ADVERTISEMENT

വിശാഖപട്ടണത്തുനിന്ന് 65 കിലോ മീറ്റര്‍ അകലെ വരാഹ നദിക്കരയിൽ പൂർവഘട്ട മലനിരകളുടെ തണലിലുള്ള ഗ്രാമം. പച്ചക്കുട നിവർത്തിപ്പിടിച്ചതുപോലെ റോഡിന് ഇരുവശത്തും വളരുന്ന വാകയും പുളിയും... ചേല ചുറ്റിയ സ്ത്രീകളും അർധനഗ്നരായ പുരുഷൻമാരും ജോലിയിൽ വ്യാപൃതരായ വാഴത്തോപ്പും വയലും... ആദ്യ കാഴ്ചയിൽ ആന്ധ്ര പ്രദേശിലെ ഒരു സാധാരണ കാർഷിക ഗ്രാമം. ഗ്രാമപാതയിലൂടെ യാത്ര തുടരുമ്പോൾ തടി ചെത്തി മിനുക്കി കൊത്തി എടുക്കുന്നതിന്റെ ശബ്ദം കേൾക്കാം പല വട്ടം, പല താളത്തിൽ. ഇത് ലോകപ്രസിദ്ധമായ ഏട്ടുക്കൊപ്പക ബൊമ്മകൾ പിറവിയെടുക്കുന്ന ഏട്ടുക്കൊപ്പക ഗ്രാമം. തലമുറകളിലൂടെ കൈമാറി വരുന്ന നിർമാണ വൈദഗ്ധ്യത്തിനും കരകൗശലസൃഷ്ടിയ്ക്കുള്ള നൈപുണ്യത്തിനും നാലു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്രിമ രാസപദാർഥങ്ങൾ ചേർക്കാതെ സ്വാഭാവിക വസ്തുക്കൾ മാത്രം ഉപയോഗിക്കുന്ന സർഗസൃഷ്ടിക്ക് പ്രകൃതിയോടുള്ള കരുതലുണ്ട്. ‘കളിപ്പാട്ടങ്ങളുടെ ഗ്രാമം’ എന്നു പ്രശസ്തമായ ഏട്ടുക്കൊപ്പകയിൽ നിർമിക്കുന്ന പാവകൾക്ക് 2017ൽ ഭൗമസൂചിക പദവി ലഭിച്ചതോടെ ഒട്ടേറെ സഞ്ചാരികൾ ഗ്രാമക്കാഴ്ച തേടി എത്തുന്നുണ്ട്.

apvil2

400 വർഷം പഴക്കമുണ്ട് ഏട്ടുക്കൊപ്പകയിലെ കളിപ്പാട്ട നിർമാണത്തിന്. ഗ്രാമത്തിൽ സുലഭമായി വളരുന്ന ‘അങ്കുഡു’ എന്ന വൃക്ഷത്തിന്റെ തടിയാണ് പാവ നിർമാണത്തിന് ഉപയോഗിക്കുന്നത്. ദന്തപ്പാല എന്നാണ് അങ്കുഡുവിന്റെ മലയാളം പേര്. കോലരക്ക്, കടുക്ക, കാവിമണ്ണ്, ഇലച്ചാർ തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് പാവകൾക്ക് നിറം നൽകുന്നത്. ഉരുണ്ട രൂപവും തിളങ്ങുന്ന നിറങ്ങളുമാണ് അവയുടെ സവിശേഷത. പീരങ്കി, കാളവണ്ടി, ഗണപതി, പമ്പരം, വാദ്യക്കാർ, സ്ത്രീപുരുഷ രൂപങ്ങൾ, പുരാണകഥാപാത്രങ്ങൾ, വീട്ടുപകരണങ്ങളുടെ ചെറുപതിപ്പുകള്‍ ഗ്രാമജീവിതത്തിലെ നിത്യകാഴ്ചകളായ പലതും മിനിയേച്ചർ പതിപ്പായി നിർമിക്കുന്നു. വീട്ടമ്മമാരുടെ ആവശ്യത്തിന് സിന്ദൂരച്ചെപ്പ്, മഞ്ഞൾ‌ചെപ്പ് തുടങ്ങിയവയും ഇവിടെ നിർമിച്ചിരുന്നു. ആധുനിക കാലത്ത് ചൈനീസ് നിർമിത ‘കിച്ചൻ സെറ്റ്’ കളിപ്പാട്ടം കുട്ടികളുടെ കയ്യിൽ എത്തുന്നതിന് ഒരുപാടു മുൻപു തന്നെ ‘ലക്കപിഡത്താലു’ എന്നു വിളിച്ചിരുന്ന അടുക്കളപാത്ര സെറ്റ് ഈ ഗ്രാമത്തിലെ ശിൽപികളുടെ കരവിരുതിൽ ഉടലെടുത്തിരുന്നു. പുതിയ കാലത്തിനു പരിചിതമായ രീതിയിൽ തീവണ്ടിയും മോട്ടോർ ബൈക്കും ഫോണും പുതു തലമുറയിലെ വിദഗ്ധർ മെനഞ്ഞെടുക്കുന്നുണ്ട്. ഏട്ടിക്കൊപ്പക ബൊമ്മകൾ പനയോലകൊണ്ട് നെയ്തെടുക്കുന്ന വട്ടകളിൽ വച്ച് അടപ്പിട്ട് വള്ളികൊണ്ട് കെട്ടി കൊടുക്കുന്നതാണ് പരമ്പരാഗതമായ രീതി.

apvil4
ADVERTISEMENT

12000 ആളുകൾ വസിക്കുന്ന ഗ്രാമത്തിൽ 300 പേരാണ് ഇപ്പോൾ ഏട്ടുക്കൊപ്പക ബൊമ്മലുവിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇടക്കാലത്ത് വിപണിയിൽ ആവശ്യക്കാർ കുറഞ്ഞിരുന്നു. പലരും പരമ്പരാഗത കൈത്തൊഴിൽ രംഗം ഉപേക്ഷിച്ചതും ഈ പാരമ്പര്യത്തെ സാരമായി ബാധിച്ചു. ഗ്രാമവാസിയായ സി.വി. രാജു പാരമ്പര്യ ശൈലിയിലുള്ള നിർമാണത്തെ രക്ഷിച്ചെടുക്കാനും വെല്ലുവിളികളെ മറികടക്കുന്നതിൽ ഗ്രാമീണരെ സഹായിക്കാനും മുന്നോട്ടു വന്നതോടെ ഏട്ടുക്കൊപ്പകയുടെ നല്ലകാലം തെളിഞ്ഞു. തുണിത്തരങ്ങൾക്കു നിറം നൽകുന്ന സ്വാഭാവിക ചായക്കൂട്ടുകൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെ നിറത്തിനു വൈവിധ്യമായി. വനം വകുപ്പിന്റെ സഹായത്തോടെ അങ്കുഡു നട്ടു വളർത്താനുള്ള പദ്ധതി നടപ്പിലായപ്പോൾ തടിയുടെ ദൗർലഭ്യം മാറി. ഇന്ന് ഗുണനിലവാരത്തിനും പ്രകൃതി സൗഹൃദ വസ്തു എന്ന നിലയ്ക്കും പാരമ്പര്യ മൂല്യംകൊണ്ടും ലോകമെമ്പാടും ഏട്ടിക്കൊപ്പക പാവകൾ പ്രശസ്തമാണ്. 2017 ൽ ജിയോഗ്രഫിക്കല്‍ ഇൻഡിക്കേഷൻ പദവി ലഭിച്ചതോടെ ഇന്ത്യയിലും ഏറെ ശ്രദ്ധേയമായി ഈ ഗ്രാമീണ കല.

apvil3

ആന്ധ്ര വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമീണ ടൂറിസത്തിൽ ഏട്ടുക്കൊപ്പക പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗ്രാമത്തിൽ സഞ്ചരിച്ച് പാവകളുടെ നിർമാണം കാണാൻ അവസരം ഒരുക്കുന്നു. ഹോംസ്‌റ്റേ സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. വിശാഖപട്ടണത്തിന് പടിഞ്ഞാറുള്ള ഏട്ടുകൊപ്പക ഗ്രാമത്തിനു സമീപമുള്ള മറ്റു പ്രധാന നഗരങ്ങൾ അനക്കപ്പള്ളി, നർസിപട്ടണം, ടുണി എന്നിവയാണ്. വിജയവാഡ പാതയിലെ ഏലമംചിലിയാണ് സമീപ റെയിൽവേ സ്‌റ്റേഷൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT