തിരുവിതാംകൂറിന്റെ കഥ പറയാൻ സി.വി. രാമൻപിള്ള എഴുതിയ ‘ധർമരാജാ’ എന്ന കഥയിലെ സ്ത്രീ കഥാപാത്രങ്ങളിലൊരാളുടെ പേരാണ് ത്രിപുരസുന്ദരി. മൂന്നു ലോകങ്ങളുടെയും സൗന്ദര്യം ഒത്തിണങ്ങിയ മറ്റൊരു പേരു വായിച്ചത് സാമൂഹിക പാഠപുസ്തകത്തിലെ ‘ത്രിപുര’യിലാണ്. മായൻ എന്ന അസുരൻ ഇരുമ്പും വെള്ളിയും സ്വർണവും ചേർത്ത് ഭൂമിയിലും ആകാശത്തിലും സ്വർഗത്തിലുമായി സൃഷ്ടിച്ച മൂന്ന് സുന്ദരനഗരങ്ങളാണ് ത്രിപുരങ്ങളെന്നു പുരാണ കഥയുണ്ട്. ഈ വിധം കഥകളിലെ വിവരണങ്ങളിൽ നിന്നു മനസ്സിലാക്കിയ വിവരങ്ങളുമായാണ് ഇന്ത്യയുടെ വടക്കു കിഴക്കുള്ള ത്രിപുര സന്ദർശിച്ചത്.
സഞ്ചാരികളുടെ ഭൂപടത്തിൽ ചെറിയ ‘അടയാളമാണ്’ ത്രിപുര. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിസ്താരം കുറഞ്ഞ ഭൂപ്രദേശം. അങ്ങനെയുള്ള ത്രിപുരയിൽ മൂന്നു സ്ഥലങ്ങളിലൂടെയാണ് യാത്ര ചെയ്തത്. – ഉനക്കോട്ടി, ചബിമുറെ, നീർമഹൽ.
ഒരു കോടി തികയാതെ ഉനക്കോട്ടി

ഒരു കോടി തികയാൻ ഒരെണ്ണം കുറവ് – ബംഗാളി ഭാഷയിൽ ഉനക്കോട്ടിയുടെ അർഥം ഇതാണ്. ശിൽപ വൈഭവങ്ങളാൽ ഇന്ത്യയിലെ മറ്റു ചരിത്ര കേന്ദ്രങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു ഉനക്കോട്ടി. വലിയ പാറകളിൽ കൊത്തിയൊരുക്കിയ വലിയ ശിൽപങ്ങളുടെ നാടാണ് ഉനക്കോട്ടി. അവയിലേറെയും കാടിനു സമീപത്തുള്ള മലഞ്ചെരിവിലാണ് നിലകൊള്ളുന്നത്. 30 അടി ഉയരമുള്ള ‘ഉനക്കോട്ടീശ്വര കാലഭൈരവൻ’ ശിൽപം പ്രശസ്തം. ഇതുമാത്രമല്ല, വെള്ളച്ചാട്ടങ്ങളുടെ സമീപത്തുള്ള ചില ശിലാശിൽപങ്ങൾ ശിവസങ്കൽപത്തിന്റെ പൂർണതയാണ്. ശിൽപത്തിന്റെ ശിരസ്സിൽ നിന്നു വെള്ളം ഒഴുകിയിറങ്ങുന്നത് ശിവജഡയിലെ ഗംഗയെ ഓർമിപ്പിക്കുന്നു. ഗോത്രഭാഷകളുടെ നാടാണ് ഉനക്കോട്ടി. അവിടെ ഓരോ പ്രദേശങ്ങളിലും ഭാഷാ വ്യത്യാസമുണ്ട്. ശൈവ സങ്കൽപത്തിലുള്ളതാണ് ഉനക്കോട്ടിയിലെ ശില്പങ്ങൾ. ത്രിപുരയുടെ ഗോത്ര ദേവന്മാരിൽ ശിവനാണ് പ്രാധാന്യം. കൈലാസനാഥനായ ശിവനുമായി ബന്ധപ്പെടുത്തി ഉനക്കോട്ടിക്ക് ഐതിഹ്യമുണ്ട്. ശിവനും പരിവാരങ്ങളും ഉൾപ്പെടെ ഒരു കോടി ദേവീദേവന്മാർ കൈലാസ യാത്രയ്ക്കിടെ ഉനക്കോട്ടിയിൽ വിശ്രമിച്ചു. പിറ്റേന്നു പുലർച്ചയ്ക്കു യാത്ര തുടരണമെന്നുള്ള ശിവന്റെ നിർദേശം ഓർക്കാതെ ബാക്കിയുള്ളവർ പുലർകാലത്ത് സുഖമായി ഉറങ്ങി. സൂര്യോദയത്തിനു മുൻപ് യാത്രയ്ക്കൊരുങ്ങിയ ശിവൻ ഇതു കണ്ട് കോപാകുലനായി. ഉറങ്ങിക്കിടന്നവർ ‘പാറയായി’ തീരട്ടെ എന്നു ശപിച്ച് അദ്ദേഹം ഒറ്റയ്ക്ക് യാത്ര തുടർന്നു. ഒരു കോടിയിൽ ശിവനൊഴികെ ബാക്കിയെല്ലാവരും മലഞ്ചെരിവിൽ ശിൽപങ്ങളായി മാറി.
കല്ലു കുമാർ എന്ന ശിൽപിയുടേതാണ് മറ്റൊരു കഥ. പാർവതിയുടെ നിർദേശ പ്രകാരം ഒരു രാത്രികൊണ്ട് ഒരു കോടി ശിൽപങ്ങൾ നിർമിക്കാനിറങ്ങിയ ശിവഭക്തനായിരുന്നു കല്ലു. ശിവനും പാർവ്വതിക്കുമൊപ്പം കൈലാസം സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഒരു രാത്രിക്കുള്ളിൽ ഒരു കോടി ശിൽപങ്ങൾ നിർമിച്ചാൽ കൈലാസത്തിലേക്ക് കൊണ്ടുപോകാമെന്നു പാർവതി വാക്കു നൽകി. പക്ഷേ, കല്ലു കുമാർ അവസാനത്തെ ശിൽപം പൂർത്തിയാകുന്നതിനു മുൻപ് സൂര്യനുദിച്ചു. കഥകൾ ഇങ്ങനെ പലവിധം ഉണ്ടെങ്കിലും ഇപ്പോൾ ഉനക്കോട്ടിയിൽ ഒരു കോടി ശിൽപങ്ങൾ ഇല്ല. വിഘ്നേശ്വരൻ, ദുർഗ, കാലഭൈരവൻ, നന്ദി എന്നിങ്ങനെ ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കുറേ ശിൽപങ്ങൾ അവിടെ കണ്ടു.

അഗർത്തലയിൽ നിന്നു മൂന്നു മണിക്കൂർ സഞ്ചരിച്ചാണ് ഉനക്കോട്ടിയിൽ എത്തിയത്. ഗോവിന്ദ നഗർ, കുമാർഘട്ട് എന്നിവയാണ് ഉനക്കോട്ടിയുടെ സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. കുമാർഘട്ടിലുള്ള ‘കൽപതരു’ ലോഡ്ജിലാണു മുറിയെടുത്തത്. പിറ്റേന്നു രാവിലെ ഉനക്കോട്ടിയിലേക്ക് പുറപ്പെട്ടു. ഷെയർ ടാക്സിയും ഷെയർ ഓട്ടോയും ഈ പാതയിൽ സർവീസ് നടത്തുന്നുണ്ട്. ഐതിഹ്യത്തിലെ ദേവന്മാർക്കു സംഭവിച്ചതു പോലെ ദുരന്തം ഉണ്ടാകാതിരിക്കാൻ അതിരാവിലെ എഴുന്നേറ്റു. പക്ഷേ, ഓട്ടോറിക്ഷാ ഡ്രൈവർ ചതിച്ചു! എല്ലാ സീറ്റിലും യാത്രക്കാർ എത്തിയ ശേഷമാണ് വാഹനം പുറപ്പെട്ടത്. ഉടനെ പോകണമെന്നു നിർബന്ധമെങ്കിൽ മൊത്തം യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന തുക അത്യാവശ്യക്കാരൻ നൽകണം. ഗോവിന്ദ നഗറിൽ നിന്നു പുറപ്പെട്ട് ഉനക്കോട്ടിയിൽ ഇറങ്ങി. മെയിൻ റോഡിൽ നിന്ന് രണ്ടു കിലോമീറ്റർ കാട്ടിലൂടെ നടന്നു. ‘ഒറ്റയടിപ്പാതയിലൂടെ പോകരുത്’ അവിടത്തുകാരൻ ഓർമിപ്പിച്ചു. ഇതരസംസ്ഥാനക്കാർ കൊള്ളയടിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഭാഗ്യപരീക്ഷണത്തിനു താൽപര്യമില്ലാത്തതിനാൽ ആ വാക്ക് അനുസരിച്ചു.
ആദ്യം ഒരു കുന്നിൻചെരിവിലാണ് എത്തിയത്. അവിടെയൊരു ക്ഷേത്രമുണ്ട്. അതിനോട് ചേർന്നാണ് കൊത്തുപണികളുള്ള മലഞ്ചെരിവ്. കൊത്തുപണികളുടെ മധ്യത്തിലാണ് ഉനക്കോടീശ്വരന്റെ ശിൽപം. ഉനക്കോടീശ്വരന്റെ ഇരുവശങ്ങളിലായി ദുർഗയും മറ്റൊരു സ്ത്രീശിൽപവുമുണ്ട്. അവയോടു ചേർന്നു മറ്റു ശിൽപങ്ങൾ നിൽക്കുന്നു. വലിയ കരിങ്കൽ ‘റിലീഫുകൾ’ ഗോത്രയുഗം ഓർമിപ്പിക്കുന്നു. അകലേയ്ക്കു മാറി നിന്നുള്ള കാഴ്ചയാണ് ആസ്വാദനത്തിനു നല്ലത്. ഒമ്പതാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ ഉണ്ടായിരുന്ന മെസോ അമേരിക്കൻ ടോൾടെക് ശില്പങ്ങളുമായി ഉനക്കോട്ടിയിലെ സൃഷ്ടികൾക്ക് സാദൃശ്യമുണ്ടത്രേ.
ഉനക്കോട്ടിയിൽ ചിതറിക്കിടന്ന കരിങ്കൽ ശിൽപങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ഥലം മനോഹരമാണ്. അവിടെയൊരു അരുവിയുണ്ട്. മഴക്കാലത്ത് അതു വെള്ളച്ചാട്ടമാകും. അതിനു സമീപത്തുകൂടി മുകളിലേക്ക് നടന്നാൽ ക്ഷേത്രാവശിഷ്ടങ്ങൾ കാണാം. മ്യൂസിയമെന്നു വിശേഷിപ്പിക്കാവുന്ന വിധം പഴമയുടെ ശേഷിപ്പുകൾ ഇവിടെയുണ്ട്. ചതുർമുഖ ലിംഗം, കല്യാണസുന്ദര മൂർത്തി, വിഷ്ണു, ഹര ഗൗരി, ഹരിഹര, നരസിംഹം, ഗണപതി, ഹനുമാൻ എന്നിവ മികച്ച ശിൽപങ്ങളാണ്. വീണ്ടും മുകളിലേക്കു നടന്നപ്പോൾ ശിവലിംഗ ശിൽപം കണ്ടു. തൊട്ടടുത്തായി മൂന്നു മുഖങ്ങളുള്ള ശിവന്റെ പ്രതിമയുമുണ്ട്. തപസ് ചെയ്യുന്ന ഗംഗയും പാർവതിയും, കിരാതനും പത്നിയുമായി ശിവപാർവതിമാർ, വിഷ്ണു, മെലിഞ്ഞ രൂപമുള്ള ഗണപതി എന്നിവയാണ് പ്രധാന ശിൽപങ്ങളെന്ന് അവിടെ എഴുതിവച്ചിട്ടുണ്ട്. അതു വായിച്ചു നിന്നപ്പോൾ സ്കൂളിൽ നിന്നെത്തിയ വിനോദയാത്രാ സംഘം അവിടേക്ക് ഇരച്ചെത്തി. അവരോടു യാത്ര പറഞ്ഞ് ആ സ്ഥലത്തു നിന്നു മടങ്ങി. പിന്നീട് ഉദയ്പുരിലേക്കാണു പോയത്. മാണിക്യ രാജവംശത്തിന്റെ തലസ്ഥാനമാണ് ഉദയ്പുർ. ത്രിപുര സുന്ദരി ക്ഷേത്രവും ഗോമതി നദിയുമാണ് ഉദയ്പൂരിലെ ആകർഷണങ്ങൾ.
ഇന്ത്യയുടെ ആമസോൺ കാട്

ഉദയ്പൂരിനു സമീപം മഹാറാണി എന്ന സ്ഥലത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഓഫിസുണ്ട്. അതിനടുത്തു കൂടി ഗോമതി നദി ഒഴുകുന്നു. ഉദയ്പൂരിൽ നിന്ന് മുപ്പത് കിലോമീറ്റർ യാത്ര ചെയ്താണ് അവിടെ എത്തിയത്. മഹാറാണി കടവിൽ നിന്ന് ചബിമുറെയിലേക്കു തോണി കിട്ടി. ചബിമുറെയിൽ കാടിനു നടുവിലൂടെ നിശബ്ദമായി ഒഴുകുന്നു ഗോമതി നദി. നദീതീരത്തു പാറക്കെട്ടുകളാണ്. ഉനക്കോട്ടിയിലേതു പോലെ അവയിൽ കൊത്തുപണികളുണ്ട്. പ്രധാന ശിൽപം മഹിഷാസുര മർദ്ദിനിയുടെതാണ്. മഹിഷാസുരനെ മർദിക്കുന്ന ദുർഗയുടെ ശിൽപത്തിന് പതിനൊന്ന് മീറ്റർ ഉയരമുണ്ട്. ചബിമുറെയുടെ ചരിത്രത്തിലെ നല്ലകാലം പതിനഞ്ചാം നൂറ്റാണ്ടാണ്. ചിച്ചിംഗ് ഫാ രാജാവിന്റെ മുത്തച്ഛന്റെ ഭരണകാലത്താണ് ശിൽപങ്ങൾ നിർമിച്ചതെന്നു കരുതപ്പെടുന്നു. രാജാവിന്റെ സ്ഥാനപ്പേരാണത്രേ ‘ഫാ’. വിഷ്ണു, ശിവൻ, കാർത്തിക, വിഘ്നേശ്വരൻ, ദുർഗ എന്നിങ്ങനെ പഞ്ചദേവന്മാരുടെ ശിൽപങ്ങൾ ഇവിടെയുണ്ട്. നൃത്തം ചെയ്യുന്ന രൂപത്തിലുള്ള 37 സ്ത്രീ –പുരുഷന്മാരുടെ ശിൽപങ്ങളാണ് മറ്റൊരു കാഴ്ച. ശിൽപങ്ങൾ കാണാൻ ട്രക്കിങ് പാതയുണ്ട്. എങ്കിലും ഗോമതി നദിയിലെ തോണിയാത്രയാണ് സന്ദർശകർ തിരഞ്ഞെടുക്കുന്നത്. ജലസവാരിയിൽ നദീതീരത്തെ ശിൽപങ്ങൾ ആസ്വദിക്കാം.

ശിൽപങ്ങൾ കാണാനായി ഡ്രൈവർ ബോട്ടിന്റെ വേഗം കുറച്ചു. അന്നത്തെ ആദ്യ യാത്രക്കാരനായിരുന്നു ഞാൻ. പന്ത്രണ്ട് പേർക്ക് കയറാവുന്ന ബോട്ടിൽ ഒരാൾ മാത്രം. കാടിന്റെ നിശബ്ദതയും കാറ്റും രസകരമായി ആസ്വദിച്ചു. ഒരു ഗുഹയ്ക്കു സമീപത്ത് ബോട്ട് നിർത്തി. ഗുഹയിലെത്താൻ അരുവിയിലൂടെ കുറച്ചു ദൂരം നടന്നു. പാറയിടുക്കിൽ കയറിപ്പറ്റാൻ കഷ്ടപ്പെടുന്നതു കണ്ട് ബോട്ട് ഡ്രൈവർ സഹായിച്ചു. ‘‘ചിച്ചിംഗ്ഫാ രാജാവിന്റെ നിധിയുണ്ട്. പേടകങ്ങൾക്ക് സർപ്പങ്ങൾ കാവൽ നിൽക്കുന്നു’’ ഗുഹയുടെ മുന്നിലെത്തിയപ്പോൾ അദ്ദേഹം മുന്നറിയിപ്പു നൽകി. ഗുഹയ്ക്ക് രണ്ടു മുഖങ്ങളുണ്ട്. അൽപ ദൂരം അകത്തേക്കു കയറി. ഗുഹ മുഴുവനായും കണ്ടവർ ആരുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തണുത്ത കാറ്റ്. നിശബ്ദമായി ഒഴുകുന്ന നദി. കാട്ടരുവികളുടെ ശബ്ദം.... കഥകൾ മാറ്റി നിർത്തിയാൽ ആ സ്ഥലം ആഫ്രിക്കയിലെ ആമസോൺ വനം പോലെയാണ്. സിനിമാ രംഗങ്ങളിലേതു പോലെ മനോഹരമായിരുന്നു ചബിമുറെയിലെ ഗോമതിയാത്ര.
വെള്ളത്തിൽ മുങ്ങുന്ന കൊട്ടാരം

തടാക മധ്യത്തിൽ നിലകൊള്ളുന്ന രണ്ടു കൊട്ടാരങ്ങളാണ് ഇന്ത്യയിലുള്ളത്. ആദ്യത്തെത് രാജസ്ഥാനിലെ ജൽ മഹൽ. രണ്ടാമത്തേത് ത്രിപുരയിലെ നീർ മഹൽ. വലുപ്പം നോക്കിയാൽ നീർമഹലിനാണ് ഒന്നാം സ്ഥാനം. മാണിക്യരാജവംശമാണ് കൊട്ടാരം നിർമിച്ചത്. അഞ്ഞൂറ് വർഷം തുടർച്ചയായി ത്രിപുര ഭരിച്ചതു മാണിക്യ രാജാക്കന്മാരായിരുന്നു. മാണിക്യരിലെ അവസാന രാജാവായിരുന്ന ബീർ ബിക്രം കിഷോർ മാണിക്യ ദെബർമനാണ് രുദ്ര സാഗർ തടാക മധ്യത്തിൽ വേനൽക്കാല വസതിയായി കൊട്ടാരം നിർമിച്ചത്. ബ്രിട്ടിഷ് കമ്പനിയായ മാർട്ടിൻ ആൻഡ് ബേൺസാണത്രേ ഒൻപതു വർഷത്തെ അധ്വാനത്തിനൊടുവിൽ രാജാവനു വേണ്ടി കൊട്ടാരം നിർമാണം പൂർത്തിയാക്കിയത്. ഉദയപൂരിൽ നിന്ന് 23 കിലോമീറ്റർ അകലെ മെലാഘർ ഗ്രാമത്തിലാണ് കൊട്ടാരം നിലകൊള്ളുന്നത്. ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ ഇവിടെ ജലോത്സവം നടത്താറുണ്ട്. ഈ സമയത്ത് ദീപാലങ്കാര പ്രഭയിൽ കൊട്ടാരം തിളങ്ങുന്നു. കൊട്ടാരത്തിനു മുന്നിലേക്ക് ബോട്ട് സർവീസുണ്ട്. തടാകം നിറയെ പക്ഷികളും താറാവുകളും നീന്തുന്നുണ്ടായിരുന്നു. ബോട്ട് പുറപ്പെട്ട് അൽപനേരം കഴിഞ്ഞപ്പോഴേക്കും ബിക്രമാണിക്യന്റെ കൊട്ടാരം അകലെ തെളിഞ്ഞു.
ഇരുനില കൊട്ടാരമാണ് നീർമഹൽ. കൊട്ടാരത്തിൽ ഇരുപത്തിനാലു മുറികളാണുള്ളത്. ടെറസിലേയ്ക്കും തടാകത്തിന്റെ തീരത്തേക്കും പോകാൻ സ്പൈറൽ സ്റ്റെയർകേസുണ്ട്. രാജാവിന്റെയും റാണിയുടേയും മുറികളാണ് അന്തർമഹൽ. മറ്റൊരു ഭാഗം സൈനികർ, ജോലിക്കാർ എന്നിവർക്കായി മാറ്റി വച്ചിരിക്കുന്നു. നൃത്ത മണ്ഡപങ്ങൾ, ഓപ്പൺ എയർ തിയേറ്റർ, വാച്ച് ടവർ, അടുക്കള, ഭക്ഷണശാല എന്നിവ വിസ്താരമുള്ളതാണ്. തടാകത്തിന്റെ സാമീപ്യമാണ് കൊട്ടാരത്തിന്റെ അഴക്. മഴക്കാലത്ത് കൊട്ടാരത്തിന്റെ ചുമരിലേക്കു വെള്ളം കയറും. വെള്ളം കുറയുമ്പോൾ കൊട്ടാരത്തിലേക്കു വഴി തെഴിയും. ഇരുചക്ര വാഹനങ്ങളിൽ കൊട്ടാരത്തിലെത്താം.
‘ത്രിപുരയുടെ കാമാഖ്യ’ എന്നറിയപ്പെടുന്ന ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് നീർമഹൽ കാണാൻ പോയത്. കടന്നു പോയ വഴികളിൽ പരിചയപ്പെട്ടവരോട് കേരളത്തിൽ നിന്നുള്ള സന്ദർശകരെക്കുറിച്ച് അന്വേഷിച്ചു. ‘‘ദക്ഷിണേന്ത്യയിൽ നിന്ന് അതിഥികൾ കുറവാണ്. 1990ൽ ആരംഭിച്ച് ഇരുപത്തിരണ്ടു വർഷം നീണ്ടുനിന്ന കലാപങ്ങളും ഒളിപ്പോരുകളും അക്രമ സംഭവങ്ങളും പതിവായപ്പോൾ നാടിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെട്ടു’’ ത്രിപുരയിൽ നിന്നു വിനോദസഞ്ചാരികൾ അകന്നതിന്റെ കാരണങ്ങൾ അവിടത്തുകാരിലൊരാൾ ചൂണ്ടിക്കാട്ടി. ‘‘ഇപ്പോൾ ഞങ്ങളുടെ നാട് ശാന്തമാണ്. ഇവിടെ മനോഹരമായ സ്ഥലങ്ങളുണ്ട്. നിങ്ങളുടെ നാട്ടിലുള്ളവരോടു പറയണം’’ ചബിമുറെയിൽ വച്ചു പരിചയപ്പെട്ട ബോട്ട് ഡ്രൈവർ അഭ്യർഥിച്ചു.