ഗോശ്രീ പാലത്തിനിക്കരെ കൊച്ചിക്കായലിന്റെ ഓളങ്ങൾ രാവിലത്തെ ഇളം വെയിലേറ്റു തിളങ്ങുകയാണ്. പാലമിറങ്ങി വരുന്ന വാഹനങ്ങളുടെ നിര കണ്ടെയ്നർ ടെർമിനലിനു മുന്നിലൂടെ വൈപ്പിൻ ഭാഗത്തേക്കു നീണ്ടു കിടക്കുന്നു. ടെർമിനലിന്റെ പ്രധാന കവാടത്തിന് അഭിമുഖമായി വടക്കോട്ടു തിരിയുന്ന ചെറുപാതയിൽ ഏറെയും കാൽനട യാത്രക്കാരാണ്. കയ്യിൽ ജപമാലയും ഹൃദയത്തിൽ പ്രാർഥനയുമായി അവർ പോകുന്നതു വല്ലാർപാടത്ത് അമ്മയുടെ സന്നിധിയിലേക്കാണ്.
ദേശീയ തീർഥാടന കേന്ദ്രത്തിന്റെ മംഗള കവാടത്തിനരികെ കുറേയാളുകൾ നിൽക്കുന്നുണ്ട്. പള്ളിയുടെ പുരാണമെന്നു കരുതപ്പെടുന്ന ഐതിഹ്യത്തിന്റെ അവതരണത്തിനു മുന്നിൽ സ്വയം സമർപ്പിതരായാണ് അവർ നിക്കുന്നത്. മിഴി തുറന്ന വിശ്വാസ ദീപം അവരുടെ മുഖത്തു തെളിഞ്ഞു കാണാം.
വല്ലാർപാർ പാടം പള്ളി 'മലയാളക്കരയിലെ വേളാങ്കണ്ണി ' എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഗ്രോട്ടോകളും പ്രൗഡമായ മുഖപ്പും നഗരത്തിനു നടുവിലെ ഗ്രാമീണ ഭംഗിയാണ്. പള്ളിയങ്കണ ത്തിൽ മരങ്ങൾ തുരന്നുണ്ടാക്കിയ പോലെ കോൺക്രീറ്റിൽ ഇരുപത് ഗ്രോട്ടോകൾ നിർമിച്ചിട്ടുണ്ട്.
പള്ളിയുടെ പ്രവേശന കവാടത്തിൽ പോർച്ചുഗൽ വാസ്തുവിദ്യയുടെ സാന്നിധ്യമുണ്ട്. പൗരാണിക തറയോടുകളും പ്രതിഷ്ഠയും അൾത്താരയും മച്ചും പരിശുദ്ധ മാതാവിന്റെയും ഉണ്ണീശോയുടെയും പ്രതിഷ്ഠയും ചരിത്ര പശ്ചാത്തലം ഓർമപ്പെടുത്തുന്നു. മുറ്റമടിക്കൽ, മുട്ടിലിഴയൽ, അടിമയർപ്പണം എന്നിവ ഇവിടുത്തെ വിശ്വാസത്തിന്റെ ഭാഗമായ ആചാരങ്ങളാണ്. അമ്മയും കുഞ്ഞും നിൽക്കുന്ന തിരുചിത്ര പ്രതിഷ്ഠയെ വണങ്ങിയാണ് മുട്ടിലിഴയൽ നേർച്ച. വിശ്വാസികൾ അവരുടെ വാഹനങ്ങളും ജലയാനങ്ങളും ആദ്യയാത്രയ്ക്കു മുൻപ് വല്ലാർപാടത്തമ്മയുടെ അനുഗ്രഹത്തിനായി കൊണ്ടു വരാറുണ്ട്.
പള്ളിയുടെ സമീപത്തുള്ള അടിമ സമർപ്പണ ചാപ്പലിൽ വലിയ കൊടിമരത്തിന്റെ ശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. 160 അടി ഉയരമുള്ള തേക്കിൻ തടിയിലാണ് കൊടിമരം നിർമിച്ചിട്ടുള്ളത്. പണ്ട് പള്ളിയുടെ ചുറ്റും കായലും പാടങ്ങളുമായിരുന്നു. പള്ളിയിലെ പെരുന്നാൾ ദിവസങ്ങളിൽ ഈ കൊടിമരത്തിൽ സ്ഥാപിക്കുന്ന 'എലിയോട്ട വൈദ്യുതാലങ്കാരം' എറണാകുളം നഗരത്തിൽ നിന്നു നോക്കിയാൽ കൊടിമരം കാണുമായിരുന്നു.
പള്ളി പുതുക്കി ഗോപുരങ്ങൾ നിർമിച്ചപ്പോൾ പുരാതന പള്ളിമണി പുറകിലെ പുതിയ പള്ളിയുടെ സമീപത്തു സ്ഥാപിച്ചു. പുതിയ പള്ളിയുടെ മുറ്റത്ത് മാതാവിന്റെ കിണറുണ്ട്. പഴയ പള്ളിക്കു മുന്നിൽ നിർമിച്ച ഗോപുരത്തിന് ആറുനില കെട്ടിടത്തിന്റെ ഉയരമുണ്ട്. ഗോപുരത്തിലേക്കു കയറാൻ ലിഫ്റ്റും ഗോവണിയുമുണ്ട്. ഗോപുര ഭിത്തിയിൽ പെയിന്റിങ്ങുകളുണ്ട്. ബൈബിളിലെ കഥാ സന്ദർഭങ്ങളാണ് വരച്ചിട്ടുള്ളത്. നാലാം നിലയിൽ ഒരു മ്യൂസിയമുണ്ട്. പഴയ കാസ, പുരാതന തിരുവസ്ത്രങ്ങൾ, മെഴുകുതിരിക്കാലുകൾ, ഹാർമോണിയം എന്നിവയാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഗോപുരത്തിന്റെ നാലാം നിലയിൽ വല്ലാർപാടത്തമ്മയും ഉണ്ണിയേശുവും മീനാക്ഷിയമ്മയും കുഞ്ഞും ചേർന്നുള്ള കോൺക്രീറ്റ് ശില്പം സ്ഥാപിച്ചിരിക്കുന്നു.
ഗോപുരത്തിന് ഏറ്റവും മുകളിൽ നിന്നാൽ ചൂളമടിക്കുന്ന കടൽക്കാറ്റ് ആസ്വദിക്കാം. തെക്കോട്ടു നോക്കിയാൽ വല്ലാർപാടം ടെർമിനലിലെ ക്രെയിനുകൾ. പെട്ടികൾ അടുക്കിയ പോലെ കണ്ടെയ്നറുകൾ. കായലിനു കുറുകെ ഗോശ്രീ പാലങ്ങൾ. എറണാകുളം നഗരത്തിലെ അപ്പാർട്മെന്റുകൾ. വെയിലിൽ പുതഞ്ഞു നിൽക്കുന്ന വൈപ്പിൻ ദ്വീപ്... ഇതൊക്കെ കാണുമ്പോൾ മനസ്സിനു ലഭിക്കുന്ന ശാന്തിയും സമാധാനവും വല്ലാർപാടം സന്ദർശകർക്കുള്ള ബോണസാണ്.
മോചനമാതാവ്, അമ്മ
പ്രളയമായിരുന്നു പൂർവകാല കൊച്ചിയുടെ ഭീതി. അക്കാലത്ത്, മീൻപിടിക്കാൻ കടലിൽ പോയിരുന്നവർ തിരിച്ചെത്തും വരെ ഈ നാട്ടുകാരുടെ നെഞ്ചിൽ ഭീതിയുടെ മുഴക്കമായിരുന്നു. ആശ്വാസം തേടി അവർ വല്ലാർപാടത്ത് അമ്മയോടു പ്രാർഥിച്ചു, അഭയം നൽകിയ വിശ്വാസത്തിന്റെ നാഥയെ അവർ ‘മോചനമാതാവ് ’ എന്നു വിശേഷിപ്പിച്ചു. കാലം മുന്നോട്ടു കുതിച്ചപ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് വിശ്വാസികൾ വല്ലാർപാടത്ത് എത്തിത്തുടങ്ങി. 1951ൽ ഈ പള്ളി ദേശീയ തീർഥാടന കേന്ദ്രമായി, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി.
പാലിയത്തച്ചന്റെ അനുഗ്രഹം
പോർച്ചുഗീസ് ഭരണകാലത്താണ് വല്ലാർപാടത്ത് പള്ളി സ്ഥാപിച്ചത്. നൂറു വർഷങ്ങൾക്കു ശേഷം പ്രളയത്തിൽ വിമോചനമാതാവിന്റെ ചിത്രം ഒലിച്ചു പോയി, പള്ളി തകർന്നു. കൊച്ചി ദിവാനായിരുന്ന പാലിയത്തച്ചൻ പുതിയ പള്ളി നിർമിക്കാൻ സ്ഥലം നൽകി. മാതാവിന്റെ നാമത്തിൽ നിർമിച്ച ദേവാലയത്തെ പിന്നീട് മാർപ്പാപ്പ ആശിർവദിച്ച് അനുഗ്രഹിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഛായാചിത്രം
നൂറ്റാണ്ടുകൾ പഴക്കമുള്ള മാതാവിന്റെ ഛായാചിത്രം കേടുപാടുകൾ തീർത്ത് പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്. മരംകൊണ്ടുള്ള പ്രതലത്തിൽനിന്നു വിട്ടുപോയ ചായങ്ങളുടെ അടരുകൾ വൃത്തിയാക്കി വീണ്ടും ഉറപ്പിച്ചു. ചായം നഷ്ടപ്പെട്ട ഭാഗങ്ങൾ പ്രറ്റീജിയോ സംവിധാനം ഉപയോഗിച്ചു ‘റീ ടച്ച്’ ചെയ്തു. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കലാപാരമ്പര്യത്തിൽ വരച്ച ചിത്രം മിഷനറിമാർ കൊണ്ടുവന്നു സ്ഥാപിച്ചതാണ്. പോർച്ചുഗലിലെ ലിസ്ബണിൽനിന്നു കൊണ്ടുവന്ന ചിത്രത്തിൽ പരിശുദ്ധ മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വല്ലാർപാടത്തമ്മയുടെ അനുഗ്രഹത്താൽ കായലിൽ നിന്നു രക്ഷപെട്ട മീനാക്ഷിയമ്മയുടെയും കുഞ്ഞിന്റെയും രൂപങ്ങൾകൂടി ആയിരത്തി എണ്ണൂറുകളിൽ തദ്ദേശീയ ചിത്രകാരന്മാർ ഇതിൽ വരച്ചു ചേർത്തു. ഒറ്റപ്പലകയിൽ എണ്ണച്ചായത്തിൽ രചിച്ചതാണ് ഈ ചിത്രം.
വല്ലാർപാടം ദേശീയ തീർഥാടന കേന്ദ്രം
എറണാകുളത്ത് ഹൈക്കോടതി ജംക്‌ഷനിൽ നിന്ന് ഗോശ്രീ പാലം കടന്നാൽ വല്ലാർപാടം ദേശീയ തീർഥാടന കേന്ദ്രത്തിൽ എത്താം. കളമശേരിയിൽ നിന്നു കണ്ടെയ്നർ ടെർമിനൽ റോഡിലൂടെ വല്ലാർപാടത്ത് എത്താം. ഞാറയ്ക്കൽ ഭാഗത്തു നിന്നുള്ളവർക്കും ഗോശ്രീപാലം കടന്ന് വല്ലാർപാടം പള്ളിയിലെത്താം. എറണാകുളത്തു നിന്നു വല്ലാർപാടം ബസലിക്കയിലേക്ക് ദൂരം നാലു കിലോമീറ്റർ.
ജീവൻ രക്ഷിച്ച കഥ
കൊച്ചിയിലെ വെള്ളപ്പൊക്കത്തിൽ രക്ഷകയായി എത്തിയെന്നാണ് വല്ലാർപാടത്ത് അമ്മയുടെ ഐതിഹ്യം. മകനൊപ്പം വള്ളത്തിൽ യാത്ര ചെയ്തിരുന്ന സ്ത്രീ കൊടുങ്കാറ്റിനെ തുടർന്നു പ്രളയത്തിലകപ്പെട്ടു. ജീവൻ രക്ഷിക്കണമെന്ന് അവർ മോചന മാതാവിനോടു പ്രാർഥിച്ചു. മത്സ്യത്തൊഴിലാളിയുടെ വലയിലൂടെ അവർ രക്ഷപെട്ടു. മരണത്തിൽ നിന്നു രക്ഷ നൽകിയ വല്ലാർപാടത്തെ മാതാവിനു മുന്നിൽ അമ്മയും മകനും ജീവിതം ഉഴിഞ്ഞു വച്ചെന്ന് ഐതിഹ്യം.