മഴ കൊണ്ടു സമ്പന്നമാണു കർണാടകയിലെ അഗുംബെ. ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെയിലെ കാടുകളിൽ അപൂർവയിനം പാമ്പുകളുണ്ട്. വേനലും മഴയും മാറി മാറി തലോടുന്ന കേരളത്തിൽ ജീവിക്കുന്നവർക്ക് അഗുംബെയിലെ കാലാവസ്ഥ ആസ്വാദ്യകരമാണ്. ഷിബുവിനൊപ്പം കായംകുളത്തു നിന്നു പുറപ്പെട്ടു രാവിലെ ആറിന് ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മുപ്പതോളം മലയാളികളെ പരിചയപ്പെട്ടു. എല്ലാവരും അഗുംബെ സന്ദർശനത്തിന് എത്തിയവർ. ഞങ്ങൾ ഒരുമിച്ചു മഴക്കാടിന്റെ പാതയിലേക്കു തിരിഞ്ഞു. രണ്ടു ബസ്സുകളിലാണു യാത്ര. അപരിചിതമായ വഴി. പുതിയ സൗഹൃദങ്ങൾ. യാത്ര രസകരമായി.

പാതയോരത്ത് ഒരു റസ്റ്ററന്റിനു മുന്നിൽ ബസ്സു നിന്നു. ഭക്ഷണ ശാലയിലെ ചെറുപ്പക്കാരൻ കുറേ വിഭവങ്ങളുടെ പേരു വിളമ്പി. വാസ്തവം പറയട്ടെ, അതൊക്കെ എന്തു സാധനമാണ് എന്നു പോലും മനസ്സിലായില്ല. ഇഡലിയും പൂരിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ചിലർക്കു സമാധാനമായത്. കുറച്ചു പേർ കർണാടകയുടെ തനതു വിഭവങ്ങൾ ഓർഡർ ചെയ്തു. 'ചൗ ചൗ ബാത്ത് ' മേശപ്പുറത്ത് എത്തി. റവ ഉപയോഗിച്ചു തയാറാക്കിയ ഉപ്പുമാവ്. റവ കുഴച്ചു ജാം പരുവത്തിലാക്കി മാധുര്യമുള്ള കുറുക്ക്. ഇതു രണ്ടും കൂട്ടിക്കുഴച്ചു കഴിക്കണം. രുചികരമായ പ്രഭാതഭക്ഷണമായിരുന്നു ചൗ ചൗ ബാത്ത്. റെയിൻ ഫോറസ്റ്റ് ട്രെക്കിങ് ബസ്സുകൾ ചുരത്തിലൂടെ കിതച്ചു നീങ്ങി. ഹെബ്രി – സോമേശ്വര റോഡിൽ അഗുംബെ ഘാട്സ് ഹെയർപിൻ അതിമനോഹരം. ഒന്നു രണ്ടു വളവുകൾ താണ്ടിയപ്പോഴേയ്ക്കും മാനം കറുത്തു.

സന്ദർശകരെ വരവേൽക്കുന്നതു പോലെ മഴത്തുള്ളികൾ പൊടിഞ്ഞു. അൽപനേരത്തിനുള്ളിൽ ബസ്സിനു മുകളിലേക്ക് നീർച്ചാലുകളൊഴുകി. ചാഞ്ഞും ചെരിഞ്ഞും നൃത്തം ചെയ്ത മഴയുടെ ഭംഗി മനസ്സു നിറച്ചു. പേമാരിക്കു ശമനം വന്നപ്പോഴാണ് ഒരു വ്യൂ പോയിന്റിൽ എത്തിയത്. കാടിന്റെ സൗന്ദര്യം കാണാനായി അവിടെയിറങ്ങി. ‘റെയിൻ ഫോറസ്റ്റ് ട്രെക്കിങ് ’ നടത്താമെന്ന് ഡ്രൈവർ പറഞ്ഞു. മഴ പെയ്യുന്ന കാട്ടിലൂടെ നടത്തം. അട്ടയുണ്ടെന്നു മുന്നറിയിപ്പു ലഭിച്ചു. കൂട്ടത്തിലാർക്കും അലർജിയില്ലെന്ന് ഉറപ്പിച്ച ശേഷം ഞങ്ങൾ കാട്ടിലേക്ക് ഇറങ്ങി. ഇലച്ചാർത്തുകളിൽ മഴത്തുള്ളി തട്ടിത്തെറിക്കുന്ന ശബ്ദമാസ്വദിച്ച് കുറച്ചു ദൂരം നടന്നു. അവിടെ മഴയുടെ താളം മാത്രം. കിളികളുടെ ശബ്ദം കേട്ടില്ല.
കാൽപാദം നിറയെ അട്ട കടിച്ചു ചുവന്ന അടയാളങ്ങളുമായാണ് തിരിച്ചെത്തിയത്. നടത്തത്തിന്റെ ക്ഷീണത്തോടെ ബസ്സിൽ കയറി ഹോട്ടലിലേക്കു നീങ്ങി. മല്യാസ് റെസിഡൻസിയിലാണു മുറി ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിൽ എത്തിയപ്പോൾ 10.30. ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും സവാരിക്കു റെഡിയായി. തണുപ്പത്തു മഴയെ തൊട്ടുരുമ്മിയുള്ള നടത്തത്തിന്റെ ഫീൽ പറഞ്ഞറിയിക്കാനാവില്ല.

നടത്തം കഴിഞ്ഞെത്തിയപ്പോഴേയ്ക്കും ഉച്ചഭക്ഷണം തയാർ. ഹോട്ടലിന്റെ ഉടമ സുധി കേരളത്തിൽ നിന്നുള്ള അതിഥികൾക്കായി വെജിറ്റേറിയൻ ഊണു തയാറാക്കി വച്ചിരുന്നു. സാമ്പാർ, രസം, പായസം ഉൾപ്പെടെ വിഭവസമൃദ്ധ സദ്യ. തുംഗ നദി വിശ്രമത്തിനു ശേഷം സിർമാനെയിലേക്കു തിരിച്ചു. അഗുംബെയിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വെള്ളച്ചാട്ടമാണ് സിർമാനെ. ഞങ്ങൾ എത്തിയ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവർ വെള്ളച്ചാട്ടത്തിൽ നീരാടുന്നുണ്ടായിരുന്നു. ചെങ്കുത്തായ പാറക്കൂട്ടങ്ങൾക്കു മുകളിൽ നിന്നു ശക്തിയായി കുത്തിയൊലിച്ചു വീഴുന്ന വെള്ളം.
ജനക്കൂട്ടത്തിനിടയിലൂടെ ഞങ്ങളും വെള്ളത്തിലിറങ്ങി. ഉയരത്തിൽ നിന്നു വീഴുന്ന വെള്ളത്തുള്ളി ശരീരത്തിൽ പതിച്ചപ്പോൾ മസാജ് ചെയ്യുന്ന ഫീൽ. കാടിന്റെ തണുപ്പിനെ ശരീരത്തിലേറ്റു വാങ്ങി അവിടെ നിന്നു മടങ്ങുംവഴി ഒരു ചായ കുടിച്ചു. ചായയ്ക്ക് ഉന്മേഷം പകരാനുള്ള കഴിവുണ്ടെന്നു മനസ്സിലാക്കി. പിന്നീട് ശൃംഗേരിയിലേക്കാണു പോയത്. ശങ്കരാചാര്യർ സ്ഥാപിച്ച മഠമാണു ശൃംഗേരിയിലെ കാഴ്ച. പുരാണങ്ങളിൽ പരാമർശിക്കുന്ന തുംഗ നദിയുടെ തീരത്താണു മഠം. സമീപത്ത് ക്ഷേത്രമുണ്ട്. പ്രവേശന കവാടം വാസ്തുവിദ്യയിലെ മികവു വ്യക്തമാക്കി. മഠവും ക്ഷേത്രവും സന്ദർശിച്ചു. ശൃംഗേരി മഠം സന്ദർശിക്കുന്നവർ തുംഗ നദിയിൽ മീനുകൾക്കു തീറ്റ കൊടുക്കാറുണ്ട്.

ദുർഗയുടെ കോട്ട
പിറ്റേന്നു രാവിലെ ആറിന് കുന്ദാദ്രി ഹി ൽസിലേയ്ക്കു ട്രെക്കിങ് നടത്തി. അടിവാരത്തു നിന്നു മൂന്നു കിലോമീറ്റർ വരെയാണു ബസ് സർവീസ്. അവിടെ നിന്നു നടത്തം. കുറച്ചു ദൂരം നടന്നപ്പോഴേയ്ക്കും ജീപ്പ് കിട്ടി. വനമേഖലയിലെ പാതയോരത്തു വീടുകളുണ്ട്. കുന്ദാദ്രി ഗ്രാമം മനോഹരം. അതിന്റെ ഇരട്ടി ഭംഗിയാണ് മലയുടെ നെറുകയിൽ. ആകാശത്തിന്റെ അതിരു വരെ മരങ്ങൾ. അവയുടെ പച്ചപ്പിനു മീതെ കോടമഞ്ഞിന്റെ നേർത്ത ആവരണം. കാറ്റിനൊപ്പം മഞ്ഞിന്റെ പുകച്ചുരുൾ ഒഴുകി നീങ്ങി. ക്യാമറകൾ വിശ്രമമില്ലാതെ ആ ചിത്രം പകർത്തി. ഹോട്ടലിൽ തിരിച്ചെത്തി പ്രഭാതഭക്ഷണം കഴിച്ചതിനു ശേഷം 'കവലൈദുർഗ' കോട്ടയിലേക്കു നീങ്ങി.

അഗുംബെയിൽ നിന്നു 35 കി.മീ അകലെയാണു കോട്ട. നെൽപാടങ്ങളുടെ അരികിലൂടെയാണു റോഡ്. കരിങ്കല്ല് അടുക്കിയ കൽപടവുകളുടെ സമീപത്തു കൂടി കവലൈ ദുർഗ ഫോർട്ടിലെത്തി. ഒൻപതാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ കോട്ട. വനത്തിന്റെ സമീപത്തു നിശബ്ദതയുടെ താഴ്‌വരയിൽ അതിമനോഹരമായ നിർമിതി. ഉച്ചഭക്ഷണത്തിനു ശേഷം ഹോട്ടലി ൽ മടങ്ങിയെത്തി. നാട്ടിലേക്കു ട്രെയിൻ പുറപ്പെടുന്നതു രാത്രിയാണ്. അത്രയും നേരം എന്തു ചെയ്യും? "മഴയത്തു ഫുട്ബോൾ കളിക്കാം" സംഘത്തിലൊരാ ൾ പറഞ്ഞു. അഗുംബെയിലെ മഴ നനഞ്ഞു ചെളിയിൽ കുതിർന്ന് ഞങ്ങൾ കുറേ നേരം പന്തു കളിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് അഗുംബെയിലെ പരിചയക്കാരോടു യാത്ര പറഞ്ഞു. ട്രെയിൻ ഒരുമണിക്കൂർ വൈകിയാണ് ഉഡുപ്പി സ്റ്റേഷനിൽ എത്തിയത്. ഇരുട്ടിൽ കുതിച്ചു പായുന്ന നിഴലുകളിലേക്കു കണ്ണെറിഞ്ഞ് കഴിഞ്ഞു പോയ മണിക്കൂറുകൾ ഓർത്തു. അഗുംബെ യാത്ര ഒരിക്കലും മറക്കില്ല...