Tuesday 15 June 2021 12:54 PM IST : By Report: Nisha Kallupurackal, Photos: Roney

വരയാടിനെ കാണാൻ 13 മലകൾ താണ്ടി: ‘സ്വർഗം കണ്ടതിന്റെ’ അനുഭൂതിയിൽ ഒരു സംഘം

1 - Varayadu

വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ട ലൊക്കേഷനാണു പൊന്മുടി. തിരുവനന്തപുരത്തുള്ളവരുടെ ഹിൽ ഡെസ്റ്റിനേഷൻ. പൊന്മുടി സന്ദർശകരെ രണ്ടായി തിരിക്കാം – ഉല്ലാസ യാത്രയ്ക്കു വരുന്നവർ, ട്രെക്കിങ് നടത്തുന്നവർ. ട്രെക്കിങ്ങിനു വരുന്നവർ സാഹസികരാണ്. ചെങ്കുത്തായ പതിമൂന്നു മലകളുണ്ട് – ‘വരയാടു മുടി’. വരയാടുകളുടെ സാന്നിധ്യമാണ് ആകർഷണം. സമുദ്രനിരപ്പിൽ നിന്നു 3600 അടി ഉയരമുള്ള മലയുടെ നെറുകയിലേക്ക് ട്രെക്കിങ്ങിന് വനംവകുപ്പ് പെർമിറ്റ് നൽകുന്നുണ്ട്. കാടിനെ കണ്ടറിയാൻ യാത്ര നടത്തുന്ന ‘പ്രയാൺ’ അഡ്വഞ്ചറസ് സംഘത്തിനൊപ്പം അവിടേക്ക് യാത്രയ്ക്ക് അവസരം ഒരുങ്ങി.

പതിനാലു പേർക്ക് ട്രെക്കിങ് പെർമിഷൻ കിട്ടി. പെരിങ്ങമല ഫോറസ്റ്റ് േസ്റ്റഷനിൽ നിന്നാണ് പാസ് കിട്ടിയത്. കുത്തനെ മല കയറാൻ തയാറെടുപ്പു വേണം. ദിവസവും അഞ്ചു കിലോമീറ്റർ നടന്നു. വെള്ളം കുടിച്ച് ശരീരം പുഷ്ടിപ്പെടുത്തി. യാത്രയുടെ തലേ ദിവസം വൈകിട്ട് ബേസ് ക്യാംപിൽ ഒത്തു ചേർന്നു. അപകട സാധ്യതയുള്ള യാത്രയാണ്. പരസ്പരം സഹകരിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂ – വരയാട് മൊട്ട സന്ദർശിച്ചിട്ടുള്ളവർ അനുഭവം പങ്കുവച്ചു. വഴി അറിയുന്നവരെ സംഘത്തിന്റെ ലീഡറാക്കി. കൊണ്ടു പോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി – വെള്ളം, ഉച്ചഭക്ഷണം, ചോക്ലേറ്റ്, ഡൈ ഫ്രൂട്ട്സ്, നട്സ്, ഓറഞ്ച്, ഫസ്റ്റ് എയ്ഡ് കിറ്റ്.

കാട്ടുപോത്തിന്റെ താവളം

പൊടിയൻ ചേട്ടനും രണ്ടു സഹായികളും മങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മൂന്നു പേരും കാണി വിഭാഗക്കാരാണ്. വനം വകുപ്പിന്റെ വാച്ചർമാർ. പൊടിയൻ ചേട്ടൻ ഉച്ചഭക്ഷണം പൊതിയാക്കി തോർത്തിൽ പൊതിഞ്ഞ് തോളത്ത് തൂക്കിയിരിക്കുന്നു. കാടിന്റെ മകന്റെ ആയുധം പോലെ ഒരു വെട്ടുകത്തി അരയിൽ സൂക്ഷിച്ചിട്ടുണ്ട്. പൊടിയന്റെ കാൽപ്പാടുകൾ പിൻതുടർന്ന് നടത്തം തുടങ്ങി. വേനലിന്റെ ചൂടിന് കാടിനുള്ളിലും ശമനമില്ല. വരണ്ടുണങ്ങിയ മണ്ണിന് ചാര നിറം. വഴിയുടെ ഇരുവശത്തും അക്കേഷ്യ, യൂക്കാലിപ്സ്, മാഞ്ചിയം മരങ്ങൾ. വരൾച്ചയ്ക്ക് വേറെ കാരണം വേണോ?

പൊടിയൻ ചേട്ടൻ കുറ്റിച്ചെടികൾ വെട്ടി വഴി തെളിച്ചു. ഇലപൊഴിഞ്ഞ് അസ്ഥിപഞ്ജരമായി മാറിയ മരങ്ങളുടെ നീളമുള്ള കമ്പുകൾ ഊന്നുവടിയാക്കാൻ ഞങ്ങൾക്കു തന്നു. മുൾച്ചെടി കാലിൽ കൊരുത്തതിന്റെ നീറ്റൽ ആരും മൈൻഡ് ചെയ്തില്ല. ഒന്നര കിലോമീറ്റർ താണ്ടിയപ്പോഴേക്കും ചുട്ടു വിയർത്ത് ക്ഷീണിച്ചു. കാലാവസ്ഥാ വ്യതിയാനം കാടുകളുടെ അന്തരീക്ഷം നശിപ്പിച്ചിരിക്കുന്നു.

2 - Varayadu 2

കുടിവെള്ളം തേടി ഇറങ്ങിയ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ആനപ്പിണ്ഡവും ചവിട്ടേറ്റു ചതഞ്ഞ ചെടികളും കണ്ടു. മരങ്ങളുടെ തൊലി അടർന്നു നിൽക്കുന്നത് പൊടിയൻ ചൂണ്ടിക്കാട്ടി. ആനകൾ ഉരസി കടന്നു പോയതാണ്. ചില വൃക്ഷങ്ങളുടെ തൊലി ആനയ്ക്ക് ഔഷധമാണെന്ന് കാടിനെ അറിയുന്നവർ പറയുന്നു. അതിനെ കുറിച്ച് വർത്തമാനം പറഞ്ഞുകൊണ്ടു മുന്നോട്ടു നീങ്ങിയപ്പോൾ മലയണ്ണാന്റെ ഊഞ്ഞാലാട്ടം കണ്ടു. മറ്റൊരിടത്ത് കോഴി വേഴാമ്പൽ പ്രത്യക്ഷപ്പെട്ടു. ക്യാമറകൾ തുരു തുരാ പ്രവർത്തിച്ചു. പിന്നീട് കാടറിഞ്ഞുള്ള നടപ്പായിരുന്നു. നഗരത്തിന്റെ കോലാഹലങ്ങളിൽ നിന്നു മുക്തി തേടിയുള്ള യാത്ര.

മരത്തലപ്പുകളിൽ ചൂളം വിളിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം. അപ്പൂപ്പൻ താടികൾ കാറ്റിനൊപ്പം ഞങ്ങളെ തഴുകി പറന്നു. നിലത്തും മരത്തിന്റെ ചുവട്ടിലും പല നിറത്തിലുള്ള കൂണുകൾ. താഴ്‌വരയിലെ മരങ്ങളും ചെടികളും ചിത്രകാരന്റെ ഭാവന പോലെ മനോഹരം. മലയുടെ നെറുകയിലെ കാറ്റും സുഗന്ധവും ഭൂമിയെ സ്വർഗമാക്കി.

വിശ്രമിക്കാനിരുന്നവർ പൊതിക്കെട്ടുകൾ അഴിച്ചു. ഈന്തപ്പഴമായിരുന്നു മെയിൻ ഐറ്റം. കുന്നു കയറാൻ ഊർജം നൽകുന്ന ഫലമാണ് ഈന്തപ്പഴം. വെള്ളം കുടിച്ചപ്പോൾ മധുരം ഇരട്ടിയായി. ദൂരെ ഒരിടത്ത് ഗുഹാമുഖം തുറന്നു കിടക്കുന്നത് കൂട്ടത്തിലൊരാൾ കണ്ടെത്തി. ഗുഹാമുഖത്ത് ചിലന്തി നെയ്ത വല സൂര്യപ്രകാശത്തിൽ തിളങ്ങി. മഴ ഇല്ലെങ്കിലും ചിലന്തി വലകളിൽ മഴവില്ലു തെളിയാറുണ്ട്. ഓരോരുത്തരും ചിത്രകൗതുകം പങ്കുവച്ചു.

തുടർയാത്ര ക്ലേശകരമായി. കയറ്റങ്ങൾ മാത്രമായി വഴി ചുരുങ്ങി. പൊടിയൻ അതു വകവയ്ക്കാതെ മുന്നേ നടന്നു. കാട്ടുപോത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് പൊടിയൻ തല വട്ടം കറക്കി. ക്യാമറകൾ തയാറാക്കി ഞങ്ങൾ ചുറ്റും കണ്ണോടിച്ചു. താഴ്‌വരയുടെ അരികിൽ ഒരു കൂട്ടം കാട്ടുപോത്തുകൾ വെയിൽ കായുന്നു. ഞങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞ് അവ എഴുന്നേറ്റു. ഒന്നിനു പുറകെ മറ്റൊന്നായി കുറ്റിക്കാട്ടിൽ മറഞ്ഞു. ആനയെക്കാൾ അപകടകാരിയാണു കാട്ടുപോത്ത്, സൂക്ഷിക്കണം – പൊടിയന്റെ മുന്നറിയിപ്പ്. യാത്രാസംഘം ജാഗരൂഗരായി. പുൽമേടു കടക്കുന്നതുവരെ നിശബ്ദമായ നടത്തം. തുറസ്സായ സ്ഥലത്ത് വിശ്രമ സ്ഥലം കണ്ടെത്തി. മങ്കയം ഗ്രാമം തെളിഞ്ഞു കാണുന്ന വ്യൂ പോയിന്റായിരുന്നു അത്. കാട്ടുനായ്ക്കളുടെ വിഹാര കേന്ദ്രമാണെന്നു പൊടിയൻ പറഞ്ഞു തീരുന്നതിനു മുൻപ് അവയിലൊന്നിനെ കണ്ടു. ക്യാമറ കയ്യിലെടുക്കാൻ അവസരം തരാതെ അവൻ കാട്ടിലേക്ക് ഉൾവലിഞ്ഞു.

കാട്ടുനായ്ക്കളുടെ താഴ്‌വര

കൂട്ടത്തിലുള്ളവർ കാലിയായ കുപ്പികൾ ഉയർത്തിക്കാട്ടി. കുടിവെള്ളം എടുക്കാൻ പറ്റിയ അരുവിയിലേക്ക് പൊടിയൻ നടന്നു. അരുവിയിൽ നിന്നു കൈക്കുമ്പിൾ നിറയെ തെളിനീരെടുത്ത് മതിവരുവോളം കുടിച്ചു. പൊടുന്നനെ കാറ്റു വീശിയപ്പോൾ അസഹനീയമാംവിധം ദുർഗന്ധം. കാട്ടുനായ്ക്കൾ ബാക്കിയാക്കിയ മൃഗങ്ങളുടെ അവശിഷ്ടം അഴുകിയ ഗന്ധമാണെന്ന് പൊടിയൻ പറഞ്ഞു. വരയാടാണ് അവയുടെ ഇര. കൂട്ടം ചേർന്ന് ഇരയെ കടിച്ചു കീറി തിന്നുന്നതാണ് കാട്ടുനായ്ക്കളുടെ രീതി. ഞങ്ങളുടെ സംഘം വലുതാണ്. ഭയപ്പെടേണ്ടതില്ല.

മല കയറി പാറയിലെത്തി. പുല്ലു വളർന്ന പാറ. അവിടെ ഇരുന്നാൽ പൊൻമുടിവരെ കാണാം. ദൂരെ കാണുന്ന കെട്ടിടം ISROയുടെ നിരീക്ഷണ കേന്ദ്രമാണെന്ന് പൊടിയൻ വിശദീകരിച്ചു. ഉച്ചഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. എല്ലാവരും ഭക്ഷണപ്പൊതി തുറന്നു. ചോക്ലേറ്റ്, ഡ്രൈഡ് ഫ്രൂട്ട്, തുടങ്ങി പലതരം വിഭവങ്ങൾ ഇലയിൽ വിളമ്പി. ഒത്തൊരുമയുടെ സദ്യക്ക് സ്വാദു കൂടി.

നടന്നു തീർക്കാനുള്ള ദൂരത്തെ കുറിച്ചുള്ള തിരിച്ചറിവ് ആശങ്കയുണ്ടാക്കി. മുന്നിൽ തെളിഞ്ഞ ഓരോ കുന്നുകളും വരയാട് മൊട്ടയാണെന്നു പ്രതീക്ഷിച്ചു. അപ്പോഴെല്ലാം, ഇനിയും രണ്ടു മല കടക്കണമെന്ന് പൊടിയൻ ആവർത്തിച്ചു. പൊന്മുടിക്കു തുല്യമായി ഉയരമുള്ള ഒരു മലയുടെ മുകളിലെത്തിയപ്പോഴാണ് പൊടിയൻ അകലേയ്ക്കു ചൂണ്ടിക്കാട്ടി – അതാണു വരയാട് മൊട്ട. പുല്ലുവളർന്നു നിൽക്കുന്ന ചെങ്കുത്തായ മല.

മൂന്നാറിലെ രാജമലയിൽ വരയാടുകൾ സ്ഥിര സാന്നിധ്യമാണ്. സമീപത്തു കാണാം. വരയാട് മൊട്ട വലിയ പ്രദേശമായതിനാൽ ആടുകളെ നേരിൽ കാണുന്നത് അപൂർവ സന്ദർഭങ്ങളിൽ മാത്രം. എന്തായാലും ഞങ്ങൾ ഭാഗ്യമുള്ളവരായിരുന്നു. പ്രയാണിന്റെ, ഞങ്ങളുടെ കൂട്ടായ്മയ്ക്ക്, സഹകരണത്തിന്, അനുസരണയ്ക്ക്, അച്ചടക്കത്തിന്, കാടിനോട് കാണിച്ച ബഹുമാനത്തിന് കാട് നൽകിയ അംഗീകാരം. യാത്രാ സംഘത്തിലെ അവസാന യാത്രികനും ദർശനം നൽകിയ ശേഷം ആട്ടിൻപറ്റം മലഞ്ചെരിവിൽ മറഞ്ഞു.

മൊട്ടയുടെ നെറുകയിൽ

ഞങ്ങളുടെ ലക്ഷ്യസ്ഥാനം തൊട്ടു മുന്നിൽ വെൺമേഘങ്ങളെ തൊട്ടു നിന്നു. നടന്നു തീർക്കാൻ അധികം ദൂരമില്ല. പക്ഷേ, വെയിലിന്റെ ചൂട് താങ്ങാനായില്ല. ഒപ്പം വിശപ്പും.  മുകളിലേക്ക് കയറാൻ പറ്റുമോ? ഞങ്ങൾ ചോദിച്ചു. " ചിലർ കയറാറുണ്ട് " – പൊടിയന്റെ മറുപടി. ഭക്ഷണവും ബാഗും ഒരു മരത്തിന്റെ ചുവട്ടിൽ വച്ചു. വെള്ളം നിറച്ച കുപ്പിയുമായി ഞങ്ങൾ മുന്നോട്ടു നീങ്ങി. നടപ്പാത താഴെ നിന്നു കാണുന്നത്രയും സുഖകരമായിരുന്നില്ല. തെന്നി വീഴാൻ സാധ്യതയുണ്ട്. കരിഞ്ഞ പുല്ലിന്റെ പുതുനാമ്പുകൾ കൂർത്തു നിന്നു. ഞങ്ങൾ പരസ്പരം ഊന്നുവടികളായി. കൈകൾ കോർത്ത് മനുഷ്യച്ചങ്ങല പോലെ മുകളിലേക്ക് നടന്നു. ഒരാൾക്ക് അടി തെറ്റിയാൽ എല്ലാവരും വീഴും. കൃത്യതയോടെ, സൂക്ഷ്മതയോടെ സാഹസികമായി ചുവടു വച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അഗാതമായ താഴ്‌വര, മുകളിലേക്കും താഴേക്കും ഒരേ ദൂരം.

ഒരുവിധം മലയുടെ മുകളിലെത്തി. തണുത്ത കാറ്റും മേഘങ്ങളും ഞങ്ങളെ സ്വാഗതം ചെയ്തു. ഒരു കാടു മുഴുവൻ ഒരൊറ്റ 'ക്ലിക്കിൽ' ലെൻസിൽ കയറുന്ന ദൃശ്യം. കുന്നിന്റെ നെറുകയിൽ വേറൊരു കുന്നുണ്ട്. അവിടെ എത്താൻ അൽപംകൂടി സാഹസികത വേണ്ടി വന്നു. പാറയിൽ അള്ളിപ്പിടിച്ചാണ് മുകളിൽ കയറിയത്. റിസ്ക് എടുത്തത് വെറുതെയായില്ല. പച്ചപ്പിനു നടുവിൽ സൂചി മുനപോലെയൊരു കുന്നിന്റെ നെറുകയിൽ ഞങ്ങൾ 14 പേർ. വാക്കുകളിൽ പറഞ്ഞറിയിക്കാനോ, അക്ഷരങ്ങളിൽ എഴുതി ഒതുക്കാനോ കഴിയാത്ത ചിത്രം.

പൊൻമുടി മലനിരയിൽ ഏറ്റവും ഉയർന്നതാണ് വരയാട് മൊട്ട. വർഷങ്ങൾ മുൻപ് വരയാട് മൊട്ട യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ 'സ്ത്രീകൾക്ക് യാത്ര റിസ്കാണ് ' എന്നൊരു സുഹൃത്ത് മുന്നറിയിപ്പു നൽകിയത് ഓർത്തു. ഞങ്ങളുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ട്. റിസ്ക് ഏറ്റെടുക്കാൻ തയാറായാൽ ഏതു മലയും കീഴടക്കാമെന്നു പറഞ്ഞ് ഞങ്ങൾ‌ കൈകോർത്തു.

ഈറ്റക്കാട്

ഇരുട്ടു പരക്കും മുൻപ് കാടിറങ്ങണം. സാധാരണ കുന്നിറങ്ങുന്നതു പോലെ എളുപ്പമല്ല വരയാട് മൊട്ട. കാൽ തെറ്റിയാൽ ജീവൻ അപകടത്തിലാകും. ധൈര്യം പകർന്ന് മലയിറക്കം ആരംഭിച്ചു. പാറകളിൽ അമർത്തി ചവിട്ടി താഴേക്കു നീങ്ങുന്നതിനിടെ ഒരു കല്ല് ഇളകി താഴേക്കു പോയി. ആരുടെയും ദേഹത്തു തട്ടിയില്ല. വലിയ അപകടം ഒഴിവായി. ഭയത്തിന്റെ പടവുകൾ കടന്ന് സുരക്ഷിതമായ പ്രതലത്തിൽ എത്തി. പൊടിയന്റെയും സഹായികളുടെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു. കാടിറങ്ങേണ്ട വഴികളെ പറ്റിയുള്ള ചർച്ചയിൽ പൊടിയൻ രണ്ടു സാധ്യതകൾ മുന്നോട്ടു വച്ചു. വന്ന വഴി തിരിച്ചു മടക്കം, കല്ലുകൾ നിറഞ്ഞ കാട്ടിലൂടെ അതിസാഹസികമായ മലയിറക്കം. വന്ന വഴിക്കു തിരിച്ചു പോകാൻ ആർക്കും താൽപര്യമുണ്ടായില്ല.

പൊടിയന്റെ കാൽപ്പാടുകൾ പിൻതുടർന്ന് ഞങ്ങൾ നടന്നു. നടന്നു നടന്നാണ് വഴികൾ ഉണ്ടായതെന്ന് കവി ലൂയിസ് പീറ്ററുടെ വാക്കുകൾ ഓർത്തു. കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പാച്ചിലിൽ രൂപപ്പെട്ട വഴിയാണ്. ഈറ്റക്കാടിനുള്ളിലാണ് ചെന്നെത്തിയത്. ആനകൾ മുൻകാലുകളിൽ ഇരുന്നു നിരങ്ങിയാണ് ഇവിടെ സഞ്ചരിക്കുക. ആനകൾ തെളിച്ചിട്ട പാതയിലൂടെ ഞങ്ങൾ നടന്നു. ഈറ്റച്ചെടി മുഖത്തു തട്ടാതിരിക്കാൻ അകലം പാലിച്ചു. വീഴാനും എഴുന്നേറ്റു നടക്കാനും എല്ലാവരും ശീലിച്ചു. കാടിനു പുറത്തേക്ക് കുതിക്കുകയായിരുന്നു, കാട്ടുതീ പ്രതിരോധിക്കാനുള്ള ‘ഫയർലൈൻ’ കണ്ടപ്പോൾ പൊടിയൻ പുഞ്ചിരിച്ചു. തിരിച്ചെത്താറായതിന്റെ സന്തോഷത്തിൽ ഞങ്ങളും ചിരിച്ചു. ഇനി എട്ടു കിലോമീറ്ററേയുള്ളൂ – പൊടിയൻ നിസ്സാരമായി പറഞ്ഞു.

3 - Varayadu 3

ബ്രൈമൂർ എേസ്റ്ററ്റിൽ പ്രവേശിച്ചു. ഗ്രാംബൂവാണ് കൃഷി. മ്ലാവിന്റെ ഇഷ്ടഭക്ഷണമാണ് ഗ്രാംബൂ. കൃഷി സ്ഥലത്ത് മ്ലാവ് വരാതിരിക്കാൻ വേലി കെട്ടിയിട്ടുണ്ട്. ഗ്രാമ്പൂ മരങ്ങൾ പൂവിട്ടിരുന്നു. കുറുക്കു വഴിയിലൂടെ പൊടിയൻ ഞങ്ങളെ നയിച്ചു. കുടുംബശ്രീക്കാരുടെ പാചകപ്പുരയിൽ കയറി. കഞ്ഞിയും കപ്പപുഴുങ്ങിയതും പച്ചമുളക് ചമ്മന്തിയും കഴിച്ചു. വിശപ്പും ക്ഷീണവും മാറി. ബേസ് ക്യാംപിലേക്ക് നടന്നു. വഴിയരികിലെ മരക്കൊമ്പിൽ മലയണ്ണാനെയും കുരങ്ങുകൂട്ടത്തെയും തീകാക്കയെയും(Malabar Trogon) കണ്ടു.

പതിനെട്ടു കിലോമീറ്റർ നടന്ന് ബേസ് ക്യാംപിൽ തിരിച്ചെത്തിയപ്പോൾ സമയം വൈകിട്ട് 6.00. സ്വപ്നം പോലെയൊരു യാത്ര. തിരിഞ്ഞു നോക്കുമ്പോൾ അതാണു തോന്നുന്നത്.

വരയാട് മൊട്ട ട്രെക്കിങ്

തിരുവനന്തപുരം – തമ്പാനൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നു ബ്രൈമൂർ  ബസിൽ കയറി പെരിങ്ങമല ബേസ് ക്യാംപ്. പെരിങ്ങമല ഫോറസ്റ്റ് ഓഫിസിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് നൽകി പാസ് വാങ്ങണം. അഞ്ചു പേർക്ക് ഫീസ് 3500 രൂപ.