Thursday 24 February 2022 01:12 PM IST

യുദ്ധസൈറൺ മുഴങ്ങി: യുക്രെയിനിലെ ജനങ്ങൾ രഹസ്യ അറയിൽ ഒളിക്കുമ്പോൾ...

Baiju Govind

Sub Editor Manorama Traveller

ukraine-country-in-europe-war-tourism-cover

ഇന്നു രാവിലെ ലോകം ഉറക്കമുണർന്നത് യുദ്ധഭീഷണിയുടെ സൈറൺ കേട്ടുകൊണ്ടാണ്. യുക്രെയിനു ചുറ്റും സായുധ സൈന്യത്തെ വിന്യസിച്ച് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു റഷ്യ. യുക്രെയിനിൽ രണ്ടിടങ്ങളിൽ സ്ഫോടനമുണ്ടായി. യുക്രെയിനിലെ വിമാനത്താവളത്തിൽ നിന്നു പുക ഉയർന്നു. കീവ് നഗരത്തിലുള്ളവർ ഭൂമിക്കടിയിലെ രക്ഷാമുറികളിലേക്ക് മാറണമെന്ന് യുക്രെയിൻ ഭരണകൂടം പൗരന്മാർക്കു നിർദേശം നൽകി.

യുക്രെയിൻ റഷ്യയുടെ അധികാരത്തിൽ വരണമെന്നുള്ള വ്ളാദിമിർ പുടിന്റെ ആവശ്യത്തിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും. യുദ്ധവുമായി മുന്നോട്ടു നീങ്ങിയാൽ റഷ്യയെ സാമ്പത്തികമായി ഉപരോധിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നൽകിയിരുന്നു. ഇടഞ്ഞു നിൽക്കുന്ന യൂറോപ്പ് അമേരിക്കയുടെ പക്ഷം ചേരും. അതോടെ, രാജ്യാന്തരതലത്തിൽ ബാങ്കുകളിൽ നിന്നു ബാങ്കുകളിലേക്കുള്ള ‘സ്വിഫ്ട്’ സാമ്പത്തിക വിനിമയത്തിൽ നിന്നു റഷ്യ പുറത്താകും. ഒരുപക്ഷേ, വ്ളാദിമിർ പുടിന്റെ സ്വകാര്യ സ്വത്തുക്കൾ പോലും രാജ്യാന്തര തലത്തിൽ വിനിയോഗിക്കാൻ ആകാത്ത വിധം ഫ്രീസ് ചെയ്യപ്പെട്ടേക്കാം. റഷ്യയുടെ എല്ലാ ഇ–പേമെന്റ് ഇടപാടുകളും ഓട്ടമാറ്റിക്കായി റദ്ദു ചെയ്യപ്പെടും. റഷ്യയുടെ കറൻസിയായ റൂബിളിന്റെ മൂല്യം ഇടിഞ്ഞു താഴുമ്പോൾ അമേരിക്കൻ ഡോളറിന്റെ മൂല്യം ഇരട്ടിയാകും. ഇന്ധന വില ബാരലിനു കണക്കിട്ട് ഇരട്ടിയായി കുതിച്ചുയരും. ഇന്ത്യയിൽ പെട്രോൾ വില 125 രൂപയിൽ എത്തുന്ന സാഹചര്യം ഉണ്ടാകാൻ ഇടയുണ്ട്. 2008ലേതു പോലെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണ്ടും കൂപ്പുകുത്താനുള്ള സാധ്യതകളും േസ്റ്റാക് മാർക്കറ്റ് വിദഗ്ധർ പ്രവചിച്ചു.

മിസൈൽ മുന്നറിയിപ്പിന്റെ സൈറൺ മുഴങ്ങുന്ന ശബ്ദം രാജ്യാന്തര ന്യൂസ് ചാനലുകൾ സംപ്രേഷണം ചെയ്തു. ലോകത്തെ മറ്റൊരു യുദ്ധത്തിലേക്കു തള്ളിവിടരുതെന്ന് ലോകരാജ്യങ്ങൾ മുന്നറിയിപ്പു നൽകിയെങ്കിലും അതു ഫലം കണ്ടില്ല.

രണ്ടു ലോകയുദ്ധങ്ങളുടെ ദുരിതം കറുത്ത അധ്യായമായി മനുഷ്യരാശിക്കു മുന്നിലുണ്ട്. കല്ലിനു മുകളിൽ കല്ലു ശേഷിക്കാതെ തകർത്തെറിയപ്പെട്ട അവസ്ഥയിൽ നിന്ന് ഇന്നും പൂർവസ്ഥിതിയിൽ എത്താൻ കഴിയാത്ത രാജ്യങ്ങളും നമുക്കു മുന്നിലുണ്ട്. യുദ്ധങ്ങൾ എക്കാലത്തും നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. അതിമനോഹരമായ രാജ്യമാണു യുക്രെയിൻ. വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട രാജ്യം. മനോരമ ട്രാവലറിൽ പ്രസിദ്ധീകരിച്ച ഹരികൃഷ്ണൻ കേളോത്ത് എഴുതിയ യുക്രെയിൻ യാത്രാ വിവരണം:

മോഹിപ്പിക്കുന്ന കീവ് നഗരം

ukraine-country-in-europe-tourism-harikrishnan-kolothu

കീവ് നഗരത്തിന്റെ മോഹിപ്പിക്കുന്ന രാത്രികളെ കുറിച്ച് കേട്ടിട്ടുണ്ടാകും. കീവിൽ ഇറങ്ങി ട്രെയിൻ കയറി യാറംചേയിൽ എത്താം. കീവിൽ നിന്ന് ഇവനോ ഫ്രാങ്ക്വിസ്കി. അവിടെ നിന്നു യാറംചേ. ബസുകൾ മാറി കയറി 10 മണിക്കൂർ യാത്ര. റിനിയയാണ് (hryvnia) ഉക്രെയിൻ കറൻസി. റിനിയ കയ്യിൽ കിട്ടിയ ഉടനെ മൊബൈൽ ഫോണിനു സിം കാർഡ് വാങ്ങി. 3 മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ്, 100 കോൾ. ഓഫർ കണ്ടപ്പോൾ ജിയോ സിം ഓർത്തു.

10 .30 ന് കീവ് എയർപോർട്ടിൽ ഇറങ്ങിയ ഞങ്ങൾ ഇടപാടുകൾ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ ഒരു മണി. ഹോട്ടലുകാർ ഏർപ്പാടാക്കിയ കാർ ഞങ്ങളെ കാണാതെ മടങ്ങി പോയി. ടാക്സി വിളിക്കേണ്ടി വന്നു. ഡ്രൈവർക്ക് എബിസിഡി പോലും അറിയില്ല. ഹോട്ടലിന്റെ റിസപ്ഷനിൽ വിളിച്ച് ഡ്രൈവറുടെ കയ്യിൽ ഫോൺ കൊടുത്തു. വെളുക്കെ ചിരിച്ച് ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു.

ഹോട്ടലിന്റെ പേര് ടൈപ്പ് ചെയ്ത് ഗൂഗിൾ മാപ്പ് ഓൺ ആക്കി. എങ്ങാനും വഴി തെറ്റിയാലോ എന്നൊരു പേടി. എന്തായാലും അങ്ങനെയൊന്നും സംഭവിച്ചില്ല. ഇരുപതു മിനിറ്റിനുള്ളിൽ ഹോട്ടലിന്റെ മുറ്റത്ത് എത്തി. സുന്ദരികളായ ഉക്രൈൻ പെൺകൊടികൾ സ്വാഗതം ചെയ്തു, മനസ്സു നിറഞ്ഞു. റസ്റ്ററന്റിലേക്കായിരുന്നു ആദ്യ പദയാത്ര. പാസ്ത കഴിച്ചപ്പോൾ വയറും നിറഞ്ഞു.

പുലർച്ചെ എണീറ്റ് റൂമിൽ നിന്നുകൊണ്ട് സൂര്യോദയം കണ്ടു. ഗൂഗിൾ ട്രിപ്പ് എടുത്തു സ്ഥലങ്ങൾ ഓഫ്‌ലൈൻ ആക്കി. യൂബർ വിളിച്ച് kiev pechersk lavra യിലേക്കു തിരിച്ചു. ഉക്രൈനിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് ഈ ആരാധനാലയം. ആയിരം വർഷങ്ങൾ പഴക്കമുള്ള ഭൂഗർഭ കല്ലറകളാണ് പള്ളിയുടെ പ്രത്യേകത. റഷ്യയുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ച പട്ടാളക്കാരുടെ കല്ലറയാണത്രെ അത്. കല്ലറ കാണാൻ ഭൂമിക്കടിയിൽ ഇടുങ്ങിയ വഴിയിലൂടെ നടക്കണം. കല്ലറ കാണാൻ പോകുന്നവർ അവിടെ നിന്നു തരുന്ന വസ്ത്രം ധരിക്കണം. ആണുങ്ങൾക്ക് പാന്റ്, പെണ്ണുങ്ങൾക്ക് പാവാട. മെഴുകുതിരിയുടെ വെളിച്ചത്തിൽ കല്ലറ കണ്ട് മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങി.

ukraine-country-in-europe-tourism

തൊട്ടടുത്ത സ്പോട്ട് ഗൂഗിളിൽ തിരഞ്ഞു. ലവ് ലോക്ക് ബ്രിഡ്ജ് – അതാണ് അടുത്ത ഡെസ്റ്റിനേഷൻ. അങ്ങോട്ടു നടക്കുന്നതിനിടെ ഒരു പാർക്ക് കണ്ടു – Park of Eternal Glory. അവിടെയൊന്നു കയറി. അതിനു ശേഷം The memory candleൽ കയറി.  ഉക്രൈനിലെ ക്ഷാമത്തിന്റെ സ്‌മാരകം മനസ്സിൽ വേദന പടർത്തി. പട്ടിണി കിടന്നു മരിച്ചവരുടെ ഓർമയ്ക്കായി ഒരു കൂടീരം നിർമിക്കേണ്ടി വന്നു ആ രാഷ്ട്രത്തിന്. സ്മാരകത്തിനു താഴെ ഹാൾ ഉണ്ട്‌ – The Memory Hall. ദാരുണാന്ത്യം നേരിട്ടവർക്കു വേണ്ടി പ്രാർഥിക്കാനും മെഴുകുതിരി കത്തിക്കാനുമുള്ള സ്ഥലം. ക്ഷാമത്തെ കുറിച്ച്‌ വിശീദകരിക്കുന്ന വിഡിയോ പ്രദർശനമുണ്ട്. അക്കാലത്ത് ഉപയോഗിച്ചിരുന്ന സാധനങ്ങളും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ക്ഷാമം ബാധിച്ച ഗ്രാമങ്ങളുടേയും സിറ്റികളുടേയും പേര് ഒരു ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നൈപ്പർ നദി

മനസ്സിനെ മരവിപ്പിച്ച കാഴ്ചകളിൽ നിന്നു പുറത്തിറങ്ങി. നൈപ്പർ നദിക്കു കുറുകെയുള്ള പാലവും കപ്പലിന്റെ ആകൃതിയിൽ നദിക്കരയിൽ നിർമിച്ചിട്ടുള്ള ഹോട്ടലും കണ്ടു. ചീറിപ്പായുന്ന ട്രെയിനും മരക്കൂട്ടവും കാഴ്ചയ്ക്ക് ഭംഗി വർധിപ്പിച്ചു. ഇനി പോകാനുള്ള സ്മാരകമാണ് The Grave of the Unknown Soldier. യുദ്ധത്തിൽ കൊല്ലപ്പെട്ട, ആരെന്നു പോലും അറിയാത്തവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത സ്ഥലം. ഉദ്ദേശം ഇരുപത്തേഴു മീറ്റർ ഉയരമുള്ള സ്മാരകത്തിനു താഴെ കെടാവിളക്ക് തെളിച്ചിട്ടുണ്ട്.

ലവ് ലോക്ക് പാലം എവിടെയാണെന്ന് അന്വേഷിച്ചു. പാലം ഏതാണ്ട്‌ അടുത്തായി എന്ന് ഗൂഗിൾ മാപ്പ് കാണിച്ചു. ക്കുന്നു. കുറച്ചു കറങ്ങി നോക്കിയെങ്കിലും അവിടെയെങ്ങും അങ്ങനെയൊരു പാലം കണ്ടില്ല. പകരം നമ്മുടെ നാട്ടിലെ റബ്ബർ തോട്ടത്തിനെ അനുസ്മരിക്കുന്ന രീതിയിൽ മരങ്ങൾ വളരുന്ന തോട്ടം കണ്ടു. അതിനപ്പുറത്തൊരു അഡ്വഞ്ചർ പാർക്കാണ്. വലിയ േസ്റ്റഡിയം. കുറേ കസേരകൾക്കു നടുവിൽ ഒരു വേദി. കയറിൽ നടന്ന് അഭ്യാസം കാണിക്കുന്ന നാടോടികളെ പോലെ കുറച്ചു കുട്ടികൾ അഭ്യാസ പ്രകടനം നടത്തി. വേറൊരു സ്ഥലത്ത് കുറച്ചു പേരുടെ വക സൈക്കിൾ സ്റ്റണ്ട്. നടത്തുന്നു. അവർ ഞങ്ങളെ സന്തോഷത്തോടെ അതു കാണാൻ ക്ഷണിച്ചു.

വയറ്റിൽ വിശപ്പിന്റെ സൈറൺ മുഴങ്ങി. ഒരു ഷോപ്പിങ് മാളിനു മുന്നിലെത്തി. മുഴുവൻ സീറ്റും ബുക്ക്ഡ് ആണെന്ന് സെക്യൂരിറ്റിക്കാരൻ തടസ്സം പറഞ്ഞു. ടോയ്‌ലെറ്റിൽ പോകണമെന്നു പറഞ്ഞ് ഞങ്ങൾ അകത്തു കയറി. അതൊരു പബ്ബായിരുന്നു. ഇരുട്ടു മൂടിയ ഇടുങ്ങിയ വരാന്തയിലൂടെ ഞങ്ങൾ നടന്നു. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും രൂപമുള്ള പ്രതിമകൾ നിരത്തിയ നിഗൂഢമായ വരാന്തയിലൂടെ ഞങ്ങൾ നടന്നിറങ്ങി. വേറൊരു റസ്റ്ററന്റിൽ കയറി ഭക്ഷണം കഴിച്ചു. പിന്നീട് ഞങ്ങൾ People's Friendship Arch കാണാൻ പോയി.  സോവിയറ്റ് യൂണിയന്റെ അറുപതാം വാർഷിക സ്മാരകമാണിത്. മഴവില്ലിന്റെ ആകൃതിയിൽ കവാടവും രണ്ടു പ്രതിമകളും അവിടെയുണ്ട്. ഉക്രെയിനിലെ മൊത്തം കമിതാക്കൾ സല്ലാപിക്കാൻ ആ സ്ഥലമാണു തിരഞ്ഞെടുക്കുന്നതെന്നു തോന്നി.

2014ലെ യുദ്ധത്തിൽ കത്തി നശിച്ച സ്ഥലത്തു കൂടി ഞങ്ങൾ മുന്നോട്ടു നീങ്ങി. Maidan Nezalezhnosti അല്ലെങ്കിൽ Independence Square എന്നാണ് അവിടം അറിയപ്പെടുന്നത്. അവിടെ മൂന്നു സ്മാരകങ്ങളുണ്ട്. independance monument, Founders of kyiv, Lach Gate. റോഡിനും സ്ക്വയറിനും  താഴെ ഭൂഗർഭ സമുച്ചയം globus shopping മാളാണ്. അതിന്റെ സമീപത്താണ് kiev metro. നഗരക്കാഴ്ചകൾ അവസാനിപ്പിച്ച് ബസ് േസ്റ്റഷനിൽ എത്തി. യൂബർ വിളിച്ച് വണ്ടി വരാൻ കാത്തിരുന്നു. മഴച്ചാറ്റൽ തുടങ്ങിയപ്പോൾ ആശങ്ക തോന്നി. അപ്പോഴേക്കും യൂബർ ഡ്രൈവറുടെ വിളി വന്നു. അദ്ദേഹം ഉക്രെയിൻ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു, ഞാൻ ഇംഗ്ലിഷിലും. ഫോൺ കട്ട് ചെയ്ത് അവൻ മെസ്സേജ് അയച്ചു ‘where’. ഞാൻ ട്രാൻസ്ലേറ്റർ എടുത്തു. അടുത്തു കണ്ട ഒരു കടയുടെ പേര് ഉക്രൈൻ ഭാഷയിൽ മെസേജ് ചെയ്തു. അവൻ വിചാരിച്ചു കാണും എനിക്ക്‌ ഉക്രെയിൻ ഭാഷ അറിയാമെന്ന്. ചെങ്ങായി വീണ്ടും വിളിച്ചു. പരസ്പര ബന്ധമില്ലാതെ ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞാൻ അയച്ചു കൊടുത്ത കടയുടെ പേര് അവൻ പറഞ്ഞതു കേട്ടപ്പോൾ ഫോൺ കട്ടായി. അഞ്ചു മിനിറ്റിനുള്ളിൽ അയാൾ കാറുമായി ഞങ്ങളുടെ അടുത്തെത്തി.

ukraine-country-in-europe-tourism-snow

നേരത്തെ ബുക്ക് ചെയ്ത ബസ് ടിക്കറ്റിലെ അഡ്രസ് നോക്കി ഒരു സ്ഥലം പറഞ്ഞു. പക്ഷേ ചെന്നിറങ്ങിയ സ്ഥലം മാറി. നേരം ഇരുട്ടി. മഴ പെയ്യുന്നുണ്ട്. ഉടൻ തന്നെ ബസ് േസ്റ്റാപ്പിലേക്കു കയറി. ബസ് വന്നു. നേരത്തേ കണ്ട ആളുകളെ പോലെ തന്നെ, ഡ്രൈവർക്ക് ഇംഗ്ലീഷ് അറിയില്ല. ബസിൽ നിന്ന് ഇറങ്ങാൻ നോക്കുമ്പോൾ മാലാഖ പോലൊരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു. അവളുടെ മൊബൈൽ ഫോണിൽ ഞാൻ പറയുന്ന ഇംഗ്ലിഷ് മൊഴിമാറ്റം ചെയ്തു. ഞാൻ എന്റെ ഫോണിൽ ടൈപ്പ് ചെയ്ത് ഫോൺ അവൾക്കു നേരേ നീട്ടുന്നു. അവൾ അവളുടെ ഫോൺ എനിക്കു തരുന്നു. ആളുകൾ അതുകണ്ട് അന്തം വിട്ടിരിക്കുന്നു. ആ ബസിൽ തന്നെ ഇരിക്കാൻ അവൾ പറഞ്ഞു. ബസ് മുന്നോട്ട് നീങ്ങി.

സിറ്റി ബസ് എല്ലാ േസ്റ്റാപ്പുകളിലും നിർത്തിയാണ് നീങ്ങിയത്. ജോലി കഴിഞ്ഞു മടങ്ങുന്നവർ കേറി ഇറങ്ങി. ടിക്കറ്റില്ല, കാർഡില്ല. കയറുന്നവർ പൈസ മടക്കി ചുരുട്ടി ഗീയർ ബോക്സിന്റെ മുകളിലേക്ക് എറിയുന്നു. ഡ്രൈവർ സമയം കിട്ടുമ്പോൾ പെറുക്കി കൂട്ടി കീശയിലിടുന്നു. േഡറ്റ കേബിൾ 3ജിയിൽ നിന്നു മുന്നേറിയിട്ടില്ലാത്ത രാജ്യത്ത് ഇതിനപ്പുറം പ്രതീക്ഷിച്ചത് എന്റെ കുഴപ്പം.

േസ്റ്റാപ്പ് എത്തിയെന്ന് അവൾ മൊബൈലിൽ എഴുതി കാണിച്ചു, മറുപടിയായി നന്ദി എഴുതി കാണിച്ച് ഞങ്ങൾ ഇറങ്ങി.

മഴയിൽ നനഞ്ഞ് ബസ് േസ്റ്റഷനിൽ ഓടിക്കയറി. ടിക്കറ്റ് പ്രിന്റ് ചെയ്തു കിട്ടാനായി ക്യൂവിൽ നിന്നു. കൗണ്ടറിൽ ഇരുന്ന ജോലിക്കാരി മുറുമുറുപ്പോടെ ടിക്കറ്റ് പ്രിന്റ് ചെയ്തു തന്നു. യാത്രക്കാരെ പരമാവധി വെറുപ്പിക്കുന്ന നമ്മുടെ നാട്ടിലെ ചില ബസ് ജീവനക്കാരെ ഓർമ വന്നു. ചെര്നോട്സ്കി എന്ന സ്ഥലത്തേക്കാണ് ഞങ്ങൾ ടിക്കറ്റ് എടുത്തത്. അവിടെ നിർത്തിയിട്ടിരിക്കുന്ന ബസ്സുകളുടെ ബോർഡ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു, സ്ഥലപ്പേരുകളെല്ലാം എഴുതിയിട്ടുള്ളത് ഉക്രെയിൻ ഭാഷയിൽ. ഡ്രൈവറോട് ചോദിച്ചു. അദ്ദേഹം എന്തൊക്കെയോ പറ‍ഞ്ഞു. ഞങ്ങൾ‌ തലയാട്ടി കാണിച്ചു. ബസ് പുറപ്പെടാൻ ഒരു മണിക്കൂർ കൂടിയുണ്ട്. റസ്റ്ററന്റിൽ കയറി ഭക്ഷണം കഴിച്ചു, മൊബൈൽ ഫോൺ റീ ചാർജ് ചെയ്തു.

ചെർനോട്സ്‌കി

തിരിച്ചെത്തി ബസിൽ കയറിയപ്പോൾ ഒരാൾ തടഞ്ഞു. അയാളുടെ ഭാഷയിൽ ദേഷ്യപ്പെടുകയാണ്. ഞങ്ങൾ ഇംഗ്ലിഷിൽ മറുപടി പറയുന്നതു കേട്ട് ബസിനുള്ളിൽ നിന്നൊരു യുവതി സഹായത്തിനെത്തി. ഞങ്ങൾക്കു പോകാനുള്ള സ്ഥലത്തേക്കല്ല ടിക്കറ്റ് പ്രിന്റ് ചെയ്തിട്ടുള്ളത്. ഒരേ പേരിൽ അവിടെ രണ്ടു സ്ഥലമുണ്ടത്രേ. നിങ്ങൾ ആ സ്ഥലത്തേക്കു പോകണ്ട, അത് കുറെ അകലെയാണ്, ഗ്രാമപ്രദേശമാണ്, അവിടെ പോയാൽ നിങ്ങൾ കുടുങ്ങും എന്നൊക്കെയാണത്രേ ഡ്രൈവർ ഞങ്ങളോടു പറഞ്ഞത്. അദ്ദേഹത്തിന്റെ മുഖഭാവം കണ്ട് ഞങ്ങൾ തെറ്റിദ്ധരിച്ചതാണ്. ആ പെൺകുട്ടി പറഞ്ഞതു പ്രകാരം മറ്റൊരു ബസ്സിൽ കയറാൻ നോക്കി. പക്ഷേ സീറ്റ് കിട്ടിയില്ല. ഇനി ഉള്ളത് bla bla ടാക്സി. പക്ഷേ അത്രയും ദൂരം ടാക്സി യാത്ര സുരക്ഷിതമല്ലെന്ന് അവൾ പറഞ്ഞു. ബസ് മെല്ലെ നീങ്ങി. അവൾ അകന്നു. ആകാശത്തേക്കു നോക്കി നിൽക്കുന്ന സമയത്ത് മറ്റൊരു പെൺകുട്ടി ഞങ്ങളുടെ സമീപത്തു വന്നു. ഞങ്ങളുടെ കയ്യിൽ പിടിച്ച് ഒരു ബസ്സിൽ കയറ്റി. പുതിയ ടിക്കറ്റിനു പൈസ കൊടുത്താൽ സീറ്റ് തരാമെന്നു ഡ്രൈവർ. ആ പെൺകുട്ടിയെ ആരാധനയോടെ നോക്കി, ദൈവം അയച്ച മാലാഖ! 

നമ്മുടെ നാട്ടിൽ പണ്ട് കല്യാണ പന്തലിൽ ഇട്ടിരുന്ന നാലായി മടക്കുന്ന കസേര നിവർത്തി അതിൽ ഇരുന്നോളാൻ ഡ്രൈവർ പറഞ്ഞു. വണ്ടി പുറപ്പട്ടു. കേരളത്തിലെ റോഡിലൂടെ പോകുന്ന അതേ ഫീൽ. കാടും മലയും പുഴയും കവലകളും പട്ടണങ്ങളും താണ്ടി ബസ് കുതിച്ചു. ഇരുട്ട് കാരണം ഒന്നും കണ്ടില്ല. പല സ്ഥലങ്ങളിലും സ്ട്രീറ്റ്‌ലൈറ്റ് പോലുമില്ല. രണ്ടു മൂന്നു തവണ ഡീസൽ പമ്പിലും ഹോട്ടലുകളിലും ബസ് നിർത്തി. ഒരിടത്ത് ഞങ്ങൾ ഇറങ്ങി. കൊടും തണുപ്പ്.

ആറു മണിക്കൂർ യാത്രക്കുശേഷം ചെര്നോട്സ്കി എത്തി. ഞങ്ങളെ സഹായിച്ച പെൺകുട്ടി അവിടെ വച്ച് യാത്ര പറഞ്ഞു. തുടർ യാത്രയ്ക്കുള്ള ബസ് ടിക്കറ്റ് അവൾ റെഡിയാക്കി തന്നു. ഞങ്ങൾക്കു പോകാനുള്ള ബസ്സിന്റെ ഡ്രൈവറുടെ കയ്യിൽ ഞങ്ങളുടെ ടിക്കറ്റ് ഏൽപ്പിച്ച ശേഷമാണ് അവൾ പോയത്.

കൊലോമിയ എന്ന സ്ഥലത്തേക്കാണ് ഞങ്ങൾക്കു പോകേണ്ടത്. ചെര്നോട്സ്‌കി നിന്ന് രണ്ടു മണിക്കൂർ യാത്ര. പാടങ്ങളും ചെറിയ കവലകളും കടന്നു ബസ് അടുത്ത മെയിൻ േസ്റ്റാപ്പിൽ എത്തി. യാത്രക്കാർ പുറത്തിറങ്ങി. കൊടും തണുപ്പ്. ചിലർ പുക വലിച്ചു. ചിലർ ചായ കുടിച്ചു. ഞാൻ കഷ്ടപ്പെട്ട് കൈവിറച്ച് ഫോട്ടോ എടുക്കുന്നത് കണ്ട് ഒരു ഉക്രെയിൻ സുന്ദരി പുഞ്ചിരിച്ചു. അവൾ ഇംഗ്ലിഷ് സംസാരിച്ചു. ബോയ് ഫ്രണ്ടിനൊപ്പം ന്യൂ ഇയർ ആഘോഷിക്കാൻ പോവുകയാണ് കക്ഷി. ഞങ്ങൾ ഇറങ്ങിയ സ്ഥലം പണ്ട് ഒരു വലിയ സിറ്റിയായിരുന്നുവെന്ന് അവൾ പറഞ്ഞു. അവിടെ എയർപോർട്ട് ഉണ്ടായിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിലാണ് എല്ലാം നശിച്ചതെന്ന് അവൾ പറഞ്ഞു.

കൊലോമിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും സൂര്യനുദിച്ചു. തെരുവോരത്ത് കടകൾ തുറക്കുന്നു. പാലും ബ്രെഡും കോഴിമുട്ടയും പച്ചക്കറിയും നിരത്തി വച്ചിട്ടുണ്ട്. അതൊക്കെ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അടുത്ത ബസിനെ കുറിച്ചുള്ള ആശങ്ക തലയ്ക്കു മുകളിൽ നിന്നു ഭീഷണിപ്പെടുത്തി. പുതുവർഷം ആഘോഷിക്കാൻ പോകുന്ന പെൺകുട്ടി സഹായത്തിന് എത്തി. ഡ്രൈവറോട് ഞങ്ങളെ നോക്കിക്കോളാനും ഇറങ്ങേണ്ട സ്ഥലം ആകുമ്പോൾ പറയാനും അവൾ പറഞ്ഞേൽപിച്ചു.

ukraine-country-in-europe-tourism-cable-car2

ഞങ്ങൾ ഒരു മിനി ബസിൽ കയറി. നമ്മുടെ നാട്ടിലെ ലോക്കൽ ട്രാൻസ്പോർട്ട് ബസ് പോലെ. ഓരോ േസ്റ്റാപ്പിലും അല്ലാത്ത സ്ഥലത്തുമൊക്കെ നിർത്തിയാണ് യാത്ര. വഴിയോരക്കാഴ്ച കൊള്ളാം. വാഹനങ്ങൾ മഞ്ഞിൽ പുതഞ്ഞു കിടക്കുന്നു. മഞ്ഞു മലകൾ കാണാം. ഇടയ്ക്കൊരു റെയിൽപ്പാതയും കണ്ടു. കയറ്റവും ഇറക്കവും ഹെയർ പിൻ വളവുകളും കടന്ന് വണ്ടി കുതിച്ചു. വാർധക്യത്തിലെത്തിയ ഡ്രൈവർ അനായാസം ആ റോഡിലൂടെ വണ്ടിയോടിച്ചു. ഇടയിലൂടെ ഒരു യാറംചേ ഗ്രാമത്തിൽ എത്തിയ ഉടനെ ഇറക്കുട്ടിയെ വിളിച്ചു. അവള് അച്ഛനോടൊപ്പം വരാമെന്നു പറഞ്ഞു. ഇറയെ പരിചയപ്പെടുത്താൻ മറന്നു. ചങ്ക് ബ്രോ വിനു ഉക്രെയിൻ സന്ദർശിച്ചപ്പോൾ പരിചയപ്പെട്ട യാറംചേ സ്വദേശിനിയാണ് ഇറ.

പ്രഭാത കർമങ്ങൾ കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴേക്കും ഇറ വന്നു. ബുക്കോവിലേക്ക് അവൾക്കൊപ്പം യാത്ര ആരംഭിച്ചു. റോഡ് മഞ്ഞു മൂടിക്കിടന്നു. ഒരു വൈൻ കടയുടെ മുന്നിൽ എത്തി. ഉക്രൈൻ സ്പെഷ്യൽ ഹോം മെയ്ഡ് ബിയർ ഉഗ്രൻ. രണ്ടു കുപ്പി വാങ്ങി. മുന്നോട്ട് നീങ്ങും തോറും കാട്ടിലേക്കു പോകുന്ന ഒരു ഫീൽ. തണുപ്പ്‌ കൂടി. മരവിച്ചു കിടക്കുന്ന prut നദിയെ ക്യാമറയിൽ പകർത്തി. upside down house ഉം കൂടെ ചെറിയ ഷോപ്പുകളും  കടന്ന് ബുക്കോവിൽ എത്തി.

ഫ്രോസൺ തടാകം

കാർപാത്തിയൻ മല നിരയിലാണ് ബുക്കോവേൽ. കൈയിൽ കരുതിയ ജാക്കറ്റ്  കൊണ്ട് തണുപ്പിനു ആശ്വാസം കിട്ടുന്നില്ല. അഞ്ചു  മഞ്ഞുമലയും ചുറ്റും മരങ്ങളുമാണ് അവിടുത്തെ കാഴ്ച. അഞ്ചിലേക്കും ഉണ്ട് റോപ് വേ, സ്കയിങ്, സിപ് ലൈൻ എല്ലാം. കൂട്ടത്തിലെ ഏറ്റവും വലിയ മലയിൽ തന്നെ കേറി സ്‌നോ ആസ്വദിച്ചു. കുട്ടികൾ സ്‌കീയിങ് ചെയ്യുന്നതു കണ്ടു. ഞങ്ങൾ നടക്കുന്നത് തന്നെ വീഴുമോ എന്ന് പേടിച്ചായിരുന്നു. ഇറയുടെ നിർദേശ പ്രകാരം അവിടെയൊരു സംഗീതജ്ഞനെക്കൊണ്ടു കുറച്ചു നേരം പാട്ടു പാടിച്ചു. മഞ്ഞു വാരിയെറിഞ്ഞ് കുറച്ചു നേരം കുട്ടിക്കുറുമ്പുകളിൽ മുഴുകി. ഹോട്ടൽ, സ്വിമ്മിങ് പൂൾ, മാൻ മേഡ് ലേക്ക്, സ്‌കിങ് സ്കൂൾ എന്നിവയെല്ലാം അവിടെയുണ്ട്. വെള്ളച്ചാട്ടമാണ് അദ്ഭുതം. ഓഫ് റോഡ് താണ്ടി റോഡിന്റെ അറ്റത്ത് എത്തി. വെള്ളച്ചാട്ടം കാണാൻ  കുറച്ച്  നടക്കണം. . 

ukraine-country-in-europe-tourism-cable-car

അടുത്ത ലഷ്യം ഇവാനോ സിറ്റിയാണ്. റിസോർട് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇറക്കുട്ടീടെ അച്ഛൻ ടാക്സി ഏർപ്പാടാക്കി. ആദ്യത്തെ ഒരു മണിക്കൂർ ഗ്രാമത്തിലൂടെ യാത്ര ചെയ്തു. ഒൻപത് മണിക്ക് റിസോർട്ടിൽ എത്തി. പബ്ബിൽ പോയി അത്താഴം കഴിച്ചു.

 പിറ്റേന്നു രാവിലെ ടാക്സിയിൽ റെയിൽവേ സ്റ്റേഷനിൽ പോയി. മടക്കയാത്രയ്ക്ക് ടിക്കറ്റ് ഉറപ്പാക്കി. അതിനു ശേഷം നടത്തം തുടങ്ങി. തെരുവോര കച്ചവടം തകൃതി. കുറെപേർ രാത്രി പരിപാടിക്ക് ഉള്ള വേദികൾ ഒരുക്കുന്നു. ന്യൂ ഇയർ രാത്രി അവിടെ ആഘോഷിക്കാമെന്ന് ഉറപ്പിച്ചു. ഗൂഗിൾ മാപ്പിൽ അടുത്തുള്ള സ്ഥലങ്ങൾ നോക്കി. ഒരു തടാകം കണ്ടു – വന്ദു. തടാകത്തിലേക്ക് കുറച്ചധികം നടക്കണം. ഫ്രോസൺ തടാകം( Miske lake ) അതിമനോഹരമാണ്. അവിടെ സന്ദർശകരുടെ തിരക്കില്ല.

റിസോർട്ടിൽ തിരിച്ചെത്തിയതും ഇബ്രാഹിം വിളിച്ചു. ന്യൂ ഇയർ വിഷ് ചെയ്തു. രാവിലെ ഇറങ്ങാൻ പാകത്തിന് ബാഗ് എല്ലാം പാക്ക് ചെയ്തു. അതിനു ശേഷം പുതുവർഷ രാവിനെ വരവേൽക്കാൻ ഇറങ്ങി. മാളിലും കടകളിലും മാർക്കറ്റിലും ഒക്കെ കയറി. പത്തു മണിക്ക് നഗരത്തിലെത്തി. അലങ്കരിച്ച ക്രിസ്മസ് ട്രീയും തെരുവും. വലിയ സ്റ്റേജിനു മുന്നിൽ ആളുകൾ തടിച്ചു കൂടി. ഉക്രെയിൻ ഭാഷയിൽ പാട്ടുകളുയർന്നു. ഡിജെ വേദിയിലെത്തി. ആളുകൾ നൃത്തം തുടങ്ങി. കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തു. അർധരാത്രിയോടെ വെടിക്കെട്ട് മുഴങ്ങി. ആളുകൾ പൂത്തിരി കത്തിച്ച് പരസ്പരം പുതുവത്സരാശംസ കൈമാറി.

ആഘോഷ രാവിനൊടുവിൽ നേരം പുലർന്നു. ട്രെയിനിലാണു മടക്കയാത്ര. യൂറോപ്പിലെ ട്രെയിൻ യാത്ര ഒരു പ്രത്യേക അനുഭൂതിയാണ്. പാടങ്ങളും കാടും പുഴയും നഗരങ്ങളും കടന്നുള്ള യാത്രയ്ക്ക് സിനിമാ സ്കോപ്പ് ഭംഗി. എട്ടു മണിക്കൂറിനുള്ളിൽ കീവിലെത്തി. സൂപ്പർമാർകെറ്റിൽ കയറി ഉക്രെയിൻ സ്പെഷ്യൽ കോഫിയും മിഠായിയും വാങ്ങി. എയർപോർട്ടിലേക്ക് യൂബർ വിളിച്ചു.

ഉക്രെയിൻ യാത്രയിൽ ഓർക്കുന്നത് അവിടെ സഹായത്തിനെത്തിയ നല്ല മനുഷ്യരെയാണ്. യാതൊരു പരിചയവുമില്ലാത്ത ആളുകൾക്ക് കഴിയുന്ന സഹായം ചെയ്തു കൊടുക്കുക, മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിച്ച് പുറംതിരിഞ്ഞു നടക്കാതിരിക്കുക – ഉക്രെയിൻ യാത്രയിൽ നിന്നു കിട്ടിയ പാഠം. ഓരോ സ്ഥലത്തും ആവശ്യപ്പെടാതെ സഹായം നൽകിയ ഹൃദയമുള്ള മനുഷ്യരെ ഒരിക്കലും മറക്കില്ല.