Tuesday 15 June 2021 12:54 PM IST : By Remya S Anand

സ്വിറ്റ്സർലൻ‌ഡ് എന്ന സ്വർഗഭൂവിലെ നാലു ദിനങ്ങളിലേക്ക് ഒരു യാത്ര

remya 10

ഫ്രാൻസിൽ നിന്നും സ്വിറ്റ്‌സർലാൻഡിലേക്കുള്ള ഫ്ലിക്സ് ബസ് യാത്രയിലാണ്. ഒരുപാട് സുന്ദരയിടങ്ങൾ താണ്ടി സ്ട്രാസ്‌ബർഗ് എന്ന സിറ്റിയിൽ എത്തുമ്പോൾ സായാഹ്നമായിരുന്നു. ഇവിടെ നിന്നും മൂന്നു മണിക്കൂർ കഴിഞ്ഞാണ് സൂറിക്കിലേക്കുള്ള കണക്ഷൻ ബസ്. ഫ്രാൻസിന്റെ വടക്കു കിഴക്കേ മൂലയിലുള്ള ഈ നഗരം ജർമനിയുമായും തന്റെ അതിരുകൾ പങ്കുവയ്ക്കുന്നുണ്ട്. ബസ് സ്റ്റാന്റിനടുത്തുള്ള സിറ്റി സെന്ററിലെത്തി. പബ്ബുകളും ആളുകളും ആഘോഷത്തിന്റെ ഉണർവിനൊരുങ്ങുന്നു...

4100 ചതുരശ്ര കിലോമീറ്ററിൽ ആൽപ്സ് പർവതനിരയുടെ പരിലാളനത്തിൽ ഒരു രാജ്യം. സമാധാനപ്രിയരായ ജനത. ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം ശുദ്ധജല തടാകങ്ങൾ, പർവതനിരകൾ, നിരവധി ചുരങ്ങൾ,

remya 8

ഹിമശൈലങ്ങൾ, പൂക്കൾ ചിരിക്കുന്ന മലഞ്ചരിവുകൾ. സ്വിറ്റ്‌സർലൻഡ് ഏതൊരു യാത്രികരുടെയും ഖൽബിലെ കുളിരാണ്. സ്വിറ്റ്‌സർലൻറ്റിനോടുള്ള അമിത പ്രണയം കൊണ്ട് പതിനൊന്നു ദിവസം ദൈർഘ്യമുള്ള ഞങ്ങളുടെ യൂറോപ്പ് പര്യടനത്തിന്റെ നാലു ദിവസവും സ്വിസർലൻഡിനു വേണ്ടി മാറ്റി വച്ചിരുന്നു. 232 സ്വിസ്സ് ഫ്രാങ്ക് മുടക്കി (ഒരാൾക്ക് ഏകദേശം 18000 രൂപ മൂന്നു ദിവസത്തേക്കു ) സ്വിസ്സ് പാസ് യാത്രക്ക് മുൻപേ ഓൺലൈൻ ആയി സംഘടിപ്പിച്ചു. സ്വിറ്റ്സർലൻ‌ഡ് എന്ന സ്വർഗഭൂവിലെ നാലു ദിനങ്ങളിലേക്ക്...

ആൽപ്സ് ഒരുക്കുന്ന പറുദീസ

സ്വിസ്സ് ട്രെയിനിലെ യാത്ര സഞ്ചാരികളുടെ സ്വപ്നമാണ്. ഗ്ലേസിയർ എക്സ്പ്രെസും ബെർണിന എക്സ്പ്രെസും സ്വിസ്സ് ട്രെയിനുകളിലെ പ്രമുഖരാണ്. 290 പാലങ്ങളെയും 91 ടണലുകളെയും  8 മണിക്കൂർ എടുത്തു സാവധാനം യാത്ര ചെയ്യുന്ന ഗ്ലെസിയർ എക്സ്പ്രസ് സഞ്ചാരികൾക്ക് പുതിയൊരു അനുഭവമായിരിക്കും.

പർവതങ്ങളും തടാകങ്ങളും അതിരിടുന്ന മനോഹര നഗരമാണ് സൂറിച്. ഇതൊരു സമതലനഗരമാണ്. ഇവിടുത്തെ ജനവിഭാഗത്തിൽ കൂടുതലും കൃഷിക്കാരാണ്. ഗോതമ്പ്, മധുരക്കിഴങ്ങ്, ഓട്സ് എന്നിവയാണ് പ്രധാനമായും കൃഷിചെയ്യപ്പെടുന്നത്. സ്വിസർലൻഡിന്റെ സാമ്പത്തിക തലസ്ഥാനമാണിത്. ലിമ്മത്ത് നദിയുടെ തീരത്താണ് സൂറിച് നഗരം സ്ഥിതി ചെയ്യുന്നത്. സ്വിസ്സ് ബാങ്കുകളുടെ ആസ്ഥാനം സൂറിചിലാണ്. നൈറ്റ് ലൈഫിനും സൂറിക് പ്രശസ്തം. സ്വിസിന്റെ പരമ്പരാഗത ആഹാരമായ ചീസ് ഫോണ്ടെ രൂപമെടുത്തത് സൂറിചിലാണ്. ഉരുകിയിറങ്ങിയ ചീസിൽ മഷ്‌റൂമും തക്കാളി കഷണങ്ങളും പേരറിയാത്ത പല രുചികളും ചേർന്ന വിഭവമാണ് ചീസ് ഫോണ്ടെ.

ലിമ്മത് നദിയും സൂറിക് തടാകവും കടന്ന് ആൽപ്സിന്റെ നിരകൾ കണ്ടുകൊണ്ടാണ് എറ്റ്ലിബർഗ് പർവത നിരയിലേക്കുള്ള യാത്ര. ബാൻഹോഫ് സ്ട്രാസ്സെ മുതൽ ലേക് സൂറിക് വരെ നീണ്ടുകിടക്കുന്ന ഷോപ്പിംഗ് പാത അവസാനിക്കുന്നിടത്താണ് ബർക് ലി പ്ലാസെ എന്ന ഫ്രീ മാർക്കറ്റ്. ട്രെയിനിൽ എറ്റ്ലിബർഗ് പോയി തിരികെ വരുമ്പോഴാണ് ബർക് ലി പ്ലാസെയിൽ പോയത്. അടുക്കും ചിട്ടയോടുമുള്ള ഒരുഗ്രൻ സാറ്റർഡേ മാർക്കറ്റ്. ഉള്ളിലേക്ക് കയറിയപ്പോൾ നിറയെ ആന്റിക് വസ്തുക്കളുടെ ഒരു ഹബ്. സൂറിക്കിലെ ബാൻഹോഫ് സ്‌ട്രാസെ എന്ന തെരുവീഥി സൂറിക് മെയിൻ േസ്റ്റഷനെയും തടാകത്തെയും ബന്ധിപ്പിക്കുന്ന ഒന്നാണ്. ഇരുവശങ്ങളും അതിപ്രശസ്തമായ ബ്രാൻഡഡ്‌ സാധനങ്ങൾ നിരന്നിരിക്കുന്ന ഷോപ്പുകൾ. വിലയേറിയ വാച്ചുകളുടെ മനോഹരമായ ഡിസ്പ്ലേയാണിവിടം. സൂറിക് തടാകത്തിൽ പുറപ്പെടാനായി നിൽക്കുന്ന ക്രൂയിസ്‌ ബോട്ടുകളിൽ നിന്നുള്ള ആരവങ്ങൾ, തടാകം നിറയെ രാജഹംസങ്ങൾ. പ്രകൃതിയെ ഒട്ടും പരിക്കേൽപിക്കാത്ത വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സൂറിച് തടാകവും പരിസരവും.

നാഷണൽ മ്യൂസിയം

remya 5

സൂറിക് സെൻട്രൽ േസ്റ്റഷന്റെ തൊട്ടടുത്താണ് നാഷനൽ മ്യൂസിയം. ഏതാണ്ട് പതിനാല് വിഭാഗങ്ങളിലായി എട്ട് ലക്ഷത്തിലേറെ ആർട്ടിക്കിളുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വലിയൊരു ഇന്ത്യൻ പവലിയൻ തന്നെ അവിടെ ഉണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യയിലെ പരുത്തി വസ്ത്രങ്ങൾക്ക് യൂറോപ്പിന്റെ ഫാഷൻ സങ്കൽപ്പങ്ങളിൽ വൻ ഡിമാൻഡായിരുന്നു . തങ്ങളുടെ കൊട്ടാരങ്ങളുടെ അകത്തളങ്ങളെ അണിയിച്ചൊരുക്കാനായി ഇന്ത്യൻ തുണിത്തരങ്ങളിലെ അനിതര സാധാരണമായ മോഡലുകൾ അവർ ഉപയോഗിച്ചിരുന്നു. ഗാന്ധിജിയെ സംബന്ധിച്ച ഒരു വലിയ പവലിയനും ഇവിടെയുണ്ട്.

തിരികെ ഹോട്ടലിലേക്കുള്ള യാത്രയിൽ സൂറിച് സെന്ററിലെ ഒരാഘോഷം കണ്ടു. ഒക്ടോബർ ഫെസ്റ്റിവലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയർ ഫെസ്റ്റിവൽ. ജർമനിയിലെ മ്യൂണിക്കിലെ ബവേറിയ എന്ന സ്ഥലത്താണ് ഈ ആഘോഷം അതിന്റെ പാരമ്യതയിൽ നടക്കുന്നത്.

സ്വിസർലൻഡിലെ രണ്ടാം ദിനം. സൂറിചിൽ നിന്നും ഇന്റർലാക്കനിലേക്കുള്ള ട്രെയിൻ യാത്രയാണ് പ്ലാനിൽ.

remya 1

സ്വിസർലൻഡിന്റെ തലസ്ഥാനമായ ബേണിൽ ട്രെയിനിറങ്ങി. പതിനഞ്ചാം നൂറ്റാണ്ടിലെ നിർമിതിയായ അസ്ട്രോണമിക്കൽ ക്ളോക്ക് കാണുക എന്നതാണ് ലക്ഷ്യം. നൂറ്റാണ്ടുകൾ പിറകിലേക്ക് ചെന്ന പ്രതീതി. നഗരമധ്യത്തിൽ തന്നെയുള്ള ഹിേസ്റ്റാറിക് ഓൾഡ് ടൗണാണ് കൺമുന്നിൽ. മെഡിവൽ ആർക്കിറ്റക്ച്ചറിന്റെ ഒരുഗ്രൻ ഉദാഹരണം . 1191 ന് ശേഷം നിശ്ചലമായ നഗരം. അതിനുശേഷം ആധുനികതയുടെ ഒരു കണികപോലും ഇവിടെയെത്തിയിട്ടില്ല. യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റജ് സൈറ്റിലും ഇവിടം ഇടംനേടിയിട്ടുണ്ട്. കല്ലുപാകിയ നടവഴികൾ. കൂർത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾ. ഇടക്കിടെ ഫൗണ്ടനുകൾ.

ബേണ്‍ ഒരുക്കി വച്ച മറ്റൊരു അദ്ഭുതമായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻന്റെ വീട്. അദ്ദേഹം തന്റെ ശാസ്ത്ര ജീവിതത്തിലെ വിലയേറിയ രണ്ടു വർഷങ്ങൾ ചിലവഴിച്ച സ്ഥലമെന്ന പ്രശസ്തി ആർജിച്ചയിടം. ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിച്ചത് ഇവിടെ ഇരുന്നാണത്രേ. തൊട്ടടുത്ത് തന്നെ നൂറ്റാണ്ടുകൾ പഴക്കമുളള ഒരു ടവർ ക്ളോക്കുമുണ്ട്. 12 മണിക്ക് അതിൽ നിന്ന് ഉയരുന്ന ശബ്ദം കേൾക്കാൻ തിരക്ക് കൂട്ടുന്ന സഞ്ചാരികൾ.

remya 4

ഷെർലക് ഹോംസ് മരിച്ച സ്ഥലം തേടി മെരിഞ്ചനിലേക്ക്...

remya 2

ഇന്റർലേക്കനിൽ നിന്നും മെരിഞ്ചൻ േസ്റ്റഷനിലേക്കുള്ള യാത്രയിലുടനീളം കണ്മുന്നിൽ നിറയെ പ്രകൃതി സൗന്ദര്യം മാത്രമായിരുന്നു. 1892 ലെ ഒരു വേനൽക്കാലം ചിലവഴിക്കാനെത്തിയ കുറ്റാന്വേഷണ എഴുത്തുകാരൻ ആർതർ കോനൻ ഡോയലിന്റെ സന്ദർശനത്തിന് ശേഷം ടൂറിസം മാപ്പിലിടം നേടിയ സ്ഥലമാണ്‌ മെരിഞ്ചൻ. ഇന്റർലേക്കൺ എന്ന സ്വിസ്സ് നഗരത്തിൽ നിന്നും 25 കിലോമീറ്റർ പിന്നിട്ട് മെരിഞ്ചൻ േസ്റ്റഷനിലെത്തി. ആ റെയിൽവേ േസ്റ്റഷന്റെ സൗന്ദര്യം വാക്കുകളിലൊതുങ്ങില്ല. ആൽപ്സിന്റെ താഴ്‌വരയിലെ സുന്ദരമായ, ശാന്തമായ ഒരിടം. സ്വിസ്സ് പശുക്കൾ മേഞ്ഞുനടക്കുന്ന താഴ്‌വാരങ്ങൾ. ആൽപ്സ് പർവതനിരയുടെയും അതിന്റെ മനോഹര താഴ്‌വാരങ്ങളുടെയും ഇടയിലെ പച്ചനിറമേറിയ ഒരു ഗ്രാമമാണ് മെരിഞ്ചൻ. മെരിഞ്ച് എന്ന മധുരപലഹാരത്തിന്റെ ജന്മസ്ഥലം. 5000 പേരിൽ താഴെമാത്രം ജനവാസമുള്ളയിടം. ഷെർലക്ഹോംസിന്റെ ആരാധകർ മാത്രം തീർത്ഥാടനത്തിനെത്തുന്ന, ഷെർലക് ഹോട്ടലുകളും ഷെർലക് ലോഞ്ചുകളും നിറഞ്ഞയിടം.

റെയ്ചൻബാക് ജലപാതം ആരെ നദിയുടെതന്നെ ഒരു കൈവഴിയിൽ നിന്ന് രൂപം കൊണ്ടതാണ്. ഏതാണ്ട് 120 മീറ്റർ ഉയരെയാണിതിന്റെ നിൽപ്പ്. 24 സീറ്റുള്ള തടികൊണ്ടുള്ള ഒരു പഴയകാല ട്രെയിനിലാണ് അങ്ങോട്ട് എത്തേണ്ടത്. മെരിഞ്ചൻ േസ്റ്റഷനിലിറങ്ങി അവിടെ കാത്തുകിടന്ന ബസ്സിൽ കയറി ഏതാണ്ട് ഒന്നരകിലോമീറ്റർ അകലെയുള്ള ബേസ് േസ്റ്റഷനിൽ എത്തി. വുഡൻ ട്രെയിനിന്റെ ഓപ്പറേറ്റർ മധ്യവയസ്സുപിന്നിട്ട ഒരു സ്വിസ്സ് വനിത ഹാർദ്ദമായി സ്വാഗതം ചെയ്തു. കവാടത്തിൽ തന്നെ നീണ്ടുവളഞ്ഞ നാസികയും ചുണ്ടിൽ പൈപ്പുമായി പ്രിയ ഡിറ്റക്റ്റീവിന്റെ പ്രതിമയുണ്ട്. 1899 ലാണ് ഈ ഫ്യൂണിക്കുലാർ ട്രെയിൻ സർവീസ് ഇവിടെ ആരംഭിച്ചത്.

remya 3

കുഞ്ഞൻ വിഞ്ചിന്റെ യാത്ര തുടങ്ങാറായപ്പോഴേക്കും ഒരു സ്ലോവേനിയൻ ഫാമിലി കൂടി കയറി. അങ്ങനെ ഭീമാകാരൻ തൂണുകളിലുറപ്പിച്ച ഫ്യൂണിക്കുലാറിൽ ഞങ്ങൾ മുകളിലേക്ക് യാത്രയായി. താഴെ മെരിഞ്ചൻ താഴ്‌വരയുടെ ഭ്രമാത്മകമായ സൗന്ദര്യം. പൈൻ മരങ്ങൾ നിറഞ്ഞ കുന്നിൻ പുറങ്ങൾ, കൂറ്റൻ മലയിടുക്കുകൾ, നീല ആകാശത്തിനും പച്ചക്കുന്നുകൾക്കും താഴെ ആരെ നദിയുടെ കൈവഴി ഒരുക്കുന്ന ദൃശ്യവിസ്മയങ്ങൾ. മുകളിൽ എത്തി ജലപാതം കണ്ടപ്പോൾ വിസ്മയിച്ചു നിന്നു. മലയിടുക്കിലൂടെ കുത്തനെ ആഴങ്ങളിലേക്ക് പതിക്കുന്ന ജലം. ദ് ഫൈനൽ പ്രോബ്ലം എന്ന ഡിക്ടറ്റീവ് കഥയിലെ കഥാപാത്രങ്ങളായ ഹോംസും മൊരിയോരിറ്റിയും താഴേക്കുപതിച്ച സ്ഥലം നക്ഷത്ര ചിഹ്നമിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. പടികയറി മലചുറ്റി ജലപാതത്തിന്റെ ഏറ്റവും മുകളിലേക്ക് പോകുന്ന സഞ്ചാരികൾ. രണ്ടു മലയിടുക്കുകളെയും ബന്ധിപ്പിച്ചു ഒരു തടിപ്പാലം. നീരാവി പോലെ കാറ്റിന്റെ ദിശയിൽ ചിതറുന്ന ജലം. ക്രൂരനായ കൊലപാതകിയും നന്മയുള്ള കുറ്റാന്വേഷകനും ഒരുമിച്ചു പതിച്ച സ്ഥലം. മിഥ്യ സത്യത്തെ വെല്ലിയ, യാഥാർഥ്യവും കാല്പനികതയും വേർതിരിച്ചറിയാൻ കഴിയാതെ പൊയ്‌പോകുന്ന നിഗൂഡമായ സൗന്ദര്യം നിറഞ്ഞ ഒരു സ്ഥലം .കോനൻ ഡോയൽ പ്ലേസ് എന്ന പേരിൽ താഴ്‌വരയിൽ ഹോംസ് മ്യൂസിയമുണ്ട്.ഇവിടെ ലണ്ടനിലെ 221 ബി ബേക്കർ സ്ട്രീറ്റിലെ മുറി അതുപോലെ പുനർനിർമ്മിച്ചിരിക്കുന്നു. കവാടത്തിലെ ഫലകങ്ങളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ' The Most Famous Detective in the World '.

തടാക നഗരമായ ഇന്റർലാക്കൻ

remya 9

ഇന്റർലാക്കനിലേക്കാണ് അടുത്ത യാത്ര. തടാക നഗരമാണ് ഇന്റർലാക്കൻ. . തൺ , ബ്രീൻസ് എന്നിങ്ങനെ രണ്ടു തടാകങ്ങൾക്കിടയിലുള്ള നഗരമാണ് ഇന്റർലാകൺ. ആരെ നദി തടാകങ്ങളെ ബന്ധിപ്പിച്ചൊഴുകുന്നു. നഗരത്തിനു കാവലെന്നോണം ചുറ്റിലും ജൂങ്‌ഫ്രോ മലനിരകൾ. ആൽപ്സിന്റെ ചെറുമലനിര കളിലേക്കൊക്കെ യുള്ള ഒരു കവാടം പോലെയാണീ സ്ഥലം. ഹൈക്കിങ്ങുകളും സ്കീയിങ്ങുകളുമൊക്കെ ഇവിടെ സജീവം. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതികളിൽ ആൽപ്സിന്റെ കൊടുമുടികൾ ബ്രിട്ടീഷ് പർവതാരോഹകൻ കീഴടക്കിയ കാലം മുതൽ സ്വിസ് ടൂറിസത്തിന് തുടക്കം കുറിച്ചിരുന്നു. ലുസെണിൽ നിന്നു ഇന്റർലാകനിലേക്കുള്ള ട്രെയിൻ യാത്ര ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്തതാണ്. ഗോൾഡൻ റെയിൽ പാസ് എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ. ലേക് തൻ എന്ന സ്ഥലത്തേക്ക് ബസിൽ യാത്ര തിരിച്ചു.

മഴയുള്ള പ്രഭാതത്തിലായിരുന്നു ലൂസേൺ നഗരത്തിലേക്കുള്ള യാത്ര. തടാകക്കരയിലെ പ്രൗഡസുന്ദര നഗരമാണ് ലുസേൺ. ലൂസേൺ നഗരം മധ്യ സ്വിസർലൻഡിന്റെ പ്രവേശന കവാടം എന്ന് അറിയപ്പെടുന്നു. ലൂസേണിലെ പ്രശസ്തമായ ചാപ്പൽ ബ്രിജായിരുന്നു ലക്ഷ്യം. റിയൂസ് നടിയുടെ കുറുകെ 17 ആം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു സുന്ദര നിർമിതിയാണ് ആ തടിപ്പാലം. കൈവരികളിൽ നിന്നും നദിയിലേക്ക് പച്ച നൂൽ പോലെ നീണ്ടു കിടക്കുന്ന വള്ളിച്ചെടികൾ. അത് നിറയെ കടും ചുവപ്പ് പൂക്കൾ. പാലത്തിന്റെ ഉൾഭാഗത്തായി പ്രദർശിപ്പിച്ചിരിക്കുന്ന പുരാതന കാലത്തെ പെയിന്റിങ്ങുകൾ.

1993 ലെ ഒരു വലിയ തീപിടുത്തത്തിൽ ഈ മനോഹര നിർമ്മിതിയുടെ മൂന്നിൽ രണ്ടു ഭാഗവും നശിച്ചു പോയെന്നു പറയപ്പെടുന്നു. ചാപ്പൽ ബ്രിജിന്റെ കരയിൽ കൂടി ചാറ്റൽ മഴ നനഞ്ഞ് ലയൺ മ്യുസിയം കാണാനായി നടന്നു. ഫ്രഞ്ചു വിപ്ലവകാലത്തു ജീവൻ വെടിഞ്ഞ സ്വിസ്സ് ഗാർഡുകളുടെ സ്മരണക്കായി നിർമിച്ചതാണ് ലയൺ മ്യൂസിയം. മുറിവേറ്റു വീണുപോയ ഒരു യോദ്ധാവിനെ അനുസ്മരിപ്പിക്കുന്ന അതീവ മനോഹരമായ ഒരു ശിൽപമാണിത്. തൊട്ടടുത്ത് തന്നെയുള്ള സെന്റ് ലൂഡിഗർ പള്ളി ലൂസേണിന്റെ നഗരാകാശത്തെ തൊട്ടെന്ന പോലെ ഉയർന്നു നിൽക്കുന്നു. സെന്റ് ലൂഡിഗർ പള്ളിയുടെ ഇരട്ടഗോപുരങ്ങൾ പതിനാറാം നൂറ്റാണ്ടിൽ നവോത്ഥാന രീതിയിൽ പണികഴിപ്പിച്ചവയാണ്. ലൂസേൺ സിറ്റിയിലെ തിളങ്ങുന്ന നക്ഷത്രം പോലെ ഒരു പള്ളി.

remya 7

ഹൃദയം കവർന്ന ഉയരങ്ങൾ

മൌണ്ട് റ്റിറ്റ്ലിസിലേക്കാണ് അടുത്ത യാത്ര. ട്രെയിനിൽ ലൂസേണിൽ നിന്ന് ഏതാണ്ട് 40 മിനിറ്റ് യാത്രക്ക് ശേഷം എങ്ഗൽ ബെർഗ് എന്ന േസ്റ്റഷനിൽ ഇറങ്ങി. സമുദ്ര നിരപ്പിൽ നിന്ന് ഉദ്ദേശം പതിനായിരം അടി ഉയരെയാണ് മൌണ്ട് റ്റിറ്റ്ലിസ്‌. എങ്കൽബർഗ് േസ്റ്റഷനാണ് മൌണ്ട് റ്റിറ്റ്ലിസിലേക്കുള്ള ബേസ് ക്യാമ്പ്. കേബിൾ കാറിലാണ് ബേസ് ക്യാംപിലേക്കെത്തുന്നത്. അവിസ്മരണീയം എന്ന വാക്കുപോലും പോരാതെ വരും ആ യാത്രയെ വർണിക്കാൻ. താഴെ പച്ചനിറമുള്ള സമതലങ്ങളിൽ മണികിലുക്കി മേയുന്ന കൊഴുത്തുരുണ്ട സ്വിസ്സ് പശുക്കൾ. ആൽപൈൻ ഹിമശൈലങ്ങളിൽ നിന്നും ഉരുകി ഇറങ്ങിയ മഞ്ഞിൻ പാളികൾ, ധവളനിറം പച്ചയുടെ വിവിധ ഷെയ്‌ഡുകളിലേക്ക് ലയിച്ചിറങ്ങുന്ന അതീവ സുന്ദര ദൃശ്യം. മഞ്ഞുകട്ടയിൽ നിന്ന് ഉരുകിയിറങ്ങുന്ന വെള്ളത്തുള്ളികൾ പിന്നീട് അരുവിയായി ഒഴുകി തടാകത്തിലേക്ക് പതിക്കുന്ന ദൃശ്യം. പല നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ മലയോരങ്ങൾ. ആൽപൈൻ ഭൂപ്രകൃതി ഏതാണ്ട് ഇരുന്നൂറിലേറെ ബോളിവുഡ് സിനിമകൾക്ക് പശ്ചാത്തലമായിട്ടുണ്ട്.

remya 11
remya 6

സൂറിക് നഗരത്തോടു യാത്ര പറയുകയാണ്. സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ നഗരം എന്നറിയപ്പെടുന്ന ജനീവയിലേക്കാണ് ഇനി യാത്ര. ഡിപ്ലോമാറ്റിക് നഗരമായ ജനീവയിലെ താമസം ചിലവേറിയതിനാൽ തൊട്ട അയൽ രാജ്യമായ ഫ്രാൻസിലാണ് ഞങ്ങൾ താമസം ബുക്ക് ചെയ്തിരുന്നത്. ഫ്രാൻസിലുറങ്ങിയെണീറ്റ് രാവിലെ ജനീവയിലേക്കുള്ള ബസ് േസ്റ്റാപ്പ് തേടി നടന്നു. ജനീവ ഒരു ഫിനാൻഷ്യൽ സെന്റർ ആണ്. യുഎൻ ന്റെ പല ഏജൻസികളുടെയും റെഡ് ക്രോസ് ന്റെയും ഒക്കെ ഹെഡ് ക്വാർട്ടേഴ്സ് ഇവിടെയാണ്. സ്വിസർലൻഡിന്റെ ദേശീയ ഭാഷ റൊമാനോഷ് ആണ് . ജനീവ സിറ്റിക്ക് വടക്കു മാറിയാണ് യുണൈറ്റഡ് നേഷൻസിന്റെ ഹെഡ് ക്വാർട്ടേഴ്‌സ്. ഇവിടെ തന്നെയാണ് പ്രശസ്തമായ ബ്രോക്കൺ ചെയർ ശിൽപം. ലാൻഡ് മൈനുകളിൽ അംഗവിഹീനരാകുന്ന നിർഭാഗ്യവാന്മാരുടെ സ്മരണയ്ക്കായി ഒരു ശിൽപി പണി കഴിപ്പിച്ചതാണ് മൂന്ന് കാലുള്ള ബ്രോക്കൺ ചെയർ ശിൽപം. ജനീവയിലെ Chemin des Anemones എന്ന സ്ഥലത്തെ ഇന്റർനാഷണൽ എൻവയോൺമെൻറ് ഹൌസിൽ പോയി സുഹൃത്ത് മുരളി തുമ്മാരുകുടിയെ കണ്ടു. യുണൈറ്റഡ് നേഷൻസിന്റെ അകത്തളങ്ങൾ അതിശയത്തോടെ കണ്ടു. 15 സ്വിസ്സ് ഫ്രാങ്ക് നൽകി നമ്മുടെ പാസ്പോർട്ടും സബ്മിറ്റ് ചെയ്താൽ യുണൈറ്റഡ് നേഷൻസിന്റെ അകം സന്ദർശിക്കാം. സ്വിറ്റ്സർലൻഡിനായി മാറ്റിവച്ച നാലാം ദിനം അവസാനിക്കുകയാണ്. ലോകത്തെ സുന്ദരമായ നാടുകളിലൊന്ന് ഹൃദയത്തിൽ പതിപ്പിച്ച ആഹ്ലാദത്തിൽ മടക്കം.

Tags:
  • Manorama Traveller