ് സ്റ്റോൺസ്’ സ്മാരകം എന്നാണ് അത് അറിയപ്പെടുന്നത്. അല്പം മാറി ഉയരമുള്ള ഒരിടത്ത് രണ്ട് പട്ടാളക്കാർ ബൈനോക്കുലറിൽ നോക്കി ജാഗരൂകരായി നിൽക്കുന്നു. അയൽക്കാരുടെ നീക്കം നിരീക്ഷിക്കുകയാണവർ. ഏതാണ്ട് ഇരുനൂറു മീറ്റർ അപ്പുറം ഇന്ത്യയിലേക്കു കണ്ണുംനട്ടിരിക്കുന്ന ചൈനീസ് റഡാറുകളും പട്ടാളക്കാരുമുണ്ട്.

twng 13

അതിർത്തികളില്ലാത്ത ഹിമവാന്റെ മാറിൽ മനുഷ്യർ വരച്ചുചേർത്ത അതിർത്തിരേഖയിലാണ് ഞങ്ങൾ. ആ വരയുടെ ഇരുഭാഗത്തും ലോകത്തിലെ പ്രബലരായ രണ്ട് രാജ്യങ്ങൾ. ഒരടികൂടി മുന്നോട്ടുവച്ചാൽ ഇന്ത്യ ‘പിന്നിടു’മെന്ന് ഞങ്ങളെ അവിടേക്കു കൊണ്ടുവന്ന പട്ടാളക്കാരൻ അറിയിച്ചു. അല്പം കൂടി മുന്നിലേക്കു നടന്ന്, പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളോടെ ഞങ്ങൾ ചൈനയുടെ മണ്ണിൽ ചവിട്ടിനിന്നു. നാലുമണിക്കുമുമ്പ്‌ തിരിച്ചെത്തണമെന്ന് പട്ടാളത്തിന്റെ കർശനനിർദേശമുള്ളതിനാൽ അതിർത്തി കണ്ടശേഷം ഞങ്ങൾ ബുംലയോട് വിട പറഞ്ഞു. 15,500 അടി ഉയരത്തിൽനിന്നും മനസ്സില്ലാമനസ്സോടെയുള്ള മടക്കം. പിറ്റേന്നു രാവിലെ തവാങ്ങിൽനിന്ന് സേലാ പാസും മറ്റനേകം മലനിരകളും പിന്നിട്ട് ബോംഡില എന്ന ചെറുപട്ടണത്തിലേക്ക്. അവസാനമില്ലാത്തതെന്നു തോന്നിച്ച അനവധി ഇറക്കങ്ങളിലേക്ക് ബൈക്കോടിച്ച് അതിനടുത്ത ദിവസം അസമിലെ ഗുവാഹത്തിയിലേക്ക്. ഏറെ സ്വപ്നങ്ങളോടെ കഷ്ടപ്പെട്ട് കയറിയെത്തുന്ന ഉയരങ്ങളിൽനിന്ന് എല്ലാം തുടങ്ങിയിടത്തേക്ക് എത്ര വേഗമാണ് നാം തിരിച്ചെത്തുന്നത്!



Tags:
  • Manorama Traveller