Thursday 17 June 2021 03:51 PM IST

കാടുണ്ട്, പുഴയുണ്ട്, കാട്ടുചോലയുണ്ട്: വന്നാട്ടെ റോസ് മലയിലേക്ക്

Baiju Govind

Sub Editor Manorama Traveller

rose 1

പുറത്തു നിന്നു കാണുമ്പോൾ കറുപ്പാണെങ്കിലും ചെങ്കുറുഞ്ഞിയുടെ കാതലിന്റെ നിറം ചുവപ്പാണ്; നനഞ്ഞാലും ഉണങ്ങിയാലും കരിയാത്ത ചോരച്ചുവപ്പ്. ഉപ്പുവെള്ളത്തിൽ നിന്ന് ആയിരം അടി ഉയരത്തിൽ മാത്രം വേരുപിടിക്കുന്ന മരത്തിന് റെഡ് വു‍ഡ് എന്നാണ് ഇംഗ്ലിഷുകാർ പേരിട്ടത്. ചില്ലകളിൽ ഭാരം ചായ്ക്കാതെ, നെടുതായി വളർന്ന ചെങ്കുറുഞ്ഞിക്കു വംശനാശം നേരിട്ടപ്പോൾ ശെന്തുരുണി വനമേഖലയുടെ ഒരുഭാഗം സംരക്ഷിത വനമായി പ്രഖ്യാപിച്ചു. നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ചെങ്കുറുഞ്ഞി കാണാനെത്തുന്നവരെ വനംവകുപ്പുകാർ തടഞ്ഞില്ല. മാത്രമല്ല, റോസ്മലയുടെ നെറുകയിലൊരു വാച്ച് ടവർ നിർമിക്കുകയും ചെയ്തു. റെഡ് വുഡിന്റെ തണലിലൂടെ പന്ത്രണ്ടു കിലോമീറ്റർ കാനനയാത്രയും വിശ്രമകേന്ദ്രവും ഒരുങ്ങിയതോടെ റോസ്മല വിനോദസഞ്ചാര കേന്ദ്രമായി.

കൊല്ലം ജില്ലയിൽ എന്താണു കാണാനുള്ളതെന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് റോസ്മല. തെന്മല അണക്കെട്ട് നിറയ്ക്കുന്ന മൂന്ന് പുഴകളുടെ ഉദ്ഭവ സ്ഥാനങ്ങളിലേക്ക് നേരത്തേ റോഡുണ്ടായിരന്നില്ല. ആര്യങ്കാവിൽ നിന്നു വാച്ച് ടവർ വരെ കോൺക്രീറ്റ് റോഡ് നിർമിച്ചതോടെ യത്രാദുരിതം അവസാനിച്ചു. ഇപ്പോൾ ചെറുകാറുകൾ പോലും നിഷ്പ്രയാസം കടന്നുചെല്ലുന്ന ടൂറിസം ഡെസ്റ്റിനേഷനാണ് റോസ്മല.

തെന്മല ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ചിട്ടുള്ളവർ സമയം ഉണ്ടായിട്ടും പിന്നീട് പോകാമെന്നു കരുതി മാറ്റി വച്ചിരുന്ന സ്ഥലമാണു റോസ്മല. ഉരുളൻ കല്ലുകൾ‌ നിറഞ്ഞ കാട്ടുപാതയായിരുന്നു തടസ്സം. അഡ്വഞ്ചറസ് ഗെയിമിൽ ഒതുങ്ങിയ ഇക്കോ ടൂറിസം ട്രിപ്പിൽ നിരാശപ്പെട്ടവർക്ക് ഇനി ആശ്വസിക്കാം. കാടിന്റെ ഉള്ളറയിലേക്ക് വഴി തുറന്നിരിക്കുന്നു.

rose 2

കഴുതുരുട്ടി

പുനലൂർ – ചെങ്കോട്ട മീറ്റർഗേജ് ട്രെയിൻ തെക്കൻ കേരളത്തിന്റെ പൈതൃകമായിരുന്നു. റെയിൽ പാളം ബ്രോഡ്ഗേജാക്കിയതോടെ പുക തുപ്പുന്ന ട്രെയിൻ ഓർമയായി. അതേസമയം ട്രാക്ക് നവീകരിച്ചപ്പോൾ പാലങ്ങൾ കൂടുതൽ മനോഹരമായി. അമൃത എക്സ്പ്രസും പുനലൂർ – തെങ്കാശി ട്രെയിനും ഇപ്പോഴും ആ പാതയിലൂടെ രസകരമായ യാത്ര ഒരുക്കുന്നു. ആര്യങ്കാവ് എത്തുന്നതിനു മുൻപ് കഴുതുരുട്ടിയിൽ പാറ തുളച്ചുണ്ടാക്കിയ റെയിൽവെ ട്രാക്കിനു സമീപത്തുള്ള പാലമാണ് ഇക്കൂട്ടത്തിൽ ഏറ്റവും നീളമേറിയത്. പുനലൂരിൽ നിന്ന് തെന്മല വഴി തമിഴ്നാട്ടിലേക്ക് പോകുന്നവർ പതിമൂന്ന് കവാടങ്ങളുള്ള പാലത്തിന്റെ ചുവട്ടിൽ വിശ്രമിക്കാറുണ്ട്. ഭംഗിയുള്ള ഫോട്ടോയ്ക്കു പശ്ചാത്തലമൊരുക്കുന്ന കഴുതുരുട്ടിയാണ് റോസ്മല ട്രിപ്പിന്റെ ആദ്യ ഡെസ്റ്റിനേഷൻ. വലിയ മരങ്ങളുടെ തണലിലൂടെ ചീവിടുകളുടെ ഇരമ്പൽ കേട്ട് ആര്യങ്കാവ് ജംക്‌ഷനിൽ നിന്നു വലത്തോട്ടു റോസ് മലയിലേക്ക് വഴി തിരിയുന്നു. യുപി സ്കൂൾ കടന്നു നേരേ മുകളിലേക്കുള്ള റോഡ് റോസ്മലയിലേക്കാണ്.

തേക്കു മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശം കടന്നാണ് കാട്ടിലേക്കു പ്രവേശിക്കുന്നത്. ഇവിടം മുതൽ ശെന്തുരുണിയിലെ ആദ്യത്തെ ചോക് പോസ്റ്റ് വരെ വീടുകളില്ല. കാട്ടരുവിയുടെ ശബ്ദവും മരക്കൊമ്പ് കുലുക്കി പരക്കം പായുന്ന കുരങ്ങന്മാരുടെ ബഹളവും യാത്രയ്ക്ക് സാഹസിക ഭാവം പകരുന്നു. ഈറൻ വിട്ടുമാറാത്ത ആനപ്പിണ്ടം കണ്ടു ഭയപ്പെടേണ്ടെന്ന് ഫോറസ്റ്റ് വാച്ചർ അജയകുമാർ പറഞ്ഞു. ‘‘പുലിയുടെ കാൽപ്പാടുകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ റോസ്മലയിൽ ആരെയും ആനയും പുലിയും ഉപദ്രവിച്ചിട്ടില്ല’’ ഈറ്റപ്പുറം വനമേഖലയിൽ ജനിച്ചു വളർന്ന അജയകുമാറിന് ഈ കാട് സ്വന്തം വീടു പോലെ സുപരിചിതം.

4 -rose

റോസ്മല യാത്രയുടെ ആദ്യ താവളം ചപ്പാത്താണ്. മഴക്കാലത്ത് കുത്തിയൊലിക്കുന്ന കാട്ടരുവി റോഡിനു കുറുകെ ഒഴുകുന്ന സഥലമാണ് ചപ്പാത്ത്. ഭക്ഷണപ്പൊതിയുമായി വരുന്നവർ ചപ്പാത്തിനരികെ വിശ്രമിച്ച ശേഷമാണു യാത്ര തുടരാറുള്ളത്. ചപ്പാത്തിൽ നിന്ന് ഒരു കിലോമീറ്റർ കുന്നു കയറിയാൽ ചെക്പോസ്റ്റിനു മുന്നിലെത്താം. ഇതിനപ്പുറത്താണ് വംശനാശം നേരിടുന്ന ചെങ്കുറുഞ്ഞി മരങ്ങൾ വളരുന്ന ശെന്തുരുണി വന്യജീവി സങ്കേതം. ഫോറസ്റ്റ് േസ്റ്റഷനരികെ മലദൈവങ്ങൾക്കു തിരി തെളിക്കുന്ന പീഠമുണ്ട്. പണ്ട് ഗോത്രവാസികൾ അപടകങ്ങളൊഴിവാക്കാൻ പ്രാർഥിച്ചിരുന്ന മണ്ഡപമാണ് ചുവപ്പു ചേല ചുറ്റിയ പീഠം.

ശെന്തുരുണി വന്യജീവി സങ്കേതം

റോസ്മല ഗ്രാമത്തിൽ നൂറിലേറെ കുടുംബങ്ങളുണ്ട്. വഴി വെട്ടുന്നതിനു മുൻപ് അവർ നടന്നാണ് ആര്യങ്കാവിൽ പോയിരുന്നത്. കാട്ടുപാതയിലൂടെ സാഹസികമായി സർവീസ് നടത്തിയ ജീപ്പുകൾ പിന്നീട് ആശ്വാസമായി. ആര്യങ്കാവ് വരെ കോൺക്രീറ്റ് റോഡ് നിർമിച്ചതോടെ യാത്രാദുരിതം അവസാനിച്ചു. പ്രദേശ വാസികൾക്കും റോസ്മല കാണാനെത്തുന്നവർക്കുമായി സഞ്ചാര സൗകര്യം മെച്ചപ്പെടുത്തിയെങ്കിലും വന്യജീവിസങ്കേതത്തിലൂടെയുള്ള ഒന്നര കിലോമീറ്റർ സിമന്റ് പൂശാതെ സംരക്ഷിച്ചു.

ഇരുവശത്തും നൂറ്റാണ്ടിലേറെ പ്രായമുള്ള പടുകൂറ്റൻ മരങ്ങളാണ്. മരച്ചില്ലകളിൽ സവാരി നടത്തുന്ന മലയണ്ണാനാണ് കൗതുകക്കാഴ്ച. ഇവിടെ വച്ച് കാട്ടുപോത്തിനേയും കരടിയേയും കണ്ടിട്ടുണ്ടെന്ന് ജീപ്പ് ഡ്രൈവർ അനീഷ് പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ അനീഷ് ഉൾപ്പെടെ പത്തോളം ഡ്രൈവർമാർ ഈ വഴി സർവീസ് നടത്താറുള്ളൂ.

rose 3

മരങ്ങളുടെ കാലപ്പഴക്കം പരിചയപ്പെടുത്താനോ ചരിത്രം പറയാനോ റോസ്മലയിൽ വഴികാട്ടികളില്ല.

കറുത്ത തൊലിയോടുകൂടി ഏകദേശം അൻപത് അടി പൊക്കത്തിൽ നിൽക്കുന്ന റെഡ് വുഡിനരികെ ബോർ‌ഡ് സ്ഥാപിച്ചിട്ടുണ്ട്. ഗ്ലൂട്ടാ ട്രാവൻകോറിക്ക അഥവാ ചെങ്കുറുഞ്ഞി (റെഡ് വുഡ്). നാട്ടുകാർ തൊടാപ്പ എന്നു വിളിക്കുന്ന മരം ഇന്ത്യയിൽ ശെന്തുരുണി വനത്തിൽ മാത്രമാണുള്ളത്. സമുദ്ര നിരപ്പിൽ നിന്ന് 600 –1200 അടി ഉയരത്തിൽ മാത്രം വളരുന്ന ചെങ്കുറുഞ്ഞി മരങ്ങൾ സംരക്ഷിക്കാനാണ് ശെന്തുരുണിയുടെ ഒരു ഭാഗം സംരക്ഷിത വനമായി പ്രഖ്യാപിച്ചത്.

കാടിന്റെ അതിർത്തി കടന്നാൽ റോസ്മല ഗ്രാമം. കോലിഞ്ചിയും കപ്പയും കൃഷി ചെയ്ത് ജീവിക്കുന്ന കുടുംബങ്ങൾ. ചെറുതേനും വൻതേനും വിൽപ്പനയ്ക്കു വച്ചിട്ടുള്ള വീട്ടുമുറ്റങ്ങളിൽ പ്രതീക്ഷയുടെ കണ്ണുകൾ കണ്ടു. റോസ്മല കാണാൻ ആളുകൾ എത്തിത്തുടങ്ങിയപ്പോഴാണ് പെട്ടിക്കട, ചായക്കട, േസ്റ്റഷനറി, തുണിക്കട, ചെരുപ്പുകട തുടങ്ങി ചെറുകിട സ്ഥാപനങ്ങൾ തുറന്നത്.

rose 5

കോൺക്രീറ്റ് റോഡിൽ നിന്ന് വാച്ച് ടവറിലേക്ക് അര കിലോമീറ്റർ. ജീപ്പ് മാത്രം സഞ്ചരിക്കുന്ന റോഡ് ഫോറസ്റ്റ് േസ്റ്റഷന്റെ ടിക്കറ്റ് വിതരണ കേന്ദ്രത്തിനു മുന്നിൽ അവസാനിക്കുന്നു. മുളങ്കാടിനിടയിലൂടെ പാറക്കൂട്ടം താണ്ടിയാൽ വാച്ച് ടവർ. വനംവകുപ്പിന്റെ വയർലെസ് കേന്ദ്രത്തിനു മുകളിലാണ് വാച്ച് ടവർ നിർമിച്ചിട്ടുള്ളത്. കൈവരി കെട്ടി ഇരിപ്പിടം ഒരുക്കിയിട്ടുള്ള വാച്ച്ടവറിൽ നിന്നാൽ പരപ്പാർ ജലാശയം കാണാം. തെന്മല അണക്കെട്ടിനെ സമൃദ്ധമാക്കുന്ന ജലാശയമാണു പരപ്പാർ. ഉമയാർ, ഉണക്കത്തോട്, ശെന്തുരുണിയാർ, കുളത്തൂപ്പുഴയാർ എന്നിവയാണ് പരപ്പാറിൽ വെള്ളം നിറയ്ക്കുന്നത്. ജലാശയത്തിനു നടുവിൽ ദ്വീപ് സൂഹങ്ങളെ പോലെ നിൽക്കുന്ന തുരുത്തുകളാണ് വാച്ച് ടവറിൽ നിന്നുള്ള ദൃശ്യം. ഹോളിവുഡ് സിനിമകളിലേതിനു തുല്യമായ ഈ കാഴ്ചയുടെ സുഖം തേടി റോസ് മലയിൽ എത്തുന്നവരുടെ എണ്ണം ദിവസം തോറും കൂടിക്കൊണ്ടിരിക്കുന്നു...