എല്ലാ യാത്രകൾക്കും അവധി നൽകി വിജയൻ മടക്കമില്ലാത്തൊരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. മനസിൽ ആഗ്രഹിച്ച മണ്ണിലെല്ലാം കാലുകുത്താനുള്ള ഭാഗ്യം സിദ്ധിച്ച മഹായാത്രികൻ മരണത്തിനു കീഴടങ്ങിയിരിക്കുന്നു. ചായക്കട നടത്തി ലോകം ചുറ്റി സഞ്ചാരികളെ കൊതിപ്പിച്ച വിജയൻ മോഹന ചേച്ചിയെ ഒറ്റയ്ക്കാക്കി പോയിരിക്കുന്നു. ഹൃദയാഘാതമാണ് മരണം കാരണം. കൊച്ചിയുടെ ഇട്ടാവട്ടത്തു നിന്നും അതിരുകളില്ലാത്ത ലോകം താണ്ടിയ ആ ദമ്പതികളുടെ കഥ മനോരമ ട്രാവലർ മാഗസിൻ വായനക്കാരോട് അഭിമാനത്താടെ പങ്കുവച്ചിരുന്നു. വിയോഗത്തിന്റെ ഈ വേളയിൽ സ്വപ്ന യാത്രികന്റെ ഓർമകൾക്കു മുന്നിൽ ആദരമർപ്പിച്ച് വായനക്കാര്‍ക്കു മുന്നിൽ ആ സഞ്ചാര കഥ ഒരിക്കൽ കൂടി...
എറണാകുളത്ത് ഗാന്ധി നഗറിൽ ബാലാജി എന്ന ചായക്കട നടത്തിയ വിജയേട്ടൻ സഞ്ചാരികളുടെ ലോകത്തെ മാതൃകാപുരുഷനാണ്. ചായ വിറ്റു സമ്പാദിക്കുന്ന തുക സ്വരുക്കൂട്ടിയാണ് വിജയേട്ടൻ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്തത്. ഭാര്യയോടൊപ്പം ലോകസഞ്ചാരം നടത്തിയ വിജയൻ ‘മനോരമ ട്രാവലറിനു’ നൽകിയ അഭിമുഖം.
ഓരോ യാത്രകളിൽ നിന്നും സഞ്ചാരികളുടെ നേട്ടങ്ങളെന്തെല്ലാം ?
രണ്ടു കൈവണ്ടികളും ഒരു ചായക്കടയുമുള്ള 1950കളിലെ ചേർത്തലയിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്ത് ഞാൻ സ്വപ്നം കണ്ട ഏറ്റവും വലിയ ലോകം എറണാകുളമായിരുന്നു. തീവണ്ടിയും വിമാനവും കപ്പലും കാബറേ ഡാൻസുമുള്ള പഴയ കൊച്ചിയിലേക്കായിരുന്നു ജീവിതത്തിലെ ആദ്യ യാത്ര. സ്കൂളിൽ ഫീസ് അടയ്ക്കാൻ അമ്മ തന്ന ആറര രൂപയുമായി പിന്നീട് മദ്രാസ് നഗരം കാണാൻ ഒളിച്ചു പോയി. ഏഴാം ക്ലാസിൽ തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. അറുപത്തി നാലു വയസ്സിനിടെ പതിനേഴു രാജ്യങ്ങൾ സന്ദർശിച്ചു. എല്ലാ യാത്രകളും ഭാര്യയോടൊപ്പമാണ്. മോഹനയെന്നാണ് എന്റെ ഭാര്യയുടെ പേര്. ഭാര്യയുടെ താലി മാലയും സ്വർണാഭരണങ്ങളും വിറ്റാണ് പല യാത്രകൾക്കും പണം കണ്ടെത്തിയത്. ജനിച്ച നിമിഷം മുതൽ വീഴുന്നിടം വരെ യാത്രയ്ക്കായി ഞാൻ ജീവിക്കുന്നു. ഓരോ യാത്രകളും ഓരോരോ സമയത്ത് വന്നു ചേരുന്നതാണ്. ഒന്നും നേരത്തെ പദ്ധതിയിടുന്നില്ല. അറിവു തേടിയാണ് ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ലോകം ചുറ്റുന്നത്. അതാണ് എന്റെ സമ്പാദ്യം.
ഒരാൾ സഞ്ചാരിയാകുന്നത് എങ്ങനെ ?
ബാല്യം മുതൽ യാത്രാ വിവരണ പുസ്തകങ്ങൾ വായിക്കാറുണ്ട്. ഉദയസൂര്യന്റെ നാട്ടിൽ, കാപ്പിരികളുടെ നാട്ടിൽ, സ്വാമി വിവേകാനന്ദന്റെ യാത്രകളെക്കുറിച്ചുള്ള വിവരണം എന്നിവയാണ് എന്നെ ആകർഷിച്ച ഗ്രന്ഥങ്ങൾ. ആലപ്പുഴയ്ക്കും എറണാകുളത്തിനും മദ്രാസിനുമപ്പുറം ഒരു ലോകമുണ്ടെന്ന ചിന്ത എന്നെ യാത്രകൾക്കു പ്രേരിപ്പിച്ചു. ചായക്കടക്കാരന്റെ വെറും സ്വപ്നമായി അതിനെ കണ്ടവരിൽ എനിക്കു ഭ്രാന്താണെന്നു പറഞ്ഞവരുമുണ്ട്. എല്ലാവർക്കും ഭ്രാന്തുണ്ടെന്നാണ് എനിക്കു പറയാനുള്ളത്. ചിലർ സിനിമ കാണുന്നു, ചിലർ പണം സമ്പാദിക്കുന്നു, ചിലർ മറ്റു പല വിനോദങ്ങളിൽ ഏർപ്പെടുന്നു. എന്റെ പക്ഷത്ത് അതു യാത്രയാണ്.
യാത്രയ്ക്കുള്ള തയാറെടുപ്പുകൾ എന്തെല്ലാം ?
തിരുപ്പതി ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങിയ സമയത്ത് തലയ്ക്കു മുകളിലൂടെ ഒരു വിമാനം കടന്നു പോയി. എന്നെങ്കിലും അതിൽ കയറണമെന്നു മോഹനയോടു പറഞ്ഞു. അവളുടെ മുഖത്തെ അദ്ഭുതത്തിൽ ഞാൻ അതിശയപ്പെട്ടില്ല. കാരണം, അന്നു സ്വന്തമായി പാസ്പോർട്ടില്ലാത്തയാളാണ് ഞാൻ. അന്നു വരെ വെള്ളമുണ്ടും കള്ളിമുണ്ടും മാത്രം ധരിച്ചിരുന്നയാളാണ് ഞാൻ. തൊട്ടടുത്ത പതിനെട്ടു ദിവസത്തിനുള്ളിൽ കെട്ടുതാലി ഉൾപ്പെടെ സ്വർണം വിറ്റും ബാങ്കിൽ നിന്നു ലോണെടുത്തും ആദ്യമായി വിദേശത്തേക്കു പറന്നു. ഹോളിലാന്റ് ടൂർ – ഈജിപ്ത്, ജോർദാൻ, ദുബായ്, പലസ്തീൻ എന്നീ നാടുകൾ കണ്ടു മടങ്ങി. എറണാകുളത്തിനും ആലപ്പുഴയ്ക്കും അപ്പുറത്ത് കടലിനക്കരെ ഒരുപാടു രാദ്യങ്ങളുണ്ടെന്ന് മോഹന മനസ്സിലാക്കിയത് അന്നായിരുന്നു. ഭാര്യയുടെ പിന്തുണയും ധൈര്യവും പുതിയ യാത്രകൾക്ക് എനിക്കു പ്രേരണയാകുന്നു. അല്ലാതെ യാതൊരു തയാറെടുപ്പും ഞാൻ നടത്താറില്ല.