നല്ല ഭക്ഷണം കിട്ടില്ല എന്നു കരുതി വിമാനയാത്രകളെ ഭയക്കാറുണ്ടോ? വിശന്നു വലഞ്ഞാണോ ഓരോ തവണയും വിമാനത്താവളത്തിൽ നിന്നു പുറത്തു വരാറുള്ളത്? എയർപോർട്ടിൽ ലഭിക്കുന്ന ഭക്ഷണത്തെക്കാൾ എന്തുകൊണ്ടും രുചികരം പൊതിച്ചോറാണ് എന്നു വിശ്വസിക്കുന്നു എങ്കിൽ ഒരു ഭക്ഷണപ്രിയനെപ്പോലെ വിമാനയാത്രകൾ രുചികരമാക്കാൻ ഇതാ ചില പൊടിക്കൈകൾ. വടക്കെ അമേരിക്കയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനിയായ ഫെയർപോർടൽ നിർദേശിക്കുന്ന ഈ ട്രാവൽ ടിപ്സ്, സാധാരണക്കാർക്കു പോലും വിമാനയാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കും.
ലഘുവായി ഭക്ഷണം കഴിക്കുക
ഇടയ്ക്കൊക്കെ വിമാനയാത്ര ചെയ്യുന്നവർക്കു പോലും അത്ര സുഖകരമായ അനുഭവമാകില്ല പലപ്പോഴും അകാശ സഞ്ചാരം. തുച്ഛമായ നിരക്കിലുള്ള ടിക്കറ്റിലാണ് സഞ്ചരിക്കുന്നതെങ്കിൽ ആ സഞ്ചാരത്തെ ഏറെ അനായാസമാക്കുന്നതിൽ ഭക്ഷണത്തിനും ഒരു പങ്കുണ്ട്. ഓർക്കേണ്ടത് ഇത്രമാത്രം, ആരോഗ്യദായകമായ ആഹാരം അൽപം കഴിച്ചിട്ട് വിമാനത്തിൽ കയറുക. എണ്ണ ചേർന്നതും മധുരം നിറഞ്ഞതുമായ വിഭവങ്ങൾ ആലസ്യമുണ്ടാക്കുകയും മാനസികമായി പരിഭ്രാന്തി സൃഷ്‍ടിക്കാൻ ഇടയാക്കുകയും ചെയ്യാം. പോഷകഗുണമുള്ള സ്നാക്സുകളും പഴങ്ങളും വിശപ്പടക്കാൻ ഉത്തമമാണ്. പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഉണങ്ങിയ പഴങ്ങളും സ്നാക്സ് ബാറുകളും മോശമല്ല, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണങ്ങളുള്ള വ്യക്തിയാണെങ്കിൽ. അവ മൊത്തവിലയ്ക്കു ലഭിക്കുന്നിടത്തു നിന്ന് വാങ്ങി പായ്ക്ക് ചെയ്ത് എടുത്താൽ എയർപോർട്ട് വില ലാഭിക്കുകയും ചെയ്യാം.

പരീക്ഷണങ്ങൾ വേണ്ട,
യാത്രയ്ക്ക് തൊട്ടുമുൻപ് പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നത് ആശാസ്യമല്ല. പരിചിതമല്ലാത്ത രുചിയോടും ചേരുവകളോടും ശരീരം പ്രതികരിക്കുന്നത് എങ്ങനെയായിരിക്കുമെന്നറിയില്ലല്ലോ. പ്രത്യേകിച്ച് 30000 അടിയോ അതിനു മുകളിലോ ഒക്കെ പറക്കുന്ന വിമാനത്തിൽ സഞ്ചരിക്കാനൊരുങ്ങുമ്പോൾ. യാത്ര സുഖകരമാക്കാനുള്ള ഒരു നിർദേശമായി ഇതിനെ കണക്കാക്കിയാൽ മതി

ആഹാര കാര്യങ്ങളിൽ ഡോക്ടർമാർ നിർദേശിച്ച എന്തെങ്കിലും നിയന്ത്രണങ്ങളോ അല്ലെങ്കിൽ സ്വയം കർശനമായി പാലിക്കുന്ന ശീലങ്ങളോ (കോഷർ ഭക്ഷണം, വെജിറ്റേറിയൻ, വീഗാൻ തുടങ്ങിയവ) ഉണ്ടെങ്കിൽ അതിനനുസരിച്ചുള്ള ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ മറക്കരുത്. 48 മണിക്കൂർ മുൻപെങ്കിലും റിസർവ് ചെയ്യുന്നതാണ് നല്ലത്, അല്ലെങ്കിൽ സമയത്തിന് ഭക്ഷണം കിട്ടിയില്ലെന്നു വരാം. പ്രത്യേക ഭക്ഷണം മുൻകൂട്ടി ഉറപ്പാക്കിയാൽ രണ്ടുണ്ട് ഗുണം, നിങ്ങൾക്ക് യോജിക്കുന്ന വിഭവങ്ങൾ കിട്ടുമെന്നു മാത്രമല്ല അത് ഫ്ലൈറ്റിൽ ഏറ്റവും ആദ്യം തന്നെ കിട്ടാൻ സാധ്യത വളരെ ഏറെയാണ്!
വിമാനത്താവളത്തിലെ റസ്റ്ററന്റുകളെ അറിയാം
സൗകര്യത്തിനനുസരിച്ച് ഭക്ഷണം കഴിക്കാൻ മൂന്ന് രീതികളുണ്ട്. വേണമെങ്കിൽ എയർപോർട്ടിലെ മികച്ച ഭക്ഷണാനുഭവം ആസ്വദിക്കാം. അവിടെ സെലിബ്രിറ്റി ഷെഫ്സിന്റെ വിഭവങ്ങളൊക്കെയുണ്ടാകാം, അവ തിരഞ്ഞെടുക്കാം. എയർപോർട്ടിനു വെളിയിൽ ലഭിക്കുന്ന സ്ട്രീറ്റ് ഫൂഡ്സ് ആണ് മറ്റൊന്ന്, വായിൽ വെള്ളമൂറുന്ന വിഭവങ്ങളുടെ വലിയ നിര, പോക്കറ്റിലൊതുങ്ങുന്ന നിരക്കിൽ ഇവിടെ കിട്ടും. ജോൺ എഫ് കെന്നഡി ഇന്റർനാഷനൽ എയർപോർട്ട്, ലോസാഞ്ചലസ്, അറ്റ്‌ലാന്റ, ഷിക്കാഗോ എയർപോർട്ടുകൾ പോലുള്ള പല സ്ഥലങ്ങളിലും ചെക്ക് ഔട് ദി മെനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് വെബ്സൈറ്റിൽ തന്നെ അവിടത്തെ റസ്റ്ററന്റുകളിലെയും ഫൂഡ്കോർട്ടുകളിലെയും വിഭവങ്ങള്‍ അറിയാനുള്ള സംവിധാനമാണിത്. ഇതിലൂടെ വിമാനത്താവളത്തിനുള്ളിൽ കാലെടുത്തു വയ്ക്കാതെ തന്നെ അവിടത്തെ ഭക്ഷണസാധനങ്ങളെപ്പറ്റി അറിയാം.
കയ്യിലെടുക്കാം രുചിക്കിറ്റ്
സ്പൈസി ഫൂഡ്സ് ഇഷ്ടപ്പെടുന്ന ആളാണോ? വിമാനത്തിനുള്ളിൽ ലഭിക്കുന്ന ഭക്ഷണത്തിന് രുചി കുറവാണെന്ന് അഭിപ്രായമുണ്ടോ? എങ്കിൽ രുചിക്കൂട്ട് സ്വന്തമായി കയ്യിൽ കരുതുന്നത് നന്നായിരിക്കും. ഉപ്പ്, കുരുമുളക്പൊടി, എരിവുള്ള സോസ് അങ്ങനെ നാവിലെ രുചിമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്നത് എന്തൊക്കെയാണോ അതൊക്കെ ചെറിയ പൊതികളാക്കി വലുപ്പം കുറഞ്ഞ ഒരു കുപ്പിയിലാക്കി എടുക്കുക. എങ്കിലും കുപ്പിയുടെ വലുപ്പം 100 മില്ലിലിറ്ററിൽ കൂടാതിരിക്കുന്നതാണ് നല്ലത്.
രുചികരമായ സ്നാക്സ് കയ്യിലെടുക്കാം

ഏറെ ദീർഘമായ വിമാന സഞ്ചാരത്തിൽ ഭക്ഷണച്ചെലവ് ആശങ്കയുണ്ടാക്കുന്നതാണ്. അപ്പോഴാണ് ലഘുഭക്ഷണം കയ്യിൽ കരുതുന്നതിന്റെ പ്രാധാന്യം കൂടുന്നത്. യാത്ര പുറപ്പെടും മുൻപ് വിമാനത്തിൽ കൊണ്ടുപോകാൻ ഉചിതമായ സ്നാക്സ് തെരഞ്ഞെടുത്ത് പായ്ക്ക് ചെയ്യാം. രുചികൾ കൊണ്ട് നാവിനെ രസിപ്പിക്കുവാൻ പാകത്തിൽ സ്വാദിഷ്ടമായവ കണ്ടെത്താം. കുരുമുളക് ചേർന്ന സ്പൈസിയോ ഒലിവ് അടങ്ങുന്നതിന്റെ കടുപ്പമുള്ള സ്വാദോ മുന്തിരിങ്ങയുടെ മധുരമോ ഒക്കെ തരംപോലെ ഉൾക്കൊള്ളിക്കാം. ഉണങ്ങിയ പഴങ്ങൾ, നിലക്കടല വറുത്തത്, ധാന്യങ്ങൾ കൊണ്ട് തയാറാക്കുന്ന വറുത്തതോ ബേക്ക് ചെയ്തതോ ആയ പലഹാരങ്ങൾ ഒക്കെ എടുക്കാം. മധുര പലഹാരങ്ങളോ കാൻഡി ബാറേുകളോ ബാഗിൽ സൂക്ഷിക്കുന്നത് യാത്രയിൽ രുചി വൈവിധ്യമേകും.

വിമാനയാത്രകളിൽ ഒരിക്കലും ഭക്ഷണം കണ്ടിട്ടില്ലാത്തവരെപ്പോലെ വാരിവലിച്ച് കഴിക്കരുത്. ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ചേർന്ന, മണം പുറപ്പെടുവിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അവയുടെ പൊതി അഴിക്കുമ്പോൾ തന്നെ നിങ്ങളുടെ അടുത്തിരിക്കുന്ന ആളുകളുടെ മുഖം ചുളിഞ്ഞെന്നു വരാം. അതുപോലെ മൊരുമൊരുത്ത, കടിച്ചുപൊട്ടിക്കുന്ന തരത്തിലുളളവയും. തുടർച്ചയായി കുറേ നേരം അവയു ‘കറുമുറു’ കേൾക്കാൻ ആരും ഇഷ്ടപ്പെടില്ല. അതുപോലെ കറികളോ സോസോ ഒഴിച്ച് മുക്കി കഴിക്കേണ്ട ഭക്ഷണവും നിങ്ങളുടെ സീറ്റും പരിസരവും അലങ്കോലമാക്കാൻ സാധ്യത ഏറെയാണ്.