Wednesday 24 November 2021 03:23 PM IST

കാക്കത്തുരുത്തിൽ കറങ്ങി വരുമ്പോഴേക്കും രുചിയുടെ പെരുന്നാളായിരിക്കും! ചൂരത്തലയും കക്കയിറച്ചിയും രുചിമേളം തീർക്കുന്ന ഷാപ്പ്

Baiju Govind

Sub Editor Manorama Traveller

shap

ചേട്ടാ, കാക്കത്തുരുത്തിലെ കള്ള് ഷാപ്പിലേക്കുള്ള വഴി ഏതാ..? എരമല്ലൂർ ജംക്‌ഷനിലെ ബസ് േസ്റ്റാപ്പിൽ ബീഡി വലിച്ചു നിന്ന ഒരാളോടായിരുന്നു ചോദ്യം. ആവുന്നത്രയും പുച്ഛം മുഖത്തു നിറച്ച് നെറ്റി ചുളിച്ച് ആശാൻ കനപ്പിച്ചൊന്നു നോക്കി. ‘‘വെട്ടം വീഴുമ്പോഴേക്കും വണ്ടീം പിടിച്ച് കള്ളു കുടിക്കാൻ പോകുവാണോ..?’’ ചോദ്യം ആ നോട്ടത്തിൽ തെളിഞ്ഞു നിന്നു. ഷാപ്പിലെ കറികൾ കഴിക്കാനാണെന്നു പറഞ്ഞപ്പോൾ അങ്ങേരുടെ കോപം സ്നേഹത്തിനു വഴിമാറി. അടുത്ത നിമിഷം തലവെട്ടിച്ച് തൊണ്ണൂറു ഡിഗ്രി ആംഗിളിൽ കിഴക്കോട്ടു വിരൽ ചൂണ്ടി. അതു പിന്തുടർന്ന് എരമല്ലൂരിൽ നിന്നു കാക്കത്തുരുത്തിലേക്കുള്ള ടാറിട്ട റോഡിലേക്ക് വണ്ടി തിരിച്ചു. വള്ളക്കടവിൽ എത്തിയപ്പോൾ അവിടമാകെ മസാലക്കൂട്ടിന്റെ സുഗന്ധം. ഓല മേഞ്ഞ കുടിലിലേക്ക് കാലെടുത്തു വയ്ക്കുന്നതിനു മുമ്പ് വെളുത്ത ബോർഡിലെഴുതിയ കറുത്ത അക്ഷരങ്ങൾ വായിച്ചു : ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം..’

ആ സംഗതിയുമായി ഈ യാത്രയ്ക്ക് ബന്ധമില്ല. ഇത്രയും കാലം പറഞ്ഞു കേട്ട ഷാപ്പ് കറിയും ഷാപ്പിൽ കിട്ടുന്ന മറ്റു വിഭവങ്ങളും മാത്രമാണ് ലക്ഷ്യം. അതുകൊണ്ടു തന്നെ ഷാപ്പിലേക്കു നോക്കാതെ നേരേ അടുക്കളയിലേക്കു കയറി. കരിമീനും ചെമ്മീനും ഞണ്ടും മസാലയണിഞ്ഞ് എണ്ണയിൽ മുങ്ങാൻ ഒരുങ്ങിയിരിക്കുന്നു.

shap-2

‘‘ഇതൊക്കെയൊന്നു പൊരിച്ചെടുക്കട്ടെ. അപ്പോഴേക്കും വള്ളത്തിൽ കയറി കാക്കത്തുരുത്തിലൊന്നു കറങ്ങിക്കോ. ’’ ഷാപ്പിന്റെ നടത്തിപ്പുകാരനായ നിഥിൻ പറഞ്ഞു. ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ക്ഷണം നിഷേധിച്ചില്ല. ചെറു വള്ളമെടുത്ത് വെള്ളത്തിൽ തുഴയെറിഞ്ഞു. ഇരുനൂറ്റമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന കാക്കത്തുരുത്ത് ചെറിയ ദ്വീപാണ്. കായലിനു നടുവിൽ പച്ചയണിഞ്ഞു നിൽക്കുന്ന ഗ്രാമം. അവിടേക്കു പോകാൻ പാലമില്ല, റോഡുമില്ല. മറു കരയ്ക്കെത്താൻ തോണി തന്നെ ശരണം. ചെറുവള്ളം തുഴഞ്ഞ് ദ്വീപിനരികിലൂടെ കുറച്ചു നേരം സവാരി നടത്തിയപ്പോഴേക്കും ഷാപ്പിൽ നിന്ന് വിളി വന്നു.

സമയം 12.30. പുട്ടും പത്തിരിയും മീൻ കറിയും മേശപ്പുറത്ത് നിരന്നു. ചൂരത്തലയും മുയൽ ഫ്രൈയുമായി മിഥുൻ വന്നു. ചെമ്മീൻ വറുത്തതും കക്കയിറച്ചിയും കപ്പ ഉപ്പുമാവും കൊണ്ടു വന്നതു സനോജ്. മത്തിക്കറി, തിലോപ്പി ഫ്രൈ, കരിമീൻ പൊള്ളിച്ചത്, ചിരട്ടപ്പുട്ട്... മേശപ്പുറം നിറഞ്ഞു. മസാലക്കൂട്ടിന്റെ സുഗന്ധം പരന്നപ്പോൾ നിയന്ത്രണത്തിന്റെ കയറുപൊട്ടി. ടോം ആൻഡ് ജെറിയിൽ കാണുന്നതുപോലെ മേശപ്പുറത്തേക്ക് കയറി മേയാനാണ് തോന്നിയത്. ഊണിന്റെ നേരത്ത് ഇങ്ങനെയൊരു മേളം കണ്ടു നിൽക്കാൻ ചെറിയ ക്ഷമയൊന്നും പോരാ.

shap-6

കപ്പ ഉപ്പുമാവും ചൂരത്തലയും

എറണാകുളത്തിനും ചേർത്തലയ്ക്കുമിടയ്ക്കു കാക്കത്തുരുത്ത് കായലിനരികെ കള്ള് ഷാപ്പുണ്ടെന്ന് എല്ലാവർക്കും അറിയില്ല. ഇക്കാര്യം അറിയുന്നവർക്ക് മാസത്തിലൊരിക്കൽ അവിടെ ചെന്നില്ലെങ്കിൽ സ്വസ്ഥതയുമില്ല. അവർ പറഞ്ഞു പുകഴ്‌ത്തിയപ്പോഴാണ് കാക്കത്തുരുത്ത് ഷാപ്പിലെ കറികൾ പ്രശസ്തമായത്. ഒരിക്കൽ ഭക്ഷണം കഴിച്ചവരെ കയറിട്ടു പിടിക്കുന്ന സ്വാദിന്റെ രഹസ്യം ഈ അടുക്കളയിലെ പാചകക്കാരനാണ്. പേര്, പുരുഷൻ. നാട് പട്ടണക്കാട്. ഇരുപത്തേഴു വർഷമായി ഷാപ്പിൽ കറിയുണ്ടാക്കി കൈപ്പുണ്യം തെളിയിച്ച ‘കുക്കാ’ണ് പുരുഷൻ.

കപ്പകൊണ്ട് ഉപ്പുമാവുണ്ടാക്കാമെന്ന് പറയുമ്പോൾ പുരുഷന്റെ മുഖത്ത് പരുക്കനായ പുരുഷന്റെ ഗൗരവം. പാത്രം അടുപ്പത്തു വച്ച് ‘പ്രൊഫഷണൽ’ ഷെഫുമാരെപ്പോലെ അദ്ദേഹം തത്സമയ വിവരണം തുടങ്ങി.

shap-9

‘‘കപ്പ കഴുകി വേവിച്ചെടുക്കണം. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, തേങ്ങ എന്നിവ മിക്സിയിൽ അരച്ചെടുത്തു കപ്പയിൽ ചേർക്കും. അതിനു ശേഷം ഇതിന്റെ പകുതിയോളം അളവിൽ കാച്ചിൽ പുഴുങ്ങി കപ്പയുമായി കൂട്ടിക്കുഴയ്ക്കും. ഉള്ളിയും കടുകും മസാലകളും എണ്ണയിൽ വഴറ്റിയെടുത്ത് കപ്പയും കാച്ചിലുമിട്ട് ഉപ്പുമാവിന്റെ പരുവത്തിൽ കുഴച്ചെടുക്കും...’’

കപ്പ ഉപ്പുമാവിന്റെ പിറവി പുരുഷൻ ചേട്ടൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. തലക്കറിയാണ് കപ്പയ്ക്ക് ഏറ്റവും നല്ല കോമ്പിനേഷൻ. ചൂരത്തല കറിവച്ചത് ഒരു പ്ലെയ്റ്റിലാക്കി മുന്നോട്ടു വച്ചുകൊണ്ടാണ് പുരുഷൻ ഇതു പറഞ്ഞത്. അരച്ചെടുത്ത മസാലക്കൂട്ടിൽ വേവിച്ചെടുത്ത് ചുവന്ന നിറമാക്കിയ വരാലിന്റെ തല കണ്ടപ്പോൾ കൊതിപ്പിച്ചു പോയി... വെറുതെയല്ല ഈ ഷാപ്പിലേക്ക് ദൂരദേശത്തു നിന്നും ആളുകളെത്തുന്നത്. ഉപ്പും മുളകും വേവും കിറുകൃത്യം. ചട്ടിയിൽ താളിച്ചെടുത്തു വറുത്തരച്ച മസാലയുടെ സ്വദ് അസാധ്യം.

shap-1

വരാൽ പൊള്ളിച്ചതാണ് പുരുഷൻ ചേട്ടന്റെ മാസ്റ്റർ പീസ്. അതിന്റെ പാചകക്കുറിപ്പ് കൊച്ചി സ്ലാങ്ങിൽ അദ്ദേഹം പറയുന്നതു കേട്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഷെഫുമാർ പോലും ഞെട്ടും.

‘‘കഴുകി വൃത്തിയാക്കിയ വരാലിന്റെ മാംസം ഇടിച്ചെടുക്കും. എണ്ണയിലിട്ട് വേവിച്ചെടുത്ത് മീൻ മാറ്റി വയ്ക്കും. മസാലക്കൂട്ടുകളെല്ലാം തേങ്ങാപ്പാലിൽ കുറുക്കി വയ്ക്കും. വാഴയില വിരിച്ച് അതിൽ മസാല പുരട്ടിയ ശേഷം വേവിച്ച മീൻ വയ്ക്കും. ഇതിനു മുകളിൽ മസാല തേച്ചു പിടിപ്പിച്ച് തേങ്ങാപ്പാൽ ഒഴിക്കും. ക്യാരറ്റ്, തക്കാളി, ചെറിയ തണ്ടോടുകൂടിയ കറിവേപ്പില എന്നിവ വിതറിയ ശേഷം അൽപ്പം തൈരൊഴിച്ച് വട്ടംചുറ്റി ഇല പൊതിയും. ഇലയിൽ പൊതിഞ്ഞ മീൻ നെയ്യൊഴിച്ച് ഉരുളിയിൽ അടച്ചു വയ്ക്കും. ആവശ്യക്കാരെത്തുമ്പോൾ ഉരുളി തുറന്ന് ചൂടുള്ള മീൻ വിളമ്പും...’’

shap-10

മസാലപ്പുട്ടും കരിമീൻ പൊള്ളിച്ചതും

കായലിന്റെ കരയിൽ കെട്ടിയ മൂന്ന് കുടിലുകളാണ് കാക്കത്തുരുത്ത് ഷാപ്പിലെ ഫാമിലി റൂമുകൾ. മേശയ്ക്കു ചുറ്റുമിരുന്ന് പുട്ടും ഫ്രൈയും കഴിച്ചപ്പോൾ വള്ളത്തിൽ കയറാൻ പൂതി. മസാലപ്പുട്ടും മുയൽ ഫ്രൈയുമായി വള്ളത്തിൽ കയറി. അപ്പോഴാണ് കാക്കത്തുരുത്തിലെ ഭക്ഷണത്തിനു സ്വാദ് കൂടിയത്. വെയിലും മഴയുമില്ലാത്ത കാലാവസ്ഥ. വലിയ കാറ്റുമില്ല. കായലിലെ ഓളപ്പരപ്പിൽ വള്ളം ഒഴുകി നീങ്ങി. അതിനുള്ളിൽ കാലു നീട്ടിയിരുന്ന് എരിവുള്ള ഇറച്ചിയും പുട്ടും ആസ്വദിച്ച് വിഴുങ്ങി. സംഗതി പൊളിച്ചു മച്ചാനേ...!

മസാലപ്പുട്ടിന്റെ രുചി പുതുമയുള്ളതാണ്. പച്ചക്കറികളും ജീരകവും തേങ്ങാപ്പീരയും ചേർത്ത് തിരുമ്മിയെടുത്ത പുട്ട്. പുട്ടും മുയൽ ഫ്രൈയും രുചികരമാക്കാൻ പുരുഷൻ ചേട്ടൻ കണ്ടെത്തിയ ടെക്നിക് എന്താണെന്നു ചോദിക്കാതിരിക്കാനായില്ല. ‘‘പായ്ക്കറ്റ് പൊടി വാങ്ങാറില്ല. പച്ചരി വാങ്ങി കഴുകി ഉണക്കിപ്പൊടിച്ചാണ് പുട്ടുണ്ടാക്കുന്നത്. നല്ല അരിപ്പൊടിയിൽ മസാല കുഴച്ചാൽ സ്വാദു കൂടും. മുയലിറച്ചി കറി വയ്ക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. മഞ്ഞൾപ്പൊടിയും മസാലയും തേച്ച് ഇറച്ചി വറുത്തെടുത്തു മാറ്റി വയ്ക്കും. സവാളയും വറുത്തരച്ച മറ്റു ചേരുവകളും ചട്ടിയിലിട്ട് വഴറ്റിയെടുക്കും. ഇറച്ചിയും മസാലക്കൂട്ടും വറുത്തതും ചേർത്തു കുഴച്ച് ഒന്നുകൂടി ചൂടാക്കി വിളമ്പും.’’ പാചകവിദ്യ സിംപിളാണെന്നു പുരുഷൻ ചേട്ടൻ.

ഏതു സമയത്തു ചെന്നാലും കിട്ടുന്നതു ചെമ്മീൻ റോസ്റ്റും ഫ്രൈയുമാണ്. തേങ്ങാപ്പാൽ ചേർത്തു പൊള്ളിച്ചെടുത്ത കരിമീനിന്റെ രുചി വ്യത്യസ്തം. പൊള്ളിച്ചെടുത്ത മീനിന്റെ കഷണത്തിൽ തൊട്ടറിയാം നാടൻ കരിമീനിന്റെ ഗുണം.

shap-3

അവധിക്കെത്തിയ ഒരു സംഘം നാവികന്മാർ കഴിഞ്ഞയാഴ്ച ഷാപ്പിൽ വന്നു. പത്ത് കരിമീനും പതിനഞ്ച് കപ്പയും ആറ് തലക്കറിയും ആറ് ചെമ്മീനും മുപ്പത്താറ് കൂജ മരനീരും കഴിച്ചു. ആറു പേർ ചേർന്നു കാലിയാക്കിയ ഭക്ഷണത്തിന്റെ ഈ കണക്ക് കാക്കത്തുരുത്ത് ഷാപ്പിലെ റെക്കോഡ് തീറ്റയാണെന്നു മിഥുൻ തുറന്നു പറഞ്ഞു.

കള്ള് കുടിക്കുന്നവരുടെ സ്ഥലമാണു ഷാപ്പ് എന്ന ലേബൽ മാറുകയാണ്. കേരളത്തിന്റെ തനതായ സ്വാദിൽ ഭക്ഷണം കിട്ടുന്ന ഏറ്റവും നല്ല കുശിനിപ്പുരകളായി മാറിയിരിക്കുന്നു ഷാപ്പുകളുടെ അടുക്കള. ഭക്ഷണം കഴിക്കാനെത്തുന്ന കുടുംബങ്ങൾക്കു വിനോദങ്ങളൊരുക്കി, സുരക്ഷിതത്വം ഉറപ്പാക്കിയാണ് കാക്കത്തുരുത്ത് ഷാപ്പ് വ്യത്യസ്തമാകുന്നത്. കായലിൽ ചൂണ്ടയിടാനുള്ള സൗകര്യം ഇവിടെയുണ്ട്. മീൻ കുരുങ്ങിയാൽ അതേപടി പുരുഷൻ ചേട്ടനെ ഏൽപ്പിക്കുക. അൽപ്പ നേരത്തിനുള്ളിൽ വറുത്ത് പ്ലെയ്റ്റിലാക്കിത്തരും...

അപ്പത്തിന് താറാവ് കറി, ടച്ചിങ്സ് കല്ലുമ്മക്കാ

കുമരകത്ത് നല്ല മീൻ കറിയും കപ്പയും കിട്ടുന്ന കുറേ ഷാപ്പുകളുണ്ട്. ഇതിൽ കുടുംബത്തോടെ ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചു. തറവാട് ഷാപ്പിന്റെ പേരാണ് ഉയർന്നു കേട്ടത്. മറ്റൊന്നും ആലോചിക്കാതെ തറവാട്ടിലേക്കു തിരിച്ചു.

കള്ള് ഷാപ്പിലേക്കും ഊണു മുറികളിലേക്കും വെവ്വേറെ വഴി. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മുറിയുണ്ട്. സ്പെഷൽ വിഭവങ്ങൾ അന്വേഷിച്ചിറങ്ങിയതാണെന്നു പറഞ്ഞപ്പോൾ എസി മുറിയിലേക്കാണ് ബൈജുച്ചേട്ടൻ ക്ഷണിച്ചത്. കഴിക്കാൻ എന്തൊക്കെയുണ്ട് എന്ന ചോദ്യത്തിന് എന്തൊക്കെയാണു വേണ്ടത് എന്നു മറുചോദ്യം.

shap-7

‘‘ചെമ്മീൻ ഫ്രൈ, താറാവ് മപ്പാസ്, കല്ലുമ്മക്കാ ഫ്രൈ, പൊടി മീൻ ഫ്രൈ, ഞണ്ട് കറി, വറ്റ കറിവച്ചത്.’’ഇരുപതു വർഷമായി ഷാപ്പ് കറികളിൽ ഗവേഷണം നടത്തുന്ന ബൈജുച്ചേട്ടൻ സ്പെഷലുകൾ പറഞ്ഞു. തൊട്ടു പിന്നാലെ അവയോരോന്നായി മേശപ്പുറത്തു വച്ചു. ബൈജുച്ചേട്ടന്റെ കൈപ്പുണ്യം രുചിച്ചറിയാൻ മുഹൂർത്തമെത്തി.

ചോറിലേക്ക് എരിവുള്ള മീൻ കറിയൊഴിച്ചു. കുടംപുളിയുടെ രുചിയിൽ ശരീരം കോരിത്തരിച്ചു. കല്ലുമക്കായുടെ രണ്ടു കഷണവും ഇത്തിരി ചോറും കൂട്ടി രണ്ടാമത്തെ ഉരുളയും കഴിച്ചു. നാവിലേക്ക് അലിഞ്ഞു ചേരുകയെന്നൊക്കെ പറയില്ലേ...? അതു തന്നെ സംഗതി.

തലക്കറിയാണ് ഷാപ്പിലെ എരിവുള്ള വിഭവം. വറ്റ, മോത, നന്മീൻ തലക്കറികളാണ് പ്രധാനം. മഞ്ഞക്കൂരി, കരിമീൻ, ചെമ്മീൻ, വരാൽ, കാരി, കൊഞ്ച്, കാട, കക്ക... വറുത്തെടുത്തു വിളമ്പുന്ന വിഭവങ്ങൾ. ആലപ്പുഴക്കാരുണ്ടാക്കുന്ന ഷാപ്പിലെ കറിക്കും വീട്ടിലെ കറിക്കുമൊരു പ്രത്യേക സ്വാദ് തന്നെ.

പാലായിലെ മപ്പാസ്

പാലാക്കാരുണ്ടാക്കുന്ന പാലപ്പവും പാൽപ്പായസം പോലെ കെങ്കേമമെന്നൊരു ചൊല്ലുണ്ട്. അതു ശരിയാണോ എന്നറിയാൻ ചേർപ്പുങ്കൽ ഷാപ്പിലൊന്നു കയറി. വിനോദ യാത്രയ്ക്കെത്തിയ ഒരു സംഘത്തെ സത്കരിച്ചതിന്റെ ക്ഷീണത്തിൽ വിശ്രമിക്കുകയാണ് ഷാപ്പു കറിയുടെ സ്രഷ്ടാവായ തങ്കച്ചൻ.

shap

‘‘പൊടിമീൻ ഫ്രൈയും പോർക്ക് ഫ്രൈയും ബീഫ് ഫ്രൈയും റെഡി. മീൻ മപ്പാസും അപ്പവും ചൂടോടെ ഉണ്ടാക്കിത്തരാം.’’ എല്ലാം തയാറാക്കി കാത്തിരിക്കുകയായിരുന്നു തങ്കച്ചൻ ചേട്ടൻ. എന്നാൽപ്പിന്നെ നേരം കളയണ്ട. കാര്യത്തിലേക്കു കടക്കാമെന്നു പറഞ്ഞ് വിഭവങ്ങളോരോന്നായി മേശപ്പറത്തു നിരത്തി.

ഒരു കഷണം ബീഫെടുത്ത് കഴിച്ചു. അതു കഴിഞ്ഞ് കോഴിക്കറിയുടെ സ്വാദു നോക്കി. പറഞ്ഞുകേട്ടതെല്ലാം ശരിയാണ്. പാലാക്കാരുടെ ഇറച്ചിക്കറിക്ക് കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത ആകർഷണമുണ്ട്. സ്വാദ് നുകർന്നങ്ങനെ ഇരിക്കാൻ തോന്നും. മസാലക്കൂട്ടിന്റെ ഗുണവും പാചകത്തിലെ ശ്രദ്ധയുമാണ് രുചിയുടെ രഹസ്യമെന്ന് തങ്കച്ചന്റെ പ്രതികരണം.

അപ്പവും കപ്പയും ചപ്പാത്തിയും പൊറോട്ടയും ബ്രഡ്ഡുമാണ് വിഭവങ്ങൾ. രാവിലെ 10 മണിയാകുമ്പോഴേക്കും ഭക്ഷണം ത യാറാകും.

തോരൻ, അച്ചാർ, പുളിശ്ശേരി എന്നിവയാണ് ചോറിനു കറി. നങ്ക് വറുത്തത്, പൊടിമീൻ വറുത്തത്, കൂന്തൽ ഫ്രൈ, കക്ക വറുത്തത്, ഞണ്ട് റോസ്റ്റ്, ചെമ്മീൻ ഫ്രൈ, ചില്ലി ചിക്കൻ, ചിക്കൻ ഫ്രൈ എന്നിവയാണ് ഷാപ്പ് സ്പെഷൽ.

പാലായിലും തലക്കറിയാണ് താരം. തലക്കറിയിൽ പ്രധാനികൾ മോതയും വറ്റയും. ഒരു തലക്കറി വാങ്ങിയാൽ നാലാൾക്കു കഴിക്കാം. അപ്പവും തലക്കറിയും ഒരു തവണ രുചിച്ചു നോക്കിയിട്ടുള്ളവർ ലോകത്ത് എവിടെയാണെങ്കിലും പിന്നെയും അതു തേടി വരുമെന്ന് തങ്കച്ചന്റെ അനുഭവം.

ഷാപ്പു കറി തേടി രാവിലെ തുടങ്ങിയ യാത്ര അവസാനിപ്പിക്കുകയാണ്. കഴിച്ചതെല്ലാം ‘സൂപ്പറാ’യിരുന്നു. സുഖമുള്ള രുചിയിൽ എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ വീണ്ടും പാലായിൽ വരുമെന്നു തങ്കച്ചൻചേട്ടനു വാക്കു കൊടുത്തു.

നേരം ഇരുട്ടാറായി. അടുക്കളയിലെ പാത്രങ്ങൾ കാലി. ഷാപ്പിൽ ആൾത്തിരക്കു കൂടി. ബെഞ്ചിൽ താളമടിച്ചു പാട്ടുയർന്നു.

‘‘അവനില്ല രാവും പകലും

അവനില്ലാ പുലരിയുമന്തിയും

അവനായി തെങ്ങും പനയും

പന നിറയെ പത പതയുന്നേ...’’ •

Tags:
  • Food and Travel