Friday 06 May 2022 12:20 PM IST : By Anjaly Thomas

‘ജീവനുള്ള തേളുകളെ മുകളിൽവച്ച് അലങ്കരിട്ട ലൈവ് നൂഡിൽസ്, അവയെ കുത്തി തിന്നാനുള്ള ചോപ്സിറ്റിക്’

chopstick-story

വിശന്നു വലഞ്ഞിരിക്കുന്ന അവസ്ഥ. ഭക്ഷണം മുൻപിലുണ്ട്. തീൻമേശയിലെ മര്യാദ പാലിച്ച് കഴിക്കാൻ ഒരു ഫോർകോ സ്പൂണോ ഇല്ല, ആദ്യ ചൈനായാത്രയിൽ കടന്നുപോയത് ഇങ്ങനൊരു സാഹചര്യത്തിലൂടെയാണ്. ഇളംമഞ്ഞ നിറമുള്ള ദ്രാവകത്തിൽ നൂഡിൽസും മുട്ടയുമായി ആവി പറക്കുന്ന ബൗൾ. സമീപത്തിരിക്കുന്ന നീളമുള്ള രണ്ടു കമ്പുകൊണ്ട് പ്രത്യേകിച്ച് ഉപയോഗമുള്ളതായി തോന്നിയില്ല. പാത്രത്തിൽ നിന്ന് ഭക്ഷണം എടുക്കാൻ ഒരു വഴി കാട്ടണേ ദൈവമേ എന്നായി പ്രാർഥന. അതൊരു ദുഃസ്വപ്നത്തിന്റെ തുടക്കമായിരുന്നു. ഒരുപാടു കാലം ആഗ്രഹിച്ച്, കാത്തിരുന്നു കിട്ടിയ ഒരു മാസം നീളുന്ന ചൈനായാത്രയ്ക്കു പുറപ്പെടുമ്പോൾ ചിന്തിക്കുകപോലും ചെയ്യാത്ത വെല്ലുവിളി...

ബിസി 1200ലെ ഉപകരണം

വിരലുകൾക്കിടയിൽ തിരുകുന്ന രണ്ട് കമ്പു കൊണ്ട് ഭക്ഷണം വായിലേക്ക് കോരി ഇടുന്ന രീതി കാലങ്ങളായി ചൈനയിലെത്തുന്ന സഞ്ചാരികളെ അലട്ടുന്ന ഒന്നാണ്. അതിനെക്കാൾ വലിയ വെല്ലുവിളി ഉണ്ടെങ്കിൽ അത് മൻഡാരിൻ ഭാഷ മാത്രമാവും. നീണ്ട്, മെലിഞ്ഞ കമ്പുകൾക്കിടയിൽ ഇറച്ചിക്കഷ്ണത്തെ ബാലൻസ് ചെയ്തു പിടിക്കുന്ന വിദ്യ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ വശമാക്കാം. എന്നാൽ വിശന്നിരിക്കുന്ന തുടക്കക്കാർക്ക് അതൊട്ടും വഴങ്ങില്ല. ചൈനീസ് യാത്രയിലെ ആതിഥേയ ഡെബ്ബി എന്നു ഞാൻ വിളിക്കുന്ന ഡെബോറ സഹായത്തിനായി ഓടിയെത്തി. ‘ഇത്രയേറെ യാത്ര ചെയ്തിട്ടുള്ള നിങ്ങൾ ഇതുവരെ ചോപ്സ്‌റ്റിക് ഉപയോഗിക്കാന്‍ പഠിച്ചില്ലേ?’ എന്ന ആശ്ചര്യത്തോടെയാണ് തുടങ്ങിയത്. ആ രണ്ടു കമ്പുകളെടുത്ത് അവയ്ക്കിടയിലേയ്ക്ക് എന്റെ നടുവിരൽ കടത്തിവച്ചു, മുകളിലുള്ള കമ്പിൽ തള്ളവിരലും ഉറപ്പിച്ചു. തുടർന്ന് തള്ളവിരൽ ചലിപ്പിക്കുന്നതിനൊപ്പം ചൂണ്ടുവിരൽ കൂടി ചലിപ്പിച്ചു കൊണ്ട് കോരി എടുക്കുന്ന ഭക്ഷണത്തിന്റെ അളവു ക്രമീകരിക്കുന്നതെങ്ങനെ എന്ന് കാട്ടിത്തന്നു.

അതൊരു വെല്ലുവിളി ആയിരുന്നു. ഭക്ഷണം തണുക്കുന്നതിനു മുൻപ് അതു പഠിച്ചെടുത്തേ മതിയാകൂ. വിശപ്പ് കൂടുന്നത് കാര്യങ്ങളെ വഷളാക്കി. കഠിനമായ പരിശ്രമം എന്റെ വിരലുകൾക്ക് വേദന നൽകി. അതിനെക്കാൾ എന്നെ അസ്വസ്ഥയാക്കിയത് ചോപ്സ്‌റ്റിക് ഉപയോഗിക്കുന്നതിൽ മിടുക്കിയായ ഡെബ്ബി വളരെ വേഗം നൂഡിൽസും വെജിറ്റബിൾസും ഇറച്ചിക്കഷ്ണങ്ങളും കോരി എടുത്തു വിഴുങ്ങുന്നതായിരുന്നു.

chopstick2

നൂഡിൽസിലെ ദ്രാവകം തെറിപ്പിച്ചു കൊണ്ട് മുട്ട മൂന്നാം തവണയും കമ്പുകൾക്കിടയിൽ നിന്നു പാത്രത്തിലേക്കു വീണതോടെ ഞാൻ എന്റെ പരിശ്രമം നിർത്തി. ‘വിരലുകൾ വേഗത്തിൽ മുകളിലേക്കു നീക്കൂ, അപ്പോൾ എളുപ്പമാകും’ തന്റെ ഭക്ഷണം ആസ്വദിക്കുന്നതിനിടയിൽ ഡെബ്ബി അഭിപ്രായപ്പെട്ടു. ഈ ചൈനക്കാർ ലോകത്ത് എന്തൊക്കെ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. എന്നിട്ടും ഭക്ഷണം കഴിക്കാൻ ബിസി 1200 ലെ വിദ്യ തന്നെ തുടരുന്നത് എന്താ? അവസാനം ഒരു ചോപ്സ്‌റ്റിക്ക് എടുത്ത് പപ്പടം കുത്തി എടുക്കുന്നതുപോലെ മുട്ട കുത്തി എടുത്ത് വായിൽ വച്ചു. അങ്ങനെ ഫോർക്കുകൾ ഇല്ലാത്ത ചൈനയിൽ എത്തിയ ചോപ്സ്‍റ്റിക് ഉപയോഗിക്കാൻ അറിയാത്ത രസംകൊല്ലിയായൊരു വിദേശിയായി ഞാൻ.

ചോപ്‌സ്റ്റിക് വന്ന വഴി

ഈ ചെറിയൊരു കാര്യം എന്നെക്കൊണ്ട് സാധിക്കാതെ വന്നപ്പോൾ ചൈനയിൽ (ജപ്പാനിലും കൊറിയയിലും) ചോപ്സ്‌റ്റിക്കിനു പ്രാധാന്യം കിട്ടിയതിനെപ്പറ്റിയായി അന്വേഷണം. ചില കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അത് ഉപയോഗിക്കാൻ പഠിക്കേണ്ടതാണ് എന്നു തോന്നി. ബിസി 1200ലാണ് അടുക്കള ഉപകരണമായി ചോപ്സ‌്റ്റിക് രംഗത്ത് എത്തുന്നത്. എഡി 500 ഓടെ ഏഷ്യ ഭൂഖണ്ഡത്തിൽ വിയറ്റ്നാം മുതൽ ജപ്പാൻ വരെ പല രാജ്യങ്ങളിലെ അടുക്കളയിലും തീൻമേശയിലും മുരിങ്ങക്കോലുപോലുള്ള ഈ കമ്പുകൾ എത്തിക്കഴിഞ്ഞിരുന്നു.

ഹെനാൻ പ്രവിശ്യയിലെ യിൻ ശേഷിപ്പുകളിൽ കണ്ടെത്തിയ വെങ്കല ചോപ്സ്‌റ്റിക്കുകളാണ് കണ്ടെടുത്തതിൽ ഏറ്റവും പഴയത്. ചൈനീസ് അക്ഷരങ്ങളുടെ ആദ്യ മാതൃകകൾ കണ്ടെത്തിയതും അവിടെത്തന്നെയാണ്. വെങ്കല ചോപ്സ്‌റ്റിക്കുകൾക്ക് വെള്ളമോ എണ്ണയോ തിളപ്പിക്കുന്ന വലിയ പാത്രങ്ങളുടെ അടിത്തട്ടിൽ മുട്ടുംവിധം നീളമുണ്ടായിരുന്നു. എഡി 400 ആയപ്പോഴേക്കും ജനസംഖ്യയിൽ വലിയൊരു വർധനവുണ്ടാകുകയും ജനങ്ങൾ വിഭവങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുകയും ചെയ്തു. മാംസവും പച്ചക്കറികളും ചെറുതായി അരിയാൻ തുടങ്ങി. ഗാർഹികോപകരണങ്ങൾ ചെറുതായി. കത്തി ഉപയോഗിക്കുന്നതു കുറഞ്ഞു, ആ സ്ഥാനംകൂടി ചോപ്സ്‌റ്റിക് ഏറ്റെടുത്തു.

മാറുന്ന മുഖം

വർഷങ്ങൾക്കു ശേഷം ഏഷ്യയിലേയും കിഴക്കനേഷ്യയിലെയും പല നാടുകളും സന്ദർശിച്ചു. അപ്പോഴാണ് ചോപ്‌സ്റ്റിക്കിന് സംഭവിച്ച മാറ്റങ്ങൾ ശ്രദ്ധിച്ചത്. ചൈനീസ് ചോപ്സ്‌റ്റിക്കിന്റെ അറ്റം അൽപം പരന്നതായിരിക്കും, ഒരിക്കലും കൂർത്തതാകില്ല. ദാർശനികനും മഹാഗുരുവുമായ കൺഫ്യൂഷ്യസ് ആണത്രേ ഇതിനു കാരണം. ഹിംസയുടെ പ്രതീകമായതിനാൽ തീൻമേശയിൽനിന്ന് കത്തി ഒഴിവാക്കാൻ നിഷ്കർഷിച്ചിരുന്ന അദ്ദേഹം കൂർത്ത മുനയുള്ളതൊന്നും ഭക്ഷണത്തിനു സമീപം വയ്ക്കരുത് എന്നു പഠിപ്പിച്ചു. അങ്ങനെ കത്തി തീൻമേശയിൽ നിന്ന് ഒഴിവാക്കി, പരന്ന അറ്റമുള്ള ചോപ്സ്‌റ്റിക് ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

chopstick3

ചൈനയിലെ ചോപ്സ്‌റ്റിക്കുകൾ നീളം കൂടിയവയാണ്. അവിടെ പാചകത്തിൽ വറുക്കുന്നതും വേവിക്കുന്നതും കൂടുതലാണ്. കൈ പൊള്ളാതെ ഇളക്കാൻ നീളക്കൂടുതൽ സഹായിക്കും. ജപ്പാൻകാർ ഭക്ഷണം വറുത്തെടുക്കാറില്ല, അവരുടെ വിഭവങ്ങളിൽ കഷ്ണങ്ങൾക്കു വായിൽകൊള്ളുന്ന വലിപ്പമേയുള്ളു, മാത്രമല്ല ഭക്ഷണപ്പാത്രം കൈകൊണ്ടെടുത്ത് വായിലേക്ക് ഒഴിക്കുന്നതിനും വിലക്കില്ല. അതുകൊണ്ടാകും അവിടുത്തെ ചോപ്സ്‌റ്റിക്കുകൾ നീളം കുറഞ്ഞവയാണ്. ജപ്പാൻകാർ പൊതുവേ ‘ഗ്ലും’ എന്ന ശബ്ദത്തോടെ ഭക്ഷണം ഇറക്കുന്നവരാണ്. ജപ്പാനിൽ പുരുഷൻമാരുടെ ചോപ്സ്‌റ്റിക്കിന് 8 ഇഞ്ച് നീളമുള്ളപ്പോൾ സ്ത്രീകൾക്കുള്ളതിന് 7 ഇഞ്ച് നീളമേയുള്ളു.

chopsticki

കൊറിയയിലെ കഥ ഇതൊന്നുമല്ല, അവിടെ കഞ്ഞിയും സൂപ്പുമൊക്കെ സ്പൂൺ ഉപയോഗിച്ചു കഴിക്കും, ബാക്കി എല്ലാം ചോപ്സ്‍റ്റിക്ക് ഉപയോഗിച്ചും. പക്ഷേ, പാത്രം കയ്യിൽ എടുത്ത് കുടിക്കാൻ പാടില്ല. ലോഹം കൊണ്ടുള്ള ചോപ്‌സ്‌റ്റിക്കാണ് അവിടെ ഉപയോഗിക്കുന്നത്. ഗ്ലാസ് നൂഡിൽസ് പോലെ നന്നേ കനം കുറഞ്ഞവ താരതമ്യേന ഭാരമുള്ള, നീളം കൂടിയ, അറ്റം കൂർത്ത ചോപ്സ്‌റ്റിക്കിൽ കോരി എടുക്കുന്നതിന്റെ ബുദ്ധിമുട്ട് ഓർത്തുനോക്കൂ... ആ രാജ്യത്തേക്കു ചെല്ലുന്നതിനുള്ള ശിക്ഷയാണോ അത്?

കൺഫ്യൂഷ്യസിന് ആദരം

സസ്യാഹാരം സംബന്ധിച്ച് കൺഫ്യൂഷ്യസിന്റെ വാദങ്ങളോട് എനിക്കു യോജിപ്പില്ല. എങ്കിലും അദ്ദേഹത്തിന്റെ ചിന്താശക്തിയോട് എനിക്ക് ആദരവുണ്ട്. പരന്ന അറ്റമുള്ള ചോപ്സ്‍റ്റിക്കുകൾക്ക് പ്രചരിക്കാൻ കാരണക്കാരനായ മഹാഗുരുവിനെ പ്രണമിക്കാൻ ബീജിങ്ങിൽ എത്തിയപ്പോൾ ഞാൻ പോയി. ചോപ്‌സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാനുള്ള കഴിവ് ഞാൻ നേടി എന്ന് ഡെബ്ബി അപ്പോഴേക്ക് ഒരുവിധം അംഗീകരിച്ചിരുന്നു. കനംകുറഞ്ഞ് നീളമേറിയ മൂർച്ചയില്ലാത്ത ഒരു ജോഡി ഉപകരണത്തിൽ എന്തോ ഒരു ശക്തി ഒളിച്ചിരിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. ഒന്നുമില്ലെങ്കിലും ഒഴിഞ്ഞ ഒരു വയറു നിറയ്ക്കാൻ അതിനു സാധിക്കുന്നുണ്ടല്ലോ. ഗ്വാങ്ഷുവിൽ നിന്ന് ബീജിങ്ങിലേക്കുള്ള 8 മണിക്കൂർ ട്രെയിൻ യാത്രയിൽ ചൈനക്കാരായ സഹയാത്രികർ എനിക്കു തന്നതെല്ലാം ഞാൻ ഭക്ഷിച്ചു. പുതുതായി ഞാൻ വശമാക്കിയ വിദ്യകൊണ്ടും മൻഡാരിൻ ഭാഷയിലെ എന്റെ അറിവില്ലായ്മകൊണ്ടും ഞാൻ അവരെ വിസ്മയിപ്പിച്ചു.

chopstick confusious temple

ബീജിങ്ങിലെ ആദ്യ പ്രഭാതത്തിൽ ഗുവോസിജിയാൻ തെരുവിലെ കൺഫ്യൂഷ്യസ് ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ഏറെ കാലപ്പഴക്കമുണ്ട് ക്ഷേത്രത്തിന്. എങ്കിലും വെളുത്ത താടിയും മന്ദസ്മിതം പൊഴിക്കുന്ന ചുണ്ടും കണ്ണുമുള്ള കൺഫ്യൂഷ്യസ് വേറിട്ടു നിന്നു. ‘സ്വയം അച്ചടക്കം പാലിക്കുമ്പോഴും മറ്റുള്ളവരെ സ്നേഹിക്കുക’ എന്ന അദ്ദേഹത്തിന്റെ സാമൂഹ്യ ദർശനം വെളിപ്പെടുത്തുന്നവയാണ് ആ ഘടകങ്ങൾ.

അന്നു രാത്രി ബീജിങ്ങിലെ വുങ്ഫുജിങ് ലൈവ് മാർക്കറ്റിൽ ഞാന്‍ എന്റെ ഏറ്റവും വലിയ പരീക്ഷണം നേരിട്ടു. ജീവനുള്ള കൊച്ചു തേളുകളെ മുകളിൽ വച്ച് അലങ്കരിച്ച ‘ലൈവ്’ നൂഡിൽസ് എന്റെ മേശയിൽ എത്തി. ആ ജീവികൾ പാത്രത്തിൽ ഓടി നടക്കുന്നതു കണ്ട് ചോപ്സ്‌റ്റിക് കുത്തിയിറക്കാനുള്ള തോന്നലിനെ ഞാൻ കടിച്ചുപിടിച്ചു. കൃത്യസമയത്ത് ചോപ്സ്റ്റിക് ഉപയോഗിക്കുന്നതിലെ ആചാര മര്യാദകൾ ഓർത്തതിനാൽ ഞാൻ തേൾക്കുഞ്ഞുങ്ങളെ ഓരോന്നായി പിടിച്ച് വായിലേക്കിട്ടു. അവയുടെ രുചി എന്തായിരുന്നു എന്ന് പറയാൻ എനിക്കു കഴിയും. പക്ഷേ, തൊട്ടാൽ എങ്ങനെയിരിക്കും എന്നു പറയാൻ സാധിക്കില്ല.

chopstick4

പിൽക്കാലത്ത് മാംസമായാലും മുട്ടയായാലും മീനായാലും ചോപ്സ്‌റ്റിക് ഉപയോഗിച്ച് കഴിക്കാൻ തുടങ്ങി.

തടി, ലോഹം, പ്ലാസ്‌റ്റിക്, വെള്ളി, ആനക്കൊമ്പ് ഇങ്ങനെ പല വസ്തുക്കൾകൊണ്ട് നിർമിച്ച പല വലിപ്പത്തിലും നിറത്തിലുമുള്ള ചോപ്സ്‌റ്റിക്കുകൾ സ്വന്തമായിട്ടുണ്ട് ഇപ്പോൾ. കണ്ണടച്ച് അവയോരോന്നും തിരിച്ചറിയാനും സാധിക്കും. ഇപ്പോൾ മുട്ട അടിക്കാനും പകോഡ വറുക്കാനും കേക്കിന്റെ വേവ് നോക്കാനും ചിലപ്പോൾ മുടി കെട്ടിവയ്ക്കാൻ പോലും ചോപ്സ്‍‌റ്റിക് ഉപയോഗിക്കാറുണ്ട് ഞാൻ. ചൈനീസ് ഗ്രാമങ്ങളിലെ അധ്വാനികളായ വനിതകൾ മുടി കെട്ടിവയ്ക്കാൻ ചോപ്സ്‌റ്റിക് ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. അതിനുപോലും കൊള്ളാത്ത ഫോർക്കു കണ്ടുപിടിച്ചത് എന്തിനാണെന്ന് ഞാൻ അദ്ഭുതപ്പെടാറുമുണ്ട്.

ചോപ്സ്‌റ്റിക് ആചാര മര്യാദകൾ

ചോപ്സ്‍റ്റിക്കുകൾ ഒരിക്കലും തമ്മിൽ ഉരസരുത്. അങ്ങനെ ചെയ്യുന്നത് അവ നിലവാരമില്ലാത്തവ ആണെന്നു കാട്ടുന്നതും ആതിഥേയനെ പരിഹസിക്കുന്നതിനു തുല്യവുമാണ്.

ആളുകളുടെ നേരെ ചൂണ്ടുന്നതിനോ താളം പിടിക്കാനോ പല്ലിട കുത്തുന്നതിനോ പാത്രം നിരക്കി നീക്കുന്നതിനോ ഒന്നും ചോപ്സ്റ്റിക് ഉപയോഗിക്കരുത്.

ഭക്ഷണപദാർഥങ്ങൾ കുത്തി എടുക്കരുത്.

ചോപ്സ്റ്റിക് നക്കുകയോ ഉറിഞ്ചുകയോ ചെയ്യരുത്. അത് വളരെ മോശം പെരുമാറ്റമായി കണക്കാക്കുന്നു.

ഭക്ഷണപദാർഥങ്ങൾ ചോപ്സ‌്റ്റിക്കിൽ എടുത്ത് മറ്റൊരാൾക്കു കൈമാറരുത്. ബുദ്ധമതക്കാർ ശവദാഹത്തിനു ശേഷം എല്ലുകൾ പെറുക്കി എടുത്ത് കുടുംബാംഗങ്ങൾക്കു കൈമാറുന്നത് പ്രത്യേകതരം ചോപ്സ്‌റ്റിക് ഉപയോഗിച്ചാണ്.

രണ്ടറ്റവും ഒരുപോലെ വരുന്ന വിധത്തിൽ വേണം ചോപ്സ്റ്റിക് പിടിക്കാൻ. രണ്ടു കയ്യിലായി പിടിക്കാൻ പാടില്ല.

ഉപയോഗിക്കുന്നതിനു മുൻപും ശേഷവും ചോപ്‌സ്റ്റിക് റസ്റ്റുണ്ടെങ്കിൽ അതിൽ വയ്ക്കുക, അല്ലെങ്കിൽ പാത്രത്തിനു മുകളിൽ കുറുകെ വയ്ക്കുക. ഒരിക്കലും ഭക്ഷണത്തിനു മുകളിൽ സാമ്പ്രാണിത്തിരി പോലെ കുത്തി നിർത്താൻ പാടില്ല.

Tags:
  • World Escapes
  • Manorama Traveller
  • Food and Travel
  • Travel Stories