Wednesday 02 February 2022 03:07 PM IST : By Text: Easwaran Seeravally

ചെന്നൈ നാലുമണി ബിരിയാണിയും മധുര കറിദോശയും മുതൽ പഞ്ചാബി ലസ്സി വരെ! ഗോവിന്ദിന്റെ കൊതിയൂറും യാത്രാനുഭവങ്ങൾ...

govind332 Photos: P. Govind

രുചി നിറയുന്ന വഴികളാണ് ഗോവിന്ദിന്റെ യാത്രകളെ വേറിട്ടതാക്കുന്നത്. ചെന്നൈയിലെ നാലുമണി ബിരിയാണിയും മധുരയിലെ കറിദോശയും ജിഗർതണ്ടയും മുതൽ പഞ്ചാബി ലസ്സി വരെ കൊതിയൂറും യാത്രാനുഭവങ്ങൾ... 

തൃശൂർ ആമ്പല്ലൂർ സ്വദേശിയായ പി. ഗോവിന്ദിന്റെ യാത്രകളെ ഹരം പിടിപ്പിക്കുന്നത് ഡസ്റ്റിനേഷനുകളിലെ ഭക്ഷണ വിഭവങ്ങളാണ്. കേരളം, തമിഴ്നാട്, ഗോവ,  എന്നു വേണ്ട ഡൽഹിയിലെയും നേപ്പാളിലെയും തെരുവുകളിലൂടെ വരെ ഗോവിന്ദിനെ നടത്തിയത് പലതരം രുചികളും വിഭവങ്ങളുമാണ്...

IMG_20190601_095224__01

ഫുഡ് കൂട്ടായ്മ

നാട്ടിൽ രമേഷ് ചേട്ടന്റെ തുണിക്കടയിൽ വർത്തമാനം പറഞ്ഞിരുന്ന ‘പിള്ളേരു സെറ്റ്’ ആണ് പിന്നീട് ഒരു ഫുഡ് ക്ലബ് ആയി മാറിയത്. ഓരോരുത്തരും അൻപതു രൂപ വെച്ച് സംഭാവന ഇടും, ഏതാനും മാസം കൊണ്ട് ഒരു തുക എത്തുമ്പോൾ എല്ലാവരുംകൂടി നല്ലൊരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കും. ഇതായിരുന്നു പതിവ്. ബിരിയാണി, ഫ്രൈഡ് റൈസ്, പൊറോട്ടയും ബീഫും, പലതരം മീൻ വിഭവങ്ങൾ, മസാലദോശ ഇതൊക്കെ ആയിരുന്നു അന്നത്തെ പേരുകേട്ട വിഭവങ്ങൾ. പിന്നീട് ഓരോരുത്തരായി പലവഴിക്ക് പിരിഞ്ഞെങ്കിലും ഗോവിന്ദും ചില കൂട്ടുകാരും ആ യാത്രകൾ ഇന്നും തുടരുന്നു. 

2016 ൽ ആണ് ഇൻസ്റ്റഗ്രാമിൽ കേരള ഫുഡി ട്രാവലർ എന്ന അക്കൗണ്ട് തുടങ്ങി യാത്രകൾ പോസ്‌റ്റ് ചെയ്യാൻ ആരംഭിച്ചത്. അന്ന് ഇൻസ്റ്റഗ്രാം ഇപ്പോഴത്തെ അത്ര പരിചിതമായിട്ടില്ല. എന്നിട്ടും സാവധാനം 5000–6000 ഫൊളോവേഴ്സ് ഉള്ള, രണ്ടാമതും മൂന്നാമതും ഒക്കെ എത്തുന്ന പേജായി കേരള ഫുഡി ട്രാവലർ. അതോടെ പുതുമയും വ്യത്യസ്തതയും തേടിയുള്ള യാത്ര അതിരുകൾ ഇല്ലാത്തതായി. രമേഷ്, ശ്രീജിത്ത്, വിഷ്ണു, അഖിൽരാജ്, കാർത്തിക് എന്നീ സുഹൃത്തുക്കൾ മുന്നണിയിലും പിന്നണിയിലുമായി ഒപ്പമുണ്ട്. 

govind33e54

തമിഴ്നാടിന്റെ ഫുഡ് ക്യാപിറ്റൽ

ക്ഷേത്രനഗരമായാണ് മധുരയെ സഞ്ചാരികൾ അറിയുന്നത്. എന്നാൽ തമിഴകത്തിന്റെ ഫുഡ് ക്യാപിറ്റൽകൂടി ആണ് ഇവിടം. കറിദോശ, ബൺപൊറോട്ട, ജിഗർതണ്ട, മുരുകൻ ഇഡ്‌ലി തുടങ്ങി പല വിഭവങ്ങളുടെയും തുടക്കമിട്ടത് ഇവിടെ നിന്നാണ്. തനത് മധുര വിഭവങ്ങൾ ആസ്വദിക്കാൻ ഒരു പ്രഭാതം മുതൽ രാത്രി വൈകുവോളം ഭക്ഷണശാലകളിലൂടെ അലഞ്ഞു. 

പ്രഭാതഭക്ഷണം ഏറെ പ്രശസ്തമായ മുരുകൻ ഇഡ്‌ലി ഷോപ്പിലെ പൊടി ഇഡ്‌ലി. ഒന്നു തൊട്ടാൽ കയ്യിലിരിക്കുന്നത്ര മൃദുവായ പൊടി ഇഡ്‌ലി നാലു തരം ചട്ണിയും സാമ്പാറും കൂട്ടി കഴിക്കാം. തിരക്കില്ലാത്ത മുരുഗൻ ഷോപ് മധുരയിലോ ചെന്നൈയിലോ കാണാനേ സാധിക്കില്ല. ഒരു നൂറ്റാണ്ടായി കാപ്പി വിൽക്കുന്ന വിശാലം കോഫി ഷോപ് ആയിരുന്നു അടുത്ത അദ്ഭുതം. ഇവിടെ കാപ്പി എടുക്കുന്നതുതന്നെ ഒരു കാഴ്ചയാണ്. രണ്ടു ജോലിക്കാരേ ഉള്ളു, കാപ്പികുടിക്കാൻ വലിയൊരു ആൾക്കൂട്ടവും. ഒരാൾ 10–50 ഗ്ലാസ് കഴുകി നിരത്തുന്നു, മറ്റെയാൾ തിളച്ചവെള്ളം വലിയ കപ്പിൽ എടുത്ത് ഫിൽറ്റർ കോഫി തയ്യാറാക്കി ഈ ഗ്ലാസുകളിലേക്ക് പകരുന്നു... അവിടെ ചായ ഇല്ല, ഒരു ചെറുകടി പോലും കിട്ടില്ല.  

A11I3296

ഉച്ചയോടെ കൃഷ്ണ മെസ്സിലെ മട്ടൻ ലെഗ് ബിരിയാണി. ബിരിയാണിക്കു കൂടുതൽ ഫ്ലേവർ നൽകുന്ന ഇറച്ചി മട്ടൻതന്നെയാണ്. അതിനുശേഷം ശ്രീജാനകീ റാമിലെ ഐരമീൻ കറി രുചിച്ചു. കേരളത്തിലെ കൊഴുവ മീനിനെക്കാളും ചെറിയ ഒരു ശുദ്ധജല മീനാണ് ഐര. കിലോയ്ക്ക് 2000 രൂപ വരെ വിലയുള്ളത്. ഇവിടെ ഐര മീനിനെ ചൂടുപാലിൽ ഇട്ട് കൊന്നിട്ടാണത്രേ കറിവയ്ക്കുന്നത്. ജാനകീറാമിലെ രുചികരമായ മറ്റൊരിനം മട്ടൻ ചുക്ക ആയിരുന്നു. 

കൊണാർ കടൈയിൽ ആണ് കറി ദോശയുടെ ജനനം. എല്ലാ കറി ദോശയുടെയും അടിസ്ഥാനം മട്ടൻ സ്റ്റ്യൂ ആണ്. ആദ്യം കല്ലിൽ ദോശമാവ് ഒഴിച്ച് പരത്തിയ ശേഷം അതിലേക്ക് മട്ടൻ സ്റ്റ്യൂ ചേർക്കും, ഒപ്പം മുട്ടയും മറ്റും ചേർത്ത് ഇളക്കി വട്ടത്തിൽ പരത്തി ദോശയുെട രൂപത്തിലാക്കും. തുടർന്ന് ഏതു കറിദോശയാണോ അതിന്റെ ടോപിംഗും കൂടി ചെയ്യുന്നതോടെ ഗംഭീരൻ കറി ദോശ റഡി... മധുരയിലെ മറ്റൊരു പ്രശസ്ത വിഭവം ബൺ പൊറോട്ടയാണ്. ചെറിയൊരു ബണ്ണിന്റെ രൂപത്തിൽ വീർത്തിരിക്കുന്ന, എണ്ണമയമുള്ള  ഈ വിഭവം മട്ടൻ ഫാറ്റ് ഗ്രേവി കൂട്ടി കഴിക്കണം. ആ രുചി കഴിച്ചുതന്നെ അറിയേണ്ടതാണ്! 

ജിഗർതണ്ട എന്ന പേര് മധുരയിൽ എത്തും മുൻപേ കേട്ടിട്ടുണ്ട്. പാലും ബദാമും ചേരുന്ന ഈ മധുരപാനീയം തണുപ്പിച്ച പാലട പോലെയാണ് എന്നു പറയാം... വളരെയധികം പഴക്കം അവകാശപ്പെടുന്ന ഈ പാനീയം രൂപപ്പെടുത്തിയ കടയുടെ പേരായിരുന്നു ജിഗർതണ്ട എന്നും പിന്നീട് അത് പാനീയത്തിന്റെ തന്നെ പേരായി മാറുകയും ആയിരുന്നത്രേ.

govind4323

തിരുനെൽവേലി ഹൽവയും പേരില്ലാ കടകളും 

തിരുനെൽവേലി ഹൽവ അതിന്റെ ആധികാരികമായ രുചിയിൽ ആസ്വദിക്കാൻ അവിടത്തെ ഇരുട്ടുക്കടൈയിൽ ചെന്നു. ഹൽവ ഉണ്ടാക്കിതുടങ്ങിയ ആ കടയ്ക്ക് ഇന്നുവരെ പേരിട്ടിട്ടില്ല, എല്ലാ ദിവസവും വൈകുന്നേരം 5.15 ന് കട തുറക്കും. അപ്പോൾ‍ അവിടെ ഉള്ളവർക്ക് ഹൽവ വിൽക്കും, ഹൽവ തീരുന്നതോടെ കട അടയ്ക്കും. നൂറു വർഷമായി തുടരുന്ന പതിവാണിത്. ഇരുട്ടുമ്പോൾ തുറക്കുന്ന കടയായതിനാൽ ഇരുട്ടുക്കടൈ എന്ന് ജനങ്ങൾ പേരിട്ടു. ഇന്നും കടയുടെ സമയത്തിൽ മാറ്റം വരുത്താനോ പുതിയ ശാഖ തുടങ്ങാനോ അവർ ശ്രമിച്ചിട്ടില്ല. 

ചെന്നൈയിലെ ഫുഡി ട്രാവലിൽ പരിചയപ്പെട്ട ഒരു കടയാണ് ജനാൽ കടൈ. അത് കടയുടെ പേരല്ല,  ജനലിൽക്കൂടി വിഭവങ്ങൾ തരുന്ന കടയുടെ പേര് കാലക്രമത്തിൽ ജനാൽ കടൈ എന്നായി മാറിയതാണ്. 

govubngftyfd

ചെന്നൈയിലെ ഫുഡ് ജേണിയിൽ ഏറെ ഓർക്കാനുള്ള അനുഭവങ്ങളുണ്ട്. അതിലൊന്നാണ് നാലുമണി ബിരിയാണി. ഈ നാലുമണി സായാഹ്നത്തിലേതല്ല, പുലർച്ചെ നാലുമണിയാണ്. തൊഴിലാളികളെ ഉദ്ദേശിച്ചാണ് ബിരിയാണി വിൽക്കാൻ തുടങ്ങിയത്, ഇന്ന് ഐടി മേഖലയിലെ ചെറുപ്പക്കാർ ഉൾപ്പടെ ഒട്ടേറെ ആൾക്കാർ ആവശ്യക്കാരായുണ്ട്. 

മസാലദോശയ്ക്ക് ക്യൂ

ബെംഗളൂരുവിലെ യാത്രയിലാണ് ജീവിതത്തിൽ അതുവരെ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത അനുഭവം ഉണ്ടായത്. രാവിലെ എട്ട്–ഒൻപത് മണിക്ക് പ്രഭാതഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂർ ക്യൂ നിൽക്കേണ്ട അവസ്ഥ... ഇന്ത്യയിൽ ഏറ്റവും അധികം മസാലദോശ വിൽക്കുന്ന ഹോട്ടൽ എന്ന് പ്രശസ്തമായ വിദ്യാർഥിഭവനിലാണ് ഈ അനുഭവം ഉണ്ടായത്. എഴുപത്തി അഞ്ച് വർഷം പഴക്കമുള്ള ഹോട്ടൽ ഇന്നും പഴയ കെട്ടിലും മട്ടിലും തന്നെ, പക്ഷേ, അവിടത്തേതു പോലെ ഒരു മസാലദോശ വേറെ എങ്ങും കഴിച്ചിട്ടില്ല. അത്ര നെയ്യ് ഉപയോഗിക്കുന്നതും വേറെങ്ങും കണ്ടിട്ടില്ല... 

IMG_20190919_092423_Bokeh

റവയിൽ വറുത്ത മീൻ

ഗോവ യാത്ര കഴിയുമ്പോൾ പലരും പറയും, ‘ഫുഡ് ഭയങ്കര ചെലവാ’ എന്ന്. അതറിയാനാണ് ഗോവയിലേക്ക് ഒരു ട്രിപ് ഇടുന്നത്. എന്നാൽ അവിടെ 30–40 രൂപയ്ക്ക് ഊണ്, 20 രൂപയ്ക്ക് മീൻ വറുത്തത് ഒക്കെ കിട്ടി. വിനോദസഞ്ചാര കേന്ദ്രങ്ങളോട് സമീപത്ത് അൽപം ഉള്ളിലേക്ക് മാറിയാൽ, സാധാരണ ജോലിക്കാരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്ന നാടൻ കടകൾ ഉണ്ട്. അവിടെ പോകണമെന്നു മാത്രം. അത്തരത്തിൽ കഴിച്ച ഒരു വിഭവമാണ് മീൻ റവയിൽ മുക്കി വറുത്തത്. മീനിനെ കുറച്ചുകൂടി ക്രിസ്പിയാക്കി രുചി കൂട്ടുന്നു ഈ ചേരുവ. ബ്രഡ് ഉണ്ടാക്കാൻ വളരെ പ്രഗൽഭരായ ഗോവക്കാരുടെ ചില ബർഗറുകൾ 50 രൂപയ്ക്ക് കിട്ടി. ഗോവൻ സസ്യഭക്ഷണവും രുചികരമാണ്. 

മുംബൈയിലെ ഇറാനിയൻ രുചി

മുംബൈ യാത്രയിൽ എന്നെന്നും ഓർത്തിരിക്കുന്നത് അവിടത്തെ പരമ്പരാഗത ഇറാനിയൻ കഫെയിൽ ബണ്ണും ചായയും കഴിച്ചതാണ്. പഴയ കസേരകളും മേശകളും അലമാരികളും...  വർഷങ്ങളുടെ പഴക്കമുള്ള കടകൾ ഇന്നും അതേ അന്തരീക്ഷം നിലനിർത്തുന്നു. അവിടിരുന്ന് കഴിക്കുമ്പോൾ നാം അറിയാതെതന്നെ വർഷങ്ങൾ പിറകോട്ടു പോകും. കീമാ ബൺ, ബൺ മസ്കാര, മസാല ചായ തുടങ്ങി ഒരുപിടി വിഭവങ്ങൾ ഇവിടെ രുചിച്ച് അറിയാം. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ കഴിക്കാനും പണമുള്ളവർക്ക് അതിന്റേതായ ആഡംബരത്തിലിരുന്നു കഴിക്കാനും മുംബൈയിൽ സൗകര്യമുണ്ട്. സ്ട്രീറ്റ് ഫുഡും മറാഠി വിഭവങ്ങളും ഒരു ഫുഡിട്രാവലറിന് വലിയ പ്രലോഭനങ്ങളാണ് എന്നും.  

IMG_20191010_142001

മേഘാലയൻ വിസ്മയങ്ങൾ

സുഹൃത്ത് ശ്രീജിത്തിനൊപ്പമായിരുന്നു  മേഘാലയ യാത്ര. ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറെ വ്യത്യസ്തമായ രുചികൾ കാണാനും അറിയാനും അവസരം തന്ന യാത്രയായി ഇത്. പോർക്കാണ് മേഘാലയയിലെ പ്രധാന ഇറച്ചി, ബീഫും ഉണ്ട്.  പാമ്പും പട്ടിയും പൂച്ചയും ഒക്കെ ഇവിടെ തീൻമേശയിൽ എത്തും. 

സഞ്ചാരികൾ നേരിടുന്ന ഒരു പ്രശ്നം ഇവിടുത്തുകാർക്ക് ഹിന്ദിയും അറിയില്ല ഇംഗ്ലീഷും അറിയില്ല എന്നതാണ്. ഒരിക്കൽ ഒരു ചെറിയ കടയിൽ കയറിയ ഞങ്ങൾ തൊട്ടപ്പുറത്തിരുന്നു കഴിച്ച ആളിന്റെ കിണ്ണത്തിലേക്ക് ചൂണ്ടിക്കാണിച്ചാണ് ഓർഡർ ചെയ്തത്...  

മീൻ അഴുകിച്ച് മൂന്നുവർഷം സൂക്ഷിച്ചുവച്ചിട്ട് ഉണ്ടാക്കുന്നതാണത്രേ മേഘാലയയിലെ രസകരമായ ഒരു സ്പെഷൽ ചമ്മന്തി. എല്ലാവരുംതന്നെ വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും ഉപയോഗിച്ച് മുറുക്കും. പശുവിന്റ വാൽകൊണ്ടുള്ള ഒരു രസികൻ സൂപ്പ് കണ്ടതും മറക്കാനാവില്ല. ഇനിയും സഞ്ചാരികൾ സജീവമായി കടന്നു ചെല്ലാത്ത ഒട്ടേറെ ഗ്രാമങ്ങളുള്ള സംസ്ഥാനമാണ് മേഘാലയ. ഇവിടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ മലയും കാടും ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നു ഇപ്പോൾ. 

മറക്കാത്ത രുചികൾ

പഞ്ചിലെ അമൃത്‌സറിൽ കഴിച്ച ലസ്സിയും ഓൾ‌ഡ് ഡൽഹിയിലെ നിസാമുദ്ദിൻ ദർഗയ്ക്കു സമീപമുള്ള കടകളിൽനിന്നു രുചിച്ച മുഗൾ വിഭവങ്ങളും ഫോർട്ടുകൊച്ചിയിൽ കേരളത്തിന്റെ പലഭാഗത്തുനിന്നു വന്ന പെൺകുട്ടികൾ അടക്കമുള്ളവരെ ചേർത്ത് നടത്തിയ ഫുഡ്‌വാക്ക് ഇവന്റും ഒന്നും മറക്കാനാവില്ല. ഹൈദരാബാദിൽ പെരുന്നാൾ സമയത്ത് ഏഴുദിവസം തങ്ങി ഏഴിടത്തുനിന്ന് ഹൈദരബാദ് ബിരിയാണി കഴിച്ചതും കറാച്ചി ബിസ്കറ്റും ഹലിമുകളും രുചിച്ചതും നവരാത്രി കാലത്ത് ബംഗാളിൽ രസഗുളയും രസ്മലായിയും പരമ്പരാഗതമായി തയ്യാറാക്കുന്ന ഇടങ്ങൾ തേടി നടന്നതും  കാഠ്ണ്ഡുവിലെ നാടൻ ഭക്ഷണവഴികളും ഒന്നും പറയാതെ ഫുഡ് ജേണികൾ പൂർത്തിയാകുന്നില്ല... പരമ്പരാഗതമായ രീതിയിലുള്ള മൈസൂർ കേസരി, മൈസൂർ പാക്ക് ആദ്യമായി ഉണ്ടാക്കിയതെന്നു കണക്കാക്കുന്ന ഗുരു സ്വീറ്റ്സ്, മൈലാടി ദോശ, ഇന്ത്യയുടെ ഫുഡ് ക്യാപിറ്റൽ എന്നു വിശേഷിപ്പിക്കുന്ന ലഖ്നൗ ഒക്കെ ബക്കറ്റ് ലിസ്‌റ്റിലാണ്. കഴിച്ച രുചികൾ മനസ്സിൽ മധുരം നിറയ്ക്കുന്നു, കഴിക്കാനുള്ളത് മനസ്സിനെ മധുരതരമാക്കുന്നു.

Tags:
  • Food and Travel
  • Manorama Traveller