Tuesday 29 June 2021 12:21 PM IST : By Staff Reporter

100 വര്‍ഷം മുൻപുള്ളവർ പാചകം ചെയ്തിരുന്ന ചേരുവ: ഗോത്രങ്ങളുടെ വിഭവങ്ങളുമായി സുക്കു വാലിയിൽ

sokku food

ചില യാത്രകൾ പ്രതീക്ഷിക്കുന്ന പോലെയാവില്ല. ആഗ്രഹിക്കുന്നതിനും അപ്പുറം നിയോഗം പോലെ അദ്ഭുതങ്ങൾ തേടിയെത്തും. നിശബ്ദ സൗന്ദര്യത്തിന്റെ പ്രതീകമായ സുക്കുവാലിയിലെ അനുഭവങ്ങളിൽ നിന്നാണ് തിരിച്ചറിവുണ്ടായത്. നാഗാലാൻഡിലെ മനോഹരമായ താഴ്‌വരയാണ് സുക്കു വാലി. ഓർമകൾ കുറിക്കുമ്പോൾ മനസ്സിലേക്ക് ഒരുപാട് ചിത്രങ്ങൾ കടന്നു വരുന്നു. കൊഹിമയിലെ വാർ മെമ്മോറിയൽ, കാടിനുള്ളിൽ കുലുങ്ങി നടക്കുന്ന മിഥുൻ, ഖോനാമയിലെ ടിസ്‌ലി അപ്പൂപ്പൻ... ഇന്നലെയെന്ന പോലെ എല്ലാം കൺമുന്നിലുണ്ട്.

മേഘാലയ യാത്രയുടെ ഭാഗമായാണ് നാഗാലാൻഡിലേക്കു പോയത്. ആദ്യത്തെ അഞ്ചു ദിവസം മേഘാലയൻ ഗ്രാമങ്ങളിലൂടെ കറങ്ങി. ദൗകി നദിയും വേരുപടർന്ന പാലങ്ങളും വെള്ളച്ചാട്ടങ്ങളും സിനിമാ ഫ്രെയിം പോലെ കടന്നു പോയി.

ഉച്ചയ്ക്ക് പന്ത്രണ്ടിന് ഗുവാഹത്തിയിയിലെ നാഗാലാൻഡ് ഹൗസിൽ എത്തി. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും രണ്ട് ഫോട്ടോയും അൻപതു രൂപ ഫീസും ഉൾപ്പെടെ അപേക്ഷ സമർപ്പിച്ചു. നാഗാലാൻ‍ഡിൽ പ്രവേശിക്കുന്നതിനു മുൻപ് ഇന്നർ ലൈൻ പെർമിറ്റ് (ഐഎൽപി) എടുക്കണം. ഇതര സംസ്ഥാനത്തു നിന്നുള്ളവർക്ക് നാഗാലാൻഡിൽ ഒരു മാസം താമസിക്കാനുള്ള അനുമതി പത്രമാണ് ഐഎൽപി. ഐഎൽപി കിട്ടിയപ്പോൾ സമയം വൈകിട്ട് 4.30. രാത്രി 11.25ന് നാഗാലാ‌ൻഡ് എക്സ്പ്രസിൽ ദിമാപുരിലേക്കു തിരിച്ചു. രാവിലെ 6. 30 നു ദിമാപുരിലെത്തി. വലിയ പട്ടണം. നാഗാലാന്റിന്റെ മറ്റു ഭാഗങ്ങളിലേക്കും മണിപ്പൂരിലേക്കും പോകുന്നവർക്കുള്ള അവസാന റെയിൽവേ േസ്റ്റഷനാണ് ദിമാപുർ. അതിനോടു ചേർന്നാണ് ബസ് ഡിപ്പോ. കൊഹിമക്ക് ബസ്സിൽ കയറി. 70 കി.മീ. ദൂരം യാത്രയ്ക്ക് ഒരാൾക്ക് 100 രൂപ ടിക്കറ്റ്. സമയക്രമം ഇല്ല, സീറ്റ് നിറയുമ്പോൾ ബസ്സ് പുറപ്പെടും.

3 sokku food

ഖൊനോമ

നാഗാലാ‌ൻഡ് – ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഇന്ത്യൻ സംസ്ഥാനം. മ്യാന്മറുമായി തുറന്ന അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം എന്ന വിശേഷണമാണ് അനുയോജ്യം. രാജ്യത്ത് പതിനാറാമതു രൂപം കൊണ്ട സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊഹിമയാണ് ഞങ്ങളുടെ ലക്ഷ്യം. പകുതി വഴിക്കു വച്ച് ആയുധമേന്തിയ രണ്ടു പട്ടാളക്കാർ സമീപത്തു വന്നു. ബസിലെ മറ്റു യാത്രക്കാർ ഞങ്ങളെ തുറിച്ചു നോക്കി. ‘‘ ILP കാണിച്ചു കൊടുക്കൂ. ചെക്പോസ്റ്റിലെ രജിസ്റ്ററിൽ ഒപ്പിടണം.’’ യാത്രക്കാരിലൊരു സ്ത്രീ ഹിന്ദിയിൽ പറഞ്ഞു. ഓഫിസിൽ ചെന്ന് ഒപ്പിട്ടു. 150 രൂപയും കൊടുത്തു.

കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെകൊഹിമയിലെത്തി. വലിയ പട്ടണമാണു കൊഹിമ. മഞ്ഞ നിറമുള്ള ടാക്സികൾ. ഒഴുകി നീങ്ങുന്ന ജനം... വാർ മെമ്മോറിയലും സ്ഥലങ്ങളും സന്ദർശിച്ച ശേഷം അസമിലേക്കു പോകാനായിരുന്നു ആദ്യ തീരുമാനം. ആ പദ്ധതി മാറ്റേണ്ടി വന്നു. 'ചിങ്സൂങ് ' റെസ്റ്ററന്റിൽ കയറി. ചോറും മീനും ഇറച്ചിയുമാണ് വിഭവങ്ങൾ. തവള വറുത്തതും കറി വച്ചതും സ്പെഷൽ. മട്ടൻ ചേർത്ത് വേവിച്ച വയലറ്റ് നിറമുള്ള ബാംബൂ റൈസ് കഴിച്ചു. അതിനു ശേഷം വാർ മെമ്മോറിയലിലേക്ക് നീങ്ങി.

കൊഹിമയുടെ ഹൃദയഭാഗമാണ് വാർ മെമ്മോറിയൽ. 1944ൽ ജാപ്പനീസ് സൈന്യത്തിന്റെ ആക്രമണത്തിനെതിരേ നടത്തിയ ചെറുത്തു നിൽപ്പിൽ ജീവൻ ത്യജിച്ചവരുടെ സ്മൃതികൂടീരം അവിടത്തുകാർ ആദരവോടെ കാത്തു സൂക്ഷിച്ചിരിക്കുന്നു. "when you go home tell them of us and say for your tomorrow we gave our today ’’ ശിലാഫലകത്തിൽ കുറിച്ചു വച്ചിരിക്കുന്നു.

അടുത്ത ഡെസ്റ്റിനേഷൻ അന്വേഷിച്ചു.വിരൽത്തുമ്പിലൂടെ തെന്നി നീങ്ങിയ ചിത്രങ്ങളിൽ 'ഖൊനോമ 'എന്ന പേര് തെളിഞ്ഞു. കൊഹിമയിൽ നിന്ന് 20 കി.മീ ദൂരം. താമസിക്കാനുള്ള മുറി ഫോൺ വിളിച്ച് ബുക്ക് ചെയ്തു. ടാക്സി വിളിച്ച് ഖൊനോമയിലേക്ക് പുറപ്പെട്ടു. പ്രവേശന കവാടത്തിൽ "welcome to khonoma" ബോർഡുണ്ട്. നാഗാലാന്റിന്റെ പരമ്പരാഗത ആയുധമായ 'പ്രാഗി’ന്റെ ചിത്രങ്ങൾ അവിടെ ആലേഖനം ചെയ്തിരിക്കുന്നു. മനോഹരമായ ഗ്രാമമാണ് ഖൊനോമ. തട്ടുകളായി കിടക്കുന്ന പച്ചപുതച്ച മലഞ്ചെരിവുകൾ. നിരയായി അഞ്ഞൂറോളം വീടുകൾ. ഇന്ത്യയിലെ ആദ്യ ഹരിതഗ്രാമമാണ് ഖൊനോമ.

ഒരു പള്ളിയുടെ മുന്നിലാണ് കാർ നിന്നത്. പതുങ്ങിയ മൂക്കും നീളൻ തലമുടിയുമുള്ള സുന്ദരി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവളോടൊപ്പം പള്ളിയുടെ അരികിലൂടെ കുന്നിനു മുകളിലേക്ക് നടന്നു. ഒരു വീടിന്റെ മുറ്റത്തേക്കാണ് പോയത്. വൃദ്ധൻ ചായയും കേക്കും വിളമ്പി ഞങ്ങളെ സ്വീകരിച്ചു. ടിസ്‌ലി സാക്കറെ എന്നാണ് അദ്ദേഹത്തിന്റെ പേര്, 75 വയസ്സ്. വീടിന്റെ ഓരത്ത് മൂന്നു മുറികൾ നിർമിച്ച് ഹോം േസ്റ്റ നടത്തുകയാണ് ടിസ്‌ലി. ‘‘അസ്തമയത്തിനു മുൻപ് ഖൊനോമ പട്ടണം കണ്ടിട്ടു വരൂ. അപ്പോഴേക്കും ഭക്ഷണം തയാറാക്കി വയ്ക്കാം.’’ അദ്ദേഹം പറഞ്ഞു.

ഞങ്ങൾ റോഡിലിറങ്ങി. എല്ലാ വീടുകളുടെയും മുറ്റത്ത് നുറുക്കിയ ആപ്പിൾ ഉണക്കാൻ ഇട്ടിരിക്കുന്നു. ചിലയിടങ്ങളിൽ ഉണക്കിയ ബീഫ്, ബീഫ് അച്ചാർ, ഉണങ്ങിയ ആപ്പിൾ എന്നിവ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. ക്രിസ്തുമസ് ആഘോഷിക്കാൻ തയാറാക്കിയ കേക്ക് വിൽപ്പനയ്ക്കു വച്ചിട്ടുണ്ട്. മൂന്നു വഴികൾ കൂടിച്ചേരുന്ന ജംക്‌ഷനാണ് ഖനോമ. പള്ളിക്കരികിലൂടെ ഒന്നു മുകളിലേക്കും ഒന്നു കൊഹിമക്കും ഒന്നു ഖോനോമയുടെ ഉൾഭാഗത്തേക്കും. ഞങ്ങൾ കടയുടെ അരികിലൂടെ മുകളിലേക്ക് നടന്നു. അവിടെ നിന്നാൽ ഖൊനോമ ഗ്രാമം മുഴുവൻ കാണാം.

4 sokku food

കാടിനുള്ളിലെ മിഥുൻ

ആറു മണിക്ക് മുറിയിൽ തിരിച്ചെത്തി. "കുളിക്കാൻ ചൂടുവെള്ളം വച്ചിട്ടുണ്ട്. കുളി കഴിയുമ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം" ടിസ്‌ലി അപ്പൂപ്പൻ പറഞ്ഞു. ഞങ്ങൾ കുളിച്ചു കഴിഞ്ഞപ്പോഴേക്കും അത്താഴം തയാർ. നാഗാ ൈസ്റ്റൽ ചിക്കൻ കറി, ചിക്കൻ വറുത്തത്, ദാൽ കറി, നാഗാലാന്റിന്റെ തനതു വിഭവമായ ഇലക്കറികൾ. ടിസ്‌ലിയുടെ കുടുംബത്തിനൊപ്പം ഇരുന്നാണ് ഭക്ഷണം കഴിച്ചത്.

ആത്താഴം കഴിഞ്ഞ് ആകാശം നോക്കിയിരുന്നപ്പോൾ ടിസ്‌ലി അപ്പൂപ്പൻ ഖോനോമയുടെ ചരിത്രം പറഞ്ഞു. ‘‘ഖൊനോമയിൽ താമസിക്കുന്നവർ അംഗാമി ഗോത്രവംശജരാണ്. ബ്രിട്ടീഷുകാർ നാഗാലാ‌ൻഡ് ആക്രമിച്ചപ്പോൾ അംഗാമികൾ ആയുധങ്ങളുമായി പൊരുതി ബ്രിട്ടീഷുകാരെ തുരത്തി. നാഗാലാൻഡിൽ പതിനാറ് ഗോത്രങ്ങളുണ്ട്. അത്രതന്നെ ഭാഷകളും. പക്ഷേ സ്വന്തമായി ലിപിയില്ല. ഇംഗ്ലിഷാണ് എഴുത്തു ഭാഷ.’’ ടിസ്‌ലി അപ്പൂപ്പൻ ചരിത്രം പറഞ്ഞു. ഇതിനിടെ ഞങ്ങൾ സമീപത്തുള്ള മറ്റു ടൂറിസം കേന്ദ്രങ്ങൾ അന്വേഷിച്ചു. ആറ് കി.മീ അകലെ ജുക്കു വാലി എന്നൊരു സ്ഥലമുണ്ടെന്ന് അപ്പൂപ്പൻ പറഞ്ഞു. നാഗാലാൻഡ് ബോർഡറിലാണ് സുക്കു വാലി. ‘‘DZOUKU’’ തലേ ദിവസം വരെ ഞങ്ങൾ ഉച്ചാരണം തെറ്റി പറഞ്ഞിരുന്ന ‘ഡിസോക്കു’ വാലിയാണ് സുക്കു.

2 sokku food

കാണാൻ ആഗ്രഹിച്ച സ്ഥലമാണ് സുക്കു വാലി. അപ്രതീക്ഷിതമായി അതിനു സമീപം എത്തിയിരിക്കുന്നു. അപ്പൂപ്പനോടു പറഞ്ഞ് ടാക്സിയും ഗൈഡിനേയും ഏർപ്പാടാക്കി. രാവിലെ 6.10 ന് ജീപ്പ് വന്നു. ചായ, ആപ്പിൾ ജാം പുരട്ടിയ ബ്രെഡ്, നാലു കുപ്പി വെള്ളം എന്നിവ ടിസ്‌ലി അപ്പൂപ്പൻ തന്നു. ‘‘ബാക്കിയാകുന്ന സാധനങ്ങൾ മലയിൽ വലിച്ചെറിയരുത്. പൊതിഞ്ഞ് തിരികെ കൊണ്ടു വരണം’’ ടിസ്‌ലി അപ്പൂപ്പൻ ഓർമിപ്പിച്ചു.

ഡ്രൈവറും ഞങ്ങളുടെ ഗൈഡ് അസീഖോയും അബൈ എന്നൊരു സുഹൃത്തും രണ്ടു വിദേശികളുമാണ് യാത്രാ സംഘം. Way to khonoma-dzouku ബോർഡ് കടന്ന് ദുർഘട പാതകളിലൂടെ നടന്നു. കുത്തനെയുള്ള കയറ്റം. മരം വീണ് പലയിടത്തും റോഡ് തടസ്സപ്പെട്ടിരുന്നു. നിരങ്ങിയും തെന്നിവീണും കാട്ടിലൂടെ നടന്നു. ‘‘സമീപത്ത് മിഥുൻ ഉണ്ട്’’ ഞങ്ങളുടെ ഗൈഡ് അസീഖോ ചൂണ്ടിക്കാട്ടി. അടുത്ത നിമിഷം വലിയൊരു കാള ഞങ്ങൾക്കു മുന്നിലൂടെ കടന്നു പോയി. രണ്ടു കാളയുടെ വനാഗാലാന്റിന്റെ ദേശീയമൃഗം – മിഥുൻ.

കാട്ടുമുളകൾക്കിടയിലൂടെ പത്തര ആയപ്പോഴേക്കും മുകളിലെത്തി. കണ്ണെത്താദൂരത്തോളം പച്ചപുതച്ച മൊട്ടക്കുന്നുകൾ. കുറ്റിപ്പുല്ലുകൾക്കു മീതെ മഞ്ഞിന്റെ നേർത്ത ആവരണം. ആകാശത്തു നിന്നും ഭൂമിയിലേക്കിറങ്ങി വന്ന വെള്ളിമേഘത്തുണ്ടുകൾ. അരുവിയിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞു കട്ടയായി മാറിയിരിക്കുന്നു... ആ ദൃശ്യം സ്വപ്നചിത്രമെന്നു പറയാം. വസന്തകാലത്ത് പൂക്കളും കിളികളും ശലഭങ്ങളുമായി സുക്കുവാലി നിറയൗവ്വനമണിയും.

1 sokku food

കാഴ്ചകൾ ആസ്വദിച്ച ശേഷം ഭക്ഷണം കഴിക്കാനിരുന്നു. നാലു പൊതികൾ. ഓരോന്നിലും മധുരമുള്ള ചോറ്. ചോറിന്റെയുള്ളിൽ പുഴുങ്ങിയ കോഴിമുട്ട, പഴം കുഴച്ചുണ്ടാക്കിയ കേക്ക്. സുക്കുവിന്റെ നെറുകയിലിരുന്ന് ആ രുചിവൈവിധ്യം ആസ്വദിച്ചു. ബാക്കി സാധനങ്ങൾ പൊതിഞ്ഞ് ബാഗിൽ നിറച്ച് മലയിറങ്ങി.

ചായയും ബിസ്കറ്റുമായി ടിസ്‌ലി അപ്പൂപ്പൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അഞ്ചു മണിയോടെ ആ കുടുംബത്തിനോടു യാത്ര പറഞ്ഞു. അപ്പൂപ്പന്റെ ഭാര്യ ഒരു പൊതി നിറയെ ഉണക്കിയ ബീഫും ആപ്പിളും സമ്മാനിച്ചു. അപ്പൂപ്പന്റെ വകയായി കിട്ടിയത് നാഗാലാൻഡിന്റെ ചരിത്രം വിവരിക്കുന്ന കുറച്ചു പുസ്തകങ്ങളായിരുന്നു.