ഒരു നിമിഷം ശ്രദ്ധിക്കുക: സന്ദർശക കേന്ദ്രത്തിനു പിന്നിലെ കോസ്റ്റല്‍ റെഡ് വുഡ്മരത്തിന്റെ ഉയരം 200 അടി. അഥവാ, ഇരുപതു നിലകളുള്ള കെട്ടിടത്തിന്റെ പൊക്കം. ആ മരം ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്നു!' മുയിര്‍ വുഡ്‌സിലേക്കു കടക്കുമ്പോള്‍ ആദ്യമേ മുന്നിൽ തെളിയുന്നത് ഈ ബോര്‍ഡാണ്. റെഡ് വുഡ് ഒരു തുടക്കം മാത്രമാണ്. ഇനിയങ്ങോട്ടു കാണാന്‍ പോകുന്നത് ഇത്തരം മാനം മുട്ടികളുടെ ഒരു പടയാണ്. അതെ, മുയിര്‍ വുഡ്‌സ് പൊക്കക്കാരുടെ ലോകമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊക്കക്കാരായ മരങ്ങളുടെ അദ്ഭുതലോകം. പടിഞ്ഞാറന്‍ അമേരിക്കയുടെ തീരത്തെ സാന്‍ഫ്രാന്‍സിസ്‌കോ കാഴ്ചകളുടെ തീരാഖനിയാണ്. അതില്‍ പ്രധാനമാണ് മുയിര്‍ വുഡ്‌സ്. ഗോള്‍ഡന്‍ ഗേറ്റ് എന്ന അദ്ഭുത പാലമാണ് സാന്‍ഫ്രാന്‍സിസ്‌കോയുടെ മുഖചിത്രം. ഈ പാലമടങ്ങുന്ന ഗോള്‍ഡന്‍ ഗേറ്റ് നാഷനല്‍ റിക്രിയേഷന്‍ ഏരിയയുടെ ഭാഗമാണ് മുയിര്‍ വുഡ്‌സ് നാഷനല്‍ മൊന്യുമെന്റ്. ചെറിയ അരുവികളും അതു ചെന്നു ചേരുന്ന തോടും തടിപ്പാലങ്ങളും നടപ്പാതകളുമെല്ലാം ചേരുന്ന ദേശീയ ഉദ്യാനമാണിത്. അവയ്ക്കൊപ്പം ലോകത്ത് ജീവനുള്ള ഏറ്റവും ഉയരം കൂടിയായ വസ്തു നിൽക്കുന്നു- റെഡ്‌വുഡ് മരങ്ങള്‍! ഏഴാം ക്ലാസില്‍ സാമൂഹികശാസ്ത്ര പുസ്തകത്തില്‍ പഠിച്ചതാണ് റെഡ്‌വുഡിന്റെ മഹത്വം. ആ മഹാമരങ്ങളിതാ കണ്‍മുന്നില്‍...
റെഡ്‌വുഡ് മരങ്ങളുടെ അരികിലേക്ക്

പതിനഞ്ചുകോടി വര്‍ഷങ്ങള്‍ക്കു മുൻപ് ഉത്തരാര്‍ധഗോളത്തിലെമ്പാടുമുണ്ടായിരുന്നവയാണ് റെഡ്‌വുഡ് മരങ്ങള്‍. പോകെപ്പോകെ അതു കാലിഫോര്‍ണിയയുടെ പടിഞ്ഞാറൻ തീരത്തേക്കു ചുരുങ്ങി. കാലിഫോര്‍ണിയയില്‍ സ്വര്‍ണനിക്ഷേപം കണ്ടുപിടിച്ചപ്പോൾ വന്‍തോതിൽ ഖനനവും മരംമുറിക്കലും നടത്തി. അതിൽ മിച്ചമുള്ള അൽപ്പം സ്ഥലമാണ് ഇവിടം. ഇന്നു പടിഞ്ഞാറന്‍ കാലിഫോര്‍ണിയയിലും റെഡ്‌വുഡ് കുറച്ചു സ്ഥലത്തേയുള്ളു. മുയിർവുഡ്‌സ് അതിലൊരു സ്ഥലം. റെഡ്‌വുഡ് നാഷനല്‍ പാര്‍ക്ക് ആണ് മറ്റൊന്ന്. ഗോള്‍ഡന്‍ഗേറ്റ് പാലത്തിൽ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള മുയിർവുഡ്‌സിലേക്ക്. പ്രധാനപാതയിൽ നിന്ന് വഴിമാറി യാത്ര ചെയ്യണം. അവിടേക്കുള്ള യാത്രയില്‍, ഉപറോഡ് തുടങ്ങുന്നിടത്ത് റോഡിന്റെ ഇരുവശവും അതിമനോഹരമായ വീടുകള്‍. വീടുകൾക്കു ചുറ്റും മരങ്ങളും പൂത്തു നില്‍ക്കുന്ന ചെടികളും. ജനവാസമുള്ള ഇടങ്ങൾ വിട്ടു കഴിയുമ്പോൾ പ്രകൃതി വിവിധ വര്‍ണങ്ങളാൽ സുന്ദരമാക്കിയ പൂക്കൾ നിറഞ്ഞ ചെടികളാണ് ഇരുവശത്തും. ഉയര്‍ന്നുയര്‍ന്നു പോകുന്ന വഴികൾ പെട്ടെന്നു താഴേക്കു കുത്തനെ തിരിയുന്നു. ഇരുവശവും പുല്‍മേടുകള്‍. നമ്മുടെ വാഗമണിന്റെ മറ്റൊരു പതിപ്പ്. പക്ഷേ, വളരെ സൂക്ഷ്മതയോടെ പരിപാലിക്കുന്ന സ്ഥലമെന്നതു വ്യക്തം.
ബൊഹീമിയൻ ഗ്രോവ്

മുയിർവുഡ്‌സിലേക്ക് അടുക്കുമ്പോൾ പ്രകൃതിയുടെ സ്വഭാവം മാറുന്നു. പുല്‍മേടുകൾ മരങ്ങള്‍ക്കു വഴിമാറുന്നു. ചെറിയ പാര്‍ക്കിങ് സ്ഥലമേയുള്ളു. സന്ദർശക കേന്ദ്രത്തിൽ നിന്നു ടിക്കറ്റ് വാങ്ങി മുന്നോട്ടു നീങ്ങുന്നവരെ കുരുവിയുടെ ചിത്രമാണു സ്വാഗതം ചെയ്യുന്നത്. വനത്തിൽ നിന്ന് ഒരു കമ്പുപോലും എടുക്കരുതെന്ന് കുരുവിക്കൊപ്പമുള്ള ബോർഡ് ഓര്‍മിപ്പിക്കുന്നു. ഇതിനു തൊട്ടടുത്താണ് 200 അടി ഉയര്‍ന്നിട്ടും മതി വരാതെ ഉയർന്നുകൊണ്ടിരിക്കുന്ന മരം. അൽപ്പം കൂടി മുന്നോട്ടു പോകുമ്പോൾ റെഡ്‌വുഡ്മരത്തിന്റെ തടിയുടെ വലുപ്പംവ്യക്തമാക്കാൻ ഒരു തടി മുറിച്ചുവച്ചിട്ടുണ്ട്. വട്ടംപിടിച്ച് അളന്നാൽ പത്ത് അടിയോളം വലുപ്പമുള്ള ഒരു തടി. ഒമ്പതാം നൂറ്റാണ്ടിൽ വളർച്ച തുടങ്ങിയ മരം 1930-ൽ കടപുഴകി വീണപ്പോഴേക്കും അമേരിക്കൻ ചരിത്രത്തിൽ എന്തൊക്കെ പ്രധാന സംഭവങ്ങളുണ്ടായെന്ന് അതിൽ കുറിച്ചു വച്ചിട്ടുണ്ട്. പാര്‍ക്കിലേക്കു നടന്ന് അൽപ്പം മുന്നോട്ടു പോകുമ്പോള്‍ന ഇടതുവശത്തെ അരുവിയുടെ കുറുകെ ഒരു തടിപ്പാലം കാണാം. ചുറ്റുപാടുകൾക്ക് അനുയോജ്യമായ പാലം. ഇത്തരം നാലു പാലങ്ങളാണു പാര്‍ക്കിലുള്ളത്. ഈ പാലം കടന്നാൽ ബൊഹീമിയന്‍ഗ്രോവിലെത്താം. പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണത്. ബൊഹീമിയൻ ഗ്രോവ് ഉഗ്രനൊരു തീപിടിത്തത്തിൽ ഉള്ളു കത്തിപ്പോയ ഒരു റെഡ്‌വുഡ് മരമാണ് ഇവിടെ സ്വാഗതം ചെയ്യുന്നത്. വിസ്താരമുള്ള മരത്തിനകത്ത് ഒരാൾക്കു കയറി നില്‍ക്കാം. ഇവിടെയുള്ള മരങ്ങളിലൊക്കെ തീപിടിത്തത്തിന്റെ കറുത്ത പാടുകൾ കാണാം. പതിറ്റാണ്ടുകൾക്കു മുന്‍പാണു പിടിത്തമുണ്ടായത്. അതുണ്ടാക്കിയ പാടുകൾ ഇന്നും നിലനില്‍ക്കുന്നു. റെഡ്‌വുഡ് മരത്തിന്റെ പുറം തൊലിയുടെ കാഠിന്യമാണ് അതിനു കാരണം. വളര്‍ച്ചയെത്തിയ ഒരു റെഡ്‌വുഡ് മരത്തിന്റെ പുറംതൊലിക്ക് 12 ഇഞ്ച് കനമുണ്ട്. റെഡ്‌വുഡിന് തീപിടിത്തം അനുഗ്രഹമായെന്നു പറയാം. കാരണം, പുതിയ നാമ്പുകൾ പൊട്ടാൻ ഇതു സഹായിച്ചു. ബൊഹീമിയൻ ഗ്രോവിൽ നിന്നു മുന്നോട്ടുപോകുന്നതു ഹില്‍സൈഡ് ട്രെയിലിലേക്കാണ്. പാർക്കിൽ വിവിധ മേഖലകളിൽ വിവിധട്രെയിലായി തിരിച്ചിരിക്കുകയാണ്. സന്ദര്‍ശകരുടെ സമയ ലഭ്യതയും താൽപ്പര്യവുമനുസരിച്ച് സ്ഥലം കാണാനാണിത്. മലകയറ്റം ഇഷ്ടപ്പെടുന്നവർക്ക് കുറേക്കൂടി കഠിനമായ പാതകളുണ്ട്. അതിലൊന്നാണ് അരുവിയുടെ മറുകരയിലുള്ള മലയുടെ മുകളിലേക്ക് ഉയര്‍ന്നുപോകുന്ന ഓഷ്യന്യൂ ട്രെയ്ൽ. അവിടെ നിന്നാൽ പസഫിക് സമുദ്രത്തിന്റെ മികച്ച ദൃശ്യം കിട്ടും. പാര്‍ക്കിനെ നടുവേ മുറിച്ചുകൊണ്ടൊഴുകുന്ന തോടാണ് റെഡ്‌വുഡ്ക്രീക്ക്. സമീപത്തെ തമാല്‍പൈസ്കുന്നിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. വെള്ളം വറ്റാത്ത ഈതോട് മഞ്ഞുകാലത്തു കനത്ത മഴമൂലം കുത്തിയൊഴുകും. റെഡ്‌വുഡുകളുടെ വളര്‍ച്ചയിൽ വലിയ പ്രാധാന്യമുണ്ട് ഈ തോടിന്. വളര്‍ച്ചയെത്തിയ റെഡ്‌വുഡ് മരം ഒരു ദിവസം ഒരു ലീറ്റർ വെള്ളം വലിച്ചെടുക്കുമെന്നാണു കണക്ക്. ഇവയ്‌ക്കെല്ലാം ആവശ്യത്തിനു വെള്ളം കിട്ടാൻ ഈ തോട് സഹായിക്കുന്നു.

‘കസിൻ’ ബ്രോ

റെഡ്‌വുഡിന്റെ ഒരു ‘കസിൻ’ ഉണ്ട്, ജയന്റ്സെക്വയ എന്നറിയപ്പെടുന്ന ഭീമൻ മരങ്ങള്‍. റെഡ്‌വുഡ് മരത്തിന്റെ അടിഭാഗത്തിന്റെ ചുറ്റളവ് 22 അടിയാണെങ്കിൽ സെക്വയയുടേത് 40 അടിയാണ്. ഈ മരങ്ങൾ തുരന്നുണ്ടാക്കിയ റോഡിൽക്കൂടി വാഹനങ്ങൾക്ക് കടന്നു പോകാം. മുയിർ വുഡ്‌സിൽ ചില മരങ്ങളുടെ അടിവശം തുരന്നു നടപ്പാതയുണ്ടാക്കിയിട്ടുണ്ട്. ചില മരങ്ങള്‍ക്കടിയിലെ പൊത്തുകൾ ഒരാൾക്കു കയറി നില്‍ക്കാവുന്നത്രയും വിസ്താരമുള്ളവയാണ്. മുകളിലത്തെ തിട്ടയിൽ നിന്നു മറിഞ്ഞു വീണ റെഡ്‌വുഡ് മരം ഇവിടെ മുറിച്ചു മാറ്റുകയല്ല, അതിന്റെ തടിയില്‍നിന്ന് അൽപ്പം വെട്ടിക്കളഞ്ഞ് സുഗമമായിഅടിയിലൂടെ നടക്കാൻ പാകത്തിനാക്കിയിരിക്കുകയാണ്. പാര്‍ക്കിൽ പലയിടത്തും മരങ്ങൾകടപുഴകി കിടക്കുന്നുണ്ട്. വില്യം കെന്റിന്റെ സ്വപ്നം എങ്ങുമുള്ള പച്ചപ്പാണ് പാര്‍ക്കിന്റെ മറ്റൊരു പ്രത്യേകത. അടിക്കാടുകൾ വൃത്തിയായി പരിപാലിക്കപ്പെടുന്നു. പാര്‍ക്കിലൂടെ വളഞ്ഞുംപുളഞ്ഞു പോകുന്ന നടപ്പാതകളുടെ കൈവരികൾ തടിയില്‍തീര്‍ത്തവയാണ്. കോൺക്രീറ്റ് നിർമിതികൾക്ക് അവിടെ സ്ഥാനമില്ല. അസാധാരണമായ പ്രകൃതി സ്‌നേഹത്തിന്റെ സ്മാരകമാണ് ഈ പാര്‍ക്ക്.