റോഷ്ഗുളയെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. ബംഗാളിലും പോയിട്ടുള്ളവർ പറഞ്ഞും ബംഗാളി സാഹിത്യത്തിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഇന്ത്യയിലെവിടേയും പരിചിതമാണ് മധുരം തുളമ്പുന്ന ഈ പലഹാരം. ഇന്ത്യൻ ഫൂഡ്സിൽ മറ്റു പല പ്രശസ്ത വിഭവങ്ങളിൽ നിന്നു റോഷ്ഗുളയെ വ്യത്യസ്തമാക്കുന്നത് അതിനു കൃത്യമായൊരു ചരിത്രമുണ്ട് എന്നതാണ്. കുറഞ്ഞപക്ഷം ബംഗാളി രോഷ്ഗുളയെ എങ്കിലും വേറിട്ടതാക്കുന്നു... അപ്പോൾ ബംഗാളിയല്ലാത്ത റോഷ്ഗുളയുണ്ടോ?
റോഷ്ഗുള കണ്ടുപിടിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്നത് മൂന്നു കൂട്ടരാണ്... കൊൽക്കത്തക്കാർ, ഒഡിഷക്കാർ, ബംഗ്ലദേശുകാർ. അതിൽ പശ്ചിമബംഗാൾ, ഒഡിഷ സർക്കാരുകൾ ഒരു ഘട്ടത്തിൽ ആ പദവിക്കുവേണ്ടി ഔദ്യോഗികമായി പോരാടുകയും ചെയ്തു. ബംഗ്ലദേശിന്റെ സാംസ്കാരികത്തനിമയാണ് റോഷ്ഗുള എന്നു വിശ്വസിക്കുന്നവർ അവിടെയുണ്ട്. ഇതിൽ രണ്ട് ഇന്ത്യൻ അവകാശങ്ങളും രുചിച്ചറിയുക എന്നത് ഗ്രേറ്റ് ഇന്ത്യൻ ഡ്രൈവിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
മധുരം മധുരം സർവത്ര
ബംഗാളിലെ ജനങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മധുരപലഹാരങ്ങൾ. കൊൽക്കത്തപോലെ തനതു മധുരപലഹാരങ്ങളിൽ ഇത്രയേറെ വൈവിധ്യമുള്ള ഒരു നഗരം വേറെ കാണില്ല. റോഷ്ഗുളയെക്കാൾ മുൻപ് ബംഗാളുകാർ രുചിച്ചു തുടങ്ങിയതാണ് ഏറെ പ്രശസ്തമായ സന്ദേശ്. മധ്യകാല സാഹിത്യത്തിൽ ഖീർ ഉപയോഗിച്ചു പാകം ചെയ്ത സന്ദേശിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. പിന്നീട് 16ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാളിലെത്തിയ പോർച്ചുഗീസുകാർ അവരുടെ കൊട്ടേജ് ചീസ് പരിചയപ്പെടുത്തിയപ്പോൾ അതിനു സമാനമായ ഛന ഉപയോഗിച്ച് സന്ദേശിനെ പരിഷ്കരിച്ചു. അതിനുശേഷം വിവിധങ്ങളായ രുചിഭേദങ്ങളിൽ സന്ദേശ് അവതരിപ്പിക്കാൻ മത്സരിക്കുകയാണ്. അത് ഇന്നും തുടരുന്നു എന്നതാണ് ഏറെ അദ്ഭുതം. അവിടെ തീരുന്നില്ല, തനതു ബംഗാളി മധുരപലഹാരങ്ങൾ മാത്രം രുചിക്കാൻ കൊൽക്കത്തയിലെ തെരുവിലേക്കിറങ്ങിയാൽ സന്ദേശ്, റോഷ്ഗുള, രസ്മലായി, മിഷ്ടി ദോയി, പാന്തുവ, ചെനാര്‍ ജലേബി, രാജ്ഭോഗ്, മാൽപുവ, ലേഡികേനി...പട്ടിക നീണ്ടുകൊണ്ടിരിക്കും. ഇതിൽ ലേഡികേനി എന്ന വിഭവം ഇന്ത്യയുടെ ആദ്യ വൈസ്‌റോയി ആയിരുന്ന കാനിങ് പ്രഭുവിന്റെ പത്നി ലേഡി കാനിങ്ങിന്റെ ബഹുമാനാർഥം ആദ്യമായി തയാറാക്കിയ വിഭവമാണത്രേ. അതുപോലെയാണ് പല പുതിയ വിഭവങ്ങളും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.
റോഷ്ഗുളയുടെ കൊളംബസ്
ബ്രിട്ടിഷ് ഇന്ത്യയുടെ ഭരണസിരാകേന്ദ്രം ആദ്യം കൊൽക്കത്തയായിരുന്നു. പാശ്ചാത്യ ആശയങ്ങളെയും പൗരസ്ത്യ സംസ്കാരത്തെയും സംയോജിപ്പിച്ച് ബംഗാൾ നവോത്ഥാനം നടക്കുന്ന കാലം. 1866 ൽ നൊബീൻ ചന്ദ്ര ദാസ് എന്ന ചെറുപ്പക്കാരൻ വടക്കൻ കൊൽക്കത്തയിൽ സ്വന്തമായൊരു മധുരപപലഹാരക്കട ആരംഭിച്ചു. ജീവിതമാർഗം തേടിയാണ് കട ആരംഭിച്ചതെങ്കിലും തന്റേതായ പുതിയ രുചിക്കൂട്ടുകൾ അവതരിപ്പിക്കാനായിരുന്നു ആ ചെറുപ്പക്കാരനു താൽപര്യം. അങ്ങനെയാണ് 1868ൽ റോഷ്ഗുള എന്ന പുതിയൊരു മധുരം രൂപപ്പെട്ടത്. അതുവരെ രുചിച്ചതിൽ നിന്നു വേറിട്ട ഒരു രുചി എന്ന നിലയ്ക്ക് റോഷ്ഗുള പെട്ടന്നു പ്രചാരം നേടി. നൊബീൻ ചന്ദ്രയുടെ ഏക മകൻ കൃഷ്ണ ചന്ദ്ര ദാസ് അതിനെ വിജയകരമായൊരു വാണിജ്യമാക്കി. 1925 ൽ മരണമടഞ്ഞ നൊബീൻ ചന്ദ്ര ആബാർ ഖാബോ, ദേദോ സന്ദേശ്, ബൈകുണ്ഠ് ഭോജൻ എന്നീ പുതിയ പലഹാരങ്ങൾ ബംഗാൾ ജനതയ്ക്കു സമ്മാനിച്ചിരുന്നു.
അച്ഛനെപ്പോലെ തന്നെ മധുര പലഹാരങ്ങളെ ഇഷ്ടപ്പെട്ട മകൻ കൃഷ്ണ ചന്ദ്ര ദാസ് അവയെ ഒരു ശാസ്ത്രജ്നെപ്പോലെയാണ് സമീപിച്ചത്. അദ്ദേഹമാണ് രസ്മലായി എന്ന ജനപ്രിയ വിഭവം കണ്ടെത്തിയത്. പാൽ ഒരു നിശ്ചിത താപനിലയിൽ തിളപ്പിക്കുക, തുടർന്ന് നിശ്ചിത താപനിലയിലേക്കു തണുപ്പിക്കുക. അതിനു മുകളിൽ അടിയുന്ന ക്രീം നീക്കി വീണ്ടും ഈ പ്രക്രിയക പലവട്ടം ആവർത്തിക്കുക. ഇങ്ങനെയാണ് മലായി തയാറാക്കുന്നത്. കെ.സി. ദാസിന്റെ ശാസ്ത്രീയമായ സമീപനം ഈ പാചകവിധിയിൽ കാണാം. കെ.സി. ദാസ് തന്റെ 6 മക്കളിൽ ഇളയവനായ ശരത് ദാസിനൊപ്പം കെ.സി. ദാസ് കോൺഫെക്ഷണറീസ് എന്ന പേരിൽ മധുരപലഹാരക്കടകളുടെ ശൃംഘല തന്നെ ആരംഭിച്ചു. പിൽക്കാലത്ത് റോഷ്ഗുളയും രസ്മലായിയും ലോകമെങ്ങും വ്യാപിക്കുകയും പലരും ഇവ തയാറാക്കാൻ തുടങ്ങുകയും ചെയ്തു. എങ്കിലും റോഷ്ഗുളയുടേയും രസ്മലായിയുടേയും തനത് ബംഗാളി രുചി ആസ്വദിക്കാൻ ഈ കടകൾ തേടി കൊൽക്കൊത്തയിലെത്തുന്നവരുടെ എണ്ണം ചെറുതല്ല.
നല്ല വെളുപ്പു നിറമാണ് ബംഗാളി റോഷ്ഗുളയെ കാഴ്ചയിൽ സവിശേഷമാക്കുന്നത്. ധാരാളം പഞ്ചസാരപ്പാനിയിൽ മുക്കിയാണ് കടകളിൽ സൂക്ഷിക്കുന്നത്. വിളമ്പുന്നതും കഴിക്കുന്നതും ഈ പഞ്ചസാരപ്പാനിയോടൊപ്പം തന്നെ.
ഒഡിയ റോഷ്ഗുള
ഭുവനേശ്വറിൽ നിന്നു കട്ടക്കിലേക്കു യാത്ര ചെയ്യുമ്പോൾ പഹലാ എന്ന ജില്ലയിൽക്കൂടി കടന്നുപോയി. അവിടെ തനത് ഒഡിയ റോഷ്ഗുള വിൽക്കുന്ന ഒട്ടേറെ കടകൾ വഴിയോരത്തു കണ്ടു. അന്വേഷിക്കുമ്പോൾ എല്ലാവരും പറയുന്നു റോഷ്ഗുളയുടെ തുടക്കം ഇവിടെനിന്നാണത്രേ. പക്ഷേ ആരാണു കണ്ടു പിടിച്ചതെന്നോ ഏതു കാലം മുതലാണ് പ്രചാരത്തിലുള്ളതെന്നോ ചോദിച്ചാൽ ഒരുത്തരവും കിട്ടില്ല. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിവേദിക്കാൻ പഹലാ ഗ്രാമത്തിലെ ക്ഷീരകർഷകർ മിച്ചം വന്ന പാലിൽ നിന്ന് സവിശേഷമായൊരു മധുരപലഹാരം തയാറാക്കി കൊടുത്തയച്ചിരുന്നു, അതാണ് റോഷ്ഗുള എന്നും പറയുന്നുണ്ട്.
ഒഡിയ റോഷ്ഗുളയ്ക്ക് അൽപം ബ്രൗൺ നിറമാണ്, മാത്രമല്ല ബംഗാളി റോഷ്ഗുളയെപ്പോലെ പഞ്ചസാരപ്പാനിയിൽ ഇട്ടല്ല ഒഡിഷക്കാർ വിളമ്പുന്നത്. ബൗളിൽ റോഷ്ഗുള തരും, അത് എടുക്കുമ്പോൾ പഞ്ചസാരപ്പാനിയും കഴിക്കുമ്പോൾ അതിമധുരവും നമുക്ക് അനുഭവപ്പെടും.
ഒരാൾ കണ്ണടച്ച് റോഷ്ഗുളയുടെ ഒഡിയ, ബംഗാളി വകഭേദങ്ങൾ രുചിച്ചു നോക്കിയാൽ ഒരു വ്യത്യാസവും അനുഭവപ്പെടില്ല. രണ്ടും ഒരേ ചേരുവകൾ കൊണ്ടു തയാറാക്കുന്നത്, ഒരേ ടെക്സ്ചറുള്ള പലഹാരം, ഒരേ രുചിയും... കാഴ്ചയിലുള്ള വ്യത്യാസം മാത്രമാണുള്ളത്. അത് റോഷ്ഗുള എണ്ണയിൽ വറത്തെടുക്കുന്നതിലുള്ള വ്യത്യാസം ആണെന്നു കരുതുന്നു.
ജി ഐ ടാഗ് പോരാട്ടം
റോഷ്ഗുളയുടെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേറ്റർ ടാഗിനു വേണ്ടി പശ്ചിമബംഗാളും ഒഡിഷയും അവകാശവാദം ഉന്നയിച്ചത് സാമൂഹ്യമാധ്യമങ്ങളിലും പുറത്തും വാദപ്രതിവാദത്തിന് വഴിവെച്ചിരുന്നു. 2017 ൽ പശ്ചിമ ബംഗാൾ ‘ബാംഗ്ലാർ റോഷ്ഗുള’യ്ക്ക് ജിഐ ടാഗ് സ്വന്തമാക്കി. ഒഡിഷ എതിർത്തെങ്കിലും അവിടെയാണ് ഈ മധുരപലഹാരം ആദ്യം രൂപപ്പെട്ടതെന്നു തെളിയിക്കാൻ രേഖകളൊന്നും ഹാജരാക്കാനായില്ല. നീണ്ട ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം ഒഡിഷയിലെ പലഹാരം ബംഗാളി രുചിയിൽ നിന്നു വേറിട്ടതാണ് എന്നു വിലയിരുത്തി ഒഡിയ റോഷ്ഗുളയ്ക്കു പ്രത്യേകം ജിഐ ടാഗ് നൽകി.
എല്ലാവരും ജീവിക്കാനായി ആഹാരം കഴിക്കുമ്പോൾ ആഹാരത്തിനായി ജീവിക്കുന്നവരാണ് തങ്ങളെന്ന് കൊൽക്കത്തക്കാർ തമാശ പറയാറുണ്ട്. അത്രയേറെ വൈവിധ്യം നിറഞ്ഞതും വിസ്മയിപ്പിക്കുന്നതുമാണ് അവരുടെ ഭക്ഷണപരീക്ഷണങ്ങളും വിഭവങ്ങളും. വിദേശത്ത് ഇന്ത്യയുടെ മധുരമായി റോഷ്ഗുളയെ പരിചയപ്പെടുന്നുണ്ടെങ്കിൽ അതിനു ബംഗാൾ ജനത്തിന്റെ മധുരഭ്രമം ഒരു കാരണം തന്നെയാണ്.