Wednesday 16 March 2022 04:09 PM IST : By Ebbin Jose

ജോർജിയൻ ഭക്ഷണം ഇന്ത്യക്കാർക്ക് ‘രുചി പരീക്ഷണമാണ്’... വ്ലോഗർ എബിൻ ജോസിന്റെ ജോർജിയൻ രുചിയാത്ര

geor4

ഒരിക്കലെങ്കിലും പോകണം എന്ന് സ്വപ്നം കാണുന്ന കുറെ സ്ഥലങ്ങൾ എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റിൽ ഉണ്ടാവും. എന്റെ ആഗ്രഹങ്ങളുടെ ആ പട്ടികയിൽ ആദ്യത്തെ അക്കത്തിൽ വരുന്ന രണ്ട് രാജ്യങ്ങളാണ് ബ്രസീലും ജപ്പാനും. പക്ഷെ, ഒരിക്കൽ പോലും എന്റെ മനസ്സിൽ ഒരുരീതിയിലും കടന്നു കൂടാതിരുന്ന ഒരു രാജ്യമുണ്ട്, ജോർജിയ. അതിനു പ്രധാന കാരണം കൗകസെസ് പ്രദേശത്തുള്ള ഈ രാജ്യത്തെക്കുറിച്ച് ഞാൻ അധികം വായിച്ചിട്ടില്ലായിരുന്നു എന്നതുത്തന്നെ. എന്റെ സുഹൃത്ത് ലിജോ എന്നോട് ജോർജിയയെ കുറിച്ച് പറയുന്നത് വരെ. യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവതരാജ്യമാണ് ജോർജിയ. കേട്ടറിഞ്ഞപ്പോൾ ആ നാടുകാണാനുള്ള ആഗ്രഹം തുടങ്ങി. അന്വേഷിച്ചപ്പോൾ മനസ്സിലായി, ജോർജിയയിൽ പോകുവാൻ അത്ര എളുപ്പമല്ല. ഇലക്ട്രോണിക് വീസ കിട്ടിയവർക്കു പോലും ജോർജിയൻ എയർപോർട്ടുകളും എമിഗ്രേഷൻ കൗണ്ടറുകളും വിലക്ക് പറയാറുണ്ടത്രെ. പക്ഷേ, ഒരു സ്വന്തം യൂട്യൂബ് ചാനൽ ഉണ്ട് എന്ന ബലത്തിൽ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ തന്നെ ഈ പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തേക്ക് കടക്കുവാൻ പറ്റി. എമിഗ്രേഷൻ ഒക്കെ കഴിഞ്ഞ് ലിജോയെ കണ്ടപ്പോൾ അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത്- "എബിനെ, വല്ലതും കഴിക്കണ്ടേ?" എന്നാണ്. നന്നായി വിശന്നിരുന്നതിനാൽ ഒരു മടിയും കൂടാതെ, "പിന്നെ വേണ്ടായോ?" എന്ന് മറുപടിയും കൊടുത്തു. ഇത്തവണത്തെ യാത്ര ജോർജിയൻ രുചികളും ഒപ്പം കാഴ്ചകളും തേടിയാണ്...


ടിബിലിസിലെ രുചികളും കാഴ്ചകളും

ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിലെത്തുമ്പോൾ സമയം പുലർച്ചെ രണ്ടുമണി. പൊതുവെ എരിവും പുളിയും ഉള്ള ആഹാരം കഴിക്കുന്ന ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ജോർജിയൻ ഭക്ഷണം അത്രയ്ക്ക് ആസ്വദിക്കാൻ പറ്റില്ല എന്നതാണ് ലിജോയുടെ പക്ഷം. ഏതായാലും ആ പാതിരാത്രിയിൽ രുചി പരീക്ഷണത്തിന് നിൽക്കാതെ ഞങ്ങൾ അടുത്തുള്ള മക്ഡൊണാൾഡ്സിൽ പോയി ബർഗർ കഴിച്ചു.

ജോർജിയയിൽ എത്തുന്ന ഭൂരിഭാഗം ഇന്ത്യക്കാരും ഈ മക്ഡൊണാൾഡ്‌സോ, കെഫ്സിയോ, അല്ലെങ്കിൽ വിരലിൽ എണ്ണാവുന്ന ഇന്ത്യൻ റസ്റ്ററന്റുകളോ ആണ് ആശ്രയമായി കാണുക. പക്ഷെ, ജോർജിയയിലും ഉണ്ട് അവരുടേതായ ഗംഭീരം രുചികൾ. ജോർജിയൻ രുചികളിൽ കൂടുതലും വിഭവങ്ങൾ ചീസ് (പാൽ ഉത്പന്നം) ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്. ചീസ് രുചികളോട് അധികം താൽപര്യം ഇല്ലാത്തതു കൊണ്ടാവാം നമ്മുടെ നാട്ടുകാർക്ക് ജോർജിയൻരുചികൾ അത്ര പഥ്യം അല്ലാത്തത്.

ജോർജിയൻ രുചികളിലേക്കു കടക്കുന്നതിനു മുമ്പ് ടിബിലിസിയിലെ ഏറ്റവും വലിയ ദേവാലയം കാണുവാനായി തീരുമാനിച്ചു. അൽപസമയം ഒന്ന് മയങ്ങി, ഫ്രഷ് ആയതിനുശേഷം മർജിനീഷ്‌വിലി എന്ന സ്ഥലത്തു നിന്ന് മെട്രോ റെയിലിൽ കയറി അവലബാരി എന്ന േസ്റ്റഷനിൽ വന്നിറങ്ങി. പല സ്ഥലങ്ങളിലും ഭൂഗര്‍ഭ റെയിലിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ആദ്യമായി ആണ് അത്രയധികം താഴ്ചയിലുള്ള ഒരു റെയിൽവേ സിസ്റ്റം ഉപയോഗിക്കുന്നത്.

geor1

അവലബാരി മെട്രോയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ആണ് സമീബപള്ളി എന്ന് അറിയപ്പെടുന്ന ടിബിലിസിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രൽ വരെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ സമീബപള്ളി, 2004 ൽ ആണ് പണികഴിപ്പിച്ചത്.

geor2

പള്ളിയുടെ സൗന്ദര്യവും വലുപ്പവും ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. നല്ല വൃത്തിയായി സൂക്ഷിക്കുന്ന ചുറ്റുവട്ടം. റോസാപ്പൂക്കൾ നിറഞ്ഞ ഉദ്യാനങ്ങൾ. പള്ളിയുടെ ചുവരുകൾക്കുള്ളിൽ ചരിത്രം വിവരിക്കുന്ന ചിത്രങ്ങളും രേഖകളും കൊത്തുപണികളും. കണ്ടും വായിച്ചും കുറെയൊക്കെ നമുക്ക് മനസ്സിലാവും. അതിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ ഗൈഡ് തന്നെ ആശ്രയം.


തൂങ്ങിക്കിടക്കുന്ന ചുർച്ച്കേല

geor7

സമീബപള്ളിയിൽ നിന്ന് തുടങ്ങിയ ടിബിലിസി യാത്ര, ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നിന്ന് പുരാണ നഗരത്തിലേയ്ക്കും (ഓൾഡ് ടൗൺ) അവിടെ നിന്നും സൾഫർ ബാത്തുകളിലേയ്ക്കും നീണ്ടു. ടിബിലിസി മഹാനഗരത്തിൽ തലയെടുത്തു നിൽക്കുന്ന നാരിക്കാലാകൊത്തളത്തിന്റെ പാദങ്ങളിൽ തൊട്ടു കിടക്കുന്ന പുരാണനഗരം. വലിയ ഒരു വഴിയുടെ ഇരുവശങ്ങളിലുമായി കെട്ടിപിണഞ്ഞു കിടക്കുന്ന അനേകം ചെറുവഴികൾ. ഈ വഴികളുടെയെല്ലാം ഇരുവശങ്ങളിലും പ്രാചീനവസ്തുക്കൾ വിൽക്കുന്ന കടകൾ, ബേക്കറികൾ, ചെറിയ വെണ്‍കളിമാടങ്ങൾ ഉള്ള പഴയവീടുകളും സത്രങ്ങളും. പഴയകാല യൂറോപ്യൻ സിനിമകളിൽ കാണുന്ന നഗരങ്ങളോട് വളരെ സാമ്യം തോന്നുന്ന ഇടം.

ഓൾഡ് ടൗണിലൂടെ നടക്കുമ്പോൾ തന്നെ വഴിയരികിൽ എന്തൊക്കെയോ കെട്ടിത്തൂക്കിയിട്ട് വിൽക്കുന്നത് കണ്ടു. ചുവപ്പ്, കദളി, നീല, അങ്ങനെ പലനിറത്തിൽ മെഴുകുതിരി പോലെ തോന്നിക്കുന്നു. ലിജോയോട് അന്വേഷിച്ചപ്പോൾ അതിന്റെ പേര് ചുർച്ച്കേല എന്നാണെന്ന് അറിഞ്ഞു. എന്നാൽ ചുർച്ച്കേല വാങ്ങി കഴിച്ചിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു. തൂക്കിയിട്ട മെഴുകുതിരി ചുർച്ച്കേലകളിൽ ഒന്ന് എടുത്തു മുറിക്കുവാൻ നോക്കിയപ്പോൾ അത് റബ്ബർ പോലെ കട്ടിയുള്ളതായിരുന്നു. മധുരമുള്ളതെങ്കിലും ചവച്ചാൽ ചവ ഏൽക്കാത്ത ഒരു പലഹാരമാണ് ഈ ചുർച്ച്കേല. മുന്തിരി ആണ് പ്രധാനചേരുവ. മുന്തിരിചാറും, പിശിടും (ചാറെടുത്ത ശേഷം ബാക്കി വരുന്ന തൊലി), അണ്ടിപരിപ്പും ഒക്കെ ചേർത്ത് തിളപ്പിച്ച് കുറുക്കി ഉണക്കി എടുക്കുന്ന ഒരു വിഭവം. ജോർജിയക്കാർക്കു ഇത് ഇടയ്ക്കൊക്കെ കൊറിക്കുവാൻ ഇഷ്ടമാണത്രേ.

ചുർച്ച്കേല കൊറിച്ചും കൊണ്ട് ഞങ്ങൾ മുന്നോട്ട് നടന്നു. മുന്നിൽ വഴിയുടെ ഒരു വശത്തു കൂടി ശാന്തമായി ഒഴുകുന്ന ഒരു നദി കണ്ടു- മറ്റ്ക്വാറിനദി. ഈ നദിക്ക് കുറ എന്നും പേര് ഉണ്ടത്രേ. നദിക്ക് കുറുകെ ഒരു അമ്പിന്റെ ആകൃതിയിൽ പണിത പാലം കണ്ടപ്പോൾ കൗതുകം തോന്നി. ‘ബ്രിഡ്ജ് ഓഫ് പീസ്’ എന്നാണ് ഈ പാലത്തിന്റെ പേര്. സ്റ്റീലും ഗ്ലാസും ഉപയോഗിച്ച് പണിത ഈ പാലം ടിബിലിസിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ നദിയുടെ മറുവശത്ത് ഗോർഗാസാലി രാജാവിന്റെ ശിലാപ്രതിമയും അതിനു അപ്പുറത്തായി മെറ്റേകിപള്ളിയും കണ്ടു. ഗോർഗാസാലിരാജാവാണ് ടിബിലിസിയുടെ സ്ഥാപകൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് പുരാണ ടിബിലിസിയുടെ കവാടത്തിൽ തന്നെ സ്ഥിതിചെയ്യുന്നതിന് എല്ലാ അർഹതയും ഉണ്ട്.


സൾഫർ കുളത്തിലൊരു നീരാട്ട്

geor3

കുറേ ദൂരം നടന്ന് ഞങ്ങളെത്തിയത് പടുകൂറ്റൻ കൂണാകൃതിയിലുള്ള സൾഫർ ബാത്തുകൾക്ക് മുന്നിലാണ്. കാഴ്ചയ്ക്കു മുമ്പ് തന്നെ മൂക്കു ചുളിക്കുന്ന രൂക്ഷഗന്ധം അനുഭവപ്പെട്ടു. സൾഫറിന്റെ ഗന്ധം ആണ്, ഉദ്ദേശം വെടിമരുന്നിന്റെ മണം പോലെ. കൂണിന്റെ തല പോലെ എനിക്കു തോന്നിയ വലിയ സൾഫർ ബാത്തുകളിൽ ഒന്നിലേക്ക് ഞങ്ങളും കയറി. സൾഫർബാത്തിന്റെ അകത്തേയ്ക്കു നടക്കുന്തോറും രൂക്ഷഗന്ധം കൂടി കൂടി വന്നു.

അകത്തുചെന്നപ്പോൾ ബാത്തിന്റെ റിസപ്ഷനിൽ നല്ല ഉയരവും ഒത്തതടിയും ഉള്ള ഒരാൾ ഞങ്ങളെ സ്വീകരിച്ചു. സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞു സൾഫർ ബാത്തിൽ കുളിക്കുവാൻ ഒരാൾക്ക്150 ലാറിയാവും. പക്ഷെ ഞങ്ങൾ അത് സംസാരിച്ച്100 ലാറി വരെ എത്തിച്ചു (അതായത് ഉദ്ദേശം 2350 രൂപ). അനേകം മുറികൾ ഉള്ള ഒരു സൾഫർ ബാത്തിന്റെ ഒരു മുറിയിലെ ബാത്ടബ്ബിലേയ്ക്ക് സ്വിമ്മിങ്സ്യൂട്ടൊക്കെ ധരിച്ച് ഇറങ്ങി. വെള്ളത്തിനു നല്ല ചൂടാണ്. ആ ചൂടു വെള്ളത്തിൽ അധികനേരം ഇരിക്കുവാൻ പറ്റില്ല. എന്നാലും പത്തുമിനിട്ടു ഇടവേളയിൽ വെള്ളത്തിലും പുറത്തുമായി ഒരു മണിക്കൂർ സൾഫർബാത്ത് നടത്തി. കുളി കഴിഞ്ഞപ്പോഴേക്കും വിശപ്പ് കത്തിപ്പടർന്നു.

ഇനിയിപ്പോൾ നല്ല ജോർജിയൻ രുചികൾ കിട്ടിയേ തീരൂ. സൾഫർബാത്തിൽ നിന്നും നേരെ ഒരു ഫുഡ്സ്ട്രീറ്റിലേക്കാണ് പോയത്. അനേകം റസ്റ്ററന്റുകൾ ഉള്ള ഫുഡ് സ്ട്രീറ്റിലെ ഒരു കടയിൽ കയറി അവരുടെ മെനു ലിജോയുടെ സഹായത്തോടെ വായിച്ചു പഠിക്കുവാൻ ഒരു ശ്രമം നടത്തി. നടന്നില്ല. അവസാനം മെനു ഒക്കെ മാറ്റി വച്ച് ഗൂഗിളിൽ നിന്നും വായിച്ച് മനസ്സിലാക്കിയ കുറച്ച് ജോർജിയൻ വിഭവങ്ങൾ കഴിക്കുവാൻ തീരുമാനിച്ചു.


ജോർജിയൻ രുചികളിലൂടെ...

geor6

ജോർജിയൻ രുചികളെ കുറിച്ച് പറയുമ്പോൾ ഖിങ്കാളി എന്ന മോമൊ രൂപത്തിലുള്ള വിഭവം ആദ്യമേ തന്നെ പരിചയപ്പെടണം. ജോർജിയക്കാർ പറയുന്നത് ഒരു നല്ല ഖിങ്കാളിക്ക് കുറഞ്ഞത് 20 മടക്ക് എങ്കിലും ഉണ്ടാവണം എന്നാണ്. പക്ഷെ, നല്ല കുരുമുളക് ഒക്കെ തൂകി മേശപ്പുറത്ത് എത്തിയ ഖിങ്കാളിയുടെ മടക്ക് എണ്ണുവാനുള്ള ക്ഷമ ഒന്നും അന്നേരത്ത് ഇല്ലായിരുന്നു.

ഇറച്ചിയോ പച്ചക്കറികളോ ഒക്കെ കുനുകുനെ അരിഞ്ഞ് മൈദ കൊണ്ടുണ്ടാക്കിയ ഒരുപുറം ചട്ടയിൽ പൊതിഞ്ഞ് ആവികയറ്റി കൊണ്ടുവരുന്ന ഖിങ്കാളി കഴിക്കുന്നതിനും ഒരു രീതി ഉണ്ട്. നല്ല ചൂട് ഖിങ്കാളിയുടെ ഒരു അറ്റം ചെറുതായി ഒന്ന് കടിച്ച് പൊട്ടിച്ചിട്ട് അതിലെ രസം ആദ്യമേ തന്നെ വലിച്ചു കുടിക്കണം. നന്നായി വെന്ത ഇറച്ചിയുടെയും പച്ചക്കറികളുടെയും കുരുമുളകിന്റെയും വാസനയും രുചിയുമാണ് അപ്പോൾ നമുക്ക് ആ രസത്തിൽ നിന്നും ലഭിക്കുക. ആവശ്യമെങ്കിൽ കുറച്ചുകൂടി കുരുമുളക് ആ പൊട്ടിച്ച ഇടത്തിലൂടെ തൂവി നമുക്ക് ഈ ജോർജിയൻ മോമൊ കഴിക്കാവുന്നതാണ്.

ഖിങ്കാളി ആസ്വദിച്ച് കഴിച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ അടുത്ത വിഭവത്തിലേയ്ക്ക് നീങ്ങി- കഛാപൂരി അഡ്ജാറൂളി. ഇത് ശരിക്കും ചീസ് സ്നേഹിക്കൾക്കായി മാത്രമുള്ള ഒരു വിഭവമാണ്. ഇത് പാകം ചെയ്യുവാൻ മൈദാമാവ്‌ കുഴച്ച് ചപ്പാത്തിയെക്കാൾ വലുപ്പത്തിലും ഖനത്തിലും പരത്തി അതിൽ ഇഷ്ടം പോലെ ചീസ് നിരത്തി അരികുകൾ മടക്കി ഓവനിൽ ബേക്ക് ചെയ്‌ത്‌ എടുക്കും. അതിനു ശേഷം ഒരു മുട്ട പൊട്ടിച്ച് അതിനു മുകളിൽ ഒഴിച്ച് വീണ്ടും ഒരൽപം ചീസ് ആ മുട്ടയ്ക്ക് മുകളിൽ വിതറി ഒരിക്കൽ കൂടി ബേക്ക് ചെയ്യും. അങ്ങനെ ബേക്ക് ചെയ്ത് എടുത്ത കഛാപൂരി അഡ്ജാറൂളി കാണാൻ ബ്രെഡിൽ ചീസ് നിറച്ചിട്ട് മുട്ട ബുൾസ്ഐ അതിനു മുകളിൽ വെച്ചതു പോലെ ഉണ്ടാവും. പക്ഷെ, തീർന്നിട്ടില്ല, ഇതിനു എല്ലാം മുകളിൽ വീണ്ടും കുറെയേറെ ബട്ടർ ഒക്കെ തൂകിയാണ് നമ്മുടെ തീൻമേശയിൽ എത്തുന്നത്.. കഛാപൂരിഅഡ്ജാറൂളി കഴിക്കുവാനും ഒരു ചീസ്ബോംബ് പോലെ തന്നെയാണ്.

geor9

ഇതിനൊക്കെ പുറമേ ബ്രെഡും അതിനു കൂടെ കഴിക്കുവാൻ രണ്ടുകറികളും ഉണ്ടായിരുന്നു. ഈ കറികളിൽ ഒന്നിന് ചഖോഖ്‌ബിലി എന്നും മറ്റേതിന് ചീഷിപീഷി എന്നുമാണ് ജിജോ പറഞ്ഞത്. ചഖോഖ്‌ബിലി എന്ന കറിക്ക് ചിക്കൻ ഒന്ന് റോസ്ട് ചെയ്തതിനു ശേഷം അത് തീർത്തും മസാല ഒന്നും ചേർക്കാതെ ഉണ്ടാക്കിയ തക്കാളികറിയിൽ ഇട്ട് തിളപ്പിച്ച് തരുന്ന ഒരു ഫീൽ ആയിരുന്നു. എന്നാൽ ചീഷിപീഷിയുടെ കാര്യം പറഞ്ഞാൽ അതേ തക്കാളികറിയിൽ നിന്നും റോസ്റ്റ് ചെയ്ത ചിക്കൻ എല്ലാം മാറ്റിയിട്ട് മുട്ട മുകളിൽ പൊട്ടിച്ച് ഒഴിച്ച ഒരു രുചിയും. ഇവയെ രണ്ടിനെയും നമ്മൾ കേരളീയരുടെ കറികളുമായി ഒരിക്കലും താരതമ്യം ചെയ്യാൻപാടില്ല. എങ്കിലും ആ വിഭവത്തെ കുറിച്ച് മനസ്സിലാക്കാൻ ഈ ഉപമ ഉപകരിക്കും. എന്തൊക്കെ പറഞ്ഞാലും ആ ബ്രെഡ് കഴിക്കുവാൻ ഇവ തരക്കേടില്ലായിരുന്നു.

geor5

ജോർജിയൻ രുചികളിൽ ഏറെ ഇഷ്ടപ്പെട്ടത് ഖിങ്കാളി മാത്രമായിരുന്നു. പിന്നീട് ഞങ്ങൾ ജോർജിയയുടെ ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ചപ്പോൾ ജോർജിയൻ വൈനും ജോർജിയൻമീനും ഉൾപ്പെടെ മറ്റു പല രുചികളും എന്റെ മനസ്സ് കവർന്നു.


Tags:
  • Manorama Traveller