Wednesday 22 December 2021 03:05 PM IST : By Goutham Rajan

സ്ക്രീനിൽ കണ്ടാസ്വദിച്ച മായാലോകം കണ്മുന്നിൽ; വൂളിങ് യുവാനിലെ സൂചിമലകളുടെ വിശേഷങ്ങൾ തേടിയൊരു യാത്ര...

Avatar mountains of Zhangjiajie - China Photo : Goutham Rajan

കാഴ്ചയുടെ വിസ്മയമൊരുക്കിയ ‘അവതാർ’ സിനിമയിലെ ഹല്ലേലൂയാ കുന്നുകൾ ഓർമയില്ലേ? അതിനോട് കിടിപിടിക്കുന്ന ഒരു യഥാർഥ ലോകം ഭൂമിയിലുണ്ട്. വൂളിങ് യുവാനിലെ സൂചിമലകളുടെ കാഴ്ചയും വിശേഷങ്ങളും തേടിയൊരു യാത്ര...

ജയിംസ് കാമറൂണിന്റെ  ‘അവതാർ’ സിനിമ കണ്ടവരെയെല്ലാം വിസ്മയിപ്പിച്ച രംഗമാണ് വായുവിലേക്കുയർന്നു പൊങ്ങി മൂടൽമഞ്ഞിൽ പാറി നിന്ന ‘ഹല്ലേലൂയാ കുന്നുകൾ’. ആ മായാലോകം സ്ക്രീനിൽ കണ്ടാസ്വദിച്ചപ്പോൾ അറിയില്ലായിരുന്നു, അതിനോട് കിടപിടിക്കുന്ന ഒരു മായാലോകം യഥാർഥത്തിൽ ഭൂമിയിലുണ്ടെന്ന്. ആ കാഴ്ചയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിനിമയിലെ രംഗങ്ങൾ ഒരുക്കിയതെന്ന്. പക്ഷേ ഓരോന്നും അതിന്റെ സമയത്ത് നമ്മളിലേക്ക് വന്നു ചേരുമെന്നാണല്ലോ. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഹല്ലേലൂയ കുന്നുകൾ ഗൂഗിൾ അന്വേഷണത്തിൽ ഒരു ചിത്രമായി പ്രത്യക്ഷപ്പെട്ടു. കൂടെ വിവരങ്ങളും.

Avathar-hills

തെക്ക്കിഴക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ വൂളിങ് യുവാൻ (wulingyuan) പട്ടണത്തിലാണ് ഈ മായാലോകം സ്ഥിതി ചെയ്യുന്നത്. ഇന്റർനെറ്റിൽ കാണുന്നതിനെക്കാൾ എത്രയോ വലുതാണ്‌ ഈ പ്രദേശം. ഒരു ക്യാമറ ഫ്രെയിമിലും ഒതുക്കുവാൻ കഴിയാത്ത വിധം വലുത്. നോക്കെത്താദൂരത്തോളം പല ഉയരത്തിലും പല രൂപങ്ങളിലും നിറഞ്ഞു കിടക്കുന്ന മൂവായിരത്തോളം സൂചിമലകൾ 12000 ഏക്കറിലായി കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ഈ അപൂർവ ഭൂപ്രകൃതി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട് – ഒരു യാത്രയ്ക്കു വേണ്ട എല്ലാ രസക്കൂട്ടുകളും തയാറായിരുന്നു.

മല മുകളിലേക്കൊരു ലിഫ്റ്റ്

വൂളിങ് യുവാനിൽ നിന്ന് 40 കിലോമീറ്റർ ദൂരെയുള്ള ജാങ്ജ്യാജ്യെ (zhangjiajie) പട്ടണത്തിലാണ് ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനും വിമാനത്താവളവും. ഇടവിട്ട് ബസ് സർവീസുകളുണ്ടായതു കൊണ്ട് പട്ടണത്തിലേക്കെത്താൻ പ്രയാസപ്പെട്ടില്ല. കൊച്ചു പട്ടണമാണെങ്കിലും ചെലവു കുറഞ്ഞ യൂത്ത് ഹോസ്റ്റലുകൾ മുതൽ ആഡംബര റിസോർട്ടുകൾ വൂളിങ് യുവാനിലുണ്ട്. സൂചിമലകളും അതുമായി ബന്ധപ്പെട്ട വിനോദസഞ്ചാരമേഖലയുമാണ് മുഖ്യവരുമാന മാർഗം.

Tiyanci-hills

‘‘സൂചിമലകളുടെ വശങ്ങളിലുള്ള വ്യൂ പോയിന്റുകൾ തമ്മിൽ ബന്ധിപ്പിച്ചു മിനിബസുകൾ ഓടുന്നുണ്ട്. മുകളിലേക്കുള്ള എൻട്രി ടിക്കറ്റ്‌ എടുത്താൽ അതുപയോഗിച്ചു മൂന്നു ദിവസം വന്നുപോകാം. കാഴ്ചകൾ മുഴുവൻ കണ്ടു തീരണമെങ്കിൽ ഒരു ദിവസമൊന്നും മതിയാവില്ല എന്നതുകൊണ്ടാണ് ഈ സൗകര്യം. ഓരോ ദിവസവും ആ കാടുകളുടെ ഓരോ ഭാഗങ്ങൾ ആയി ആസ്വദിച്ചു കാണണം.’’ – ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ മുറി ഇംഗ്ലിഷിൽ വിശദീകരിച്ചു. ഏറ്റവും സുന്ദരവും വൈവിധ്യവുമാർന്ന കാഴ്ചകൾ  തിരഞ്ഞെടുത്ത് മലമുകളിലെ റൂട്ട് പ്ലാൻ ചെയ്തു.

വൂളിങ്ങ് യുവാനിലെ ഹോട്ടലിൽ നിന്നും അഞ്ചു മിനിറ്റ് നടന്നപ്പോഴേക്കും മലമുകളിലേക്കുള്ള പ്രവേശന കവാടമെത്തി. ഇവിടെ നിന്നുമാണ് ടിക്കറ്റ്‌ എടുക്കേണ്ടത്. ഈ മലയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. മുകളിലേക്കും താഴേക്കും ഷട്ടിൽ സർവീസ് നടത്തുന്ന ബസുകൾ മാത്രമാണ് ഈ പാതകളിൽ ഓടുന്നത്. മലയുടെ പകുതി ദൂരം വരെയേ റോഡ്‌ ഉള്ളൂ. അര മണിക്കൂർ കയറ്റത്തിനൊടുവിൽ ബസ്‌ ഒരു സുന്ദരൻ അരുവിയുടെ കരയില്‍ ചെന്നു നിന്നു. ‘ഗോൾഡൻ വിപ് സ്ട്രീം’ എന്ന് പേരുള്ള ഈ അരുവി സൂചിമലകളുടെ ചുവട്ടിലൂടെയാണ് ഒഴുകുന്നത്.

Thujiya-2

അരുവിയുടെ കരയിൽ നിന്നും കുറച്ചു നടന്നാൽ കാണുന്നതൊരു വിചിത്ര കാഴ്ചയാണ്. ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു മാറി മലയോട് ഒട്ടിച്ചേർന്നു മുകളറ്റം വരെ പോവുന്നൊരു പടുകൂറ്റൻ ലിഫ്റ്റ്! ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഔട്ട്‌ഡോർ ലിഫ്റ്റ്’ എന്ന ഖ്യാതിയുള്ള "ബൈലോങ്ങ് എലിവേറ്റർ (Bailong elevator)". 330 മീറ്റർ ഉയരത്തിൽ ഗ്ലാസും സ്റ്റീലും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ലിഫ്റ്റ് ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. മലയുടെ ബാക്കി ദൂരം അങ്ങനെയാണ് കയറുന്നത്. പുറംവശത്തെ ചില്ലുപാളികൾ പതിച്ച ലിഫ്റ്റ് തുടക്കത്തിൽ കുറച്ചു ദൂരം മലയുടെ ഉള്ളിലൂടെയാണ് നീങ്ങുക. അൽപനേരം ഉയർന്നു കഴിയുമ്പോൾ പൊടുന്നനെ മല തുളച്ചു പുറത്തെത്തും. ചില്ലുകൂടിനു പുറത്ത് അനന്തമായി പരന്നു കിടക്കുന്ന സൂചിമലകളാണ് സഞ്ചാരികളെ ആദ്യം വരവേൽക്കുന്ന കാഴ്ച. ഒരു നിമിഷാർധം കൊണ്ട് കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആ ദൃശ്യഭംഗി വിവരിക്കാൻ പേന കൊണ്ടോ ക്യാമറ കൊണ്ടോ എളുപ്പം സാധിക്കില്ല.

golden-wip-stream

ഹല്ലേലൂയാ കുന്നുകൾ

മലമുകളിൽ ലിഫ്റ്റ് ചെന്നു നിൽക്കുന്ന ഭാഗമാണ് യുവാൻജ്യാജ്യെ (Yuanjiajie). ഇവിടെ നിന്നും ഏതു ദിക്കിലേക്ക് നോക്കിയാലും പെൻസിലുകൾ പോലെ പൊന്തി നിൽക്കുന്ന കുന്നുകൾ കാണാം.

കാഴ്ചകളും കണ്ട് ഇത്തിരി ദൂരം മുന്നോട്ട് നടന്നപ്പോഴതാ മുൻപിലൊരു ആൾക്കൂട്ടം. ഹല്ലേലൂയാ മലയുടെ (Hallelujah mountain) നേരെ മുമ്പിലുള്ള വ്യൂപോയിന്റാണ്. ഒരു കിലോമീറ്റർ ഉയരം വരുന്ന ഒരു നെടുനീളൻ സൂചിമല. മുകളറ്റത്തേക്കാൾ വീതി കുറഞ്ഞ താഴ്ഭാഗം കണ്ടപ്പോൾ ഈ മല ഇത് വരെ കാറ്റിലും മഴയിലും ഇളക്കം തട്ടാതെ നിന്നല്ലോ എന്നോർത്ത് അമ്പരപ്പ് തോന്നി. ഒന്ന് ആഞ്ഞൂതിയാൽ നേരെ എതിർ വശത്തേക്ക് മറിഞ്ഞു വീഴുമെന്ന പോലെയാണ് നിൽപ്പ്. ഫിസിക്സിലെയും മാത്തമാറ്റിക്സിലെയും നിയമങ്ങളുമായി ഇങ്ങോട്ട് വരണ്ട എന്ന മട്ട്. മലയുടെ തലപ്പ്‌ മുഴുവൻ പച്ചക്കുട പോലെ നിറഞ്ഞു വളരുന്ന മരങ്ങൾ. താഴെ കാട്ടിൽ മൂടൽമഞ്ഞു പരക്കുന്ന ദിവസങ്ങളിൽ ഇവിടെ നിന്ന് നോക്കിയാൽ ഈ കുന്ന് വായുവിൽ പൊങ്ങി നിൽക്കുന്ന പോലെ തന്നെയേ തോന്നൂ.

natural-bridge

അവതാർ സിനിമയുടെ നിർമാണഘട്ടത്തിൽ അതിലെ ഗ്രാഫിക്സ് ഡിസൈൻ ടീം ഈ മല വന്നു കണ്ടു പഠിച്ചിട്ടാണത്രേ സ്ക്രീനിലെ ഹല്ലേലൂയാ കുന്നുകൾ സൃഷ്ടിച്ചത്. സിനിമ ചരിത്രവിജയം ആയതോടെ വൂളിങ് യുവാൻ പുറംലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. അതോടെ സിനിമയിലെ പേരു തന്നെ ഈ കുന്നിനും വീണു – ഹല്ലേലൂയ. ഒരു കിലോമീറ്റർ നീളമുള്ള കുന്ന് മുഴുവനായി ഒതുങ്ങുന്ന ഒരു ഫ്രെയിം കണ്ടു പിടിക്കുവാൻ കുറച്ചു കഷ്ടപ്പെട്ടു.

ഹല്ലേലൂയാ മലയെ പിന്നിട്ടു വീണ്ടും സൂചിമലകൾക്കരികിലൂടെ അര മണിക്കൂറോളം നടന്നു മറ്റൊരു വിസ്മയത്തിലെത്തി. തൊട്ടു തൊട്ടു കിടക്കുന്ന രണ്ടു മലകളുടെ ഉയരത്തിലുള്ള തലപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രകൃതിദത്തമായ ഒരു പാലം.ഈ പാലത്തിലൂടെ മറുവശത്തെ മലയിലേക്ക് നടക്കാം. കൈവരിയിൽ പിടിച്ചു താഴോട്ടു നോക്കാൻ നല്ല മനക്കട്ടി വേണമെന്നു മാത്രം.

Chef-on-mountain

ഈ പാലത്തോടെ യുവാൻജ്യാജ്യെ സോൺ അവസാനിച്ചു. തൊട്ടടുത്തായി ബസ്‌ സ്റ്റോപ്‌ ഉണ്ട്. മലയുടെ മറുവശത്തുള്ള ടിയാൻസി (Tianzi) സോണിലേക്കുള്ള ബസ് പിടിച്ചു. അവിടെയെത്താൻ ബസിൽ ഒരു മണിക്കൂറോളം സഞ്ചരിക്കണം. അത്ര വിശാലമാണ് വൂളിങ് യുവാൻ മലമുകളിലെ സമതലം. മനോഹരമായ കാഴ്ചകളിലൂടെയാണ് സഞ്ചാരം. ടിയാൻസി ബസ് സ്റ്റോപ്പിൽ നല്ല തിരക്കായിരുന്നു. പൊതുവേ ചൈനയിൽ  പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ അധികം കാണാറില്ലെങ്കിലും വൂളിങ് യുവാനിലെ സ്ഥിതി അതല്ല. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമെല്ലാം ധാരാളമായി സഞ്ചാരികൾ ഇവിടെയെത്തുന്നു.

ഇതിനിടെ നാടിന്റെ രുചിയറിയാൻ അടുത്തു കണ്ട ഒരു ചെറിയ ഹോട്ടലിലേക്കു കയറി. ഉപ്പും മുളകും എല്ലാം പാകത്തിന് ചേർത്ത് വേവിച്ചെടുത്ത ഉരുളക്കിഴങ്ങും, നല്ല എരിവുള്ള ഒരു കറിയൊഴിച്ച എഗ്ഗ്  റൈസും. ഏതു പക്ഷിയുടെ മുട്ടയാണെന്നു കൗതുകം തോന്നിയെങ്കിലും ചോദിച്ചറിയാൻ മാത്രം ഭാഷ വശമില്ല. കൂടെ തന്ന ചോപ്സ്റ്റിക്സ് ഉപയോഗിക്കാൻ കുറച്ചു നേരം ശ്രമിച്ചു നോക്കി. അവസാനം അത് താഴെയിട്ടു കൈ കൊണ്ട് തന്നെ വാരിക്കഴിച്ചു തീർത്തു. അതിന്റെ സുഖമൊന്നു വേറെ തന്നെയല്ലേ!

ടിയാൻസി സോണിലെ മലകൾ

avathar-mount6678

യുവാൻജ്യാജ്യെ സോണിലെക്കാൾ എണ്ണത്തിൽ കൂടുതലാണ് ടിയാൻസി സോണിലെ മലകൾ. മലകൾ കൂടുതൽ ഇടതിങ്ങിയാണ് നിൽക്കുന്നത്. ആദ്യം കണ്ട മലകളുടെ വശങ്ങൾ അധികവും ഉരുണ്ടതാണെങ്കിൽ ടിയാൻസിയിലെ മലകൾക്ക് പരന്ന വശങ്ങളാണ്. മലകൾ ഈ രൂപം പ്രാപിച്ച കാലങ്ങളിലെ ജലപ്രവാഹത്തിന്റെയും മണ്ണൊലിപ്പിന്റെയും വ്യത്യസ്തതയാവാം ഒരുപക്ഷെ കാരണം.     

ഒരു വശത്ത് ആടയാഭരണങ്ങളും, കിരീടവും,  തിളങ്ങുന്ന മേലങ്കിയുമെല്ലാം ധരിച്ച ഒരു യുവതി സഞ്ചാരികൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. വൂളിങ് യുവാൻ  മലനിരകളിൽ താമസിക്കുന്ന ഗോത്രവിഭാഗമായ തൂജിയാ ഗോത്രത്തിന്റെ (Tujia tribe) പരമ്പരാഗത വേഷമാണത്. ഷിലൻകാപ്പു (xilan kapu)  എന്നാണ് ഈ വേഷവിധാനത്തിന്റെ പേര്. വെറുതെയൊന്നുമല്ല, ഷിലൻകാപ്പു ധരിച്ച തൂജിയാ യുവതിയുടെ കൂടെ ഫോട്ടോ എടുക്കുവാൻ 10 യുവാൻ കൊടുക്കണം. ഇന്ത്യൻ കാൽകുലേറ്ററിട്ടു കൂട്ടിയാൽ ഏകദേശം 96 രൂപ!

China, Zhangjiajie National Park

ടിയാൻസി സോണിലെ കാഴ്ചകൾ നടന്നു കണ്ടപ്പോഴേക്കും നേരം സന്ധ്യയോടടുത്തു. മടങ്ങാൻ സമയമായി. ടിയാൻസി മലയിൽ നിന്നും താഴെയുള്ള ബസ്‌ േസ്റ്റാപ്പിലേക്ക് രണ്ടു വഴികളുണ്ട്. ആദ്യത്തേതും ഏറ്റവും എളുപ്പമുള്ളതുമായ മാർഗം കേബിൾ കാർ ആണ്. രാവിലെ ബസ് ഇറങ്ങിയ അരുവിയുടെ അടുത്തുവരെ ടിയാൻസിയിൽ നിന്നും കേബിൾ കാർ സർവീസുണ്ട്. അടുത്ത മാർഗം പടവുകളാണ്. കേബിൾ കാറും ലിഫ്റ്റും വരുന്നതിനൊക്കെ മുമ്പേ മുകളിലേക്ക് എത്തുവാൻ മലയിൽ കൊത്തിവച്ചിരിക്കുന്ന നാലായിരത്തോളം പടവുകൾ! മലയെ ചുറ്റി പടവുകളിറങ്ങുമ്പോൾ സൂചിമലകളുടെ വളരെ അടുത്ത് വരെ ചെന്നെത്താം. സൂക്ഷിച്ച് ഇറങ്ങി താഴെ ബസ്‌ സ്റ്റോപ്പ് വരെയെത്തുമ്പോഴേക്കും രണ്ടു മണിക്കൂർ പിന്നിടുമെന്ന് മാത്രം. കാലുകൾ തളർന്നുവെങ്കിലും മലകളുടെ തൊട്ടടുത്തു വരെ ചെല്ലാനുള്ള ആ അവസരം കൈവിടാൻ തോന്നിയില്ല. പതിയെ നടന്നിറങ്ങി.

ടിയാൻസിയിൽ എത്തുന്ന 90% സഞ്ചാരികളും കേബിൾ കാർ ഉപയോഗിച്ചാണ് താഴെ ഇറങ്ങുക. അതുകൊണ്ട് പടവുകൾ വിജനമാണ്. വഴിയിൽ ഇടയ്ക്ക് ഒന്നോ രണ്ടോ ചെറിയ തട്ടുകടകളുണ്ട്. അവിടെ ബെഞ്ചിൽ കാലു നിവർത്തിയിരുന്നു ഓരോ ജ്യൂസ്. വീണ്ടും പടിയിറക്കം. ചില വളവുകൾ തിരിയുമ്പോൾ പെട്ടെന്ന് മുന്നിലായി ചെങ്കുത്തായ കുന്നുകൾ നിൽക്കുന്നുണ്ടാവും. അത്ര അടുത്ത് നിന്നു കാണുമ്പോഴാണ് കുന്നുകളുടെ അതിന്റെ വശങ്ങളിൽ വളർന്നു നിൽക്കുന്ന മരങ്ങളുടെയും യഥാർഥ വലുപ്പം മനസ്സിലാവുന്നത്. നടന്നു തളരുന്നവരെ താഴെ ചുമന്നെത്തിക്കാൻ കസേരകളുമായി കാത്തുനിൽക്കുന്നവരുമുണ്ട്.

താഴെ എത്തിയപ്പോഴേക്കും കാടുകളിൽ ഇരുട്ട് വീണു തുടങ്ങി. ഒരുവിധം ബസിൽ കയറിപ്പറ്റി. വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങിയ വൂളിങ് യുവാൻ പട്ടണം ലക്ഷ്യമാക്കി ബസ് മലയിറങ്ങുമ്പോൾ ഹല്ലേലൂയ കുന്നുകൾ മഞ്ഞിന്റെ തേരുകൾക്കിടയിൽ മുഖം മറച്ചിരുന്നു.

glass-bridge

GETTING THERE

ജാങ്ങ്ജ്യാജ്യെ (zhangjiajie) പട്ടണത്തിൽനിന്നും 40 കിലോമീറ്റർ ദൂരത്താണ് വൂളിങ്ങ്‌യുവാൻ. എയർപോർട്ടും റെയിൽവേ സ്റ്റേഷനുമുള്ള പട്ടണമായതിനാൽ വൂളിങ് യുവാൻ സന്ദർശിക്കാൻ എത്തുന്നവരെല്ലാം ജാങ്ങ്ജ്യാജ്യേ പട്ടണത്തിൽ വന്നിറങ്ങി ബസോ ടാക്സിയോ പിടിച്ച് ഇവിടെയെത്തുകയാണ് പതിവ്. ഒരു മണിക്കൂർ യാത്രയുണ്ട്. നിരക്ക്, ബസിലാണെങ്കിൽ ഏകദേശം 15 യുവാൻ, ടാക്സിയാണെങ്കിൽ 100 യുവാൻ.

വൂളിങ് യുവാനിൽ മികച്ച താമസ സൗകര്യങ്ങൾ ലഭ്യമാണ്. ഒരു ദിവസത്തേക്ക് 100 യുവാൻ തൊട്ട് 1000 യുവാൻ വരെ വാടകയുള്ള ഹോട്ടൽ റൂമുകൾ ഇവിടെ ലഭിക്കും. ഈ ഭൂപ്രദേശത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ കയ്യിൽ ഇല്ലെങ്കിൽ ഒരു ടൂർ ഗൈഡ് കൂടെ ഉള്ളത് ഗുണകരമായിരിക്കും.

ഗൈഡ് – ജെഫ്‌റിടാങ്, +86 744 2121 838, ഇമെയിൽ: zjjtripadvisor@qq.com. ടിക്കറ്റുകൾ, റൂട്ട്മാപ്പുകൾ, കാണേണ്ട സ്ഥലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം സന്ദർശകർക്ക് ചോദിച്ചറിയാം.

Tags:
  • Manorama Traveller