കേരളത്തിൽ നിന്നും ഒറ്റ ദിനം കൊണ്ട് ‘ഓടിയെത്താവുന്ന ദൂര’ത്താണ് തമിഴ്നാട്ടിലെ ശങ്കരൻകോവിലും കോവിൽപ്പെട്ടിയും തിരുനെൽവേലിയും. തിരുവനന്തപുരത്ത് നിന്ന് രാവിലെ ആറ് മണിയോടെ യാത്രപുറപ്പെട്ടാൽ ഉച്ച ഭക്ഷണത്തിന്റെ സമയമാകുമ്പോഴേക്കും ശങ്കരൻകോവിൽ സുൽത്താൻ ബിരിയാണി ഷോപ്പിന്റെ മുന്നിലെത്താൻ കഴിയും.യാത്രാമധ്യേ ചെങ്കോട്ടയിലെ വഴിയോര ഭക്ഷണശാലകളിൽ നിന്നും ചൂടുള്ള ഇഡ്‌ലിയോ പൊങ്കലോ പ്രഭാതഭക്ഷണമായി കഴിക്കുകയുമാവാം. തമിഴ് അതിർത്തിയായ കോട്ടവാസലിലെ എസ് വളവ് പിന്നിട്ടാൽ പുളിയറ ചെക് പോസ്റ്റിനടുത്തായി ആവി പറക്കുന്ന നല്ല ഇഡ്‌ലിയും, ദോശയും, ഉപ്പുമാവും, പൊങ്കലുമൊക്കെ ലഭിക്കുന്ന ധാരാളം ചെറുകടകളുണ്ട്.... ഭക്ഷണം കഴിക്കാനാണോ യാത്ര എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം, ഈ യാത്ര അതിനുതന്നെയാണ്, താമ്രഭരണിയുടെ തീരത്തെ രുചി വൈവിധ്യങ്ങളറിയാൻ. വഴിയോരക്കാഴ്ചകളെല്ലാം രുചിയാത്രയ്ക്കിടെ കിട്ടുന്ന ബോണസാണ്. ഇരുട്ടുകടയിലെ ഹൽവ മധുരം, ശങ്കരൻകോവിൽ സുൽത്താൻ ഹോട്ടലിലെ ആവി പറക്കുന്ന മട്ടൻ ബിരിയാണി, കോവിൽപ്പെട്ടിയുടെ സിഗ്നേചർ വിഭവമായ കടലമിഠായി...തുടങ്ങിയ രുചികൾ തേടുന്നതോടൊപ്പം ,ഈ വിഭവങ്ങളാൽ അടയാളപ്പെടുത്തിയ നാടിന്റെ ഗ്രാമീണ കാഴ്ചകളിലേക്ക് കൂടി...
രുചി തേടി ചുരമിറങ്ങുന്നു
തെന്മല കഴിഞ്ഞാൽ പിന്നെ ഏറെദൂരം കാടാണ്. ഒരു കാലിച്ചായയെങ്കിലും കുടിക്കാതെ പോകുന്നത് ബുദ്ധിയല്ല. ശെന്തരുണി വനമേഖലയുടെ കുളിരിൽ നിന്നും പതുക്കെ ചുരമിറങ്ങിയാൽ തെങ്കാശിയെ ചുറ്റുന്ന തമിഴ് കാറ്റിന്റെ സുഖാലസ്യത്തിൽ കാറ്റാടിപ്പാടങ്ങൾ നിരന്നു നിൽക്കുന്ന കാഴ്ച കാണാം. കോടമഞ്ഞിറങ്ങിയ പ്രഭാതങ്ങളിൽ സൂര്യന്റെ നേർത്ത കിരണങ്ങൾ പഴുത്തു വിളഞ്ഞ നെൽക്കതിരുകളിൽ തട്ടി അതിമനോഹരമായ ഒരു ദൃശ്യവിരുന്നാക്കി മാറ്റുന്നു. കൃഷിയിടങ്ങൾക്കിടയിലൂടെ പോകുന്ന കൊല്ലം-തിരുമംഗലം ദേശീയ പാത. കൊല്ലത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഏകദേശം 140 കിലോമീറ്റർ ദൂരമാണ് ശങ്കരൻകോവിലിലേക്ക്.ശങ്കരൻകോവിൽ പട്ടണത്തിന്റെ ആറുകിലോമീറ്റർ അകലെ വീരുരുപ്പ് ഗ്രാമത്തിലാണ് ഈ ബുദ്ധക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ അപൂർവമായി മാത്രം കണ്ടുവരുന്നബുദ്ധക്ഷേത്രങ്ങളിൽ സമീപകാലത്തായി വളരെയധികം പ്രസിദ്ധി നേടാൻ പോകുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. തീർത്തും നിശബ്ദമായൊരു കൃഷിയിടത്തിന്റെ നടുവിൽ പഴയ ബുദ്ധാശ്രമത്തിനു സമീപത്തായി പണിതുയർത്തിക്കൊണ്ടിരിക്കുന്ന 100 അടി ഉയരത്തിലുള്ളൊരു ബുദ്ധസ്തൂപമാണ് ഈ ഗ്രാമത്തെ ആഗോളപ്രശസ്തമാക്കാൻ പോകുന്ന പ്രധാന കാര്യങ്ങളിലൊന്ന്. ലോക സമാധാനത്തിനായി ദക്ഷിണേന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ബുദ്ധസ്തൂപമാണിത്. ഗോപുരത്തിന്റെ നിർമ്മാണം ഏകദേശം എൺപത് ശതമാനത്തോളം പൂർത്തിയാക്കി കഴിഞ്ഞു.
മട്ടൻ ബിരിയാണിയും സ്വപ്നം കണ്ട്...
നൂറ്റമ്പത് വർഷത്തെ പാരമ്പര്യവുമായി ബിരിയാണി വിളമ്പുന്ന ഒരു ഭക്ഷണശാലയാണ് സുൽത്താൻ ഹോട്ടൽ. ഉച്ചയോടെ റസ്റ്ററന്റിലെത്തിയപ്പോഴേക്കും നല്ല തിരക്ക്. ഒരു നിര ആൾക്കൂട്ടം കഴിച്ച് തീരുന്നതും കാത്ത് മറ്റൊരു നിര നിൽക്കുന്നു. ശങ്കരൻകോവിലിൽ കലുഗുമല റോഡിലാണ് ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. തെക്കൻ തമിഴ്‌നാട്ടിലും പിന്നീട് അതിർത്തി കടന്നു കേരളത്തിലും സുൽത്താൻ ബിരിയാണിയുടെ ഗന്ധം എത്തിത്തുടങ്ങിയതോടെ സഞ്ചാരികളുടെ വരവും കൂടി. മസാലയുടെ ഗന്ധവും രുചിയും ഒരുപോലെ ചേർന്നതാണ് ഇവിടുത്തെ ബിരിയാണി. ഉച്ചയ്ക്ക് 11 മണിമുതൽ 2 .30 വരെയാണ് ബിരിയാണി ലഭിക്കുന്നത്. ഒരേ സമയം 17 പേർക്ക് മാത്രമിരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരിക്കുന്ന ചെറിയൊരു ഭക്ഷണശാലയാണിത്. ഒരു നിരയിൽ ഭക്ഷണം കഴിച്ച് ആളുകൾ ഇരിക്കുമ്പോൾ തന്നെ ഊഴം നോക്കി മറ്റൊരു നിര പിന്നിൽ കാത്തുനിൽക്കുന്നുണ്ടാകും. 340 രൂപയാണ് ഒരു ഫുൾ ബിരിയാണിയുടെ വില. എങ്കിലും 170 രൂപാ നിരക്കിൽ ഹാഫ് ബിരിയാണി ഇവിടെ ലഭിക്കും. ഹാഫ് ബിരിയാണി കഴിച്ചാൽ തന്നെ വയറു നിറയും. മട്ടൻബിരിയാണിയാണ് ഇവിടെ കിട്ടുക. അതിനൊപ്പം മട്ടൻ ചുക്കയും, ചിക്കൻ ചുക്കയും ലഭ്യമാണ്. കുറേ നേരത്തെ കാത്തിരിപ്പിനൊടുവിൽ ബിരിയാണി എത്തി. രൂക്ഷമായ മസാല ഗന്ധമില്ലാത്ത ഹൃദ്യമായൊരു രുചി. വെന്തുമൊരിഞ്ഞ മട്ടൻ കഷ്ണങ്ങൾ അതിനെ പൊതിഞ്ഞിരിക്കുന്നു. ആസ്വദിച്ച് കഴിച്ച് ഊഴം കാത്തുനിന്നവർക്കായി വേഗം എഴുന്നേറ്റു. പ്രധാനകൗണ്ടറിൽ പാഴ്‌സൽ വാങ്ങാനെത്തിയവരുടെ വലിയ തിരക്ക് കാണാം.
കോവിൽപ്പെട്ടിയിലെ മിഠായിത്തെരുവുകൾ
ശങ്കരൻകോവിലിൽ നിന്നും 43 കിലോമീറ്റർ അകലെയാണ് തൂത്തുക്കുടി ജില്ലയിലെ പ്രധാനപട്ടണങ്ങളിലൊന്നായ കോവിൽപ്പെട്ടി. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കടലമിഠായി മധുരത്തിന്റെ പേരിൽ പ്രശസ്തമാണിവിടം. . പ്രാദേശീയമായി കൃഷിചെയ്തെടുക്കുന്ന നിലക്കടല ശർക്കര പാനിയുമായി ചേർത്തുനിർമ്മിക്കുന്ന കോവിെപ്പട്ടി കടലമിഠായിക്ക് ഒട്ടേറെ ആരാധകരുണ്ട്. വേനൽ അതിന്റെ കാഠിന്യം ഉച്ചിയിലിട്ട് തിളപ്പിച്ച നട്ടുച്ച നേരത്താണ് കോവിൽെപ്പട്ടിയിലെത്തിയത്. കടലമിഠായികൾക്ക് പ്രശസ്തമായ ഇവിടുത്തെ ചില കടകളുടെ പേര് നേരത്തേതന്നെ അറിഞ്ഞുവച്ചിരുന്നു. ഇതിൽ VVR കടല മിഠായികളാണ് ഏറ്റവും കൂടുതൽ ചെലവാകുന്ന ബ്രാന്റുകളിലൊന്ന്. തിരക്കുപിടിച്ച തെരുവിലെ ഓരത്തുള്ള ചെറിയ കടയാണിത്. കടയുടെ മുന്നിൽ എപ്പോഴും തിരക്കാണ്. പലദേശങ്ങളിലുള്ളവർ മിഠായിപ്പെരുമ കേട്ടറിഞ്ഞ് തേടിപ്പിടിച്ചെത്തിയിരിക്കുന്നു. വിവിധതരം മിഠായികൾ ഇവിടെ ലഭ്യമാണ്. കടലമിഠായി കൂടാതെ എള്ള് മിഠായി, പാൽക്കോവ, മൈസൂർ പാക്ക്, പൊരി അങ്ങനെ ചെറുതും വലുതുമായ പായ്ക്കറ്റുകളിൽ വിവിധതരം മിഠായി മധുരങ്ങൾ. വിൽപനകേന്ദ്രത്തോട് ചേർന്നുതന്നെയാണ് നിർമ്മാണയൂണിറ്റും സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കടയാണ് VVR േസ്റ്റാഴ്സ്. 1968 ൽ കടല മിഠായി നിർമ്മിച്ച് കച്ചവടം ആരംഭിച്ചതാണ് ഇവർ. കടലമിഠായിക്ക് രുചി വളരെവേഗം ആളുകൾക്കിടയിൽ പ്രചാരം നേടി. ഇപ്പോൾ തപാൽ വഴി ഇന്ത്യയിൽ എവിടെയും VVR കടലമിട്ടായി ലഭ്യമാണ്.
രാത്രി തുറക്കുന്ന ഇരുട്ടുകട
തിരുനെൽവേലി പട്ടണത്തിനുള്ളിൽ അരുൾമിഗു നെല്ലയ്യപ്പ ക്ഷേത്രത്തിനുമുന്നിലെ തിരക്കുപിടിച്ച തെരുവിലാണ് ഇരുട്ടുകട. രുചിപ്പെരുമ കൊണ്ട് ഒന്നരനൂറ്റാണ്ടോളമായി തെക്കേയിന്ത്യയിലെ ഹൽവ പ്രേമികളെ കൊതിപിടിപ്പിക്കുന്ന പേരായി അത് മാറിയിരിക്കുന്നു. 1882 ലാണ് ഇരുട്ടുകടയുടെ ചരിത്രം തുടങ്ങുന്നത്. ചൊൽക്കാംപെട്ടി എന്ന നാട്ടുരാജ്യത്തെ രാജാവ് കാശിയിൽ പോയപ്പോൾ അവിടെ നിന്നും കഴിച്ച ഹൽവയുടെ രുചി ഇഷ്ടപ്പെട്ട് പാചകക്കാരനായ രജപുത്ര വംശജൻ ജഗൻസിംഗിനെ മടക്കയാത്രയിൽ ഒപ്പം കൂട്ടുകയായിരുന്നു. അങ്ങനെ തിരുനെൽവേലി പട്ടണത്തിൽ ജഗൻസിംഗ് ലക്ഷ്മിവിലാസ് എന്ന പേരിൽ ഒരു ഹൽവ ഷോപ്പ് തുറക്കുന്നു. തിരുനെൽവേലിയിൽ ആദ്യത്തെ ഹൽവ കടയായിരുന്നു അത്. വർഷങ്ങൾ കഴിയും തോറും ഹൽവയുടെ പ്രസിദ്ധി ദേശങ്ങൾ കടന്നു.
നിരപ്പലകയിട്ട ഒരു ചെറിയ കടയിലാണ് ഇരുട്ടുകട ഹൽവ സ്റ്റാൾ പ്രവർത്തിക്കുന്നത്. പേരോ തിരിച്ചറിയാനുള്ള അടയാളങ്ങളോ ഇവിടെയില്ല. മുൻകാലങ്ങളിൽ ഇരുട്ടിൽ റാന്തൽ വെളിച്ചത്തിൽ വിറ്റുവന്നതുകൊണ്ടാകാം ലക്ഷ്മി വിലാസ് കാലക്രമേണ ഇരുട്ടുകട എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. എല്ലാ ദിവസവും ഉച്ച കഴിയുന്നതോടെ പലദേശങ്ങളിൽ നിന്നെത്തുന്നവർ ഈ കടയ്ക്കുമുന്നിൽ വരിയായി നിൽക്കും. അഞ്ചു മണി കഴിയുമ്പോഴാണ് കട തുറക്കുക. മിക്ക ദിവസങ്ങളിലും ഇരുട്ട് വീഴുമ്പോഴേക്കും മധുരമൂറുന്ന ഈ ചൂടൻ ഹൽവ വിറ്റു തീരുന്നു. കാൽക്കിലോ, അരക്കിലോ, ഒരു കിലോ പായ്ക്കറ്റുകളായി ലഭിക്കുന്നതിനാൽ വളരെ വേഗം ഉപഭോക്താക്കൾക്ക് ഹൽവ ലഭിക്കുന്നു. ഒരു കിലോ ഹൽവയ്ക്ക് 340 രൂപയാണ് ഇപ്പോഴത്തെ വില. അതോടൊപ്പം 25 രൂപയ്ക്ക് വാഴയിലയിൽ പൊതിഞ്ഞ സാംപിൾ ലഭ്യമാണ്.
കോവിൽപ്പട്ടിയിൽ നിന്നും തിരുനെൽവേലി പട്ടണത്തിലെത്തിയപ്പോഴേക്കും നാലു മണിയോളമായിരുന്നു. അരുൾമിഗു നെല്ലയ്യപ്പ ക്ഷേത്രത്തിനുമുന്നിലെ തെരുവ് അപ്പോഴേക്കും തിരക്കായിരുന്നു. പലദേശങ്ങളിൽ നിന്നെത്തിയ ഹൽവ പ്രേമികൾ വലിയ ബഹളങ്ങളൊന്നുമില്ലാതെ വരിനിൽക്കുന്നു. തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസിന്റെ സാന്നിധ്യമുണ്ട്. പതുക്കെ വരിയിലേക്ക് നിന്നു. കട തുറന്നപ്പോൾ സമയം അഞ്ചുകഴിഞ്ഞു. മുൻകൂട്ടി തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന പായ്ക്കറ്റുകൾ വളരെ വേഗം ഉപഭോക്താക്കളിലേക്കെത്തി. . ഇലയിൽ പൊതിഞ്ഞുകിട്ടിയ സാമ്പിൾ പായ്ക്കറ്റിലൊരെണ്ണം പൊട്ടിച്ച് വായിലേക്കിട്ടു. അന്നുവരെ കഴിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ രുചി...! നാവിൻതുമ്പിൽ രുചിയുടെ മേളപ്പെരുക്കം തീർക്കുന്ന താമ്രഭരണിത്തീരത്തെ രുചിയാത്രയ്ക്ക് തൽകാലത്തേക്ക് ഷട്ടറിട്ടു, വരി നിന്ന് വാങ്ങിയ പാഴ്സൽ രുചികൾ ഭദ്രമായ സൂക്ഷിച്ച് തിരികെ വീട്ടിലേക്ക്...