
കാർഗിലിൽ സ്ഥിതി ചെയ്യുന്ന സൻസ്കാർ വാലി 13154 അടി ഉയരത്തിലുള്ള പ്രദേശമാണ്. ഇവിടുത്തെ കലാ– സാംസ്കാരിക ആഘോഷമായ സൻസ്കാർ ഫെസ്റ്റിവൽ കാണാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. ഈ വർഷത്തെ ലഡാക്ക് സൻസ്കാർ ഫെസ്റ്റിവൽ സെപ്റ്റംബർ 29 ന് നടക്കും.

പരിപാടിയുടെ ഏഴാം എഡിഷനാണ് ഈ വർഷം ആഘോഷിക്കുന്നത്. ലഡാക്കിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം. ആസാദി കാ അമൃത് മഹോത്സവത്തിനാണ് ആഘോഷത്തിന്റെ ചുമതല.

ലഡാക്കിന്റെ എല്ലാ മേഖലയിലുമുള്ള പ്രാദേശിക സംസ്കാരത്തെ തൊട്ടറിയാനുള്ള അവസരമാണ് ഈ മേള സഞ്ചാരികൾക്ക് നൽകുന്നത്. സൻസ്കറിൽ നടക്കുന്ന ഉത്സവത്തിൽ തദ്ദേശീയ ജനങ്ങൾ ഒരുമയോടെ ഒന്നുചേരുന്നു. അവരുടെ പരമ്പരാഗത നൃത്തങ്ങളും പാട്ടും മേളവുമായി ആഘോഷം പൊടിപൊടിക്കും. സാനി പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ അകലെ ‘പാടും’ എന്ന സ്ഥലത്തെ സാനി ആശ്രമത്തിലാണ് ഉത്സവത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഉത്സവത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മുൻവർഷങ്ങളിലേതു പോലുള്ള സാഹസിക കായിക വിനോദപരിപാടികൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും തദ്ദേശീയരും.