Wednesday 30 June 2021 04:25 PM IST

കേരളത്തിലേക്കു പൂക്കൾ എത്തുന്ന വഴി

Baiju Govind

Sub Editor Manorama Traveller

1 - flower

ആടിമാസം പത്തു കഴിഞ്ഞാൽ സുന്ദരപാണ്ഡ്യപുരത്തു പൂക്കാലം വിരുന്നെത്തും. ആവണി അവിട്ടത്തിന് പൂർണചന്ദ്രൻ ഉദിക്കുമ്പോഴേക്കും തമിഴ്ഗ്രാമം പൂക്കളുടെ കടലായി മാറും. ചെണ്ടുമല്ലിയും ജമന്തിയും സൂര്യകാന്തിപ്പൂക്കളും തലയാട്ടുന്ന വർണക്കടൽ. തെങ്കാശിയിലെ വസന്തകാലം വിനോദസഞ്ചാരികൾ ഡയറിയിൽ കുറിച്ചിടാറുണ്ട്. എല്ലാ വർഷവും ജൂലൈ അവസാനം മുതൽ സെപ്റ്റംബർ കഴിയും വരെ അവർ സംഘം ചേർന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക് യാത്ര നടത്തുന്നു.

പത്തരമാറ്റുള്ള ഗ്രാമച്ചന്തം കൈവിടാതെ കാത്തുപോരുന്ന ചെങ്കോട്ടയും തെങ്കാശിയും പണ്ട് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. ഇതിൽ തെങ്കാശിയുടെ സമീപഗ്രാമമാണ് സുന്ദരപാണ്ഡ്യപുരം. അവിടെയുള്ളവർ വള്ളിപുള്ളി തെറ്റാതെ മലയാളം പറയുന്നതു കേട്ടാൽ പൂർവബന്ധത്തിന്റെ ആഴം മനസ്സിലാകും.

‘‘കേരളവുമായുള്ള അണ്ണൻ – തമ്പി ബന്ധമാണ് ഈ യാത്രയുടെ ഹൈലൈറ്റ്’’ – തങ്കത്തമിഴിനെ പുകഴ്ത്തി ശെൽവന്റെ കമന്റ്. ജനിച്ചതു തെന്മലയിലെങ്കിലും ബാല്യം മുതൽ കോട്ടയത്തു ജോലി ചെയ്യുന്നയാളാണ് ശെൽവൻ. സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛനോടൊപ്പം അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയതാണ് ശെൽവന്റെ ജീവിതത്തിലെ ആദ്യ യാത്ര. തിരുമലയ്ക്കും ചെങ്കോട്ടയ്ക്കുമിടയിൽ പൻപൊഴിയിൽ നിന്ന് അച്ചൻ കോവിലിലേക്ക് തിരിഞ്ഞപ്പോൾ ശെൽവൻ അച്ഛന്റെ ചെറുവിരലിൽ തൂങ്ങി നടന്ന കുട്ടിയായി. മുപ്പത്തഞ്ചു വർഷം കഴി‍ഞ്ഞിട്ടും മാറ്റം സംഭവിച്ചിട്ടില്ലാത്ത ഗ്രാമപ്പച്ച. കർക്കടകം മുഖം കറുപ്പിച്ചിട്ടും വെളിച്ചം മങ്ങാത്ത നീലാകാശം. കുടവുമായി നടന്നു നീങ്ങുന്ന അമ്മമാർ, കൊമ്പൻമീശ വച്ച അണ്ണന്മാർ... എംജിആർ അഭിനയിച്ച സിനിമകളിലെ നാട്ടുദൃശ്യങ്ങളുടെ തനിയാവർത്തനം.

അച്ചൻകോവിൽ

കുംഭാവുരുട്ടി ചെക്പോസ്റ്റ് കടന്നാൽ കാടാണ്. റോഡ് ടാറിട്ടു മിനുക്കിയിട്ട് ഏറെക്കാലമായിട്ടില്ല. ചെങ്കോട്ടയിൽ നിന്ന് അച്ചൻകോവിലിൽ എത്താനുള്ള എളുപ്പ വഴിയായതിനാൽ വാഹനങ്ങൾ ചന്നംപിന്നം പായുന്നു. ‘‘പത്തുവർഷം മുൻപ് ഇവിടം കുണ്ടും കുഴിയുമായിരുന്നു. വലിയ വളവുകളിൽ ക്ലീനറെ കൂട്ടിയാണ് സ്റ്റിയറിങ് തിരിച്ചിരുന്നത്. പവർ സ്റ്റിയറിങ് ശീലിച്ചവർക്ക് ആ കഷ്ടപ്പാട് പറഞ്ഞാൽ മനസ്സിലാകത്തില്ല. തൂത്തുക്കുടിയാണ് അന്നത്തെ വലിയ തുറമുഖം. മലേഷ്യ, മ്യാന്മർ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉരുപ്പടി (തുണ്ട് മരം) എത്തിയിരുന്നു. മുക്കാൽ പങ്കും കേരളത്തിലേക്കാണ് കടത്തിയിരുന്നത്.’’ ഡ്രൈവർ തോമസ് പണ്ട് തടി കയറ്റിയ ലോറിയുമായി തെങ്കാശിയിൽ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്തിന്റെ ഓർമകൾ അയവിറക്കി.

2 - flower

ശ്രീകുമാരൻ തമ്പി എഴുതിയ ‘അച്ചൻ കോവിലാറ്റിലെ കൊച്ചോളങ്ങളെ’ പാട്ടു മൂളി അച്ചൻ കോവിലാറിന്റെ അരികിലൂടെ സഞ്ചരിച്ച് ധർമശാസ്താ ക്ഷേത്രത്തിൽ എത്തി. ശബരിമലയ്ക്കു പോകുന്നവരുടെ ഇടത്താവളമാണ് അച്ചൻകോവിൽ ക്ഷേത്രവും സമീപത്തുള്ള കറുപ്പസ്വാമി കോവിലും. തെങ്കാശി റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ഹിൽ േസ്റ്റഷൻ ആസ്വദിക്കാൻ തിരഞ്ഞെടുക്കുന്ന റൂട്ടാണ് അച്ചൻ കോവിൽ. കാടിനു നടുവിലൂടെയുള്ള റോഡും റോഡിനോടു ചേർന്നൊഴുകുന്ന നദിയും ക്ഷേത്രദർശനം താൽപര്യമില്ലാത്തവർക്കും ഈ ട്രിപ്പ് പ്രിയങ്കരമാക്കി മാറ്റുന്നു.

മേക്കര അണക്കെട്ടിനു സമീപത്തു കൂടിയാണ് തുടർയാത്ര. നെൽപാടത്തിനു നടുവിലൂടെയാണ് അണക്കെട്ടിലേക്കുള്ള വഴി. ഡാമിൽ വെള്ളമുള്ളപ്പോഴും വേനലിലും പ്രവേശനം നിരോധിച്ചിരിക്കുകയാണ്. റോഡിൽ നിന്നു പടിഞ്ഞാറു വശത്തേക്കു നോക്കിയാൽ തിരുമലയും മല മുകളിലെ മുരുകൻ ക്ഷേത്രവും കാണാം.

ചെങ്കോട്ട

അച്ചൻകോവിലിൽ നിന്ന് തിരികെ പൻപൊഴിയിൽ വന്നാണ് തെങ്കാശിയിലേക്കു തുടർ യാത്ര. തിരുമല ക്ഷേത്രത്തിലേക്ക് വഴി തിരിയുന്നതും പൻപൊഴിയിൽ നിന്നാണ്. തെങ്കാശി യാത്രികർ പ്രഭാത ഭക്ഷണത്തിനു വണ്ടി നിർത്തുന്ന സ്ഥലമാണു പൻപൊഴി. ഇഡ്ഡലി, ദോശ, സേവ, പൊങ്കൽ, ബജി, ബോണ്ട തുടങ്ങി തമിഴ് വിഭവങ്ങൾ വിൽക്കുന്ന ചായക്കടകളുടെ നിരയാണ് പൻപൊഴി പട്ടണം. അവിടം കടന്നാൽ ഒട്ടേറെ മലയാള സിനിമകൾക്കു പശ്ചാത്തലമായിട്ടുള്ള ചെങ്കോട്ടയുടെ നാട്ടുചന്തം കാണാം. പാതയുടെ ഇരുവശത്തും മാന്തോപ്പാണ്. പക്ഷേ, പൂക്കാലം വിരുന്നെത്തുമ്പോഴേക്കും മാമ്പഴക്കാലം അവസാനിക്കും. അതേസമയം, നാട്ടുവിഭവമായ പനനൊങ്ക് എല്ലാ മാസങ്ങളിലും ലഭിക്കും. പനനൊങ്ക് വിറ്റ് ജീവിതം നയിക്കുന്ന നൂറു കണക്കിനാളുകൾ ചെങ്കോട്ടയിലുണ്ട്. ഇലയിൽ വിളമ്പിയ പനനൊങ്ക് കഴിക്കുന്ന മലയാളികളുടെ കൂട്ടം ഈ റൂട്ടിൽ സ്ഥിരം കാഴ്ചയാണ്.

4 - flower

ചെറിയ പട്ടണമാണ് ചെങ്കോട്ട. കാർഷിക വിഭവങ്ങൾ വിൽക്കാനുംവീട്ടു സാധനങ്ങൾ വാങ്ങാനുമുള്ള അങ്ങാടി. ബസ് സ്റ്റാൻഡും റെയിൽവേ േസ്റ്റഷനും നാലഞ്ച് വലിയ കെട്ടിടങ്ങളും വന്നതൊഴികെ ‘ആധുനികത’ പ്രവഹിച്ചിട്ടില്ലാത്ത സ്ഥലം. 1956ൽ മലയാളം സംസാരിക്കുന്ന ആളുകളെ ഒരുമിപ്പിച്ച് കേരളം രൂപീകരിക്കുന്നതിനു മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ചെങ്കോട്ട. അക്കാലത്ത് അച്ചൻകോവിൽ, ആര്യങ്കാവ് എന്നീ സ്ഥലങ്ങൾ ചെങ്കോട്ട താലൂക്കിലായിരുന്നു. തെങ്കാശിയും ചെങ്കോട്ടയും കന്യാകുമാരിയും തമിഴ്നാട്ടിൽ ചേർത്തപ്പോൾ കേരള – തമിഴ്നാട് ‘ബോർഡർ’ കോട്ടവാസലിനടുത്തുള്ള എസ് വളവിൽ നിശ്ചയിക്കപ്പെട്ടു. ചെങ്കോട്ടയിലെ വലിയ കവാടത്തിന്റെ ഭിത്തിയിൽ പതിച്ചിട്ടുള്ള രാജമുദ്ര തിരുവിതാംകൂറിന്റെ അധികാരത്തിന്റെ തെളിവായി ഇന്നും നിലനിൽക്കുന്നു.

ചെങ്കോട്ടയിൽ നിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ തെങ്കാശി. പൊതിഗൈ മലനിലയിലെ അരുവികൾ തെങ്കാശിയെ വെള്ളച്ചാട്ടങ്ങളുടെ പട്ടണമാക്കി. കുറ്റാലമാണ് തെങ്കാശിയുടെ പ്രശസ്തി. തമിഴ് സിനിമകളിലെ ‘ചൂടൻ’ ഗാനരംഗങ്ങൾ കണ്ട് വിനോദസഞ്ചാരികൾ ഒഴുകിയെത്തിയ വെള്ളച്ചാട്ടമാണ് കുറ്റാലം. കാടിന്റെ അടിവാരത്തുള്ള തെങ്കാശിയിലെ ഗ്രാമങ്ങൾ കണ്ടാൽ അൻപതു വർഷം പുറകിലേക്കു പോയതായി തോന്നും. ഗൗണ്ടന്മാരുടെ കൊട്ടാരം പോലെയുള്ള വീടുകളും പരന്നു കിടക്കുന്ന ഭൂമിയും രസകരമായ കാഴ്ചയൊരുക്കുന്നു. കൃഷിക്കാരുടെ കഥ പറയാൻ സിനിമാ സംവിധായകർ തെങ്കാശി തിരഞ്ഞെടുക്കാനുള്ള കാരണം മറ്റൊന്നല്ല.

തെങ്കാശി

പട്ടണം ചുറ്റി കാഴ്ച ആസ്വദിക്കാൻ തെങ്കാശിയിൽ മുറിയെടുത്തു. ചിറ്റരുവി, ഐന്തരുവി, പുലിയരുവി, തേനരുവി – എല്ലാ വെള്ളച്ചാട്ടങ്ങളിലും സന്ദർശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു കൈവഴികളായി പതിക്കുന്ന ഐന്തരുവി (അഞ്ച് അരുവി)യിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കുളിക്കടവാണ്. വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനു വന്നവർ കുറ്റാലത്തിലെ വെള്ളം ശിരസ്സിലൊഴിച്ചു പ്രാർഥിക്കുന്നതു കണ്ടു. പശ്ചിമഘട്ട മലനിരയിൽ നിന്നു തെങ്കാശിയുടെ ഹൃദയത്തിലേക്കൊഴുകുന്ന ജലത്തിന് ഐസു കട്ടയുടെ തണുപ്പാണെന്നു പറയാതെ വയ്യ.

4 - flower

തെങ്കാശിപ്പട്ടണത്തിനടുത്താണ് സുന്ദരപാണ്ഡ്യപുരം. രാജഗോപാലസ്വാമിയുടെ വിഗ്രഹം വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിച്ച വീരനാണത്രേ സുന്ദരപാണ്ഡ്യൻ. ഇരുനൂറു വർഷം മുൻപു ജീവിച്ചിരുന്ന സുന്ദരപാണ്ഡ്യന്റെ പേരിൽ ഗ്രാമം അറിയപ്പെട്ട കഥ ‘നാട്ടുപുറപ്പാട്ടുകൾ’ പാടി ഇപ്പോഴും തെങ്കാശിക്കാർ പുകഴ്ത്തുന്നു.

തെങ്കാശിയിൽ നിന്ന് കീഴ്പുലിയൂർ വഴി ഒൻപതു കിലോമീറ്റർ താണ്ടിയാൽ സുന്ദരപാണ്ഡ്യപുരത്ത് എത്താം. റോജ, ജെന്റിൽമാൻ, മുതൽവൻ, അന്യൻ, കറുത്തമ്മ, വെട്രി കൊടി കെട്ട്, സത്യം തുടങ്ങി ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്തത് അവിടെയാണ്. അന്യനിലെ ‘അണ്ടം കാക്ക’ ഗാനരംഗം ഷൂട്ട് ചെയ്ത ശേഷം ‘അന്യൻപാറ’ എന്നറിയപ്പെട്ട പുലിയൂർ പാറയാണ് ഇക്കൂട്ടത്തിൽ പ്രസിദ്ധം.

ആടി മാസത്തിൽ (കർക്കടകം) പൂക്കൾ വിടരുന്ന പാടങ്ങളാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ ആകർഷണം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണു സീസൺ. ഈ സമയത്ത് പൂക്കളുടെ പൂരം ക്യാമറയിൽ പകർത്താൻ സിനിമാക്കാരും വിനോദസഞ്ചാരികളും സുന്ദരപാണ്ഡ്യപുരത്തേക്ക് പുറപ്പെടുന്നു...