Wednesday 24 July 2024 02:24 PM IST : By Musafir (Jeddah)

‘ശാപമേറ്റ സ്ഥലം, അവിടെ അധികം ചെലവഴിക്കരുതെന്ന് പ്രവാചകൻ അരുൾ ചെയ്തിട്ടുണ്ട്’: മദായിൻ സ്വാലിഹ് എന്ന പ്രതാപം

3 - saudi

മക്കയുടേയും മദീനയുടേയും സാന്നിധ്യത്താൽ പുണ്യഭൂമിയായി അറിയപ്പെടുന്ന ഗൾഫ് രാഷ്ട്രം – സൗദി അറേബ്യ. വിശ്വാസ ഹൃദയങ്ങളുടെ വ്രതാചരണത്താൽ വിസ്മയപഥമേറിയിരിക്കുന്നു ഈ നാട്. ആകാശചുംബികളായ മണിഗോപുരങ്ങളും കെട്ടിടസമുച്ചയങ്ങളും കടലിനടിയിൽ നിർമിക്കുന്ന നവഗോപുരങ്ങളും ഈ രാജ്യത്തിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു.

മക്കയിലേക്കും മദീനയിലേക്കും പ്രവഹിക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ സൗദി അറേബ്യയുടെ അതിഥിസല്‍ക്കാരം ഹൃദയപൂർവം ആസ്വദിച്ചു പോരുന്നു. ഭക്തിയുടെ സാഫല്യത്തില്‍ മടങ്ങിപ്പോകുന്ന ഓരോരുത്തരും പ്രാര്‍ഥിക്കാറുണ്ട് : പടച്ചവനേ, ഞങ്ങളെ വീണ്ടും ഈ പുണ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കണേ...

വിശ്വാസങ്ങളിൽ ആദിപിതാവ് ആദമിന്റെയും ആദിമാതാവ് ഹവ്വയുടെയും സംഗമഭൂമിയാണിത്. ഹവ്വ, ഇവിടെ ജിദ്ദയില്‍ അന്തിയുറങ്ങുന്നുവെന്നു വിശ്വാസം. ജിദ്ദ എന്ന അറബിക് വാക്കിന് മുത്തശ്ശിയെന്നാണ് അർഥം. സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ നഗരമാണു ജിദ്ദ. മക്കയിലെത്തുന്ന തീര്‍ഥാടകര്‍, ഹവ്വയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന ജിദ്ദ ബാബ് മക്കയിലെ ശ്മശാനം സന്ദര്‍ശിക്കാന്‍ 80 കിലോമീറ്റര്‍ സഞ്ചരിച്ച് ജിദ്ദയിലെത്തുന്നു.

ത്വന്തൂറ ഒരു പൈതൃകോല്‍സവം

സൗദി അറേബ്യയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വിവിധ പദ്ധതികളും മേളകളും നടപ്പാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെതാണ് ‘ത്വന്തൂറ വിന്റര്‍ ഫെസ്റ്റിവല്‍’. പൈതൃകവും സംസ്‌കാരവും സമ്മേളിക്കുന്ന മേളയാണ് ത്വന്‍തൂറ വിന്റര്‍ ഫെസ്റ്റിവല്‍. സൗദിയിലെ ആഘോഷങ്ങളിൽ ഏറ്റവും ദൈര്‍ഘ്യമേറിയ മേളയാണിത്. സൗദിയിൽ നിന്നു വിദേശത്തേക്കു പോകുന്നവരുടെ ഒഴുക്ക് കുറയ്ക്കുകയും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളും പൈതൃകങ്ങളും ചരിത്രവും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഫെസ്റ്റിവൽ ജനപ്രീതി നേടിക്കഴിഞ്ഞു.

ശിലാ നിര്‍മിതികളാല്‍ പ്രശസ്തമായ ചരിത്രപ്രധാന കേന്ദ്രത്തിലാണ് ആദ്യത്തെ ത്വന്തൂറ വിന്റര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. കലാ, സാംസ്‌കാരിക, പൈതൃക, വാണിജ്യ, ടൂറിസം പരിപാടികളാണ് മേളയിൽ അരങ്ങേറുക. ഫെസ്റ്റിവലിന്റെ പ്രചാരണത്തിനായി വെബ്‌സൈറ്റും സാമൂഹികമാധ്യമങ്ങളില്‍ പ്ലാറ്റ്‌ഫോമുകളും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ലോക പ്രശസ്ത സംഗീതജ്ഞരുടെ സംഗീതപരിപാടികളാണ് ത്വന്‍തൂറ ഫെസ്റ്റിവലിൽ പ്രധാന ആകര്‍ഷണം.

അല്‍ഉലയിലെ പുരാതന കെട്ടിടത്തിനു മുകളില്‍ പിരമിഡ് രൂപത്തിലുള്ള സൂര്യഘടികാരമാണ് ത്വന്‍തൂറ. ഇതു പ്രതീകമാക്കിയാണു ഫെസ്റ്റിവലിനു ത്വന്‍തൂറ എന്നു പേരിട്ടത്. റോമന്‍ കാലഘട്ടത്തോളം പഴക്കമുള്ളതാണു തൻതൂറ.

പണ്ട്, സൗദി അറേബ്യയിൽ ജീവിച്ചിരുന്നവർ ഋതുഭേദങ്ങളും സമയവും കൃഷി ചെയ്യാനുള്ള സീസണും അറിഞ്ഞിരുന്നത് ത്വൻതൂറ നോക്കിയായിരുന്നു. നൂറ്റാണ്ടുകളായി സമയം അറിയുന്നതിന് ഇവിടത്തുകാർ ത്വന്‍തൂറയെ ആശ്രയിച്ചു പോന്നു. ഓരോ വര്‍ഷവും ഡിസംബര്‍ 22 ന് ശൈത്യകാലം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് തണുപ്പിന്റെ ആദ്യ സ്പർശം ഏറ്റുവാങ്ങാനായി അല്‍ഉലയിലെ ആബാലവൃദ്ധം ജനങ്ങള്‍ അല്‍ത്വന്‍തൂറയുടെ ചുവട്ടിൽ ഒത്തു ചേരാറുണ്ട്.

‘നിഴൽ ഘടികാരം’ എന്നു വിശേഷിപ്പിക്കാവുന്ന നിർമിതിയാണു ത്വൻതൂറ.

2 - saudi

ത്വന്‍തൂറക്കു താഴെ മണ്ണിൽ പ്രത്യേകം രേഖപ്പെടുത്തിയ സ്ഥലത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണു സൂര്യപ്രകാശത്തെ മറച്ചു കൊണ്ടു നിഴല്‍ പരക്കുക. വര്‍ഷത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലിലാണ് ഇങ്ങനെയൊരു പ്രകൃതിവിസ്മയം ദൃശ്യമാവുക. ത്വന്‍തൂറയുടെ നിഴല്‍ അടയാളം തെളിഞ്ഞാൽ ശൈത്യകാലം ആരംഭിച്ചുവെന്നാണ് അർഥം.

ഇതു സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും മുഹൂർത്തമാണ്. കൃഷിയിടങ്ങളിലേക്കു തിരിച്ചു പോകാൻ സമയമായി എന്നുള്ള ഓർമപ്പെടുത്തൽ. ആളുകൾ മനസ്സിലെ നിർവൃതി നുകർന്നുകൊണ്ട് ഈ നിമിഷങ്ങളിൽ ആശംസ പങ്കുവയ്ക്കുന്നു.

1 - saudi

മക്ക ക്ലോക്ക് ടവറും ജിദ്ദ കൊടിമരവും

സൗദി അറേബ്യയുടെ സിഗ്നേച്ചര്റാണു മക്ക ക്ലോക്ക് ടവര്‍. 571 മീറ്റര്‍ ഉയരമുള്ള കൊടിമരം ജിദ്ദ നഗരത്തിലെ മനോഹരമായ കാഴ്ചയാണ്. 500 ടണ്‍ സ്റ്റീൽ ഉപയോഗിച്ചാണ് ഈ കൊടിമരം നിര്‍മിച്ചത്. ലോകത്തെ ഏറ്റവും ഉയരമുള്ള കൊടിമരം എന്നാണ് ഇതിന്റെ പ്രശസ്തി. നസീഫ് ഹൗസ് എന്നു പേരുള്ള പഴയ കെട്ടിടം ചരിത്രപ്രാധാന്യമുള്ളതാണ്. പുരാതനമായ മറ്റു നിരവധി കോട്ടകളും കെട്ടിടങ്ങളും ജിദ്ദയിലും റിയാദിലുമുണ്ട്.

ഇന്ത്യ–സൗദി അറേബ്യ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇമുപ്പതു ലക്ഷം ഇന്ത്യക്കാർ സൗദി അറേബ്യയിലുണ്ടെന്നാണു റിപ്പോർട്ട്. സൗദി അറേബ്യയിലേക്ക് അരി, മാംസം, ഇലക്ട്രിക്കല്‍ മെഷിനറി, വാഹനങ്ങള്‍, മിനറല്‍, സെറാമിക് തുടങ്ങിയ വസ്തുക്കൾ ഇന്ത്യയിൽ നിന്നാണു കയറ്റുമതി ചെയ്യുന്നത്. അതുപോലെ, സൗദി അറേബ്യയിൽ നിന്ന് ഏറ്റവുമധികം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സൗഹൃദവും സ്നേഹവും പങ്കുവച്ച് കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതോടെ ഇന്ത്യ–സൗദി ബന്ധം കൂടുതൽ ദൃഢമാകും.

മദായിന്‍ സ്വാലിഹ്; പുരാതന പ്രതാപം

സൗദി അറേബ്യയിൽ നിന്നു യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആദ്യത്തെ കേന്ദ്രമാണ് മദായിന്‍ സ്വാലിഹ്. അറേബ്യന്‍ ഉപദ്വീപിലെ ചരിത്ര, പൈതൃക കേന്ദ്രമാണിത്. 2008 ല്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഈ പ്രദേശം ഉള്‍പ്പെടുത്തി. അല്‍ഉലയുടെ വികസനത്തിനായി റോയല്‍ കമ്മീഷന്‍ പ്രവർത്തിച്ചു വരുന്നു. മദായിന്‍ സ്വാലിഹിലെ പുരാവസ്തുക്കളുടെയും കൊത്തുപണികളുടെയും പൂര്‍ണമായ കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല.

പര്‍വതങ്ങളിലെ കൂറ്റന്‍ പാറകളില്‍ കൊത്തിയുണ്ടാക്കിയ നിര്‍മിതികളാണ് അല്‍ഉലയിലെയും മദായിന്‍ സ്വാലിഹിലെയും സവിശേഷത. ഇവയ്ക്ക് ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ശാപമേറ്റ സ്ഥലമായതിനാല്‍ ഇവിടെ കൂടുതല്‍ നേരം ചെലവഴിക്കരുതെന്ന് പ്രവാചകന്‍ മുഹമ്മദ് നബി അരുള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മദായിന്‍ സ്വാലിഹ് സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ വളരെപ്പെട്ടെന്ന് ഇവിടുത്തെ കാഴ്ചകള്‍ കണ്ടുമടങ്ങുന്നു.

അല്‍ഉലയിലേക്കു സ്വാഗതം

വിശ്വാസ മനസ്സുകളിൽ വിശുദ്ധിയുടെ പ്രതീകമായ മദീനയുടെ വടക്ക് 400 കിലോമീറ്റര്‍ ദൂരെയാണു അല്‍ഉല. മദീന പ്രവിശ്യയിലെ സബ്ഗവര്‍ണറേറ്റാണ് ഇത്. വെള്ളം, വളക്കൂറുള്ള മണ്ണ്, തന്ത്രപ്രധാന കേന്ദ്രം എന്നിങ്ങനെ മനുഷ്യവാസത്തിന് അനുകൂലമാണ് ഇവിടം. ഈത്തപ്പനകളും മറ്റു ഫലവൃക്ഷങ്ങളും ഈ താഴ്‌വരയില്‍ വളരുന്നു. രണ്ടു മലകള്‍ക്ക് ഇടയിലാണ് അല്‍ഉല നഗരം സ്ഥിതി ചെയ്യുന്നു. മഴയുടെ അളവ് കുറവാണെങ്കിലും ഇവിടെ ഭൂമിക്കടിയില്‍ അധികം താഴ്ചയിലല്ലാതെ വെള്ളമുണ്ട്. അല്‍ഉല നഗരഭരണത്തിനു കീഴില്‍ മുന്നൂറു ഗ്രാമങ്ങളാണുള്ളത്. പണ്ടു പ്രതാപത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുകയും പിന്നീട് ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്ത മദായിന്‍ സ്വാലിഹ് പ്രദേശം അല്‍ഉലയുടെ ഭാഗമാണ്. അല്‍ഉലയില്‍ നിന്ന് 23 കിലോമീറ്റര്‍ ദൂരെയാണ് മദായിന്‍ സ്വാലിഹ്.

3 - saudi

അല്‍ഉലയിലേക്ക് പോകുന്ന റോഡില്‍ മലഞ്ചെരിവുകള്‍ക്കിടയിലാണ് ഓള്‍ഡ് അല്‍ഉലയുള്ളത്. മദീനയില്‍ നിന്ന് 400 ഉം തബൂക്കില്‍ നിന്ന് 450 ഉം ഹായിലില്‍ നിന്ന് 380 ഉം അല്‍വജില്‍ നിന്ന് 170 ഉം കിലോമീറ്റര്‍ അകലെയാണ് അല്‍ഉല. പുരാതന കാലത്ത് ശുദ്ധ വെള്ളം ഒഴുകിയിരുന്ന രണ്ടു അരുവികള്‍ അല്‍ഉലയിലുണ്ടായിരുന്നു. അരുവിയുടെ തീരങ്ങളില്‍ ഉയരം കൂടിയ ഈന്തപ്പനകളുണ്ടായിരുന്നു എന്നതിനെ സൂചിപ്പിച്ചാണ് അല്‍ഉല എന്ന പേരു ലഭിച്ചതത്രേ.

പര്‍വതങ്ങളിലെ കൂറ്റന്‍ പാറകളില്‍ ഇത്രയധികം ലിഖിതങ്ങളും കൊത്തുപണികളുമുണ്ടെന്ന് കിങ് സൗദ് സർവകലാശാല പുരാവസ്തു വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. അഹ്മദ് അല്‍അബൂദി പറയുന്നു.