Friday 22 July 2022 10:51 AM IST : By Naseel Voici

താമരശ്ശേരി ചുരം കയറിച്ചെന്നാലും കേൾക്കാം ഐതിഹ്യ കഥകൾ; രാമായണത്തിന്റെ വയനാടൻ പതിപ്പ്!

BADU9050 Photo : Arun Payyadimeethal, വാത്മീകി ആശ്രമം: പുൽപ്പള്ളിയിൽ നിന്ന് 5 കിലോമീറ്റർ ദൂരം. ആശ്രമംകൊല്ലിയിൽ. കൽപ്പറ്റ – മുട്ടിൽ – മീനങ്ങാടി – ഇരുളം വഴി 36 കിലോമീറ്റർ. പനമരം – നടവയൽ വഴിയുമെത്താം. ദൂരം 34 കിലോമീറ്റർ

രാമന്റെ നഷ്ടപ്പെട്ട മോതിരം തേടി ഹനുമാൻ പാതാളത്തിലെത്തി. ഒന്നിനു പകരം ഒരു താലം നിറയെ മോതിരങ്ങളാണ് തിരികെ കിട്ടിയത്. ഇതെന്താ ഇത്രയും മോതിരങ്ങളെന്നു ഹനുമാൻ ചോദിക്കുമ്പോൾ പാതാളാധിപൻ പറയുന്നു‌– ഇതെല്ലാം രാമന്റേതാണ്. എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും ഇതിലുണ്ട്.

താലം നിറഞ്ഞ രാമമോതിരങ്ങൾ പോലെയാണ് രാമായാണകഥകളും. ഓരോ നാടിനും അവരുടേതായ ഐതിഹ്യമുണ്ട്. കഥകളുണ്ട്. കഥാപാത്രങ്ങളും ലോകത്തോടു പങ്കുവയ്ക്കുന്ന വെളിച്ചവും ഒന്ന്. പക്ഷേ പശ്ചാത്തലം മാറും. നമ്മുടെ താമരശ്ശേരി ചുരം കയറിച്ചെന്നാലും കേൾക്കാം ഒരു പതിപ്പ്; രാമായണത്തിന്റെ വയനാടൻ പതിപ്പ്.

പൊൻകുഴിയിലെ സീതാതീർഥം

BADU9174 സീതാതീർഥം: മുത്തങ്ങക്കടുത്ത് പൊൻകുഴിയിൽ. കൽപറ്റ – മീനങ്ങാടി–സുൽത്താൻ ബത്തേരി വഴി ദൂരം 42 കിലോമീറ്റർ. (NH766)

‘‘വരമൊഴിയിലെന്നപോലെ വാമൊഴിയിലും രാമായണങ്ങൾ അനവധിയാണ്. രാമായണസാഹിത്യമെന്ന മഹാനദിയിലേക്ക് ഒഴുകിയെത്തുന്ന കൈവഴികളാണ് ഇവയെല്ലാം.’’– വയനാടിന്റെ രാമായണചരിതം തേടി പുറപ്പെട്ടപ്പോൾ എഴുത്തുകാരനും ഗവേഷകനുമായ ഡോ. അസീസ് തരുവണ കൂട്ടുവന്നു. സഞ്ചാരികൾക്കു എത്തിച്ചേരാവുന്ന, ഐതിഹ്യം തൊട്ടറിയാവുന്ന ഇടങ്ങളിലേക്കാവണം യാത്രയെന്ന് തീരുമാനിച്ചിരുന്നു. ‘‘എങ്കിൽ നമുക്ക് മുത്തങ്ങയിൽ നിന്നാരംഭിക്കാം. അവിടെയാണ് സീതാതീർഥം’’ – അസീസ് പറഞ്ഞു.

സുൽത്താൻ ബത്തേരി പിന്നിട്ട് മുത്തങ്ങയുടെ പച്ചപ്പിലേക്ക് വാഹനം കടന്നു. വാനരന്മാരുടെ കുസൃതികളും പ്രകൃതിയുടെ ഛായാചിത്രങ്ങളും മഴമേഘത്തണലിൽ കൂടുതൽ ആകർഷകമാണ്. ചെക്പോസ്റ്റ് കടന്ന് പൊൻകുഴിയിൽ വാഹനമൊതുക്കി. റോഡരികിൽ സീതാദേവി ക്ഷേത്രം. അതിനോടു ചേർന്ന്, കാനനച്ചോലയിൽ പായൽ മൂടിക്കിടക്കുന്ന ഒരു കുളം. ‘‘ഇതാണ് സീതാതീർഥം. സീതാദേവിയുടെ കണ്ണീരു വീണുണ്ടായതെന്നാണ് ഐതിഹ്യം. കഥയിങ്ങനെയാണ് – രാവണന്റെ തടവിൽ നിന്ന് മോചിതയായി തിരിച്ചെത്തിയ സീതയെക്കുറിച്ച് നാട്ടിൽ അപവാദങ്ങൾ പ്രചരിച്ചു. തുടർന്ന് രാമൻ ഗർഭിണിയായ സീതയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അധികാരപരിധിക്കപ്പുറത്തുള്ള ഘോരവനപ്രദേശത്താണ് സീത ഉപേക്ഷിക്കപ്പെട്ടത്. ഇവിടെയായിരുന്നു അത്.  ദു:ഖം സഹിക്കാനാവാതെ സീത കരയുകയും ആ കണ്ണീർ തളംകെട്ടി ഈ കുളമുണ്ടാവുകയും ചെയ്തു’’ – ഐതിഹ്യത്തിന്റെ മാന്ത്രികവലയം പടർന്ന യാത്രയിൽ അസീസ് കഥാകാരനായി.

BADU9163

വനത്തിൽ തനിച്ചിരുന്ന് കരയുന്ന ഗർഭിണിയായ സീതയെ വാത്മീകി മഹർഷിയുടെ ശിഷ്യന്മാർ കണ്ടു. അവർ ഗുരുവിനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം സീതയെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി – വാഹനം പുൽപള്ളിയിലെ ആശ്രമംകൊല്ലിയെന്ന കവല കഴിഞ്ഞ് ഒരു മലഞ്ചെരിവിലെത്തിയിരുന്നു. ‘‘ദാ, ഇതാണ് സീത പിന്നീട് താമസിച്ച വാത്മീകി ആശ്രമം’’ – അസീസ്‍ പുല്ലുമേഞ്ഞ ആശ്രമത്തിലേക്ക് വിരൽചൂണ്ടി. മന്ദാരത്തിന്റെ ചുവട്ടിൽ കഥയിലേതെന്നപോലെ പുല്ലുമേഞ്ഞ, മണ്ണുപാകിയ ഒരാശ്രമം. നിലവിളക്കുകളും പൂജാപുഷ്പങ്ങളും കാണാം. ഇവിടെ വച്ചാണത്രെ ലവനും കുശനും ജനിച്ചത്. ആശ്രമത്തിനു എതിർവശത്തുള്ള നടവഴിയിലൂടെ ചെന്നാൽ വാത്മീകി തപസ്സ് ചെയ്തിരുന്നുവെന്ന് കരുതപ്പെടുന്ന ‘മുനിക്കല്ലു’മുണ്ട്. ആൽമരവേരുകൾ പടർന്ന് തണൽവിരിക്കുന്ന ഈ പാറയ്ക്കകത്തു നിന്ന് രാമനാമം ജപിക്കുന്നത് കേൾക്കാറുണ്ടായിരുന്നെന്നു നാട്ടുകഥ. ആശ്രമമുറ്റത്തെ മന്ദാരത്തിൽ എപ്പോഴും രണ്ടു പൂവുകളുണ്ടാവും; സീതാദേവിയുടെ മുടിയിൽ ചൂടാൻ.

BADU9131 സീതാദേവി ലവകുശ ക്ഷേത്രം: പുൽപ്പള്ളിയിൽ തന്നെ. കൽപ്പറ്റയിൽ നിന്ന് മുട്ടിൽ – മീനങ്ങാടി – ഇരുളം വഴി 36 കിലോമീറ്റർ ദൂരമാണ് പുൽപള്ളിയിലേക്ക്.

പുൽപ്പള്ളിയിലെ സീതാ ലവ–കുശ ക്ഷേത്രം

ലവനും കുശനും അമ്മയോടൊപ്പം ആശ്രമത്തിൽ വളർന്നു. വാത്മീകിയായിരുന്നു അവരുടെ ഗുരു. ആയോധനകലകളും ദിവ്യാസ്ത്രപ്രയോഗങ്ങളിലും അവർ മികച്ചു നിന്നു. ആയിടെ ഒരു ദിവസം വേടരാജൻ വാത്മീകിയെയും കുമാരന്മാരെയും കണ്ടു. തികഞ്ഞ രാജഭക്തനായ വേടരാജൻ സീതാദേവിയുടെ പാദങ്ങളിൽ നമസ്കരിക്കുകയും അവർക്ക് പുതിയ വാസസ്ഥലം ഒരുക്കുകയും ചെയ്തു. ഇവിടെയാണ് സീതാദേവി ലവ–കുശ ക്ഷേത്രം നിലകൊള്ളുന്നത് – യാത്രമധ്യേ കഥ തുടർന്നു.

BADU9155 യാഗാശ്വത്തെ പിടിച്ചുകെട്ടിയ മരം: മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ കവാടത്തിനു എതിർവശം. കൽപ്പറ്റയിൽ നിന്ന് സുൽത്താൻ ബത്തേരി വഴി 38 കിലോമീറ്റർ ദൂരം.

ശ്രീരാമൻ അശ്വമേധയാഗം നടത്തണം. യാഗാശ്വം പ്രയാണമാരംഭിച്ചു. ഹനുമാനായിരുന്നു സംരക്ഷകൻ. യാഗാശ്വത്തെ തടയുന്നവരുമായി യുദ്ധമെന്നാണ് നിയമം. അതുകൊണ്ട് ആരും അതിനെ തടഞ്ഞില്ല. പക്ഷേ വയനാടൻ ഭഗത്തേക്കു പ്രവേശിക്കപ്പെട്ട ഉടനെ യാഗാശ്വത്തെ രണ്ടുപേർ പിടിച്ചുകെട്ടി. ലവനും കുശനുമായിരുന്നു അത്. പൊൻകുഴിക്കടുത്ത് വടവൃക്ഷത്തിലാണ് അവർ ആശ്വത്തെ പിടിച്ചുകെട്ടിയത്. ഇവിടെയിപ്പോൾ ലവകുശ ക്ഷേത്രമുണ്ട്. എല്ലാ വർഷവും കുംഭം 8, 9 ദിവസങ്ങളിൽ ഉത്സവവും നടക്കുന്നു.

അശ്വത്തെ സംരക്ഷിക്കാൻ അനുഗമിച്ച ഹനുമാനെയും കുമാരന്മാർ ബന്ധിയാക്കി സീതാസന്നിധിയിലെത്തിച്ചു. ഹനുമാനാണെന്നു തിരിച്ചറിഞ്ഞ ഉടനെ ബന്ധനം അഴിച്ചുമാറ്റാൻ സീത ആവശ്യപ്പെട്ടുവെങ്കിലും അപ്പോഴേക്കും അയോദ്ധ്യയിൽ സന്ദേശമെത്തിയിരുന്നു. യാഗാശ്വത്തെ സ്വതന്ത്രനാക്കാൻ യുദ്ധസന്നാഹങ്ങളുമായി ശ്രീരാമൻ സംഭവസ്ഥലത്തെത്തി.

BADU9090

യുദ്ധം വേണ്ടിവന്നില്ല. ശ്രീരാമൻ സീതയെയും ലവകുശന്മാരെയും തിരിച്ചറിഞ്ഞു. അവരെ തിരികെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചു. പക്ഷേ സീതാദേവി ക്ഷണം നിരസിച്ചു. തന്നെ അപമാനിച്ച രാജ്യത്തേക്ക് ഉപേക്ഷിച്ച രാമനോടൊപ്പം പോകില്ലെന്നു തീർത്തുപറഞ്ഞു. പകരം ഭൂമീദേവിയോട് തന്നെ സ്വീകരിക്കാൻ മനമുരുകി പ്രാർഥിച്ചു. തുടർന്ന് ഭൂമി പിളർന്ന് സീതാദേവി താഴ്ന്നുപോയി. അന്നേരം രാമൻ സീതയുടെ മുടി പിടിച്ചുവച്ചെന്നും അതറ്റുപോന്നുവെന്നുമാണ് ഐതിഹ്യം – അസീസ് പറഞ്ഞു നിർത്തിയപ്പോഴേക്കും കാർ ‘ജടയറ്റകാവി’നു മുൻപിലെത്തിയിരുന്നു. മണ്ണുപാകിയ വഴിയിലൂടെ ക്ഷേത്രത്തിലേക്ക് നടന്നു. മരങ്ങൾ തിങ്ങിവളർന്ന ക്ഷേത്രാങ്കണത്തിൽ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഇവിടെ വച്ചാണ് സീതാദേവി അന്തർദ്ധാനം ചെയ്തതെന്നാണ് വിശ്വാസം. ഭൂമിയിലേക്ക് താഴ്ന്നു പോകുന്ന സീതാദേവിയുടെ മുടി ശ്രീരാമൻ പിടിച്ചപ്പോൾ അറ്റുപോന്നതുകൊണ്ടാണത്ര ഈ ക്ഷേത്രത്തിന് ‘ജടയറ്റകാവ്’ എന്ന പേരുവന്നത്.  സീതാദേവിയെയാണ് ചേടറ്റിലമ്മയായി ഇവിെട പ്രതിഷ്ഠിച്ചിരിക്കുന്നു.

kavu-waymjbvg ജടയറ്റകാവ് – പുൽപ്പള്ളിയിൽ നിന്ന് 1 കിലോമീറ്റർ ദൂരം.

സീതാദേവിയുടെ കണ്ണീരുവീണ വഴികളിൽ നിന്നുതുടങ്ങിയ യാത്ര അന്തർദ്ധാനം ചെയ്തിടത്തെത്തിയിരിക്കുന്നു. നിയോഗം കഴിയുമ്പോൾ ചൊരിയുന്ന അനുഗ്രഹമെന്ന പോലെ വയനാടൻ മേഘങ്ങൾ കൂടുതൽ കറുത്തു. കാറിന്റെ വൈപ്പറിന് പിടിച്ചുനിൽക്കാനാവാത്ത മഴയിൽ തിരികെ മടങ്ങുമ്പോൾ ഇടിമുഴക്കം കേൾക്കാമായിരുന്നു – മലനിരകളിൽ നായാട്ടിനിറങ്ങിയ ലവകുശന്മാരായിരിക്കും... 

BADU9087 മുനിക്കല്ല്: വാത്മീകി ആശ്രമത്തിനടുത്ത്. എതിർവശത്തെ വയലിലൂടെ ഇറങ്ങിച്ചെല്ലാം.
Tags:
  • Manorama Traveller