എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും rihirbus trochantericus എന്ന കൊലയാളി പ്രാണിയെ അദ്ധ്യാപകനും വനം,വന്യജീവി ഫൊട്ടോഗ്രഫറുമായ പി.ആർ രാജീവ് കണ്ടെത്തി. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അപൂർവമായി മാത്രമാണ് ഇവയെ കണ്ടിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ഷഡ്പദത്തെ കണ്ടപ്പോൾ ചിത്രമെടുത്തതും അതിനെ തിരിച്ചറിയാനുള്ള ശ്രമവുമാണ് പി. ആർ. രാജീവനെ ഈ നേട്ടത്തിന് ഉടമയാക്കിയത്. ഇന്ത്യയിൽ ഈ വിഭാഗം പ്രാണികളെപ്പറ്റിയുള്ള പഠനങ്ങൾ കുറവായതിനാൽ ചിത്രത്തിലുള്ള പ്രാണിയെ തിരിച്ചറിയാൻ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന് നാച്ചുറലിസ്റ്റുകളുടെ കൂട്ടായ്മയിലൂടെ ജപ്പാനിലുള്ള വിദഗ്ധനാണ് ഇവയെ തിരിച്ചറിഞ്ഞത്. തേവര സേക്രട്ട് ഹാർട്ട് കോളേജ് സുവോളജി വിഭാഗം തലവൻ മാത്യു എം.ജെ, അസിസ്റ്റന്റ് പ്രൊഫസർ രാഗം പി എം എന്നിവർ ബഗ്സിനെ തിരിച്ചറിയാനുള്ള പഠനത്തിൽ സഹായിച്ചു.
ഇന്ത്യൻ അസ്സാസിൻ ബഗ്ഗുകൾ എന്ന ചെക്ക്‌ലിസ്റ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും rihirbus trochantericus നെ ക്കുറിച്ച് വിശദമായ പഠനങ്ങളോ റിപ്പോർട്ടുകളോ ലഭ്യമല്ല. കേരളത്തിൽ ആദ്യമായാണ് ഇവയെ തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എട്ട് കാലുകളുള്ള rihirbus trochantericus ന്റെ രണ്ട് കാലുകൾക്ക് മറ്റ് കാലുകളെക്കാൾ നീളം കൂടുതൽ ഉണ്ട്. നീളം കുറഞ്ഞ ആറുകാലുകൾ നടക്കാനാണ് ഉപയോഗിക്കുന്നത്. വലിയ കാലുകൾക്ക് ശരീരത്തിന്റെ ഇരട്ടി നീളവുമുണ്ട്. സാധാരണ പാറ ഇടുക്കുകളിലും മറ്റുമാണ് കാണുക.
അസ്സാസിൻ ബഗ്ഗുകൾ (ഫാമിലി റെഡുവിഡേ) നാണ്യവിളകളുടെ തോട്ടങ്ങളിൽ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പ്രാണികളാണ്. വിളകൾക്ക് ശല്യമാകുന്ന മറ്റ് കീടങ്ങൾ, തേനീച്ചകൾ, ഈച്ചകൾ, കാറ്റർപില്ലറുകൾ തുടങ്ങിയവ ഇവയുടെ ഭക്ഷണമാണ്. കൊലയാളി ബഗിന്റെ നീളമുള്ള വായ്‌ഭാഗങ്ങളാൽ പെട്ടെന്ന് കുത്തേറ്റ് ഇര പിടിക്കപ്പെടുന്നു. തളർവാതം ഉണ്ടാക്കുന്ന വിഷം ഇരയേ നിശ്ചലമാക്കിയ ശേഷം, ഇരയുടെ ശരീരസ്രവങ്ങൾ കൊലയാളി ബഗിന്റെ കുഴൽ പോലെയുള്ള മുഖഭാഗങ്ങളിലൂടെ വലിച്ചെടുക്കുന്നു.
R. trochantericus മുട്ടയിൽ നിന്ന് മുതിർന്നവരിലേക്ക് വളരാൻ ഏകദേശം 49 ദിവസമെടുക്കും. അവ ലൈംഗിക ദ്വിരൂപത പ്രകടമാക്കുകയും ജീവിവർഗങ്ങളെ തിരിച്ചറിയുന്നത് സങ്കീർണ്ണമാക്കുകയും ചെയ്യുന്ന പോളിമോർഫിക് ആണ്. പെൺ ബഗ്ഗുകൾ ആണുങ്ങളേക്കാൾ വലുതാണ്.

നാച്ചുറലിസ്റ്റ്, പ്രകൃതി-പക്ഷി നിരീക്ഷകൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, അദ്ധ്യാപകൻ സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസിൽ (എസ്.ഒ.എസ്) അംഗം എന്നിങ്ങനെ പലവിധത്തിൽ പ്രവർത്തിക്കുന്ന പി. ആർ രാജീവ് എറണാകുളം തൃക്കളത്തൂർ സ്വദേശിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെറു പ്രാണികളുടെ പഠനത്തിൽ കൂടുതലായി ശ്രദ്ധിക്കുന്ന രാജീവ് ഇതിനകം നാനൂറ്റി ഇരുപത്തിനാല് വിവിധ സ്പീഷീസുകളെ അദ്ദേഹം തിരിച്ചറിഞ്ഞ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.ടെയിൽ ലെസ് വിപ് സ്കോർപിയോൺ എന്ന് ഇംഗ്ലിഷിലും ചാട്ടവാർ ചിലന്തി എന്നു മലയാളത്തിലും അറിയപ്പെടുന്ന തേളിനോടു സാദൃശ്യമുള്ള എട്ടുകാലിയെ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും ഇന്ത്യയിൽ കണ്ടെത്താനും രാജീവിനു സാധിച്ചിരുന്നു. 1900 ൽ പശ്ചിമഘട്ടത്തിൽ റിപ്പോർട്ട് ചെയ്തശേഷം കോവിഡ് കാലത്തിനിടയ്ക്കാണ് മൂവാറ്റുപുഴയ്ക്ക് സമീപത്തു നിന്ന് രാജീവി ചാട്ടവാർ ചിലന്തിയെ കണ്ടതും ചിത്രം സഹിതം റിപ്പോർട്ട് ചെയ്യുന്നതും