Thursday 03 November 2022 03:55 PM IST : By Christy Rodriguez

മുൻപിലെത്തിയവർ ഓടി രക്ഷപെടുന്നു, ;ചായക്കടയിൽ ചോദിക്കാതെ തന്നെ ഭക്ഷണം നീട്ടുന്നു, പണം കൊടുക്കുമ്പോൾ വാങ്ങുന്നുമില്ല... ഇന്ത്യ ഭൂട്ടാൻ അതിർത്തി ഗ്രാമച്ചന്തയിലെ വിചിത്ര അനുഭവം

border village market0

ഇന്ത്യ–നേപ്പാൾ–ബംഗ്ലദേശ്–ഭൂട്ടാൻ ബൈക്ക് യാത്രയ്ക്കിടെ സിക്കിമിൽ നിന്നു പശ്ചിമ ബംഗാളിലൂടെ ഭൂട്ടാൻ അതിർത്തിയിലേക്കു സഞ്ചരിക്കുമ്പോഴാണ് വേറിട്ട ആ അനുഭവമുണ്ടായത്. കലിംപോങ്ങിലെ കാഴ്ചകൾ കണ്ട് തീസ്ത നദിയുടെ തീരം ചേർന്ന്, തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് ബംഗാളിലെ സിലിഗുഡിയിൽ നിന്നു ഭൂട്ടാനിലെ ഫുങ്ഷിലോങ്ങിലേക്കുള്ള പാത നീളുന്നത്.

തേയിലത്തോട്ടം എന്നാൽ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് മൂന്നാർ, നീലഗിരി തേയിലത്തോട്ടങ്ങളാണ്. സഹ്യപർവതത്തിന്റെ മലഞ്ചെരിവുകളിൽ ഹരിതാഭ ചാർത്തുന്ന തോട്ടങ്ങൾ ഇളം വെയിലിൽ സ്വർണനിറം പകരുന്നതും കോടമഞ്ഞിന്റെ വെളുത്ത പുതപ്പണിഞ്ഞു നിൽക്കുന്നതുമൊക്കെ പതിവു കാഴ്ചകളാണ്. ഇതിൽ നിന്നു വ്യത്യസ്തമാണ് ബംഗാളിലെ സമതല ഭൂമിയിൽ 700 കി മീ നീളത്തിൽ വ്യാപിച്ച ഇന്ത്യയിലെ വലിയ തേയിലകൃഷി പ്രദേശം. സിക്കിം–ബംഗാൾ അതിർത്തി പട്ടണം കലിംപോങ്ങിൽ ഡാർജിലിങ് തേയിലക്കാടുകൾ ആരംഭിക്കുന്നു. പണ്ട് തേയിലത്തോട്ടങ്ങൾ ചൈനയുടെ മാത്രം കുത്തകയായിരുന്നു. അവിടെ നിന്ന് 200 ചെടികൾ ബ്രിട്ടിഷുകാർ സ്വന്തമാക്കി ഡാർജിലിങ്ങിൽ പരീക്ഷണാടിസ്ഥാനത്തിൽ നട്ടത് 1800ൽ ആയിരുന്നു. പരീക്ഷണം വിജയിച്ചതോടെ തേയിലത്തോട്ടങ്ങൾ അസം വരെ വ്യാപിച്ചു.

darjeeling tea plantation

കൊറോനേഷൻ ബ്രിജ്

ഈ പാതയിലായിരുന്നു തീസ്ത നദിക്കു കുറുകേയുള്ള മനോഹരമായ ആർച്ച് പാലം കൊറോനേഷൻ ബ്രിജ്. 1937ൽ ജോർജ് ആറാമന്റേയും എലിസബത്ത് രാജ്ഞിയുടേയും കിരീടധാരണത്തിന്റെ ഓർമയ്ക്കായി നിർമിച്ച പാലം. ഇരുകരകളിലും ഉറപ്പിച്ച കൽത്തൂണുകളിൽ താങ്ങി നിൽക്കുന്ന പാലത്തിന്റെ കമാനത്തിനടിയിൽ കൂടി നീല കലർന്ന പച്ച നിറത്തിൽ തീസ്ത നദി ഒഴുകുന്നു. ഭാരം പൂർണമായും ആർച്ചിൽ താങ്ങുന്ന വിധമാണ് അതിന്റെ നിർമിതി. 6 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച പാലം അക്കാലത്തെ എൻജിനീയറിങ് വിസ്മയമായിരുന്നു. കൊറോനേഷൻ ബ്രിജ് ഇപ്പോൾ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്.

coronation bridge

കൊറോനേഷൻ ബ്രിജ് കടന്ന് യാത്ര തുടർന്നു. ഭൂട്ടാൻ അതിർത്തിയിലൂടെയുള്ള യാത്ര ഒരു ഗ്രാമത്തിലെ ആഴ്ചച്ചന്തയിലെത്തി. ഒരു കൃസ്ത്യൻ ദേവാലയത്തിനു മുന്നിലുള്ള മൈതാനത്താണ് ചന്ത നടക്കുന്നത്. വേറിട്ടൊരു കാഴ്ചയായതിനാൽ അൽപസമയം അവിടെ ചെലവിടാമെന്നു കരുതി ബൈക്ക് മൈതാനത്തേക്ക് ഓടിച്ചു കയറ്റി. പലഹാരങ്ങൾ, വസ്ത്രങ്ങൾ, പുകയില ഉൽപന്നങ്ങൾ, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, മീൻ, ഇറച്ചി, ധാന്യങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ കച്ചവടം പൊടിപൊടിക്കുന്നു. അതിനിടയിൽ ചായക്കടകളും ചാരായഷാപ്പുകളും ഷെഡ് കെട്ടി ഉയർത്തിയിട്ടുണ്ട്.

ബൈക്ക് കണ്ടു ഭയന്നോടിയവർ

border village market

ആഴ്ചയിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ വ്യാപാരമേളയിലേക്ക് ഗ്രാമം മുഴുവന്‍ എത്തും. സഹയാത്രികൻ വിനോദ് ആദ്യം തന്നെ വണ്ടിയിൽ നിന്നിറങ്ങി ദൃശ്യങ്ങൾ പകർത്താന്‍ തുടങ്ങിയിരുന്നു. മുന്നിലെ ചാരായ ഷാപ്പിനു സമീപം മോട്ടോർസൈക്കിൾ ഒതുക്കി വയ്ക്കാൻ സ്ഥലം കണ്ടു. വണ്ടി കടയുടെ മുന്നിലേക്ക് തിരിഞ്ഞതും അതിനുള്ളിലിരുന്ന രണ്ടു മൂന്നു പേർ ഇറങ്ങി ഓടുന്നതു കണ്ടു. അടുത്തു നിന്ന പലരും ദൂരേക്ക് മാറി. കാര്യം എന്താണെന്ന് മനസ്സിലായില്ല. കടയ്ക്കുള്ളിൽ പ്രായമായ ഒരു മനുഷ്യന്‍ എഴുന്നേറ്റ് കൈകൂപ്പി നിൽക്കുന്നതു കണ്ടു. അങ്ങോട്ടു ചെന്നപ്പോൾ ചാരായം കുടിച്ചുകൊണ്ടിരുന്ന പലരും തൊഴുതുകൊണ്ട് എഴുന്നേറ്റു. കടയിലെ വൃദ്ധൻ ഒരു ഗ്ലാസ് ചാരായവും രണ്ട് മുട്ട പുഴുങ്ങിയതും ഒരു പ്ലേറ്റ് പന്നിയിറച്ചിയും എന്റെ മുൻപിൽ ഒരു മേശയിൽ കൊണ്ടുവച്ചു. ചാരായം എനിക്കു വേണ്ട, പന്നിയിറച്ചി കഴിക്കുകയുമില്ല, മുട്ട പുഴുങ്ങിയതു മാത്രം എടുത്തു. പണം നീട്ടിയിട്ടു വാങ്ങുന്നുമില്ല...

border village market sweet vendor

മലയാളികളെ ഭക്ഷിക്കാൻ യോഗമില്ലാത്ത പുലി

അമ്പരന്നു പോയെങ്കിലും ഇന്നിനി സഞ്ചരിക്കേണ്ട, ഇവിടെ തങ്ങാം എന്നു തീരുമാനിച്ചു. ആ ചന്ത നടന്ന സ്ഥലത്തിനു സമീപം തന്നെ ടെന്റടിച്ചു. രാത്രി പ്രായമായ ഒരു മനുഷ്യൻ ഞങ്ങളുടെ സമീപത്തേക്കു വന്നു. ‘സാറേ, ഞാനാണ് രാവിലെ ബൈക്ക് ഷാപ്പിനടുത്തേക്കു വരുന്നതു കണ്ട് ഓടി രക്ഷപെട്ടത്. സാറിന്റെ കാക്കി പാന്റും മോട്ടോർസൈക്കിളും കണ്ടപ്പോൾ പൊലീസുകാരനാണെന്നു കരുതി ഭയന്നു. അവിടെ വിൽപന നടത്തിക്കൊണ്ടിരുന്ന ചാരായം മുഴുവൻ ഞാൻ ഉണ്ടാക്കിയതാണ്.’ ആ സാധു ഗ്രാമീണന്റെ കുമ്പസാരം കേട്ടപ്പോൾ എനിക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

border village market vendor

അത്താഴത്തിനു നല്ല മീൻ കറിയും ചോറുമായി രാജു എന്നൊരു നാട്ടുകാരൻ എത്തി. ഊണിനു ശേഷം സമീപത്തുതന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു കിടക്കാനായി ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾ ടെന്റിൽ തന്നെ കഴിഞ്ഞു. പുലർച്ചെ രാജു വീണ്ടും വന്നപ്പോഴാണ് ആ ക്ഷണത്തിനു പിന്നിലെ ‘ഞെട്ടിച്ച’ സത്യം വെളിപ്പെടുത്തിയത്. രാത്രിയിലെ തണുപ്പ് എങ്ങനിരുന്നു എന്ന കുശലപ്രശ്നത്തിനു ശേഷമാണ് രാജു പറയുന്നത്, ആ ഭാഗത്ത് പലപ്പോഴും രാത്രി പുലി ഇറങ്ങാറുണ്ടത്രേ... ബംഗാളിലെ പുലിക്ക് മലയാളികളെ ഭക്ഷിക്കാനുള്ള യോഗമില്ലാത്തതു കൊണ്ടാകാം വീണ്ടും കണ്ടുമുട്ടാനായതെന്ന് ഫലിതം പറയുമ്പോഴും ഞങ്ങളുടെ ഉള്ളിലെ ഞെട്ടൽ മാറിയിരുന്നില്ല...

Tags:
  • Travel Stories
  • Manorama Traveller
  • Travel India