ഓണം കഴിഞ്ഞപ്പോഴാണ് പച്ചക്കറി വില അൽപമൊന്നു താഴ്ന്നത്. പാവയ്ക്ക കിലോ 25 രൂപ. പടവലങ്ങ 40. മത്തനും പയറും അങ്ങോട്ടോ ഇങ്ങോട്ടോ ചായേണ്ടതെന്നറിയാതെ മുപ്പതിൽ നിൽക്കുന്നു. വിലപ്പട്ടിക തലകുത്തിയപ്പോഴും തക്കാളിയുടെ തട്ട് കരിങ്കല്ലിനു കാറ്റുപിടിച്ച പോലെ – 50 രൂപ. ആണ്ടറുതി കഴിഞ്ഞ് വിരുന്നുകാർ മടങ്ങിയിട്ടും തൊലിച്ചുവപ്പിൽ മേനി നടിക്കുന്ന തക്കാളിയെ നോക്കി വീട്ടമ്മമാർ അസ്വസ്ഥപ്പെട്ടു: പൊള്ളാച്ചിയിലെ വില 30. അതേ സാധനം കോട്ടയത്തെത്തുമ്പോൾ 50 ! ഇതെന്തു മറിമായമെന്നറിയാൻ കൊല്ലങ്കോടു വഴി തമിഴ്നാട്ടിലേക്കു പോയപ്പോൾ എലവഞ്ചേരിയിലെ വെള്ളരിമേട്ടിലൊന്നു കയറി. മന്ത്രമല്ല മായമില്ല – ഈ നാട് മൊത്തം പച്ചക്കറി പന്തലാണ് ഗയ്സ്.
ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ പച്ചക്കറിത്തോട്ടത്തിന്റെ വിഡിയോ എടുക്കാനെത്തിയ യുവസഞ്ചാരികൾ ഒളിഞ്ഞും തെളിഞ്ഞും ക്യാമറ ചലിപ്പിക്കുകയാണ്. പാവലിന്റെ പോർട്രെയിറ്റും പച്ചപ്പയറിന്റെ വൈഡ് ആംഗിളും പടവലത്തിന്റെ പനോരമിക് വിഷ്വലും കൊളാബ് ചെയ്യാമെന്ന് തലമുടി നീട്ടി വളർത്തിയ വ്ലോഗർ പറയുന്നതു കേട്ടു.
‘‘വെട്ടം വെടിഞ്ഞാൽ ഇവിറ്റിന്റെ തെരക്കാണ്. പന്തലിന്റുള്ളുക്കൂടെ അച്ചാലും പിച്ചാലും നടക്കലെന്നെ പണി. എന്ത് പുണ്യം കിട്ടാനാണ് മൊബൈലുംകൊണ്ട് ഇങ്ങ്നെ നടക്കണത്? ’’ കാച്ചാംകുറിശ്ശിക്കാരൻ ഹരിദാസന്റെ മനോഗതം മൗനം വെടിഞ്ഞു. കുട്ടിക്കാലം തൊട്ടു കൃഷിയാണ് ഹരിദാസന്റെ ജീവനോപാധി. വ്ളോഗർമാരുടെ മോണിറ്റൈസേഷൻ ബെനിഫിറ്റ്സ് ഹരിയേട്ടന്റെ പാഠപുസ്തകത്തിലുണ്ടായിരുന്നില്ല. കയ്പയ്ക്കയുടേയും പയറിന്റേയും ചലച്ചിത്രം യുട്യൂബിലിട്ടാൽ അക്കൗണ്ടിൽ ഡോളർ വരുമെന്നറിഞ്ഞപ്പോൾ കിട്ടുന്നതിൽ പാതി എനിക്കു തരണമെന്ന് ഹരിയേട്ടൻ കണ്ടീഷൻ വച്ചു.
പറഞ്ഞതു തമാശയായിട്ടാണെങ്കിലും അതിലിത്തിരി സങ്കടമുണ്ടായിരുന്നു. ഇക്കുറി കർക്കടക പെയ്ത്ത് വല്ലാത്ത നഷ്ടങ്ങളുണ്ടാക്കി. ഒന്നരയേക്കറിൽ വിത്തിട്ട പാവലിൽ പകുതി ചീഞ്ഞു. തോരാമഴയിൽ പടവലവും ചാഞ്ഞു. പാകമെത്തി പറിക്കാൻ കിട്ടിയത് ആകെ നൂറു കിലോ പയർ. മുടക്കു മുതൽ രണ്ടര ലക്ഷം. വരവ് ഒരു ലക്ഷം. നഷ്ടം നികത്താൻ സെക്കൻഡ് സീസണിൽ ഇരട്ടി കായ്ഫലമുണ്ടാകണം. കിട്ടിയാൽ കിട്ടി, പോയാൽ പോയി – അതാണു കൃഷി.
ഹരിദാസൻ കൂട്ടിക്കുറച്ച ലാഭനഷ്ടങ്ങളുടെ കണക്ക് ക്യാമറയിൽ റെക്കോഡ് ചെയ്തെങ്കിലും ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞില്ല. റിച്ച് കണ്ടന്റാണു വേണ്ടത്. കൂടുതൽ പച്ചക്കറിയുള്ള പാടത്തേക്കു പോകാം – യുവാവ് കൂട്ടുകാരനോടൊപ്പം അങ്ങേപ്പുറത്തെ പറമ്പിലേക്കു നീങ്ങി; ഹരിയേട്ടൻ കയ്ക്കോട്ടുമായി പാടത്തേക്കും.
ട്രെൻഡിങ് റീൽസ് ലൊക്കേഷൻ
നാട്ടിലെ പരിഷ്കാരികൾ ‘ന്യൂ സിറ്റി’യെന്ന് ലൊക്കേഷൻ അപ്ഡേറ്റ് ചെയ്ത പുതുനഗരത്തു നിന്നാണ് എലവഞ്ചേരിയിലേക്ക് വഴി തിരിയുന്നത്, അതായതു കൊല്ലങ്കോട് റൂട്ട്. കോവിലകം മുക്കിൽ ചെന്ന് ഇടത്തോട്ടു പോയാൽ കാച്ചാംകുറിശി ക്ഷേത്രം. ശംഖ ചക്ര ഗദാ പദ്മ ധാരിയായ മഹാവിഷ്ണുവാണു കാച്ചാംകുറിശിയിലെ പ്രതിഷ്ഠ. പഴയ വെങ്ങുനാട് സ്വരൂപത്തിന്റെ ഭരദേവതയാണ് കാച്ചാംകുറിശിയിലെ ശ്രീവെങ്കടേശ്വര പെരുമാൾ. ദാരുവിഗ്രഹ പ്രതിഷ്ഠയ്ക്കു കശ്യപ മഹർഷിയോളം കാലപ്പഴക്കമെന്ന് ഐതിഹ്യം.
അമ്പലത്തിന്റെ പിന്നാമ്പുറത്ത് തെക്കരികിൽ കാണുന്നതു പണ്ടത്തെ ഗോവിന്ദ മലയാണത്രേ. ഇപ്പോൾ ആനമലയെന്ന് അറിയപ്പെടുന്നു. വട്ടശ്രീകോവിലിന്റെ മുറ്റത്തു നിന്നു നോക്കിയാൽ പശ്ചിമഘട്ടത്തിലെ മനോഹരമായ മലനിര കാണാം. പച്ചവിതാനത്തിൽ വെള്ളിയലങ്കാരം പോലെ മലഞ്ചെരിവിൽ കുറേ വെള്ളച്ചാട്ടങ്ങളുമുണ്ട്.
കാച്ചാംകുറിശി ക്ഷേത്രത്തിന്റെ മുന്നിലൂടെയുള്ള റോഡ് നീളുന്നതു മലയടിവാരത്തേക്കാണ്. വഴിയുടെ ഇരുവശത്തും നെൽപ്പാടം. പാടവരമ്പത്ത് നെടുതായി നിൽക്കുന്ന കരിമ്പനകൾ. പുഴയിറമ്പിൽ മേയുന്ന പശുക്കളും കൃഷിക്കാരും ഒരേ ഫ്രെയിമിൽ വരുമ്പോൾ പ്രിയദർശൻ സിനിമയിലെ പാട്ടുസീനുകളുടെ തനിയാവർത്തനം.
പനങ്ങാട്ടിരി പാടസമിതി ഓഫിസിന്റെ മുന്നിലെത്തിയപ്പോൾ സത്യനെ ഫോണിൽ വിളിച്ചു. വെള്ളരിമേടിന്റെ പടിഞ്ഞാറ് കുളമ്പു പ്രദേശത്തെ കൃഷിക്കാരനാണു തേക്കിലവീട്ടിൽ സത്യൻ. പച്ചക്കറി സംഭരണ കേന്ദ്രത്തിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയാണ് അദ്ദേഹത്തിന്റെ കൃഷിയിടം. അവിടേക്ക് ഒരു ജീപ്പിന് കടന്നു പോകാൻ പറ്റുംവിധം ടാർ റോഡുണ്ട്. മുള്ളുവേലി കെട്ടിയ മുറ്റവും ഓടുമേഞ്ഞ വീടുകളും ഈ നാടിനെ ഇരുപത്തിനാലു കാരറ്റ് തനി ഗ്രാമമാക്കുന്നു.
പെട്ടിപ്പീടിക താണ്ടി വളവു തിരിഞ്ഞതോടെ റോഡ് അവസാനിച്ചു. അവിടുന്നങ്ങോട്ടു പാറയാണ്. ജീപ്പും പിക്കപ്പ് വാനും ടോംപോകളും പാറപ്പുറത്ത് ടയർ ഡാൻസ് നടത്തിയാണ് മറുകരയിലെത്തുന്നത്. പാവയ്ക്ക നിറച്ച ചാക്കുമായി ഒരു ജീപ്പ് തെന്നിച്ചാടി വരുന്നതു കണ്ടപ്പോൾ പേടി തോന്നി. ഡ്രൈവറുടെ മുഖത്താകട്ടെ മെയ്‌വഴക്കം നേടിയ സർക്കസ്സുകാരനെ പോലെ നിസ്സാര ഭാവം.
ആത്മബന്ധത്തിന്റെ തുടിപ്പ്
സത്യന്റെ കൃഷിയിടത്തിൽ ഒന്നാം സീസൺ പാവയ്ക്ക വിളയെടുപ്പു നടക്കുകയാണ്. ഞെട്ടു പൊട്ടിച്ചെടുക്കുന്ന പാവയ്ക്ക ചെളി കലരാതെ ചാക്കിൽ നിറയ്ക്കുന്നു. പണിക്കാർ പത്തിരുപതു പേരുണ്ട്. പാവയ്ക്ക നിറച്ച ചാക്കുകൾ തലച്ചുമടായി കൊണ്ടു വന്ന് വണ്ടിയിൽ കയറ്റുന്നു. കേരള ഹോർച്ചി കൾചർ ഡെവലപ്മെന്റിന്റെ സംഭരണ കേന്ദ്രത്തിലേക്കാണ് ഇതു കൊണ്ടു പോകുന്നത്. അവിടെ നിന്നു വിവിധ ജില്ലകളിലേക്കു കയറ്റി അയയ്ക്കും.
‘‘വലുപ്പമുള്ള കായാണ്. നാലെണ്ണം തൂക്കിയാൽ ഒരു കിലോ വരും’’ പടവല പന്തലിനരികെ നിന്ന് എലവഞ്ചേരിയിലെ കൃഷിയെക്കുറിച്ച് സത്യൻ പറഞ്ഞു തുടങ്ങി.
വല്ലങ്ങിവേലയ്ക്കു വിത്തു കുത്തും. മീനം ഇരുപതിനാണു ക്ഷേത്രത്തിൽ വേല. അന്നു മുതൽ രണ്ടു മാസം തപസ്സിരിന്നു ചെടി കാക്കണം. മഴ, കാറ്റ്, കൊടുംവേനൽ, കാട്ടുമൃഗങ്ങൾ, കീടാണു ബാധ – കൃഷി നശിപ്പിക്കാനിറങ്ങുന്ന വില്ലന്മാരിൽ വയൽക്കിളികൾ വരെയുണ്ട്.
വിളയെടുപ്പിനു പാകമാകാൻ രണ്ടുമാസം. സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പടവങ്ങ, പാവയ്ക്ക, കുമ്പളങ്ങ എന്നിവ ഏക്കറിൽ ഏകദേശം 25 ടൺ വിളയും.
കുഞ്ഞിനെ നോക്കുന്ന പോലെ രാപകൽ സമർപ്പണമാണു കൃഷി. എലവഞ്ചേരിയിൽ ജീവിക്കുന്നവരിലേറെയും കൃഷിയുടെ പേറ്റുനോവറിഞ്ഞവരാണ്. മണ്ണും മനുഷ്യനുമായുള്ള ആത്മബന്ധത്തിന്റെ തുടിപ്പ് അവിടത്തുകാരുടെ ജീവനിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. അതു മനസ്സിലാക്കാൻ ഈ വഴി വെറുതെയൊന്നു വണ്ടിയോടിച്ചാൽ മതി.
കൊല്ലങ്കോടിന്റെ വടക്കുഭാഗത്താണു ഗായത്രിപ്പുഴ. കിഴക്കുവശത്തു മുതലമട. തെക്കുവശത്തു തേന്മല. പടിഞ്ഞാറു ഭാഗം എലവഞ്ചേരി. ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊല്ലങ്കോട് ബ്ലോക്കിലെ പ്രധാന കൃഷികേന്ദ്രമാണ് എലവഞ്ചേരി. നെല്ലിയാമ്പതി മലയുടെ അടിവാരത്തെ മനോഹരമായ കൃഷിഭൂമി. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലെ വിവിധ ജില്ലകളിലുള്ളവരും കൂട്ടാൻ വയ്ക്കുന്ന പച്ചക്കറിയിലേറെയും എലവഞ്ചേരിയിൽ വിളഞ്ഞതാണ്. അൻപതു സെന്റ് ഭൂമിയുള്ളവരും അഞ്ചേക്കർ നിലമുള്ളവരും പച്ചക്കറിയും നെല്ലും കൃഷി ചെയ്യുന്നു. പ്രകൃതി അനുഗ്രഹിച്ചു നൽകിയ മഴ നിഴലിന്റെ ആനുകൂല്യമാണ് മലയോര ഗ്രാമത്തിന്റെ കാർഷിക സ്വപ്നങ്ങൾക്ക് ചിറകായിത്തീരുന്നത്.
ആകാശമാകെ കണിമലർ
കേരളത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന പാലക്കാടിന്റെ കൃഷി സമൃദ്ധി കാണാൻ പോകുന്നവരുടെ കണ്ണിനു കുളിരു പകരുന്ന കൃഷി ഗ്രാമങ്ങൾ വേറെയുമുണ്ട്. നെന്മാറ, അയിലൂർ, കോട്ടായി, വിത്തനശേരി, പെരുമാട്ടി, പട്ടഞ്ചേരി, മീനാക്ഷിപുരം, നെല്ലിമേട്, കമ്മിനാരി, മുള്ളത്തോട്, കല്യാണപ്പേട്ട എന്നിവിടങ്ങളിൽ ഇതിൽ ചിലതു മാത്രം. എലവഞ്ചേരിയിൽ പടവലങ്ങ, പാവയ്ക്ക, പയർ എന്നിവയാണു പ്രധാന കൃഷി. മറ്റു സ്ഥലങ്ങളിൽ പോയാൽ തക്കാളി, വെണ്ടയ്ക്ക, വെള്ളരി, പപ്പായ, ചേന, മത്തങ്ങ, കുമ്പളങ്ങ, കൂർക്ക, ചുരയ്ക്ക, വഴുതന എന്നിവയും വിളഞ്ഞു നിൽക്കുന്നതു കാണാം. തെങ്ങും കമുകും അതിരിട്ട പാടശേഖരങ്ങളാണ് അവ. ആട്ടിൻകാഷ്ടം, കോഴിക്കാഷ്ടം, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിങ്ങനെ കൃഷിയിടത്തിൽ ജൈവവളം മാത്രം ഉപയോഗിക്കുന്ന കർഷകരും അവിടെയുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം (വിഎഫ്പിസികെ), ഹോർട്ടി കോർപ് മുഖനേയാണു പച്ചക്കറികൾ ശേഖരിച്ച് വിതരണം നടത്തുന്നത്.
പായസവും പപ്പടവും കൂട്ടിക്കുഴച്ച് ഓണസദ്യ ഉണ്ണുമ്പോൾ പച്ചക്കറിയെല്ലാം തമിഴ്നാട്ടിൽ നിന്നാണു വരുന്നതെന്ന് വീര്യം വിളമ്പുന്നയാളുകളെ കണ്ടിട്ടുണ്ട്. എല്ലാ പച്ചക്കറികളും വിളയുന്നതു തമിഴ്നാട്ടിലാണെണു കരുതുന്നവർ. അവർ ഇക്കുറി ഓണത്തിന് ഒരു യാത്ര നടത്തട്ടെ. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും കൂടി ഒരു പ്ലഷർ ട്രിപ്പ്. ശലമോന്റെ സോങ് ഓഫ് സോങ്സിനെ തിരക്കഥാകൃത്ത് പദ്മരാജൻ ഭംഗിയാക്കിയപോലെ, ഗ്രാമങ്ങളിൽ ഇപ്പോഴും പാവൽ വള്ളികൾ തളിർത്ത് പൂവിടരുകയും കണ്ണിവെള്ളരി പൂക്കുകയും ചെയ്യുന്നുണ്ട്. അവിടെ പോയാൽ ആകാശമാകെ കണിമലർ പൂവുമായ് പുലരി വിടരുന്നതു കാണാം...