വേനൽക്കാലത്ത് വെയിലിൽ മുങ്ങി പുഞ്ചിരി തൂകും. മഞ്ഞുകാലമെത്തുമ്പോൾ കുളിരിന്റെ പുതപ്പുമായി വാരിപ്പുണരും. മഴ പെയ്തു തുടങ്ങിയാൽ ആർത്തലച്ചു തേങ്ങിക്കരയും. ഇണങ്ങിയും പിണങ്ങിയും തലോടിയും തമ്മിലടുത്തും കാനനവും കാട്ടാറും കുറുമ്പു കാട്ടുന്നത് എത്ര കണ്ടാലും മതി വരില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം കുട്ടിത്തം വിട്ടുമാറും മുൻപ് നടത്തിയ വിനോദയാത്രയിലെ നിറമുള്ള ചിത്രമാണു തേക്കടി. കാടിനു നടുവിലെ തടാകവും ബോട്ട് സവാരിയും കാട്ടാനകളുമൊക്കെ ഓർമയിൽ എന്നുമുണ്ടാകും.
കാട്ടുപാതയിലെ കാഴ്ചകൾ
കുമളിയിൽ നിന്നു തേക്കടിയിലേക്കു തിരിയുന്ന റോഡ് തലേ ദിവസം പെയ്ത മഴയിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. തുണിക്കടകളിലും കരകൗശല വസ്തു വിൽപ്പന കേന്ദ്രങ്ങളിലും മഴക്കാലത്തിന്റെ ക്ഷീണം തെളിഞ്ഞു കാണാം. തിരക്കൊഴിഞ്ഞ പാതയിലെ കുണ്ടും കുഴിയും താണ്ടി മൂന്നു കാറുകൾ പാർക്കിങ് ഏരിയയിൽ സ്ഥാനം പിടിച്ചു. രണ്ടു കുട്ടികളുള്ള ഒരു കുടുംബവും കുറച്ചു ചെറുപ്പക്കാരും കവാടത്തിൽ വന്നു ടിക്കറ്റെടുത്തു.
കടുവയുടെ ശിൽപ്പം കൊത്തിവച്ച പാതയിലൂടെ കുട്ടികൾ ഓടി, തൊട്ടു പുറകെ അമ്മയും. അച്ഛന്റെ കയ്യിലിരുന്നു ക്യാമറാ ഫ്ളാഷുകൾ മിന്നി. റോഡും പുൽമേടും നനഞ്ഞു കിടക്കുകയാണ്. ആവേശം കയറി അവിടേക്കു പോയവർ കാലിൽ കടിച്ചു തൂങ്ങിയ അട്ടയുമായി മൽപ്പിടുത്തം നടത്തി. ഇതു കണ്ടു പകച്ചു നിന്ന കുരങ്ങന്മാർ മരക്കൊമ്പിലൂടെ പരക്കം പാഞ്ഞു. കുട്ടികൾക്ക് അതും കാഴ്ചയുടെ ഉത്സവമായി. കുടുംബങ്ങളുടെ അവധിയാഘോഷം തേക്കടിയിൽ എല്ലാ കാലത്തും ഇതു പോലെ തിളക്കമുള്ളതാണ്.
വനംവകുപ്പിന്റെ ഓഫിസ് കടന്ന് ആനത്താരയുടെ സമീപമെത്തിയപ്പോൾ സിംഹവാലന്മാരെ കണ്ടു. ആളുകളെ കണ്ടതോടെ കൂട്ടത്തോടെ ബഹളം വച്ച് കുരങ്ങന്മാർ പരക്കം പഞ്ഞു. മരച്ചില്ലയിൽ തൂങ്ങി മെയ്‌വഴക്കം കാണിക്കുന്നതിലും ലോങ് ജംപ് നടത്തുന്നതിലും അവയുടെ വൈദഗദ്ധ്യം അപാരം. പെരിയാർ വനമേഖലയിലെ അറുപത് ഇനം സസ്തനികളിൽ സന്ദർശകർക്കു സ്ഥിരം ദർശനം നൽകുന്നവരാണു സിംഹവാലന്മാർ. മാൻ, മ്ലാവ്, വരയാട്, മലയണ്ണാൻ, കാട്ടുപൂച്ച, മുള്ളൻപന്നി എന്നിങ്ങനെ പതിവായി പ്രത്യക്ഷപ്പെടുന്ന കാട്ടുജന്തുക്കൾ വേറെയുമുണ്ട്. തടാകക്കരയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടമാണ് തേക്കടിയിൽ കാത്തിരിക്കുന്ന വലിയ വിരുന്ന്. ബോട്ടിങ് കേന്ദ്രം എത്തുന്നതു വരെയുള്ള പാതയ്ക്കരികെ കടുവയേയും കരടിയേയും കാണാൻ ഭാഗ്യം ലഭിച്ചവരുമുണ്ട്. അതിഥികൾ സുരക്ഷിതരായി അതെല്ലാം കണ്ടാസ്വദിക്കാനാണ് പ്രവേശന കവാടത്തിനകത്തേക്ക് വാഹനങ്ങൾക്കു പ്രവേശനം നിരോധിച്ചത്. ഇപ്പോൾ യാത്രികരെ തടാകക്കരയിൽ എത്തിക്കുന്നത് വനം വകുപ്പിന്റെ മിനി ബസ്സുകളിലാണ്.
കെടിഡിസിയുടെ പെരിയാർ ഹൗസ് എത്തുന്നതിനു മുൻപുള്ള വളവു വരെ റോഡിന്റെ ഇരുവശത്തും കാണുന്ന പക്ഷികളും അപൂർവ ഇനത്തിൽ പെട്ടവയാണ്. പെരിയാർ വനമേഖലയിൽ ആയിരത്തി തൊള്ളായിരത്തിലേറെ ഇനം പൂച്ചെടികളുണ്ടെന്നാണു കണക്ക്. ഇതിൽ 143 ഇനം ഓർക്കിഡുകളുണ്ട്. പൊഡോകാർപസ് വാലിഷ്യാനസ് എന്ന ചെടി ദക്ഷിണേന്ത്യയിൽ ഇവിടെ മാത്രമേയുള്ളൂ. പൂക്കളുടെ തളിരിലും തടാകങ്ങളിലും പറന്നെത്തുന്ന വേഴാമ്പൽ, പൊന്മാൻ, കാട്ടുമൈന, മരംകൊത്തി തുടങ്ങിയ പക്ഷികൾ സന്ദർശകരുടെ ക്യാമറയ്ക്കു നിത്യം വിരുന്നൊരുക്കുന്നു. 1978ൽ പെരിയാർ കടുവ സങ്കേതമായി പ്രഖ്യാപിച്ച സമയത്തുള്ള കണക്കു പ്രകാരം ദേശാടനക്കിളികളും സ്വദേശികളുമായി ഇരുനൂറ്റി അറുപത്തഞ്ച് ഇനം പക്ഷികൾ ഈ കാട്ടിലുണ്ട്. കാലാവസ്ഥയും രാപ്പകലും നോക്കി അവ നടവഴികളിൽ പറന്നിറങ്ങുന്നതു കാണാനുള്ള അവസരത്തെ ‘ദർശനഭാഗ്യ’മെന്നു പറയുന്നു.
ബോട്ട് സവാരി
കെടിഡിസിയുടെ റിസോർട്ടുകളിലേക്കു തിരിയുന്ന വഴി എത്തുന്നതിനു മുൻപുള്ള പുൽമേടയിലെ ഇരിപ്പിടങ്ങൾ കാലി. പ്രവേശന കവാടത്തിൽ നിന്നു വരുന്നവർക്കുള്ള വിശ്രമ കേന്ദ്രം ഇവിടെയാണ്. ശുചിമുറിയും ബെഞ്ചുകളും നിരത്തിയ ഈ പ്രദേശത്താണ് മുൻപ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. വണ്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഇവിടം വിശ്രമകേന്ദ്രമായത്.
നാലാളുകൾ വട്ടം പിടിച്ചാലും കയ്യെത്താത്ത തടിയൻ മരങ്ങളാണ് മുന്നോട്ടുള്ള വഴിയോരക്കാഴ്ച. തടാകത്തിന്റെ ക്യാച്മെന്റ് ഏരിയയുടെ സമീപം വരെ ‘സിനിമാറ്റിക്’ വിഷ്വൽ ആണ്. സന്ദർശകർ വച്ചു നീട്ടുന്ന ഭക്ഷണം തിന്നു ശീലിച്ച കുട്ടിക്കുരങ്ങന്മാരാണ് ഈ പാതയിലെ കാഴ്ചയും ശല്യവും. ശ്രദ്ധിച്ചില്ലെങ്കിൽ ബാഗും സഞ്ചിയുമൊക്കെ കുരങ്ങന്മാർ മരക്കൊമ്പിലെത്തിക്കും. കുട്ടിയും കുടുംബവുമായി അന്നം തേടിയിറങ്ങുന്ന കുരങ്ങന്മാരിൽ നിന്ന് ഓടി രക്ഷപെട്ട് സന്ദർശകർ ബോട്ടിങ് കേന്ദ്രത്തിനരികിലേക്കു നീങ്ങുന്നു.
രാവിലെ ഏഴരയ്ക്കാണ് ആദ്യത്തെ ബോട്ട് പുറപ്പെടുന്നത്. മണൽക്കവല താണ്ടി പാറവളവു കടന്ന് എടപ്പാളയത്തു പോയി മടങ്ങി വരാൻ രണ്ടര മണിക്കൂർ വേണം. തേക്കടി യാത്രയുടെ ആകർഷണവും ആവേശവും തടാകത്തിലൂടെയുള്ള ഈ യാത്രയാണ്. പണ്ടു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപം വരെ പോയിരുന്ന ബോട്ട് യാത്രയുടെ ദൈർഘ്യം അപകടത്തിനു ശേഷമാണു പാറവളവു വരെയാക്കി ചുരുക്കിയത്.
ജലപ്പരപ്പിനു മുകളിലേക്കു തലനീട്ടി നിൽക്കുന്ന മരക്കുറ്റികളെ തൊട്ടുരുമ്മിക്കൊണ്ടു ബോട്ട് ഇരമ്പി. മഞ്ഞിന്റെ തണുപ്പിനെ ചിറകുകളിലൊതുക്കി ധ്യാനമിരുന്ന നീർക്കാക്കകൾ തലയുയർത്തി. നേരം പുലരുമ്പോൾ മുതൽ തലങ്ങും വിലങ്ങും ഒഴുകുന്ന ബോട്ടുകളുടെ ശബ്ദം ഈ കാടിനും കാട്ടു ജീവികൾക്കും പരിചിതമാണ്.
വീതിയേറിയ രൂപത്തിൽ നിന്നു രണ്ടായി പിരിയുന്ന അണക്കെട്ടിന്റെ തീരത്തെ കാടുകളിൽ പലതരം ശബ്ദങ്ങൾ കേട്ടു. ഇതിനിടെ പ്രഭാത സവാരിക്കിറങ്ങിയ മാനുകളെ ബോട്ട് ഡ്രൈവർ ലിജു കാണിച്ചു തന്നു. ആനകൾ വെള്ളം കുടിക്കാനിറങ്ങുന്ന കടവ്, മ്ലാവുകളുടെ സങ്കേതം, വേഴാമ്പലുള്ള സ്ഥലം... എല്ലാം കൃത്യമായി അറിയുന്നവരാണ് സ്രാങ്ക് ബൈജുവും ലാസ്കർ സുരേഷും. ലേക് പാലസ് റിസോർട്ട് കടന്ന് പാറവളവു വരെ ആറു കിലോമീറ്റർ സഞ്ചരിച്ചു മടങ്ങിയപ്പോഴേക്കും അതെല്ലാം അവർ പറഞ്ഞു തന്നു. കാട്ടിലെ മഴ കാണാനെത്തിയ മറ്റൊരു സംഘവുമായി അപ്പോഴേക്കും അടുത്ത ബോട്ട് പുറപ്പെട്ടിരുന്നു.
നനഞ്ഞൊലിച്ചു നിൽക്കുന്ന തേക്കടിയോടു യാത്ര പറയുന്നതിനു മുൻപ് ടൂറിസം പോലീസിനോടു വിശേഷങ്ങൾ ചോദിച്ചു. ‘‘പ്രവേശന കവാടം മുതൽ തടാകം വരെ യാത്രികരെ എത്തിക്കാൻ കൂടുതൽ ബസുകൾ വേണം. സന്ദർശകർക്കു മഴ നനയാതെ നിൽക്കാൻ ഷെൽട്ടറില്ല.’’ തേക്കടി ടൂറിസം പോലീസ് സബ് ഇൻസ്പെക്ടർ റോയ് ജോസഫ് ചൂണ്ടിക്കാട്ടി.
ഒട്ടകത്തലമേട്
ബോട്ട് സവാരിയിലും കാട്ടുഭംഗിയിലും ഒതുങ്ങി നിന്നിരുന്ന പഴയ തേക്കടി യാത്രയിൽ ജീപ്പ് സഫാരി ഉൾപ്പെടുത്തി രണ്ടു ദിവസം നീളുന്ന ട്രിപ്പായി മാറ്റിയിട്ട് നാലഞ്ചു വർഷമായി. ഒട്ടകത്തലമേട്, വാച്ച് ടവർ, പാണ്ടിക്കുഴി വ്യൂ പോയിന്റ്, ചെല്ലാർകോവിൽ മെട്ട് വെള്ളച്ചാട്ടം, ലോവർ ക്യാംപ്, പച്ചക്കറി ഫാം സന്ദർശനം, കനാൽ വ്യൂ, മുന്തിരിത്തോട്ടങ്ങൾ – ഇത്രയുമാണ് പ്രധാനപ്പെട്ട ജീപ്പ് സഫാരി. ഇതിൽ ആദ്യത്തെ നാലു സ്ഥലങ്ങൾ കാണാനുള്ള യാത്ര ഉൾപ്പെടുത്തി രണ്ടു മണിക്കൂർ ട്രിപ്പ്. കുമളി പട്ടണത്തിന്റെ വടക്കുഭാഗത്തുള്ള കുന്നിൻ പുറത്തുള്ള ഒട്ടകത്തലമേടാണ് ആദ്യത്തെ ഡെസ്റ്റിനേഷൻ. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തി അലങ്കരിക്കുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ മുഴുവൻ വനഭംഗിയും കണ്ടാസ്വദിക്കാവുന്ന വ്യൂ പോയിന്റാണ് ഒട്ടകത്തലമേട്. വോളിബോൾ ഗ്രൗണ്ടിനോളം വലുപ്പമുള്ള വിസ്താരമുള്ള കുന്നിൻപുറവും പാറക്കെട്ടുമാണ് ഇവിടം. കുമളി പട്ടണത്തെ പശ്ചാത്തലമാക്കി പ്രൊഫൈൽ ചിത്രമെടുക്കാൻ ഏറ്റവും അനുയോജ്യമായ ലൊക്കേഷനാണ് ഒട്ടകത്തലമേട്.
മുന്തിരിത്തോട്ടങ്ങളും പച്ചക്കറി ഫാമും ചെല്ലാർകോവിൽ വെള്ളച്ചാട്ടവും കണ്ടു മടങ്ങുന്ന ജീപ്പ് യാത്രയ്ക്കു മൂന്നു മണിക്കൂർ വേണം. ഗവി, സത്രം, പരുന്തുംപാറ എന്നിവിടങ്ങൾ കണ്ടു മടങ്ങുന്ന ട്രിപ്പാണ് ദൈര്യഘ്യമേറിയ ജീപ്പ് സഫാരി. ജീപ്പ് സഫാരിക്കു പോകുന്നവരും അല്ലാത്തവരും ആസ്വദിക്കുന്ന മറ്റൊരു വിനോദമാണ് ആനസവാരി. ‘ടസ്കർ ട്രെയിൽ’ കുമളിയിലെ ഫാം ടൂറിസത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഒന്നാം മൈലിനടുത്തുള്ള പച്ചക്കറി തോട്ടത്തിൽ ആന സവാരിക്കെത്തിയ മുംബൈയിൽ നിന്നുള്ള പെൺ സംഘത്തെ പരിചയപ്പെട്ടു. കുളിപ്പിക്കാൻ നിർത്തിയ പിടിയാനയുടെ കയ്യിൽ കയറിയിരുന്നും ആനയെ കെട്ടിപ്പിടിച്ചും അവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു. മുംബൈയിൽ നിന്നു കുമളിയിലേക്ക് പുറപ്പെടുന്നവരുടെ ‘ഫസ്റ്റ് ചോയ്സ്’ ആന സവാരിയാണെന്ന് വനിതാ യാത്രികരിലെ ദീപ്തി താക്കൂർ പറഞ്ഞു.
ഇടുക്കി ജില്ലയുടെ കിഴക്കു പ്രദേശത്ത് തമിഴ്നാടിന്റെ അതിർത്തിയിൽ മംഗളാദേവി ക്ഷേത്രം മുതൽ ശബരിമല വരെ പരന്നു കിടക്കുകയാണ് പെരിയാർ വനമേഖല. കടുവയും പുലിയും ആനയും കരടിയുമുള്ള ആ കാടിന്റെ ഐശ്വര്യമാണു തേക്കടി. മലയോര മേഖലയിലെ സ്വാദിഷ്ടമായ വിഭവങ്ങൾ കഴിച്ച് കാനനത്തിന്റെ തണുപ്പു നുകർന്നുള്ള രണ്ടു ദിവസത്തെ തേക്കടി വാസം ജീവിതത്തിനു നവോന്മേഷം പകരുമെന്നാണ് അനുഭവസ്ഥർ പറയുന്നത്...
സമീപക്കാഴ്ചകൾ
മുരിക്കടി-സുഗന്ധവ്യഞ്ജന സസ്യങ്ങളും കാപ്പിത്തോട്ടവുമുള്ള സ്ഥലമാണു മുരിക്കടി. തേക്കടി യാത്രയിൽ ഉൾപ്പെടുത്താവുന്ന മലഞ്ചെരിവ്. കുമളി പട്ടണത്തിൽ നിന്ന് അഞ്ചു കി.മീ.
അണക്കര- വിമാനത്താവളം നിർമാക്കാനായി നിർദേശിക്കപ്പെട്ട സ്ഥലം. കുന്നുകളും പരന്നു കിടക്കുന്ന മേടുകളുമാണ് അണക്കരയുടെ ഭംഗി. കുമളി–മൂന്നാർ റൂട്ടിലുള്ള അണക്കര സഞ്ചാരികളുടെ ഇടത്താവളമാണ്. കുമളിയിൽ നിന്ന് 12.5 കി.മീ.
മംഗളാദേവി ക്ഷേത്രം- ചിത്രാപൗർണമി ഉത്സവം ആഘോഷിക്കുന്ന പ്രസിദ്ധമായ കാനനക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരള–തമിഴ്നാട് അതിർത്തിയിലാണ്. ഉത്സവ ദിവസം മാത്രമാണ് കാടിനു നടുവിലുള്ള ക്ഷേത്രത്തിലേക്കു പ്രവേശനം. കുമളി – മംഗളാദേവി ക്ഷേത്രം: 15 കി.മീ. ഉത്സവത്തിന് കുമളിയിൽ നിന്നു ക്ഷേത്രത്തിലേക്ക് ജീപ്പ് സർവീസുണ്ട്.
പട്ടുമല- കുമളിയിൽ നിന്ന് 24 കി.മീ. അകലെയാണ് പട്ടുമല തേയില ഫാക്ടറി. മധ്യ തിരുവിതാംകൂറിലെ ആദ്യകാല തേയില ഫാക്ടറിയാണിത്. 1931ൽ ആരംഭിച്ച ഫാക്ടറി വിനോദ സഞ്ചാരികൾ സന്ദർശനം നടത്താറുണ്ട്. വെള്ളച്ചാട്ടങ്ങളും അരുവികളും ചായത്തോട്ടങ്ങളുമുള്ള പട്ടുമലയുടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ടൂറിസ്റ്റുകൾ വരാറുണ്ട്.