സമൂഹമാധ്യമത്തിൽ സഞ്ചാരവുമായി ബന്ധപ്പെട്ട ഫോറത്തിൽ ഒരു ചോദ്യം, കാറിൽ കൊൽക്കത്തയിൽ നിന്ന് തൃശൂരിലേക്ക് എളുപ്പമെത്താൻ സാധിക്കുന്ന നല്ല റൂട്ട് ഏതാണെന്ന്. പോസ്റ്റിനു താഴെ അഭിപ്രായങ്ങളും നിർദേശങ്ങളുമായി ഒട്ടേറെ കമന്റുകളെത്തി. അവയിൽ ഒരെണ്ണം മാത്രം വേറിട്ടു നിന്നു,
‘‘കൊൽക്കത്ത ഖരക്പുർ(ഇടത്തോട്ട്), ബാലാസോർ, കട്ടക്ക്, ഭുവനേശ്വർ, ഖുർദ, ബർഹാംപുർ, ഇച്ചാപുരം, ശ്രീകാകുളം, അനക്കപ്പള്ളി, രാജമന്ത്രി, ടണുക്കു, വിജയവാഡ, ഗുണ്ടൂർ, ഓങ്കോൾ, നെല്ലൂർ, ഗുഡൂർ, നായ്‍ഡുപേട്ട (വലത്തോട്ട്), തിരുപ്പതി, ചിറ്റൂർ (ഇടത്തോട്ട്), വെല്ലൂർ (വലത്തോട്ട്),കൃഷ്ണഗിരി (ഇടത്തോട്ട്), ദൊപ്പൂർ, സേലം (വലത്തോട്ട്), അവിനാശി, എൽ ആൻഡ് ടി ബൈപ്പാസ് റോഡ്, ചാവടി, പാലക്കാട്, തൃശൂർ. ഇതാണ് റൂട്ട്.
ഇതിനെക്കാൾ കുറച്ച് കിലോമീറ്റർ കുറച്ച് ടോൾ കുറച്ച് വരാൻ ചിറ്റൂർന്ന് ഇടത്തോട്ട് തിരിഞ്ഞ് ആദ്യത്തെ വലത്തോട്ട് തിരിഞ്ഞാൽ ഗുഡിയാട്ടം വഴിക്ക് പള്ളിക്കൊണ്ട നാഷനൽ ഹൈവേയിൽ (വെല്ലൂർന്ന് കൃഷ്ണഗിരി വരണ ഹൈവേ) വന്ന് കയറും. പിന്നെ ദൊപ്പൂർ കഴിഞ്ഞാൽ ഓമല്ലൂർന്ന് (വലത്തോട്ട്) ശങ്കേരി കഴിഞ്ഞാൽ വീണ്ടും സേലത്തൂന്നു വവരണ ഹൈവേയിൽ കയറും. അതേപോലെ തമിഴ്നാട് ചാവടി ആർടിഒ ചെക്പോസ്റ്റ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ വേലന്താവളം വഴി കഞ്ചിക്കോട് വന്നു കയറും.’’
ചോദ്യോത്തരങ്ങൾ വായിച്ചവരെ അദ്ഭുതപ്പെടുത്തിയ ഈ മറുപടിക്ക് കിട്ടി ചോദ്യത്തിനു ലഭിച്ചതിന്റെ അഞ്ച് മടങ്ങ് ലൈക്ക്. ഇന്ത്യാ പര്യടനമായി പലവട്ടം റോഡ് ട്രിപ്പടിച്ച സഞ്ചാരികൾക്കും കൊൽക്കത്ത – തൃശൂർ റൂട്ട് ഇത്ര വ്യക്തതയോടെ അവതരിപ്പിക്കാനാകുമോ എന്നു സംശയം. ആ വ്യക്തിയെ പരതി ചെന്നെത്തിയത് ഇന്ത്യയിലെമ്പാടും സഞ്ചരിച്ച ‘വ്യത്യസ്തനായൊരു സഞ്ചാരി’യുടെ സമീപത്താണ്.
സഞ്ചാരം വിനോദമല്ല, ജീവിതം
കന്യാകുമാരി മുതൽ കശ്മീർ വരെയും പോർബന്തർ മുതൽ അഗർത്തല വരെയും സഞ്ചരിച്ചിട്ടുള്ള തൃശൂർ സ്വദേശി ജ്യോതിസ് പള്ളിക്കുന്നേലിന് ദീർഘദൂര സഞ്ചാരങ്ങൾ വെറും വിനോദമല്ല, ഉപജീവന മാർഗമാണ്. സാധാരണ സഞ്ചാരികളെപ്പോലെ കാഴ്ചകളോ യാത്രാനുഭവങ്ങളോ അല്ല ജ്യോതിസ്സിനെ വിവിധ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്. നാഷനൽ പെർമിറ്റുള്ള തന്റെ ലോറിയിൽ കയറ്റുന്ന ചരക്കുകളാണ് ഡെസ്റ്റിനേഷനും റൂട്ടും നിശ്ചയിക്കുന്നത്. എങ്കിലും പോകുന്ന വഴിയിലെ കാഴ്ചകളും അനുഭവങ്ങളും നൽകുന്ന ആനന്ദം ചെറുതല്ലെന്ന് വിശ്വസിക്കുന്ന ജ്യോതിസ് അവ ആസ്വദിക്കാൻ പരമാവധി ശ്രമിക്കുന്നു. മറ്റു സഞ്ചാരികളുടേതിൽ നിന്ന് ഏറെ വേറിട്ടു നിൽക്കുന്നു ആ സഞ്ചാര അനുഭവങ്ങളിൽ ചിലത്...

‘‘2006 ൽ ക്ലീനറായി ലോറിയിൽ ജോലി തുടങ്ങിയതാണ്. 2009 ൽ അതേ കമ്പനിയിൽ തന്നെ ഡ്രൈവറായി. മഹാരാഷ്ട്ര, കർണാടക,തമിഴ്നാട്, ഗുജറാത്ത് പിന്നെ ആന്ധ്രാപ്രദേശ് ഇവിടൊക്കെയായിരുന്നു സ്ഥിരം റൂട്ടുകൾ. അന്ന് ആന്ധ്രാപ്രദേശ് ഒന്നാണ്, തെലങ്കാന രൂപീകരിച്ചിട്ടില്ല. ഡ്രൈവറായ ശേഷം ആദ്യം പോയത് വിജയവാഡയ്ക്കായിരുന്നു. പിന്നെ ഒഡീഷയിൽ കട്ടക്ക് കഴിഞ്ഞ് പാനികോളി എന്ന സ്ഥലത്തേക്ക് ട്രിപ്പ് കിട്ടി. അതിനു ശേഷം ജാർഖണ്ഡും ബീഹാറും വടക്കു കിഴക്കൻ ഇന്ത്യയും ഒക്കെ ഓട്ടങ്ങളായി വന്നു. 2014 ആയപ്പോഴേക്ക് രാജ്യത്തിനുള്ളിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ചു.

ഇടയ്ക്ക് രണ്ടു വട്ടം അതിർത്തി കടന്ന് ലോഡുമായി പോയി, നേപ്പാളിലേക്കും ഭൂട്ടാനിലേക്കും. കോയമ്പത്തൂരിൽ നിന്നുള്ള മെഷിനറി ലോഡുമായിട്ടായിരുന്നു ഭൂട്ടാൻ യാത്ര. പശ്ചിമബംഗാളിലെ ജയ്ഗോൺ അതിർത്തിയിൽ നമ്മുടെ തിരിച്ചറിയൽ രേഖകളും ഡ്രൈവിങ് ലൈസൻസും ചരക്കിന്റെ പേപ്പറുകളും കാണിച്ച് അനുമതി നേടി. ബീഹാറിൽ പറ്റ്നയിൽ നിന്ന് 90 കിലോമീറ്റർ മാറി റക്സൂളിലെ ഇന്ത്യ–നേപ്പാൾ അതിർത്ത വഴിയായിരുന്നു നേപ്പാളിലേക്ക് പോയത്.
വടക്കു കിഴക്കൻ സഞ്ചാരി
ഏറെ ഇഷ്ടപ്പെടുന്നത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സഞ്ചാരമാണ്. അതിന് ചില കാരണങ്ങളുണ്ട്. മലയാളികൾ പൊതുവെ ഇഷ്ടപ്പെടുന്ന ചോറും മീൻ കറിയും അവരുടെ ഭക്ഷണത്തിലുമുണ്ട്, അവിടത്തുകാർക്ക് വണ്ടിക്കാരോട് പ്രത്യേക തരംതിരിവൊന്നുമില്ല. ജിഎസ്ടി സംവിധാനം നിലവിൽ വരുന്നതിനു മുൻപ് ചരക്കുവാഹനങ്ങളുമായി പോകാൻ ഡ്രൈവർമാരൊന്നും ആഗ്രഹിക്കാത്ത റൂട്ട് കൂടിയായിരുന്നു അത്. വനങ്ങളിലൂടെയുള്ള യാത്രയും റോഡിന്റെ നിലവാരവും എത്ര പരിചയസമ്പന്നനായ ഡ്രൈവറെയും ഒന്ന് ചിന്തിപ്പിക്കും. റോഡിനെപ്പറ്റി പറഞ്ഞാൽ കേരളത്തിൽ നിന്നു സഞ്ചരിക്കുമ്പോൾ ഒഡിഷ വരെ വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത പാത. തുടർന്ന് സ്ഥിതി വളരെ മോശം. കൊൽക്കത്ത വരെ നാലുവരിപ്പാതയാണ്. ഗുവാഹത്തി റൂട്ടിൽ ബർധമാൻ വരെ ഇത് തുടരും, പിന്നെ വഴിയുടെ സ്ഥാനത്ത് കുഴികളാണ്. അത് റോഡ് പണിയാത്തതുകൊണ്ടല്ല, 10 ചക്രങ്ങളും 12 ചക്രങ്ങളുമൊക്കെയുള്ള വമ്പൻ ഭാരവാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്നതുകൊണ്ട് തകരുന്നതാണ്. കിഷൻഗഞ്ജ് എന്ന സ്ഥലത്ത് ഒരു റെയിൽവെ ക്രോസിങ് കടക്കാൻ ഒറിക്കൽ 18 മണിക്കൂർ കാത്തു കിടക്കേണ്ടതായി വന്നിട്ടുണ്ട്. റോഡ് വികസനത്തിൽ സമീപകാലത്ത് ഏറെ മുൻപോട്ട് പോയ സംസ്ഥാനം ആന്ധ്രപ്രദേശാണ്. അവിടെ വളരെ വേഗത്തിലാണ് ദേശീയപാതകളുടെ പണി പൂർത്തിയാക്കുന്നത്.
കാഴ്ചകളിലേക്ക് വന്നാൽ, സഞ്ചാരിയുടെ മനസ്സുണ്ടെങ്കിലും കാഴ്ച ഡ്രൈവറുടേത് ആകാതെ പറ്റില്ലല്ലോ. ലോഡ് ഇറക്കാനോ കയറ്റാനോ ചെന്നിട്ട് രണ്ടോ മൂന്നോ ദിവസം താമസിക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലും കാഴ്ച കണ്ടിട്ടുള്ളത്. വാഹനത്തിൽ ചരക്കുള്ളപ്പോൾ സുരക്ഷിതമായി പാർക്ക് ചെയ്ത് പോകാവുന്ന സ്ഥലങ്ങളിലേക്കേ പോകാൻ പറ്റു.
ദീർഘദൂര ഓട്ടത്തിനിടയിൽ വണ്ടി നിർത്താൻ പറ്റുന്ന ഇടങ്ങളിലെ ആഘോഷങ്ങളും ഭക്ഷണവും ആസ്വദിക്കുക പതിവാണ്. ഉത്സവം ഏതായാലും റോഡ് ബ്ലോക്കായി, ഗതാഗതം തടസ്സപ്പെടുക പതിവാണ്. കൊൽക്കത്തയിൽ നവരാത്രി സമയത്ത് ദുർഗാപൂജആഘോഷങ്ങൾ ബംഗാൾ മുതൽ വടക്കോട്ട് എല്ലായിടത്തും വർണവൈവിധ്യം നിറഞ്ഞ കാഴ്ചയാണ്. കൊൽക്കത്തയിലെ ബ്രിട്ടിഷ് നിർമിതികൾ പലതും ജീർണിച്ചു തുടങ്ങി, കുറേ ഭാഗം ഇടിച്ചുപൊളിച്ചു നീക്കം ചെയ്തു. എങ്കിലും പഴമയുടെ പ്രൗഢിയിൽ വിഗ്രഹങ്ങളുമായി നടത്തുന്ന നീണ്ടഘോഷയാത്രകൾ ആകർഷണീയം തന്നെ.
സഞ്ചാരവഴിയിലെ ഭക്ഷണത്തെപ്പറ്റി ഓർക്കുമ്പോൾ നാവിലെത്തുന്ന രുചി രസഗുളയുടേതാണ്. അതും ഒഡീഷയിലെ രസഗുള. ഇതുവരെ കഴിച്ചതിൽ ഏറെ ഇഷ്ടപ്പെട്ടത് പഞ്ചാബി ഭക്ഷണം തന്നെ. അടിപൊളി ഭക്ഷണം, കുറഞ്ഞ പൈസയ്ക്ക്. നിരത്തുകളിൽ ഏറ്റവും കൂടുതൽ കാണുന്ന ധാബകൾ അഥവാ ഭക്ഷണശാലകൾ ഇവരുടേതാകാനുള്ള കാരണവും അതുതന്നെ. പലവിധ ഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരമുണ്ടെങ്കിലും ഞങ്ങൾ ഡ്രൈവർമാർ പൊതുവെ സ്വയം പാകം ചെയ്തു കഴിക്കുകയാണ് പതിവ്.

പേഴ്സ് കാണാനില്ല
ഒഡീഷയിൽ ഖുർദ കഴിഞ്ഞ് ഒരു വനപ്രദേശം തുടങ്ങുന്ന സ്ഥലത്ത് ധാബയിൽ കയറി. ധാബകളിൽ അവരുടെ പാർക്കിങ് സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത് നമ്മുടെ കയ്യിലുള്ള ഭക്ഷണം കഴിച്ചാലും പരാതിയൊന്നുമില്ല. അന്നു പക്ഷേ, ആഹാരം തയാറാക്കാത്തതുകൊണ്ട് ഞങ്ങൾ, എന്റെയൊപ്പം പറവൂർ സ്വദേശി വിനീഷ് ചേട്ടനുമുണ്ട്, ധാബയിലേക്കു കയറി. ആഹാരത്തിനു ശേഷം യാത്ര തുടർന്ന് മൂന്നു കിലോമീറ്റർ ചെന്നപ്പോൾ ടോൾ എത്തി. പണം കൊടുക്കാൻ നോക്കിയപ്പോഴാണ് പേഴ്സ് കാണാനില്ല. വണ്ടി മുഴുവൻ അരിച്ചു പെറുക്കി, ഇല്ല. ഭക്ഷണം കഴിച്ച് പണം കൊടുക്കാൻ എടുത്തതാണ്. തിരികെ ധാബയിലേക്കു ചെന്നു, കാരണം മറ്റൊരിടത്ത് ഞങ്ങൾ ഇറങ്ങിയിട്ടില്ല. കിട്ടുമെന്ന പ്രതീക്ഷയിലൊന്നുമല്ല പോയത്. എങ്കിലും അരമണിക്കൂർ മാത്രമേ ആയിട്ടുള്ളു അവിടെ നിന്ന് ഞങ്ങൾ മാറിയിട്ട്. ഭക്ഷണശാലയിൽ അന്വേഷിച്ചപ്പോൾ ആർക്കും ഒന്നും അറിയില്ല എന്നാണ് ഭാവം, ഭാഷ അറിയില്ല, പറയുന്നത് മനസ്സിലാകുന്നില്ല, കിട്ടിയിട്ടില്ല... അങ്ങനെ ഒരു ലൈൻ. അവർ ഒഡിയ ഭാഷയിലാണ് സംസാരം, ഞങ്ങൾക്ക് അത് അറിയില്ല. ധാബയുടെ ഉടമസ്ഥൻ വന്ന് ഞങ്ങളെ മാറ്റി നിർത്തി കാര്യം ചോദിച്ചു. പേഴ്സിൽ അറുപത്തയ്യായിരം രൂപയോളം ഉണ്ടെന്നു പറഞ്ഞു. കാരണം അറുപതിനായിരം രൂപ ലോഡ് കയറ്റിയ സമയത്ത് അഡ്വാൻസ് തുകയായി തന്നതാണ്, അയ്യായിരം രൂപയോളം ചില്ലറയും കരുതിയിരുന്നു.. പണം കിട്ടിയില്ലെങ്കിലും ലൈസൻസ്, എറ്റിഎം കാർഡ് ഒക്കെ തിരിച്ചുകിട്ടിയാലും മതി എന്ന് പറഞ്ഞു. മുതലാളി എല്ലാം കേട്ടിട്ട് ഒരു നിമിഷം നിൽക്കൂ എന്ന പറഞ്ഞ് പോയി. തിരികെ വന്നപ്പോൾ ഞങ്ങളുടെ പേഴ്സ് കയ്യിലുണ്ടായിരുന്നു, അതിനുള്ളിലെ സാധനങ്ങളെല്ലാം സുരക്ഷിതം. അത് മറക്കാനാകാത്ത സംഭവമാണ്. ആ പേഴ്സ് നഷ്ടമായിരുന്നെങ്കിൽ എങ്ങനെയാകും ബാക്കി യാത്ര എന്ന് ആലോചിക്കാനാകില്ല.

അവിടം വച്ച് സംഭവിച്ചത് അദ്ദേഹം പറഞ്ഞു, ധാബയിലെ പണം കൊടുത്ത ശേഷം തിരികെ പോക്കറ്റിലിട്ട പേഴ്സ് പക്ഷേ, എങ്ങിനെയോ താഴെപ്പോയതായിരുന്നു. അവിടെ ക്ലീനിങ്ങിനു നിന്ന 10–12 വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ കയ്യിൽ അത് കിട്ടി. അവൻ അപ്പോഴേ അത് മുതലാളിക്ക് കൈമാറി. മുതലാളി ഞങ്ങളെ മാറ്റി നിർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞത് പേഴ്സിന്റെ ഉടമസ്ഥർ തന്നെയെന്ന് ഉറപ്പിക്കാൻ മാത്രമായിരുന്നു. മേഘാലയയിൽ വച്ച് കള്ളൻമാർ വഴിയിൽ തടഞ്ഞ് ആക്രമിച്ച സംഭവം വേദനിപ്പിക്കുന്ന ഓർമയാണ്.
2014 ല്‍ മേഘാലയയിൽ മണ്ണിടിച്ചിലിൽ പെട്ട് ഒരു സ്ഥലത്ത് കുടുങ്ങിപ്പോയി. മിലിറ്ററി ആൾക്കാർ വന്ന് ശ്രമിച്ചിട്ടും മണ്ണ്മാറ്റി ഗതാഗതം തുറക്കാനായില്ല. എട്ട് ദിവസം ഒരിടത്ത് കുടുങ്ങിപ്പോയി. ലോറിയിലുണ്ടായിരുന്ന അരി മാത്രമായിരുന്നു ഭക്ഷണത്തിന് ഏക ആശ്രയം, വെള്ളവും കിട്ടും. സ്‌റ്റൗ കത്തിച്ച് കഞ്ഞി തിളപ്പിക്കുക, ഉപ്പ് മാത്രം ചേർത്ത് കുടിക്കുക.
മലയാളി പൊലിസ്
പോകുന്ന വഴിക്കെല്ലാം മലയാളികളെ കാണുന്നത് സാധാരണമാണ്. ചിലർ ചായയോ ഭക്ഷണമോ ഒക്കെ മേടിച്ചു തരികയും നാട്ടിലെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഏറെ വിചിത്രമായ അനുഭവം ഉണ്ടായത് മേഘാലയയിൽ വച്ചാണ്. വഴിയിൽ ഒരിടത്ത് പൊലിസ് കൈകാട്ടി. 500 രൂപ വേണം, നോർത്ത് ഈസ്റ്റ് റൂട്ടിൽ ലോഡുമായി പോകുമ്പോഴുള്ള ഏറ്റവും വലിയ ദുരിതമാണ് ഇത്തരം പിരിവുകൾ. അധികൃതരും സംഘടനകളും ഒക്കെ ഇങ്ങനെ അനധികൃത, നിർബന്ധിത പിരിവുകൾ നടത്തുന്നുണ്ട്. അന്ന് ആ പൊലിസുകാരനോട് 500 എന്നത് ഇരുനൂറോ നൂറോ ആക്കിത്തരാൻ കെഞ്ചി. അയാൾ അവിടെ ജീപ്പിലിരിക്കുന്ന മേലുദ്യോഗസ്ഥനെ ചൂണ്ടിക്കാട്ടി. യൂണിഫോമിലല്ലെങ്കിലും അത് എസ്ഐ ആയിരിക്കുമെന്ന് ഊഹിച്ചു. അവിടെയും തുക കുറച്ചുതരാൻ അഭ്യർഥിച്ചു. മറ്റെ പൊലിസുകാരൻ ഇതിനിടെ വടി എടുത്ത് അടിക്കാനൊക്കെ വന്നു. ഒടുവിൽ തുക കൊടുത്ത് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ജീപ്പിലിരുന്ന ആളുടെ ചോദ്യം ‘നിന്റെ വീടെവ്ടെടാ’ എന്ന് പച്ച മലയാളത്തിൽ. തൃശൂർ എന്നു പറഞ്ഞപ്പോൾ തൃശൂരിൽ എവിടെ എന്നായി, അതിനുള്ള ഉത്തരം പറഞ്ഞത് തിരികെ നടന്നു കൊണ്ടായിരുന്നു. അതുവരെ മലയാളി എന്നൊരു പരിഗണന തരാതിരുന്ന ആ ഉദ്യോഗസ്ഥന്റെ സമീപം കൂടുതൽ സംസാരിക്കാൻ താൽപര്യമുണ്ടായിരുന്നില്ല.

ഇത്രകാലം സഞ്ചരിച്ചിട്ടും അകന്നുപോയ, അല്ലെങ്കിൽ കാണാൻ സാധിച്ചില്ലല്ലോ എന്നു തോന്നിയത് ഒരു ദൃശ്യമേയുള്ളു. പഞ്ചാബിലെ വാഗാ അതിർത്തിയിലെ പാതാക താഴ്ത്തൽ ചടങ്ങ്. ആ റൂട്ടിൽ ഓട്ടം പോയപ്പോഴൊക്കെ മനസ്സ് അവിടെത്തിയെങ്കിലും അവസരം കിട്ടിയില്ല. ഒന്നുകിൽ സമയത്തിന് പട്ടണത്തിൽ എത്താനായില്ല. അല്ലെങ്കിൽ വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്ത് അതിർത്തിയിലേക്ക് ചെല്ലാൻ പറ്റിയില്ല. എന്നാൽ അതിന്റെ വിഷമം കുറഞ്ഞത് ത്രിപുരയിലെ അഖൂർ അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് മൂന്നു തവണ കാണാൻ സാധിച്ചപ്പോഴാണ്. അഗർത്തലയില്‍ നിന്ന് രണ്ട് കിലോമീറ്ററേയുള്ളു അഖൂറിലെ ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിലേക്ക്.’’
ജ്യോതിസ്സിന്റെ ലോറി സ്‌റ്റാർട്ട് ചെയ്തു, കർണാടകയിലെ കോലാറിലേക്ക് പുറപ്പെടുകയാണ്. പലവിധ ചരക്കുകൾ ഉൽപാദകരുടെ കയ്യിൽനിന്ന് ആവശ്യക്കാരുടെ സമീപത്തേക്ക് എത്തിച്ച് മടങ്ങുമ്പോൾ ഈ സഞ്ചാരിയുടെ അനുഭവവും ഭാരിച്ചതാകുകയാണ്. വേറിട്ട പാതകളും കാഴ്ചകളും അതിൽ നിറയുകയാണ്.