തിരുവല്ലാ കോട്ടയം റൂട്ടിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചങ്ങനാശേരിക്കടുത്തായി മുല്ലപ്പൂ ചാർത്തിയ ഒരു ഓട്ടുപുര കാണാം. റെയിൽ പാളത്തിനരികിലുള്ള വെളുത്ത ബോർഡിലെ കറുത്ത അക്ഷരങ്ങളിൽ ആകൃഷ്ടനായി കഴിഞ്ഞ ദിവസം അവിടെയൊന്നിറങ്ങി. ഷാപ്പിന്റെ മുറ്റത്ത് അപ്പോൾ സൂര്യപ്രകാശം വീണു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉമ്മറപ്പടിയിലേക്ക് കാലെടുത്തു വച്ചതിനു പിന്നാലെ പുറകിൽ നിന്നൊരു വിളി. ‘വെൽക്കം ടു വെണ്ടക്കാലാ’ – ചങ്ങനാശേരിക്കാരന്റെ ആഢ്യത്വം മുഖത്തു നിറച്ച് അനിരുദ്ധൻ സമൃദ്ധമായി പുഞ്ചിരിച്ചു. പണ്ടു വെണ്ടയ്ക്കാ കൃഷിയുണ്ടായിരുന്ന പാടത്തു സ്ഥിതി ചെയ്തിരുന്ന ഷാപ്പിനെ സ്ഥാനം മാറ്റി സ്ഥാപിച്ച് ‘വെണ്ടക്കാലാ’ എന്നു പേരു ചാർത്തിയ തൃക്കൊടിത്താനത്തുകാരനാണ് അനിരുദ്ധൻ. ‘‘ഭക്ഷണം കഴിക്കുന്നവരുടെ വയറു നിറഞ്ഞാൽ പോരാ; മനസ്സും നിറയണം. അതിനാണു വീടിന്റെ മാതൃകയിൽ കള്ളുഷാപ്പ് നിർമിച്ചത്.’’ കഥ പറഞ്ഞുകൊണ്ട് അനിരുദ്ധൻ അടുക്കളയിലേക്ക് കയറി.
കണ്ടു മടുത്തവന്റെ കയ്യിൽ നിന്നു കടം വാങ്ങണം; ഉണ്ടു മടുത്തവന്റെ വീട്ടിൽ നിന്ന് ഊണു കഴിക്കണം – തൃക്കൊടിത്താനത്തും പരിസര പ്രദേശങ്ങളിലും പ്രചരിച്ച പഴഞ്ചൊല്ലാണിത്. വെണ്ടക്കാലായിൽ നിന്നു ഭക്ഷണം കഴിച്ചിട്ടുള്ളവർ ഈ പഴഞ്ചൊല്ലിൽ പതിരില്ലെന്ന് ഏത്തമിട്ടു സമ്മതിക്കുന്നു. വെണ്ടക്കാലായിലെ രുചിരഹസ്യം വീട്ടമ്മമാരുടെ കൊതി ഉണർത്തിയപ്പോഴാണ് ഇങ്ങനെയുള്ള പഴഞ്ചൊല്ലിനൊക്കെ വീര്യം കൂടിയത്. കേര മീനിന്റെ തലവെട്ടി മുളകു ചാറിൽ മുക്കി കുറുക്കുന്ന പാചകവിദ്യ പെണ്ണുങ്ങളുടെ കയ്യിനു വഴങ്ങുന്നില്ല. എന്നാൽ, ചേരുവയിലുള്ള കയ്യടക്കമല്ലാതെ ഷാപ്പിലെ ഭക്ഷണത്തിന്റെ സ്വാദിനു പിന്നിൽ വേറെ തന്ത്രങ്ങളൊന്നും ഇല്ലെന്നാണ് വാഹിദ് പറയുന്നത്. ഇരുപതു വർഷമായി ഷാപ്പിന്റെ അടുക്കളയിൽ രുചി വിരുന്നൊരുക്കുന്ന വിദ്വാനാണ് അബ്ദുൾ വാഹിദ്. എരിവിനെ പേടിയുള്ള സായിപ്പിനെ അപ്പവും കരിമീനും തീറ്റിച്ചു തൃപ്തനാക്കിയ റെക്കോഡ് വാഹിദിന്റെ പേരിലുണ്ട്. ഷാപ്പു കറിയുടെ മർമം തൊട്ടറിഞ്ഞിട്ടുള്ള വാഹിദ് ‘മനോരമ ട്രാവലറി’നു വേണ്ടി കലവറയൊന്നു പൊലിപ്പിച്ചു.
‘‘കരിമീൻ പൊള്ളിച്ചത്, കണവ വറുത്തത്, കാരി പൊരിച്ചത്, താറാവ് മപ്പാസ്, പന്നിയിറച്ചി ഉലർത്തിയത്, ബീഫ് ഫ്രൈ, പൊടിമീൻ ഫ്രൈ, ഞണ്ടു കറി, വറ്റമീൻ തലക്കറി...’’ വാഹിദിക്ക വേവാറായ വിഭവങ്ങൾ ചൂണ്ടിക്കാട്ടി. അപ്പം, കപ്പ, പുട്ട്, പൊറോട്ട എന്നിവയും തയാർ. ഈ സമയമായപ്പോഴേക്കും മൺകൂജയിലെ പാനീയം നുകരാൻ ആളുകൾ എത്തിത്തുടങ്ങി. പൂരപ്പറമ്പിൽ ഇരിപ്പിടം ഉറപ്പാക്കുന്ന പോലെ അവർ സംഘങ്ങളായി ഓരോ മൂലകളിൽ സ്ഥാനം പിടിച്ചു. ലോകത്തെല്ലായിടത്തും ഈ ഐക്യം അതിശയകരം, ആകർഷണീയം!
‘‘കേരളാ ഭാഗ്യക്കുറിയുടെ ഓണം ബംപർ പോലെ ചങ്ങനാശേരിക്കു കിട്ടിയ ഭാഗ്യമാണു നാലുകോടി ജംക്‌ഷൻ. തൃക്കൊടിത്താനത്തിനു സമീപത്തുള്ള നാലുകോടി കവലയുടെ രുചി സൗഭാഗ്യമാണു വെണ്ടക്കാലാ.’’ ഷാപ്പിന്റെ പടിപ്പുരയെ തൊഴുത് രാജപ്പൻ ചേട്ടൻ വെണ്ടക്കാലാ പെരുമയെ പുകഴ്ത്തി. പായിപ്പാടു നിന്നു ബോട്ടു കയറി ചങ്ങനാശേരിയിൽ വന്നിറങ്ങി അവിടെ നിന്ന് ഓട്ടൊറിക്ഷ വിളിച്ച് വെണ്ടക്കാലായിലെത്തി മേടച്ചൂടിനെ തണുപ്പിക്കുന്നയാളാണ് രാജപ്പൻ. ആഴ്ചയിലൊരു ദിനം വെണ്ടക്കാലായിലെ ബീഫും കപ്പയും കഴിച്ചില്ലെങ്കിൽ ‘തൊപ്പിയില്ലാത്ത പൊലീസുകാരനെപ്പോലെ’ ശൗര്യം നഷ്ടപ്പെടുമെന്നാണ് രാജപ്പൻ ചേട്ടന്റെ അഭിപ്രായം.
ന്യൂജെൻ രുചി
വാട്സാപ്പിലും ഫേസ്ബുക്കിലും യുട്യൂബിലും ഹിറ്റാണ് വെണ്ടക്കാലാ. ചെരുവച്ചട്ടിയിൽ പൊങ്ങിക്കിടക്കുന്ന തലക്കറിയുടെ വിഡിയോ കണ്ട് ദൂരദേശങ്ങളിലുള്ളവർ പോലും ടാക്സി വിളിച്ച് ഷാപ്പിലേക്കു വരുന്നു. നീളത്തിലുള്ള ഓട്ടുപുരയുടെ കോൺചെരിവുകളിലും മരപ്പാളി നിരത്തിയ ചെറുമുറികളിലും അവർ സ്വാദിന്റെ സുഖം നുകരുന്നു. ഉച്ചവെയിലിനു ചൂടുകൂടുമ്പോൾ ചിലർ പാട്ടു പാടും. മറ്റു ചിലർ കഥ പറയും. ഓട്ടുരുളിയുടെ വാവട്ടത്തോളം വലുപ്പമുള്ള കരിമീൻ പാഴ്സൽ വാങ്ങി അന്തിമയങ്ങുമ്പോഴേ വീട്ടിലേക്കു മടങ്ങാറുള്ളൂ.
മൂന്നു നിരയായി കെട്ടിയ നീളമുള്ള ഓട്ടുപുരയും ചാർത്തുകളുമാണ് വെണ്ടക്കാലാ. കുട്ടികളും കുടുംബവുമായി വരുന്നവർക്ക് സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലമുണ്ട്. റസ്റ്ററന്റുകളിലെ ഫാമിലി റൂമിന്റെ പകർപ്പാണിത്. ചങ്ങനാശേരിയിലൂടെ തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യുന്നവരാണ് ഇവിടുത്തെ അതിഥികൾ. നേരംപോക്കിനു വട്ടം ചേർന്നിരിക്കുന്നവരുടെ ഏരിയയിലെ കസ്റ്റമേഴ്സ് പരസ്പരം പരിചയക്കാരാണ്. പത്രവിശേഷങ്ങളും രാഷ്ട്രമീമാംസയും ചർച്ച ചെയ്ത് നാളെ കാണാമെന്നു പറഞ്ഞ് പിരിയുന്നവർ. വെണ്ടക്കാലായിൽ വന്നാൽ ‘ജനറൽ നോളജ്’ കൂടുമെന്നൊരു വെടിവട്ടം കേട്ടു. അതൊരു കൂട്ടിച്ചിരിക്കൊടുവിൽ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ കുരുങ്ങി. ഇലക്‌ഷന്റെ അടിയൊഴുക്കും കൂറുമാറ്റവും മുതൽ വോട്ടിങ് ശതമാനം വരെ കണക്കുകൾ നിറഞ്ഞൊഴുകി. പൊടിമീൻ ചവയ്ക്കുന്നതിന്റെ ‘കറുമുറാ’ ശബ്ദം പശ്ചാത്തലമാക്കിയ ചർച്ചകൾക്കിടെ കക്കയിറച്ചിയും കണവ ഫ്രൈയും മേശപ്പുറത്തു വന്നു പോയി.
സാധാരണ കള്ളു ഷാപ്പിൽ ചിരട്ടപ്പുട്ടിനും കടലക്കറിക്കും വലിയ റോളൊന്നുമില്ല. പക്ഷേ, വെണ്ടക്കാലായിൽ അതൊക്കെ വലിയ വിഷയമാണ്. വെണ്ടക്കാലായിൽ നിന്നു പ്രഭാത ഭക്ഷണം കഴിക്കാമെന്നുറപ്പിച്ച് വീട്ടിൽ നിന്നിറങ്ങുന്നവരുണ്ട്. അനിരുദ്ധൻ അവരെ നിരാശരാക്കാറില്ല. പൊറോട്ട, അപ്പം, കപ്പ തുടങ്ങി ബ്രേക് ഫാസ്റ്റ് വിഭവങ്ങൾ രാവിലെ ഒൻപതാകുമ്പോഴേക്കും തയാറാകും. ബാക്കി വിഭവങ്ങളും ഓരോന്നായി ഈ സമയം തൊട്ടു വിളമ്പി തുടങ്ങും.
അടാറ് ഐറ്റംസ്
കുട്ടനാടൻ ഡക്ക് റോസ്റ്റിന്റെ വെണ്ടക്കാലാ വെർഷൻ കടുകിട്ട് വഴറ്റിയതാണ്. എണ്ണയിൽ കുറുകിയ ചേരുവയിൽ മുങ്ങിക്കിടക്കുന്ന താറാവിന്റെ കഷണത്തിനു മപ്പാസിന്റെ രുചിയാണ്. കൂന്തൽ ഫ്രൈയാണ് നാവിൽ സുഖം പടർത്തുന്ന രണ്ടാമൻ. പോർക്ക് ഉലർത്തിയതിനെക്കാൾ അൽപ്പം എരിവു കുറവുണ്ടെന്ന കാര്യം ഒഴിവാക്കിയാൽ രണ്ട് ഐറ്റത്തിനും ‘സ്മൂത്തി ഫീൽ’. ഇടിയപ്പത്തിന് ‘അടാറ്’ കോമ്പിനേഷനാണ് കൂന്തൽ ഫ്രൈ.
പണ്ടേതോ കള്ളു ഷാപ്പിൽ വച്ച് കപ്പയെ ചേർത്തു പിടിച്ച് മീൻകറി ‘മെയ്ഡ് ഫോർ ഈച്ച് അദർ’ എന്നു പറഞ്ഞത്രെ. ബുദ്ധിജീവിയെ പോലെ ദീക്ഷ വളർത്തിയ മെലിഞ്ഞ ചേട്ടനാണ് ഇക്കാര്യം പറഞ്ഞത്. ബെഞ്ചിന്റെ അറ്റത്തിരുന്ന് കപ്പയും മീനും കൂട്ടിക്കുഴക്കുന്നതിനിടെ ആരോടെന്നില്ലാതെ അദ്ദേഹം പിറുപിറുക്കുകയായിരുന്നു. കപ്പപ്പുഴുക്കുമായി ഇഴചേർന്നു നിൽക്കുന്ന തലക്കറിയോട് അസൂയ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാപ്പു കറിയും പ്രണയവുമായി കൂട്ടിയിണക്കിയ ‘ബ്രോ’യുടെ പേരു ചോദിച്ചു. വിഷാദം കനത്ത കണ്ണുകളടച്ച് അദ്ദേഹം താടിയൊന്നു തലോടി. ‘തത്ക്കാലം എന്നെ വിഷാദൻ എന്നു വിളിച്ചോളൂ’. കത്തുന്ന വെയിലും കുളിരുള്ള നീരും ചേർന്ന് ഈ വരാന്തയിൽ ഇതുപോലെ പലതരം സീനുകൾ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും ലേറ്റസ്റ്റാണ് വിഷാദനിൽ നിന്നു കേട്ടത്.
റെയിൽവെ ട്രാക്കിന്റെയരികിലാണു വെണ്ടക്കാലാ. അതിരാവിലെ വഞ്ചിനാടിന്റെ ചൂളം വിളി മുതൽ വേണാട് എക്സ്പ്രസ് ചൂളമടിച്ചു കടന്നു പോകും വരെ അവിടെ ആളുകളുടെ ആരവം കേൾക്കാം. വീണ്ടുമൊരിക്കൽ നേരിൽ കാണാൻ സാധ്യതയില്ലെങ്കിലും ‘പിന്നെ കാണാ’മെന്നു പരസ്പരം ഉപചാരം ചൊല്ലുന്നതു കാണാം. കേറ്റിപ്പറയുകയല്ല, മനസ്സുകൾ തമ്മിലുള്ള ഈ മനുഷ്യ ബന്ധമാണ് വെണ്ടക്കാലായുടെ രുചിപ്പെരുമ.