‘‘ലോകം കുതിക്കുകയാണ്. അതിവേഗം നടക്കുന്നവർ മുന്നിലെത്തും’’ െകാച്ചിയില്‍ പതിമൂന്നു വർഷം മുൻപ് അരങ്ങേറിയ മിസ് കേരള സൗന്ദര്യ മത്സരമാണ് േവദി. സുന്ദരികളുടെ ടാലന്റ് അളക്കുന്ന റൗണ്ടിലായിരുന്നു ഒന്നാമത്തെ നിരയിലെ മൂന്നാമത്തെ പെൺകുട്ടിയുടെ ഈ മറുപടി.
മിന്നുന്ന പ്രകടനം കാഴ്ച വച്ച തൃശൂർ സ്വദേശിനിക്ക് അന്ന് റണ്ണർഅപ്പ് പട്ടം ലഭിച്ചു. കാണികൾ പിരിഞ്ഞ ശേഷം ഇതേ പെൺകുട്ടിയോട് ന്യൂയോർക്കിലെ ഫാഷൻ ട്രെൻഡിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. അമേരിക്കയിൽ മാത്രമല്ല ആഫ്രിക്കയിലും ഫാഷൻ മേളകളുണ്ട് – ‘അവൾ’ കനമുള്ള ശബ്ദത്തിൽ പറഞ്ഞു. പിന്നീടു മലയാള സിനിമയിലെ ബോൾഡ് നായികയായി മാറിയ പെൺകുട്ടിയെ അടുത്തിടെ പാര്‍ട്നര്‍ ആഷിഖ് അബുവിെനാപ്പം മോസ്കോ നഗരത്തിൽ സ്പോട്ട് ചെയ്തു.
റഷ്യയിൽ ഏതെല്ലാം സ്ഥലങ്ങൾ സന്ദർശിച്ചു?
ആഷിഖും ഞാനും പതിനഞ്ചു ദിവസം അവിടെ ഉണ്ടായിരുന്നു. മോസ്കോ, സെന്റ് പീറ്റേഴ്സ് നഗരങ്ങളിലൂടെ കറങ്ങി. വാസ്തവം പറഞ്ഞാൽ ലോക്ഡൗൺ ഉണ്ടാക്കിയ ശ്വാസം മുട്ടലിൽ നിന്ന് എങ്ങോട്ടെങ്കിലും പോയാൽ മതിയെന്നു തോന്നിയപ്പോഴാണ് ഒരു ട്രിപ് പ്ലാൻ ചെയ്തത്. അന്ന് ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ച ഒരേയൊരു രാജ്യം റഷ്യയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സ്പുട്നിക് വാക്സീൻ കുത്തിവച്ച് പുട്ടിൻ അദ്ദേഹത്തിന്റെ ജനങ്ങളെ സുരക്ഷിതരാക്കി. അതിനാൽത്തന്നെ ലോകം കോവിഡിനെ പേടിച്ച് വാതിൽ അടച്ചപ്പോഴും റഷ്യയിൽ വിദേശികൾക്കു തടസ്സങ്ങളുണ്ടായില്ല.
തലസ്ഥാനത്തിന്റേതായ തിരക്കുകളിൽ മുഴുകിയ നഗരമാണ് മോസ്കോ. കോസ്മോപൊളിറ്റൻ സിറ്റിയാണ് സെന്റ് പീറ്റേഴ്സ് ബർഗ്. ‘വൈബ്രന്റ്’ നഗരങ്ങളെന്നു തന്നെ വിശേഷിപ്പിക്കാം. സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ബെയ്ക്കൽ ട്രെയിൽ എത്താം. ബെയ്ക്കൽ ശുദ്ധജലതടാകം അവിടെയാണ്. തടാകത്തിന്റെ സമീപത്തുകൂടിയാണ് ട്രാൻസ് സൈബീരിയൻ പാത കടന്നു പോകുന്നത്. സമയക്കുറവു കാരണം ഞങ്ങൾക്ക് ആ സ്ഥലം സന്ദർശിക്കാൻ സാധിച്ചില്ല. ചൈനയേയും റഷ്യയേയും ബന്ധിപ്പിക്കുന്ന ട്രാൻസ് സൈബീരിയൻ പാതയിലൂടെ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട്. തീയതി നിശ്ചയിട്ടില്ല.
എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട്?
മുപ്പത്തഞ്ചു രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. ലാറ്റിനമേരിക്കയിൽ മെക്സിക്കോ മാത്രമേ കണ്ടിട്ടുള്ളൂ. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളും കണ്ടിട്ടില്ല. ഭൂമിയിലെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട രാജ്യം ഇറ്റലിയാണ്. അവിടുത്തെ ഒട്ടുമിക്ക റോഡൂകളിലൂടെയും കാർ യാത്ര നടത്തി. അതെല്ലാം കൂട്ടുകാരികളോടൊപ്പമായിരുന്നു. തെക്കൻ ഇറ്റലിയും ഡോളോമൈറ്റ്സ് പർവതങ്ങളും കണ്ടിട്ടില്ല. പഠിക്കുന്ന കാലത്ത് പുസ്തകങ്ങളിൽ നിന്നു മനസ്സിൽ കയറിയ സ്ഥലപ്പേരുകളാണ് സിസിലി, നേപ്പിൾസ്. ഈ സ്ഥലങ്ങൾ കാണാൻ ഇറ്റലിയിലേക്ക് വീണ്ടും പോകുന്നുണ്ട്.
റഷ്യയിൽ ഏറ്റവും ആകർഷണം തോന്നിയത് എന്തിനോടാണ് ?
ഏതു രാജ്യത്തു ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. റഷ്യൻ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ അവർ അതീവ ജാഗ്രത പുലർത്തുന്നു.
അതേസമയം, റഷ്യയിലെ സ്ത്രീകൾ ഫാഷൻ പ്രേമികളുമാണ്. അവർ വ്യത്യസ്തമായ ൈസ്റ്റലിൽ മനോഹരമായി വസ്ത്രം ധരിക്കുന്നു. ഫാഷനബിളായ വസ്ത്രങ്ങൾ ധരിച്ചാലും ഏച്ചുകെട്ടായി തോന്നില്ല. സൗന്ദര്യബോധമുള്ളവരാണ് റഷ്യയിലെ പെണ്ണുങ്ങൾ.
റഷ്യയിലെ വിഭവങ്ങളേറെയും ചീസ് ചേർത്തു തയാറാക്കുന്നതാണ്. എനിക്ക് അവിടെ ഇഷ്ടപ്പെട്ടത് റഷ്യൻ തീൻമേശയിൽ സ്ഥാനം നേടിയ ജോർജിയൻ വിഭവങ്ങളാണ്. സോസും മസാലയും ചേർത്തു തയാറാക്കുന്ന സ്പൈസി ഡിഷസാണ് ജോർജിയൻ കുലിനറിയുടെ പ്രത്യേകത.
ഇത്രയും കാലത്തിനിടെ യാത്രയുടെ ഹരം നഷ്ടപ്പെടുത്തിയ അനുഭവം ?
യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു ശരിയല്ല. വിവേചനം കാണിക്കുന്നവർക്കു മനസ്സിലാകും വിധം അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആർജവം നമ്മൾ പ്രകടിപ്പിക്കണം.
മോസ്കോയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായോ ?
മോസ്കോയിൽ ഐസ്ക്രീം കച്ചവടക്കാരൻ പയ്യൻ എന്നോട് കയർത്തു സംസാരിച്ചു. ഞാൻ ഇംഗ്ലിഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. റഷ്യൻ ഭാഷ അറിയാത്തവരൊക്കെ മ്ലേച്ഛരാണെന്നുള്ള തെറ്റിദ്ധാരണ വച്ചു പുലർത്തുന്നയാളാണ് അയാൾ.
പക്ഷേ, പിറ്റേന്ന് ഒരു ടാക്സിയിൽ കയറിയപ്പോൾ വേറിട്ട അനുഭവമായിരുന്നു. ഡ്രൈവർ സ്ത്രീയാണ്. ബഹുമാനത്തോടെയും ആദരവോടെയുമാണ് അവർ പെരുമാറിയത്. ഞങ്ങൾ പെട്ടെന്നു സുഹൃത്തുക്കളായി. റീത്തയെന്നാണ് അവരുടെ പേര്. റീത്തയോടൊപ്പം നിന്ന് ഞാൻ ഫോട്ടോ എടുത്തു. റഷ്യയെന്നു കേൾക്കുമ്പോൾ റീത്തയുടെ പുഞ്ചിരിക്കുന്ന മുഖമാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെടുത്തുക.
റഷ്യൻ ദിനങ്ങളുടെ ഓർമയ്ക്കായി എന്താണു വാങ്ങിയത് ?
ദസ്തേവ്‌സ്കി മ്യൂസിയത്തിൽ നിന്നു കുറച്ചു പോസ്റ്റ് കാർഡുകൾ വാങ്ങി. അതു ഫ്രെയിം ചെയ്തു വയ്ക്കണം. റഷ്യൻ ഡോൾ വാങ്ങണമെന്നുണ്ടായിരുന്നു. ഓരോന്നു കണ്ടപ്പോഴും ഇതിലും നല്ലതു കിട്ടുമെന്നുള്ള മോഹത്തോടെ അവിടം മുഴുവൻ തിരഞ്ഞു. ഒടുവിൽ ഒരു പാവയെപ്പോലും വാങ്ങാതെ മടങ്ങി.
‘‘സാരമില്ല, എന്തായാലും ഇനിയും ഞങ്ങൾ മോസ്കോയിലേക്കു പോകുന്നുണ്ട് ’’
പാവയെ സ്വന്തമാക്കാനുള്ള കൊച്ചുകുട്ടിയുടെ ആവേശത്തോടെ റിമ പൊട്ടിച്ചിരിക്കുന്നു...