Wednesday 13 October 2021 02:57 PM IST

അതിവേഗ റെയിൽപ്പാത വന്നാൽ എന്തു സംഭവിക്കും? സിംഗപ്പൂരിലുള്ളവർ പറയുന്നതു കേൾക്കുക

Baiju Govind

Sub Editor Manorama Traveller

3 - express way

ശാന്തസുന്ദരമായ ഗ്രാമത്തിലൂടെ അതിവേഗ ട്രെയിൻ സർവീസ് തുടങ്ങിയാൽ എന്തു സംഭവിക്കും? കൃഷിസ്ഥലത്തിനു നടുവിലൂടെ എക്സ്പ്രസ് വേ നിർമിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം? – രണ്ടുതരം വികസനങ്ങളുടെ ‘ആഫ്ടർ ഇഫക്ടി’നെ കുറിച്ച് പഠനം നടത്തി സിംഗപ്പൂരിലെ ടൗൺ പ്ലാനിങ് ഉദ്യോസ്ഥർ. ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നുവെന്നാണ് അവർ കണ്ടത്തിയത്. വീടും സാഹചര്യങ്ങളും മാറിയതിനൊപ്പം കാഴ്ചപ്പാടുകളും മെച്ചപ്പെട്ടുവെന്ന് നഗരങ്ങളിലൂടെ നടത്തിയ സർവേയിൽ ഗവേഷക സംഘം റിപ്പോർട്ട് ചെയ്തു.

ഷോപ്പിങ് മാൾ, അതിവേഗ റെയിൽപ്പാത, എക്സ്പ്രസ് വേ, എട്ടുവരി റോഡ് ഗതാഗം, വോക് വേ, പാർക്ക്, കാർണിവൽ, ടൂറിസം കേന്ദ്രങ്ങൾ, തിയെറ്ററുകൾ, മ്യൂസിയം, ആർട്, സാംസ്കാരിക കേന്ദ്രം, ആകാശത്തേയ്ക്കു ശിരസ്സുയർത്തി നിൽക്കുന്ന ബിസിനസ് ആർക്കേഡുകൾ. അംബര ചുംബികളായി അപ്പാർട്മെന്റുകൾ... നാൽപതു വർഷത്തെ വികസനക്കുതിപ്പിലൂടെ ലോകത്തു ‘നമ്പർ വൺ’ പട്ടം നേടിയ സിംഗപ്പൂരിന്റെ ഔട് ലൈൻ ഇങ്ങനെ വിലയിരുത്താം.

മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തിയവർ അവിടത്തുകാർക്ക് നഷ്ടപ്പെട്ടത് എന്തൊക്കെയെന്നു കണക്കെടുപ്പു നടത്തി. ഗ്രാമങ്ങൾ, സാമൂഹിക കൂട്ടായ്മ, അയൽക്കാർ തമ്മിലുള്ള ഊഷ്മള ബന്ധം, കുടിലുകൾ, ചെറിയ വീടുകൾ – റിപ്പോർട്ട് പൂർണം.

2 - express way

പണ്ട് സിംഗപ്പൂരിലെ സാമൂഹിക കൂട്ടായ്മ എങ്ങനെയാണെന്നു കാണിക്കാനായി അവർ കാംപോങ് ലൊറോങ് ബുങ്കോക്കിലേക്ക് വിരൽ ചൂണ്ടി. ആഡംബരങ്ങളുടെ പറുദീസയായി മാറിയ സിംഗപ്പൂരിൽ അവശേഷിക്കുന്ന പഴയ ഗ്രാമമാണ് കാംപോങ്. നഗരമധ്യത്തിൽ മൂന്നേക്കർ സ്ഥലത്ത് ചേരിയുടെ മാതൃകയിൽ കുറേ വീടുകൾ അവിടെ അവശേഷിക്കുന്നു. സിംഗപ്പൂരിന്റെ പൂർവകാലത്തിന്റെ യഥാർഥ ചിത്രമാണ് കാംപോങ്. ‘‘തകരം മേഞ്ഞ ചെറിയ വീടുകൾ. ചെടികളും മരങ്ങളും വളർന്നു നിൽക്കുന്ന പറമ്പുകൾ. തടിക്കഷ്ണം ചേർത്തു വച്ച് അതിരു തിരിച്ച പുരയിടങ്ങൾ. എന്താവശ്യത്തിനും പരസ്പരം താങ്ങും തണലുമായിരുന്നു അവിടെ താമസിച്ചിരുന്നവർ. മനസ്സുകൾ തമ്മിൽ വേർതിരിവില്ലാത്ത ജീവിതം’’ സിനിമാക്കഥ പോലെയാണ് നാൽപതു വർഷം മുൻപുള്ള കാംപോങ്ങിലെ സമൂഹത്തെക്കുറിച്ചു ഗൈഡ് യാന്ത യാപ് വിശദീകരിച്ചത്. സിംഗപ്പൂരിൽ വന്നിറങ്ങുന്നവരെ നഗരക്കാഴ്ചകളിലേക്കു നയിക്കുന്ന ഗൈഡാണ് യാന്ത. നഗരത്തിലെ ‘ഒരേയൊരു ഗ്രാമം’ എന്നു വിശേഷിപ്പിച്ച് ടൂറിസ്റ്റുകളെ ഈ സ്ഥലത്ത് കൊണ്ടു വരാറുണ്ട്.

ഇപ്പോഴും കാംപോങ്ങിന്റെ ചിത്രം മാറിയിട്ടില്ല. എന്നാൽ, അവിടെ താമസക്കാർ പഴയ ആളുകളല്ല. വ്യവസായ ശാലകളിൽ ജോലി ചെയ്യുന്നവരാണ് അവിടെയുള്ളത്. കുറഞ്ഞ വാടകയ്ക്ക് മുറി കിട്ടുന്ന ഒരേയൊരു സ്ഥലമാണു കാംപോങ്. സ്ഥലത്തിന്റെ ഉടമകൾ സർക്കാർ നൽകിയ അപ്പാർട്മെന്റുകളിലേക്ക് താമസം മാറി. അതിവേഗ റെയിൽപ്പാതയും എക്സ്പ്രസ് വേയും നിർമിക്കുന്ന സമയത്ത് സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നവർക്ക് സിംഗപ്പുർ ഹൗസിങ് ആൻഡ് ഡെവലപ്മെന്റ് ബോർഡ് വീടു നൽകി. ‘വൈ ഫൈ’ സാഹചര്യത്തിലേയ്ക്കു താമസം മാറാൻ ആദ്യം അൽപം ‘വിമുഖത’ പ്രകടിപ്പിച്ചെങ്കിലും അവരെല്ലാം ഇപ്പോൾ അത്യാധുനിക ജീവിതം നയിക്കുന്നു – കേന്ദ്ര ദേശീയ വികസന മന്ത്രി ലോറൻസ് വോങ് ചൂണ്ടിക്കാട്ടി. ‘വട്ടംകൂടയിരുന്നു വർത്തമാനം പറയാൻ അപ്പാർട്മെന്റുകളിൽ പ്രത്യേകം ബ്ലോക്കുകൾ നിർമിച്ചിട്ടുണ്ട്. സാമൂഹികം അന്തരീക്ഷണം ഒരിക്കലും നഷ്ടപ്പെടില്ല’’ ഗ്രാമീണ അന്തരീക്ഷണം നിലനിർത്തിയാണ് ഗ്രാമീണർക്കു പാർപ്പിടം ഒരുക്കിയതെന്നാണു മന്ത്രി പറയുന്നത്.

1 - express way

പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കിടപ്പാടമാണ് സിംഗപ്പൂരിൽ നഗരവികസനത്തിന്റെ ഭാഗമായി ഇടിച്ചു നിരത്തേണ്ടി വന്നത്. കൃഷി സ്ഥലം, വീടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പുരാതനപാതകൾ, തെരുവ് തുടങ്ങി പഴമയുടെ എൺപതു ശതമാനവും മണ്ണിട്ടു നിരത്തി. ആ സ്ഥാനത്ത് ഇരട്ടപ്പാതകളും അതിവേഗ ഇടനാഴികളും ബഹുനിലമാളികകളും ഉയർന്നു. നഗരത്തിൽ ജനിച്ചു വളർന്നവരും വീടു നഷ്ടപ്പെട്ടവരുമായ ആളുകളെ റെസിഡൻഷ്യൽ ഏരിയകളിൽ അപ്പാർട്മെന്റുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. അയൽക്കാരെ മാറ്റാതെ വീടു ക്രമീകരിച്ച് ‘കാംപോങ് സ്പിരിറ്റ്’ (സാമൂഹിക ഐക്യം) നിലനിർത്തി – നഗരാസൂത്രണ വിദഗ്ധർ പറയുന്നു. പഴയ വീട്ടിലെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ‘മിസ് ’ ചെയ്യുന്നുവെന്നാണ് അപ്പാർട്മെന്റിലേക്കു താമസം മാറിയ ഗ്രാമീണർ ഇപ്പോൾ പങ്കുവയ്ക്കുന്ന ഒരേയൊരു സങ്കടം.

Tags:
  • Manorama Traveller