രാജസ്ഥാനിലെ സുവർണ്ണനഗരമായ ജയ്സാൽമീറിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെ താർമരുഭൂമിയിൽ സ്ഥിതിചെയ്യുന്ന സുന്ദരമായൊരു ഗ്രാമമാണ് സാം സാൻഡ്യൂൺസ്. മണൽകൂനകളാൽ സമ്പന്നമാണ് ഇവിടം. മരുഭൂമിയ്ക്കുള്ളിലെ രാത്രിതാമസം, ഒട്ടകസഫാരി, ജീപ്പ് റൈഡ്, പാരാസെയ്‌ലിങ് ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കാനുതകുന്നതെല്ലാം ഇവിടുണ്ട്. എന്നാൽ സാം സാൻഡ്യൂൺസിലെ ഏറ്റവും മനോഹരമായ അനുഭവം സൂര്യാസ്തമയക്കാഴ്ചയാണ്. ഇരുട്ടുവീണുതുടങ്ങിയ മരുഭൂമിയിലെ തിളപ്പുമങ്ങിയ മണൽകൂനയിലിരുന്ന് ഒട്ടകങ്ങളുടെ സായാഹ്നകാഴ്ചകൾ പകർത്തുന്നത് സന്തോഷം നിറഞ്ഞ കാര്യമാണ്. പശ്ചാത്തലത്തിൽ ചുവന്ന ആകാശവും തിളക്കം മങ്ങി, തുടുത്ത് നിൽക്കുന്ന സൂര്യനും. മരുഭൂമിയിലെ സൂര്യാസ്തമയക്കാഴ്ച ആസ്വദിക്കാം എന്ന ഉദ്ദേശ്യവുമായാണ് രാജസ്ഥാനിലേക്കുള്ള ഈ സഞ്ചാരം...
ജോധ്പൂരിൽ നിന്ന് തുടങ്ങിയ മരുയാത്ര

നീലനഗരം എന്നറിയപ്പെടുന്ന ജോധ്പൂരിൽ നിന്ന് താർ മരുഭൂമിയുടെ ഹൃദയത്തിന്റെ ഭാഗമായ ജയ്സാൽമീറിലേക്ക് വാഹനം നീങ്ങി. അവിടുത്തെ താമസത്തിനിടയ്ക്ക് ഉച്ച കഴിഞ്ഞ് മരുഭൂമിയുടെ ഉള്ളിലൂടെ യാത്ര ചെയ്ത് സാമിൽ എത്തിച്ചേരാം. ജോധ്പൂരിൽ നിന്നും ജയ്സാൽമീറിലേക്ക് ഉദ്ദേശം 280 കിലോമീറ്ററുണ്ട്. ഗ്രാമങ്ങളിലൂടെയുള്ള പാതകളാണെങ്കിലും രാജസ്ഥാനിലെ റോഡുകളെല്ലാം ഉന്നത നിലവാരം പുലർത്തുന്നവയാണ്. .മരുഭൂമിയിലെ നോക്കെത്താദൂരം നീണ്ടുനിവർന്നുകിടക്കുന്ന റോഡ് ഡ്രൈവിങ് ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ആവേശം നൽകുന്ന അനുഭവമാകും. ഇടയ്ക്കൊക്കെ വെയിൽച്ചൂടിൽ തളർന്നുനിൽക്കുന്ന കൃഷിയിടങ്ങളെ കാണാം. റോഡരികുകളിൽ പച്ചപ്പ് നഷ്ടപ്പെട്ട മുൾമരങ്ങളും കുറ്റിച്ചെടികളും തിങ്ങിനിറഞ്ഞിരിക്കുന്നു. ഏകദേശം ജയ്സാൽമീർ എത്തും വരെ റോഡിനിരുവശവും കാഴ്ചകൾ ഇതൊക്കെത്തന്നെയായിരുന്നു. മരുഭൂമി അതിന്റെ അതിഭീകര രൂപത്തിൽ ഇവിടെ കാണപ്പെടുന്നില്ല എന്നതാണ് സത്യം.

സ്വർണത്തിളക്കത്തിലൊരു നഗരം

ഉച്ചവെയിലിൽ വെട്ടിത്തിളങ്ങുന്ന നഗരമാണ് ജയ്സാൽമീർ. മഞ്ഞകലർന്ന സ്വർണ്ണനിറമുള്ള മണൽക്കല്ലുകൾ കൊണ്ടാണിവിടെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. കൊട്ടാരങ്ങൾ മുതൽ ചെറുവീടുകൾ വരെ ഏറെക്കുറേ എല്ലാ നിർമിതിയും അങ്ങനെതന്നെ. AD 1156 ൽ റാവൽ ജൈസലാണ് ഈ നഗരവും കുന്നിൻമുകളിലെ കോട്ടയും നിർമ്മിച്ചത്. അതുകൊണ്ടുതന്നെ ജൈസലിന്റെ കുന്നിൻമുകളിലെ ഫോർട്ട് എന്നർഥത്തിൽ ഈ നഗരത്തെ ജയ്സാൽമീർ എന്ന് വിളിച്ചു.
പാക്കിസ്ഥാൻ അതിർത്തിയോടടുത്തുള്ള ഇന്ത്യയുടെ നഗരമാണ് ജയ്സാൽമീർ. എങ്കിലും സൈന്യത്തിന്റെ വലിയ സാന്നിധ്യം ഇവിടെ കാണപ്പെടുന്നില്ല. ടൂറിസത്തെ ആശ്രയിച്ചുള്ള വ്യാപാരവും മറ്റു മാർഗ്ഗങ്ങളുമൊക്കെ തന്നെയാണ് ജനങ്ങളുടെ വരുമാന മാർഗം. നഗരത്തിന്റെ തുടക്ക കാലത്ത് ജനങ്ങൾ മുഴുവൻ കുന്നിൻ മുകളിലെ കോട്ടമതിലിനുള്ളിലെ വീടുകളിലായിരുന്നു താമസം. കാലക്രമേണ ആൾത്തിരക്കേറിയപ്പോൾ ജനങ്ങൾ കോട്ടയ്ക്ക് പുറത്തുള്ള താഴ്‌വരയിൽ വീടുകൾ നിർമിച്ച് താമസം മാറി. ഇന്നും കോട്ടമതിലിനുള്ളിൽ ബ്രാഹ്മണ, രജപുത്ര സമുദായങ്ങളിലെ നാലായിരത്തോളം ആളുകൾ താമസിച്ച് വരുന്നു. 1500 അടി നീളവും 750 അടി വീതിയുമുള്ള കോട്ടയാണിത്. 250 അടി പൊക്കമുള്ള ഒരു ചെറിയ കുന്നിൻ മുകളിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്.

ജയ്സാൽമീറിൽ താമസം ശരിയാക്കിയ ഹോട്ടലിലെ റിസപ്‌ഷനിൽ തിരിച്ചറിയൽ രേഖകൾ നൽകുന്നതിനൊപ്പം സാം സാൻഡ്യൂൺസിലേക്കുള്ള യാത്ര കൂടി അറേഞ്ചുചെയ്തുതരാൻ ആവശ്യപ്പെട്ടിരുന്നു. ഏറെനേരത്തെ വിലപേശലിനൊടുവിൽ നഷ്ടമല്ലെന്ന് തോന്നിയ ഒരു നിരക്കിൽ മരുഭൂമിയിലേക്കുള്ള ജീപ്പ് സഫാരി തരപ്പെടുത്തി. ശേഷം റൂമിലെത്തി. മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിവിരിച്ച് ഒന്ന് നടുനിവർത്താമെന്ന് കരുതിയപ്പോഴാണ് താഴെ ജീപ്പിന്റെ ഹോൺ കേട്ടത്. മുന്നിലെ തെരുവിൽ നിന്നും ജീപ്പ് ഡ്രൈവറും സഹായിയും കൈകാട്ടുന്നു. ക്യാമറയും അത്യാവശ്യ സാധനങ്ങളുമായി വേഗത്തിലിറങ്ങി. ജീപ്പ് പതുക്കെ നഗരം വിട്ടുതുടങ്ങി.
മൺകൂനയ്ക്ക് നടുവിലെ നാട്

നോക്കെത്താദൂരം മണൽകൂനകൾ, മുൾച്ചെടികൾ... ഇടയ്ക്കിടെ വീശുന്ന മണൽക്കാറ്റിനിടയിലൂടെ പൊടിപടർത്തി ജീപ്പ് കടന്നുപോകുന്നു. ഇടയ്ക്കൊക്കെ മരുഭൂമിയിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യരുടെ ചെറു കുടിലുകൾ കാണാം. ആടുവളർത്തലും കൃഷിയുമായി ജീവിച്ചുപോരുന്ന കുറച്ച് മനുഷ്യർ. ഒരു മണിക്കൂറിനുള്ളിൽ വണ്ടി സാമിലെത്തി. മണൽകൂനകൾക്കിടയിലെ മനോഹരമായൊരു ടൂറിസ്റ്റ് ഗ്രാമമായിരുന്നു അത്.
മരുഭൂമിയിലെ താമസം ആഗ്രഹിച്ചെത്തുന്ന വിധം ഒരുക്കിയിരിക്കുന്ന സ്വിസ്സ് ടെന്റുകളും രാജസ്ഥാനിലെ സംഗീത നൃത്ത പരിപാടികൾ ആസ്വദിക്കാൻ കഴിയും വിധം നാടൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും, ഒപ്പം മികച്ച ഭക്ഷണവും അത്യാവശ്യം സൗകര്യങ്ങളുമൊക്കെ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന നിരവധി ടെന്റുകൾ ഉണ്ടിവിടെ. മരുഭൂമിയിലെ ഒട്ടക സഫാരിയും ജീപ്പ് റൈഡും ഒപ്പം മറ്റു ആക്ടിവിറ്റീസും ഇവിടുത്തെ താമസ സൗകര്യത്തിനൊപ്പം ലഭിക്കും. ഉച്ചകഴിഞ്ഞ് നാലുമണിമുതൽ ഏഴു മണിവരെയുള്ള സമയമാണ് ഈ സാൻഡ്യൂൺസ് സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം. മരുഭൂമിയിൽ വീശുന്ന മണൽകാറ്റിനൊപ്പം രൂപമാറ്റം സംഭവിക്കുന്ന ചെറിയ ചെറിയ മണൽകൂനകൾ ഈ മരുഭൂമിയിൽ വ്യത്യസ്തമായൊരു കാഴ്ചയൊരുക്കുന്നു. തിളക്കം നഷ്ടപ്പെട്ട് ചക്രവാളത്തിലേക്കിറങ്ങുന്ന സൂര്യനൊപ്പം ചുവപ്പ് വിരിച്ച് ആകാശം അതിസുന്ദരമായൊരു കാൻവാസിൽ അസ്തമയത്തിന്റെ മനോഹരമായ ചിത്രങ്ങൾ ക്യാമറ പകർത്തികൊണ്ടേയിരുന്നു. ഇതിനിടയിൽ മരുഭൂമിയിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന ഒട്ടകക്കൂട്ടങ്ങൾ, മനുഷ്യർ, ചീറിപ്പായുന്ന ജീപ്പുകൾ, മോട്ടോർബൈക്കുകൾ, താഴ്‌വരയിലെ പാരാസെയിലിങ് സംഘങ്ങൾ, ...അങ്ങനെ കാഴ്ചകൾ സുന്ദരമാണ്.

സാം വില്ലേജിലെ ക്യാമ്പ് സൈറ്റുകളിൽ നിന്നും നാലോ അഞ്ചോ കിലോമീറ്റർ ഉള്ളിലേക്ക് യാത്ര ചെയ്താലാണ് ഇവിടെ എത്താൻ കഴിയുക. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഈ പ്രദേശത്ത് ഡെസേർട്ട് ഫെസ്റ്റിവൽ അരങ്ങേറുന്നുണ്ട്. അന്ന് രാജസ്ഥാന്റെ തനത് സംസ്കാരം പ്രതിഫലിപ്പിക്കുന്ന കരകൗശല നിർമാണങ്ങളുടെ,വസ്ത്രങ്ങളുടെ, കലയുടെ, മറ്റു കായിക വിനോദങ്ങളുടെ ഒക്കെ പ്രദർശനങ്ങൾ ഉണ്ടാകും. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒട്ടകങ്ങളുടെ ഓട്ടമത്സരങ്ങൾ, പാവകളികൾ , കലാമത്സരങ്ങൾ അങ്ങനെ സഞ്ചാരികളെ മോഹിപ്പിക്കാൻ തക്കവണ്ണമുള്ള ചേരുവകളെല്ലാം അരങ്ങേറുന്നു.
രാത്രിയിൽ സുന്ദരമായ നക്ഷത്രക്കാഴ്ച ഇവിടം സമ്മാനിക്കും. അതുകൊണ്ടുതന്നെ മരുഭൂമിയിലെ രാത്രി ജീവിതവും വേറിട്ട അനുഭവമാണ്. അതിരാവിലെ നാലുമണിമുതൽ ആറുവരെ സൂര്യോദയത്തിന്റെ കാഴ്ചകൾ കൂടി ലഭിക്കും. എങ്കിലും ഓർമ്മയിൽ മായാതെ നിൽക്കുന്നത് സാൻഡ്യൂൺസിലെ അതിമനോഹരമായ സായാഹ്നകാഴ്ചകൾ തന്നെയാണ് അത് ഓരോ മനുഷ്യനും തന്റെ സ്വന്തം ഇടങ്ങളിലേക്ക് മടങ്ങിപ്പോയാലും ഏറെനാൾ ഉള്ളിൽ പേറി നടക്കുക തന്നെ ചെയ്യും.